കടലിടുക്ക്

(Strait എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇരുവശവും കരകളുള്ളതും, വലിയ കടലുകളെ ബന്ധിപ്പിക്കുന്നതുമായ ഇടുങ്ങിയ കടൽ ഭാഗമാണു് കടലിടുക്കു്. എന്നാൽ പവിഴപ്പുറ്റുകൾ, ചെറുദ്വീപുകൾ ആഴക്കുറവ് തുടങ്ങിയ കാരണങ്ങളാൽ പൊതുവേ കപ്പൽഗതാഗതത്തിന് അനുയോജ്യമല്ലാത്ത കടൽ പ്രദേശങ്ങളിലൂടെയുള്ള, വീതി കുറഞ്ഞ, കപ്പൽചാലുകൾക്കും കടലിടുക്ക് എന്ന് പറയാറുണ്ട്. വാണിജ്യപരമായും രാഷ്ട്രീയമായും[1] വളരെ പ്രാധാന്യമുള്ളവയാണ് പല കടലിടുക്കുകളും. അവയുടെ നിയന്ത്രണം കയ്യാളുന്നതിനായി യുദ്ധങ്ങളും നടന്നിട്ടുണ്ട്.

രൂപീകരണം

തിരുത്തുക

കടലിടുക്കുകകളുടെ രൂപീകരണത്തിന് ഫലകചലനം ഒരു കാരണമാണ്. ജിബ്രാൾട്ടർ കടലിടുക്ക് ഇതിനൊരുദാഹരണമാണ്. എന്നാൽ ആഫ്രിക്കൻ ടെക്റ്റോണിക് പ്ലേറ്റിന്റെ വടക്കുദിശയിലേക്കുള്ള സഞ്ചാരം ഈ കടലിടുക്കിനെ ഏതാനും സഹസ്രാബ്ദങ്ങൾ കൊണ്ട് പൂർണ്ണമായും അടയ്ക്കുകയും മെഡിറ്ററേനിയനെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർപെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ കാണിക്കുന്നു[2].

രണ്ട് വലിയ ജലാശയങ്ങളെ വേർതിരിക്കുന്ന വീതികുറഞ്ഞ കരഭാഗത്തുകൂടി വെള്ളം തുടർച്ചയായി കവിഞ്ഞൊഴുകി കടലിടുക്ക് രൂപപ്പെടാം. കരിങ്കടലിനെയും ഈജിയൻ കടലിനേയും ബന്ധിപ്പിക്കുന്ന ബോസ്ഫോറസ് (ഇസ്താംബൂൾ കടലിടുക്ക്) ഈ രീതിയിൽ രൂപം പ്രാപിച്ചതാണ്[2].

ജലാശയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാൻ കൃത്രിമമായി നിർമ്മിക്കപ്പെടുന്ന ഇടനാഴികളുമുണ്ട്. ഇവയെ പൊതുവേ കനാലുകൾ എന്നു പറയുന്നു. ഇതിനുദാഹരണമാണ് മെഡിറ്ററേനിയനും ചെങ്കടലിനും ഇടയിലുള്ള ജലഗതാഗതത്തിനായി 1869-ൽ പണികഴിക്കപ്പെട്ട സൂയസ് കനാൽ. തടാകങ്ങളെ സമുദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതും നദികളോ കനാലുകളോ ആണ്. കുറേക്കൂടി വിസ്തൃതമായ ജലാശയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവയാണ് കടലിടുക്കുകൾ. എന്നാൽ ഈ നാമകരണരീതിക്ക് ചില അപവാദങ്ങളുമുണ്ട്. ബ്രിട്ടീഷ് കൊളംബിയയിൽ കാനഡ-അമേരിക്ക അതിർത്തി പ്രദേശത്തെ കടലിടുക്ക് പിയേഴ്സ് കനാൽ എന്ന പേരിലാണ് അറിയപ്പെടുന്നത്[3].

വൈദ്യുതോല്പാദനം

തിരുത്തുക

വേലിയേറ്റ-വേലിയിറക്കങ്ങളിൽ നിന്നും വൈദ്യുതി ഉല്പാദി പ്പിക്കുവാൻ കടലിടുക്കുകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ സഹായകമാണ്. പെന്റ്ലാൻഡ് കടലിടുക്കിലെ നിന്നും 10 ഗിഗാവാട്ട് സ്റ്റേഷനും[4] [5] കുക്ക് കടലിടുക്കിലെ 5.6 ഗിഗാവാട്ട് സ്റ്റേഷനും[6] ഇതിനുദാഹരണങ്ങളാണ്. ന്യൂസിലാന്റിന് ആവശ്യമായ ഊർജജത്തിന്റെ ഭൂരിഭാഗവും സംഭാവനചെയ്യാൻ കുക്ക് കടലിടുക്കിന് കഴിയും എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു[7].

ഇതും കാണുക

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കടലിടുക്ക്&oldid=3802599" എന്ന താളിൽനിന്ന് ശേഖരിച്ചത്