മെഴ്‌സിഡസ് സോസ
ഹെയ്‌ഡി മെഴ്‌സിഡസ് സോസ (സ്പാനിഷ് ഉച്ചാരണം: [meɾˈseðes ˈsosa]; 9 ജൂലൈ 1935[1] - 4 ഒക്ടോബർ 2009), ചിലപ്പോൾ ലാ നെഗ്ര (അക്ഷരാർത്ഥത്തിൽ: 'ദി ബ്ലാക്ക് വൺ') എന്നും അറിയപ്പെടുന്നു), ലാറ്റിൻ അമേരിക്കയിലും അതോടൊപ്പം മേഖലയ്ക്ക് പുറത്തുമുള്ള മറ്റു പല രാജ്യങ്ങളിലും പ്രശസ്തയായ ഒരു അർജന്റീന സ്വദേശിയായ ഗായികയായിരുന്നു. അർജന്റീനിയൻ നാടോടി സംഗീതത്തിൽ ആഴത്തിൽ വേരുകളുള്ള മെഴ്സിഡസ് സോസ, ലാ ന്യൂവ കാൻസിയോണിന്റെ പ്രമുഖ വക്താക്കളിൽ ഒരാളായി മാറി. നിരവധി ലാറ്റിനമേരിക്കൻ ഗാനരചയിതാക്കളുടെ ഗാനങ്ങൾക്ക് അവർ തൻറെ സ്വരം നൽകിയിട്ടുണ്ട്. അവരുടെ സംഗീതത്തെ ജനങ്ങൾ "ശബ്ദമില്ലാത്തവരുടെ ശബ്ദം" എന്ന് വാഴ്ത്തി.[2]
മെഴ്‌സിഡസ് സോസ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ഹെയ്‌ഡി മെഴ്‌സിഡസ് സോസ |
ജനനം | സാൻ മിഗ്വേൽ ഡി ടുകുമാൻ, ടുകുമാൻ, അർജൻറീന | 9 ജൂലൈ 1935
മരണം | 4 ഒക്ടോബർ 2009 ബ്യൂണസ് ഐറീസ്, അർജൻറീന | (പ്രായം 74)
വിഭാഗങ്ങൾ | നാടോടി സംഗീതം, ന്യൂവ കാൻസിയോൺ |
തൊഴിൽ(കൾ) | ഗായിക |
വർഷങ്ങളായി സജീവം | 1950–2009 |
ന്യൂയോർക്ക് നഗരത്തിലെ ലിങ്കൺ സെന്റർ, പാരീസിലെ തിയേറ്റർ മൊഗാഡർ, വത്തിക്കാൻ നഗരത്തിലെ സിസ്ടിൻ ചാപ്പൽ തുടങ്ങിയ വേദികളിലും ന്യൂയോർക്കിലെ കാർനെഗീ ഹാൾ, റോമൻ കൊളോസിയം എന്നിവിടങ്ങളിലും തന്റെ അവസാന ദശാബ്ദക്കാലത്തെ ഷോകൾ അവർ അവതരിപ്പിച്ചു. നാല് പതിറ്റാണ്ടുകാലത്തോളം നീണ്ടുനിന്ന അവരുടെ കരിയറിൽ ആറ് ലാറ്റിൻ ഗ്രാമി അവാർഡുകൾ (2000, 2003, 2004, 2006, 2009, 2011) നേടിയിട്ടുള്ളതുകൂടാതെ 2004 ലെ ലാറ്റിൻ ഗ്രാമി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡും മരണാനന്തരം 2009, 2011 വർഷങ്ങളിലെ മികച്ച ഫോക്ക് ആൽബത്തിനുള്ള രണ്ട് ലാറ്റിൻ ഗ്രാമി അവാർഡുകളും നേടി. അർജന്റീനയിലെ പ്രധാന സംഗീത അവാർഡായ പ്രീമിയോ ഗാർഡൽ 2000-ൽ അവർ നേടി. യുനിസെഫിന്റെ അംബാസഡറായും അവർ സേവനമനുഷ്ഠിച്ചിരുന്നു.
