ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ്

ഘനധാതുക്കളും അപൂർവ മൃത്തുക്കളും (Rare earths) ഖനനം ചെയ്‌ത്‌, സംസ്‌കരിച്ച്‌ ഉപയുക്തമാക്കി വിപണനം നടത്തുന്ന ഒരു പൊതുമേഖലാസ്ഥാപനമാണ് ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ്. 1952-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന് റെയർ എർത്‌സ്‌ ഡിവിഷൻ, മിനറൽ ഡിവിഷൻ, ഒറീസ സാൻഡ്‌സ്‌ കോംപ്ലക്‌സ്‌ എന്നീ മൂന്നു വിഭാഗങ്ങളുണ്ട്‌. മുംബൈ ആണ്‌ ഈ സ്ഥാപനത്തിന്റെ കേന്ദ്ര ആസ്ഥാനം.

IREL (India) Limited
Formerly
Indian Rare Earths Limited
State-owned enterprise
വ്യവസായംMining and Mineral Industry
സ്ഥാപിതം18 August 1950[1]
ആസ്ഥാനംPlot No.1207,Veer Savakar Marg, Prabhadevi, near Siddhi Vinayak temple, ,
India
പ്രധാന വ്യക്തി
Shri D Singh,Chairman & Managing Director, Shri A.K.Mohapatra, Director(Technical), Shri Kishore Kumar Mohanty, Director(Marketing),Shri Rakesh Tumane, Director(Finance)[2]
ഉത്പന്നങ്ങൾIlmenite, rutile, zircon, sillimanite, mixed RE chloride, Th nitrate, La carbonate, Tri sod phosphate
വരുമാനംIncrease616 കോടി (US$96 million) (2017-2018)
Increase124 കോടി (US$19 million) (2017-2018)
ജീവനക്കാരുടെ എണ്ണം
1521 as on 31.03.2018
വെബ്സൈറ്റ്irel.co.in
ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് Nov 2016

ചരിത്രം

തിരുത്തുക

സ്വാതന്ത്ര്യലബ്‌ധിക്കുമുമ്പ്തോറിയം, യുറേനിയം എന്നിവ അടങ്ങിയിട്ടുള്ള മോണസൈറ്റ്‌ ധാതു യാതൊരു നിയന്ത്രണവുമില്ലാതെ വിദേശരാഷ്‌ട്രങ്ങളിലേക്ക്‌ കയറ്റി അയച്ചിരുന്നു. 1948-ൽ അറ്റോമിക്‌ എനർജി കമ്മിഷൻ സ്ഥാപിതമായതിനെത്തുടർന്ന്‌ മോണസൈറ്റിന്റെ കയറ്റുമതി നിർത്തലാക്കുകയും ധാതുക്കൾ ഇന്ത്യയിൽത്തന്നെ സംസ്‌കരിക്കാൻ തുടങ്ങുകയും ചെയ്‌തു. ഇതിന്റെ ഭാഗമായാണ്‌ ആലുവയിലെ ഉദ്യോഗമണ്ഡലിൽ പെരിയാർ നദിയുടെ തീരത്ത്‌ റെയർ എർത്‌സ്‌ ഡിവിഷൻ ആരംഭിച്ചത്‌. പ്രതിവർഷം 1,500 മെട്രിക്‌ ടൺ മോണസൈറ്റ്‌ സംസ്‌കരിക്കണമെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ഉത്‌പാദനക്ഷമത ഇന്ന്‌ 4,500 മെട്രിക്‌ ടൺ വരെ ആയി വളർന്നിട്ടുണ്ട്‌. ആദ്യകാലങ്ങളിൽ വിദേശരാഷ്‌ട്രങ്ങളുടെ മത്സരം നേരിടേണ്ടിവന്ന ഈ സ്ഥാപനം ഇന്ന്‌ ലോകവിപണിയിൽ ഒരു പ്രമുഖസ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. വിദേശരാജ്യങ്ങളുടെ സഹകരണം കൂടാതെതന്നെ സാധ്യമാക്കിയ സാങ്കേതിക വികസനത്തെത്തുടർന്ന്‌ ആഗോളചോദനത്തിന്റെ മൂന്നിലൊന്ന്‌ ഭാഗം മോണോസൈറ്റ്‌ ഉത്‌പാദിപ്പിക്കുന്നത്‌ ഈ സ്ഥാപനമാണ്‌. ഭാഭാ അറ്റോമിക്‌ റിസർച്ച്‌ സെന്ററിന്റെ സഹകരണത്തോടെ റെയർ എർത്‌സ്‌ ഫ്‌ളൂറൈഡ്‌, റെയർ എർത്‌സ്‌ ഓക്‌സൈഡ്‌, ശുദ്ധ സീരിയം ഓക്‌സൈഡ്‌ എന്നിവ ഉത്‌പാദിപ്പിച്ചുവരുന്നു.

