അധ്യാപനരീതികൾ
ഒരു കാലത്ത് പഠനമെന്നത് വെറും ഹൃദിസ്ഥീകരണമായിരുന്നു. അതായത്, അധ്യാപകൻ നിർദിഷ്ടവിഷയങ്ങൾ പഠിപ്പിക്കുകയും കുട്ടികൾ പഠിക്കുകയും, പഠിച്ചതിനെ അധ്യാപകൻ പരിശോധിക്കുകയും ചെയ്യുക മാത്രം. പുതിയ കാഴ്ചപ്പാട് അനുസരിച്ച്, അനുഭവങ്ങളിൽകൂടി പെരുമാറ്റത്തിന് ഉണ്ടാകുന്ന പരിവർത്തനമാണ് പഠനം. പഠനവസ്തുവും പഠനക്രിയകളും തിരഞ്ഞെടുത്ത് സംഘടിപ്പിച്ച് കുട്ടികളെ അവയുമായി പ്രതിപ്രവർത്തിപ്പിച്ച് അവരിൽ പെരുമാറ്റ പരിവർത്തനങ്ങൾ വരുത്തുന്നു. ഈ പ്രതിപ്രവർത്തനത്തെ അനുഭവം (experience) എന്നു പറയാം.[1] സമൂഹം അംഗീകരിക്കുന്ന രീതിയിലുള്ള പെരുമാറ്റ പ്രരൂപങ്ങൾ വികസിപ്പിക്കുന്നതിനുവേണ്ടി കുട്ടികളെ സഹായിക്കുക എന്നതാണ് അധ്യാപകധർമം. ഈ ലക്ഷ്യപ്രാപ്തിക്കായി അധ്യാപകൻ നൽകുന്ന മാർഗ നിർദ്ദേശങ്ങളാണ് അധ്യാപനത്തിന്റെ ഉള്ളടക്കം. ഈ ഉള്ളടക്കത്തെ കുട്ടികൾക്ക് നൽകുന്നതിനുള്ള ഉത്തമമാർഗങ്ങളാണ് അധ്യാപനരീതികൾ.[1]
അധ്യാപനം ഒരു കലയായും ശാസ്ത്രമായും വളർച്ച പ്രാപിച്ചെങ്കിലും അതിന് ഗണ്യമായ വികാസമുണ്ടായത് 20-ആം നൂറ്റാണ്ടിൽ ആണ്. ഈ നൂറ്റണ്ടിന്റെ പൂർവാർധത്തിൽ ഹെർബാർട്ടിയൻ രീതിക്ക് പ്രചാരം സിദ്ധിച്ചു. അതിനുശേഷം ഡാൾട്ടൻ പദ്ധതി, പ്രശ്നരീതി, പ്രായോജനാരീതി (project method),[2] സഹകൃതകഥനം (socialised recitation)[3], പര്യവേക്ഷിതപഠനം (supervised study),[4] ഏകകരീതി (unit method),[5] ക്രിയാപ്രധാനരീതി (activity method)[6] എന്നിവയും പ്രചാരത്തിൽ വന്നു. ഈ ശ.-ത്തിന്റെ ഉത്തരാർധത്തിൽ വിദ്യാഭ്യാസപ്രവർത്തകരുടെ താത്പര്യം അധ്യാപനരീതിയിൽനിന്നും പാഠ്യക്രമത്തി(curriculum)[7] ലേക്ക് മാറി. അതായത് എങ്ങനെ പഠിപ്പിക്കണമെന്നതിനേക്കാൾ കൂടുതൽ പരിഗണന എന്തു പഠിപ്പിക്കണം എന്നതിന് നൽകാൻ തുടങ്ങി. വ്യവഹാര മനഃശാസ്ത്രത്തിന്റെ (behaviourism)[8] സ്വാധീനതമൂലം ഉദ്ദേശ്യാധിഷ്ഠിതാബോധനം, ക്രമബദ്ധ-അധ്യാപനം (programmed instruction)[9] തുടങ്ങി മനഃശാസ്ത്രധിഷ്ഠിതമായ രീതികൾ ആവിഷ്കരിക്കപ്പെട്ടു. അധ്യാപനരീതികളുടെ വിപ്ളവകരമായ പരിവർത്തനത്തിന്റെ മുന്നോടിയായി ഇവയെ കണക്കാക്കാം. പ്രധാനപ്പെട്ട ചില അധ്യാപനരീതികൾ താഴെ ചേർക്കുന്നു.
വാചിക രീതി
തിരുത്തുക(Oral Method)
ആദികാലം മുതൽ നിലവിലുള്ളതും കുടിപ്പള്ളിക്കൂടം മുതൽ സർവകലാശാല വരെ പ്രയോഗത്തിലിരിക്കുന്നതുമായ ബോധനരീതിയാണിത്. ഇതിൽ ഭാഷണരീതിയും (telling) പ്രസംഗരീതിയും (lecture) ഉൾപ്പെടുന്നു. അറിവുള്ളവർ അറിവില്ലാത്തവർക്ക് പറഞ്ഞു കൊടുക്കുക എന്നതാണ് ഈ രീതിയുടെ അടിസ്ഥാന തത്ത്വം. കുടിപ്പള്ളിക്കൂടത്തിൽ ആശാൻ ചൊല്ലിക്കൊടുക്കുന്നത് കുട്ടികൾ ഏറ്റുചൊല്ലുന്നു. പാഠഭാഗങ്ങൾ വിശദീകരിച്ച് പറഞ്ഞുകൊടുക്കുകയാണ് സ്കൂളിലെ മുഖ്യപ്രബോധനരീതി. ഉയർന്ന ക്ലാസ്സുകളിൽ പ്രത്യേകിച്ച് കുട്ടികളുടെ എണ്ണം അധികമായതിനാൽ തുടർച്ചയായുള്ള ഭാഷണമാണ് സർവസാധാരണമായിട്ടുള്ളത്. ഇതിനെ പ്രസംഗരീതിയെന്നോ പ്രഭാഷണരീതിയെന്നോ പറയാം.[10]
കുട്ടികളും അധ്യാപകരും തമ്മിൽ അഭിമുഖമായുള്ള പ്രവർത്തനംമൂലം കുട്ടികളുടെ ആവശ്യാനുസരണം പാഠം കൈകാര്യം ചെയ്യുവാൻ കഴിയുമെന്നതാണ് ഭാഷണരീതിയുടെ മേന്മ. തന്നെയുമല്ല അനേകം കുട്ടികളെ ഒരു സമയത്ത് ഒരധ്യാപകൻ പഠിപ്പിക്കേണ്ടിവരുമ്പോൾ ഇത്രത്തോളം സൌകര്യമുള്ള മറ്റൊരു രീതിയില്ല. ഉയർന്ന ക്ലാസ്സുകളിൽ പ്രസംഗരീതിക്ക് ഗണനീയമായ സ്ഥാനമുണ്ട്. പാഠങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധമുണ്ടായിരിക്കുക, പ്രസംഗപാഠത്തിനുവേണ്ടി അവർ മുൻകൂട്ടി തയ്യാറെടുക്കുക, പ്രസംഗാവസാനം സംശയങ്ങൾ ചോദിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുക, പാഠ്യവിഷയത്തെ സംബന്ധിച്ച് പൂരകപഠനം നടത്തുക എന്നിവയിൽ ശ്രദ്ധപതിപ്പിക്കുവാൻ കഴിഞ്ഞാൽ പ്രഭാഷണരീതി വളരെ ഉപയോഗപ്രദമായിരിക്കും.
എന്നാൽ പ്രസംഗരീതി വിദ്യാർഥികളിൽ വിരസത ഉണ്ടാക്കുന്നതായി കാണുന്നു. കൂടാതെ വ്യക്തിപരമായ ശ്രദ്ധ ഒരോ വിദ്യാർഥിക്കും ലഭിക്കുന്നുമില്ല. ഇതിനൊരു പരിഹാരമായി കോളജുകളിൽ ട്യൂട്ടോറിയൽ സമ്പ്രദായം' ഏർപ്പെടുത്തിയിട്ടുള്ളത് ഒരളവിൽ പ്രയോജനകരമാണ്.
ചോദ്യോത്തര രീതി
തിരുത്തുകഭാഷണരീതിയുടെ ന്യൂനതകൾ പരിഹരിക്കുന്നതിനും പഠനത്തെ കൂടുതൽ ഫലപ്രദമാക്കുന്നതിനും ചോദ്യോത്തര രീതി പ്രയോജനപ്രദമാണ്. ചോദ്യങ്ങൾ ബോധനപരവും ശോധനപരവുമാകാം. ബോധനത്തിനുവേണ്ടിയുള്ള പ്രാരംഭപ്രശ്നങ്ങൾ പാഠാരംഭത്തിലും വികസന പ്രശ്നങ്ങൾ പാഠവികസനഘട്ടത്തിലും അവതരിപ്പിക്കുന്നു. കുട്ടികളുടെ മുൻ അറിവ് പരിശോധിക്കയെന്നതാണ് പ്രാരംഭപ്രശ്നങ്ങളുടെ ഉദ്ദേശ്യം. പാഠാവതരണഘട്ടത്തിൽ ചിന്തോദ്ദീപകങ്ങളായ ചോദ്യങ്ങളിൽകൂടി ഉത്തമങ്ങളായ പഠനാനുഭവങ്ങൾ നല്കുന്നു. കുട്ടികൾ ഊർജ്ജിതമായി ചിന്തിക്കുന്നതിന് ഇത്തരം ചോദ്യങ്ങൾ കൂടിയേ തീരു. പാഠാവസാനത്തിൽ കുട്ടികൾ എത്രമാത്രം ഗ്രഹിച്ചു എന്നളക്കുന്നതിന് ഉതകുന്നതരം ചോദ്യങ്ങൾ ചോദിക്കുന്നു. ചോദ്യങ്ങൾ എപ്പോൾ, എങ്ങനെ ഏതുവിധത്തിൽ ആരോടു ചോദിക്കണം ഉത്തരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം ഇത്യാദി കാര്യങ്ങളെപ്പറ്റിയുള്ള വിദഗ്ദ്ധപരിജ്ഞാനം അധ്യാപനത്തെ കൂടുതൽ ഫലപ്രദമാക്കുന്നു. സോക്രട്ടിക് രീതി ഇതിന്റെ പ്രാകൃത രൂപമാണ്.
