തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ

തിരുവിതാംകൂർ നാട്ടുരാജ്യത്തു് 1888 മുതൽ 1932 വരെ നിലനിന്നിരുന്ന ഭരണസംവിധാനഘടകമാണ് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ. മദ്ധ്യകാലാനന്തരഭാരതത്തിൽ രാജഭരണങ്ങളുടെയോ സാമ്രാജ്യശക്തികളുടെയോ പരമാധികാരത്തിൽ ചെറിയതോതിലെങ്കിലും ഇടപെടാൻ രാജകുടുംബാംഗങ്ങളല്ലാത്ത സ്വദേശികൾക്കു ലഭിച്ച ആദ്യത്തെ അവസരമായിരുന്നു ഈ നിയമനിർമ്മാണസഭ. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മയാണു് ഇന്ത്യയിലാദ്യമായി ഭരണത്തിൽ ജനപങ്കാളിത്തം എന്ന ആശയം ഈ സഭയുടെ രൂപീകരണത്തിലൂടെ പ്രാവർത്തികമാക്കിയതു്. അനവധി പരിണാമഘട്ടങ്ങളിലൂടെ കടന്നുപോയ ഈ സഭയുടെ അനന്തരരൂപമാണു് പിൽക്കാലത്തു് കേരളനിയമസഭയുടെ അടിസ്ഥാനചട്ടക്കൂടായിത്തീർന്നു് സ്വതന്ത്രഭാരതത്തിലെ ഒരു സംസ്ഥാനമായിക്കഴിഞ്ഞ കേരളത്തിന്റെത്തന്നെ നിയമനിർമ്മാണവ്യവസ്ഥയുടെ സിരാകേന്ദ്രമായി മാറിയത്.

തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ കൂടാതെ, ശ്രീമൂലം പ്രജാസഭ (ശ്രീമൂലം പോപ്പുലർ കൗൺസിൽ), ശ്രീമൂലം അസംബ്ലി, ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിൽ, കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിൽ, തിരു-കൊച്ചി നിയമസഭ, മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ, മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലി എന്നിവയും കേരളത്തിന്റെ ആകമാനമുള്ള നിയമനനിർമ്മാണചരിത്രത്തിന്റെ ഭാഗമാണു്.

രൂപീകരണം

തിരുത്തുക

1888 മാർച്ച് 30-ന് ശ്രീമൂലം തിരുനാൾ മഹാരാജാവ് പുറപ്പെടുവിച്ച ഒരു ഉത്തരവിലൂടെയാണു് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നതു്. രണ്ടിൽ കുറയാത്ത അനൗദ്യോഗികാംഗങ്ങൾ ഉൾപ്പെടെ എട്ടംഗങ്ങളും മൂന്നു വർഷം കാലാവധിയുമുള്ള ഒരു സമിതി എന്നായിരുന്നു ആ വിളംബരത്തിൽ നിശ്ചയിക്കപ്പെട്ടിരുന്നതു്. 1888 ഓഗസ്റ്റ് 23 വ്യാഴാഴ്ച ഉച്ചയ്ക്കു് 12 മണിക്കു് അന്നത്തെ ദിവാൻ ടി. രാമറാവുവിന്റെ അദ്ധ്യക്ഷതയിൽ അദ്ദേഹത്തിന്റെത്തന്നെ ഓഫീസ് മുറിയിൽ ചേർന്ന ആദ്യയോഗത്തിൽ അഞ്ച് ഔദ്യോഗികാംഗങ്ങളും മൂന്നു് അനൗദ്യോഗികാംഗങ്ങളുമാണു് ഉണ്ടായിരുന്നതു്.

ദിവാനായിരുന്നു കൗൺസിലിന്റെ അദ്ധ്യക്ഷൻ. അദ്ദേഹത്തിന്റെ അഭാവത്തിൽ ഒരു ഉപാദ്ധ്യക്ഷനെ താൽക്കാലികമായി നിയമിക്കാൻ വ്യവസ്ഥയുണ്ടായിരുന്നു.

