ഖിലോപസംഗ്രഹം
കൊടുന്തമിഴ് പരിണമിച്ചാണ് മലയാള ഭാഷ ഉണ്ടായത് എന്ന വാദത്തെ സാധൂകരിക്കാനായി എ.ആർ. രാജരാജവർമ്മ അവതരിപ്പിച്ച ആറു നയങ്ങളിൽ ഒന്നാണ് ഖിലോപസംഗ്രഹം[1]. ഖിലമെന്നാൽ അപ്രയുക്തം എന്നർത്ഥം. ഒരുകാലത്ത് ഭാഷയിൽ പ്രയോഗത്തിൽ ഉണ്ടായിരുന്നതും കാലക്രമേണ അപ്രയുക്തമായതുമായ പ്രകൃതികളെയും പ്രത്യയങ്ങളെയും നിലനിർത്തുന്നു എന്ന അർത്ഥത്തിലാണ് എ. ആർ ഖിലോപസംഗ്രഹം എന്ന നയം അവതരിപ്പിച്ചിരിക്കുന്നത്. അതായത് പ്രാചീന തമിഴിൽ ഒരുകാലത്ത് പ്രയോഗത്തിലിരുന്ന പ്രയോഗങ്ങൾ തമിഴിൽ അപ്രത്യക്ഷമായെന്നും അവ മലയാളം സംരക്ഷിച്ചുവരുന്നു എന്നുമാണ് ഈ നയത്തിലൂടെ അദ്ദേഹം സമർത്ഥിക്കുന്നത്. ഈ നയത്തിന് ദൃഷ്ടാന്തമായി രണ്ട് പ്രത്യയങ്ങളെയാണ് കേരളപാണിനി ചൂണ്ടിക്കാണിക്കുന്നത്. പിൻവിനയെച്ചപ്രത്യയമായ "ആൻ", നിയോജകമധ്യമബഹുവചനപ്രത്യയമായ "ഇൻ" എന്നീ രൂപങ്ങൾ തമിഴിൽ ആദ്യകാലത്ത് ഉപയോഗിച്ചിരുന്നെങ്കിലും ഇന്ന് തമിഴിൽ അവയ്ക്ക് പ്രയോഗമില്ല[2].
- പിൻവിനയെച്ചമായ ആൻ എന്നതിന്റെ സ്ഥാനത്ത് തമിഴിൽ നടുവിനയെച്ചം തന്നെ ഉപയോഗിക്കുന്നു.
- ഉദാഹരണം
തമിഴ് മലയാളം
കളിക്കവന്തേൻ കളിക്കാൻ വന്നു
വാചിക്കപ്പോകിറേൻ വായിക്കാൻ പോകുന്നു
- നിയോജകമധ്യമബഹുവചനപ്രത്യയങ്ങളുടെ സ്ഥാനത്ത് ആധുനികതമിഴിൽ സ്ഥാനഭേദമില്ല.
- ഉദാഹരണം
ധാതു മലയാളം തമിഴ്
വര് = വരിൻ / വരുവിൻ വാരും
കേൾ = കേൾപ്പിൻ / കേൾക്കുവിൻ കേളും
ഈ രണ്ട് പ്രത്യയങ്ങൾക്കുപുറമേ മറ്റൊരു പ്രത്യയം കൂടി മലയാളം സംരക്ഷിച്ചിരുന്നു എന്ന് ഡോ. കെ.എം. പ്രഭാകരവാര്യർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുള്ളസ്ഥലം എന്ന അർത്ഥത്തിൽ നിലാവത്ത് എന്നരൂപം പഴയതമിഴിൽ ഉപയോഗിച്ചിരുന്നു എന്ന് തൊൽകാപ്പിയത്തിൽ തെളിവുണ്ട്. ആധുനിക തമിഴിൽ ഈ രൂപം ഉപയോഗത്തിലില്ല. എന്നാൽ മലയാളത്തിൽ കാലത്ത്, മഴയത്ത്, ഇരുട്ടത്ത്, നിലാവത്ത് എന്നിങ്ങനെ ഈ പ്രയോഗം ബഹുലമാണ്. തമിഴിൽ അപ്രയുക്തമായ ചില പദങ്ങളെയും മലയാളം സംരക്ഷിക്കുന്നതായി പ്രഭാകരവാരിയർ സൂചിപ്പിക്കുന്നുണ്ട്. പഴയ തമിഴിൽ ഉണ്ടായിരുന്ന പീടിക, പോത്ത്, തവള തുടങ്ങിയ പദങ്ങൾ ഇപ്പോൾ തമിഴിലില്ലെങ്കിലും മലയാളത്തിൽ ഇവ നിത്യവ്യവഹാരത്തിലുള്ള പദങ്ങളാണ്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ എ.ആർ.രാജരാജവർമ്മ .കേരളപാണിനീയം (1968) പുറം 51-2 എസ് പി സി എസ് കോട്ടയം. ആദ്യപതിപ്പ് 1895
- ↑ ഏ. ആർ. രാജരാജവർമ്മ, കേരളപാണിനീയം-പീഠിക