അവ ഗാർഡ്നർ

അമേരിക്കന്‍ ചലചിത്ര നടന്‍

അവ ലവീനിയ ഗാർഡ്നർ (ജീവിതകാലം: ഡിസംബർ 24, 1922 - ജനുവരി 25, 1990) ഒരു അമേരിക്കൻ നടിയും ഗായികയുമായിരുന്നു. 1941 ൽ മെട്രോ-ഗോൾഡ്വിൻ-മേയർ കമ്പനിയുമായി ഒരു കരാറിൽ ഒപ്പുവെച്ച് ദ കില്ലേഴ്സ് (1946) എന്ന സിനിമയിലെ വേഷതത്തിലൂടെ ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെടുന്നതുവരെ ഗാർഡ്നർ പ്രധാനമായും ചെറു വേഷങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. 1953 ൽ പുറത്തിറങ്ങിയ മൊഗാംബോ എന്ന ചിത്രം മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും മറ്റ് ചിത്രങ്ങളിലെ വേഷങ്ങളുടെപേരിൽ ബാഫ്റ്റ അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിച്ചിക്കുകയും ചെയ്തു.

അവ ഗാർഡ്നർ
ഗാർഡ്നർ 1951 ലെ ഷോ ബോട്ട് എന്ന ചിത്രത്തിൽ ജൂലി ലാവെർണ എന്ന കഥാപാത്രത്തിന്റെ വേഷത്തിൽ.
ജനനം
അവ ലവീനിയ ഗാർഡ്നർ

(1922-12-24)ഡിസംബർ 24, 1922
മരണംജനുവരി 25, 1990(1990-01-25) (പ്രായം 67)
അന്ത്യ വിശ്രമംസൺസെറ്റ് മെമ്മോറിയൽ പാർക്ക്, സ്മിത്ഫീൽഡ്, വടക്കൻ കരോലിന
വിദ്യാഭ്യാസംറോക്ക് റിഡ്ജ് ഹൈസ്കൂൾ
കലാലയംഅറ്റ്ലാൻറിക് ക്രിസ്റ്റ്യൻ കോളജ്
തൊഴിൽ
  • നടി
  • ഗായിക
സജീവ കാലം1941–1986
ഉയരം5 ft 6 in (1.67 m)
ജീവിതപങ്കാളി(കൾ)
(m. 1942; div. 1943)
(m. 1945; div. 1946)
(m. 1951; div. 1957)
വെബ്സൈറ്റ്avagardner.com

1940 മുതൽ 1970 വരെയുള്ള കാലഘട്ടത്തിൽ ദി ഹക്ക്സ്റ്റേഴ്സ് (1947), ഷോ ബോട്ട് (1951), പണ്ടോറ ആൻഡ് ദ ഫ്ലൈയിംഗ് ഡച്ച്മാൻ (1951), ദി സ്നോസ് ഓഫ് കിളിമഞ്ചാരോ (1952), ദി ബെയർ‌ഫൂട്ട് കോണ്ടെസ്സ (1954), ഭുവാനി ജംഗ്ഷൻ (1956), ഓൺ ബീച്ച് (1959), 55 ഡെയ്സ് അറ്റ് പീക്കിംഗ് (1963), സെവൻ ഡെയ്സ് ഇൻ മെയ് (1964), ദി നൈറ്റ് ഓഫ് ഇഗ്വാന (1964), ദി ബൈബിൾ: ഇൻ ദി ബിഗിനിംഗ് ... (1966) , മേയർലിംഗ് (1968), ടാം-ലിൻ (1970), ദി ലൈഫ് ആൻഡ് ടൈംസ് ഓഫ് ജഡ്ജ് റോയ് ബീൻ (1972), എർത് ക്വിക്ക് (1974), ദി കസാന്ദ്ര ക്രോസിംഗ് (1976) എന്നിങ്ങനെ നിരവധി ഉന്നതനിലവാരമുള്ള സിനിമകളിൽ ഗാർഡ്നർ പ്രത്യക്ഷപ്പെട്ടിരുന്നു. 1990 ൽ ലണ്ടനിൽവച്ച് തന്റെ 67 ആം വയസ്സിൽ മരിക്കുന്നതിന് നാല് വർഷം മുമ്പുള്ള 1986 വരെ അവർ സ്ഥിരമായി അഭിനയ മേഖലയിലുണ്ടായിരുന്നു.

അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്ലാസിക് ഹോളിവുഡ് സിനിമയിലെ 25 മികച്ച വനിതാ താരങ്ങളിൽ 25-ആം സ്ഥാനത്താണ് അവരുടെ സ്ഥാനം.[1]

ആദ്യകാലം തിരുത്തുക

 
ഗാർഡ്നർ 1947ൽ

1922 ഡിസംബർ 24 ന് വടക്കൻ കരോലിനയിലെ ഗ്രാബ്‌ടൌണിൽ[2] മാതാപിതാക്കളുടെ ഏഴു മക്കളിൽ ഇളയ കുട്ടിയായാണ് അവ ഗാർഡ്നർ ജനിച്ചത്. റെയ്മണ്ട്, മെൽവിൻ എന്നിവർ അവരുടെ മൂത്ത സഹോദരന്മാരും ബിയാട്രീസ്, എൽസി മേ, ഇനെസ്, മൈറ എന്നിവർ അവരുടെ മൂത്ത സഹോദരിമാരുമായിരുന്നു. മാതാപിതാക്കളായ മേരി എലിസബത്ത് "മോളി" (മുമ്പ്, ബേക്കർ; 1883-1943), ജോനാസ് ബെയ്‌ലി ഗാർഡ്നർ (1878-1938) എന്നിവർ ദരിദ്രരായ പരുത്തി, പുകയില കർഷകരായിരുന്നു. അവളുടെ പശ്ചാത്തലത്തെക്കുറിച്ച് നിലവിലുള്ള വിവരണങ്ങൾ വ്യത്യാസപ്പെട്ടിരിക്കെ, ഗാർഡ്നറുടെ രേഖപ്പെടുത്തപ്പെട്ട ഏക വംശപരമ്പര ഇംഗ്ലീഷ് മാത്രമായിരുന്നു.[3][4][5]

മാതാവിന്റെ ബാപ്റ്റിസ്റ്റ് വിശ്വാസത്തിലാണ് അവൾ ബാല്യകാലത്ത് വളർന്നത്. കുട്ടികൾ ചെറുപ്പമായിരുന്നപ്പോൾ, ഗാർഡനർ കുടുംബത്തിന് അവരുടെ സ്വത്ത് വകകൾ നഷ്ടപ്പെടുകയും ജോനാസ് ഗാർഡ്നർ ഒരു തടിമില്ലിലും മോളി അടുത്തുള്ള ബ്രോഗ്ഡൻ സ്കൂളിലെ അധ്യാപകർക്കായുള്ള ഒരു ഡോർമിറ്ററിയിലുമായി പാചകക്കാരി, വീട്ടുജോലിക്കാരി എന്നീ വിവിധ ജോലികൾ ചെയ്യാൻ നിർബന്ധിതരായിരുന്നു. ഗാർഡ്നർക്ക് ഏകദേശം ഏഴു വയസ് പ്രായമുള്ളപ്പോൾ, വിർജീനിയയിലെ ന്യൂപോർട്ട് ന്യൂസ് എന്ന ഒരു വലിയ നഗരത്തിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ കുടുംബം തീരുമാനിക്കുകയും നഗരത്തിലെ നിരവധി കപ്പൽ തൊഴിലാളികൾക്കായി ഒരു ബോർഡിംഗ് ഹൗസ് കൈകാര്യം ചെയ്യുന്ന ജോലി മോളി ഗാർഡ്നർ കണ്ടെത്തുകയും ചെയ്തു. ന്യൂപോർട്ട് ന്യൂസ് വാസത്തിനിടെ, ഗാർഡ്നറുടെ പിതാവ് രോഗബാധിതനാകുകയും 1938 ൽ ഗാർഡ്നർക്ക് 15 വയസ്സുള്ളപ്പോൾ ബ്രോങ്കൈറ്റിസ് ബാധിച്ച് അദ്ദേഹം മരണമടയുകയും ചെയ്തു. ജോനാസ് ഗാർഡ്നറുടെ മരണശേഷം, കുടുംബം വടക്കൻ കരോലിനയിലെ വിൽസണിനടുത്തുള്ള റോക്ക് റിഡ്ജിലേക്ക് താമസം മാറ്റുകയും അവിടെ മോളി ഗാർഡ്നർ അധ്യാപകർക്കായുള്ള മറ്റൊരു ബോർഡിംഗ് ഹൌസ് നടത്തുകയും ചെയ്തു. റോക്ക് റിഡ്ജിലെ ഹൈസ്കൂളിൽ പഠനത്തിന് ചേർന്ന ഗാർഡ്നർ, 1939 ൽ അവൾ അവിടെ നിന്ന് ബിരുദം നേടി. അതിനുശേഷം വിൽസണിലെ അറ്റ്ലാന്റിക് ക്രിസ്ത്യൻ കോളേജിൽ ഒരു വർഷത്തോളം അവർ സെക്രട്ടേറിയൽ ക്ലാസുകളിൽ പങ്കെടുത്തു.[6]