പ്രവർത്തനലക്ഷ്യങ്ങൾ

തിരുത്തുക

ഇത്തരമൊരു പരീക്ഷണം നടന്നതു് ഭാരതത്തിൽ നിലനിന്നിരുന്ന അറുനൂറോളം നാട്ടുരാജ്യങ്ങളിൽ ആദ്യമായിട്ടായിരുന്നു. നിയമനിർമ്മാണത്തിൽ രാജാവിനും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥവൃന്ദത്തിനും ആവശ്യമായ ഉപദേശങ്ങൾ നൽകുക എന്നതായിരുന്നു കൗൺസിലിന്റെ ചുമതല. സമിതി രൂപം കൊടുത്ത നിയമങ്ങൾ മഹാരാജാവിന്റെ അനുമതി ലഭിക്കുന്നതോടെ പ്രാബല്യത്തിൽ വന്നിരുന്നു. ഇത്തരം നിയമനിർദ്ദേശങ്ങൾ അംഗീകരിച്ചുനടപ്പിൽ വരുത്താനുള്ള അന്തിമാധികാരം രാജാവിൽ തന്നെ നിക്ഷിപ്തമായിരുന്നു. പ്രസ്തുത നിയമങ്ങൾ ഫലപ്രദമായി നടപ്പിൽ വരുത്തുന്നുണ്ടോ എന്നു പരിശോധിക്കാനോ മേൽനടപടികളെടുക്കാനോ കൗൺസിലിനു് അധികാരമുണ്ടായിരുന്നില്ല. എങ്കിലും ആ പരിമിതികൾ വെച്ചുപോലും പൊതുജനങ്ങൾ കൂടി ഉൾപ്പെടുന്ന ഒരു ജനാധിപത്യപ്രക്രിയയുടെ ബീജരൂപം എന്ന നിലയിൽ ഇന്ത്യയിലെ ആദ്യത്തെ ചുവടുവെപ്പായിരുന്നു തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ.

വികാസവും പരിണാമവും

തിരുത്തുക

കൗൺസിലിന്റെ രൂപീകരണം നടന്ന അതേ കാലഘട്ടത്തിൽ തിരുവിതാംകൂറിൽ സാമുദായിക-സാമൂഹ്യരംഗത്തും ചരിത്രപ്രധാനമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. അരുവിപ്പുറത്തു് ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതു് അതേ വർഷമായിരുന്നു. 1891-ൽ പതിനായിരത്തോളം പേർ ഒപ്പിട്ട ഒരു ഭീമഹർജി മഹാരാജാവിനു് സമർപ്പിക്കപ്പെട്ടു. മുഖ്യമായും തമിഴ്‌നാട്ടിൽ നിന്നുള്ള വിദേശബ്രാഹ്മണന്മാരെ മാത്രം സർക്കാർ സേവനത്തിൽ പരിഗണിക്കുന്ന നയത്തിനെതിരേ പ്രതിഷേധിക്കുന്നതും സാധാരണ ജനങ്ങൾക്കും സർക്കാർ ജോലികളിൽ പ്രാതിനിധ്യം ലഭിക്കണമെന്നു് ആവശ്യപ്പെടുന്നതുമായിരുന്നു മലയാളി മെമ്മോറിയൽ അഥവാ ട്രാവൻകൂർ മെമ്മോറിയൽ എന്നറിയപ്പെട്ട ഈ ഭീമഹർജി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവും മദ്രാസ് സ്റ്റാൻഡേർഡ് പത്രാധിപരുമായിരുന്ന ബാരിസ്റ്റർ ജി.പി. പിള്ള (ജി. പരമേശ്വരൻ പിള്ള), മലയാളത്തിലെ ആദ്യ ചരിത്രാഖ്യായികയുടെ കർത്താവായ സി.വി. രാമൻപിള്ള, അഡ്വ. കെ.പി. ശങ്കരമേനോൻ, ഡോ. പൽപ്പു തുടങ്ങിയ സാമൂഹ്യപരിഷ്കർത്താക്കൾക്കുപുറമേ നാനാജാതിമതസ്ഥരായ യുവാക്കളായിരുന്നു ഈ ഹർജിക്കുപിന്നിൽ. പ്രസ്തുതഹർജിയിലൂടെ തങ്ങൾക്കു് അവകാശപ്പെട്ടതു് നേടിയെടുക്കാൻ വേണ്ടി ജനങ്ങൾ സംഘടിക്കുന്നതും ഒത്തുചേരുന്നതും തിരുവിതാംകൂറിലെ ശ്രദ്ധേയമായ ആദ്യത്തെ ജനാധിപത്യപ്രക്ഷോഭങ്ങളിലൊന്നായി മാറി.

