വെളിയങ്കോട് ഉമർ ഖാസി

(ഉമർ ഖാളി (റ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രിട്ടിഷ് സാമ്രാജ്യത്വവിരോധിയും ഇസ്ലാമികപണ്ഡിതനുമായുമായിരുന്നു വെളിയങ്കോട് ഉമർ ഖാസി (ഇംഗ്ലീഷ്:Umar Quasi‎)(അറബി: عمر القاضي البلنكوتي (ജനനം: 1765 മരണം:1857 ജൂലൈ 15 ) 17 ഉം 18 ഉം നൂറ്റാണ്ടുകളിൽ മലബാറിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ നികുതി നിഷേധമടക്കമുള്ള സമരങ്ങളിലൂടെ അദ്ദേഹം ചെറുത്തു നിന്നു. [2][3] സൂഫിയും ,പാരമ്പര്യചികിത്സകനും, നിമിഷകവിയായും ഉമർ ഖാസി അറിയപ്പെടുന്നു.

ബ്രിട്ടീഷ് രാജ് വിരുദ്ധ പോരാളി[1] , ഇസ്ലാമിക പണ്ഡിതൻ
വെളിയങ്കോട് ഉമർ ഖാളി
പൂർണ്ണ നാമംഖാസിരായകത്ത് ഉമർ ഇബ്നു ആലി
ജനനം18,09,1763/1764 (1177 هجرة)
മരണം14,08,1857 (1273, ദുൽഹജ്ജ് 23)
കാലഘട്ടംബ്രിട്ടീഷ് ഇന്ത്യ
Regionമലബാർ ജില്ല ,ബ്രിട്ടീഷ് രാജ്
Madh'habശാഫിഈ
വിഭാഗംഅശ്അരി ,ഖാദിരിയ്യ
പ്രധാന താല്പര്യങ്ങൾസൂഫിസം, കവിത
ശ്രദ്ധേയമായ ആശയങ്ങൾനികുതി നിഷേധം
സൃഷ്ടികൾ'

ദൈവത്തിന്റെ ഭൂമിക്ക് കരം പിരിക്കാൻ ബ്രിട്ടീഷുകാർക്ക് യാതൊരു അർഹതയുമില്ല എന്നായിരുന്നു ഖാസി വാദിച്ചത്. 1819 ഡിസംബർ 18 ന്‌ ഉമർ ഖാസിയെ തുറുങ്കിലടക്കാൻ അന്നത്തെ കലക്ടർ മെക്ലിൻ ഉത്തരവിട്ടു. ജയിൽ വാസ സമയത്ത് മമ്പുറം തങ്ങൾക്ക് അറബി ഭാഷയിൽ സന്ദേശകാവ്യമയച്ചു. മമ്പുറം സയ്യിദലവി തങ്ങൾ ജനമധ്യത്തിൽ ഖാസിയുടെ വിഷയമവതരിപ്പിക്കുകയും പൗരപ്രമുഖർ ചേർന്ന് നൽകിയ നിവേദനത്തെ തുടർന്നു കലക്ടർ ഖാസിയെ നിരുപാധികം വിട്ടയക്കുകയും ചെയ്തു.[3]

ജീവിതരേഖ

തിരുത്തുക

കൊടുങ്ങല്ലൂരിൽ വന്ന മാലികുൽ ഹബീബ് വഴി എറമത്താൽ ഇല്ലത്തിലെ ഹസ്സൻ (ചാലിയത്തെ പ്രഥമ ഖാസിയായിരുന്ന ശൈഖ് ഹസൻ താബിഈ ) എന്ന വ്യക്തിയുടെ പരമ്പരയിൽ പെട്ട താനൂർ ഖാളിയാരകത്ത് ആലി മുസ്ലിയാരുടെയും വെളിയങ്കോട് കാക്കത്തറ വീട്ടിൽ ആമിനയുടെയും ആറ് സന്തതികളിൽ രണ്ടാമത്തെ പുത്രനായിരുന്നു ഉമർ ഖാസി.18,09,1765 ൽ (ഹിജ്റാബ്ദം 1179 റബീഉൽ അവ്വൽ 10) മലപ്പുറം ജില്ലയിലെ വെളിയങ്കോട് ജനനം. ഉമർ ഖാളിയുടെ പിതാവ് അലി മുസ്ലിയാർ ചാലിയത്തു നിന്ന് വെളിയങ്കോട്ടേക്ക് കുടിയേറിയവരാണ്. എളയടത്ത് മനയുമായി ബന്ധമുള്ള വെളിയങ്കോട്ടെ പ്രസിദ്ധമായ കാക്കത്തറ ബ്രാഹ്മണ ഇല്ലമാണ് ഉമർ ഖാസിയുടെ മാതാവിൻറെ കുടുംബം. ശൈഖ് ജിഫ്രിയുടെ ശിഷ്യനും, വെളിയങ്കോട് ഖാളിയുമായ പിതാവിൽ നിന്നായിരുന്നു പ്രാഥമിക പഠനം. ഖുർആൻ പാരായണശാസ്ത്രവും, കർമശാസ്ത്ര-ആത്മീയ ഗ്രന്ഥങ്ങളും പിതാവിൽ നിന്ന് സ്വായത്തമാക്കി. പത്ത് വയസാകും മുമ്പ് മാതാവും പിന്നീട് പിതാവും മരണപ്പെട്ടു. ശേഷം അമ്മാവൻറെ സംരക്ഷണയിലായിരുന്നു ജീവിതം

