ഈഴവമെമ്മോറിയൽ ഹർജി
ഈഴവർക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 13,176 ഈഴവർ ഒപ്പിട്ട് 1896 സെപ്റ്റംബർ 3ന്[1] തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിനു് ഡോ. പല്പുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച മഹാനിവേദനമാണു് ഈഴവമെമ്മോറിയൽ അഥവാ ഈഴവമെമ്മോറിയൽ ഹർജി എന്നറിയപ്പെടുന്നതു്.
പശ്ചാത്തലം
തിരുത്തുകസർക്കാർ സർവീസിൽ നാട്ടുകാർക്ക് ന്യായമായ പങ്ക് ലഭിക്കാൻ വേണ്ടിയൊരു നിവേദനം ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 1891 ജനുവരി 11ന് മലയാളിമെമ്മോറിയൽ എന്ന പേരിൽ മഹാരാജാവിന് സമർപ്പിച്ചിരുന്നു. അക്കാലത്ത് ഈഴവർ മുതലായ അവർണ്ണരെ തിരുവിതാംകൂറിൽ 5 രൂപയിൽ കൂടുതൽ മാസശമ്പളമുള്ള തസ്തികകളിൽ നിയമിച്ചിരുന്നില്ല. ക്രിസ്തുമതത്തിലേക്ക് മതം മാറ്റം നടത്തിയ അവർണ്ണർക്ക് പോലും എല്ലാ ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. എന്നാൽ ഈഴവർക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. സ്കൂൾ പ്രവേശനത്തിനും ഇതു തന്നെയായിരുന്നു സ്ഥിതി. മതം മാറാതെ തന്നെ തങ്ങൾക്കും ഇവ ലഭിക്കണമെന്ന് ഈഴവർ ഈ ഹരജിയിലൂടെ ആവശ്യപ്പെട്ടു.
ഈഴവരുടെ അവശതകളെക്കുറിച്ച് ജി.പി. പിള്ള ഇംഗ്ലണ്ടിലെ കോമൺസ് സഭയുടെയും കോൺഗ്രസ്സ് സമ്മേളനങ്ങളുടെയും ശ്രദ്ധ ക്ഷണിച്ചിരുന്നു.എന്നാൽ അവയൊന്നും പ്രയോജനം ചെയ്തില്ല. എൽ.എം.എസ് ഡിഗ്രി നേടിയ ഡോ. പല്പു തിരുവിതാംകൂർ സർക്കാരിന്റെ കീഴിൽ ഒരു ജോലിക്ക് അപേക്ഷിച്ചുവെങ്കിലും ആ അപേക്ഷ തിരസ്കരിക്കപ്പെട്ടു.
മലയാളി മെമ്മോറിയലിന്റെ അവതരണം രസിക്കാതെവന്ന തമിഴ്ബ്രാഹ്മണസംഘം താമസിയാതെ അതിലെ വാദങ്ങളെല്ലാം ഖണ്ഡിച്ചുകൊണ്ടു് ഒരു കൗണ്ടർ മെമ്മോറിയൽ രാജാവിനു സമർപ്പിച്ചിരുന്നു. ഫലത്തിൽ ഇതു് സമുദായങ്ങൾക്കിടയിൽ സ്പർദ്ധയ്ക്കു കാരണമായ ഒരന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടെ കേരളം സന്ദർശിച്ച സ്വാമി വിവേകാനന്ദൻ ഡോ. പൽപ്പുവിൽനിന്നും കേരളത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ആചാരവൈകൃതങ്ങളെക്കുറിച്ചു് കേട്ടറിഞ്ഞിരുന്നു. ഈഴവസമുദായക്കാർ അനുഭവിച്ചുകൊണ്ടിരുന്ന അവശതകൾക്കു പരിഹാരമായി വിവേകാനന്ദൻ ഡോ. പൽപ്പുവിനോടു നിർദ്ദേശിച്ചതു് ഒരു യഥാർത്ഥസന്യാസിവര്യന്റെ കീഴിൽ ആ സമുദായം ഒത്തുചേരാനാണു്.
1895 മേയ് മാസത്തിൽ ഡോ. പൽപ്പു തന്നെ ദിവാൻ ശങ്കരസുബ്ബയ്യർക്കു് സ്വന്തം നിലയിൽ ഒരു നിവേദനം സമർപ്പിച്ചു. ദിവാനുമായി നടത്തിയ ചർച്ചയും ഫലം കണ്ടില്ലന്ന് വന്നപ്പോൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1896 സെപ്റ്റംബറിൽ 13176 ഈഴവസമുദായാംഗങ്ങൾ ഒപ്പിട്ട ഭീമഹർജി മഹാരാജാവിനു സമർപ്പിക്കപ്പെട്ടു. ഇതായിരുന്നു ഈഴവമെമ്മോറിയൽ.
പരിണതഫലങ്ങൾ
തിരുത്തുകഇതിന്റെ ഫലമായി സർക്കാർ നിലപാടിൻ ചെറിയൊരയവ് വന്നു. അവർണ്ണർക്ക് സ്കൂളുകളിൽ പ്രവേശനം ലഭിച്ചു. അസംഘടിതരായിരുന്ന ഈഴവാദികളെ സംഘടിപ്പിക്കുന്നതിലും വിദ്യാഹീനരായിരുന്ന അവരെ വിദ്യാസമ്പന്നരാക്കുന്നതിലും വേണ്ടിയുള്ള ഡോ. പല്പുവിന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു ഈഴവമെമ്മോറിയൽ.
രണ്ടാമത്തെ സന്ദർശനത്തിനു് കേരളത്തിലെത്തിയ സ്വാമി വിവേകാനന്ദൻ കേരളത്തിലെ ജാതിപ്രശ്നം വീണ്ടും ബ്രിട്ടീഷ് പാർലമെന്റിന്റെ ശ്രദ്ധയിൽ എത്തിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളും ജാതിവ്യവസ്ഥയും ബ്രിട്ടീഷ് പാർലമെന്റിൽ ഗൗരവമായ ചർച്ചാവിഷയമായി മാറിയതോടെ തിരുവിതാംകൂർ രാജകീയഭരണകൂടം ഇക്കാര്യത്തിൽ എന്തെങ്കിലും പരിഹാരം കാണുവാൻ നിർബന്ധിതമായി. ഇതിന്റെ ഫലമായി മഹാകവി കുമാരനാശാൻ, അയ്യൻകാളി തുടങ്ങിയവർ ആയിടെ നിലവിൽ വന്ന തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു നാമനിർദ്ദേശം ചെയ്യപ്പെട്ടു.
തിരുവിതാംകൂറിലെ ജനാധിപത്യഭരണസംസ്കാരത്തിന്റെയും ജനകീയപ്രക്ഷോപണങ്ങളുടേയും ആദ്യകാലകാരണങ്ങളും ലക്ഷണങ്ങളുമായി മലയാളി മെമ്മോറിയൽ, കൗണ്ടർ മെമ്മോറിയൽ, ഈഴവമെമ്മോറിയൽ നിവേദനപരമ്പരകളെ പരിഗണിക്കുന്നു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 718. 2011 നവംബർ 28. Retrieved 2013 ഏപ്രിൽ 07.
{{cite news}}
: Check date values in:|accessdate=
and|date=
(help)