മലയാളത്തിലെ പ്രമുഖ വൈയാകരണനും ഭാഷാ പണ്ഡിതനുമായിരുന്നു എൻ.ആർ. ഗോപിനാഥപിള്ള. 1941 മെയ് 9 ന് ജനിച്ചു. വൈയാകരണൻ എന്നതിനു പുറമേ നിരൂപകൻ, ഉപന്യാസകാരൻ, സർവകലാശാലാ അധ്യാപകൻ എന്നീ നിലകളിലും ഇദ്ദേഹം പ്രസിദ്ധനാണ്. കേരള സർവകലാശാല മലയാളവിഭാഗത്തിന്റെ മുൻമേധാവിയായിരുന്നു ഗോപിനാഥപിള്ള. ഭാഷാശാസ്ത്രം, കേരളചരിത്രം, മലയാളസാഹിത്യം, മലയാള വ്യാകരണം തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ രചനകൾ.[1]

ജീവിതരേഖതിരുത്തുക

1941 മേയ് 9-ന് ചെങ്ങന്നൂരിനടുത്തുള്ള തൃപ്പുലിയൂർ മഠത്തിലേത്ത് വീട്ടിൽ എസ്. രാഘവൻ നായരുടേയും ചെല്ലമ്മപ്പിള്ളയുടേയും മകനായി ജനിച്ചു. 1961-ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കലാലയത്തിൽ നിന്നും മലയാളഭാഷയിലും സാഹിത്യത്തിലും ബി.എ.യും 1963-ൽ എം.എ. യും റാങ്കോടെ വിജയിച്ചു. അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ വിവരണാത്മകവ്യാകരണമായിരുന്നു ഗോപിനാഥപിള്ളയുടെ ഗവേഷണപ്രബന്ധം. 1980-ൽ ഇതിനു പിഎച്ച്.ഡി. ലഭിച്ചു. 1963-ൽ കൊല്ലം ശ്രീനാരായണകോളേജിൽ അദ്ധ്യാപകനായി പ്രവർത്തനം ആരംഭിച്ചു. 1985-ൽ കേരള സർവകലാശാല മലയാളവിഭാഗത്തിൽ റീഡറായിരുന്ന ഗോപിനാഥപിള്ള 1995-ൽ വകുപ്പുമേധാവിയായി സ്ഥാനക്കയറ്റം നേടി. 2001-ൽ സർവ്വീസിൽ നിന്നും വിരമിച്ചു. ഹൃദയാഘാതത്തെ തുടർന്ന് 2017- ഓഗസ്റ്റ് 25-ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. കൊല്ലം ടി.കെ.എം. കോളേജിലെ ഇംഗ്ലീഷ് അധ്യാപിക ലതയാണ് ഭാര്യ.

കൃതികൾതിരുത്തുക

ഭാഷാനിരീക്ഷണം (1970), രാമചരിതവും പ്രാചീനമലയാളവും (1972), അന്വേഷണം (1974), അനുബന്ധം (1980), സമീക്ഷ (1982), അധ്യാഹാരം (1987), പാഠഭേദം (1990), പാഠവും പഠനവും (2001), ഉള്ളൂരിന്റെ തിരഞ്ഞെടുത്ത കവിതകൾ (എഡിറ്റർ 2000), മലയാളം ഇംഗ്ലീഷ് നിഘണ്ടുവിന്റെ അനുബന്ധം (1999) എന്നിവയാണ് പ്രധാന കൃതികൾ.

പുരസ്കാരങ്ങൾതിരുത്തുക

  • തൃശ്ശൂർ സഹൃദയവേദിയുടെ സി.എൽ. ആന്റണി സ്മാരക പുരസ്‌കാരം -1990
  • കേരളസാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ പുരസ്‌കാരം - 1993
  • ചെന്നൈയിലെ 'ദക്ഷിണ'യുടെ ഭാഷാചാര്യ പുരസ്‌കാരം - 2010
  • പ്രൊഫ. എസ്. ഗുപ്തൻ നായരുടെ പേരിലുള്ള അദ്ധ്യാപകശ്രേഷ്ഠ പുരസ്‌കാരം - 2013

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=എൻ.ആർ._ഗോപിനാഥപിള്ള&oldid=3419047" എന്ന താളിൽനിന്ന് ശേഖരിച്ചത്