ജീവിതരേഖ
തിരുത്തുക1935 ജൂലൈ 9 ന് വടക്ക് പടിഞ്ഞാറൻ അർജന്റീന പ്രവിശ്യയായ ടുകുമാനിലെ സാൻ മിഗ്വേൽ ഡി ടുകുമാനിൽ മെസ്റ്റിസോ വംശപരമ്പരയിലാണ് സോസ ജനിച്ചത്. അവർക്ക് ഫ്രഞ്ച്, സ്പാനിഷ്, ഡയഗ്വിറ്റ വംശ പാരമ്പര്യവുമുണ്ടായിരുന്നു.[3] മാതാപിതാക്കൾ പെറോണിസ്റ്റ് പാർട്ടി അനുഭാവികളായിരുന്നുവെങ്കിലും അവർ ഒരിക്കലും പാർട്ടിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നു. ഗ്ലാഡിസ് ഒസോറിയോ എന്ന പേരിൽ പ്രൊവിൻഷ്യ ടുകുമാനിലെ പെറോണിസ്റ്റ് പാർട്ടിയുടെ ഗായികയായാണ് അവർ തന്റെ കരിയർ ആരംഭിച്ചത്.[4] 1950-ൽ, പതിനഞ്ചാമത്തെ വയസ്സിൽ, ഒരു പ്രാദേശിക റേഡിയോ സ്റ്റേഷൻ സംഘടിപ്പിച്ച ഒരു ഗാനാലാപന മത്സരത്തിൽ വിജയിയായ സോസയ്ക്ക് രണ്ട് മാസത്തേക്ക് സംഗീത പരിപാടി അവതരിപ്പിക്കാനുള്ള കരാർ ലഭിച്ചു.[5] 1959-ൽ തന്റെ ആദ്യ ആൽബമായ ലാ വോസ് ഡി ലാ സഫ്ര അവർ റെക്കോർഡു ചെയ്‌തു.[6] 1965-ലെ കോസ്‌ക്വിൻ നാഷണൽ ഫോക്ലോർ ഫെസ്റ്റിവലിൽ ഒരു പ്രകടനം നടക്കുന്ന സമയത്ത് സഹ നാടോടി ഗായകൻ ജോർജ്ജ് കഫ്രൂണിനോടൊപ്പം[7] സദസിൽ ഇരുന്ന അവർ വേദിയിലേക്ക് ആനയിക്കപ്പെടുകയും പരിചയപ്പെടുത്തപ്പെടുകയും ചെയ്തതോടെ അർജന്റീനിയൻ പൊതുജനങ്ങളുടെ ശ്രദ്ധ അവരിലേയ്ക്ക് പതിഞ്ഞു.[8]
സോസയും അവരുടെ ആദ്യ ഭർത്താവ് മാനുവൽ ഓസ്‌കാർ മാറ്റസും (അവർക്ക് ഒരു മകനുണ്ടായിരുന്നു) 60-കളുടെ മധ്യത്തിൽ ന്യൂവ കാൻസിയോൺ പ്രസ്ഥാനത്തിലെ പ്രധാന അംഗങ്ങളായിരുന്നു (അർജന്റീനയിൽ ന്യൂവോ കാൻസിയോനെറോ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്). അവരുടെ രണ്ടാമത്തെ റെക്കോർഡ് കാൻസിയോണസ് കോൺ ഫണ്ടമെന്റോ എന്ന പേരിലുള്ള അർജന്റീനിയൻ നാടൻ പാട്ടുകളുടെ ഒരു ശേഖരമായിരുന്നു.
1967-ൽ സോസ അമേരിക്കൻ ഐക്യനാടുകളിലും യൂറോപ്പിലും പര്യടനം നടത്തി മികച്ച വിജയം നേടി. പിന്നീടുള്ള വർഷങ്ങളിൽ, അവൾ ലാറ്റിനമേരിക്കയിൽ ഉടനീളമുള്ള സാമഗ്രികൾ ഉൾപ്പെടുത്തി തന്റെ ശേഖരം വിശാലമാക്കുകയും വിപുലമായി അവതരിപ്പിച്ച് റെക്കോർഡ് ചെയ്യുകയും ചെയ്തു.
