അലക്സാണ്ട്ര ഡാനിലോവ
അലക്സാണ്ട്രാ ഡാനിലോവ (നവംബർ 20, 1903–ജൂലൈ 13, 1997) റഷ്യൻ - അമേരിക്കൻ ബാലെ നർത്തകിയും അധ്യാപികയുമായിരുന്നു. റഷ്യയിലെ പീറ്റർ ഹോഫിലായിരുന്നു ജനനം. 1912-ൽ സെന്റ് പീറ്റേഴ്സ് ബർഗിലെ ഇംപീരിയൽ തിയെറ്റർ സ്കൂളിലെ ബാലെ വിഭാഗത്തിൽ പഠനമാരംഭിച്ചു. ബിരുദാനന്തരം റഷ്യയിലെ അഗ്രിപ്പിന വഗനോവ, അന്നാ ജോഹാൻസൻ എന്നിവരുടേയും പാരിസിലെ വെറാട്രിഫിലോവയുടേയും ശിക്ഷണത്തിൽ മികച്ച പരിശീലനമാർജിച്ചു.
ശ്രദ്ധേയ നർത്തകി
തിരുത്തുകറഷ്യയിലെ സ്റ്റേറ്റ് അക്കാദമിക് തിയെറ്റർ ഫോർ ഓപ്പറ ആൻഡ് ബാലെയുടെ കോർപ്സ് ഡി ബാലെയിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് ദ് സ്ലീപ്പിംഗ് ബ്യൂട്ടി എന്ന ബാലെയിലൂടെ ശ്രദ്ധേയ നർത്തകിയായി. 1922 മുതൽ 24 വരെ പെട്രോ ഗ്രാഡിലെ അവാന്ത് ഗാർഡ് നൃത്തപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. അങ്ങനെ ജോർജ് ബലാൻചിനിന്റെ പരീക്ഷണാത്മക സൃഷ്ടികളിൽ പങ്കാളിയായി. 1924-ൽ പ്രിൻസിപ്പൽ ഡാൻസേഴ്സ് ഒഫ് ദ് റഷ്യൻ ബാലെ എന്ന സംഘത്തോടൊപ്പം ജർമനി സന്ദർശിച്ചു. സംഘാംഗങ്ങളെപ്പോലെ തന്നെ ഡാനിലോവയും അവിടെ നിന്നും പാരിസിലെത്തി സ്ഥിരതാമസമാരംഭിച്ചു. തുടർന്ന് ഡാനിലോവ സെർഗീഡയാഖിലോവിന്റെ ബാലെസംഘത്തിൽ ചേർന്നു. 1929 വരെ അവരോടൊപ്പം സഹകരിച്ചു പ്രവർത്തിച്ചു. അക്കാലയളവിൽ ഇവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ബാലെകൾ
- ലെ പാസ് ഡി ഏഷ്യർ
- ദ് ട്രൈംഫ് ഒഫ് നെപ്ട്യൂൺ
- ദ് ഗോഡ്സ് ഗോ എ ബെഗ്ഗിങ് ലെബാൽ
എന്നിവയാണ്. തുടർന്ന് 1929 മുതൽ 31 വരെ മോണ്ടി കാർലൊ ഓപ്പറ ബാലെയുമായി ചേർന്നു പ്രവർത്തിച്ചു.
വിവാഹ ജീവിതം
തിരുത്തുക1932-ൽ വിവാഹിതയായെങ്കിലും 36-ൽ വിധവയായി. 1933 മുതൽ 38 വരെ കേണൽ വാസിലിയുടെ ബാലെ, റസ്സസ് ഡി മോണ്ടി-കാർലോയിൽ അഭിനേത്രിയായിരുന്നു. ഈ കാലയളവിൽ മാസിൻ, ഡേവിഡ് ലിചിൻ എന്നിവരുടെ സൃഷ്ടികളിലൂടെ ഇവർ അഭിനയമികവ് പ്രദർശിപ്പിച്ചു. ദ് ഫയർബേഡ് സ്വാൻലേക്ക്, ലെബ്യൂ ഡാന്യൂബ് എന്നിവയാണ് അക്കൂട്ടത്തിൽ ശ്രദ്ധേയമായ ബാലെകൾ. അതിനു ശേഷം ഡെൻഹാം കമ്പനിയിൽ ചേർന്നു. ജിസെല്ലെ, ദ് നട്ട് ക്രാക്കർ, കോപ്പെലിയ ഗെയ്റ്റെ പരിസിയെന്നെ എന്നിവയാണ് അവർക്കു വേണ്ടി ചെയ്ത ബാലെകളിൽ പ്രധാനം. 1941-ൽ വീണ്ടും വിവാഹിതയായി. 1951-ൽ ഔപചാരികമായി ബാലെ അഭിനയത്തിൽ നിന്ന് വിടവാങ്ങിയെങ്കിലും തുടർന്ന് പലപ്പോഴും അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്. സ്വന്തമായി ഒരു ബാലെ സംഘം രൂപീകരിച്ച് 1954 മുതൽ 56 വരെ ഇവർ നിരവധി രാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി. അവസാനം അഭിനയിച്ച ബാലെ റെയ് മോണ്ട (1957) ആണ്.
1958 മുതൽ ഒരു സംഘാടക എന്നനിലയിൽ പ്രവർത്തിച്ചു തുടങ്ങി. 1964-ൽ സ്ക്കൂൾ ഒഫ് അമേരിക്കൻ ബാലെയിൽ അധ്യാപികയായി. അവിടത്തെ ശില്പശാലകൾക്കും വാർഷിക പരിപാടികൾക്കും പിന്നീട് ഏതാനും ബാലെകൾ അവതരിപ്പിക്കുകയുണ്ടായി. 1989-ൽ അവിടെ നിന്നും വിരമിച്ചു.
അവാർഡുകൾ
തിരുത്തുക1958-ൽ കാപെഷ്യോ അവാർഡും 1984-ൽ ഡാൻസ് മാഗസിൻ അവാർഡും ലഭിച്ച ഡാനിലോവയെ 1989-ൽ കെന്നഡി സെന്റർ പുരസ്കാരം നൽകി ആദരിക്കുകയുമുണ്ടായി. 30-കളിലും 40-കളിലും പാശ്ചാത്യലോകത്തെ ഏറ്റവും പ്രശസ്തയായ ബാലെ നർത്തകിയായിരുന്നു ഇവർ. പ്രസാദാത്മകതയും ചടുലതയും ഡാനിലോവയുടെ നടനവിശേഷങ്ങളാണ്. നിരവധി ദുഃഖ കഥാപാത്രങ്ങളെ അവതരിപ്പിട്ടുണ്ടെങ്കിലും ഇവരുടെ ഹാസ്യ വേഷങ്ങളായിരുന്നു ഏറെ ജനപ്രിയങ്ങളായത്. 1997 ജൂലൈ 13-ന് ന്യൂയോർക്കിൽ അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവീഡിയോ
തിരുത്തുക- http://www.danceheritage.org/danilova.html Archived 2012-02-06 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡാനിലോവ, അലക് സാണ്ട്ര (1903 - 97) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |