ഉച്ചാരണശാസ്ത്രം

(ഉച്ചാ‍രണശാസ്ത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വനവിജ്ഞാനത്തിന്റെ ഉപശാഖയാണ് ഉച്ചാരണശാസ്ത്രം(Articulatory Phonetics). ഉച്ചാരണാവയവങ്ങളുടെ സഹായത്താൽ മനുഷ്യൻ വൈവിധ്യമാർന്ന സ്വനങ്ങൾ ഉച്ചരിക്കുന്നതെങ്ങനെ എന്നാണ് ഈ ഭാഷാശാസ്ത്രശാഖ പഠിക്കുന്നത്.

സ്വനനാളത്തിലൂടെയുള്ള വായുപ്രവാഹത്തിൽ വാതോർജ്ജം ശബ്ദോർജ്ജമായി പരിണമിക്കുകയാണ്: വായുമർദ്ദത്തിന്റെ രൂപത്തിലുള്ള സ്ഥിതികോർജ്ജം വായുപ്രവാഹമായി, ഗതികോർജ്ജമായി പരിണമിക്കുന്നു; വായുമർദ്ദത്തിലുള്ള വ്യത്യാസങ്ങൾ വിവിധ ആവൃത്തിയിലുള്ള ശബ്ദതരംഗങ്ങളെ ഉല്പാദിപ്പിക്കുന്നു. ഈ ശബ്ദോർജ്ജത്തെ മനുഷ്യന്റെ ശ്രവണവ്യവസ്ഥ സ്വീകരിച്ച് ആവേഗങ്ങളുടെ രൂപത്തിൽ മസ്തിഷ്കത്തിലേക്ക് അയയ്ക്കുകയും മസ്തിഷ്കം അതിനെ ഭാഷാചിഹ്നങ്ങളായി അപഗ്രഥിച്ച് അർത്ഥബോധമുണ്ടാക്കുകയുമാണ് ചെയ്യുന്നത്. സ്വനതരംഗങ്ങളെക്കുറിച്ചും സ്വനഗ്രഹണത്തെക്കുറിച്ചും പഠിക്കുന്നത് സ്വനഭൗതികം, ശ്രവണാത്മകസ്വനവിജ്ഞാനം തുടങ്ങിയ ഇതരശാഖകളിലാണ്.

വായുപ്രവാഹവ്യവസ്ഥ

തിരുത്തുക

ശ്വസനപ്രക്രിയയിൽ അന്തർഭവിക്കുന്ന വായുപ്രവാഹവ്യവസ്ഥകളാണ് ഭാഷണത്തിനുപിന്നിൽ. സ്വനനാളത്തെ അധിശ്വാസദ്വാരീയമെന്നും(superglottal) അധശ്വാസദ്വാരീയമെന്നും(subglottal) തിരിക്കാം. ഇവയെല്ലാം വായു ഉൾക്കൊള്ളുന്ന അറകളാണ്. ശ്വാസദ്വാരത്തിനുമുകളിൽ സ്വനനാളം നാസാനാളവും വായയുമായി പിരിയുന്നു. ശ്വാസനാളവും ശ്വാസകോശവുമാണ് താഴെ. അന്തരീക്ഷത്തെ മറ്റൊരു വായു അറയായി കണക്കാക്കുന്നു. ഈ വായു അറകളിലെ വായുമർദ്ദത്തിൽ വ്യത്യാസമുണ്ടാകുമ്പോൾ വായു ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് പ്രവഹിക്കുന്നു. ഇതിനെയാണ് വായുപ്രവാഹവ്യവസ്ഥകൾ എന്നുവിളിക്കുന്നത്.

