വടക്കൻ സഖ്യം

(Northern Alliance എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1996-ൽ താലിബാനെതിരെ പോരാടുന്നതിന് അഫ്ഗാനിസ്താനിലെ മുജാഹിദീൻ സർക്കാർ രൂപം കൊടുത്ത ഒരു സൈനിക-രാഷ്ട്രീയമുന്നണിയാണ് വടക്കൻ സഖ്യം എന്ന് പൊതുവേ അറിയപ്പെടുന്ന യുണൈറ്റഡ് ഇസ്ലാമിക് ഫ്രണ്ട് ഫോർ ദ സാൽവേഷൻ ഓഫ് അഫ്ഗാനിസ്താൻ (ജഭായി മുത്താഹിദി ഇസ്ലാമിയി മില്ലി ബരായി നജാതി അഫ്ഗാനിസ്താൻ). യു.ഐ.എഫ്. എന്ന ചുരുക്കരൂപത്തിലും അറിയപ്പെടുന്നു. താലിബാന്റെ ഉയർച്ചയോടെ, അതുവരെ പരസ്പരം പോരടിച്ചിരുന്ന മുജാഹിദീൻ കക്ഷികൾ താലിബാനെതിരായി ഒന്നിച്ചുനിന്ന് പോരാടുന്നതിനാണ് ഈ ഐക്യവേദി രൂപീകരിച്ചത്. വടക്കൻ അഫ്ഗാനിസ്താൻ ആയിരുന്നു ഇവരുടെ ശക്തികേന്ദ്രം എന്നതിനാലാണ് സഖ്യത്തിന് വടക്കൻ സഖ്യം എന്ന പേരുവന്നത്.

1992 മുതൽ 1996 വരെ മുജാഹിദീനുകളുടെ സർക്കാരായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്താന്റെ അതേ പതാകയായിരുന്നു, വടക്കൻ സഖ്യവും ഉപയോഗിച്ചിരുന്നത്.
ബെഗ്രാം വ്യോമത്താവളത്തിനടുത്ത് നിരന്നിരിക്കുന്ന വടക്കൻസഖ്യ സൈനികർ - 2001 ഡിസംബർ 16-ലെ ചിത്രം

2001 അവസാനം, അമേരിക്കൻ വ്യോമസേനയുടെ പിന്തുണയിൽ, താലിബാനിൽ നിന്നും അഫ്ഗാനിസ്താന്റെ ഭൂരിഭാഗം പ്രദേശങ്ങളും തിരിച്ചുപിടിക്കാൻ വടക്കൻ സഖ്യത്തിനായി.

പശ്ചാത്തലം തിരുത്തുക

അഫ്ഗാനിസ്താനിൽ 1980-കളുടെ തുടക്കം മുതൽ സോവിയറ്റ് സൈനികസാന്നിധ്യത്തിനെതിരെയും, സോവിയറ്റ് യൂനിയന്റെ പിന്തുണയോടെ രാജ്യത്ത് ഭരണത്തിലിരുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെയും ഇസ്ലാമികപ്രതിരോധകക്ഷികൾ (മുജാഹിദീൻ) യുദ്ധം ചെയ്തിരുന്നു. ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മുജാഹിദീനുകളുടെ പോരാട്ടത്തിന് അമേരിക്കയടക്കുമുള്ള പാശ്ചാത്യശക്തികളുടേയും, അറബി രാജ്യങ്ങളുടേയും പിന്തുണയും ഉണ്ടായിരുന്നു.

സോവിയറ്റ് യൂനിയന്റെ ശിഥിലീകരണത്തിനു ശേഷം, 1992-ൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അധികാരത്തിൽ നിന്നും പുറത്താക്കി മുജാഹിദീനുകൾ കാബൂളിൽ സർക്കാർ സ്ഥാപിച്ചു. എന്നാൽ വിവിധ പ്രതിരോധകക്ഷികളുടെ പരസ്പരമത്സരം മൂലം ഈ സർക്കാർ ഫലപ്രദമായിരുന്നില്ല. 1996-ഓടെ പാകിസ്താന്റെ പരോക്ഷപിന്തുണയോടുകൂടി, മൗലിക ഇസ്ലാമികവാദികളായ താലിബാൻ, പ്രതിരോധകക്ഷികളെ ഒന്നൊന്നായി പരാജയപ്പെടുത്തി, കാബൂളിൽ അധികാരത്തിലെത്തി.