സോക്രട്ടീസിന്റെ അഭിപ്രായത്തിൽ കേവലജ്ജാനം മനുഷ്യന്റെ ഉള്ളിൽതന്നെ സ്ഥിതിചെയ്യുന്നു. എന്നാൽ ഓരോ പുനർജന്മത്തോടുംകൂടി അവ വിസ്മൃതമാകുന്നു. ബോധനത്തിൽകൂടിയല്ല നാം ജ്ഞാനം സമ്പാദിക്കുന്നത്. നേരത്തേതന്നെ അറിയാമായിരുന്നതും എന്നാൽ മറന്നുപോയതുമായ കാര്യങ്ങൾ പുനഃസ്മരിക്കുവാൻ സഹായിക്കുകയാണ് ബോധനത്തിന്റെ ഉദ്ദേശ്യം. ജനങ്ങളെ പ്രബുദ്ധരാക്കുന്നതിന് ഒന്നുംതന്നെ പറഞ്ഞുകൊടുക്കാതെ ചോദ്യങ്ങൾ ചോദിച്ച് അവരെക്കൊണ്ട് ചിന്തിപ്പിക്കുകയാണ് വേണ്ടത് എന്ന് സോക്രട്ടീസ് അഭിപ്രായപ്പെട്ടു. സംശയത്തിന് ഇടയില്ലാത്തതെന്നു കരുതപ്പെടുന്ന ഏതെങ്കിലും കാര്യത്തെപ്പറ്റി ഒരു ചെറിയ ചോദ്യം ചോദിച്ച് ഒരുവന്റെ അജ്ഞതയെക്കുറിച്ച് അവനെ ബോധവാനാക്കുക; അങ്ങനെ ആത്മാഭിമാനത്തിന് ആഘാതമേല്പിക്കുക; പിന്നീട് ചോദ്യങ്ങൾ ചോദിച്ചു ചിന്തിപ്പിച്ച് സത്യം കണ്ടെത്തുന്നതിന് അവനെ സഹായിക്കുക ഇതായിരുന്നു സോക്രട്ടിക് രീതി. അന്തർദൃഷ്ടിയിൽക്കൂടിയാണ് നാം കാര്യങ്ങൾ ഗ്രഹിക്കുന്നത്. അന്തഃസ്ഥിതാശയങ്ങളും പുനഃസ്മരണവുമാണ് പഠനത്തിന് അടിസ്ഥാനം. ബോധനമെന്നത് ഒരു സൂതികർമം ആകുന്നു. സ്വന്തം ധാരണകളെപ്പറ്റിയുള്ള ഉറച്ചവിശ്വാസത്തിന് ഏൽക്കുന്ന ആഘാതമാണ് ബുദ്ധിപരമായ ഈ സൂതികർമത്തിന് നാന്ദി കുറിക്കുന്നത് എന്നാണ് സോക്രട്ടീസിന്റെ സിദ്ധാന്തം.
കിൻഡർഗാർട്ടൻ രീതി
തിരുത്തുക(Kindergarten Method)
വിദ്യാലയത്തെ ആരാമമായും വിദ്യാർഥികളെ അതിലെ ചെടികളായും അധ്യാപകനെ തോട്ടക്കാരനായും വിഭാവന ചെയ്തുകൊണ്ട് ഫ്രോബൽ സംവിധാനം ചെയ്ത ശിശുവിദ്യാലയമാണ് കിൻഡർഗാർട്ടൻ അഥവാ കുട്ടികളുടെ പൂന്തോട്ടം. തോട്ടത്തിലെ ചെടികളെപ്പോലെ നൈസർഗികമായും സ്വതന്ത്രമായും കുട്ടികൾ വളരണം. തോട്ടക്കാരനെപ്പോലെ അധ്യാപകൻ അതിനുള്ള സാഹചര്യം സൃഷ്ടിക്കണം. അധ്യയനം എന്നത് നൈസർഗികമായ വികസനമാണ്.
വിദ്യാഭ്യാസത്തിൽ കളിയുടേയും കളിയിൽക്കൂടിയുള്ള വിദ്യാഭ്യാസത്തിന്റേയും സൈദ്ധാന്തികവും പ്രായോഗികവുമായ സ്ഥാനം വ്യക്തമാക്കിയത് ഫ്രോബൽ ആണെന്നു പറയാം. അദ്ദേഹം തന്റെ അധ്യയനരീതിയെ സ്വതഃപ്രവൃത്തി (self activity)[11] എന്ന പദത്തിൽ സംക്ഷേപിച്ചിരിക്കുന്നു. സ്വതഃപ്രവൃത്തി എന്നത് നൈസർഗികാവേശങ്ങളും അഭിലാഷങ്ങളും പ്രകടിപ്പിക്കുന്നതിന് പരപ്രേരണ കൂടാതെയുള്ള പ്രവർത്തനമാണ്. ആത്മസാക്ഷാത്കാരവും സമൂഹവത്കരണവും സ്വതഃപ്രവർത്തനത്തിൽകൂടിയാണ് സാധ്യമാവുക. പ്രകൃതിയുമായുള്ള സംസർഗത്തിൽകൂടിയാണ് വികസനം നടക്കുന്നത്. ബാല്യകാലത്തിൽ ഈ പ്രവണതകൾക്ക് കൈക്കൊള്ളാവുന്ന ഉചിതമായ രൂപം ഒന്നേയുള്ളു-കളി. അതിനാൽ കളിയിൽക്കൂടിയുള്ള പഠനത്തിനു ഫ്രോബൽ മുഖ്യസ്ഥാനം കല്പിച്ചു.
ക്രമീകൃതമായ കളികൾ, ഗാനങ്ങൾ, നൃത്തങ്ങൾ എന്നിവ വസ്തുമൂലകപാഠ(object lesson)[12]ങ്ങളുമായി സമന്വയിപ്പിച്ച് കുട്ടികളുടെ സർഗശക്തിയെ വികസിപ്പിക്കത്തക്കവണ്ണമാണ് കിൻഡർ ഗാർട്ടനിലെ അധ്യയനം ആസൂത്രണം ചെയ്തിട്ടുള്ളത്. കുട്ടികളുടെ പൊതു താത്പര്യങ്ങളെ കണക്കിലെടുക്കുന്നതുമൂലം കിൻഡർഗാർട്ടനിൽ കുട്ടികൾ ദീർഘനേരം ഒരേ പ്രവൃത്തിയിലേർപ്പെടുവാൻ ആവശ്യപ്പെടുന്നില്ല. കളികൾ, അഭ്യാസങ്ങൾ, രസകരമായ പ്രവർത്തനങ്ങൾ എന്നിവയിൽക്കൂടി അവർക്ക് വേണ്ടുവോളം സോല്ലാസപ്രവർത്തന സൌകര്യങ്ങൾ നൽകുന്നു. പ്രവർത്തനാവസരങ്ങളിൽ ദാനങ്ങൾ (gifts), വ്യാപൃതികൾ (occupations)[13] എന്നിവ സർഗാത്മകപ്രവണതകളെ പരിപോഷിപ്പിക്കുന്നു. കായികാഭ്യാസങ്ങൾ പേശിവികസനത്തെ സഹായിക്കുന്നു. അങ്ങനെ സർവതോമുഖമായ വികാസമാണ് കിൻഡർഗാർട്ടന്റെ ലക്ഷ്യം.
മോണ്ടിസോറി രീതി
തിരുത്തുക(Montessori Method)
സ്വതന്ത്രവും വ്യക്തിഗതവുമായുള്ള സ്വാധ്യയനത്തിൽക്കൂടി മാത്രമേ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് മോണ്ടിസോറിയുടെ അടിസ്ഥാനസിദ്ധാന്തം.[14] കുട്ടികളുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രബോധനോപകരണങ്ങൾ (didactic apparatus)[15] യഥേഷ്ടം കൈകാര്യം ചെയ്ത് സ്വാധ്യയനം നടത്തുന്നതിനുള്ള സാഹചര്യമാണ് മോണ്ടിസോറി സ്കൂളിൽ നല്കുന്നത്.
മോണ്ടിസോറിയുടെ പ്രശസ്തിക്കു മുഖ്യനിദാനം ബോധേന്ദ്രിയ പരിശീലന സിദ്ധാന്തമാണ്. ജഞാനസമ്പാദനത്തിന്റേയും സുഖജീവിതത്തിന്റേയും അടിസ്ഥാനം സംവേദനക്ഷമതയാണെന്നും അതിനാൽ ബോധേന്ദ്രിയങ്ങളെ ശരിയായി പരിശീലിപ്പിച്ച് അവയുടെ കൂർമതയും പ്രവർത്തനക്ഷമതയും വർധിപ്പിക്കേണ്ടതാണെന്നും മോണ്ടിസോറി ഊന്നിപ്പറഞ്ഞു. ഇതിനുവേണ്ടി പ്രത്യേകോപകരണങ്ങൾ അവർ നിർമിച്ചിട്ടുണ്ട്.
