ശനിവാർ വാഡ കോട്ട

(Shaniwar Wada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മറാത്താ സാമ്രാജ്യസ്ഥാപകൻ ഛത്രപതി ശിവജിയുടെ പിന്മുറക്കാരനായ ചക്രവർത്തി ഷാഹു മഹാരാജാവിന്റെ പേഷ്വാ ആയിരുന്ന ബാജി റാവു ഒന്നാമൻ പണികഴിപ്പിച്ച മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള കോട്ടയാണ് ശൻവാർവാഡ എന്നും അറിയപ്പെടുന്ന ശനിവാർ വാഡ കോട്ട (Śanivāravāḍā).[1] ശനിവാർ (ശനിയാഴ്ച), വാഡ (താമസസ്ഥലം) എന്നീ മറാത്തി ഭാഷാ പദങ്ങൾ സംയോജിപ്പിച്ചാണ് കോട്ടയ്ക്ക് ശനിവാർ വാഡ എന്ന് പേരിട്ടത്. 1732 ൽ നിർമ്മിച്ച ഈ കോട്ട 1818 ൽ ബ്രിട്ടീഷുകാരുടെ മുന്നിൽ മൂന്നാം ആംഗ്ലോ മറാത്ത യുദ്ധകാലത്ത് കീഴടങ്ങുന്നതുവരെ മറാത്താ സാമ്രാജ്യ പെഷ്വാസിന്റെ ആസ്ഥാനമായിരുന്നു.[2] പീന്നീട് മറാത്ത സാമ്രാജ്യത്തിന്റെ ഉദയത്തിനു ശേഷം, പതിനെട്ടാം നൂറ്റാണ്ടിൽ ഈ കൊട്ടാരം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രമായി മാറി.

ശനിവാർ വാഡ
ശനിവാർ വാഡയുടെ കവാടം
Locationപൂനെ, ഇന്ത്യ
Built1732
Architectural style(s)മറാത്ത സാമ്രാജ്യത്വ വാസ്തുവിദ്യ
Governing bodyആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
ശനിവാർ വാഡ കോംപ്ലക്സിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ബാജിറാവു I ന്റെ ഒരു അശ്വാരൂഢ പ്രതിമ. മറാത്താ സാമ്രാജ്യത്തിലെ രണ്ടാമത്തെ പേഷ്വ ആയിരുന്ന ബാജിറാവു I ആണ് പേഷ്വ എന്ന നിലയിൽ കോട്ടയിലെ ആദ്യ നിവാസി.

അതിമനോഹരമായ വാസ്തുവിദ്യയും  യുദ്ധപ്രതിരോധ മാർഗങ്ങളും കോട്ടയിൽനിന്ന് പുറത്തേയ്ക്കു രക്ഷപ്പെടാനുള്ള ഭൂഗർഭ വഴികളും മറ്റും ശനിവാർവാഡയുടെ പ്രത്യേകതയാണ്.

1828 ൽ ഏതോ വിശദീകരിക്കാനാവാത്ത കാരണത്താൽ അഗ്നി വിഴുങ്ങി വളരെയധികം നാശനഷ്ടങ്ങൾ സംഭവിച്ച ഈ കോട്ടയുടെ അഗ്നിയെ അതിജീവിച്ച ഭാഗങ്ങൾ ഇപ്പോൾ ഒരു ടൂറിസ്റ്റ് കേന്ദ്രമായി പരിപാലിക്കപ്പെടുന്നു.

