ഊരകം അമ്മത്തിരുവടി ക്ഷേത്രം
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ പട്ടണത്തിന് 12 കിലോമീറ്റർ അകലെയായി ഊരകം എന്ന ഗ്രാമത്തിലാണ് അമ്മത്തിരുവടി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആദിപരാശക്തിയും ഭുവനേശ്വരിയുമായ ദുർഗ്ഗാ ഭഗവതിയാണ് പ്രധാന പ്രതിഷ്ഠ. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളിലും ഇവിടെ ഭഗവതി ആരാധിക്കപ്പെടുന്നു. പ്രശസ്തമായ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നതായി ഈ ക്ഷേത്രം കരുതപ്പെടുന്നു. പുരാതന ഭാരതത്തിലെ 51 ശക്തിപീഠങ്ങളിൽ ഒന്നായ തമിഴ് നാട്ടിലെ "കാഞ്ചി കാമാക്ഷി" തന്നെയാണ് ഈ ഭഗവതി എന്നൊരു വിശ്വാസമുണ്ട്. ചാത്തക്കുടം ശാസ്താവിന്റെയും തൊട്ടിപ്പാൾ ഭഗവതിയുടെയും സഹോദരി സ്ഥാനമാണ് ഊരകത്തമ്മതിരുവടിക്കുള്ളത്. തൊട്ടിപ്പാൾ ഭഗവതിയുടെ പെരുവനം ആറാട്ടുപുഴ പൂരത്തിന്റെ കൊടികയറ്റം ഊരകം ക്ഷേത്രത്തിലാണ് നടക്കുന്നത്. ഇവിടുത്തെ ഭഗവതി തന്നെയാണ് കടലാശ്ശേരി പിഷാരിക്കൽ ഭഗവതി ക്ഷേത്രത്തിലും പല്ലിശ്ശേരി ക്ഷേത്രത്തിലും എന്ന് പറയപ്പെടുന്നു
ഐതിഹ്യം
തിരുത്തുകഐതിഹ്യമനുസരിച്ച് പൂമുള്ളി നമ്പൂതിരി (തിരുവലയന്നൂർ ഭട്ടതിരി എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്) 700 മുതൽ 1000 വരെ വർഷങ്ങൾക്കുമുൻപാണ് അമ്മത്തിരുവടി ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്. ഈ ക്ഷേത്രം ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു നമ്പൂതിരിയുടെ ഇല്ലവും സ്ഥിതിചെയ്തിരുന്നത്. കേരളത്തിലെ പുരാതനമായ 64 ഗ്രാമങ്ങളിൽ ഒന്നായ പെരുവനം ഗ്രാമത്തിന്റെ ഭാഗമായിരുന്നു ഊരകം. ചെന്നൈക്കടുത്തുള്ള പ്രസിദ്ധമായ ശക്തി പീഠമായ കാഞ്ചീപുരം കാമാക്ഷിയമ്മൻ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ പോയ നമ്പൂതിരിയുടെ ഭക്തിയിൽ പ്രീതയായ "കാഞ്ചി കാമാക്ഷി" നമ്പൂതിരിയുടെ ഓലക്കുടയിൽ കയറി കേരളത്തിലെത്തിലെത്തി എന്നാണ് ഐതിഹ്യം. വീട്ടിൽ തിരിച്ചെത്തിയ നമ്പൂതിരി ഓലക്കുട വീട്ടിന്റെ നിലത്തു വെച്ചു. പിന്നീട് അദ്ദേഹം വന്നപ്പോൾ ഓലക്കുട നിലത്തുനിന്നും ഉയർത്താൻ സാധിച്ചില്ല. നിലത്ത് ഓലക്കുട ഉറച്ചുപോയിരുന്നു. പിന്നീട് ഈ കുടയിൽ ആദിപരാശക്തിയായ കാഞ്ചി കാമാക്ഷി കുടികൊള്ളുന്നു എന്ന് പ്രശ്നവശാൽ കണ്ടെത്തി. നമ്പൂതിരിയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ജഗദംബിക ഊരകം വിട്ട് ഭഗവതിക്കായി അവിടെ ഒരു ക്ഷേത്രം പണിയാൻ ആവശ്യപ്പെട്ടു. ദൂരെ ഒരു കിണറ്റിൽ ഭഗവതി വിഗ്രഹം കണ്ടെത്താമെന്നും മഹാമായ സ്വപ്നത്തിൽ അറിയിച്ചു. നമ്പൂതിരി ദേവി അരുളിച്ചെയ്തതുപോലെ ക്ഷേത്രം നിർമ്മിക്കുകയും തന്റെ എല്ലാ സ്വത്തുക്കളും ക്ഷേത്രത്തിന് ദാനം ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിന്റെ ഭരണാധികാരം അദ്ദേഹം കൊച്ചി രാജ്യത്തിന് ഏൽപ്പിച്ചു. അന്നുമുതൽ ഈ ഭഗവതി "അമ്മത്തിരുവടി" എന്ന് അറിയപ്പെടുന്നു.