1970-കളുടെ പ്രാരംഭത്തിൽ, സംഗീതസംവിധായകൻ ഏരിയൽ റാമിറസ്, ഗാനരചയിതാവ് ഫെലിക്സ് ലൂണ എന്നിവരുമായി സഹകരിച്ച് സോസ കാന്ററ്റ സുഡാമേരിക്കാന, മുജേരസ് അർജന്റീനാസ് (അർജന്റീനിയൻ സ്ത്രീകൾ) എന്നീ രണ്ട് കൺസപ്റ്റ് ആൽബങ്ങൾ പുറത്തിറക്കി. സോസയുടെ സിഗ്നേച്ചർ ഗാനങ്ങളിലൊന്നായ ഗ്രേഷ്യസ് എ ലാ വിഡ ഉൾപ്പെടെ, 1971-ൽ ചിലിയൻ സംഗീതജ്ഞ വയലെറ്റ പാരയ്ക്കായുള്ള ഒരു ആദരാഞ്ജലിയും അവർ റെക്കോർഡുചെയ്‌തു. ബ്രസീലിലെ മിൽട്ടൺ നാസിമെന്റോ, ക്യൂബയിൽ നിന്നുള്ള പാബ്ലോ മിലാനെസ്, സിൽവിയോ റോഡ്രിഗസ് എന്നിവർ എഴുതിയ ഗാനങ്ങളുടെ ജനപ്രീതിയും അവർ തന്നിലൂടെ വർദ്ധിപ്പിച്ചു.
1976-ൽ ജോർജ് വിഡെലയുടെ സൈനിക ഭരണകൂടം അധികാരത്തിൽ വന്നതിനുശേഷം, അർജന്റീനയിലെ സാമൂഹ്യാന്തരീക്ഷം കൂടുതൽ അടിച്ചമർത്തലിലേയ്ക്ക് വളർന്നു. തനിക്കും കുടുംബത്തിനും എതിരെ വധഭീഷണി നേരിട്ട മെഴ്സിഡസ് സോസ പക്ഷേ രാജ്യം വിടാൻ വർഷങ്ങളോളം വിസമ്മതിച്ചു. 1979-ൽ ലാ പ്ലാറ്റയിൽ നടന്ന ഒരു കച്ചേരിയിൽ വച്ച് സോസയെ തിരഞ്ഞുപിടിച്ച അധികൃതർ സ്റ്റേജിൽ വെച്ച് കച്ചേരിയിൽ പങ്കെടുത്ത മുഴുവൻ ആളുകളേയും അറസ്റ്റ് ചെയ്തു. പിന്നീട് അന്താരാഷ്ട്ര ഇടപെടലിലൂടെയാണ് അവരുടെ മോചനം നടന്നത്. സ്വന്തം രാജ്യത്ത് നിരോധനം നേരിട്ട അവർ ആദ്യം പാരീസിലേക്കും പിന്നീട് മാഡ്രിഡിലേക്കും തട്ടകം മാറ്റി.
ഫോക്‌ലാൻഡ് യുദ്ധത്തിന്റെ ഫലമായി സൈനിക ഭരണം തകരുന്നതിന് മാസങ്ങൾക്ക് മുമ്പ്, 1982-ൽ യൂറോപ്പിലെ പ്രവാസത്തിൽ നിന്ന് അർജന്റീനയിലേക്ക് മടങ്ങിയെത്തിയ സോസ, ബ്യൂണസ് ഐറീസിലെ തീയേട്രോ ഓപ്പറയിൽ നിരവധി കച്ചേരികൾ നടത്തുകയും അവിടെ തന്റെ ഇളമുറക്കാരായ സഹപ്രവർത്തകരെ വേദി പങ്കിടുന്നതിന് ക്ഷണിക്കുകയുംചെയ്തു. ഈ പ്രകടനങ്ങളിൽ നിന്നുള്ള റെക്കോർഡിംഗുകളുടെ ഇരട്ട ആൽബം തൽക്ഷണ ബെസ്റ്റ് സെല്ലറായിത്തീർന്നു. തുടർന്നുള്ള വർഷങ്ങളിൽ, അർജന്റീനയിലും വിദേശത്തും പര്യടനം തുടർന്ന സോസ, ന്യൂയോർക്ക് നഗരത്തിലെ ലിങ്കൺ സെന്റർ, പാരീസിലെ തിയേറ്റർ മൊഗഡോർ തുടങ്ങിയ വേദികളിൽ പരിപാടികൾ അവതരിപ്പിച്ചു. 1990-കളിൽ കൂടുതലും ആരോഗ്യനില മോശമായ അവസ്ഥയിൽനിന്ന് 1998-ൽ അർജന്റീനയിൽ അവർ ഒരു തിരിച്ചുവരവ് ഷോ നടത്തി. 1994-ൽ അവർ വത്തിക്കാൻ നഗരത്തിലെ സിസ്ടിൻ ചാപ്പലിൽ പ്രകടനം നടത്തി. 2002-ൽ, ന്യൂയോർക്കിലെ കാർണഗീ ഹാളിലും അതേവർഷം റോമിലെ കൊളോസിയത്തിലും നടത്തിയ ഷോയിലെ മുഴവൻ ടിക്കറ്റുകൾ വർഷം വിറ്റുതീർന്നു.