മോണ്ടിസോറി സ്കൂളിൽ ടൈംടേബിളില്ല, അധ്യാപകരില്ല, ബോധനമില്ല; കളിക്കുവാനുള്ള ചില ഉപകരണങ്ങൾ മാത്രമുണ്ട്. അവ സ്വയംശോധക(self-correcting)ങ്ങളായ പ്രബോധനോപകരണങ്ങളാണ്. കുട്ടികൾ അവകൊണ്ടു കളിക്കുന്നു. കളിയിൽക്കൂടി പഠനം നടക്കുന്നു. അധ്യാപികയുടെ സ്ഥാനത്ത് നിർദ്ദേശിക(directress)യാണ് ഉള്ളത്. അവർ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചുകൊണ്ട് പിന്നണിയിൽ കഴിയുന്നു. കുട്ടികളെ സ്വതന്ത്രരായി വിട്ടാൽ അവർ തിരഞ്ഞെടുത്തേക്കാവുന്ന പ്രവർത്തനക്രമത്തെ അടിസ്ഥാനമാക്കി ഗ്രേഡുകൾ നിശ്ചയിക്കുന്നു. ഏതു ഗ്രേഡിലെ പ്രവർത്തനങ്ങളിലേർപ്പെടുന്നതിനും കുട്ടികൾക്ക് സ്വാതന്ത്യ്രമുണ്ട്.
മോണ്ടിസോറി സ്കൂളിൽ, വായിക്കുന്നതിന് മുമ്പാണ് എഴുതാൻ പഠിക്കുന്നത്. ചാലകവികാസം മാനസികവികാസത്തേക്കാൾ മുമ്പു നടക്കുന്നു എന്ന തത്ത്വമാണ് ഇതിന് ആധാരം. ചാലകസ്മൃതി(motor memory)[16]യുടെ സഹായത്തോടെ എഴുത്തു പഠിപ്പിക്കുന്നതിനാൽ കണ്ണടച്ചുകൊണ്ട് എഴുതുന്നതിനുപോലും കുട്ടികൾക്കു കഴിയും. അക്ഷരങ്ങളുടെ രൂപം പഠിക്കുന്നതിനു മണൽക്കടലാസിൽ വെട്ടിവച്ചിട്ടുള്ള അക്ഷരമാതൃകകളുടെമേൽ കുട്ടികൾ വിരലോടിക്കുന്നു. കടലാസിന്റെ പരുപരുപ്പ്, വിരലോട്ടത്തെ നിയന്ത്രിക്കുന്നു. അക്ഷരരൂപം പഠിക്കുന്നതോടെ അതിന്റെ ശബ്ദം അവരെ പഠിപ്പിക്കുന്നു. വെട്ടിവച്ച അക്ഷരങ്ങൾ ചേർത്ത് വാക്കുകളുണ്ടാക്കുന്നു. ഈ പ്രാരംഭപരിശീലനങ്ങൾ ലഭിച്ച കുട്ടി അറിയാതെ തന്നെ എഴുതിത്തുടങ്ങും. അവനിൽ എഴുത്തു പൊട്ടിപ്പുറപ്പെടുന്നു. അക്ഷരങ്ങൾ എഴുതാൻ പഠിച്ചു കഴിഞ്ഞാൽ വാക്കുകൾ എഴുതിയിട്ടുള്ള കാർഡുകൾ നൽകുന്നു. കുട്ടി അതിലെ അക്ഷരങ്ങൾ ഓരോന്നായി വായിക്കുന്നു. അവയെ ചേർത്ത് തുടർച്ചയായി വേഗത്തിൽ വായിക്കുവാൻ ആവശ്യപ്പെടുന്നതോടെ ഒറ്റതിരിഞ്ഞു നിൽക്കുന്ന അക്ഷരങ്ങളുടെ നിരർഥകശബ്ദങ്ങൾ കൂടിച്ചേർന്ന് സാർഥകമായ പദങ്ങളായിത്തീരുന്നകാര്യം അവന് അനുഭവപ്പെടുന്നു.
അർഥബോധത്തോടെ വായിക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നതിന് ആജ്ഞകൾ എഴുതിയിട്ടുള്ള കാർഡുകൾ നല്കുകയും ആജ്ഞാനുസരണമുള്ള കൃത്യം ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. വായന ആശയഗ്രഹണത്തിനുള്ളതാകയാൽ അത് മാനസിക പ്രവർത്തനമാകണം; വാച്യമായാൽ പോരാ.
കണക്ക് തുടങ്ങിയ വിഷയങ്ങൾക്കും കളിരീതിയിലുള്ള അധ്യയനമാർഗങ്ങൾ സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉയർന്ന ക്ലാസ്സുകളിൽ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിനുള്ള രീതികളും മോണ്ടിസോറി ആവിഷ്കരിച്ചു. എന്നാൽ അവ അധികം പ്രചരിച്ചു കാണുന്നില്ല. 2 മുതൽ 7 വരെ വയസ്സുള്ള കുട്ടികൾക്കായുള്ള വിദ്യാലയങ്ങളിലാണ് മോണ്ടിസോറിരീതിക്ക് കൂടുതലായി പ്രചാരമുള്ളത്.
ഡാൾട്ടൻ പദ്ധതി
തിരുത്തുക(Dalton plan)
മോണ്ടിസോറിയുടെ സിദ്ധാന്തങ്ങളിൽനിന്നും പ്രചോദനം നേടിയ ഹെലൻ പാർക്ക്ഹേസ്റ്റ് (Helon parkhurst) 1920-ൽ മാസച്യൂസെറ്റ്സിൽ ഡാൾട്ടൻ (ഉമഹീി) നഗരത്തിലെ ഹൈസ്കൂളിൽ നടപ്പാക്കിയ വ്യക്തികേന്ദ്രിതാധ്യാപനരീതിയാണ് ഡാൾട്ടൻ പദ്ധതി അഥവാ ഡാൾട്ടൻ ലാബറട്ടറി പദ്ധതി.[17]
ഇവിടെ ക്ലാസുകൾക്കുപകരം ഗ്രന്ഥങ്ങൾ, അധ്യയനോപകരണങ്ങൾ എന്നിവകൊണ്ട് സജ്ജീകൃതമായ ഓരോ പരീക്ഷണശാല, ഓരോ വിഷയത്തിനുമുണ്ട്. നിശ്ചിത സമയങ്ങളിൽ അതതു വിഷയത്തിന്റെ അധ്യാപകൻ അവിടെ സന്നിഹിതനായിരിക്കും.
ഓരോ വർഷവും കുട്ടികൾ ചെയ്തുതീർക്കേണ്ട പഠനപ്രവർത്തനങ്ങൾ മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നു. ഇതിനെ കോൺട്രാക്റ്റ് (contract) അതായത് കരാർ എന്നു പറയുന്നു. കോൺട്രാക്റ്റിനെ ഓരോ മാസത്തേക്കുള്ള അസൈൻമെന്റ് (assignment)കളായും ഓരോ ആഴ്ചത്തേക്കുള്ള പീരിയേഡ് (period)കളായും ഓരോ ദിവസത്തേക്കുള്ള യൂണിറ്റുകളായും വിഭജിച്ചിരിക്കും. ഇവ നിർദിഷ്ട സമയത്തിനുള്ളിൽ ചെയ്തുതീർത്തിരിക്കണം. എന്തെല്ലാം, എപ്പോഴെല്ലാം പഠിക്കുന്നു എന്നതു കുട്ടിയുടെ ഇഷ്ടത്തിനു വിടുന്നു.
അധ്യാപകൻ പഠിപ്പിക്കുന്നില്ല. ആവശ്യമുള്ള സഹായം നല്കുകമാത്രം ചെയ്യുന്നു. പൂർവാഹ്നം കുട്ടികൾക്കു ഇഷ്ടമുള്ളതു പഠിക്കുന്നതിനും അപരാഹ്നം ഒന്നിച്ചു ചേർന്നുള്ള സമ്മേളനങ്ങൾക്കും വിനിയോഗിക്കുന്നു.
ഓരോ കുട്ടിയുടേയും പുരോഗതി കൃത്യമായി അളന്നു ഗ്രാഫുകളായി രേഖപ്പെടുത്തുന്നു. കരാർ അനുസരിച്ച് പുരോഗമിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഇതു സഹായകമാണ്.
വിനെറ്റ്ക പദ്ധതി
തിരുത്തുക(winnetka plan)
ഈ പദ്ധതിയുടെ ജനയിതാവ് കാൾട്ടൻ വാഷ്ബേൺ (Carleton Washburne) ആണ്. ഇതിലെ പാഠപദ്ധതിക്ക് രണ്ടു വിഭാഗങ്ങളുണ്ട്. ഒന്നാം വിഭാഗത്തിൽ വായന, എഴുത്ത്, ഗണിതം തുടങ്ങിയ അടിസ്ഥാനവിഷയങ്ങളും രണ്ടാം വിഭാഗത്തിൽ സർഗാത്മകവും സാമൂഹികവുമായ പ്രവർത്തനങ്ങളും മോഡൽ നിർമ്മാണം, പ്രോജക്ടുകൾ, നാടകം, സംഗീതം, കളികൾ മുതലായവയും ഉൾപ്പെടുന്നു. ഒന്നാം വിഭാഗം നിർബന്ധിതവും രണ്ടാം വിഭാഗം ഐച്ഛികവുമാണ്.[18]
പാഠവസ്തുക്കളെ ക്രമമായി തരംതിരിച്ച യൂണിറ്റുകളായി വിഭജിച്ചിരിക്കും. ഓരോ യൂണിറ്റിനേയും ലക്ഷ്യം (goal) എന്നു വിളിക്കുന്നു. സ്വയം ബോധകഗ്രന്ഥങ്ങളുടെ സഹായത്തോടെ പടിപടിയായി സ്വയം ശിക്ഷണം നടത്തുന്നു. ഓരോ വിഷയത്തിലും ഒരു യൂണിറ്റിൽ നിന്ന് അടുത്ത യൂണിറ്റിലേക്കും ഒരു ഗ്രേഡിൽ നിന്ന് അടുത്ത ഗ്രേഡിലേക്കും കയറ്റം നൽകുന്നു. അതിനാൽ ഒരു കുട്ടി വിവിധ വിഷയങ്ങളിൽ വിവിധ ഗ്രേഡുകളിലായിരിക്കും പഠിക്കുക. ഓരോ വിഷയത്തിലും വ്യക്തിയുടെ കഴിവിനൊത്ത് പുരോഗമിക്കാം.
പ്രായോജനാ രീതി
തിരുത്തുക(project method)
ജെ.എ. സ്റ്റീവൻസന്റെ (J.A.Stevenson) അഭിപ്രായത്തിൽ പ്രശ്നബദ്ധമായ ഒരു കൃത്യം യഥാർഥ പരിതഃസ്ഥിതിയിൽ പൂർണമാക്കുക എന്നതത്രെ പ്രായോജനാരീതി. കിൽപാട്രിക് (kilpatrick)[19] ആകട്ടെ, ഇതിനെ സാമൂഹിക പരിസരത്തിൽ ശ്രദ്ധാപൂർവം നടത്തുന്ന സോദ്ദേശ്യപ്രവർത്തനം എന്നു നിർവചിക്കുന്നു.[20]
സ്കൂളിൽവച്ച് തത്ത്വങ്ങളും സിദ്ധാന്തങ്ങളും പഠിച്ചിട്ട് അവയെ പുതിയ സംസ്ഥിതികളിൽ പ്രയോഗിക്കുകയല്ല ചെയ്യുന്നത്. പുതിയ പ്രശ്നപരമായ സംസ്ഥിതികളെ കൈകാര്യം ചെയ്തു ക്രിയാത്മകമായ പ്രവർത്തനങ്ങളിൽക്കൂടി തത്ത്വങ്ങളിൽ എത്തിച്ചേരുകയാണ്. അങ്ങനെയുള്ള പഠനം അർഥവത്തും പ്രയോഗക്ഷമവും ചിരസ്ഥായിയുമായിരിക്കും. പ്രശ്നങ്ങൾ തിരഞ്ഞെടുക്കുക, ലക്ഷ്യങ്ങൾ സ്പഷ്ടമാക്കുക, പ്രവർത്തനപദ്ധതി ആസൂത്രണം ചെയ്യുക, അതു നടപ്പിലാക്കുക എന്നിവയെല്ലാം കുട്ടികൾ തന്നെ ചെയ്യുന്നു. അധ്യാപകൻ ഉപദേശകനും മാർഗദർശകനുമായി വർത്തിക്കുന്നു.
കിൽപാട്രിക്, പ്രോജക്റ്റുകളെ നാലായി തരംതിരിക്കുന്നു: ഉത്പാദന (production) പ്രോജക്റ്റ്, പഠന (study) പ്രോജക്റ്റ്, ഉപഭോക്തൃ (consumer) പ്രോജക്റ്റ്, പ്രശ്ന (problem) പ്രോജക്റ്റ്. എന്നാൽ കോളിങ്സിന്റെ വിഭജനം കഥാപ്രോജക്റ്റ്, ഹസ്തപ്രോജക്റ്റ്, കളി പ്രോജക്റ്റ്, പഠനയാത്രാ പ്രോജക്റ്റ് എന്നിങ്ങനെയാണ്.
സാധാരണയായി വിദ്യാലയങ്ങളിൽ നടത്താവുന്ന പ്രോജക്റ്റുകളുടെ കൂട്ടത്തിൽ തപാലാപ്പീസ്, സഹകരണ സ്റ്റോർ, കാഴ്ചബംഗ്ലാവ്, തോട്ടം, കളിസ്ഥലം, റോഡ് എന്നിവയുടെ നിർമ്മാണം, ആരോഗ്യസർവേ, നാടകാവതരണം മുതലായവ ഉൾപ്പെടുത്താം. പ്രോജക്റ്റുകളുടെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതികൾപോലും തയ്യാറാക്കപ്പെട്ടിട്ടുണ്ട്.
അന്വേഷണ രീതി
തിരുത്തുക(Heuristic Method)
കുട്ടിക്ക് ഒന്നും പറഞ്ഞുകൊടുക്കരുത്, എല്ലാം അവൻ തന്നെ കണ്ടുപിടിക്കണം' എന്നാണ് അന്വേഷണരീതിയുടെ ജനയിതാവായ ആംസ്റ്റ്രോങ് (Armstrong) പറയുന്നത്. കണ്ടുപിടിക്കുകഎന്നർഥമുള്ള വലൌൃശസെലശി എന്ന ഗ്രീക് പദത്തിൽ നിന്നാണ് heuristic എന്ന പദം ഉദ്ഭവിച്ചത്. അന്വേഷകന്റെ സ്ഥാനത്ത് കുട്ടിയെ അവരോധിച്ച് സ്വന്തം യത്നംകൊണ്ട് ആവശ്യമുള്ള അറിവ് കണ്ടുപിടിക്കുന്നതിന് അവനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ രീതി. കുട്ടി അന്വേഷകനായി പ്രവർത്തിച്ച് പ്രശ്നപരിഹാരത്തിലെത്തിച്ചേരുന്നു.[21]
ഈ രീതിയിൽക്കൂടി നിരീക്ഷണ പരീക്ഷണങ്ങൾ, യുക്തി, ചിന്ത, അന്വേഷണ-ഗവേഷണ മനഃസ്ഥിതി എന്നിവ പരിപോഷിപ്പിക്കുന്നതിന് സാധിക്കും. ശാസ്ത്രീയ ഗവേഷണപരവും സത്യാന്വേഷണപരവുമായ പ്രവർത്തനങ്ങൾ ആവശ്യമായ എല്ലാ വിഷയങ്ങളിലും അന്വേഷണ രീതിയിലുള്ള പഠനം സ്വീകാര്യമാണ്.
കളി രീതി
തിരുത്തുക(play way)
കളിരീതി എന്ന പ്രയോഗം കാൾഡ്വെൽ കുക്ക് (Caldwell Cook) ആണ് ആദ്യമായി പ്രയോഗിച്ചതും പ്രചരിപ്പിച്ചതും. കളിരീതി സക്രിയമായ പഠനരീതിയാണ്. കളിക്കല്ല, രീതിക്കാണ് ഇവിടെ പ്രാധാന്യം. ഗൌരവമുള്ള പ്രവർത്തനങ്ങളെ വെറും വിനോദങ്ങളായി തരംതാഴ്ത്തുകയല്ല, കഠിനമായ ജോലിയിൽ ആഹ്ലാദത്തിന്റെ അംശം കൂട്ടിച്ചേർക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ശിശുവിദ്യാഭ്യാസത്തിൽ കളിക്കുള്ള സ്ഥാനം നേരത്തെ അംഗീകൃതമായിട്ടുണ്ട്. കിന്റർഗാർട്ടനിലും മോണ്ടിസോറി സ്കൂളിലും നഴ്സറി സ്കൂളിലും കളിരീതിയിലാണ് അധ്യയനം സംവിധാനം ചെയ്തിട്ടുള്ളത്. കുട്ടികൾ പ്രവർത്തിച്ചുകൊണ്ടു പഠിക്കുന്നതിനും കളിരീതി അനുയോജ്യമാണ്. ക്രിയാപ്രധാനരീതികളിലെല്ലാം കളിയുടെ അംശം കാണാം. ഇതിന് ഉത്തമോദാഹരണങ്ങളാണ് പ്രോജക്റ്റ്, സ്കൌട്ടിങ് മുതലായവ.[22]
വസ്തുമൂലക രീതി
തിരുത്തുക(Object Method)
വാക്കുകൾക്കു മുൻപേ വസ്തുക്കൾ എന്നാണ് പെസ്തലോത്സി പറഞ്ഞിട്ടുള്ളത്. മൂർത്ത(concrete)ത്തിൽ നിന്ന് അമൂർത്ത(abstract) ത്തിലേക്ക് എന്ന ബോധനതത്ത്വമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഒരു വസ്തുവിനെപ്പറ്റി പഠിപ്പിക്കുന്നതിന് ആ വസ്തുതന്നെ അവതരിപ്പിക്കുകയാണ് വെറും വാചികവിവരണത്തേക്കാൾ ഫലപ്രദം. അതേ വസ്തു അവതരിപ്പിക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ അതിനെ പ്രതിനിധാനം ചെയ്യുന്ന മോഡലുകൾ, ചിത്രങ്ങൾ എന്നിവയെങ്കിലും ഉപയോഗിക്കണം. ഇങ്ങനെ ഏതെങ്കിലും തരത്തിലുള്ള വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ബോധനത്തെ വസ്തുമൂലകരീതി എന്നു പറയുന്നു.[23]
വസ്തുക്കൾ ക്ളാസ്സിൽ കൊണ്ടുവരുവാൻ പ്രയാസമുണ്ടെങ്കിൽ കുട്ടികളെ വസ്തുക്കളുടെ അടുത്തേക്ക് കൊണ്ടുപോവുകയാണ് വേണ്ടത്. പഠനയാത്രകളുടെ പ്രാധാന്യം ഇക്കാര്യത്തിൽ തെളിഞ്ഞുകാണാം.