ഔദ്യോഗികജീവിതം തിരുത്തുക

1941 തിരുത്തുക

ഗാർഡ്നർ 1941 ൽ ന്യൂയോർക്കിൽ തൻറെ സഹോദരി ബിയാട്രിസിനെ സന്ദർശിക്കവേ ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർകൂടിയായിരുന്ന ബിയാട്രീസിന്റെ ഭർത്താവ് ലാറി ടാർ, അവളുടെ ഛായാചിത്രം എടുക്കാമെന്നു വാഗ്ദാനം ചെയ്തു. എടുത്ത ചിത്രം അദ്ദേഹത്തെ അതീവ സന്തുഷ്ടനാക്കുകയും അദ്ദേഹം അത് ഫിഫ്ത്ത് അവന്യൂവിൽ തന്റെ ടാർ ഫോട്ടോഗ്രാഫി സ്റ്റുഡിയോയുടെ മുൻവശത്തെ ജനാലയിൽ ഈ ഛായാചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു.[7]

ഒരു ലോസ് തിയറ്റേഴ്സ് നിയമ ഗുമസ്തനായിരുന്ന ബർണാർഡ് ദുഹാൻ എന്ന വ്യക്തി ഗാർഡ്നറുടെ ഛായാചിത്രം ടാർസ് സ്റ്റുഡിയോയിൽ പ്രദർശിപ്പിച്ചിരിക്കുന്നത് കാണുവാനിടയായി. അക്കാലത്ത്, എം‌ജി‌എം ലോവസിന്റെ ഒരു അനുബന്ധ സ്ഥാപനമായിരുന്നു എന്ന വസ്തുത ഉപയോഗിച്ചുകൊണ്ട് ഒരു എം‌ജി‌എം ടാലന്റ് സ്കൌട്ടെന്ന വ്യാജേന ദുഹാൻ പലപ്പോഴും അഭിനയ തൽപരരായ പെൺകുട്ടികളുമായ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. "ആരെങ്കിലും അവളുടെ വിവരം എം‌ജി‌എമ്മിലേക്ക് അയയ്‌ക്കണം" എന്ന് ദുഹാൻ അഭിപ്രായപ്പെടുകയും ടാർസ് തൽക്ഷണം അപ്രകാരം പ്രവർത്തിക്കുകയും ചെയ്തു. താമസിയാതെ, അറ്റ്ലാന്റിക് ക്രിസ്ത്യൻ കോളേജിലെ ഒരു വിദ്യാർത്ഥിനിയായിരുന്ന ഗാർഡ്നർ ന്യൂയോർക്കിലേക്ക് പോകുകയും, എം‌ജി‌എമ്മിന്റെ ന്യൂയോർക്ക് ഓഫീസിൽ അഭിമുഖം നടത്താനായി എം‌ജി‌എമ്മിന്റെ ന്യൂയോർക്ക് ടാലന്റ് വിഭാഗം മേധാവി അൽ ആൾട്ട്മാനുമായി ഒരു കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. ക്യാമറകൾ ചലിപ്പിച്ചുകൊണ്ട് 18 വയസുകാരിയായ ഗാർഡ്നറോട് ക്യാമറക്ക് അഭിമുഖമായി നടക്കാനും തിരിഞ്ഞ് നടക്കാനും തുടർന്ന് കുറച്ച് പൂക്കൾ ഒരു പാത്രത്തിൽ പുനഃക്രമീകരിക്കാനും നിർദ്ദേശിച്ച അദ്ദേഹം അവളുടെ തെക്കൻ ഉച്ചാരണം മനസിലാക്കാൻ ബുദ്ധിമുട്ടു നേരിട്ടതിനാൽ ശബ്‌ദം റെക്കോർഡുചെയ്യാൻ ശ്രമിച്ചില്ല. എന്നിരുന്നാലും, സ്റ്റുഡിയോ മേധാവി ലൂയിസ് ബി. മേയർ ആൾട്ട്മാന് നിഷേധാത്മകമായ നിലപാടുള്ള ഒരു ടെലിഗ്രാമാണ് അയച്ചത്.[8] എം‌ജി‌എം ഒരു നിലവാരമുള്ള കരാർ‌ അവർക്കു വാഗ്ദാനം ചെയ്തു, 1941 ൽ സ്കൂൾജീവിതം ഉപേക്ഷിച്ച് സഹോദരി ബിയാട്രീസനൊപ്പം അവർ ഹോളിവുഡിലേക്ക് യാത്രയായി. അവളുടെ കരോലിന ഉച്ചാരണം അവർക്ക് ഏതാണ്ട് ദുർഗ്രഹമായിരുന്നതിനാൽ എം‌ജി‌എമ്മിന്റെ ആദ്യത്തെ ബിസിനസ്സ് ഓർഡർ അവൾക്ക് ഉച്ചാരണ അഭ്യാസം നൽകുക എന്നതായിരുന്നു, കാരണം.[9]

