അകമല ഉത്രാളിക്കാവ് ക്ഷേത്രം

(ഉത്രാളിക്കാവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ ഒരു ഭഗവതി ക്ഷേത്രമാണ് ഉത്രാളിക്കാവ് ശ്രീ ഭഗവതി ക്ഷേത്രം അഥവാ ഉത്രാളിക്കാവ് ശ്രീ മഹാകാളി ക്ഷേത്രം. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ആദിപരാശക്തിയും ജഗദീശ്വരിയുമായ ശ്രീ മഹാകാളിയാണ് മുഖ്യ പ്രതിഷ്ഠ. മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണ് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ് പൂരം. പ്രകൃതിഭംഗി തുളുമ്പി നിൽക്കുന്ന മനോഹരമായ സ്ഥലത്താണ് ഈ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഉത്രാളിക്കാവ്, വടക്കാഞ്ചേരി
ഉത്രാളിക്കാവ് ശ്രീ ഭഗവതി ക്ഷേത്രം

കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ വടക്കാഞ്ചേരിയിൽനിന്നും ഏകദേശം രണ്ടു കിലോമീറ്റർ വടക്ക്, തീവണ്ടിപ്പാതയ്ക്കുസമീപം അകമല താഴ്​വരയിലെ പാടങ്ങൾക്കരികിലായാണു് വിസ്താരത്തിൽ താരതമ്യേന ചെറുതായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നതു്. ചുറ്റുപാടും ഉയർന്ന മലയോര പ്രദേശങ്ങൾക്കിടയ്ക്ക് താഴ്​വരയിലുള്ള ചെറിയ സമതലം എന്ന പ്രത്യേകത ഈ അമ്പലത്തിലെ പൂരാഘോഷത്തിനു് തനിമ നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. തൃശ്ശൂർ, വടക്കാഞ്ചേരി, ഷൊറണൂർ എന്നീ തീവണ്ടി സ്റ്റേഷനുകളും തൃശ്ശൂർ, ഒറ്റപ്പാലം, കുന്നംകുളം, ഗുരുവായൂർ, ചേലക്കര, പട്ടാമ്പി എന്നിവിടങ്ങളിൽനിന്നുള്ള ബസ് സർവീസുകളുമാണു് പ്രധാന യാത്രാസൌകര്യങ്ങൾ.

ഐതിഹ്യം

തിരുത്തുക

കേരളത്തിലെ മിക്ക ഭഗവതി ക്ഷേത്രങ്ങളുടേയും ഉൽ‌പ്പത്തിയായി പറഞ്ഞുകേൾക്കുന്ന കഥകൾക്കു സമാനമാണു് രുധിര മഹാകാളിക്കാവ് ക്ഷേത്രത്തിന്റേതും. കൊച്ചി രാജ്യത്തെ പ്രധാനിയായിരുന്ന പാലിയത്തച്ചനെപ്പോലെ തലപ്പള്ളിയിലെ പ്രമുഖനായിരുന്നു കേളത്തച്ചൻ. അകമല താഴ്വരകളിലുള്ള തന്റെ കൃഷി സ്ഥലങ്ങൾ സന്ദർശിക്കാൻ എത്തിയിരുന്ന കേളത്തച്ചന്റെ ഓലക്കുടയിൽ നിന്നും ഭൂമിയിൽ അവരൂഢയായ കൊല്ലൂർ മൂകാംബികാ ദേവിയുടെ ചൈതന്യമാണ് ഇവിടുത്തെ ശ്രീ മഹാകാളി എന്നത്രേ ഐതിഹ്യം. ദേവി ആദിപരാശക്തിയുടെ 3 പ്രധാന രൂപങ്ങളിൽ ഒന്നാണ് മഹാകാളി എന്ന് ദേവി മാഹാത്മ്യത്തിൽ കാണാം. ശൈവ വിശ്വാസപ്രകാരം ഇത് ശ്രീ പാർവതിയുടെ കറുത്ത രൂപമാണ്. പിൽക്കാലത്ത് അശ്രദ്ധമായി ഉപേക്ഷിക്കപ്പെട്ട ആ പ്രതിഷ്ഠയിൽ പാടത്ത് നെല്ലു കൊയ്യുകയായിരുന്ന ഒരു സ്ത്രീ അരിവാളിനു മൂർച്ചകൂട്ടുന്നതിനിടയിൽ അതിൽ നിന്നും രക്തം വരുന്നതായി കണ്ടു, പ്രശ്നം വച്ചു നോക്കിയവർക്ക് ശിലയിലെ പരാശക്തിയുടെ സാന്നിദ്ധ്യം ബോദ്ധ്യമാവുകയും തുടർന്നു് യഥാചാരവിധികളോടെ ക്ഷേത്രം നവീകരിക്കുകയും ചെയ്തുവത്രേ.

