മമ്പുറം സയ്യിദ് അലവി തങ്ങൾ
പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിലെ മുസ്‌ലിം ആത്മീയ നേതാവും സ്വാതന്ത്ര്യസമരസേനാനിയായിരുന്നു[1] സയ്യിദ് അലവി തങ്ങൾ. മുഴുവൻപേര് സയ്യിദ് അലവി മൗലദ്ദവീല തങ്ങൾ. മമ്പുറം തങ്ങൾ ഒന്നാമൻ എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്.ഇദ്ദേഹം സൂഫികളിലെ അത്യുന്നത സ്ഥാനക്കാരനായ ഖുതുബ് [2] [3]ആയിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. [4]
കൊളോണിയൽ വിരുദ്ധ നേതാവ്
ഇസ്ലാമിക പണ്ഡിതൻ മമ്പുറം തങ്ങൾ | |
---|---|
പൂർണ്ണ നാമം | സയ്യിദ് അലവി ബിൻ മുഹമ്മദ് ബിൻ സഹ്‍ൽ മൌലദ്ദവീല |
Ethnicity | അറബ് |
കാലഘട്ടം | ബ്രിട്ടീഷ് ഇന്ത്യ |
Region | മലബാർ ജില്ല ,ബ്രിട്ടീഷ് രാജ് |
Madh'hab | ശാഫിഈ |
വിഭാഗം | അശ്അരി ,ഖാദിരിയ്യ ബാഅലവിയ്യ |
പ്രധാന താല്പര്യങ്ങൾ | സൂഫിസം |
സൃഷ്ടികൾ | ' |
സ്വാധീനിച്ചവർ | |
സ്വാധീനിക്കപ്പെട്ടവർ |
ജീവചരിത്രം
തിരുത്തുകക്രിസ്തുവർഷം 1753 (ഹിജ്റ വർഷം 1166) ൽ യമനിലെ ഹള്റൽമൗത്തിലെ തരീമിലായിരുന്നു സയ്യിദ് അലവി തങ്ങളുടെ ജനനം. പിതാവ്: മുഹമ്മദുബ്നു സഹ്ൽ മൗലദവീല. മാതാവ്:ഫാത്വിമ ജിഫ്‌രി. സയ്യിദലവിയുടെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ മരണപ്പെട്ടതിനാൽ മാതൃസഹോദരി ഹമീദയുടെ സംരക്ഷണത്തിലാണ് അദ്ദേഹം വളർന്നത്.[5]ബാല്യത്തിലെ ഖുർആൻ ഹൃദ്യസ്ഥമാക്കി, ഖാദിരിയ്യ ബാ അലവിയ്യ ആത്മീയ സരണി സ്വീകരിച്ചു, യുവത്വത്തിലെ ആധ്യാത്മിക മേഖലകൾ കീഴടക്കുകയും, പതിനേഴ് വയസ്സു പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഇസ്‌ലാമിക വിജ്ഞാനത്തിൽ അവഗാഹം നേടുകയുമുണ്ടായി.[6]17-ആം വയസ്സിൽ കപ്പൽ മാർഗ്ഗം കാലികുത്തിലേക്ക് (കോഴിക്കോട് രാജ്യം) വന്നു. മാതുലനായിരുന്ന കോഴിക്കോട്ടെ ശൈഖ് ജിഫ്‌രി യുടെ ക്ഷണമനുസരിച്ചായിരുന്നു ഈ യാത്ര എന്ന് പറയപ്പെടുന്നു.