1996 ഒക്ടോബറിൽ കാബൂളിന് വടക്കുള്ള ബാഖ്‌ലാൻ പ്രവിശ്യയിലെ ഖിൻ‌ജാനിൽ വച്ച് അഹ്മദ് ഷാ മസൂദും അബ്ദുൾ റഷീദ് ദോസ്തവും, താലിബാനെതിരെ ഒരു സഖ്യമുണ്ടാക്കാനുള്ള ഒരു കരാറിലെത്തി. ഇതാണ് വടക്കൻ സഖ്യത്തിന്റെ രൂപീകരണത്തിൽ നിർണ്ണായകമായത്. അന്ന് ഇരുവരുടേയും നിയന്ത്രണത്തിലുണ്ടായിരുന്ന ഒമ്പത് വടക്കൻ പ്രവിശ്യകളിൽ പരമ്പരാഗതരീതിയിലുള്ള ഒരു സർക്കാർ ഉണ്ടാക്കുന്നതിനുമായിരുന്നു ഈ കരാർ. ഒരു പ്രവിശ്യയുടെ നിയന്ത്രണം കൈവശമുണ്ടായിരുന്ന ഷിയകളുടെ നേതാവായ അബ്ദുൾ കരീം ഖലീലിയും ഈ കരാറിൽ ഒപ്പുവച്ചു. മസാർ-ഇ ശരീഫിലെ റഷ്യൻ കോൺസുൽ ജനറൽ ആയിരുന്ന ഒലെഗ് നെവെലയേവിന്റെ സാന്നിധ്യത്തിൽ നടന്ന ഈ കരാറിന് റഷ്യയുടെ നയതന്ത്രപിന്തുണയുമുണ്ടായിരുന്നു. ഈ സമയത്ത് പത്തൊമ്പത് പ്രവിശ്യകൾ താലിബാന്റെ നിയന്ത്രണത്തിലായിരുന്നു.[1]

വടക്കൻ സഖ്യത്തിലെ കക്ഷികൾ തിരുത്തുക

താജിക്, ഹസാര, ഉസ്ബെക്, തുർക്മെൻ വംശജരാണ് വടക്കൻ സഖ്യത്തിൽ ഉൾപ്പെട്ടിരുന്നത്. ഇവരിൽ ചിലർ (ഉദാഹരണം: ഹസാരകൾ) ഷിയകളുമായിരുന്നു. വടക്കൻ സഖ്യത്തിലെ കക്ഷികൾ താഴെപ്പറയുന്നവയാണ്

തളർച്ചയും ഉയർത്തെഴുന്നേൽപ്പും തിരുത്തുക

 
2001 ഒക്ടോബറിൽ വടക്കൻ സഖ്യത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങൾ ചുവപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്നു

വടക്കൻ സഖ്യത്തിന് ആദ്യകാലങ്ങളിൽ താലിബാനെതിരെ പിടിച്ചുനിൽക്കാനായെങ്കിലും താലിബാന്റെ ആക്രമണങ്ങൾ മൂലം 1997 മദ്ധ്യത്തോടെ അബ്ദുൾ റഷീദ് ദോസ്തവും, ബുർഹാനുദ്ദീൻ റബ്ബാനിയുമടക്കമുള്ള പല നേതാക്കളും രാജ്യം വിട്ടതോടെ സഖ്യം, വടക്കൻ അഫ്ഗാനിസ്താനിൽ ബദാഖ്ശാനിലും പരിസരപ്രദേശത്തുമായി മാത്രം ഒതുങ്ങി. സഖ്യത്തിന്റെ നേതൃത്വം പ്രധാനമായും അഹ്മദ് ഷാ മസൂദിനായിരുന്നു.. 2001 വരെ അഫ്ഗാനിസ്താനിൽ താലിബാനെതിരെ പോരാടി നിന്ന ഒരേയൊരു സൈനികനേതാവായിരുന്നു മസൂദ്. 2001 സെപ്റ്റംബറിൽ അൽ ഖ്വയ്ദയുടെ പ്രവർത്തകർ മസൂദിനെ വധിച്ചതോടെ വടക്കൻ സഖ്യത്തിന്റെ സേനാംഗങ്ങൾ ആശയക്കുഴപ്പത്തിലുമായി.

എന്നാൽ 2001 സെപ്റ്റംബർ 11-ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട ഒസാമ ബിൻ ലാദനെ വിട്ടുകിട്ടുന്നതിന് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യസേന താലിബാനെതിരെ സൈനികനടപടി ആരംഭിച്ചതോടെ, അവർ വടക്കൻ സഖ്യത്തെ കൂട്ടുപിടിച്ചു. അങ്ങനെ വടക്കൻ സഖ്യത്തിന് അമേരിക്കയുടേയും ബ്രിട്ടന്റേയും സൈനികസഹായങ്ങൾ ലഭിച്ചു. പാശ്ചാത്യസൈനികസഹായത്തോടെ വടക്കൻ സഖ്യം കൂടുതൽ ശക്തിപ്രാപിച്ചു. [2]

താലിബാൻ നിയന്ത്രിത പ്രദേശങ്ങൾ‌ അധീനതയിലാക്കുന്നു തിരുത്തുക

2001 ഒക്ടോബർ മാസം തുടക്കം, അമേരിക്കൻ-ബ്രിട്ടീഷ് സമ്യുക്തസേന, താലിബാൻ കേന്ദ്രങ്ങൾക്കുനേരെ ശക്തമായ ബോബാക്രമണം തുടങ്ങിയിരുന്നു. നവംബർ 9-ന് വടക്കൻ സഖ്യം, മസാർ-ഇ ശരീഫിന്റെ നിയന്ത്രണം കൈക്കലാക്കി. തുടർന്ന് ഇവർ രാജ്യത്തിന്റെ വടക്കുഭാഗത്തിന്റെ മുഴുവൻ നിയന്ത്രണമേറ്റെടുത്തു. പടിഞ്ഞാറ്‌ ഹെറാത്ത്, നവംബർ 12-നും, തലസ്ഥാനമായ കാബൂൾ, നവംബർ 13-നും, വടക്കൻ സഖ്യത്തിന്റെ നിയന്ത്രണത്തിലായി.