ചരിത്രം

തിരുത്തുക

മദ്ധ്യകേരളത്തിലെ പുരാതനമായ ഭഗവതിക്കാവുകളിൽ ഒന്നായി ഈ ക്ഷേത്രത്തെ കണക്കാക്കുന്നു.

മദ്ധ്യകേരളത്തിലെ പുരാതനമായ വേല ആഘോഷങ്ങളിൽ പ്രമുഖമായ സ്ഥാനമാണു് ഉത്രാളിക്കാവിലെ പൂരത്തിനുള്ളതു്. കുംഭമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് ഉത്സവം കൊടിയേറുന്നതു്. (ഇതേ ദിവസം തന്നെയാണു് നാലുകിലോമീറ്റർ അകലെയുള്ള പ്രസിദ്ധമായ മച്ചാട്ടുവേലയും). ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ സമാപനദിവസമാണു് പൂരവും അതിനോടനുബന്ധിച്ച മറ്റു പരിപാടികളും.

എങ്കക്കാവ്, കുമരനെല്ലൂർ, വടക്കാഞ്ചേരി എന്നീ ദേശങ്ങളിൽ നിന്നുള്ള മൂന്നു പങ്കുകാരാണു് ഉത്രാളിക്കാവ് വേലയുടെ പ്രധാന നടത്തിപ്പുകാർ. സാധാരണ, ഓരോ ദേശക്കാരും പതിനൊന്നു് ആനകൾ വീതം മൊത്തം 33 ആനകളെ പൂരത്തിനു് എഴുന്നള്ളിക്കുന്നു. ഇതുകൂടാതെ വിവിധ സമുദായക്കാരുടേതായി കുതിരവേല, കാളവേല, ഹരിജൻ വേല എന്നീ പരിപാടികളും മുട്ടിറക്കൽ എന്ന വഴിപാടുചടങ്ങും പതിവുണ്ട്.

ഉത്സവത്തിലെ മറ്റൊരു പ്രശസ്ത ഇനം ഇവിടത്തെ ‘നടപ്പുര’ പഞ്ചവാദ്യം ആണു് . ക്ഷേത്രവാദ്യാസ്വാദകർക്ക് തൃശ്ശൂർ പൂരത്തിന്റെ ‘ഇലഞ്ഞിത്തറ മേളം’(പാണ്ടിമേളം), ‘മഠത്തിൽനിന്നുള്ള വരവ്’(പഞ്ചവാദ്യം), ആറാട്ടുപുഴ ‘കൈതവളപ്പ്പാണ്ടിമേളം, ശേഷമുള്ള പഞ്ചാരി ഇവയെപ്പോലെത്തന്നെ പ്രിയങ്കരമാണു് ‘നടപ്പുര’ പഞ്ചവാദ്യവും.

വെടിക്കെട്ട്

തിരുത്തുക
 
ഉത്രാളിക്കാവ് പൂരം പകൽവെടിക്കെട്ട്

കുന്നുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഉത്സവപ്പറമ്പിന്റെ ഭൂപ്രകൃതിയിലുള്ള പ്രത്യേകത മൂലം അസാമാന്യമായ ശബ്ദഗാംഭീര്യം ജനിപ്പിക്കുന്ന വെടിക്കെട്ടാണു് ഉത്രാളിക്കാവ് പൂരത്തിന്റെപ്രത്യേകത. പൂരദിവസം സന്ധ്യയ്ക്കും പിറ്റേന്നു പുലർച്ചേ നാലുമണിക്കും മത്സരാടിസ്ഥാനത്തിൽ നടക്കുന്ന വെടിക്കെട്ട് സുരക്ഷിതമായും വ്യക്തമായും കണ്ടാസ്വദിക്കാനും ഈ കുന്നുകൾ സൌകര്യപ്രദമാണു്.

10°40′21″N 76°15′48″E / 10.6725099°N 76.2631947°E / 10.6725099; 76.2631947