[5] സയ്യിദ് ജിഫ്രിയെ സന്ദർശിച്ചു പിറ്റേ നാൾ മറ്റൊരു അമ്മാവനായിരുന്ന സൂഫി മതപണ്ഡിതൻ ഹസ്സൻ ജിഫ്രിയുടെ മമ്പുറത്തുള്ള മസാർ (സ്മൃതി കുടീരം) സന്ദർശനം നടത്തുകയും ഹസ്സൻ ജിഫ്രിയുടെ ഒസ്യത് പ്രകാരം വീടും, സാവിയയും ഏറ്റെടുക്കുകയും ഹസ്സൻ ജിഫ്രിയുടെ മകൾ ഫാത്തിമയെ കല്യാണം കഴിച്ച് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.[7][8] അവിടുത്തെ ചെറിയ പള്ളി കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ,സാമൂഹിക ,സംസ്കരണ പ്രവർത്തനങ്ങൾ നടന്നത്.[9]
സാമൂഹിക രംഗം
തിരുത്തുകഏറനാട്ടിൽ ഇസ്ലാമിക മതപ്രചാരണം ശക്തമാക്കിയ സൂഫിയായിരുന്നു അലവി. ഏറനാട്ടിലെ സൂഫിവര്യനായ അറബി തങ്ങൾളുടെ വഴിയേ ആയിരുന്നു മമ്പുറം സയ്യിദ് അലവിയുടെ സഞ്ചാരം. ഉൾ നാടുകളിലേക്ക് ഇസ്ലാം പ്രചരിപ്പിക്കാനായി യാത്രകൾ നടത്തിയ അലവിയുടെ കാലത്താണ് ഏറനാട്, വള്ളുവനാട് ദേശങ്ങളിൽ അതിവേഗം ഇസ്ലാം വലിയ തോതിൽ പ്രചുരപ്രാചാര്യം നേടിയത്. കറാമത്ത് എന്ന പേരിലുള്ള ഒട്ടേറെ അത്ഭുത സിദ്ധികൾ പ്രവർത്തിക്കുന്ന ദിവ്യനായി പെട്ടെന്ന് തന്നെ ഇദ്ദേഹം അറിയപ്പെടുകയും ജാതി മത ഭേദമന്യേ ജനങ്ങൾ ആദരിക്കുന്ന മാഹാനായി മാറുകയുമുണ്ടായി.[10]
മത പരിഗണനകൾ കൂടാതെ ജനങ്ങളുമായി സൗഹാർദ്ദ അന്തരീക്ഷം നില നിർത്തിയ സിദ്ധനായിരുന്നു മമ്പുറം സയ്യിദ് അലവി. എല്ലാ സൂഫികളെയുമെന്ന പോലെ പ്രാദേശിക അന്തരീക്ഷം ഇസ്ലാമിക ആചാരങ്ങളിലേക്ക് സന്നിവേശിപ്പിക്കുക എന്നല്ലാതെ അറേബ്യൻ അന്തരീക്ഷം പ്രാദേശികതയ്ക്ക് മുകളിൽ അടിച്ചേൽപ്പിക്കാൻ അദ്ദേഹം തുനിഞ്ഞിരുന്നില്ല. മുസ്ലിങ്ങൾക്കിടയിൽ വിശുദ്ധ പദവിയായിരുന്നു അലവിക്ക് ഉണ്ടായിരുന്നത്. പ്രായഭേദമന്യേ മാപ്പിളമാർ ഇദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. സയ്യിദ് അലവി പുണ്യ വ്യക്തിത്വമാണെന്നും അത്ഭുതങ്ങൾ കാട്ടാൻ കഴിവുള്ളവനാണെന്നും മാപ്പിളമാർ പരക്കെ വിശ്വസിച്ചിരുന്നു. മുസ്ലിങ്ങൾക്ക് പുറമെ കീഴാള ജനവിഭാഗങ്ങളും രക്ഷകനെന്ന പോൽ സയ്യിദ് അലവിയോട് ബഹുമാനം കാട്ടിയിരുന്നു. അധഃകൃത വർഗ്ഗങ്ങളോട് അനുഭാവ പൂർണ്ണമായ പെരുമാറ്റമായിരുന്നു അലവിയുടേത് അവരെ അകറ്റി നിർത്തിയിരുന്നില്ല, ആഹാരം നൽകുകയും കാര്യങ്ങൾ ചോദിച്ചറിഞ്ഞു സഹായിക്കുകയും ചെയ്തിരുന്നു. അലവിയാൽ നിർമ്മിക്കപ്പെട്ട കൊടിഞ്ഞിപള്ളി പരിസരത്ത് കീഴാള ജാതികളിൽ പെട്ട മണ്ണാൻ, ആശാരി, കല്ലാശാരി, കൊല്ലൻ എന്നീ വിഭാഗങ്ങൾക്ക് കുടിയാവകാശം നൽകുകയും കൊടിഞ്ഞി പള്ളിയിലെ ആണ്ട്, മൗലൂദുകൾ പോലുള്ള ചടങ്ങുകള്ക്ക് ലഭിക്കുന്ന നേർച്ച ഭക്ഷണത്തിലെ ഒരു വിഹിതം ഇത്തരം കുടുംബങ്ങൾക്കായി നീക്കി വെക്കുകയും ചെയ്തിരുന്നു. മുന്നിയൂർ കളിയാട്ട മഹോത്സവം സയ്യിദ് അലവിയോടുള്ള അവരുടെ ബന്ധം വെളിവാക്കുന്ന ഉത്സവമാണ്. [11] [12]
ബ്രാഹ്മണ നായർ പ്രമാണിമാരുൾപ്പെടെ ഹൈന്ദവ ജനവിഭാഗവുമായും ആത്മബന്ധം അലവി നില നിർത്തിയിരുന്നു. അദ്ദേഹത്തിൻറെ കാര്യസ്ഥൻ കോന്തുണ്ണി നായർ ആയിരുന്നു. നിർമ്മാണ ജോലികൾക്ക് മേൽനോട്ടം വഹിച്ചിരുന്നത് കോമൻ കുറുപ്പ് ആയിരുന്നു. ഇപ്രകാരം വിശുദ്ധനെന്ന പദവി നൽകി ഹൈന്ദവപ്രമുഖരും അലവിയെ ബഹുമാനിച്ചിരുന്നു. പല നമ്പൂതിരി, നായർ വിഭാഗങ്ങളുടെയും കല്യാണ നിശ്ചയമുൾപ്പെടെയുള്ള സത്കർമ്മങ്ങളിൽ സ്ഥിര ക്ഷണിതാവായിരുന്നു ഇദ്ദേഹം.[13]
സാമ്രാജ്യത്വ വിരുദ്ധത
തിരുത്തുകബ്രിട്ടീഷ് സാമ്രാജ്യം ഏഷ്യൻ രാജ്യങ്ങളിൽ നടത്തുന്ന കടന്നു കയറ്റത്തിനും അക്രമങ്ങൾക്കുമെതിരെ ശബ്ദമുയർത്തിയ വിപ്ലവകാരിയായിരുന്നു സയ്യിദ് അലവി തങ്ങൾ. മലബാർ ബ്രിട്ടീഷ് രാജിന്റെ ഭാഗമാവുകയും ജന്മികളോട് ചേർന്ന് വലിയ തോതിൽ ചുങ്കവും അടിച്ചമർത്തലുകളും ബ്രിട്ടീഷ് സർക്കാർ ഭരണ രീതികളായി സ്വീകരിക്കുവാനും ആരംഭിച്ചതോടെ മുസ്‌ലിംകൾക്കിടയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കുറിച്ച് ഉത്ബോധിപ്പിക്കുവാനും,ബ്രിട്ടീഷ് വിരുദ്ധവികാരം