അനന്ത് നാഗ് (നടൻ)

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ദക്ഷിണേന്ത്യയിലെ കർണ്ണാടക സംസ്ഥാനത്ത് നിന്നുമുള്ള ഒരു നടനും രാഷ്ട്രീയക്കാരനുമാണ് അനന്ത് നാഗ് (ഇംഗ്ലീഷ്: Anant Nag, കന്നഡ:ಅನಂತನಾಗ್) എന്ന പേരിൽ അറിയപ്പെടുന്ന അനന്ത് നാഗർകട്ടെ (ജനനം: സെപ്തംബർ 4,1948). കന്നഡ ചലച്ചിത്ര ലോകത്തെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതും വൻ വിജയങ്ങളായിരുന്നു. കലാമൂല്യമുള്ള ചിത്രങ്ങളിലും വാണിജ്യപ്രധാന്യമേറിയ ചിത്രങ്ങളിലും ഒരു പോലെ ശ്രദ്ധേയനാണ് ഇദ്ദേഹം. കന്നഡ സിനിമകൾക്ക് പുറമേ ഹിന്ദി, തെലുഗു, മറാത്തി, തമിഴ്, മലയാളം എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അനന്ത് നാഗ് അഭിനയിച്ചിട്ടുണ്ട്. ഇളയ സഹോദരനായിരുന്ന ശങ്കർ നാഗ് സംവിധാനം ചെയ്ത മാൽഗുഡി ഡെയ്സ് എന്ന ടെലിവിഷൻ പരമ്പരയിലെ പ്രധാന വേഷം കൈകാര്യം ചെയ്തത് ഇദ്ദേഹമായിരുന്നു. ആർ.കെ. നാരായണന്റെ കഥകളെ ആസ്പദമാക്കി നിർമ്മിച്ച ഈ പരമ്പരയിലെ അനന്ത് നാഗിന്റെ അഭിനയം നിരൂപകപ്രശംസ നേടുകയുണ്ടായി. 1987-ൽ ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സ്വാതി തിരുനാൾ എന്ന മലയാള സിനിമയിൽ സ്വാതി തിരുനാളിനെ അവതരിപ്പിച്ചതും ഇദ്ദേഹമായിരുന്നു.

അനന്ത് നാഗ്
Nag in 2016
ജനനം
അനന്ത് നാഗർകട്ടെ

(1948-09-04) 4 സെപ്റ്റംബർ 1948  (76 വയസ്സ്)
ദേശീയതIndian
തൊഴിൽActor, politician
ജീവിതപങ്കാളി(കൾ)
കുട്ടികൾ1
കുടുംബംShankar Nag (brother)

കൊങ്കണി മാതൃഭാഷയായുള്ള ചിത്രാപ്പൂർ സാരസ്വത ബ്രാഹ്മണ സമുദായത്തിൽപ്പെട്ട സദാനന്ദ് നഗർകട്ടെയുടെയും ആനന്ദിയുടെയും മകനായി ജനിച്ച അനന്ത് നാഗിന്റെ പ്രാഥമിക വിദ്യാഭ്യാസം ദക്ഷിണകന്നഡ ജില്ലയിലെ അനന്ദാശ്രമത്തിന്റെയും ഉത്തരകന്നഡ ജില്ലയിലെ ചിത്രാപ്പൂർ മഠത്തിന്റെയും മേൽനോട്ടത്തിലായിരുന്നു. തുടർവിദ്യാഭ്യാസത്തിനായി അദ്ദേഹം മുംബൈയിലേക്ക് പോയി.

അഭിനയ ജീവിതം

തിരുത്തുക

ഉപരിപഠനത്തിന് മുംബൈയിലെത്തിയ അനന്ത് നാഗ് മറാത്തി അമച്വർ നാടകവേദിയുമായി ബന്ധപ്പെട്ട് എട്ടു വർഷക്കാലം പ്രവർത്തിച്ചു. കന്നഡ, മറാത്തി അമച്വർ നാടകങ്ങൾക്ക് അവതരിപ്പിച്ചു കൊണ്ടിരുന്ന നാഗിനെ 1973-ൽ അങ്കുർ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമാവേദിയിൽ പരിചയപ്പെടുത്തിയത് ശ്യാം ബെനഗലായിരുന്നു. അതിനു ശേഷം നാഗ് ധാരാളം ബെനഗൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അമോൽ പലേക്കർ സംവിധാനം ചെയ്ത അനാഹത് എന്ന മറാത്തി ചിത്രത്തിൽ മല്ല ദേശത്തിലെ രാജാവിന്റെ മാനസിക സംഘർഷങ്ങളെയും നിസ്സഹായതയെയും അവയുടെ ആഴവും പരപ്പും മനസ്സിലാക്കി വെള്ളിത്തിരയിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ അനന്ത് നാഗ് പൂർണ്ണമായും സാധിച്ചു.