ചരിത്രം

തിരുത്തുക

ശനിവാർ വാഡ കോട്ട യഥാർത്ഥത്തിൽ മറാത്ത സാമ്രാജ്യത്തിലെ പേഷ്വാമാരുടെ ഏഴ് നിലകളുള്ള ഒരു സൌധമായിരുന്നു. ഇത് പൂർണ്ണമായും ശിലകൾകൊണ്ടു നിർമ്മിക്കപ്പെടേണ്ടതായിരുന്നുവെങ്കിലും ശിലകൾകൊണ്ടുള്ള അടിത്തറയുടെ അഥവാ ആദ്യനിലയുടെ പൂർത്തീകരണത്തിനുശേഷം ദേശീയ തലസ്ഥാനമായിരുന്ന സത്താരയിലെ ജനങ്ങൾ ആവലാതിപ്പെടുകയും പേഷ്വയ്ക്കു പകരം അനുവദിക്കപ്പെട്ടിരിക്കുന്ന ശിലാദുർഗ്ഗത്തിന്റെ നിർമ്മാണം ഷാഹു (രാജാവ്) സ്വയമേവ ഏറ്റെടുക്കേണ്ടതുണ്ടെന്ന് ഉണർത്തിക്കുകയും ചെയ്തു. തദനുസരണം കോട്ടയുടെ ബാക്കി ഭാഗങ്ങൾ ശിലകൾക്കുപകരം ഇഷ്ടികകൾകൊണ്ടു പൂർത്തീകരിക്കേണ്ടതാണെന്നുള്ള ഔദ്യോഗിക സന്ദേശം പേഷ്വാസിനു നൽകപ്പെട്ടു.  അങ്ങനെ വാഡ പൂർത്തിയാക്കപ്പെടുകയും വർഷങ്ങൾക്കു ശേഷം ബ്രിട്ടീഷ് പീരങ്കിസേനയുടെ ആക്രമണത്തേത്തുടർന്ന് ഇതിൻറെ മുകളിലെ ആറു നിലകളും നിലംപൊത്തുകയും ശിലാനിർമ്മിതമായ അടിത്തറ നിലമാത്രം ബ്രിട്ടീഷ് പീരങ്കിസേനയ്ക്കുമുന്നൽ അപ്രതിരോധ്യമായി നിലകൊള്ളുകയും ചെയ്തു. അങ്ങനെ ശനിവാർ വാഡയുടെ ഇപ്പോഴും നിലനിൽക്കുന്ന അടിത്തറ നില മാത്രം പൂനെയുടെ പഴയ പ്രദേശത്ത് ഇന്നും തലയുയർത്തി നിൽക്കുന്നു.

1758 ആയപ്പോൾ, കോട്ടയിൽ ഏകദേശം ആയിരം പേരെങ്കിലും ജീവിച്ചിരുന്നു. 1773 ൽ അക്കാലത്തെ അഞ്ചാമത്തേയും നിലവിലേയും പേഷ്വയായിരുന്ന നാരായണ റാവു അദ്ദേഹത്തിന്റെ അമ്മാവൻ രഘുനാഥറാവു, അമ്മായി ആനന്ദബായി എന്നിവർ നടത്തിയ ഉപജാപങ്ങളുടെ ഫലമായി കാവൽക്കാരാൽ കൊല്ലപ്പെട്ടിരുന്നു. ഏറെ പ്രചാരമുള്ള ഒരു കിംവദന്തിയനുസരിച്ച്, പൂർണ്ണ ചന്ദ്രനുള്ള രാത്രികളിൽ നാരായണറാവുവിന്റെ പ്രേതാത്മാവ് സഹായത്തിനായി നിലവിളിക്കുന്നത് ഇന്നും മുഴങ്ങിക്കേൾക്കാൻ കഴിയുന്നുവെന്നു പറയപ്പെടുന്നു.  പ്രദേശത്തിനു ചുറ്റുപാടുമായി ജോലി ചെയ്യുന്ന വിവിധ വ്യക്തികൾ അത്തരം ആക്രോശങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.[3][4] മരണത്തിനു ശേഷം നാരായണാവു പേഷ്വയുടെ "കക്ക മാല വച്ചാവ" (അമ്മാവാ എന്നെ രക്ഷിക്കൂ) എന്ന അലർച്ച രാത്രകാലങ്ങളിൽ കേൾക്കാമത്രേ.

1818 ജൂണിൽ പേഷ്വ, ബാജിറാവു രണ്ടാമൻ, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സർ ജോൺ മാൾക്കമിന് അധികാരം കൈമാറുകയും ഇന്നത്തെ ഉത്തർപ്രദേശിലെ കാൺപൂരിനടുത്തുള്ള ബിതൂരിൽ രാഷ്ട്രീയ പ്രവാസിയായി പോകുകയും ചെയ്തു.

1828 ഫെബ്രുവരി 27 ന് കൊട്ടാരസമുച്ചയത്തിനുള്ളിൽ ഒരു വലിയ തീപ്പിടുത്തമുണ്ടായി. ഈ അനിയന്ത്രിതമായ അഗ്നിബാധ ഏഴു ദിവസത്തോളം നീണ്ടുനിന്നു. ഭീമൻ ഗ്രാനൈറ്റ് കൊത്തളങ്ങൾ, ശക്തമായ തേക്ക് കവാടങ്ങൾ, ആഴമേറിയ അടിത്തറകൾ, കോട്ടയ്ക്കുള്ളിലുള്ള കെട്ടിടങ്ങളുടെ നഷ്ടാവശിഷ്ടങ്ങൾ എന്നിവ മാത്രമാണ് അഗ്നിബാധയെ അതിജീവിച്ചത്.[5]

ഭഗവാൻ സ്വാമിനാരായണന്റെ ജീവചരിത്രപരമായ ഗ്രന്ഥമായ ഹരിചരിത്രമൃദ്സാഗറിൽ വിവരിക്കുന്നതുപ്രകാരം 1799 ൽ ബാജിറാവു രണ്ടാമന്റെ നിർബന്ധപ്രകാരം അദ്ദേഹം ശനിവാർ വാഡ കോട്ട സന്ദർശിച്ചിരുന്നു.[6] [7] [8] [9] [10]