വളർത്തിയെടുക്കുന്നതിനും ഇദ്ദേഹം നിസ്സാരമല്ലാത്ത സംഭാവന നൽകി. മമ്പുറം സയ്യിദ് അലവിയുടെ നേതൃത്വത്തിൽ നടക്കുന്ന കൊളോണിയൽ വിരുദ്ധ പ്രവർത്തനങ്ങളും അലവിയുടെ ശിഷ്യന്മാർ നടത്തുന്ന പോരാട്ടങ്ങളും ബ്രിട്ടീഷ് അധികാരികളെ വലച്ചിരുന്നു. സർക്കാരിനെതിരെ യുദ്ധം നയിക്കാൻ മാപ്പിളമാരെ പ്രേരിപ്പിക്കുന്നു, യുദ്ധത്തിനായി ആവേശം ജനിപ്പിക്കുന്ന ഭാഷണങ്ങൾ നടത്തുന്നു, വേദ വചനങ്ങൾ ഉദ്ധരിക്കുന്നു, ബ്രിട്ടീഷ് വിരുദ്ധ ലഹളകൾ ആരംഭിക്കുന്നതിനു മുൻപ് കലാപകാരികൾ തറമ്മൽ സമാധിപീഠവും, മമ്പുറം അലവിയെയും സന്ദർശിക്കുന്നു, കരം ചുംബിച്ചു ആശീർവാദം തേടുന്നു, യോദ്ധാക്കളെ അലവി അനുഗ്രഹിക്കുന്നു, യുദ്ധത്തിന് വേണ്ടി ജപിച്ച ഏലസ്സും, തകിടും നൽകുന്നു, യുദ്ധത്തിന് മുൻപ് പോരാളികളെ ഒരുമിച്ചു കൂട്ടി ദിക്ർ ആലാപനം സംഘടിപ്പിക്കുന്നു. തറമ്മൽ ജാറം, നടുവിൽ ജാറം എന്നിവിടങ്ങളിൽ പ്രാർത്ഥന നടത്തുന്നു, രക്തസാക്ഷികളായ ധീര ദേശാഭിമാനികളെ ആദരിച്ച് നേർച്ച പോലുള്ള ബഹുമാനങ്ങൾ സംഘടിപ്പിക്കാൻ ശ്രമിക്കുന്നു. എന്നിങ്ങനെ ഒട്ടനേകം കുറ്റാരോപണങ്ങൾ പല ഘട്ടങ്ങളിലായി സയ്യിദ് അലവിയുടെ മേൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ചാർത്തിയിട്ടുണ്ട്. [14]
ആദ്യ ഘട്ടത്തിൽ ഭാഷണങ്ങളാലും രണ്ടാം ഘട്ടത്തിൽ പോരാട്ടങ്ങളാലും അദ്ദേഹം ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ നിലകൊണ്ടു.ബ്രിട്ടീഷ് വിരുദ്ധ പോരാളി മുരീദ് ചെമ്പൻ പോക്കറെ കൊന്ന് മൃതദേഹം വിരൂപമാക്കി അലവി തങ്ങൾക്ക് കാണാനായി പള്ളിയുടെ അടുത്തുള്ള ഒരു മരത്തില് സൈന്യം കെട്ടിതൂക്കി. കൊളോണിയലിസത്തിനെതിരെ ഉദ്ബോധനങ്ങളിൽ നിന്നും പരസ്യമായ പോരാട്ടത്തിലേക്ക് തങ്ങളെ നയിച്ചത് ഈ സംഭവമാണെന്ന് വിലയിരുത്തുന്നു. ഇതിനെ തുടർന്നാണ് ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് സൈഫുൽ ബത്താർ എന്ന കൃതി ഇദ്ദേഹം രചിക്കുന്നത്.