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്‌ ധാതുമണൽ ഖനന രംഗത്തെ ആദ്യകാല സംരംഭങ്ങളായിരുന്ന ട്രാവൻകൂർ മിനറൽസ്‌ ലിമിറ്റഡ്‌, ഹോപ്‌കിൻസ്‌ ആൻഡ്‌ വില്യം ട്രാവൻകൂർ ലിമിറ്റഡ്‌ എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനം നിലച്ചപ്പോൾ 1965-ൽ കേന്ദ്രസർക്കാർ ഇവയെ ഏറ്റെടുക്കുകയും ഇന്ത്യൻ റെയർ എർത്‌സ്‌ ലിമിറ്റഡിന്‌ കൈമാറുകയും ചെയ്‌തു. ഇതേത്തുടർന്ന്‌, ഈ സ്ഥാപനങ്ങളുടേതായി കൊല്ലം ജില്ലയിലെ ചവറ, കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി എന്നിവിടങ്ങളിലുണ്ടായിരുന്ന ഖനന, സംസ്‌കരണ പ്ലാന്റുകൾ നവീകരിക്കപ്പെട്ടു. ഈ കമ്പനികളാണ്‌ മിനറൽ ഡിവിഷൻ എന്നറിയപ്പെടുന്നത്‌. ഇൽമനൈറ്റ്‌, സിർക്കോൺ, റൂട്ടെയിൽ, സിലിമനൈറ്റ്‌, മോണോസൈറ്റ്‌, ഗാർനൈറ്റ്‌ തുടങ്ങിയവയാണ്‌ ഇവിടെ പ്രധാനമായും ഉത്‌പാദിപ്പിക്കുന്നത്‌. ചവറയിൽ പ്രതിവർഷം 1,54,000 ടൺ ഇൽമനൈറ്റും 14,000 ടൺ സിർക്കോണും 9,500 ടൺ റൂട്ടെയിലും 7,000 ടൺ സിലിമനൈറ്റും 750 ടൺ മോണോസൈറ്റുമാണ്‌ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. ഉത്‌പാദിപ്പിക്കപ്പെടുന്ന ഇൽമനൈറ്റിന്റെ 40 ശതമാനം കയറ്റുമതിക്കും ബാക്കി ആഭ്യന്തരവിപണിയിലേക്കും പോകുന്നു.

മണവാളക്കുറിച്ചിയിലെ മിനറൽ ഡിവിഷനിൽ 90,000 ടൺ ഇൽമനൈറ്റും 3,500 ടൺ റൂട്ടെയിലും 10,000 ടൺ സിർക്കോണും 3000 ടൺ മോണോസൈറ്റും 10,000 ടൺ ഗാർനൈറ്റും പ്രതിവർഷം ഉത്‌പാദിപ്പിക്കുന്നു. ഇവിടെ സിർക്കോണിന്റെ സംസ്‌കരണത്തിനായി പ്രത്യേകം ഒരു കെമിക്കൽ പ്ലാന്റും പ്രവർത്തിക്കുന്നുണ്ട്‌. മിനറൽ ഡിവിഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്‌ കൊല്ലം കേന്ദ്രമാക്കിയാണ്‌.

ഇന്ത്യൻ റെയർ എർത്‌സ്‌ ലിമിറ്റഡിന്റെ ഏറ്റവും വലിയ വിഭാഗമായ ഒറീസ സാൻഡ്‌സ്‌ കോംപ്ലക്‌സ്‌ (OSCOM) സ്ഥാപിതമായത്‌ 1986-ലാണ്‌. ഒഡിഷയിലെ ചത്രപുരത്താണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. ഇവിടെ നിന്നും ഇൽമനൈറ്റ്‌, റൂട്ടെയിൽ, സിർക്കോൺ, സിലിമനൈറ്റ്‌, ഗാർനൈറ്റ്‌ മുതലായവയാണ്‌ പ്രധാനമായും ഖനനം ചെയ്‌ത്‌ സംസ്‌കരിക്കുന്നത്‌.

