അഹുഖാന
അഹുഖാന, മദ്ധ്യപ്രദേശിലെ ബർഹാൻപൂരിൽ താപ്തി നദിയോരത്ത് ഷാഹി ഖിലയുടെ മുൻവശത്തു സ്ഥിതിചെയ്യുന്ന ഒരു സ്മാരകമാണ്. മുംതാസിന്റെ യഥാർത്ഥ ശവകൂടീരം സ്ഥിതിചെയ്യുന്നതിവിടെയാണ്. ചരിത്രരേഖകളനുസരിച്ച്, 1631 ജൂൺ 16 - 17 രാത്രിസമയത്ത് തന്റെ പതിനാലാമത്തെ കുട്ടിയായ ഗൌഹാർ ആരാ ബീഗത്തിനു ജന്മം നൽകവേ ഈ സ്ഥലത്തുവച്ചു മരണമടഞ്ഞ മുഗൾ രാജ്ഞി മുംതാസ് മഹലിന്റെ മൃതദേഹം ഇപ്പോഴത്തെ അന്ത്യവിശ്രമസ്ഥാനമായ താജ് മഹലിലേയ്ക്കു മാറ്റുന്നതിനുമുമ്പ് 6 മാസക്കാലം സൂക്ഷിക്കപ്പെട്ടിരുന്നത് ബറദാരിയെന്നറിയപ്പെടുന്ന ഈ സ്മാരക മണ്ഡപത്തിലായിരുന്നു.[2] 1631 ഡിസംബർ 1 ന് മുംതാസ് മഹലിൻറെ മൃതദേഹം ഇവിടെനിന്നു പുറത്തെടുക്കുകയും പുത്രൻ ഷാ ഷൂജയുടെ അകമ്പടിയോടെ ആഗ്രയിലേയ്ക്കു കൊണ്ടുപോകുകയും ചെയ്തു.[3] ഏകദേശം 20 ദിവസത്തിനുശേഷം അവർ ആഗ്രയിലെത്തിച്ചേർന്നു. ബർഹാൻപൂരിൽനിന്ന് 900 കിലോമീറ്റർ അകലെയുള്ള ആഗ്രയിലേയ്ക്കു മാറ്റിയ രാജ്ഞിയുടെ മൃതശരീരം 1653 എ. ഡി. യിൽ താജ് മഹലിന്റെ പണി പൂർത്തിയാകുന്നതുവരെ ഏകദേശം 22 വർഷക്കാലം യമുനാനദിയുടെ കരയിലെ ഒരു പൂന്തോട്ടത്തിൽ സൂക്ഷിച്ചിരുന്നു. മുഗൾ ഭരണകാലത്ത് ഒരു രാജകീയ ഉദ്യാനമായിരുന്ന ഏകദേശം 6 മൈൽ വിസതൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശവും സമീപത്തെ മണൽക്കല്ലുകളാൽ നിർമ്മിക്കപ്പെട്ട മനോഹരമായിരുന്ന ഈ മണ്ഡപവും ഇക്കാലത്ത് കാട്ടു പുല്ലുകൾ വളർന്ന് തികച്ചും അവഗണിക്കപ്പെട്ടുകിടക്കുന്ന ചരിത്രാവശിഷ്ടം മാത്രമായി അവശേഷിച്ചിരിക്കുന്നു.[1] ഉദ്യാനത്തിനുള്ളിൽ പ്രധാനമായി രണ്ടു നിർമ്മിതികളാണുള്ളത്; ശിലാചിത്രാലങ്കാരങ്ങളുള്ള ഒരു ചെറിയ കൊട്ടാരവും ബറദാരി എന്നു വിളിക്കപ്പെടുന്ന, തൂണുകളാൽ താങ്ങി നിറുത്തപ്പെട്ട ഒരു മണ്ഡപവുമാണിവ. രാജ്ഞിയുടെ ആദ്യശവകുടീരം സ്ഥിതിചെയ്യുന്ന ബർഹാൻപൂരിൽ താജ്മഹൽ നിർമ്മിക്കുവാനുള്ള പദ്ധതി ഷാജഹാൻ ആറുമാസത്തിനുശേഷം ഉപേക്ഷിക്കുകയായിരുന്നു.
അഹുഖാന | |
---|---|
Location | ബർഹാൻപൂർ, മധ്യപ്രദേശ്, ഇന്ത്യ |
Area | ഏകദേശം 6 മൈൽ |
Built | പതിനാറാം നൂറ്റാണ്ട് |
Built for | മുംതാസ് മഹൽ |
Architectural style(s) | മുഗൾ വാസ്തുവിദ്യ |
Visitors | 80 to 100 visitors per month[1] |
Governing body | Government of India |
ബുർഹാൻപൂരിലെ തദ്ദേശവാസികൾ പറയുന്നതനുസരിച്ച്, ഷാജഹാൻ ബർഹാൻപൂരിനെ ഒഴിവാക്കി ആഗ്രയിൽ താജ്മഹൽ നിർമ്മിക്കാൻ തീരുമാനിച്ചതിനു പിന്നിൽ പ്രധാനമായി മൂന്ന് കാരണങ്ങളാണുള്ളത്. ഒന്നാമതായി, ബർഹാൻപൂറിന്റെ മണൽ കലർന്ന മണ്ണിൽ ചിതലുകളുടെ ശല്യം കൂടുതലായിരുന്നു. ദുർബ്ബലമായ ഈ മണ്ണ് ഒരു ബൃഹത്തായ നിർമ്മിതിയെ ദീർഘകാലം താങ്ങി നിറുത്തുമോയെന്ന സന്ദേഹം അദ്ദേഹത്തിനുണ്ടായി. രണ്ടാമതായി ചക്രവർത്തിക്കു താജ്മഹലിന്റെ രൂപം നദിയിൽ പ്രതിഫലിച്ചു കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആഗ്രയിലെ യമുനാ നദിയെ അപേക്ഷിച്ച് ബർഹാൻപൂരിലെ താപ്തി നദിയ്ക്കു വീതി കുറവായതിനാൽ സ്വാഭാവികമായും ഷാജഹാൻ ആഗ്രയെത്തന്നെ തെരഞ്ഞെടുത്തുവെന്നുവേണം കരുതുവാൻ. മൂന്നാമത്തെ കാരണം, വെളുത്ത മാർബിളിന്റെ ഉറവിടമായ രാജസ്ഥാനും ആഗ്രയുമായുള്ള സാമീപ്യമായിരുന്നു.[1] രാജസ്ഥാനിൽ നിന്നു ബർഹാൻപൂരിലേയ്ക്കു മാർബിൾ വഹിച്ചുകൊണ്ടുപോകുന്നതിനുളള ബുദ്ധിമുട്ടുകളും അതിനു വഹിക്കേണ്ടുന്ന അതിഭീമമായ ചെലവുകളും അന്തിമമായി ആഗ്ര തെരഞ്ഞെടുക്കുന്നതിനു നിമിത്തമായി.[4]