1942–1964 തിരുത്തുക

1942 ൽ പുറത്തിറങ്ങിയ വി വേർ ഡാൻസിംഗ് (1942) എന്ന സിനിമയിൽ നോർമ ഷിയററുടെ വാഹനത്തിലേയ്ക്കു നടക്കുന്നതായി അഭിനയിച്ചുകൊണ്ട് ഒരു ചലച്ചിത്രത്തിൽ ആദ്യമായി ഗാർഡ്നർ പ്രത്യക്ഷപ്പെട്ടു. പതിനഞ്ച് ബിറ്റ് ഭാഗങ്ങൾക്ക് ശേഷം ത്രീ മെൻ ഇൻ വൈറ്റ് (1944) എന്ന ഡോ. കിൽഡെയർ സിനിമയിൽ അമ്മയുടെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കുന്ന മകളുടെ ആദ്യത്തെ ശ്രദ്ധേയ വേഷം ലഭിച്ചു. കൂടുതലായും എം‌ജി‌എമ്മിനുകീഴിലും, പലതും അപ്രധാനവമായി അഞ്ചുവർഷത്തെ ബിറ്റ് ഭാഗങ്ങളിലെ വേഷങ്ങൾക്കുശേഷം ഗാർഡ്നർ മാർക്ക് ഹെല്ലിഞ്ചർ നിർമ്മിച്ച ദി കില്ലേഴ്സ് (1946) എന്ന സിനിമയിലെ കിറ്റി കോളിൻ എന്ന വേഷത്തിലൂടെ ചലച്ചിത്ര ലോകത്ത് ശ്രദ്ധിക്കപ്പെട്ടു.

ദി ഹക്ക്സ്റ്റേഴ്സ് (1947), ഷോ ബോട്ട് (1951), ദി സ്നോസ് ഓഫ് കിളിമഞ്ചാരോ (1952), ലോൺ സ്റ്റാർ (1952), മൊഗാംബോ (1953), ദി ബെയർ‌ഫൂട്ട് കോണ്ടെസ്സ (1954), ഭുവാനി ജംഗ്ഷൻ (1956), ദി സൺ ഓൾസോ റൈസസ് (1957), ഓൺ ദി ബീച്ച് (1959). എന്നിവ അവരുടെ മറ്റ് പ്രധാന ചിത്രങ്ങളിൽ ഉൾപ്പെടുന്നു. ദ ബെയർ‌ഫൂട്ട് കോണ്ടെസ്സ എന്ന ചിത്രത്തിൽ ഹംഫ്രി ബൊഗാർട്ട് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹായത്തോടെ സ്പാനിഷ് നർത്തകിയെന്ന നിലയിൽനിന്ന് അന്താരാഷ്ട്ര ചലച്ചിത്രതാരമായി ഉയരുകയും, ദാരുണമായ പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടിവരുകയും ചെയ്യുന്ന നിർഭാഗ്യവതിയായ സുന്ദരി മരിയ വർഗാസിന്റെ വേഷം അവതരിപ്പിച്ചു. നൈറ്റ്സ് ഓഫ് ദ റൌണ്ട് ടേബിൾ (1953) എന്ന ചിത്രത്തിൽ സർ ലാൻസലോട്ടിനെ അവതരിപ്പിച്ച നടൻ റോബർട്ട് ടെയ്‌ലറിനൊപ്പം ഗാർഡ്നർ ഗ്വിനെവേറ എന്ന കഥാപാത്രമായി വേഷമിട്ടു. 1950 കളിലെ അവളുടെ സിനിമകളിൽ പ്രഭ്വി, പ്രഭുവിന്റെ പത്നി, മറ്റു രാജകീയ വംശജരായ സ്ത്രീകൾ എന്നിങ്ങനെ അവർ വിവിധ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.