ശ്വാസകോശീയം(Pulmonic), ശ്വാസദ്വാരീയം(Glottal), മൗഖികം(Oral) എന്നിങ്ങനെ മൂന്ന് വ്യവസ്ഥകളാണ് ഭാഷണത്തിൽ പങ്കുകൊള്ളുന്നത്. വായു അകത്തേക്കോ പുറത്തേക്കോ പ്രവഹിക്കുന്നത് എന്നതനുസരിച്ച് ഇവയെ അന്തർഗാമി(Ingressive), ബഹിർഗാമി(Egressive) എന്നിങ്ങനെയും തിരിക്കുന്നു. വായുപ്രവാഹത്തിന് തുടക്കമിടുന്ന അവയവങ്ങളെ പ്രാരംഭകങ്ങൾ(Initiator) എന്നുവിളിക്കുന്നു. ഉരസ്സിനും ഉദരത്തിനും ഇടയിലുള്ള വിഭാജകചർമ്മം (പ്രാചീരം-Diaphram), ശ്വാസകോശഭിത്തികൾ, വാരിയെല്ലുകൾ, ഈ അവയവങ്ങളുമായി ബന്ധപ്പെട്ട മാംസപേശികൾ - എല്ലാം ചേർന്നാണ് ശ്വാസകോശീയവായുപ്രവാഹത്തിന് തുടക്കമിടുന്നത്. ശ്വാസകോശഭിത്തികളുടെ സങ്കോചവികാസങ്ങൾ വായുവിന്റെ അകത്തേക്കും പുറത്തേക്കുമുള്ള പ്രവാഹത്തിന് കാരണമാകുന്നു. ശ്വാസദ്വാരീയപ്രവാഹത്തിന് കാരണം സ്വനതന്തുക്കളുടെ പൂർണ്ണമായും അടഞ്ഞ സ്ഥിതിയാണ്. മുഖീയമായ വായുപ്രവാഹം മൃദുതാലുവിനോട് ഒട്ടിച്ചേർന്നുകിടക്കുന്ന ജിഹ്വാമൂലത്തിലാണ് ഉറവിടുന്നത്. മൂന്നുവിധം വായുപ്രവാഹങ്ങളെയും ഉച്ചാരണാവയവങ്ങൾ വ്യത്യസ്തസ്ഥാനങ്ങളിലും വ്യത്യസ്താനുപാതങ്ങളിലും നിയന്ത്രിച്ചാണ് വ്യത്യസ്തസ്വനങ്ങളെ ഉല്പാദിപ്പിക്കുന്നത്.

ലോകഭാഷകളിലെ സ്വനസഞ്ചയത്തിന്റെ ഏറിയ കൂറും ശ്വാസകോശീയവും ബഹിർഗാമിയുമായ വായുപ്രവാഹംവഴി ഉണ്ടാവുന്നതാണ്. കോട്ടുവായിടുമ്പോഴും കൂർക്കംവലിക്കുമ്പോഴും ശ്വാസകോശീയമാ‍യ അന്തർഗാമിപ്രവാഹംവഴിയാണ് ശബ്ദമുണ്ടാകുന്നത്. കിതച്ചുകൊണ്ടു സംസാരിക്കുക, തുടങ്ങിയ ചുരുക്കം അവസരങ്ങളിലേ ഈ വ്യവസ്ഥ ഭാഷണപ്രക്രിയയിൽ പങ്കുകൊള്ളുന്നുള്ളൂ. ഗളീയമായ രണ്ടു വായുപ്രവാഹങ്ങളും മുഖീയമായ അന്തർഗാമിപ്രവാഹവും പല ഭാഷകളിലും ചില പ്രത്യേകസ്വനങ്ങളുടെ നിർമ്മിതിയിൽ പങ്കുകൊള്ളുന്നു. അന്തസ്ഫോടങ്ങളും ഹിക്കിതങ്ങളും ക്ലിക്കുകളും ഇവയിൽപ്പെടുന്നു. മുഖീയമായ വായുപ്രവാഹവ്യവസ്ഥ ഭാഷണത്തിൽ പ്രയോജനപ്പെടുന്നില്ല.

ഉച്ചാരണപ്രക്രിയ

തിരുത്തുക

ശ്വസനം, സ്വനനം, സന്ധാനം എന്നീ മൂന്നു പ്രക്രിയകളാണ് സ്വനോല്പാദനത്തിനു പിന്നിലുള്ളത്. ഈ പ്രക്രിയകൾ നിർവ്വഹിക്കുന്ന അവയവങ്ങളെ അതുകൊണ്ടുതന്നെ ഉച്ചാരണാവയവങ്ങൾ എന്നു വിളിക്കുന്നു. ശ്വാസകോശങ്ങൾ, സ്വനതന്തുക്കൾ, നാക്ക് എന്നിവയാണ് മുഖ്യമായ ഉച്ചാരണാവയവങ്ങൾ. ഉച്ചാരണം ഉച്ചാരണാവയവങ്ങളുടെ പ്രാഥമികധർമ്മമല്ല. പ്രാചീരം മുതൽ ചുണ്ടുവരെ നിരന്നുകിടക്കുന്ന ഈ വികസിതമായ അവയവവ്യവസ്ഥയാണ് മനുഷ്യനെ ഇത്ര സങ്കീർണ്ണമായ ഭാഷ കൈകാര്യം ചെയ്യാൻ പര്യാപ്തനാക്കുന്നത്.