മുംബൈയിൽ സർക്കാർ ഉടമസ്ഥതയിലുള്ള തോറിയം പ്ലാന്റിന്റെ (ട്രോംബേ) പ്രവർത്തനച്ചുമതല ഇന്ത്യൻ റെയർ എർത്‌സ്‌ ലിമിറ്റഡിനാണ്‌. ആലുവയിൽ ഉത്‌പാദിപ്പിക്കുന്ന അസംസ്‌കൃത തോറിയം ഹൈഡ്രാക്‌സൈഡ്‌ ഇവിടെയാണ്‌ സംസ്‌കരിച്ചെടുക്കുന്നത്‌. ലോകത്തിൽ ഏറ്റവും കൂടുതൽ തോറിയം നൈട്രറ്റ്‌ ഉത്‌പാദിപ്പിക്കുന്നതും ട്രോംബേ പ്ലാന്റ്‌ തന്നെയാണ്‌. ഇത്‌ കൂടാതെ, റിയാക്‌ടർ ഗ്രേഡ്‌ തോറിയം ഓക്‌സൈഡും മറ്റു തോറിയം യൗഗികങ്ങളും ഉത്‌പാദിപ്പിക്കുകയും കയറ്റി അയയ്‌ക്കുകയും ചെയ്യുന്നു.

ഇന്ത്യൻ റെയർ എർത്‌സിന്റെ മറ്റ്‌ ഉത്‌പന്നങ്ങൾ ട്രൈസോഡിയം ഫോസ്‌ഫേറ്റ്‌, റെയർ എർത്‌സ്‌ ക്ലോറൈഡ്‌, സിറിയം നൈട്രേറ്റ്‌, സിർക്കോണിയം ഒപേസിഫയർ, സിർക്കോണിയം ഓക്‌സൈഡ്‌, സിർക്കോൺ ഫ്‌ളോർ, റെയർ എർത്‌സ്‌ ഓക്‌സൈഡുകൾ, സീറിയം ഹൈഡ്രേറ്റ്‌, ലന്താനം നൈട്രേറ്റ്‌, ഡിസിമിയം യൗഗികങ്ങൾ തുടങ്ങിയവയാണ്‌.

പുരസ്കാരങ്ങൾ

തിരുത്തുക

കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ അനേകം പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള സ്ഥാപനമാണ്‌ ഇന്ത്യൻ റെയർ എർത്‌സ്‌. കൗൺസിൽ ഓഫ്‌ ഇൻഡസ്‌ട്രിയൽ സേഫ്‌റ്റി അവാർഡ്‌ (1967), ഇന്ത്യൻ കെമിക്കൽ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷൻ അവാർഡ്‌ (1967), ബേസിക്ക്‌ കെമിക്കൽസ്‌ ഫാർമസ്യൂട്ടിക്കൽസ്‌ & സോപ്‌സ്‌ എക്‌സ്‌പോർട്ട്‌ കൗൺസിൽ അവാർഡ്‌ (1969-70), നാഷണൽ സേഫ്‌റ്റി കൗൺസിൽ അവാർഡ്‌ (1999, 2000, 2001, 2003, 2005), ഗ്രീൻ ടെക്‌ സേഫ്‌റ്റി അവാർഡ്‌ (2002, 03) എ.ഇ.ആർ.ബി. ഗ്രീൻസൈറ്റ്‌ അവാർഡ്‌ (1994, 95, 97, 98, 99, 2000, 2001, 2002, 2004, 2005) തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഇന്ത്യന് റെയർ എർത്സ് ലിമിറ്റഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. "Department of Atomic Energy: Milestones". Barc.ernet.in. Archived from the original on 20 സെപ്റ്റംബർ 2010. Retrieved 10 ജൂലൈ 2010.
  2. "Indian Rare Earth unit's plan". The Hindu Business Line. 13 November 2004. Retrieved 10 July 2010.