ദളപുടം

(Petal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുഷ്പങ്ങളെ ആകർഷകമാക്കുന്ന വർണ്ണശബളമായ ഭാഗമാണ് ദളപുടം. ബാഹ്യദളപുടത്തിനും കേസരപുടത്തിനും ഇടയിലായാണ് ദളപുടം കാണപ്പെടുന്നത്. ദളങ്ങൾ ഒന്നോ അതിലധികമോ നിരകളായി ക്രമീകരിച്ചിരിക്കും. ഇവ മൃദുലവും കനം കുറഞ്ഞതും വർണശബളവും ആയതിനാൽ പുഷ്പങ്ങളെ ആകർഷകമാക്കുന്നു. ദളങ്ങൾ പലപ്പോഴും സുഗന്ധമുള്ളതുമാണ്. രാത്രികാലങ്ങളിൽ വിടരുന്ന പുഷ്പങ്ങളുടെ ദളങ്ങൾ വെളുത്തനിറമുള്ളതും സുഗന്ധമുള്ളതുമായിരിക്കും. പരാഗണത്തിന് പ്രാണികളെയും പറവകളെയും മറ്റും ആകർഷിക്കാൻ ഇതു സഹായകമാണ്. സസ്യങ്ങളുടെ ഇനഭേദമനുസരിച്ച് ദളങ്ങൾ നിറത്തിലും വലിപ്പത്തിലും ആകൃതിയിലും വ്യത്യസ്തത പുലർത്തുന്നു. അരണമരം, ആത്ത എന്നിവയിലെ ദളങ്ങൾ പച്ചനിറമുള്ളതും മാംസളവും കട്ടിയേറിയതുമാണ്. ഇവ വിദളകല്പം (sepaloid) എന്നറിയപ്പെടുന്നു.

പൂവ് ബാഹ്യ ദളങ്ങളും (sepal) ദളങ്ങളും (petal) അടയാളപ്പെടുത്തിയിരിക്കുന്നു

ബാഹ്യദളങ്ങളും (sepal) ദളങ്ങളുമുള്ള (petal) പുഷ്പങ്ങൾ ദ്വികഞ്ചുകപുഷ്പം (dichlamydeous) എന്നും ഒരു നിര പരിദളപുടങ്ങൾ (perianth) മാത്രമുള്ള പുഷ്പങ്ങൾ ഏകകഞ്ചുകപുഷ്പം (monochlamydeous) എന്നും ദളങ്ങൾ കാണപ്പെടാത്ത അവസ്ഥ അദല അവസ്ഥ (apetalous) എന്നും അറിയപ്പെടുന്നു.

ദളപുട ക്രമീകരണങ്ങൾ

തിരുത്തുക

ദളങ്ങൾ സ്വതന്ത്രങ്ങളോ, മുഴുവനായോ ഭാഗികമായോ സംയോജിച്ചതോ ആയിരിക്കും. സ്വതന്ത്രദളങ്ങളെ വിയുക്തദള പുഷ്പങ്ങൾ (polypetalous) എന്നും സംയോജിച്ചുള്ളവയെ സംയുക്തദള പുഷ്പങ്ങൾ (gamopetalous) എന്നും വിളിക്കുന്നു. വിയുക്തദള പുഷ്പങ്ങളുടെ സ്വതന്ത്രദളങ്ങൾ പുഷ്പാസനവുമായി സന്ധിക്കുന്ന ഭാഗം താരതമ്യേന വീതി കുറഞ്ഞതാണ്. ഈ ഭാഗം നഖരം (claw) എന്നറിയപ്പെടുന്നു. ദളത്തിന്റെ പരന്നു വിരിഞ്ഞ ആകർഷകമായ ഭാഗമാണ് ദളഫലകം (limb).

വിയുക്തദള സമമിത ദളപുടം

തിരുത്തുക

(Polypetalous regular corolla)

വിയ്ക്തദള ദളപുടം

തിരുത്തുക
  1. ക്രൂസിഫോം
  2. കാരിയോഫില്ലേഷ്യസ്
  3. റോസേഷ്യസ്

ക്രൂസിഫോം ദളപുടം

തിരുത്തുക

(cruciform corolla).

കടുക്, മുള്ളങ്കി മുതലായ സസ്യങ്ങളിലേതുപോലെ നാലുദളങ്ങൾ കുരിശാകൃതിയിൽ ക്രമീകരിച്ചിരിക്കുന്നു.

കാരിയോഫില്ലേഷ്യസ് ദളപുടം

തിരുത്തുക

(caryophyllaceous)

ഡയാന്തസ് (Dianthes) സസ്യത്തിലേതുപോലെ അഞ്ചുദളങ്ങളുടെയും നഖരങ്ങൾ നീളം കൂടിയതാണ്. ഇതിന്റെ ദളഫലകം നഖരത്തിനു വലതുകോണായി വികസിതമായിരിക്കുന്നു.

റോസേഷ്യസ് ദളപുടം

തിരുത്തുക

(rosaceous)

വളരെ ചെറിയ നഖരങ്ങളുള്ള അഞ്ച് വിരിഞ്ഞ ദളങ്ങൾ കുറുന്തോയിലേതുപോലെ ക്രമീകരിച്ചിരിക്കുന്നു.

വിയുക്തദള അസമമിത ദളപുടം

തിരുത്തുക

(Polypetalous irregular corolla).

പ്രത്യേക പേരുകളൊന്നുമില്ലാത്ത വിവിധയിനം വിയുക്തദള അസമമിത ദളപുടങ്ങളുണ്ട്.

  1. പാപ്പിലിയോനേഷ്യസ് പുഷ്പം
  2. പുഷ്പത്തിലെ ദളങ്ങൾ

ഇതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് പയറുവർഗങ്ങളുടെ പുഷ്പങ്ങൾപോലെ ചിത്രശലഭങ്ങളോടു സാദൃശ്യമുള്ള സവിശേഷമായ പാപ്പിലിയോനേഷ്യസ് (papilionaceous) ദളപുടമാണ്. ഇതിൽ വലിപ്പം കൂടിയ പതാകദളം (vexillum) ചെറിയ പാർശ്വദളങ്ങളായ രണ്ട് പക്ഷദള(alae)ങ്ങളെയും ഇതിനുള്ളിലായി രണ്ട് കീൽ (carina) ദളങ്ങളെയും പൊതിഞ്ഞിരിക്കുന്നു. പക്ഷദളങ്ങൾ ഒരേ വലിപ്പത്തിലുള്ളവയാണ്. കീൽ ദളങ്ങളുടെ ചുവടുഭാഗം സംയോജിച്ച് ബോട്ടിന്റെ ആകൃതിയിലായിത്തീർന്നിരിക്കുന്നു. ഇത് പ്രത്യുത്പാദനാവയവങ്ങളായ കേസരപുടവും ജനിപുടവും ആവരണം ചെയ്യുന്നു.

സംയുക്തദള സമമിത ദളപുടം

തിരുത്തുക

(Gamopetalous regular corolla).

മണിയുടെ ആകൃതിയിലോ (ഉദാ. ഞൊട്ടാഞൊടിയൻ) ഫണലാകൃതിയിലോ (ഉദാ. ഉമ്മം) സാൽവർ (ഉദാ. നിത്യകല്യാണി), ആകൃതിയിലോ വഴുതിനയിലെപ്പോലെ ചക്രാകൃതിയിലോ സൂര്യകാന്തിയിലെപ്പോലെ ട്യൂബുലാർ ആകൃതിയിലോ ദളങ്ങൾ ക്രമീകരിച്ചിരിക്കും.

സംയുക്തദള അസമമിത ദളപുടം

തിരുത്തുക

(Gamopetalous irregular corolla).

ദ്വിലേബിയേറ്റ് (ഉദാ. തുളസി, തുമ്പ) ദളപുടവും മാസ്ക്ഡ് (masked) ദളപുടവും ലിഗുലേറ്റ് (ഉദാ. സൂര്യകാന്തി പുഷ്പത്തിന്റെ പുറംനിരയിലുള്ള ഫ്ലോറെറ്റുകൾ) ദളപുടവും ഇതിൽ പ്പെടുന്നു.

സംയുക്തദള ദളപുടം

തിരുത്തുക
  1. സാൽവർ
  2. ട്യൂബുലാർ
  3. മണിയുടെ ആകൃതി
  4. ഫണലാകൃതി
  5. ചക്രാകൃതി
  6. ദ്വിലേബിയേറ്റ്
  7. ലിഗുലേറ്റ്

ചില അവസരങ്ങളിൽ ദളഫലകത്തിനു ചുവടുഭാഗത്തായി നിരവധി ലോമങ്ങളോ ചെറുപാളികൾപോലുള്ള അനുബന്ധ ഉപാംഗങ്ങളോ ഉണ്ടാകാറുണ്ട്. ഈ ഉപാംഗങ്ങൾ കൊറോണ (corona) എന്നറിയപ്പെടുന്നു. ഇത് പലപ്പോഴും ദളപുടത്തെ കൂടുതൽ ആകർഷകമാക്കുന്നു. ഉദാ. അരളി, പാസിഫ്ളോറ.

സസ്യവർഗീകരണത്തിൽ ദളങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. ദളപുടത്തിന്റെ ആകർഷകമായ നിറം തേനീച്ച, വണ്ട് തുടങ്ങിയ ചെറുപ്രാണികളെ പുഷ്പങ്ങളിലേക്ക് ആകർഷിക്കുന്നു. പരാഗണവും ബീജസങ്കലനവും നടത്തുന്നതിന് ഇത് സഹായകമാകുന്നു. പ്രത്യുത്പാദനാവയവങ്ങളെ പൊതിഞ്ഞു സംരക്ഷിക്കുന്നതും ദളപുടങ്ങളാണ്.

ചിത്രശാല

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദളപുടം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദളപുടം&oldid=2283508" എന്ന താളിൽനിന്ന് ശേഖരിച്ചത്