മുട്ടിച്ചിറ ലഹള ചേരൂർ ലഹള എന്നീ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങൾക്ക് നേതൃത്വം നൽകിയത് അലവിയാണെന്നു സർക്കാർ വിശ്വസിച്ചിരുന്നു. 1801-02, 1817, 1841-43 എന്നി കാലയളവുകളിൽ സയ്യിദ് അലവിയെ അറസ്റ്റു ചെയ്യാൻ അധികാരികൾ തീരുമാനിച്ചിരുന്നെങ്കിലും സമരം ഭയന്ന് തീരുമാനങ്ങൾ മാറ്റിവെയ്ക്കുകയായിരുന്നു.[8] 1817 ഇൽ കളക്ടർ ജെയിംസ് വോഗൻ കീഴടങ്ങാനുള്ള കൽപ്പന പുറപ്പെടുവിച്ചപ്പോൾ സായുധരായ ഒരു സംഘം ആളുകളോടൊപ്പം കോഴിക്കോട് കളക്ടർ ഓഫീസിലേക്കെത്തിയ സയ്യിദ് ഞാൻ ഒരിക്കലും സ്വമേധയാ നിങ്ങൾക്ക് മുന്നിൽ തലകുനിക്കില്ല വേണമെങ്കിൽ ബലമായി നടപ്പാക്കാം എന്നറിയിച്ചപ്പോൾ കളക്ടർ ജെയിംസ് ആദരവ് നൽകി അലവിയോട് സംസാരിക്കുകയും തിരിച്ചു പോകാൻ അനുവദിക്കുകയുമാണുണ്ടായത്. ഇക്കാര്യങ്ങൾ വിശദീകരിച്ചു കളക്ടർ ഗവർണ്ണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ 'മലബാറിലെ വലിപ്പ ചെറുപ്പമില്ലാതെ ആബാലവൃദ്ധം ജനങ്ങൾ അലവിയെ ദിവ്യനായും മഹാത്മാവായും കരുതി പോരുന്നുണ്ടെന്നും അറസ്റ്റു പോലുള്ള നടപടികൾ വ്യാപകമായ സർക്കാർ വിരുദ്ധ സമരങ്ങൾ ക്ഷണിച്ചു വരുത്തുമെന്നും വിവരിക്കുന്നു'. [15]
ശിഷ്യന്മാർ
തിരുത്തുകഖാദിരിയ്യാ ബാ അലവി അടക്കം നിരവധി സരണികളിലെ മുർഷിദും, മുറബ്ബിയും, മാഷായിഖും,ഖലീഫയു(വഴികാട്ടിയും,ആചാര്യനും, നേതാവു)മായിരുന്നു മമ്പുറം തങ്ങൾ. സൂഫികളിലെ സ്ഥാനശ്രേണിയിലെ അത്യുന്നത പദവിയായ ഖുഥുബ് ആയിരുന്നു അദ്ദേഹമെന്നാണ് കരുതപ്പെടുന്നത്. ലോകമൊട്ടുക്കുമുള്ള സൂഫികൾ ഖുതുബു സമാൻ എന്നായിരുന്നു അലവിയെ വിശേഷിപ്പിച്ചിരുന്നത്[16] ഉമർ ഖാളി, ബൈത്താൻ മുസ്ലിയാർ, അവുക്കോയ മുസ്ലിയാർ, ഖുസയ്യ് ഹാജി, മകൻ ഫസൽ പുക്കോയ തങ്ങൾ,അബ്ദുൽ ഖാദിർ അഹ്ദൽ തങ്ങൾ,മുഹമ്മദ് ഹാരിസ് തുറാബ് തങ്ങൾ, ഖാളി മുഹ്യുദ്ദീൻ ഇബ്നു അബ്ദുസലാം തുടങ്ങി പ്രശസ്തരായ നിരവധി ശിഷ്യന്മാരുണ്ട്. [17] [18] പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് സർക്കാരിനെതിരെ പോരാട്ടം നയിച്ച ഉണ്ണിമൂസ, ചെമ്പൻ പോക്കർ, അത്തൻ കുരിക്കൾ, ഐദ്രോസ്കുട്ടി, പുലത്ത് ചേക്കുമൂപ്പൻ എന്നിങ്ങനെയുള്ള ബ്രിട്ടീഷ് വിരുദ്ധ പോരാളികൾ മമ്പുറം സയ്യിദ് അലവിയിലൂടെയും, ശിഷ്യന്മാരിലൂടെയും ഥരീഖത്ത് സ്വീകരിച്ചവരാണ്. ഏറനാട്, വള്ളുവനാട്, ഭാഗങ്ങളിലെ മാപ്പിളമാരിലേറെയും സയ്യിദ് അലവിയുടെ ആത്മീയ ശിക്ഷണത്തിൽ കഴിഞ്ഞവരായിരുന്നു [19] [20].