നവംബർ 14-ന് പാകിസ്താൻ അതിർത്തിയിലുള്ള ജലാലാബാദും വടക്കൻ സഖ്യത്തിന്റെ നിയന്ത്രണത്തിലായി. വടക്കുഭാഗത്ത് താലിബാന്റെ നിയന്ത്രണത്തിൽ അവശേഷിച്ചിരുന്ന ഒരേയൊരു പട്ടണമായ ഖുണ്ടുസ്, നവംബർ 26-ന് പിടിച്ചെടുത്തു. താലിബാന്റെ നിയന്ത്രണത്തിൽ പിന്നീടുണ്ടായ ഒരേയൊരു പ്രധാന പട്ടണം കന്ദഹാർ ആയിരുന്നു. 2001 ഡിസംബർ 7-ന് ഈ പട്ടണവും താലിബാനിൽ നിന്നും വടക്കൻ സഖ്യം പിടിച്ചെടുത്തു.

കന്ദഹാറിന്റെ പതനത്തിനു മുൻപേ തന്നെ മുല്ല ഒമർ അടക്കമുള്ള താലിബാൻ നേതാക്കൾ പാകിസ്താനിലേക്ക് രക്ഷപ്പെട്ടു. ഒസാമ ബിൻ ലാദനും അയാളുടെ അടുത്ത അനുയായികളും ഇതോടൊപ്പം പാകിസ്താനിലേക്ക് രക്ഷപ്പെട്ടു എന്നാണ് കരുതുന്നതെങ്കിലും പാകിസ്താനി അധികൃതർ ഇത് നിഷേധിച്ചിരുന്നു.[2]

യുദ്ധാനന്തരം തിരുത്തുക

താലിബാന്റെ പതനത്തിനു ശേഷം, 2001 ഡീസംബറിൽ, ജർമ്മനിയിലെ ബേണിനടുത്തുള്ള പീറ്റേഴ്സ്ബർഗിൽ അഫ്ഗാനിസ്താനിലേയും വിദേശരാജ്യങ്ങളിലേയും നേതാക്കൾ ഒരു സമ്മേളനം നടത്തി. ഇതനുസരിച്ച് ഹമീദ് കർസായിയെ അഫ്ഗാനിസ്താന്റെ ഇടക്കാല പ്രസിഡണ്ട് പദവി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തി.[2] വടക്കൻ സഖ്യം ഈ ധാരണ അംഗീകരിക്കുകയും സഖ്യത്തിലെ നിരവധി നേതാക്കൾ‌ പുതിയ സർക്കാറിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തു. 2004-ലെ തിരഞ്ഞെടുപ്പിൽ ഹമീദ് കർസായി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, വടക്കൻ സഖ്യത്തിന്റെ മുൻ നേതാവായ അഹ്മദ് ഷാ മസൂദിന്റെ ഇളയ സഹോദരനായ അഹ്മദ് സിയ മസൂദിനെയാണ് വൈസ് പ്രസിഡണ്ടായി നിർദ്ദേശിച്ചത്.

ഇന്ന് വടക്കൻ സഖ്യത്തിലെ പ്രമുഖ നേതാക്കളെല്ലാം, ബുർഹാനുദ്ദീൻ റബ്ബാനി നയിക്കുന്ന യുണൈറ്റഡ് നാഷണൽ ഫ്രണ്ട് എന്ന കക്ഷിയിലാണ് പ്രവർത്തിക്കുന്നത്. ഈ കക്ഷി, പ്രസിഡണ്ട് ഹമീദ് കർസായിയുടെ ഔപചാരിക പ്രതിപക്ഷമായി വർത്തിക്കുന്നു.

അവലംബം തിരുത്തുക

  1. എഫ്. ബർൺസ്, ജോൺ (1996 ഒക്ടോബർ 11). "2 AFGHAN FACTIONS SIGN PACT TO FIGHT NEW KABUL RULERS". ന്യൂയോർക്ക് ടൈംസ്. Retrieved 14 ജൂലൈ 2010. {{cite news}}: Check date values in: |date= (help)
  2. 2.0 2.1 2.2 Vogelsang, Willem (2002). "Epilogue: Six years on". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 337–338. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=വടക്കൻ_സഖ്യം&oldid=2748073" എന്ന താളിൽനിന്ന് ശേഖരിച്ചത്