സ്വകാര്യജീവിതം തിരുത്തുക

ഗാർഡ്നർ ലോസ് ഏഞ്ചൽസിലെത്തിയ ഉടൻ, ഒരു സഹപ്രവർത്തകനും എം‌ജി‌എം കരാർ നടനായിരുന്ന മിക്കി റൂണിയുമായി കണ്ടുമുട്ടുകയും 1942 ജനുവരി 10 ന് അവർ വിവാഹിതരാകുകയും ചെയ്തു. തങ്ങളുടെ താരം വിവാഹിതനാണെന്ന് അറിഞ്ഞാൽ ആരാധകർ റൂണിയുടെ ആൻഡി ഹാർഡി സിനിമാ പരമ്പര ഉപേക്ഷിക്കുമെന്ന് എം‌ജി‌എം സ്റ്റുഡിയോ മേധാവി ലൂയിസ് ബി മേയർ ഭയപ്പെട്ടതിനാൽ കാലിഫോർണിയയിലെ വിദൂര പട്ടണമായ ബല്ലാർഡിലാണ് വിവാഹച്ചടങ്ങ് നടന്നത്. പ്രധാനമായും റൂണിയുടെ പരസ്‌ത്രീഗമനം കാരണമായി ഗാർഡ്നർ 1943 ൽ അയാളിൽനിന്ന് വിവാഹമോചനം നേടിയെങ്കിലും അയാളുടെ കരിയറിനെ ബാധിക്കാതിരിക്കാൻ വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തില്ലെന്ന് സമ്മതിച്ചിരുന്നു.

1945 മുതൽ 1946 വരെയുള്ള കാലത്ത് ജാസ് സംഗീതജ്ഞനും ബാൻഡ്‌ലീഡറുമായ ആർട്ടി ഷായുമായുള്ള ഗാർഡ്നറുടെ രണ്ടാമത്തെ വിവാഹവും ഹ്രസ്വമായിരുന്നു. ഷാ മുമ്പ് ലേന ടർണർ എന്ന നടിയെ വിവാഹം കഴിച്ചിരുന്നു. ഗാർഡ്നറുടെ മൂന്നാമത്തെയും അവസാനത്തെയും വിവാഹം 1951 മുതൽ 1957 വരെ ഗായകനും നടനുമായ ഫ്രാങ്ക് സിനാട്രയുമായുള്ള വിവാഹമായിരുന്നു. പിന്നീട് തന്റെ ആത്മകഥയിൽ അദ്ദേഹമായിരുന്നു തന്റെ ജീവിതത്തിലെ സ്‌നേഹസ്വരൂപൻ എന്ന് അവർ പറഞ്ഞിരുന്നു. സിനാത്ര തന്റെ ഭാര്യ നാൻസിയെ ഗാർഡ്നറിനായി ഉപേക്ഷിച്ചതും, തുടർന്നുള്ള അവരുടെ വിവാഹവും അക്കാലത്തെ പ്രധാനവാർത്തകളായിരുന്നു.