ജി.വി.അയ്യർ സംവിധാനം ചെയ്ത ഹംസഗീതെ എന്ന ചിത്രത്തിലൂടെയാണ് അനന്ത് നാഗ് കന്നഡ സിനിമാലോകത്തെത്തുന്നത്. ഒരു യഥാർത്ഥ ഗുരുവിനെ തേടിയുള്ള ഒരു പഠിതാവിന്റെ അന്വേഷണശ്രമങ്ങളെ ഇതിവൃത്തമാക്കിയ ഈ ചിത്രവും നിരൂപകരുടെ മുക്തകണ്ഠപ്രശംസ നേടിയെടുക്കുന്നതിൽ വിജയിച്ചു. അനന്ത് നാഗിനെയും ദക്ഷിണേന്ത്യയിലെ പ്രശസ്ത നടിമാരിലൊരാളായ ലക്ഷ്മിയേയും കന്നഡ സിനിമയിലെ നിത്യഹരിത ജോഡികളായി വിശേഷിപ്പിക്കാറുണ്ട്. കഥാപ്രാധാന്യമുള്ള ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയ അദ്ദേഹം പിൽക്കാലത്ത് ഹാസ്യപ്രധാന്യങ്ങളായ ചിത്രങ്ങളിലും വേഷമിട്ടു. തനതായ നർമ്മബോധവും വ്യത്യസ്തതയാർന്ന അഭിനയശൈലിയും അവിടെയും അദ്ദേഹത്തെ മുൻനിരയിലെത്തിച്ചു. അടുത്ത കാലത്ത് , മുംഗാര മളെ പോലെയുള്ള വിജയചിത്രങ്ങളിൽ സ്വഭാവനടന്റെ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന നാഗ് ഇപ്പോഴും സംവിധായകരുടെ ഇഷ്ടനടനാണ്. 2010-ൽ ഇദ്ദേഹം സുഹാസിനിയോടൊപ്പം പ്രധാന വേഷത്തിൽ അഭിനയിച്ച ഇറദാന മധുവേ എന്ന ഹാസ്യചിത്രവും വൻവിജയം നേടുകയുണ്ടായി.

രാഷ്ട്രീയ ജീവിതം

തിരുത്തുക

ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസിയാണ് അനന്ത്നാഗ്. ചെറുപ്പകാലത്ത് മുംബൈയിലായിരുന്നു അദ്ദേഹം വളർന്നത്. അക്കാലത്ത് മുംബൈ സോഷ്യലിസ്റ്റുകളുടെ പ്രധാന തട്ടകമായിരുന്നു. ഇതാണ് അദ്ദേഹത്തെ സോഷ്യലിസ്റ്റ് വിശ്വാസിയാക്കി മാറ്റിയത്. സോഷ്യലിസ്റ്റ് പാർട്ടി പിന്നീട് ജനതാ പാർട്ടി ആയി മാറിയപ്പോൾ അദ്ദേഹം അതിന്റെ സജീവ പ്രവർത്തകനായി. 1983, 1985, 1989 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. 1983-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തര കന്നട മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പ്രശസ്ത എഴുത്തുകാരൻ കെ. ശിവറാം കാരന്ത് ആയിരുന്നു എതിരാളി. 1994-ൽ മല്ലേശ്വരം മണ്ഡലത്തിൽ നിന്ന് വിജയിച്ച് ജെ.എച്ച്. പട്ടേൽ‍ മന്ത്രിസഭയിലെ ബാംഗ്ലൂർ ഡെവലപ്മെന്റ് അതോറിറ്റി മന്ത്രിയായി. രാമകൃഷ്ണ ഹെഗ്ഡേയുടെ വലിയൊരു അനുയായി ആയിരുന്നു അനന്ത് നാഗ്. എന്നാൽ ഹെഗ്ഡേ ജനതാദളിൽ നിന്ന് പുറത്തായപ്പോൾ അദ്ദേഹം പാർട്ടിയിൽ തന്നെ തുടർന്നു. 2004-ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ പ്രബലനേതാവുമായിരുന്ന എസ്.എം. കൃഷ്ണയ്കെതിരെ മത്സരിക്കുവാൻ ജനതാദൾ (സെക്കുലർ) നിയോഗിച്ചത് അനന്ത് നാഗിനെയായിരുന്നു.തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടങ്കിലും ശക്തമായ ഒരു മത്സരം കാഴ്ചവെക്കുവാൻ അനന്ത് നാഗിനു സാധിച്ചു.

ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അനന്ത്_നാഗ്_(നടൻ)&oldid=3708756" എന്ന താളിൽനിന്ന് ശേഖരിച്ചത്