മത പഠനത്തിനായി പതിനൊന്നാം വയസ്സിൽ ഉമർ താനൂരിലെ പള്ളി ദർസ്സിൽ ചേർന്നു. മഖ്ദൂം കുടുംബാംഗമായ അഹമ്മദ് മുസ്ലിയാരായിരുന്നു താനൂരിലെ മുദര്രിസ് (പ്രധാന അദ്ധ്യാപകൻ). പിൽക്കാലത്ത് ആത്മ മിത്രമായ അബുകോയ മുസ്ലിയാർ സഹപാഠിയായിരുന്നു.

3 വർഷത്തെ പഠനത്തിന് ശേഷം ഉപരിപഠനാർത്ഥം അക്കാലത്തെ ലോക പ്രശസ്തമായ പൊന്നാനി ദർസിൽ ചേർന്നു . പ്രശസ്ത പണ്ഡിതനും ഖാദിരിയ്യ സൂഫി സാധുവും ആയിരുന്ന ശൈഖ് മമ്മിക്കുട്ടി ഖാസിയായിരുന്നു പൊന്നാനിയിലെ ഗുരു . മമ്മിക്കുട്ടിയിൽ നിന്നാണ് ഉമർ ത്വരീഖത്ത് സ്വീകരിക്കുന്നത്.[4] [5] ആറ് വർഷം നീണ്ടു നിന്ന പഠനം. പഠനത്തിനിടയിൽ തന്നെ സഹ അധ്യാപകനായി സേവനമനുഷ്ടിച്ചു. മമ്മിക്കുട്ടി ഖാസിയുടെ മരണ ശേഷം അൽപ്പ നാൾ അവിടെ തന്നെ പ്രധാന അധ്യാപകനായി ജോലിയും നോക്കി. പൊന്നാനിയിലും താനൂരിലും വെളിയങ്കോടും പള്ളിദർസിൽ അദ്ധ്യാപകനായി നിരവധി വർഷം ജോലി ചെയ്തു ഉമർ ഖാസി.ശേഷം ജന്മദേശമായ വെളിയങ്കോട്ടെ വലിയ ജുമുഅത്ത് പള്ളിയുടെ ഖാസിയായി അദ്ദേഹം അവരോധിതരായി. ചുരുങ്ങിയ കാലയളവിൽ സമീപ പ്രദേശങ്ങളുടെയും മേൽ ഖാസിയായി സേവനമാരംഭിച്ചു. അതോടെയാണ് ഉമർ ഉമർ ഖാളി യെന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.[6]

കർമ്മ രേഖ

തിരുത്തുക

ചെറുപ്പ കാലം തൊട്ടേ കവിത എഴുത്തിൽ അദ്ദേഹം നിപുണത തെളിയിച്ചിരുന്നു. നിമിഷകവിയെന്ന പേരിലായിരുന്നു അറിയപ്പെട്ടത് തന്നെ. കത്തിടപാടുകളും സംവാദവുമൊക്കെ അധികവും കവിതകളിലൂടെയായിരുന്നു. പള്ളികളിലും ദർസ്സുകളിലും ചുമരുകളിൽ കവിതകൾ കോറിയിടാറുണ്ടായിരുന്നു. കല്ലിലും വഴിയിലും പള്ളിച്ചുവരുകളിലും കരിക്കട്ട കൊണ്ടും പച്ചിലകൾ കൊണ്ടും കോറിയിട്ട കവിതകൾ വേണ്ടവിധം സംരക്ഷിക്കപ്പെട്ടില്ല. പ്രാസനിബദ്ധതയും കാവ്യചാരുതകൊണ്ടും കിടയറ്റവയാണ് അദ്ദേഹത്തിൻറെ കവിതകൾ.

പാരമ്പര്യ ചികിത്സ രംഗത്തും ഉമർ ഖാസി പ്രസിദ്ധനായിരുന്നു. (പിഞ്ഞാണമെഴുത്, തകിടൂതി നൽകൽ , മന്ത്രിച്ചൂതൽ പോലുള്ള) ആത്മീയ ചികിത്സയും, ആയുർവൈദ്യവും സമന്വയിപ്പിച്ച ചികിത്സാ രീതിയായിരുന്നു അദ്ദേഹത്തിൻറെത്. ദൂര നാടുകളിൽ നിന്ന് പോലും ആളുകൾ ചികിത്സക്കായി അദ്ദേഹത്തെ തേടിയെത്താറുണ്ടായിരുന്നു. ഖാസിയായതോടു കൂടി സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും ഉമർ ഖാസി മുദ്ര പതിപ്പിച്ചു. തറവാടുകളുടെ പേരിൽ അഹങ്കാരം നടിക്കുന്ന മുസ്ലിം പ്രമാണിമാരെ കണക്കറ്റു വിമർശിച്ചു. 'തറവാടുകളുടെ പേരിൽ അഹങ്കരിക്കുന്നവരെ.. നിങ്ങളുടെ പിതാക്കന്മാർ ആശാരിയോ, മൂശാരിയോ ആയിരുന്നുവെന്ന കാര്യം നിങ്ങൾ മറക്കരുത്' എന്ന് തുടങ്ങുന്ന അദ്ദേഹത്തിന്റെ കവിതാ ശലകം പ്രാമാണിമാരുടെ അഹന്തയ്ക്കു നേരെ എയ്ത അസ്ത്രമായിരുന്നു.

കൊണ്ടോട്ടിയിൽ രംഗപ്രവേശനം ചെയ്ത മുഹമ്മദ് ഷാക്കെതിരെയും ഉമർ ഖാസി വിപ്ലവം തീർത്തു. മുഹമ്മദ് ഷാ വ്യാജ സൂഫിയാണെന്നും, ശിഷ്യരെ കൊണ്ട് സാംഷ്ടാംഗം ചെയ്യിക്കുന്ന ഷായുടെ രീതി ഇസ്ലാമികമല്ലെന്നും അദ്ദേഹം വാദിച്ചു. സ്ത്രീ പുരുഷന്മാരെ ഇടകലർത്തിയുള്ള ഷായുടെ സദസ്സുകളും, ശരീഅത്ത് വിരുദ്ധമായ പ്രവർത്തനങ്ങളും ആണ്ട് നേർച്ചകളിൽ ദഫിന് പകരം ചെണ്ട, കൊമ്പ്, ഇലത്താളം എന്നിവ വാദ്യോപകരണങ്ങളായി ഉപയോഗിക്കുന്ന പ്രവണതയും ഉമർഖാസിയുടെ വിമർശനത്തിനിരയായി. മുഹമ്മദ് ഷാ മതത്തെ കളങ്കപ്പെടുത്തുന്നുവെന്ന സിദ്ധാതക്കാരനായിരുന്നു ഉമർ ഖാസി.[7]

കൊളോണിയൽ വിരുദ്ധത

തിരുത്തുക

അങ്ങയുടെ പ്രിയമുള്ളവനും സേവകനും മുരീദും
പാപിയും ദരിദ്രനും ദു:ഖിതനുമായ ഉമറിൻറെ സലാം.
തുക്ക്ടി സായിപ്പ് എന്നെ ജയിലിലടച്ചു
അക്രമിയായ നിബു സായിപ്പിൻറെ രോഷം.

തടവിലാക്കാനുള്ള കുറ്റമെന്ത് ഞാൻ ചെയ്തു
നിരർത്ഥകമായ ഒരു അപവാദത്തിൻറെ പ്രതിഫലനം
യുദ്ധോപകരണങ്ങളൊന്നും തന്നെയില്ലാതെ
സർക്കാറി നെതിരിൽ ഞാൻ യുദ്ധം നയിച്ചുവെന്നോ !