ജുവാൻ പെറോണിന്റെ പിന്തുണക്കാരിയായിരുന്ന അവർ തന്റെ ജീവിതത്തിലുടനീളം ഇടതുപക്ഷ ചിന്താഗതികളെ അനുകൂലിച്ചിരുന്നു. 1989 മുതൽ 1999 വരെ അധികാരത്തിലിരുന്ന പ്രസിഡന്റ് കാർലോസ് മെനെമിനെ എതിർക്കുകയും 2003-ൽ പ്രസിഡന്റായ നെസ്റ്റർ കിർച്ചനറുടെ തിരഞ്ഞെടുപ്പിനെ അവർ പിന്തുണക്കുകയും ചെയ്തു. ലാറ്റിൻ അമേരിക്കയിലും കരീബിയനിലും യുനെസ്കോ ഗുഡ്വിൽ അംബാസഡറായും സോസ സേവനമനുഷ്ടിച്ചിരുന്നു.
നാല് പതിറ്റാണ്ട് നീണ്ട ഒരു കരിയറിലുടനീളം മാർത്ത അർജറിച്, ആൻഡ്രിയ ബൊസെല്ലി, ഡേവിഡ് ബ്രോസ, ഫ്രാങ്കോ ബാറ്റിയാറ്റോ, ജെയിം റൂസ്, ജോവാൻ ബെയ്‌സ്, ഫ്രാൻസിസ് കാബ്രെൽ, ഗാൽ കോസ്റ്റ, ലുസ് കാസൽ, ലീല ഡൗൺസ്, ലൂസിയോ ഡല്ല, മരിയ ഫരന്റൂറി, ലൂസെസിറ്റ ബെനിറ്റസ്, നിൽഡ ഫെർണാണ്ടസ്, ചാർലി ഗാർസിയ, ലിയോൺ ജീക്കോ, ജിയാൻ മാർക്കോ, നാന മൗസ്‌കൗറി, പാബ്ലോ മിലാനെസ്, ഹോളി നിയർ, മിൽട്ടൺ നാസ്‌സിമെന്റോ, പാറ്റ നെഗ്ര, ഫിറ്റോ പ്യൂസ്, ഫ്രാങ്കോ ഡെ വിറ്റ, ലോർഡസ് പെരെസ്, ലൂസിയാനോ പാവറൊട്ടി, സിൽവിയോ റോഡ്രിഗ്വസ്, ഇസ്മായേൽ സെറാനോ, ഷക്കീര, സ്റ്റിംഗ്, കെയ്റ്റാനോ വെലോസോ, ജൂലിയറ്റ വെനഗാസ്, കോൺസ്റ്റാന്റിൻ വെക്കർ തുടങ്ങി നിരവധി വിഭാഗങ്ങളിലും തലമുറകളിലുമുള്ള നാടോടി, ഓപ്പറ, പോപ്പ്, റോക്ക് വിഭാഗങ്ങളിലെ കലാകാരന്മാർക്കൊപ്പം അവർ പ്രവർത്തിച്ചു. ഏരിയൽ റാമിറെസിന്റെ മിസ ക്രിയോളയുടെ 1999 ലെ നിർമ്മാണത്തിൽ സോസ പങ്കെടുത്തിരുന്നു. അർജന്റീനിയൻ മാർക്‌സിസ്റ്റ് വിപ്ലവകാരിയായ ചെഗുവേരയായി ബെനിസിയോ ഡെൽ ടോറോ അഭിനയിച്ച 2008-ലെ ചെ എന്ന ചലച്ചിത്രത്തിൽ അവരുടെ ബാൽഡെർമ എന്ന ഗാനം ഉൾപ്പെടുത്തിയിരുന്നു. എർത്ത് ചാർട്ടർ ഇന്റർനാഷണൽ കമ്മീഷന്റെ മുൻ കോ-ചെയർ പേർസൺ കൂടിയായിരുന്നു സോസ.
പുരസ്കാരങ്ങൾ
തിരുത്തുക2000-ൽ മികച്ച ഫോക്ക് ആൽബത്തിനുള്ള ലാറ്റിൻ ഗ്രാമി അവാർഡ് (മിസ ക്രിയോള) നേടിയ അവർ കൂടാതെ 2003 (അക്യുസ്‌റ്റിക്കോ), 2006 (കൊറാസോൻ ലിബ്രെ), 2006 (കാന്റോറ 1, മികച്ച റെക്കോർഡിംഗ് പാക്കേജ് നേടുകയും ആ വർഷത്തെ ആൽബമായി നാമനിർദ്ദേശം ചെയ്യുകയും ചെയ്തു), 2011 (ഡെജ ലാ വിഡോ വൊളാർ) വർഷങ്ങളിലും അവാർഡ് നേടിയതോടൊപ്പം മറ്റ് നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും നേടിയിരുന്നു.