സ്വനങ്ങളുടെ നിർമ്മാണത്തിനാവശ്യമായ ഊർജ്ജത്തിന്റെ പ്രധാന ഉറവിടമാണ് ശ്വസനം. ശരീരകോശങ്ങൾക്ക് പ്രവർത്തിക്കാൻ പ്രാണവായു രക്തചംക്രമണവ്യവസ്ഥയ്ക്ക് കൈമാറുകയും മലിനവായു പുറംതള്ളുകയുമാണ് ശ്വസനവ്യവസ്ഥയുടെ പ്രാഥമികധർമ്മം. മേൽപ്പറഞ്ഞ വായുപ്രവാ‍ഹങ്ങളെ നിയന്ത്രിക്കുന്നതിനാൽ ഭാഷണത്തിലും ഒഴിച്ചുകൂടാനാവാത്ത ധർമ്മം ഇത് നിർവ്വഹിക്കുന്നു.

ഭാഷണസ്വനങ്ങളുടെ ഉല്പാദനം മുഖ്യമായും നിർവ്വഹിക്കുന്നത് സ്വനപേടകമാണ്. ശ്വസനത്തിലൂടെ സാധ്യമാകുന്ന വായുപ്രവാഹം സ്വനപേടകത്തിൽ സ്ഥിതി ചെയ്യുന്ന സ്വനതന്തുക്കൾക്കിടയിലൂടെ കടന്നുപോകുമ്പോൾ രണ്ടുവിധം സ്വനങ്ങൾ ഉല്പാദിക്കപ്പെടുന്നു: സ്വനതന്തുക്കൾ അകന്നിരിക്കുമ്പോൾ വായു അനർഗ്ഗളമായി പ്രവഹിക്കുകയും ശ്വാസിയായ സ്വനങ്ങൾ പുറപ്പെടുകയും ചെയ്യും; സ്വനതന്തുക്കൾ അടുത്തിരിക്കുമ്പോൾ വായുവിന് കമ്പനമുണ്ടാകുകയും അടക്കിയ സംഗീതാത്മകമായ നാദികൾ പുറപ്പെടുകയും ചെയ്യുന്നു. അത്ഭുതാവഹമായ വൈവിധ്യവും വൈചിത്ര്യവുമാർന്ന കമ്പനസാധ്യതകളാണ് സ്വനതന്തുക്കൾക്കുള്ളത്. സ്വനതന്തുക്കൾക്കിടയിലുള്ള വിടവിനെ ശ്വാസദ്വാരം എന്നു വിളിക്കുന്നു. സ്വനപാളികൾ മുട്ടിച്ചേർന്ന് അവയ്ക്കിടയിൽ വിടവേയില്ലാതെ (നികോചം) വരാം. അപ്പോൾ വായുപ്രവാഹം പൂർണ്ണമായും തടയപ്പെടുകയും വായു സ്ഫോടനത്തോടെ പുറത്തുവരികയും ചെയ്യുന്നു. ശ്വാസദ്വാരീയസ്പർശം ഉച്ചരിക്കുമ്പോഴും ചുമയ്ക്കുന്നതിനു തൊട്ടുമുൻപും ഒക്കെ തന്തുക്കൾ ഈ അവസ്ഥയിലായിരിക്കും.

സന്ധാനം

തിരുത്തുക

സ്വനനത്തിൽ ഉല്പാദിക്കപ്പെട്ട ശ്വാസിയോ നാദിയോ ആ‍യ ശബ്ദം ശ്വാസദ്വാരം മുതൽ ചുണ്ടുവരെയുള്ള വിവിധ സന്ധാനസ്ഥാനങ്ങളിൽ വിവിധ രീതിയിൽ നിയന്ത്രിക്കപ്പെട്ട് പുറത്തെത്തുമ്പോഴാണ് വെവ്വേറെ സ്വനങ്ങൾ രൂപപ്പെടുന്നത്. ശ്വാസദ്വാരം, ഗളം, അണ്ണാക്ക്, മൃദുതാലു, താലു, വായുടെ മേൽത്തട്ട്, മോണ, മേൽപ്പല്ല്, മേൽച്ചുണ്ട് തുടങ്ങിയ സന്ധാനസ്ഥാനങ്ങളിൽ വായു ഭാഗികമായോ പൂർണ്ണമായോ തടയപ്പെട്ടുണ്ടാകുന്ന സ്വനങ്ങളാണ് വ്യഞ്ജനങ്ങൾ. ഈ സ്ഥാനങ്ങളെ അടിസ്ഥാനമാക്കി ശ്വാസദ്വാരീയം, ഗളീയം, പ്രജിഹ്വീയം, മൃദുതാലവ്യം, താലവ്യം, മൂർദ്ധന്യം, വർത്സ്യം, ദന്ത്യം, ഓഷ്ഠ്യം എന്നിങ്ങനെ സ്ഥാനങ്ങൾ നൽകിയിരിക്കുന്നു. സന്ധാനവേളയിലെ നാവിന്റെ സ്ഥിതിയും പ്രധാനമാണ്. നാവിന്റെ അഗ്രം, ഉപാഗ്രം, മദ്ധ്യം, പാർശ്വം, മൂലം എല്ലാം സന്ധാനത്തിൽ വിഷയമാണ്. മൂർദ്ധന്യം ഉച്ചരിക്കുമ്പോൾ നാവിൻതുമ്പ് മേലോട്ടും പിന്നോട്ടും തെല്ല് വളഞ്ഞിരിക്കും. അതിനാൽ ഇവയെ പ്രതിവേഷ്ടിതസ്വനങ്ങളെന്നും വിളിക്കുന്നു. താലവ്യങ്ങൾ ഉച്ചരിക്കുമ്പോൾ നാവ് താലുവിനു സമാന്തരമായി സ്പർശിച്ചുനിൽക്കുകയും വായു ഘർഷസ്വനങ്ങളെപ്പോലെ ഉരസിനീങ്ങുകയും ചെയ്യുന്നത് ഒരു സവിശേഷതയാണ്. ഇവ സ്പർശഘർഷി എന്നാണ് അറിയപ്പെടുന്നത്.