ഒരു കത്തിയോ മൂർച്ചയുള്ളതൊന്നുമോ കൈയിലില്ല
മരിക്കാൻ വേണ്ടിയാണ് ദൈവം മനുഷ്യശരീരത്തെ സൃഷ്ടിച്ചത് .
ദൈവ മാർഗ്ഗത്തിലുള്ള മരണമാണ് ഒരു സത്യവിശ്വാസിക്ക് ഏറ്റം അഭികാമ്യം.
യാ ശൈഖ്... താങ്കളുടെ പ്രാർത്ഥനയാണ് എൻറെ ലക്ഷ്യം,
ഇഹലോക നന്മക്കും പരലോക വിജയത്തിനും.

ഉമർ ഖാളിയുടെ കാവ്യ സന്ദേശം.

സാമൂഹിക രംഗങ്ങളിൽ ഒട്ടനേകം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ എന്നാൽ ഉമർ ഖാളി ചരിത്രത്തിൽ കൂടുതൽ അറിയപ്പെട്ടത് ബ്രിട്ടീഷ് വിരുദ്ധ പോരാളി എന്ന നിലയിലാണ്. വൈജ്ഞാനികമേഖലയിൽ ഉന്നതമായ മാറ്റങ്ങൾ തീർത്ത അദ്ദേഹം അധിനിവേശക്കാരായ ബ്രിട്ടീഷുകാർക്കെതിരെ വിപ്ലവം നയിച്ചു .യാത്രകളിലൂടെയും എഴുത്തുകളിലൂടെയും വൈദേശികാധിപത്യത്തിനെതിരെ ജനങ്ങളെ ബോധവല്ക്കരിക്കുകയും ചെയ്തു. ബ്രിട്ടീഷ് രാജിനെതിരെ വിപ്ലവത്തിന് ആഹ്വാനം ചെയ്തു പ്രസിദ്ധീകരിച്ച കൃതി ഗവർമെണ്ട് നിരോധിക്കുകയുണ്ടായി . ആത്മീയ ഗുരുവായിരുന്ന മമ്പുറം സയ്യിദ് അലവിയുമൊത്തായിരുന്നു ഉമർ ഖാസിയുടെ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങളിലധികവും. ആത്മീയ ബന്ധമുണ്ടായിരുന്ന ടിപ്പു സുൽത്താൻ ബ്രിട്ടീഷ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഉമർ ഖാസിയുടെ ബ്രിട്ടീഷ് വിരുദ്ധതയ്ക്കു കാരണമായി പറയുന്നുണ്ട്. ഒരു സാമൂഹിക വിപ്ലവകാരി എന്ന രീതിയിൽ ഉമർ ഖാസി ശ്രദ്ധിക്കപ്പെടുന്നത് തൻറെ നികുതിനിഷേധ നിലപാടിലൂടെയായിരുന്നു. ഭാരതത്തിൽ ബ്രിട്ടീഷ് സർക്കാരിനെതിരെ നികുതി നിഷേധം ഒരു സമര മുറയായി ആദ്യം സ്വീകരിച്ചത് ഉമർ ഖാളിയാണ്.[8]

അധിനിവേശ സർക്കാരിന് നികുതി അടക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ചാവക്കാട് നിബു സായിപ് ഉമർ ഖാളിയെ ജയിലിലടച്ചു. എന്നാൽ താഴ് തുറക്കാത്ത രീതിയിൽ അത്ഭുതകരമായി അദ്ദേഹം ജയിലിൽ നിന്നും രക്ഷപ്പെട്ടു. കോടഞ്ചേരി പള്ളിയിലാണ് പിന്നീടദ്ദേഹത്തെ കണ്ടത്. വിസ്മയകരമായ ഈ രക്ഷപ്പെടൽ ആത്മീയ പുരോഹിതനായ ഉമർ ഖാളിയുടെ അത്ഭുതദൃഷ്ടാന്തമായി പ്രചരിപ്പിക്കപ്പെട്ടു. [9]

 
മയിൽ , കോഴി, കാക്ക, പരുന്ത് എന്നീ നാലുപക്ഷികളെ
അവർ പറത്തിവിട്ടുകൊണ്ടിരിക്കുന്നു
ബ്രിട്ടീഷുകാരുടെ വിടവാങ്ങൽ , അതിനു ശേഷമോ
ഭൗതിക വാദികളുടെ പെരുപ്പം,
സമ്പത്തെല്ലാം ജനങ്ങൾക്കിടയിൽ വിഭജിക്കുമെന്ന വാദം,
നടപ്പാക്കാൻ കഴിയാത്ത പൊള്ളവാദമല്ലാതെന്ത്?
അവുക്കോയ, എൻറെ ഈ വരികൾ താങ്കളുടെ
പള്ളിയുടെ മിഹ്റാബിൽ എഴുതിവെക്കൂ
 

