ശ്രീരാമൻ ചിറ

(Sriraman Chira എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ വടക്കുമ്മുറി വില്ലേജിൽ സ്ഥിതിചെയ്യുന്ന ഏകദേശം 900 പറയോളം വിസ്തീർണ്ണമുള്ള പാടശേഖരമാണ് ശ്രീരാമൻ ചിറ. ഇത് അന്തിക്കാട്, താന്ന്യം പഞ്ചായത്തുകളിലായിട്ടാണ്. ആദ്യകാലത്ത് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ അധീനതയിലായിരുന്നു ശ്രീരാമൻ ചിറ. സീതാദേവിയെ വീണ്ടെടുക്കാനുള്ള യാത്രക്കിടയിൽ രാമേശ്വരത്തു നിന്ന് ലങ്കയിലേക്ക് ചിറ നിർമ്മിച്ചതിന്റെ ഓർമ്മക്ക് എല്ലാവർഷവും സേതു നിർമ്മിക്കുന്ന ഭൂമിയിലെ ഒരേഒരു സ്ഥലമാണിത്.[1][2]

ചരിത്രം

തിരുത്തുക

പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ ഒരുപാട് ചിറകളുണ്ടായിരുന്നു. അതിൽ തുലാവർഷ ജലം സംഭരിച്ചു നിർത്തിയിരുന്നു. അതെല്ലാം വേനലിലും കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിച്ചിരുന്നു. ഇന്നത്തെപ്പോലെ പരിസ്ഥിതിയെപ്പറ്റി അവബോധം ഇല്ലായിരുന്നു എങ്കിൽക്കൂടി പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയിൽ ഒന്നും തന്നെ നമ്മുടെ പൂർവ്വികർ ചെയ്തിരുന്നില്ല.[3]

താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിലായി കിടക്കുന്ന 270 ഏക്കർ നെൽക്കൃഷിക്കും അനുബന്ധമായി കിടക്കുന്ന പതിനാറ് കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന കരപ്രദേശത്തെ മറ്റ് കൃഷികൾക്കും കുടിവെള്ളത്തിനും വേണ്ടതായ തുലാവർഷ ജലം സംഭരിച്ചു നിർത്തിയിരുന്നത് ശ്രീരാമൻ ചിറയിലാണ്. കൂടുതൽ ജലം കെട്ടി നിറ്ത്തിയിരുന്ന ചിറയിലെ മുപ്പത് ഏക്കർ സ്ഥലത്ത് ഒരുപൂവ്വും, മറ്റിടങ്ങളിൽ ജലലഭ്യതയ്ക്കനുസരിച്ച് ഇരുപ്പൂവ്വും മുപ്പൂവ്വും കൃഷി ചെയ്തിരുന്നു.

കന്നിമാസത്തിലെ ചിറകെട്ട് (സേതുബന്ധനം)

തിരുത്തുക

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ശ്രീരാമൻ ചിറയും ചിറകെട്ടോണം എന്ന പേരിലറിയപ്പെടുന്ന സേതുബന്ധനവും. രാമായണത്തിലെ സേതുബന്ധനത്തിന്റെ ഓർമ്മപുതുക്കലാണ് ഇവിടെ എല്ലാവർഷവും നടക്കുന്നത്.[4] കന്നിമാസത്തിലെ തിരുവോണം നാളിൽ ചിറ നിർമ്മിച്ച് പിന്നീട് പെയ്യുന്ന തുലാവർഷജലമാണ് ഇവിടെ സംഭരിക്കുന്നത്. ആദ്യകാലങ്ങളിൽ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും നൽകിവന്നിരുന്ന മുളയും, ഓലയും, മണ്ണും ഉപയോഗിച്ചാണ് ചിറകെട്ടിയിരുന്നത്. ആദ്യകാലത്ത് പറയസമുദായത്തിനായിരുന്നു ചിറകെട്ടുന്നതിനുള്ള അവകാശം. ചിറകെട്ടോണത്തിനും ഒരുമാസം മുൻപ് തന്നെ ഇവർ ഇവിടെ വന്ന് താമസിച്ചായിരുന്നു 300 മീറ്റർ നീളമുള്ള ചിറ നിർമ്മിച്ചിരുന്നത്. പിന്നിട് ചടങ്ങ് മുടങ്ങാതിരിക്കുന്നതിനായി, ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ ഊരായമ ഇല്ലങ്ങളിലൊന്നായ പുന്നപ്പിള്ളി മനയിലെ കാരണവന്മാർ ഇല്ലപ്പറംബിൽ കൊണ്ടു വന്ന് താമസിപ്പിച്ച, വേട്ടുവ സമുദായക്കാറ്ക്കായി ഇതിനുള്ള അവകാശം.[5]

ചിറയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ

തിരുത്തുക

1930കളിൽ ചിറകെട്ട് ചെങ്കല്ലിൽ പടുത്തുയർത്തുകയും, സംഭരിക്കപ്പെടുന്ന ജലത്തിന്റെ അളവ് 5 അടിയിൽ കൂടുതൽ വരുമ്പോൽ കവിഞ്ഞൊഴുകുന്നതിനായി മറ്റൊരു തോട് (കോട്ടുകഴ) നിറ്മ്മിക്കുകയും ചെയ്ത് ചിരകെട്ടും ജലസംഭരണവും സുഗമമാക്കി. ജന്മിത്തം അവസാനിക്കുകയും ദേവസ്വം സ്ഥലങ്ങൾ പഞ്ചായത്തുകളുടെ അധീനതയിലാവുമയും ചെയ്തെങ്കിലും 1967 വരെ പഴയരീതിക്ക് മാറ്റമൊന്നും ഉണ്ടായില്ല. 1968ൽ ചിറപൊട്ടിച്ച് ജലം ഒഴുക്കിക്കളഞ്ഞതിനാൽ വ്യവഹാരങ്ങളുണ്ടായി. 1988ൽ ശ്രാമൻ ചിറയിൽ "ലിഫ്റ്റ് ഇറിഗേഷൻ" എന്ന പുതിയ പദ്ധതി നടപ്പാക്കി. സ്ഥലം എം.എൽ.എ.യും അന്നത്തെ കൃഷിമന്ത്രിയുമായിരുന്ന ശ്രീ.വി.വി.രാഘവന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമ്മാണം. ശ്രീരാമൻ ചിറത്തോട് കനോലിപുഴയിലാണ് അവസാനിക്കുന്നത്. ആയതിനാൽ പുഴയിലെ വെള്ളം വലിയ മോട്ടോറുപയോഗിച്ച് ശ്രാമൻ ചിറയിലേക്ക് പമ്പ് ചെയ്ത് കയറ്റി സംഭരിച്ച് നിറ്ത്തുന്നതായിരുന്നു പദ്ധതി. എന്നാൽ നവംബർ മദ്ധ്യത്തോടെ കനോലി കനാലിൽ ഉപ്പുവെള്ളം നിറയുന്നതിനാൽ ഐ പദ്ധതി പിന്നീട് നിർത്തിവെക്കേണ്ടി വന്നു.

ജനകീയാസൂത്രണവും ശ്രീരാമൻ ചിറയും

തിരുത്തുക

1996ൽ "അധികാരം ജനങ്ങളിലേക്ക്" എന്ന മുദ്രാവാക്യവുമായി ജനകീയാസൂത്രണം കടന്നു വന്നു. അന്ന് ഈ പ്രദേശത്തെ കിണറുകളിൽ ഉപ്പ് വെള്ളം മൂലം കുടിവെള്ളത്തിനായി നട്ടം തിരിയുന്ന സമയമായിരുന്നു. ആദ്യ ഗ്രാമസഭകളിൽ തന്നെ താന്ന്യം-അന്തിക്കാട് പഞ്ചായത്തുകളിലെ, ശ്രീരാമൻ ചിറയുമായി ബന്ധപ്പെട്ട് കിടക്കുന്ന, നാല് വാർഡുകളിലെ ഗ്രാമസഭകളും പഴയതുപോലെ ചിറകെട്ടി തുലാവർഷജലം സംഭരിക്കണമെന്ന് ആവശ്യപ്പെടുകയും തീരുമാനമെടുക്കുകയും ചെയ്തു. അന്തിക്കാട് പഞ്ചായത്ത് വികസനരേഖയിൽ ചിറകെട്ടണമെന്ന തീരുമാനം രേഖപ്പെടുത്തി.