നിർമ്മാണം

തിരുത്തുക

ഛത്രപതി ഷാഹുവിന്റെ പ്രധാനമന്ത്രിയായിരുന്ന പേഷ്വാ ബാജി റാവു ഒന്നാമൻ തന്റെ സ്വന്തം വസതിയുടെ ആചാരപരമായ അടിത്തറ 1730 ജനുരവരി 10 ശനിയാഴ്ച സ്ഥാപിച്ചു. മറാത്തി പദങ്ങളായ ശനിവാർ (ശനിയാഴ്ച), വാഡ (ഏതൊരു താമസ സമുഛയത്തിനുമുള്ള പേര്) എന്നിവയിൽനിന്ന് ശനിവാർവാഡ എന്ന പേര് ഉരുത്തിരിഞ്ഞു. ജുന്നാറിലെ വനപ്രദേശങ്ങളിൽനിന്ന് തേക്കിൻ തടികളും ചിഞ്ച്വാഡിലെ സമീപസ്ഥങ്ങളായ പാറമടകളിൽനിന്ന് കല്ലുകളും ജെജൂരിയിലെ ചുണ്ണാമ്പുകൽ മേഖലകളിൽനിന്ന് ചുണ്ണാമ്പു കല്ലൂകളും  ഇറക്കുമതി ചെയ്യപ്പെട്ടിരുന്നു. ശനിവാർ വാഡ 1732 ൽ അക്കാലത്തെ ഒരു ഭീമമായ തുകയായ 16,110 രൂപയ്ക്ക് നിർമ്മാണം പൂർത്തിയായി.

1732 ജനുവരി 22 ന് മറ്റൊരു ശനിയാഴ്ച ഒരു പ്രത്യേക ദിവസമായിട്ടാണ് തിരഞ്ഞെടുക്കുകയും മതപരമായ ആചാരങ്ങളോടെ ഉദ്ഘാടന ചടങ്ങുകൾ നടത്തുകയും ചെയ്തു.

പിൽക്കാലത്ത് പേഷ്വാമാർ കോട്ടമതിലുകളും വാതിലുമുൾപ്പെടെ നിരവധി വിപുലീകരണങ്ങൾ ഇവിടെ നടത്തിയിരുന്നു.  ഇവയിൽ കോടതി മുറികൾ, മറ്റു കെട്ടിടങ്ങൾ, ജലധാരകൾ, ജലസംഭരണികൾ എന്നിവയെല്ലാം ഉൾപ്പെട്ടിരുന്നു. നിലവിൽ കോട്ടയുടെ ചുറ്റിലുമായുള്ള കെട്ടുകളിൽ അഞ്ച് കവാടങ്ങളും ഒൻപത് കൊത്തളങ്ങളും ഉണ്ട്. കൂടാതെ യഥാർത്ഥ കെട്ടിടങ്ങളുടെ അടിത്തറയെ വലയം ചെയ്ത് ഒരു ഉദ്യാന സമുച്ചയവുമുണ്ട്. കസ്ബ പേത്തിലെ മുല-മുത നദിയോരത്താണ് ഇതു സ്ഥിതിചെയ്യുന്നത്.

  1. Gajrani, S. (2004). History, Religion and Culture of India. Vol. III. p. 255. ISBN 978-81-8205-062-4.
  2. "Shaniwarwada was centre of Indian politics: Ninad Bedekar". Daily News and Analysis. Mumbai,India. 29 November 2011. Retrieved 19 April 2012.
  3. Preeti Panwar. "Top 10 most haunted places in India". Zee News. Archived from the original on 2015-07-22. Retrieved 21 July 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. Huned Contractor (31 October 2011). "Going ghost hunting". Sakal. Retrieved 21 July 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  5. "Pune and its ghosts". Rediff. 19 July 2015. Retrieved 21 July 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  6. "Pune's iconic Dance Festival held at Shaniwarwada - Times of India". The Times of India. Retrieved 2018-09-13.
  7. "Pune's pride: Shaniwarwada". Times of India Travel. Retrieved 2018-09-13.
  8. "Amenities elude visitors at iconic Shaniwarwada - Times of India". The Times of India. Retrieved 2018-09-13.
  9. "Shaniwar Wada to be recreated for 'Panipat' - Times of India". The Times of India. Retrieved 2018-09-13.
  10. Sengar, Resham. "Know why you should avoid visiting Pune's Shaniwarwada Fort on full moon nights". Times of India Travel. Retrieved 2018-09-13.
"https://ml.wikipedia.org/w/index.php?title=ശനിവാർ_വാഡ_കോട്ട&oldid=3791971" എന്ന താളിൽനിന്ന് ശേഖരിച്ചത്