ഗോസിപ്പ് കോളമിസ്റ്റുകളായ ഹെഡ്ഡ ഹോപ്പർ, ലൂയല്ല പാർസൺസ് എന്നിവരും ഹോളിവുഡ് സ്ഥാപനം, റോമൻ കാത്തലിക്കാ ചർച്ച്, ആരാധകർ എന്നിവരും ഒരു സർപ്പസുന്ദരിയ്ക്കായി തന്റെ പത്നിയെ ഉപേക്ഷിച്ച സിനാത്രയെ നിശിതമായി വിമർശിച്ചിരുന്നു. ഫ്രം ഹിയർ ടു എറ്റേണിറ്റി (1953) എന്ന ഓസ്കാർ പുരസ്കാരം നേടിയ ചിത്രത്തിൽ സിനാത്രയെ അഭിനയിപ്പിക്കാൻ ഗാർഡ്നർ അവളുടെ ഗണ്യമായ സ്വാധീനം, പ്രത്യേകിച്ച് കൊളമ്പിയ പിക്ചേർസിലെ ഹാരി കോഹനെ ഉപയോഗിച്ചിരുന്നു. ആ റോളും അവാർഡും സിനാത്രയുടെ അഭിനയ, ആലാപന ജീവിതത്തെ പുനരുജ്ജീവിപ്പിക്കുന്നതിനു വളരെയേറെ സഹായിച്ചു.

മരണം തിരുത്തുക

ജീവിതകാലം മുഴുവൻ തുടർന്നുപോന്നിരുന്ന പുകവലിയെന്ന ദുശ്ശീലത്തിനു ശേഷം ഗാർഡ്നർക്ക് എംഫിസീമയും ചർമ്മാർബുദവും ബാധിച്ചു.[10] 1986 ൽ സംഭവിച്ച രണ്ട് സ്ട്രോക്കുകൾ അവളെ ഭാഗികമായി തളർത്തുകയും ശയ്യാവലംബിയാക്കുകയും ചെയ്തു. ഗാർഡ്നറുടെ ചികിത്സാച്ചെലവുകൾ അവർക്കു താങ്ങാൻ കഴിയുമായിരുന്നെങ്കിലും, അമേരിക്കയിലെ ഒരു വിശിഷ്ട വൈദ്യനുമായുള്ള സന്ദർശനത്തിന് സിനാത്ര പണം മുടക്കാൻ ആഗ്രഹിക്കുകയും വൈദ്യശാസ്ത്ര ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഒരു സ്വകാര്യ വിമാനത്തിൽ ക്രമീകരണങ്ങൾ ചെയ്യാൻ അവൾ അയാളെ അനുവദിക്കുകയും ചെയ്തു. മരണമടയുന്നതിന് ഒരാഴ്ച മുമ്പ് അവൾക്ക് ഒരു ശക്തമായ ഒരു വീഴ്ച സംഭവിക്കുകയും വീട്ടുജോലിക്കാരൻ മടങ്ങിവരുന്നതുവരെ അവൾ ആ കിടപ്പിൽ തുടരുകയും ചെയ്തു. റിപ്പോർട്ട് ചെയ്പ്പെട്ടതുപ്രകാരം അവളുടെ അവസാന വാക്കുകൾ (വീട്ടുജോലിക്കാരിയോട്) "ഞാൻ വളരെ ക്ഷീണിതയാണ്" എന്നതുമാത്രമായിരുന്നു. 1968 മുതൽ അവൾ താമസിച്ചുവന്നിരുന്ന ലണ്ടൻ ഭവനമായ 34 എന്നിസ്‌മോർ ഗാർഡനിൽ വച്ച് ന്യൂമോണിയ ബാധിച്ച് 67 ആം വയസ്സിൽ ഗാർഡ്നർ അന്തരിച്ചു.

അവലംബം തിരുത്തുക

  1. Profile Archived July 7, 2011, at the Wayback Machine.
  2. "Ava Gardner". Biography.com.
  3. Server, Lee (2007-05-15). Ava Gardner: "Love is Nothing". ISBN 978-0-312-31210-7.
  4. Ava Gardner 1940s, The Pop History Dig
  5. Ava Gardner profile, TCM website; accessed August 31, 2014.
  6. Encyclopedia of World Biography Vol. 25 (2005) Gale, Detroit
  7. Encyclopedia of World Biography Vol. 25 (2005) Gale, Detroit
  8. Encyclopedia of World Biography Vol. 25 (2005) Gale, Detroit
  9. Cannon, Dorris Rollins, Grabtown Girl: Ava Gardner's North Carolina Childhood and Her Enduring Ties to Home; ISBN 1-878086-89-8
  10. https://findadeath.com/wp-content/uploads/directory/a/Ava_Gardner/DC.jpg.
"https://ml.wikipedia.org/w/index.php?title=അവ_ഗാർഡ്നർ&oldid=3515720" എന്ന താളിൽനിന്ന് ശേഖരിച്ചത്