ചരിത്രം
തിരുത്തുകഅടി എന്ന വിശേഷണം കൊണ്ട് ആദിയിൽ ഇത് ജൈനക്ഷേത്രമോ ബൌദ്ധക്ഷേത്രമോ ആയിരിക്കാനാണ് സാധ്യത എന്നാണ് ചരിത്രകാരനായ വി.വി.കെ വാലത്ത് കരുതുന്നത്. സന്യാസിമാരെ അക്കാലത്ത് അടികൾ എന്ന് വിളിച്ചിരുന്നു. ബ്രാഹ്മണമേധാവിത്വകാലത്ത് അത് പനിമലമകൾ അഥവാ പാർവ്വതിയായിത്തീർന്നു.
സാഹിത്യഗ്രന്ഥങ്ങളിൽ ഈ ഭഗവതി പരാമർശിക്കപ്പെട്ടിട്ടുണ്ട്.
“ | ഒരുവരുണ്ടേ ഭഗവതിമാർ ഒരുവരിലുമഴകിയതോ അഴകിയതോ ഞാനറിവേൻ ഊരകത്തെ ഭഗവതിപോൽ |
” |
എന്നാണ് മഹാകവി ഉള്ളൂർ കേരള സാഹിത്യചരിത്രത്തില്ഴുതിയിരിക്കുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും ക്ഷേത്രത്തെക്കുറിച്ച് പരാമർശമുണ്ട്.
വാസ്തുവിദ്യ
തിരുത്തുകക്ഷേത്രത്തിൽ രണ്ട് ഗോപുരങ്ങൾ, മതിൽക്കെട്ട്, ഊട്ടുപുര, നാലമ്പലം, രണ്ടുനിലയുള്ള ശ്രീകോവിൽ എന്നിവയുണ്ട്. പ്രധാനപ്രതിഷ്ഠയായ ഭഗവതി പടിഞ്ഞാറ് ദിശയിലേയ്ക്ക് ദർശനമായി വാഴുന്നു. ഇരിയ്ക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന് നാലുകൈകളുണ്ട്. ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ (സങ്കല്പം), നാഗദൈവങ്ങൾ എന്നിവരാണ് ഉപപ്രതിഷ്ഠകൾ. കൂടാതെ കിഴക്കേ ഗോപുരത്തിൽ ഭദ്രകാളിയായ കൊടുങ്ങല്ലൂരമ്മയുടെ സാന്നിദ്ധ്യമുള്ളതായും പറയപ്പെടുന്നു.
ഉത്സവങ്ങൾ
തിരുത്തുകക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് മകീര്യംപുറപ്പാട്.മകീര്യം പുറപ്പാടിന്റെ പാണ്ടിമേളം പ്രസിദ്ധമാണ്. ആറാട്ടുപുഴ പൂരത്തിനുള്ള പുറപ്പാടായാണ് ഈ ഉത്സവം കണക്കാക്കപ്പെടുന്നത്. ആറാട്ടുപുഴ പൂരത്തിൽ അമ്മത്തിരുവടിക്ക് ഒരു പ്രധാന പങ്കുണ്ട്. ആറാട്ടുപുഴ പൂരം കഴിഞ്ഞേ അമ്മത്തിരുവടി മടങ്ങാറുള്ളൂ. നവരാത്രി, തൃക്കാർത്തിക എന്നിവയും വിശേഷദിവസങ്ങളാണ്.
അനുബന്ധം
തിരുത്തുക- ശങ്കുണ്ണി, കൊട്ടാരത്തിൽ (1996). ഊരകത്ത് അമ്മത്തിരുവടി, ഐതിഹ്യമാല. തൃശ്ശൂർ: കറന്റ് ബുക്സ്.
{{cite book}}
: Cite has empty unknown parameter:|1=
(help)