കുടുംബം
തിരുത്തുകഹസ്സൻ ജിഫ്രിയുടെ മകൾ ഫാത്തിമ ജിഫ്രി, അവരുടെ ശേഷം പൊൻമുണ്ടയിലെ ആയിഷ ബീവി ,ആയിഷ ബീവിയുടെ മരണ ശേഷം കൊയിലാണ്ടി സയ്യിദ് അബൂബക്കർ മദനിയുടെ പുത്രി ഫാത്തിമയെയും അവർ മരണപ്പെട്ടതിനെ തുടർന്ന് ഇൻഡോനേഷ്യൻ വംശജ സാലിഹ ടിമോറിനെയും സയ്യിദ് അലവി വിവാഹം ചെയ്തിട്ടുണ്ട്.
ഫാത്തിമ ജിഫ്രിയിൽ ജനിച്ച ശരീഫ കുഞ്ഞുബീവി, ആയിഷയിൽ ജനിച്ച ഫാത്തിമ ബീവി, അമ്പാക്കന്റകത്ത് ഫാത്തിമയിൽ ജനിച്ച സയ്യിദ് ഫസൽ തങ്ങൾ എന്നിവരാണ് അലവിയുടെ സന്താനങ്ങൾ. സാമൂഹിക പരിഷ്കർത്താവും ബ്രിട്ടീഷ് വിരുദ്ധസമരനേതാവുമായ സയ്യിദ് ഫസലിനെ ബ്രിട്ടീഷുകാർ പിന്നീട് നാടുകടത്തി [21]
കൃതി
തിരുത്തുകബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ അറബി ഭാഷയിലെഴുതിയ കൃതി സൈഫുൽ ബത്താർ[22] ആണ് സയ്യിദ് അലവിയുടെ അമൂല്യ രചനയാണ് ഗണിക്കപ്പെടുന്നത്.[23]ഇതിനു പുറമെ കർമ്മ ശാസ്ത്ര പരമായും തസ്സവുഫ് സംബന്ധമായ രചനകളും സയ്യിദ് അലവി നടത്തിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കവിത രചനയിലും തൽപരനായിരുന്നു സയ്യിദ്. ജയിൽ വാസത്തിനിടെ ഉമർ ഖാളി അയച്ച കാവ്യ സന്ദേശത്തിനു മറുപടിയായി അലവി പാടിയ കവിത ശകലങ്ങൾ ചരിത്രത്തിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.
“ | മയിൽ, കോഴി, കാക്ക, പരുന്ത് എന്നീ നാല് പറവകളെ
അവർ പറത്തിവിട്ടുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷുകാരുടെ വിടുതൽ വരേക്കും ഹൃദ്യസ്ഥമാക്കുക ശുദ്ധാത്മാക്കളുടെ ആഹാരമാകുന്ന കിതാബുകൾ, നഫാഇശുദ്ദുറർ, അദ്കിയ, ജൗഹറത്തുത്തൗഹീദ് എൻറെ സ്നേഹിതനായ അവുക്കോയ... എൻറെ ഈ വരികൾ താങ്കളുടെ പള്ളിയുടെ മിഹ്റാബിൽ എഴുതിവെക്കൂ... ബ്രിട്ടീഷുകാരുടെ വിടവാങ്ങൽ, അതിനു ശേഷമോ ഭൗതിക നിർമ്മിത വാദികളുടെ പെരുപ്പം. സമ്പത്തെല്ലാം ജനങ്ങൾക്കിടയിൽ വിഭജിക്കുമെന്ന വാദം, നടപ്പാക്കാൻ കഴിയാത്ത പൊള്ളവാദമല്ലാതെന്ത് !![24] |
” |
അന്ത്യ വിശ്രമം
തിരുത്തുക1844 -ൽ (1260 മുഹറം 7) ആണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിക്കുന്നത്. ചേരൂർ യുദ്ധത്തിനിടെ കാലിൽ സംഭവിച്ച മുറിവാണ് മരണ കാരണമെന്ന് വിശ്വസിക്കപ്പെടുന്നു. മരണ ശേഷം ശിഷ്യൻ ഉമർ ഖാളി വിലാപ സ്തുതി ഗീതം രചിച്ചു.[25] മമ്പുറത്ത് ഹസ്സൻ ജിഫ്രിയുടെ ശവ കുടീരത്തിനരികിലാണ് സയ്യിദ് അലവിയെ കബറടക്കിയത്. [26] ഈ സ്ഥലം മമ്പുറം മഖാം എന്നറിയപ്പെടുന്നു.കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഇത്[27]. ജാതിമതഭേദമന്യേ ജനങ്ങൾ ഇവിടേക്ക് സന്ദർശിക്കാറെത്താറുണ്ട്. അധിനിവേശ വിരുദ്ധ പോരാളികളുടെ സംഗമ സ്ഥാനമായതിനാൽ 1850-കളിൽ മമ്പുറം മഖാം തകർക്കാനുള്ള നീക്കം ബ്രിട്ടീഷ് അധികാരികൾ നടത്തിയിരുന്നുവെങ്കിലും ഭവിഷ്യത്ത് ഭയന്ന് പിന്മാറുകയായിരുന്നു. [28] ഹസൻ ജിഫ്രിയുടെ സ്മരണയ്ക്ക് മമ്പുറം തങ്ങൾ ആരംഭിച്ച സ്വലാത്ത് സദസ്സ് എല്ലാ വ്യാഴാഴ്‌ചകളിലും ഇവിടം നടന്നു പോരുന്നു.
ഇതും കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Muhammed Rafeeq, T. Development of Islamic movement in Kerala in modern times (PDF). Abstract. p. 3. Archived from the original (PDF) on 2020-04-07. Retrieved 14 നവംബർ 2019.
- ↑ മദീന മുഫ്തിയായിരുന്ന ഉമറുല് ബര്റ് അൽ മദനി രചിച്ച 'മൗലിദുൻ ഫീ മനാഖിബി സയ്യിദ് അലവി അൽ മമ്പുറമീ(മിൻഹത്തുൽ ഖവീ ബി മിദ്ഹത്തി സയ്യിദ് അലവി) പേജ്: 5
- ↑ പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ രചിച്ച 'അന്നഫ്ഹത്തുൽ ജലീല'
- ↑ http://keralamuslimstudies.blogspot.in/2012/10/blog-post_20.html
- ↑ 5.0 5.1 :[http//www.prabodhanam.net/html/issues/Pra_28.7.2007/hussain.pdf മമ്പുറം തങ്ങന്മാർ:സമരം പ്രത്യയശാസ്ത്രം]-കെ.ടി. ഹുസൈൻ,പ്രബോധനം വാരിക 2007 ജൂലൈ 28
- ↑ കേരളത്തിലെ പ്രവാചക കുടുംബങ്ങള് ഉല്ഭവം ചരിത്രം, മുജീബ് തങ്ങള് കൊന്നാര്, പേജ്: 78
- ↑ .C.N. Ahamed Maulavi and K.K Abdul Kareem. mahatthaaya maappila paarambaryam. op.cit., p. 176.