1995-ൽ, അർജന്റീനയിൽ നിന്നുള്ള കൊനെക്‌സ് ഫൗണ്ടേഷൻ, കഴിഞ്ഞ ദശകത്തിൽ രാജ്യത്തെ ജനപ്രിയ സംഗീതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വമെന്ന നിലയിൽ അർജന്റീനയിലെ ഏറ്റവും അഭിമാനകരമായ അവാർഡുകളിലൊന്നായ ഡയമണ്ട് കോണക്‌സ് അവാർഡ് നൽകി ആദരിച്ചു.
മരണം
തിരുത്തുകപിന്നീടുള്ള വർഷങ്ങളിൽ ആവർത്തിച്ചുള്ള എൻഡോക്രൈൻ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടിയ 74-കാരിയായ സോസ 2009 സെപ്റ്റംബർ 18-ന് ബ്യൂണസ് ഐറീസിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഒന്നിലധികം അവയവങ്ങളുടെ തകരാർ മൂലം 2009 ഒക്ടോബർ 4 ന് രാവിലെ 5:15 ന് അവർ അന്തരിച്ചു. "74 വർഷം പൂർണ്ണമായി ജീവിച്ച് ആഗ്രഹിച്ചതെല്ലാം പ്രായോഗികമായി ചെയ്തു അവരെ ഒരു തരത്തിലുള്ള തടസ്സമോ ഭയമോ പരിമിതപ്പെടുത്തിയില്ല" എന്നാണ് ആദ്യ വിവാഹത്തിൽ ജനിച്ച ഫാബിയൻ മാറ്റസ് എന്ന ഒരു മകൻ അഭിപ്രായപ്പെട്ടത്. ബന്ധങ്ങളോട് ആശുപത്രി അനുശോചനം രേഖപ്പെടുത്തുകയുണ്ടായി. "അവളുടെ തർക്കമില്ലാത്ത കഴിവും സത്യസന്ധതയും തീവ്രമായ ദൃഢവിശ്വാസവും വരും തലമുറകൾക്ക് മഹത്തായ പാരമ്പര്യം നൽകുന്നു" എന്ന് അവളുടെ വെബ്‌സൈറ്റിൽ രേഖപ്പെടുത്തപ്പെട്ടു.
അവളുടെ മൃതദേഹം ബ്യൂണസ് ഐറീസിലെ നാഷണൽ കോൺഗ്രസ് കെട്ടിടത്തിൽ പൊതുജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രദർശിപ്പിക്കുകയും പ്രസിഡന്റ് ഫെർണാണ്ടസ് ഡി കിർച്ചനർ രാജ്യത്ത് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണത്തിന് ഉത്തരവിടുകയുംചെയ്തു. ദിവസം അവസാനിക്കുമ്പോഴേയ്ക്ക് മൃതദേഹം ദർശിക്കുവാൻ ആയിരങ്ങൾ ക്യൂവിൽ നിന്നു. ഒക്ടോബർ 5 ന് സംസ്കരിക്കപ്പെട്ടു.
അവലംബം
തിരുത്തുക- ↑ Mercedes Sosa at BrainyHistory.com
- ↑ "Singer Mercedes Sosa: The voice of the 'voiceless ones' outlasts South American dictatorships".
- ↑ "Legendary folk singer Mercedes Sosa dies at 74". France 24. 4 October 2009. Retrieved 5 October 2009.
- ↑ Mercedes Sosa: The Voice of Latin America. Dir. Rodrigo H. Villa. First Run Features, 2013. Web.
- ↑ "Mercedes Sosa: Obituary". The Daily Telegraph. 4 October 2009. Retrieved 5 October 2009.
- ↑ "Mercedes Sosa: Obituary". The Daily Telegraph. 4 October 2009. Retrieved 5 October 2009.
- ↑ The presentation by Jorge Cafrune and the song Mercedes Sosa sang യൂട്യൂബിൽ. Retrieved 3 March 2010.
- ↑ "Mercedes Sosa: Obituary". The Daily Telegraph. 4 October 2009. Retrieved 5 October 2009.