ഓരോ സ്വനത്തിന്റെയും ഉച്ചാരണത്തിൽ സ്വനനാളത്തിന്റെ വിസ്തൃതി വിവിധ ഭാഗങ്ങളിൽ ഏറിയും കുറഞ്ഞുമിരിക്കും. ചലകരണം(Active articulator)(മൃദുതാലു, നാ‍വ്, കീഴ്പ്പല്ല്, കീഴ്ച്ചുണ്ട് മുതലായവ) സന്ധാനകരണത്തോട്(Passive Articulator) എത്രമാത്രം, എപ്രകാരം അടുത്തിരിക്കുന്നുവെന്ന് സൂചിപ്പിക്കാനാണ് 'നികോചം'(Stricture) എന്ന പദം ഉപയോഗിക്കുന്നത്. വായുവിന്റെ പൂർണ്ണരോധത്തിലൂടെയാണ് സ്പർശങ്ങൾ ഉച്ചരിക്കുന്നത്. രോധനികോചം കാരണം സന്ധാനസ്ഥലത്തുനിന്ന് വായു മൂക്കിലൂടെ പുറത്തേക്ക് പോകുമ്പോഴാണ് അനുനാസികങ്ങൾ ഉണ്ടാകുന്നത്. രോധനികോചത്തിനുശേഷം സ്വരത്തിന്റെ സഹായത്തോടെ വായിലൂടെ ബഹിർഗമിക്കുന്ന സ്പർശങ്ങളെ സ്ഫോടകങ്ങൾ എന്നുവിളിക്കുന്നു. ഒരു സ്വനം ഉച്ചരിക്കുന്നതിനുള്ളിൽ വായുപ്രവാഹത്തിന് ഇടവിട്ടുമാത്രം രോധമുണ്ടാകുകയാണെങ്കിൽ അത് അന്തരിതരോധമാണ്(Intemittent closure). രേഫോച്ചാരണത്തിൽ നികോചം അന്തരിതരോധമാണ്. രോധത്തെക്കാൾ കുറഞ്ഞ തോതിലുള്ള നികോചങ്ങളെ അഭ്യാഗമങ്ങൾ(Approximation) എന്നുവിളിക്കുന്നു. ശ്രാവ്യമായ ഘർഷണത്തോടുകൂടിയ അഭ്യാഗമനത്തിന് ഗാഢമെന്നു പേർ. ഘർഷവ്യഞ്ജനങ്ങൾ ഇങ്ങനെ രൂപംകൊള്ളുന്നവയാണ്. വിവൃതാഭ്യാഗമനത്തിൽ നികോചം തുലോം കുറവായിരിക്കും. സ്വരങ്ങൾ, പ്രവാ‍ഹികൾ തുടങ്ങിയവ ഈ വിഭാഗത്തിൽപ്പെടുന്നു.

താലുചിത്രണം

തിരുത്തുക

പരീക്ഷണസ്വനവിജ്ഞാനത്തിലെ(Experimental Phonetics) ഒരു പ്രധാനമേഖലയാണ് താലുചിത്രണം(Palatography). ഒരു നിർദ്ദിഷ്ടസ്വനം ഉച്ചരിക്കുമ്പോൾ താലുവിന്റെ ഏതൊക്കെ ഭാഗങ്ങളിൽ നാവ് സ്പർശിക്കുന്നു എന്ന് അറിയാനാണ് താലുചിത്രണം ഉപയോഗിക്കുന്നത്. സ്വനത്തിന്റെ മൂല്യം നിർണ്ണയിക്കുന്നതിൽ താലുചിത്രണം സഹായിക്കുന്നു.

ഇവ കൂടി കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉച്ചാരണശാസ്ത്രം&oldid=3783583" എന്ന താളിൽനിന്ന് ശേഖരിച്ചത്