മലയാളി മെമ്മോറിയലിന്റെ അവതരണം രസിക്കാതെവന്ന തമിഴ്‌ബ്രാഹ്മണസംഘം താമസിയാതെ അതിലെ വാദങ്ങളെല്ലാം ഖണ്ഡിച്ചുകൊണ്ടു് ഒരു കൗണ്ടർ മെമ്മോറിയൽ രാജാവിനു സമർപ്പിച്ചു.

ഇതിനിടെ കേരളം സന്ദർശിച്ച സ്വാമി വിവേകാനന്ദൻ ഡോ. പൽപ്പുവിൽനിന്നും കേരളത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ആചാരവൈകൃതങ്ങളെക്കുറിച്ചു് കേട്ടറിഞ്ഞിരുന്നു. ഈഴവസമുദായക്കാർ അനുഭവിച്ചുകൊണ്ടിരുന്ന അവശതകൾക്കു പരിഹാരമായി വിവേകാനന്ദൻ ഡോ. പൽപ്പുവിനോടു നിർദ്ദേശിച്ചതു് ഒരു യഥാർത്ഥസന്യാസിവര്യന്റെ കീഴിൽ ആ സമുദായം ഒത്തുചേരാനാണു്. ഇതോടൊപ്പം 1895 മേയ് മാസത്തിൽ ഡോ. പൽപ്പു തന്നെ ദിവാൻ ശങ്കരസുബ്ബയ്യർക്കു് സ്വന്തം നിലയിൽ ഒരു നിവേദനം സമർപ്പിച്ചു. കൂടാതെ, 1896 സെപ്റ്റംബറിൽ 13176 ഈഴവസമുദായാംഗങ്ങൾ ഒപ്പിട്ട ഒരു ഭീമഹർജിയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മഹാരാജാവിനു സമർപ്പിക്കപ്പെട്ടു. ഈഴവമെമ്മോറിയൽ ഹർജി എന്നായിരുന്നു ഈ നിവേദനത്തിന്റെ പേർ.

രണ്ടാമത്തെ സന്ദർശനത്തിനു് കേരളത്തിലെത്തിയ സ്വാമി വിവേകാനന്ദൻ കേരളത്തിലെ ജാതിപ്രശ്നം ബ്രിട്ടീഷ് പാർലമെന്റിന്റെ ശ്രദ്ധയിൽ എത്തിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളും ജാതിവ്യവസ്ഥയും ബ്രിട്ടീഷ് പാർലമെന്റിൽ ഗൗരവമായ ചർച്ചാവിഷയമായി മാറിയതോടെ തിരുവിതാംകൂർ രാജകീയഭരണകൂടം ഇക്കാര്യത്തിൽ എന്തെങ്കിലും പരിഹാരം കാണുവാൻ നിർബന്ധിതമായി. ഇതിന്റെ ഫലമായി മഹാകവി കുമാരനാശാൻ, അയ്യൻകാളി തുടങ്ങിയവർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു നാമനിർദ്ദേശം ചെയ്യപ്പെട്ടു.

1898-ൽ കൗൺസിലിന്റെ അംഗസംഖ്യ 15 ആയി ഉയർത്തി. അംഗങ്ങളുടെ ചുമതലകൾ വ്യക്തമായി നിർവ്വചിക്കപ്പെട്ടു. ഒമ്പതുപേരായിരുന്നു അക്കാലത്തു് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്ന അനൗദ്യോഗികാംഗങ്ങൾ.