-സയ്യിദ് അലവിയുടെ മറുപടി-. [10]

മലബാർ ജില്ല കളക്ടർ മെക്ലിൻ അറസ്റ്റു പ്രഖ്യാപിച്ചപ്പോൾ തന്നെയും തേടി പോലീസ് വീട് വളഞ്ഞ വാർത്തയറിഞ്ഞ ഉമർ ഖാളി കോഴിക്കോട് ഹജൂർ കച്ചേരിയിൽ ഹാജരായി നിലപാട് ബോധിപ്പിച്ചു. അനുഭാവപൂർണ്ണം കളക്ടർ നികുതി അടക്കാൻ ആവശ്യപ്പെട്ടെങ്കിലും ഖാളി വിസമ്മതിച്ചു. സർക്കാരിനെതിരെ യുദ്ധം നയിച്ചുവെന്ന കേസ് ചുമത്തി 1819 ഡിസംബർ 18 ന് അദ്ദേഹത്തെ ജയിലിലടച്ചു. ജയിലിലേക്കുള്ള വഴിമദ്ധ്യേ പോലീസുദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാരെ അദ്ദേഹം സമാധാനപ്പെടുത്തി ഇപ്രകാരം പറഞ്ഞു എന്റെ മുസ്ലിം അമുസ്ലിം സഹോദരന്മാരേ, നാമെല്ലാം ദൈവദാസന്മാരാണ്. ഇസ്ലാം സമാധാനത്തെ കാംക്ഷിക്കുന്ന ഒരു മതമാണ്. നിങ്ങൾ എന്റെ പേരിൽ ലഹളക്കും അക്രമത്തിനും മുതിരരുത്. ജയിൽ വാസം അനുഗ്രഹമാണ്’’ [11]

ജയിലിൽ വെച്ച് ആത്മീയ ഗുരുവായ മമ്പുറം തങ്ങൾക്ക് ഉമർ ഖാളി അയച്ച കാവ്യ സന്ദേശവും അതിന് മമ്പുറം തങ്ങൾ നൽകിയ മറുപടിയും ചരിത്ര പ്രസിദ്ധമാണ്.

ഗുരു ശിഷ്യ വലയം

തിരുത്തുക

മത പണ്ഡിതൻ എന്നതിലുപരി ഖാദിരിയ്യ ബാ അലവിയ്യ ത്വരീഖത്തുകളിലെ മുർഷിദ് (ആത്മീയ ഗുരു) കൂടി ആയിരുന്നു ഉമർ ഖാളി. മമ്മിക്കുട്ടി ഖാളിയിൽ നിന്നാണ് ഖാദിരിയ്യ ത്വരീഖത്തിൻറെ ഇജാസിയ്യത്ത് ഉമർ ഖാളിക്ക് ലഭിക്കുന്നത്. [12] മമ്പുറം സയ്യിദ് അലവിയുടെ ബാ അലവിയ്യ ഇജാസിയ്യത്തും ഉമർ ഖാളി കരസ്ഥമാക്കിയിട്ടുണ്ട്. [13] മക്ക മദീന സഞ്ചാരത്തിനിടയിൽ ശൈഖ് അഹ്മദുസ്സ്വാവി, ശൈഖ് അബ്ദുല്ലാഹിശ്ശർഖാവി, ശൈഖ് ഇബ്റാഹീമുൽ ബാജൂരി, ശൈഖ് സുലൈമാനുൽ ബുജൈരിമി തുടങ്ങിയ ലോകപ്രശസ്തരായ ആത്മീയ കർമ്മശാസ്ത്ര പണ്ഡിത മഹത്തുക്കളിൽ നിന്നും ജ്ഞാനം ആർജ്ജിച്ചിരുന്നു.