ജനനീതിയും ശ്രീരാമൻ ചിറയും ശ്രീരാമൻ ചിറസംരക്ഷണ സമിതിയും

തിരുത്തുക

പഞ്ചായത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് നാട്ടുകാർ 1997 ൽ ശ്രീരാമൻ ചിറ സംരക്ഷണ സമിതി രൂപീകരിച്ച് സമരങ്ങൾക്ക് രൂപം നൽകി. നാട്ടുകാരുടെ അഭ്യർത്ഥനപ്രകാരം മണ്ണുത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനനീതി ശ്രീരാമൻ ചിറയ്ക്കുവേണ്ടി രംഗത്തെത്തി.[6] തുടർന്ന് ജനനീതിയുടെ സഹായത്തോടെ ശ്രീരാമൻ ചിറസംരക്ഷണ സമിതി തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് പരാതി നൽകി. ഗ്രാമസഭാ തീരുമാനങ്ങൾ നടപ്പിലാക്കണം എന്നായിരുന്നു പരാതി. 2003 ഒക്ടോബർ 14 ന് 1968ലെ ഹൈക്കോടതി വിധി അംഗീകരിച്ച് ചിറകെട്ടി തുലാവർഷജലം സംഭരിക്കണമെന്ന് ഓംബുഡ്സ്മാൻ വിധി പ്രസ്താവിച്ചു. അതുപ്രകാരം 36 വർഷത്തിനു ശേഷം വീണ്ടും ചിറകെട്ടി

ശ്രീരാമൻ ചിറയും ഹൈക്കോടതി വിധിയും

തിരുത്തുക

കനോലിപ്പുഴയ്ക്ക് സമാന്തരമായി ആയതിൽ നിന്ന് 500 മീറ്റർ കിഴക്കുമാറിയാണ് ശ്രീരാമൻ ചിറയുടെ ജലസേചിത പ്രദേശം. കാലവർഷക്കാലത്ത് കനോലിപ്പുഴയിൽ നീരൊഴുക്കു വർദ്ധിക്കുംപ്പോൾ ചിറയിൽ നിന്നും വെള്ളം ഒഴുകിപ്പോകൻ ബുദ്ധിമുട്ടായിരുന്നു. ആയതിനാൽ 'ആര്യൻ' ഇനത്തിൽപ്പെട്ട നെല്ലാണ് ഒരുപ്പൂ കൃഷി ചെയ്തിരുന്ന 30 ഏക്കർ സ്ഥലത്ത് കൃഷി ചെയ്തിരുന്നത്. ചില കൃഷിക്കാർ ചിറകെട്ടരുതെന്ന് ആവശ്യപ്പെട്ട് ബഹു. കേരള ഹൈക്കോടതിയിൽ റിട്ട്ഹർജി നൽകിയെങ്കിലും ആയത് തള്ളി(o.p.No 3739/68).

ഇതും കൂടി കാണുക

തിരുത്തുക
  1. Sreenilayam Sukumara Raja (1983). Thriprayar Sreeramaswamy Kshethram, (Malayalam: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം) p.21-22. Nambeesans' Lakshmi Publications, Thriprayar.
  2. http://wikimapia.org/18722110/sreeraman-chira-chemmapilly
  3. {|title=നീർത്തടാധിഷ്ഠിതം|newspaper=ജനനീതി മാസിക|date=നവംബർ 2004|author=ടി.കെ.നവീനചന്ദ്രൻ|language=മലയാളം|format=പത്രലേഖനം}}
  4. {|title= ഒരു ചിറയും കുറേ വിവാദങ്ങളും|newspaper=രാഷ്ട്രദീപിക സായാഹ്ന ദിനപത്രം|date= ഒക്ടോബർ 25, 2008|author=കെ.വി.ഉണ്ണികൃഷ്ണൻ|language=മലയാളം|format=പത്രലേഖനം}}
  5. ഇ.പി.ഗിരീഷ്‌ (ഒക്ടോബർ 14 2013). "സേതുബന്ധന സ്മരണയിൽ ശ്രീരാമൻചിറ". ജന്മഭൂമി. Archived from the original (പത്രലേഖനം) on 2013-10-15. Retrieved 3 മെയ് 2014. {{cite news}}: Check date values in: |accessdate= and |date= (help)
  6. http://jananeethi.org/jananeethi/anrpt/anpt03.pdf പേജ് 28 ഖണ്ഡിക 1

10°25′37″N 76°07′05″E / 10.427°N 76.118°E / 10.427; 76.118

"https://ml.wikipedia.org/w/index.php?title=ശ്രീരാമൻ_ചിറ&oldid=3646215" എന്ന താളിൽനിന്ന് ശേഖരിച്ചത്