ചർച്ചാ രീതി
തിരുത്തുക(Discussion Method)
ക്ലാസ്സ്-സമൂഹത്തെ ആകെക്കൂടി സജീവമായി പങ്കെടുപ്പിച്ചുകൊണ്ടുള്ള ബോധനരീതികളിൽ ചർച്ചയ്ക്കു വളരെ പ്രധാനമായ സ്ഥാനമുണ്ട്. ഒരു പ്രശ്നത്തെ സംബന്ധിച്ച് എല്ലാവരുംകൂടി പര്യാലോചിച്ച് അഭിപ്രായങ്ങൾ കൈമാറ്റം ചെയ്ത് നിഗമനങ്ങളിലോ തീരുമാനങ്ങളിലോ എത്തുകയാണ് ചർച്ചയുടെ ഉദ്ദേശ്യം
ചർച്ചകൾ ഔപചാരികമാകാം, അനൌപചാരികമാകാം. ചർച്ചയുടെ നേതൃത്വം വഹിക്കുന്നത് അധ്യാപകനോ വിദ്യാർഥിയോ ആകാം.
ഔപചാരിക ചർച്ചകളുടെ പ്രധാന രൂപങ്ങൾ സെമിനാർ, സിംപോസിയം, പാനൽ ചർച്ച എന്നിവയാണ്. ഇവ ഉയർന്ന ക്ളാസ്സുകളിൽ നടപ്പിലാക്കാവുന്നതാണ്.[24]
പ്രശ്നപരിഹരണ രീതി
തിരുത്തുക(Problem-Solving Method)
കുട്ടികൾ അഹംബദ്ധരായി അവരുടെ ധിഷണാശക്തിയെ ഊർജ്ജിതമായി പ്രവർത്തിപ്പിച്ച് വിജ്ഞാനവും നൈപുണ്യങ്ങളും വർധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഒരു മാർഗ്ഗമാണ് ഈ രീതി.[25]
ഒരു ലക്ഷ്യമുണ്ടായിരിക്കുകയും അതു പ്രാപിക്കുവാൻ പ്രേരിതനായിരിക്കുകയും ചെയ്യുക, ലക്ഷ്യപ്രാപ്തിക്കു പ്രതിബന്ധമുണ്ടാകുക, പ്രതിബന്ധം തരണം ചെയ്തു ലക്ഷ്യത്തെ പ്രാപിക്കുന്നതിന് ലഭ്യമായ ഉപാധികൾ അപര്യാപ്തമായിരിക്കുക-എന്നീ കാര്യങ്ങൾ ചേർന്നുവരുമ്പോഴാണ് ഒരു പ്രശ്നാവസ്ഥ സംജാതമാകുന്നത്. പ്രശ്നങ്ങൾ രണ്ടുതരമുണ്ട്. പ്രായോഗികവും ബുദ്ധിപരവും. ആദ്യത്തേത് എന്തെങ്കിലും ചെയ്യുന്നതിനും രണ്ടാമത്തേത് എന്തെങ്കിലും അറിയുന്നതിനുമുള്ള യത്നവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ജോൺ ഡ്യൂയി (John Dewey) പ്രശ്ന പരിഹരണ പ്രക്രിയയെ അഞ്ചു ഘടകങ്ങളായി അപഗ്രഥിക്കുന്നു.
പ്രശ്ന ബോധം
തിരുത്തുകഒരു ലക്ഷ്യത്തിലേക്കുള്ള ഗതി തടയപ്പെടുകയും സാധാരണ പരിഹാരമാർഗങ്ങൾ പരാജയപ്പെടുകയും ചെയ്യുമ്പോൾ പ്രശ്നസ്ഥിതി അനുഭവപ്പെടുന്നു.
പ്രശ്ന വിശദീകരണം
തിരുത്തുകലഭ്യമായ ദത്ത(data)ങ്ങളും പ്രാപിക്കേണ്ട ലക്ഷ്യവും വ്യക്തമാകേണ്ടിയിരിക്കുന്നു. ഉള്ളതും (ദത്തങ്ങൾ) വേണ്ടതും (ലക്ഷ്യം) തമ്മിലുള്ള വിടവ് നികത്തലാണ് പ്രശ്നപരിഹരണം.
പരികല്പനാ രൂപവത്കരണം
തിരുത്തുകപ്രശ്നപരിഹാരത്തിനുള്ള താത്കാലിക പരിഹാരങ്ങൾ അഥവാ പരികല്പനകൾ (hypotheses) രൂപവത്കരിക്കുക.[26] ഇതു വ്യക്തിയുടെ അനുഭവസമ്പത്ത്, ബുദ്ധിപരമായ പക്വത, സ്ഥിതിയുടെ ഗതികസംരചന (dynamic structure)[27] എന്നിവയെ ആശ്രയിച്ചിരിക്കും.
പരികല്പനകളുടെ പരിഗണന
തിരുത്തുകപരികല്പനകളുടെ സ്വീകാര്യത സസൂക്ഷ്മം പരിശോധിച്ച് മൂല്യനിർണയം ചെയ്ത് അവസാനം അനുയോജ്യമായവ സ്വീകരിക്കുക; അല്ലാത്തവ നിരാകരിക്കുക.
പരികല്പനകളുടെ പരീക്ഷണം
തിരുത്തുകനിഗമനം ശരിയാണോ എന്നു ബോധ്യപ്പെടുന്നതിനായി അനുഭവങ്ങളുമായി ഒത്തുനോക്കുക. ഇതിന് സാധാരണ നിരീക്ഷണം മുതൽ നിയന്ത്രിത പരീക്ഷണംവരെ ആവശ്യമായിത്തീരാം.
കുട്ടികളുടെ ദൈനംദിന വിദ്യാലയ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി അവരെ ബോധവാന്മാരാക്കി സ്വയം പ്രശ്നപരിഹരണത്തിന് അവരെ പ്രോത്സാഹിപ്പിച്ച് ബുദ്ധിപരമായ അഭ്യാസങ്ങൾക്കു സൌകര്യം നല്കുന്ന അധ്യാപനമാണ് ഇവിടെ ഉത്തമമായിട്ടുള്ളത്.
വികസന രീതി
തിരുത്തുക(Development Method)
ഈ രീതിയുടെ ധർമം പ്രത്യക്ഷമാർഗ്ഗത്തിൽക്കൂടി സംപ്രത്യയങ്ങളും (concept) വിധികളും രൂപവത്കരിക്കുന്നതിന് കുട്ടികളെ സഹായിക്കുകയാണ്. ഇതിന് രണ്ടു രൂപങ്ങളുണ്ട്, ആഗമ(inductive)രീതിയും നിഗമന(deductive)രീതിയും. വിശേഷാനുഭവങ്ങളിൽ (particular) നിന്ന് സാമാന്യവിധികൾ (generalisations) രൂപവത്കരിക്കുന്ന പ്രക്രിയയാണ് ആഗമം. നിഗമനരീതിയിലാവട്ടെ സാമാന്യവിധികളിൽനിന്നു വിശേഷവിധികളിൽ എത്തിച്ചേരുന്നു.[28]
ആഗമവികാസ രീതി
തിരുത്തുക(Inductive Development)
ഇത് ഹെർബാർട്ടും (Herbart) അനുയായികളും കൂടി ആവിഷ്കരിച്ചിട്ടുള്ളതാണ്.[29] ചില നിശ്ചിത യൌക്തികഘട്ടങ്ങൾ (formal stage) അടങ്ങിയ ഒരു ഏകകമാണ് ആഗമവികാസപാഠം. ഇതിന്റെ നാലു ഘട്ടങ്ങളെ സ്പഷ്ടത (clearness), സാഹചര്യം (association), വ്യവസ്ഥ (system), സമ്പ്രദായം (method) എന്നിങ്ങനെ വിഭജിച്ചിരുന്നു. സില്ലർ (Ziller) സ്പഷ്ടതയെ പ്രാരംഭം, അവതരണം എന്നു രണ്ടായി തിരിച്ചു. റൈൻ (Rein), ഉദ്ദേശ്യപ്രസ്താവന എന്നൊരു ഉപഘട്ടം കൂട്ടിച്ചേർത്തു. ഇപ്പറഞ്ഞ ഭേദഗതികളോടെ ഹെർബാർട്ടിയൻ വികാസപാഠത്തിൽ താഴെപറയുന്ന ഘട്ടങ്ങൾ രൂപംകൊണ്ടു.
പ്രാരംഭം
തിരുത്തുകപഠിക്കുവാൻ പോകുന്ന പ്രകരണത്തെ സംബന്ധിച്ചു വിദ്യാർഥിയുടെ മനസ്സിലുള്ള ആശയങ്ങളെ വെളിയിൽ കൊണ്ടുവരികയെന്നതാണ് ഈ ഘട്ടത്തിന്റെ മുഖ്യോദ്ദേശ്യം. പുതിയ പഠനാനുഭവത്തെ ഉൾക്കൊള്ളുന്നതിനു സഹായകമായ പൂർവബോധസമുച്ചയത്തെ (Apperceptive mass) സജ്ജമാക്കുന്നു.[30] ചോദ്യങ്ങൾ മുഖേന കുട്ടികളുടെ പൂർവാനുഭവങ്ങളെ തട്ടിയുണർത്തുന്നു.
ഉദ്ദേശ്യ പ്രസ്താവന
തിരുത്തുകപൂർവജ്ഞാനവും പുതിയ പാഠവും തമ്മിൽ ബന്ധിപ്പിച്ച് പുതിയ പാഠവസ്തുവിനെപ്പറ്റി ആവശ്യബോധം കുട്ടികളിലുളവാക്കുകയാണ് ഈ ഉപഘട്ടത്തിന്റെ ഉദ്ദേശ്യം.
പാഠാവതരണം
തിരുത്തുകസാമാന്യവത്കരണമോ വിധിരൂപവത്കരണമോ നടത്തുന്നതിനു നിദാനമായ പുതിയ പാഠാനുഭവങ്ങൾ അവതരിപ്പിക്കുന്നു. ഇതിനു വിവിധ ബോധനരീതികൾ സ്വീകരിക്കാം. പ്രത്യക്ഷാനുഭവങ്ങളോ പരോക്ഷാനുഭവങ്ങളോ ആകാവുന്നതാണ്.