ശൈഖ് മുഹമ്മദുൽ ജിഫ്രി കോഴിക്കോട്, ശൈഖ് മുഹമ്മദ് മൗലൽ ബുഖാരി , ശൈഖ് അലിയ്യുൽ ഐദറൂസി, ശൈഖ് മുഹമ്മദ് ജമലുല്ലൈലി കടലുണ്ടി, ഖാളി മുഹ്യിദ്ദീൻ, ശൈഖ് ഉമറുൽ ഖാഹിരി കായൽപട്ടണം ശൈഖ് അബ്ദുൽ അസീസ് ദഹ്ലവി എന്നിവരുമായും അദ്ധ്യാത്മ ബന്ധം ഉമർ ഖാളി സ്ഥാപിച്ചിട്ടുണ്ടെങ്കിലും മമ്പുറം സയ്യിദ് അലവി, മമ്മിക്കുട്ടി ഖാളി എന്നിവർ തന്നെയായിരുന്നു പ്രധാന ആത്മീയ ഗുരുക്കന്മാർ.[14]

പരപ്പനങ്ങാടി അബുകോയ മുസ്ലിയാർ, സൈനുദ്ദീൻ മഖ്ദൂം ആഖിർ, ഖാളി സഈദ് മുസ്ലിയാർ കാസർകോട്, ഫരീദ് മുസ്ലിയാർ പയ്യോളി, ശൈഖ് സൈനുദ്ദീൻ പറയങ്ങാട്, കാക്കത്തറ മുഹമ്മദ് മുസ്ലിയാർ, ശൈഖ് സൈനുദ്ദീൻ റംലി പെരുമ്പടപ്പ്, കമ്മുക്കുട്ടി മുസ്ലിയാർ പൊന്നാനി, മുഹമ്മദ് മഖ്ദൂം തുടങ്ങി നിരവധി പണ്ഡിതരും ഖാളിമാരും ഉമർ ഖാളിയുടെ ശിഷ്യഗണങ്ങളിൽപെടുന്ന പ്രമുഖരാണ് . റമദാനിൽ നടത്തിയിരുന്ന ഖസ്വീദതുൽ വിത്റിയ്യയുടെതടക്കമുള്ള ആത്മീയ സദസ്സുകൾ വഴി ശിഷ്വത്വം ലഭിച്ചവരും ഏറെയുണ്ട്.

 
ഉമർ ഖാളിയുടെ ഖബർ

1854 ലെ റമദാൻ 21 ന്‌ രോഗബാധിതനായി കിടപ്പിലാവുകയും അതേവർഷം (14,08 1857) ദുൽഹജ്ജ് 23 ന് മരണമടയുകയും ചെയ്തു. [3] ശിഷ്യൻ കാക്കത്തറയിൽ മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തിൽ മയ്യിത്ത് നിസ്കാരവും സംസ്കരണവും നടന്നു. നേരത്തെ തന്നെ ഖാളി കുഴിപ്പിച്ചുവച്ചിരുന്ന ഖബറിൽ വെളിയങ്കോട് ജുമുഅത്ത് പള്ളിയുടെ മുൻവശത്തായി മറവു ചെയ്യപ്പെട്ടു.ഉമർ ഖാളിയുടെ വിയോഗത്തിൽ അനുശോചിച്ചു മുഹ്യുദ്ദീൻ ഫരീദ് 'മർത്ഥിയ്യ അലൽ ഖാളി ഉമറുബ്നു അലി' എന്ന വിലാപ കാവ്യം രചിച്ചു.

നികുതി നിഷേധ സമരം

തിരുത്തുക

ടിപ്പുവിൻറെ പതനത്തിന് ശേഷം മലബാറിൽ ആധിപത്യമുറപ്പിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി ജന്മിത്ത അനുകൂല നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. മലബാറിലെ തൊഴിലാളികളിൽ അധികവും മാപ്പിളമാർ എന്നറിയപ്പെടുന്ന മുസ്ലിംകളായിരുന്നു.1772 നും 1822 നുമിടക്ക് 83 ലഹളകൾ മലബാറിൽ നടന്നു[അവലംബം ആവശ്യമാണ്] [15]. ഉമർ ഖാസിയെ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ബ്രിട്ടീഷ് വിരോധികളിൽ ഒരാളായാണ് അന്നത്തെ സ്വദർ അദാലത്ത് കോടതിയിലെ ജഡ്ജ് മദ്രാസ് ഗവർണർക്ക് റിപ്പോർട്ട് നൽകിയത്[അവലംബം ആവശ്യമാണ്][16]. . കനോലി സായിപ്പിൻറെ ഭരണകാലത്ത് ബ്രിട്ടിഷ് വിരുദ്ധരായ നേതാക്കളെ തടവിലാക്കാനും നാടുകടത്താനും പദ്ധതികൾ ആസൂത്രണം ചെയ്തതോടെ ഉമർ ഖാസിയുടെ ബ്രിട്ടീഷ് വിരോധം വർദ്ധിച്ചു. ബ്രിട്ടീഷുകാർ ജനങ്ങളിൽ നിന്നും അമിതമായും അന്യായമായും നികുതി ഈടാക്കുന്നതിനെ അദ്ദേഹം ചോദ്യംചെയ്തു. 'ദൈവത്തിൻറെ ഭൂമിക്ക് കരം ചുമത്താൻ ബ്രിട്ടീഷ്കാർക്ക് അവകാശമില്ല' എന്നായിരുന്നു അദ്ദേത്തിന്റെ വാദം. വെളിയങ്കോട് അംശം അധികാരി ഉമർ ഖാസിയുടെ സ്വത്തിന് നികുതി ചുമത്തിയപ്പോൾ അദ്ദേഹം അത് നൽകാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് ചാവക്കാട് കോടതിയിലേക്ക് വിളിച്ചു വരുത്തപ്പെട്ട ഉമർ ഖാസി ജഡ്ജിയായ തുക്ടി നീബു സായിപ്പിൻറെ മുഖത്തേക്ക് കാർക്കിച്ച് തുപ്പി. തുക്ടിയുടെ കല്പ്പന പ്രകാരം ഉമർ ഖാസിയെ ജയിലിലടച്ചുവെങ്കിലും അദ്ദേഹം ജയിലിൽ നിന്നും രക്ഷപ്പെട്ടു.