- ↑ 8.0 8.1 മാപ്പിള മുന്നേറ്റവും പരമ്പരാഗത ബുദ്ധിജീവികളും-ഡോ.കെ.എൻ. പണിക്കർ (മുഖ്യധാര-2013 നവംബർ)
- ↑ മമ്പുറം തങ്ങന്മാർ:സമരം പ്രത്യയശാസ്ത്രം
- ↑ K.N. Panickar. A~ainst Lord and State: Religion and Peasant uvrisings in hlalabar -1836-21.New Delhi. 1992, p.61.
- ↑ M. Gangadharan, 'Virudharum Vidheyarum, Mamburam Tangalmarude KalavumAkalavum,' Mathrubhumi Weekly- June 5,2005, book- 83, Vol. 14, p.29-
- ↑ Dr.KKN Kuruppu and Dr.PK Pocker (ed),Mamburam Sayyid Fazal PookkoyaThangal:adhinivesha virudha charithrathile nithya sanidhyam.Thiruvanandapuram:Chinda Publishers,2012
- ↑ മലബാറിലെ രത്നങ്ങള്, കെ.കെ. മുഹമ്മദ് അബ്ദുല് സത്താർ, പേജ് 368
- ↑ Logan malabar manual vol 1.1,p 557 Malabar m Logan 558 , 59
- ↑ മദ്രാസ് ഗവർനേറ്റ്, ഡിസ്ട്രിക് റെക്കോർഡ്-ലഭിച്ച എഴുത്തുകൾ - നിയമപാലനം- 1817 pp 435 -36
- ↑ Anne Bang-Sufis and Scholars of the Sea, 1860-1925
- ↑ കേരളത്തിലെ പ്രവാചക കുടുംബങ്ങള് ഉല്ഭവം ചരിത്രം, മുജീബ് തങ്ങള് കൊന്നാര്, പേജ്: 126,
- ↑ മലബാറിലെ രത്നങ്ങള്,മമ്പുറം സയ്യിദ് അലവി തങ്ങൾ , കെ.കെ മുഹമ്മദ് അബ്ദുല് സത്താർ, പേജ്: 37
- ↑ ആംഗ്ലോ-മാപ്പിള യുദ്ധം,1921,എ.കെ. കോടൂര്,പേജ്: 26
- ↑ മലബാറിലെ രത്നങ്ങള്, പേജ്: 28
- ↑ സൈഫുൽ ബത്താർ-കെ.ടി. ഹുസൈൻ[പ്രവർത്തിക്കാത്ത കണ്ണി]-പ്രബോധനം വാരിക 2007 ആഗസ്റ്റ് 4
- ↑ SAKKEER HUSSIAN.E.M. ADVENT OF ISLAM IN KERALA AND SOCIAL HARMONY AS REFLECTED IN MANUSCRIPTS (PDF). p. 38. Archived from the original (PDF) on 2020-07-26. Retrieved 4 നവംബർ 2019.
- ↑ സൈഫുൽ ബത്താർ-കെ.ടി. ഹുസൈൻ[പ്രവർത്തിക്കാത്ത കണ്ണി]-പ്രബോധനം വാരിക 2007 ആഗസ്റ്റ് 4
- ↑ നൂറ്റാണ്ട് പിന്നിടുമ്പോഴും ശ്രദ്ധേയമായി മമ്പുറം തങ്ങളുടെ കവിതകള്...October 9, 2016 സുപ്രഭാതം ദിനപത്രം
- ↑ قطب الزمان سراج الارض سيدنا * من دار دنيا الى دار البقاء سرى (ഖുതുബുസ്സമാനും ഭൂമിയുടെ വെളിച്ചവുമായ നമ്മുടെ നായകൻ ഈ ക്ഷണിക ലോകം വിട്ടു ശാശ്വത ലോകത്തേക്ക് യാത്രയായി).-ഉമർ ഖാളി -മർസിയത്ത്
- ↑ http://www.islamonweb.net/article/2015/06/45564/
- ↑ എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം 6. 1988. p. 463.
- ↑ dr kk kareem in Kerala Muslim History Directory Part-2 page 395