താരതമ്യവും നിഷ്കർഷണവും
തിരുത്തുകവിവിധ ആശയങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ മനസ്സിലാക്കി താരതമ്യ വിവേചനം ചെയ്ത് സാരാംശങ്ങൾ നിഷ്കർഷിക്കുന്നു.
സാമാന്യ നിഗമനം
തിരുത്തുകപഠനാനുഭവങ്ങളുടെ വെളിച്ചത്തിലുള്ള വിധി രൂപവത്കരണമാണ് ഇവിടെ നടക്കുന്നത്. ഇത് നിർവചനം, തത്ത്വം, സിദ്ധാന്തം, നിയമം, പ്രമേയം എന്നീ രൂപങ്ങളിലാകാം. പാഠവസ്തുവിന്റെ അന്തിമ പുനഃസംഘടനയാണിത്. ശരിയായി പുരോഗമിക്കുന്ന പാഠത്തിൽ ഓരോ ഘട്ടവും ക്രമാനുഗതമായി കടന്ന് അറിയാതെ തന്നെ കുട്ടികൾ സാമാന്യനിഗമനത്തിലെത്തിച്ചേരും. ഒരുവിധത്തിൽ പറഞ്ഞാൽ ഉദ്ദേശ്യപ്രസ്താവനയിൽ അടങ്ങിയിരിക്കുന്ന പ്രശ്നത്തിന്റെ ഉത്തരമായിരിക്കും ഈ ഘട്ടത്തിൽ ആവിർഭവിക്കുന്നത്.
പ്രയോഗം
തിരുത്തുകസാമാന്യനിഗമനത്തെ വിശേഷവസ്തുക്കളിലേക്ക് പ്രവർത്തിപ്പിക്കുക, പ്രത്യേക സ്ഥിതികളിൽ പ്രയോഗിക്കുക എന്നതാണ് ഇവിടെ ചെയ്യുന്നത്.
നിഗമനവികാസ രീതി
തിരുത്തുക(Deductive Development )
പൊതുതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക വസ്തുതകളെ വിശദീകരിക്കുകയും പൊതുതത്ത്വങ്ങളിൽ നിന്നുള്ളഅനുമാനങ്ങൾ വഴി അനുഭവങ്ങളെ മുൻകൂട്ടി കാണുകയുമാണ് നിഗമനത്തിന്റെ ധർമം.[31]
ആഗമരീതിയിൽതന്നെ നിഗമനവും ഉൾപ്പെടുന്നുണ്ട്. ഒരു പ്രശ്നം പരിഹരിക്കേണ്ടിവരുമ്പോൾ അതിനാവശ്യമുള്ള സാമാന്യതത്ത്വം അന്വേഷിക്കേണ്ടതാണ്. വിശേഷവസ്തുതയെ സാമാന്യതത്ത്വവുമായി ബന്ധിപ്പിച്ചുകഴിഞ്ഞാൽ അത് അനുമാനത്തിലേക്ക് നയിക്കുന്നു. അറിവിൽപെട്ട മറ്റു വസ്തുക്കളുമായി ഒത്തുനോക്കി അനുമാനത്തിന്റെ സാധുത പരീക്ഷിക്കുകയെന്നതാണ് അടുത്തപടി. അങ്ങനെ പ്രശ്നം, സാമാന്യതത്ത്വം, അനുമാനം, സത്യാപനം എന്നീ പടികളിൽകൂടിയാണ് നിഗമനപാഠം കടന്നു പോകുന്നത്.
പഠനപ്രക്രിയയിലെ മാനസികപ്രവർത്തനങ്ങളിൽ മുഖ്യം, വിശ്ളേഷണസംശ്ളേഷണങ്ങളാണ്. ആഗമ-നിഗമനരീതിയിലും ഇതുതന്നെയാണ് കാണുന്നത്. അതിനാൽ ഈ രീതിയെ വിശ്ളേഷണ-സംശ്ളേഷണ (analytic-synthetic)[32] രീതിയെന്നോ മനഃശാസ്ത്ര രീതിയെന്നോ (psychological) പറയാം.[33]
ഏകക രീതി
തിരുത്തുക(Unit Method)
അധ്യാപനത്തിന്റെ സംഘാടനം രണ്ടു വിധമാകാം.
- പാഠനിർദ്ദേശ-പഠന-കഥന-ശോധനരീതി
- ഏകകരീതി. ഏകകം (യൂണിറ്റ്) എന്ന പദത്തിൽ ഏകത്വം, ഐക്യം, സാകല്യം എന്നീ ആശയങ്ങൾ ഉൾപ്പെടുന്നു.[34]
ഏകകപ്രരൂപങ്ങൾ മുഖ്യമായി രണ്ടാണ്-പാഠവസ്തു ഏകകങ്ങളും (subject-matter unit) അനുഭവ ഏകകങ്ങളും (experience unit).[35] പാഠവസ്തു ഏകകങ്ങൾ രണ്ടുവിധമാകാം-പ്രകരണം-ഏകകവും (ഉദാ. ഗതാഗതമാർഗങ്ങൾ) പ്രശ്ന-ഏകകവും (ഉദാ. പഠനാനന്തരം തൊഴിൽ സമ്പാദിക്കാൻ എന്തു ചെയ്യണം). അനുഭവ-ഏകകം കുട്ടികളുടെ സ്വന്തം പ്രശ്നത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പഠനാനുഭവങ്ങളാണ് (ഉദാ. വിദ്യാലയത്തിൽ ഒരു വർത്തമാനപത്രം എങ്ങനെ ആരംഭിക്കാം?). മേല്പറഞ്ഞ രണ്ടു ഏകക പ്രരൂപങ്ങളും തമ്മിലുള്ള വ്യത്യാസം, ഒന്ന് സംഘടിത പാഠവസ്തുവിനെയും മറ്റേത് വിദ്യാർഥിയുടെ സമഗ്രാനുഭവത്തേയും ഊന്നുന്നു എന്നതാണ്. ഒന്നിൽ മറ്റേതിന്റെ അംശങ്ങൾ കലർന്നിരിക്കും. അധ്യാപനത്തിൽ രണ്ടിനും സ്ഥാനവുമുണ്ട്.
കൊച്ചുകുട്ടികൾ, വിദ്യാഭ്യാസം ആരംഭിക്കുന്നവർ എന്നിവർക്ക് സാമാന്യവിദ്യാഭ്യാസത്തിൽ അനുഭവ-ഏകകകങ്ങളാണ് കൂടുതൽ അനുയോജ്യം. പക്വത സിദ്ധിച്ചവർക്കും വിദഗ്ദ്ധപഠനത്തിന് പ്രാപ്തിയുള്ളവർക്കും നിർദ്ദേശ-പഠന-കഥന-ശോധനരീതികൊണ്ടാണ് കൂടുതൽ പ്രയോജനമുണ്ടാകുക. രണ്ടിലും അധ്യാപകരുടെ യോഗ്യത ഒരു നിർണായക ഘടകമത്രെ.
ഉദ്ദേശ്യാധിഷ്ഠിത ബോധനം
തിരുത്തുക(Objective Based Teaching)
വ്യവഹാര മനഃശാസ്ത്ര(Objective Based Teaching)ത്തിനു[36] വർധമാനമായ അംഗീകാരം ലഭിച്ചതോടുകൂടി അതു വിദ്യാഭ്യാസത്തിലും സ്വാധീനം ചെലുത്തിത്തുടങ്ങി. തത്ഫലമായി നിരീക്ഷണവിധേയമായ വ്യവഹാരങ്ങളായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ എന്ന ചിന്താഗതി പ്രബലപ്പെട്ടു വന്നു. അസ്പഷ്ടവും അപ്രായോഗികവുമായ ലക്ഷ്യങ്ങൾക്ക് പിമ്പേ പോകുന്നതിനു പകരം പ്രായോഗികവും പ്രാപ്യവും വസ്തുനിഷ്ഠവുമായ ലക്ഷ്യങ്ങളെ മുൻനിറുത്തിയാവണം വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സംവിധാനം ചെയ്യുക. വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം, അഭിലഷണീയമായ ചില വ്യവഹാരപരിവർത്തനങ്ങൾ വിദ്യാർഥികളിൽ വരുത്തുകയായിരിക്കണം. ഈ ഉദ്ദേശ്യങ്ങളെ മുൻ നിർത്തി പഠനാനുഭവങ്ങൾ ആസൂത്രണം ചെയ്യുന്നു. ഉദ്ദിഷ്ടപഠനം (വ്യവഹാരപരിവർത്തനം) നടന്നോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു. അമേരിക്കൻ മനഃശാസ്ത്രജ്ഞനായ ബഞ്ചമിൻ ബ്ലൂമും (Benjamin Bloom)[37] സഹപ്രവർത്തകരും കൂടി അനേകവർഷങ്ങളായി നടത്തിയ പഠനങ്ങളിലൂടെ വിദ്യാഭ്യാസോദ്ദേശ്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ബ്ലൂമിന്റെ ടാക്സോണമി ഒഫ് എഡ്യൂക്കേഷണൽ ഓബ്ജകറ്റീവ്സ് (Taxonomy of Educational Objectives)[38] ആണ് ഉദ്ദേശ്യാധിഷ്ഠിതബോധനത്തിന് ആധാരമായ മുഖ്യഗ്രന്ഥം. ഉദ്ദേശ്യങ്ങളെ മൂന്നു മണ്ഡലങ്ങളായിട്ടാണ് ബ്ലൂം തരംതിരിച്ചിരിക്കുന്നുത്-സംജ്ഞാനാത്മകം (cognitive),[39] വികാരാത്മകം (affective), മനശ്ചാലകം (psychomotor).[40] ഇവയെ ആധാരമാക്കിക്കൊണ്ട് ഭാരതീയ വിദ്യാഭ്യാസ പ്രവർത്തകർ തിരഞ്ഞെടുത്തിട്ടുള്ള ബോധനോദ്ദേശ്യങ്ങൾ താഴെ പറയുന്നവയാണ്: ജ്ഞാന (knowledge) സമ്പാദനം, ധാരണാ (undrstanding) വികസനം, പ്രയോഗസാമർഥ്യ (application) വികസനം, വൈദഗ്ദ്ധ്യ (skill) സമ്പാദനം, അഭിഭാവ (attitude) രൂപവത്കരണം, അഭിരുചി (interest) സംവർധനം.
വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം പഠനമാണ്. പഠിക്കുന്നത് കുട്ടിയാണ്. അതിനാൽ ബോധനോദ്ദേശ്യങ്ങൾ കുട്ടികളിലുള്ള വ്യവഹാര പരിവർത്തനങ്ങളായിരിക്കണം. ഇതാണ് പുതിയ സമീപനം. ഉദാഹരണമായി ഇന്ത്യൻ സംസ്ഥാനങ്ങളെപ്പറ്റിയുള്ള ഒരു പാഠത്തിന്റെ ഉദ്ദേശ്യങ്ങളിലൊന്ന് ജ്ഞാനസമ്പാദനമാകാം. ഈ ഉദ്ദേശ്യത്തെ ഇങ്ങനെ പ്രസ്താവിക്കാം: 'വിദ്യാർഥി ഇന്ത്യൻ സംസ്ഥാനങ്ങളെ സംബന്ധിച്ച അറിവു സമ്പാദിക്കുന്നു'. എന്നാൽ ഈ ഉദ്ദേശ്യപ്രസ്താവന തന്നെയും അവ്യക്തമാണ്. കുട്ടികൾക്ക് മുമ്പില്ലാത്ത അറിവ് പഠനഫലമായി ലഭിക്കുന്നുവെന്നാണല്ലോ ഈ ഉദ്ദേശ്യത്തിന്റെ അർഥം. കുട്ടികൾക്ക് ഈ അറിവ് ലഭിച്ചു എന്ന് അധ്യാപകനോ കുട്ടിക്കോ തോന്നിയാൽ പോരാ. അറിവു സമ്പാദിച്ചതിനു തെളിവു വേണം. ആ തെളിവ് ആർക്കും നിരീക്ഷിക്കാവുന്നതും അളക്കാവുന്നതുമാകണം. അതായത് ഉദ്ദേശ്യത്തെ സ്പഷ്ടമായ വ്യവഹാരരൂപത്തിൽ അപഗ്രഥിച്ചു പ്രസ്താവിക്കണം. ഉദാഹരണമായി പഠിച്ച വസ്തുതകൾ അവൻ ഓർമിച്ചു പറയുമെങ്കിൽ അവന് അറിവു ലഭിച്ചുവെന്നു കരുതാം. അപ്പോൾ ജ്ഞാനസമ്പാദനത്തിന്റെ സ്പഷ്ടീകരണം പുനഃസ്മരണയാണ്. ഇങ്ങനെ ഓരോ ഉദ്ദേശ്യത്തിനും അനേകം വിശിഷ്ടീകരണ(specification)ങ്ങൾ വിദഗ്ദ്ധൻമാർ കണ്ടുപിടിച്ചിട്ടുണ്ട്. ഉദ്ദേശ്യപ്രാപ്തിയിൽ അന്തർഭൂതമായിരിക്കുന്ന മനോവ്യാപാരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശിഷ്ടീകരണങ്ങൾ നിർണയിക്കുന്നത്. ദൃഷ്ടാന്തത്തിന് ഓരോ ഉദ്ദേശ്യത്തിന്റേയും ഓരോ വിശിഷ്ടീകരണം കൊടുക്കുന്നു.
- ജ്ഞാനം - തിരിച്ചറിയുന്നു.
- ധാരണ - ബന്ധങ്ങൾ കാണുന്നു.
- പ്രയോഗം - പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നു.
- വൈദഗ്ദ്ധ്യം- പടം വരയ്ക്കുന്നു.
- അഭിഭാവം - ഗുരുക്കൻമാരെ ബഹുമാനിക്കുന്നു.
- അഭിരുചി - ഗ്രന്ഥങ്ങൾ വായിച്ചു വസ്തുതകൾ ശേഖരിക്കുന്നു.
ഉദ്ദേശ്യങ്ങൾ നിർണയിച്ചു കഴിഞ്ഞാൽ അവ സാക്ഷാത്കരിക്കുന്നതിന് അനുയോജ്യമായ പാഠ്യക്രമവും പാഠവസ്തുക്കളും തിരഞ്ഞെടുക്കണം. ഇത് സാധാരണയായി വിദ്യാഭ്യാസ വിദഗ്ദ്ധൻമാർ മുൻകൂട്ടിത്തന്നെ ചെയ്യുന്നതിനാൽ അധ്യാപകന് അക്കാര്യത്തിൽ ബദ്ധപ്പെടേണ്ടി വരുന്നില്ല.
ഇന്ന ഉദ്ദേശ്യങ്ങളോടുകൂടി ഇന്നയിന്നകാര്യങ്ങൾ പഠിപ്പിക്കണമെന്നുവന്നാൽ അതിനുള്ള മാർഗ്ഗം നിശ്ചയിക്കുകയാണ് അടുത്തപടി. ഏതുവിധത്തിലുള്ള പഠനാനുഭവങ്ങളാണ് ഉദ്ദേശ്യപ്രാപ്തിക്ക് ഏറ്റവും അനുയോജ്യമെന്നാലോചിച്ച് അവ വിദ്യാർഥിക്ക് ഉണ്ടാകുവാനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നതാണ് അധ്യാപകന്റെ കടമ. അധ്യാപകന്റെ മനോധർമം ഇവിടെയാണ് കാണിക്കേണ്ടത്. അധ്യാപകന്റെ പ്രസംഗമോ ഭാഷണമോ സാധാരണഗതിയിൽ വെറും ജ്ഞാനസമ്പാദനത്തിൽ മാത്രമേ കലാശിക്കുകയുള്ളു. അർഥഗ്രഹണവും പ്രയോഗക്ഷമതയും ഉണ്ടാകണമെങ്കിൽ കുട്ടികൾ ഊർജ്ജിതമായി പ്രവർത്തിക്കണം. അതിന് ആധുനിക ഗതികരീതികൾ അവലംബിക്കുക ആവശ്യമാകുന്നു.
പഠനം നടന്നതോടുകൂടിതന്നെ അതിന്റെ മൂല്യനിർണയനവും നടക്കണം. കുട്ടികളുടെ ഉപലബ്ധിയേയും നിർവഹണപടുതയേയും വിലയിരുത്തേണ്ടത് മുൻകൂട്ടി തിരഞ്ഞെടുത്തിട്ടുള്ള ബോധനോദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആകണം. അങ്ങനെ സുവ്യക്തവും പ്രായോഗികവുമായ ഉദ്ദേശ്യങ്ങൾ തിരഞ്ഞെടുത്ത് അവയുടെ സാക്ഷാത്കാരത്തിന് അനുയോജ്യമായ പഠനാനുഭവങ്ങൾ സംവിധാനം ചെയ്ത് പഠനത്തെ ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി നടത്തുന്ന അധ്യാപനരീതിയാണ് ഉദ്ദേശ്യാധിഷ്ഠിതബോധനം.
കാര്യക്രമബദ്ധ-അധ്യാപനം
തിരുത്തുക(Programmed Instruction)
പഠന മനഃശാസ്ത്രതത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ശാസ്ത്രീയമായി തയ്യാറാക്കിയിട്ടുള്ളതും വിദ്യാഭ്യാസരംഗത്ത് വ്യാവസായിക വിപ്ലവത്തിന്റെ നാന്ദികുറിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടിട്ടുള്ളതുമായ ഒരു അധ്യയനരീതിയാണ് കാര്യക്രമബദ്ധ-അധ്യാപനം.[41] ബുദ്ധിയും സിദ്ധിയും സ്വയം അളക്കുന്നതിന് 1920-ൽ സിഡ്നി എൽ.പ്രെസി (Sydney L.Pressey) കണ്ടുപിടിച്ച യന്ത്രമാണ് ഇതിന് ആരംഭമിട്ടത്. പിൽക്കാലത്ത് സ്കിന്നർ (B.F.Skinner),[42] ക്രൌഡർ (Crowder) തുടങ്ങിയവരുടെ ശ്രമഫലമായാണ് ഇത് ഒരു അംഗീകൃത സ്വാധ്യയനരീതിയായി വികസിച്ചത്.
പാഠവസ്തുവിനെ അപഗ്രഥിച്ച് പല ചെറിയ യൂണിറ്റുകളായി തിരിക്കുന്നു. ഒരു ബോധന ബിന്ദുവിന്റെ സുവ്യക്തമായ വിശദീകരണം അടങ്ങിയതാണ് ഓരോ യൂണിറ്റും. പാഠഭാഗം മനസ്സിലാക്കി ഉത്തരം കണ്ടുപിടിക്കേണ്ട ഒരു ചോദ്യവും കൊടുത്തിരിക്കും. ഇത്രയും കാര്യങ്ങളടങ്ങിയ യൂണിറ്റിനെ ചട്ടം (Frame) അഥവാ പുരോധാനം (presentation) എന്നു പറയുന്നു. അനേകം ചട്ടങ്ങളുടെ ശ്രേണിയാണ് പാഠവസ്തുകാര്യക്രമം.