1919-ൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ ഗണ്യമായ മാറ്റം സംഭവിച്ചു. ജനങ്ങൾക്കു് കൂടുതൽ പ്രാതിനിധ്യവും അധികാരവും അതോടൊപ്പം ചുമതലകളും നൽകിക്കൊണ്ടു് കൗൺസിലിന്റെ അംഗസംഖ്യ 25 ആയി ഉയർത്തി. 11 അനൗദ്യോഗിക അംഗങ്ങളിൽ മൂന്നുപേരെ നാമനിർദ്ദേശം വഴിയും ബാക്കി എട്ടുപേരെ ജനങ്ങളുടെ നേരിട്ടുള്ള തെരഞ്ഞെടുപ്പുവഴിയും നിയമിക്കാനുള്ള വ്യവസ്ഥ നിലവിൽ വന്നു. ഇദംപ്രഥമമായി, വാർഷികബഡ്ജറ്റിന്മേൽ ചർച്ച ചെയ്യുവാനും ചോദ്യങ്ങൾ ചോദിക്കുവാനുമുള്ള അവസരം സമിതി അംഗങ്ങൾക്കു ലഭ്യമായി. ഒരാൾക്കു് ഒരു സമ്മേളനത്തിൽ പരമാവധി മൂന്നു ചോദ്യങ്ങൾ എന്നു നിജപ്പെടുത്തിയിരുന്നു. കൂടാതെ, ഉപചോദ്യങ്ങൾ ചോദിക്കുവാനോ പ്രമേയങ്ങൾ അവതരിപ്പിക്കുവാനോ അംഗങ്ങൾക്കു് അവകാശമില്ലായിരുന്നു. പിൽക്കാലത്തു്, 1922-ലെ ഭേദഗതികൾക്കുശേഷം ഈ അവകാശങ്ങൾ കൂടി അവർക്കു ലഭിച്ചു.

1921 ഒക്ടോബറിൽ വീണ്ടും സമിതി വികസിപ്പിക്കപ്പെടുകയുണ്ടായി. 50 പേരിൽ 22 പേർ നാമനിർദ്ദേശം ചെയ്യപ്പെട്ടവരും അതിൽ 7 പേർ അനൗദ്യോഗികാംഗങ്ങളും എന്നതായിരുന്നു പുതിയ ഘടന. ഭൂനികുതിയായോ തൊഴിൽനികുതിയായോ അഞ്ചുരൂപ കരമടയ്ക്കുന്നവർക്കും ബിരുദധാരികൾക്കും മാത്രം അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശം ലഭിച്ചു.

1922-ൽ വനിതകൾക്കും വോട്ടുചെയ്യാനും തെരഞ്ഞെടുക്കപ്പെടാനും അനുമതി ലഭിച്ചു. ഇന്ത്യയിൽ ആദ്യമായായിരുന്നു ഇത്തരമൊരു നടപടി. ഇതോടെ ഡോ. മേരി പുന്നൻ ലൂക്കോസ് ഇന്ത്യയിലെ ഏതെങ്കിലും നിയമനിർമ്മാണസഭയിലേക്കു് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യവനിതയായി മാറി.

1922 ഏപ്രിൽ 22, 1925 മേയ് 14, 1928 മേയ് 27-28, 1931 മേയ് 20,23 എന്നീ തീയതികളിൽ കൗൺസിലിലേക്കു് വോട്ടെടുപ്പുകൾ നടക്കുകയുണ്ടായി.1925-ലെ നായർ റെഗുലേഷനും ഈഴവ റെഗുലേഷനും പാസ്സായതു് ഈ അധികാരപരിസ്ഥിതിയിലാണു്.

1930-ൽ കൗൺസിലിന്റെ അധികാരങ്ങൾ ഒരിക്കൽകൂടി വിപുലമാക്കി. അഭിപ്രായപ്രകടനത്തിനുള്ള പൂർണ്ണസ്വാതന്ത്ര്യം ഇതോടെ കൗൺസിലിനു കൈവന്നു.

1932 ഒക്ടോബർ 28നു് ശ്രീചിത്ര തിരുനാൾ മഹാരാജാവ് പുറപ്പെടുവിച്ച റെഗുലേഷൻ അതുവരെ നിലനിന്നിരുന്ന നിയമനിർമ്മാണവ്യവസ്ഥ മൊത്തം അഴിച്ചുപണിയുന്നതിലേക്കു നയിച്ചു. പ്രജാസഭയും ലെജിസ്ലേറ്റീവ് സമിതിയും നിയമനിർമ്മാണസഭയുടെ രണ്ടു് അറകളായി പ്രവർത്തിക്കണമെന്നു് തീരുമാനിക്കപ്പെട്ടു. അതോടെ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ ഇല്ലാതാവുകയും അതിനുപകരം പുതിയ ദ്വിമണ്ഡലസംവിധാനത്തിന്റെ ഭാഗമായി ശ്രീചിത്തിരാ സ്റ്റേറ്റ് കൗൺസിൽ എന്ന പേരിൽ ഒരു ഉപരിസഭ രൂപം കൊള്ളുകയും ചെയ്തു.

പ്രധാന നിയമനിർമ്മാണങ്ങൾ

തിരുത്തുക

അംഗങ്ങൾ

തിരുത്തുക