വിവരമറിഞ്ഞ സായിപ്പ് മലബാർ കലക്ടർക്ക് സന്ദേശമയക്കുകയും അറസ്റ്റുചെയ്തു കലക്ടറുടെ അടുക്കൽ കൊണ്ടുചെല്ലാൻ ഉത്തരവിടുകയും ചെയ്തു. ഉമർ ഖാസിയെ അനുനയിപ്പിക്കാനും മാപ്പ് ചോദിക്കാനും നികുതിയടക്കാമെന്ന് സമ്മതിപ്പിക്കാനും കലക്ടർ ശ്രമിച്ചുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. 1819 ഡിസംബർ 18 ന് മെക്റിൻ സായ്പ് ഉമർ ഖാസിയെ ജയിലിലടച്ചു.

നികുതി ബഹിഷ്കരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ പ്രസ്ഥാനത്തിൻറെ കാലത്തിനും പതിറ്റാണ്ടുകൾ മുമ്പ് ഒരു കേരളീയ ഗ്രാമത്തിൽ നികുതിനിഷേധ സമരം നടത്തി എന്നതാണ് ഉമർ ഖാസിയുടെ പ്രസക്തി.

അറബിയിലും അറബി മലയാളത്തിലും ഉമർ ഖാസി കവിതകൾ രചിച്ചിട്ടുണ്ട്. [17]

  • മഖാസ്വിദുന്നികാഹ് (വിവാഹം ,കുടുംബജീവിതം,വിവാഹമോചനം എന്നിവ പ്രതിപാദ്യ വിഷയം)
  • നഫാഇസുദ്ദുറർ (പ്രവാചക ചരിത്രവും നബികീർത്തനവും ഉള്ളടങ്ങിയത്)
  • സ്വല്ലൽ ഇലാഹു ബൈത്ത് (ഖസ്വീദത്തുൽ ഉമരിയ്യഃ)-(നബി കീർത്തന കാവ്യം)
  • ലമ്മാ ളഹറ (നബി കീർത്തന കാവ്യം)
  • ലാഹൽ ഹിലാലു (നബി കീർത്തന കാവ്യം)
  • [ജഫത്നീ ഫദബ്ബത്നീ]] (നബി കീർത്തന കാവ്യം)
  • ഉസൂലുദബഹ് -അറവ് നിയമങ്ങള് (തുഹ്ഫത്തുൽ മുഹ്താജ് ക്രോഡീകരണം)
  • തറാജിമുൽ മുഹല്ലലാത് - ഭക്ഷണ നിയമം
  • തറാജിമുൽ മുഹര്റമാതി - ഭക്ഷണ നിയമം
  • മർത്ഥിയ്യ അലൽ മമ്പുറം സയ്യിദലവി - വിലാപ സ്തുതി ഗീതം
  • ഖസീദ അൽ ഖാളി മുഹ്യുദ്ദീൻ - സ്തുതി ഗീതം
  • അല്ലഫൽ ആസ്വീ - നബി സ്തുതിഗീതം (അല്ലഫൽ അലിഫ് മാതൃക)

കൂടുതൽ വായനക്ക്

തിരുത്തുക

struggle of India- A case study of malabar” Thesis. Department of History, University of Calicut, 2007

  1. എന്ത് കൊണ്ട് വന്നേരി - കോളാടി ഗോവിന്ദൻ കുട്ടി
  2. വന്നേരി നാട് - കാട്ടുമാടം ഷഷ്ടിപൂർത്തി പതിപ്പ്
  3. മലബാർ കലാപത്തിൻറെ അടിവേരുകൾ - കോൾറാഡ് വുഡ്
  4. മുസ്ലിം സംസ്കാരത്തിലെ ആദാനപ്രദാനങ്ങൾ - എഡിറ്റർ ജമാൽ കൊച്ചങ്ങാടി
  5. മാപ്പിള മലബാർ - ഹുസൈൻ രണ്ടത്താണി
  6. ഇസ്ലാമിക വിജ്ഞാന കോശം - ഐ.പി.എച്ച് കോഴിക്കോട്
  7. സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ - ചിന്ത പബ്ലീഷേഴ്സ്
  8. മാപ്പിള പഠനങ്ങൾ - എം.ഗംഗാധരൻ ‍
  9. ഉമർ ഖാസി ധീരനായ പോരാളി-മനോരമ ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
  1. Muhammed Rafeeq, T. Development of Islamic movement in Kerala in modern times (PDF). Abstract. p. 3. Archived from the original (PDF) on 2020-04-07. Retrieved 14 നവംബർ 2019.
  2. http://www.angelfire.com/country/ponnani/struggle.html
  3. 3.0 3.1 3.2 "ഉമർഖാസി-ധീരനായ പോരാളി". മലയാള മനോരമ. Retrieved 2010-02-14.[പ്രവർത്തിക്കാത്ത കണ്ണി]
  4. Umer QAzi ,biography , veliyamkode Mahallu jamat committee 2010,P.58 .
  5. ശ്രേഷ്ഠ ഗുരു പരന്പര. പ്രസാദനം മുഹ്യുസ്സുന്ന പബ്ലിക്കേഷന്
  6. CK Kareem Kerala Muslim Directory, Chaitram Publications Edapally Kerala 1992, P.63
  7. Mappila Muslims: A Study on Society and Anti Colonial Struggles Husain Raṇṭattāṇi otherbooks 2007 p 58
  8. poet on horseback . THE COOL BREEZE FROM HIND revised and annotated .adam publishers new delhi 2006 page 24 ISBN : 81-7435-548 -0
  9. dr :abdul kareem Kerala Muslim History Directory vol -2 pg 563
  10. നൂറ്റാണ്ട് പിന്നിടുമ്പോഴും ശ്രദ്ധേയമായി മമ്പുറം തങ്ങളുടെ കവിതകള്...October 9, 2016 സുപ്രഭാതം ദിനപത്രം
  11. പി.കെ മുഹമ്മദ് കുഞ്ഞി .മുസ്ലിംകളും കേരളസംസ്കാരവും, പേജ്. 163
  12. Umer QAzi ,biography , veliyamkode Mahallu jamat committee 2010,P.58
  13. CK Kareem Kerala Muslim Directory , Chaitram Publications Edapally Kerala 1992, P.61,P.562.
  14. വെളിയങ്കോട് ഉമർഖാളിയുടെ ജീവചരിത്രവും കൃതികളും.1765- 1857. വെളിയങ്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റി- 1988 ഇൽ പ്രസിദ്ധീകരിച്ചത്
  15. ഉമര് ഖാസി(റ) ചരിത്രം പ്രസാദകര് നൂരുല് ഇസ്ലാം പ്രസ്സ്. തയ്യാറാക്കിയത് കെ.വി.എം. പന്താവൂര്
  16. ഉമര് ഖാസി(റ) ചരിത്രം പ്രസാദകര് നൂരുല് ഇസ്ലാം പ്രസ്സ്. തയ്യാറാക്കിയത് കെ.വി.എം. പന്താവൂര്
  17. ഉമർ ഖാദി, മഖ്ദി തങ്ങൾ:അതിജീവനസമരത്തിന്റെ രണ്ട് മുഖങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]-കെ.ടി. ഹുസൈൻ,പ്രബോധനം വാരിക 2007 സെപ്റ്റംബർ 15
  1. http://sunnisonkal.blogspot.in/search?updated-max=2015-07-05T07:23:00-07:00&max-results=10&start=198&by-date=false

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെളിയങ്കോട്_ഉമർ_ഖാസി&oldid=4081966" എന്ന താളിൽനിന്ന് ശേഖരിച്ചത്