കാര്യക്രമങ്ങൾ രണ്ടുവിധമുണ്ട്: രേഖീയവും (Linear) ശാഖീയവും (Branching). സ്കിന്നറുടെ രേഖീയ കാര്യക്രമത്തിൽ ഉത്തരങ്ങൾ സ്വയം രചിക്കുവാനാവശ്യപ്പെടുന്നു. ക്രൌഡറിന്റെ ശാഖീയകാര്യക്രമത്തിലാകട്ടെ ബഹുവികല്പ മാതൃകയിലുള്ള ചോദ്യങ്ങളാണ് ഉള്ളത്. ഒരുസമയം ഒരു ചട്ടം മാത്രം യന്ത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. അതു പഠിച്ച് ഉത്തരം കണ്ടുപിടിച്ചതിനുശേഷം ബട്ടൻ അമർത്തിയാൽ അടുത്തചട്ടം പ്രത്യക്ഷപ്പെടുന്നു. കാര്യക്രമപാഠവസ്തു പുസ്തകരൂപത്തിലും ലഭ്യമാണ്. ഇതിൽ ഒരു പേജിൽ ഒരു ചട്ടം മാത്രമേ കാണുകയുള്ളു. അടുത്തു വായിക്കേണ്ട ചട്ടം ഏതു പേജിലാണെന്നു അതിൽ നിർദ്ദേശിച്ചിരിക്കും.
കാര്യക്രമ-അധ്യാപനത്തിന്റെ സവിശേഷതകൾ താഴെ പറയുന്നവയാണ്.
- പാഠവസ്തു, വിദഗ്ദ്ധൻമാർ തയ്യാറാക്കുന്നു.
- ഓരോ വിദ്യാർഥിക്കും തന്റെ കഴിവിനനുസരിച്ച് പുരോഗമിക്കാം.
- ഓരോ അംശവും പഠിച്ചു എന്ന് ഉറപ്പുവരുത്തിയതിനുശേഷമേ അടുത്ത യൂണിറ്റിലേക്കു പ്രവേശിക്കുന്നുള്ളു.
- പഠനപുരോഗതിയെപ്പറ്റി ഉടനുടൻ മനസ്സിലാക്കുന്നതിൽ നിന്നുള്ള പ്രതിപുഷ്ഠി (Feedback) പഠനത്തെ പ്രബലപ്പെടുത്തുന്നു.
- ഓരോ വിദ്യാർഥിയും സ്വയം പഠിക്കുന്നു. ആവശ്യമുള്ള മാർഗനിർദ്ദേശം പാഠവസ്തുകാര്യക്രമത്തിൽ തന്നെയുണ്ട്.
- എത്ര കുട്ടികൾക്കു വേണമെങ്കിലും ഒരേസമയം പഠിക്കുന്നതിനു സാധിക്കുന്നു.
അധ്യയന സമ്പ്രദായത്തെ ഉത്തരോത്തരം ഫലപ്രദമാക്കുന്നതിന് അധ്യാപനരീതികളിൽ വന്നുകൊണ്ടിരിക്കുന്ന പരിവർത്തനങ്ങൾ ഗണ്യമായി സഹായിച്ചുകൊണ്ടിരിക്കുന്നു.
ക്രിയാനിരതപഠനം
തിരുത്തുകവ്യവഹാരമനഃശാസ്ത്രത്തിന്റെ അടിത്തറയിൽ പ്രമുഖ വിദ്യാഭ്യാസ ചിന്തകനായ ഡോ. ബഞ്ചിൻ ബ്ലൂമിന്റെ സിദ്ധാന്തങ്ങളനുസരിച്ചുളള ബോധനസമ്പ്രദായമാണ് നമ്മുടെ വിദ്യാലയങ്ങളിൽ സമീപകാലം വരെ നടന്നു വന്നിരുന്നത്. എന്നാൽ മനഃശാസ്ത്രത്തിൽ പിൽക്കാലത്തുണ്ടായ ഗവേഷണങ്ങൾ മനുഷ്യന്റെ ബുദ്ധിമണ്ഡലത്തിന് വ്യത്യസ്ത തലങ്ങളുണ്ടെന്ന് കണ്ടെത്തി. പ്രമുഖ വിദ്യാഭ്യാസ മനഃശാസ്ത്രചിന്തകനായ ഹോവാർഡ് ഗാർഡ്നർ ഈ രംഗത്ത് വളരെയധികം പഠനങ്ങൾ നടത്തിയിട്ടുണ്ട്. മനുഷ്യന്റെ ബുദ്ധിയുടെ ബഹുതല(Multiple intelligence)ത്തിന്റെ സവിശേഷതകളെ അദ്ദേഹം വിവേചിച്ചുകാട്ടിയിട്ടുണ്ട്.
അറിവ് മനുഷ്യൻ സ്വയം നിർമ്മിക്കുന്നു എന്ന വാദഗതി ആധുനിക കാലഘട്ടത്തിൽ പ്രബലപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത സിദ്ധാന്തമാണ് ജ്ഞാനനിർമിതിവാദം (cognitive constructivism).[43]
മേൽപ്പറഞ്ഞ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ പഠനസമ്പ്രദായമാണ് ക്രിയാനിരതപഠനം. ഇതനുസരിച്ച് കുട്ടികൾ തങ്ങൾക്കു ലഭിക്കുന്ന പഠനസന്ദർഭങ്ങളിൽ സ്വയം നിരീക്ഷിച്ചും അന്വേഷിച്ചും ചർച്ച ചെയ്തും താരതമ്യം ചെയ്തും അപഗ്രഥിച്ചും നിഗമനങ്ങളിലെത്തുന്നു. പഠനത്തിന് സാമൂഹികമായ കൂട്ടായ്മയും പ്രയോജനപ്പെടുത്തുന്നു. രസകരമായ പഠനാന്തരീക്ഷത്തിൽ പഠിതാവ് പഠനപ്രക്രിയയിൽ പങ്കാളിയാകുന്നു. അവിടെ അധ്യാപകൻ സഹായിയോ സന്ദർഭങ്ങൾ ഒരുക്കിക്കൊടുക്കുന്ന ആളോ (facilitator) ആയി മാറുകയാണ്. അനുസ്യൂതവും സമഗ്രവുമായ മൂല്യനിർണയവും പഠനത്തോടൊപ്പം തന്നെ നടക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് അവരവരുടെ നിലവാരമനുസരിച്ച് ഗ്രേഡുകൾ നൽകി വരുന്നു.
ഈ സമ്പ്രദായം ഇന്ന് നമ്മുടെ വിദ്യാലയങ്ങളിൽ സാർവത്രികമായി നടപ്പിലാക്കിക്കഴിഞ്ഞു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Experience™". Archived from the original on 2011-06-11. Retrieved 2011-06-14.
- ↑ Project Method
- ↑ socialised recitation
- ↑ Technique of Supervised Study
- ↑ "35 Unit Method". Archived from the original on 2011-07-11. Retrieved 2011-06-14.
- ↑ "The Small Group Activity Method (SGAM)". Archived from the original on 2011-06-03. Retrieved 2011-06-14.
- ↑ India Education policies and curriculum
- ↑ Behaviorism
- ↑ "Programmed Instruction (PI)". Archived from the original on 2011-05-20. Retrieved 2011-06-14.
- ↑ "Auditory-Oral Method (Oralism)" (PDF). Archived from the original (PDF) on 2010-08-15. Retrieved 2011-06-14.
- ↑ STUDIES IN PRINCIPLES OF EDUCATION The principle of self-activity
- ↑ Object Lessons Zone
- ↑ "Occupation". Archived from the original on 2011-06-16. Retrieved 2011-06-14.
- ↑ The Montessori Method.
- ↑ The Derivation of the Montessori Didactic Apparatus
- ↑ Motor Memory
- ↑ "Dalton Plan - Dalton School". Archived from the original on 2011-06-13. Retrieved 2011-06-15.
- ↑ The Winnetka School Plan
- ↑ William Heard Kilpatrick
- ↑ "Project Method". Archived from the original on 2011-04-25. Retrieved 2011-06-15.
- ↑ A new heuristic method
- ↑ "PlayWay India". Archived from the original on 2011-06-23. Retrieved 2011-06-15.
- ↑ Method Object
- ↑ "DISCUSSION METHOD". Archived from the original on 2010-01-25. Retrieved 2011-06-15.
- ↑ "The Best Problem Solving Method Ever Devised". Archived from the original on 2011-06-23. Retrieved 2011-06-15.
- ↑ Hypotheses
- ↑ "Dynamic Structure Super-Resolution" (PDF). Archived from the original (PDF) on 2011-01-15. Retrieved 2011-06-15.
- ↑ Which Development Method Is Right for Your Project?
- ↑ Inductive reasoning is the development of a theory or a conclusion
- ↑ "Apperceptive mass". Archived from the original on 2008-04-05. Retrieved 2011-06-16.
- ↑ Outline of the Deductive Development
- ↑ The Analytic/Synthetic Distinction
- ↑ psychological
- ↑ Unit method of teaching
- ↑ "Professional Experience Unit / Faculty of Education and Arts". Archived from the original on 2011-05-05. Retrieved 2011-06-16.
- ↑ Objective-Based Planning, Teaching, and Assessment
- ↑ Benjamin Bloom - Critical Thinking and Critical Thinking Models[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Major Categories in the Taxonomy of Educational Objectives". Archived from the original on 2011-07-20. Retrieved 2011-06-22.
- ↑ Cognitive | Define Cognitive at Dictionary.com
- ↑ psychomotor learning
- ↑ "Programmed Instruction". Archived from the original on 2011-07-22. Retrieved 2011-06-22.
- ↑ B. F. Skinner
- ↑ Cognitive Constructivism
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അധ്യാപനരീതികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |