ലിയോനാർഡ് യൂജീൻ ഡീക്സൺ

(Leonard Eugene Dickson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഗണിതശാസ്ത്രജ്ഞനായ ലിയോനാർഡ് യൂജീൻ ഡീക്സൺ 1874 ജനുവരി 22-ന് അയോവയിലെ ഇൻഡിപെൻഡൻസിൽ ജനിച്ചു. ടെക്സാസ്, ലീപ്സിഗ്, പാരിസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ടെക്സാസ് സർവകലാശാലയിൽനിന്ന് ബിരുദവും (1893) ബിരുദാനന്തര ബിരുദവും (1894) ഷിക്കാഗോ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും (1896) നേടിയശേഷം ഷിക്കാഗോ സർവ്വകലാശാലയിൽത്തന്നെ ഗണിതശാസ്ത്ര പ്രൊഫസറായി സേവനമനുഷ്ഠിച്ചു (1900-39).

ലിയോനാർഡ് യൂജീൻ ഡീക്സൺ
ജനനം(1874-01-22)ജനുവരി 22, 1874
മരണംജനുവരി 17, 1954(1954-01-17) (പ്രായം 79)
ദേശീയത American
കലാലയംUniversity of Chicago
അറിയപ്പെടുന്നത്Cayley–Dickson construction
Dickson's conjecture
Dickson's lemma
Dickson invariant
Dickson polynomial
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMathematics
സ്ഥാപനങ്ങൾUniversity of Chicago
ഡോക്ടർ ബിരുദ ഉപദേശകൻE. H. Moore
ഡോക്ടറൽ വിദ്യാർത്ഥികൾAbraham Adrian Albert
Olive Hazlett
Ralph James
Burton W. Jones
Cyrus MacDuffee
Ivan M. Niven
Mina Rees
Arnold Ross

ഗവേഷണ പഠനം

തിരുത്തുക

ഗ്രൂപ്പ് സിദ്ധാന്തം, സംഖ്യാസിദ്ധാന്തം, ബീജഗണിതവും അവയുടെ അങ്കഗണിതങ്ങളും, നിശ്ചരങ്ങൾ (invariants), ഗണിതശാസ്ത്രചരിത്രം തുടങ്ങിയവയിലാണ് ഇദ്ദേഹം തന്റെ ഗവേഷണ സപര്യ കേന്ദ്രീകരിച്ചിരുന്നത്. പരിബദ്ധക്ഷേത്രങ്ങളെ (finite field) കുറിച്ചുള്ള പ്രമാണങ്ങൾ ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഡിക്സൻ ശാസ്ത്രലോകത്ത് ശ്രദ്ധേയനായിത്തീർന്നു. ഗ്രൂപ്പ് സിദ്ധാന്തത്തെക്കുറിച്ചുള്ള പഠനങ്ങളിൽ ഗാൽവ, ഴോർഡാൻ, സീറെറ്റ് എന്നീ ഗണിതശാസ്ത്രജ്ഞരുടെ പരിബദ്ധ രേഖീയഗ്രൂപ്പു (finite linear group) കളെക്കുറിച്ചുള്ള ബീജഗണിതാശയങ്ങൾ സാമാന്യവത്ക്കരിച്ചതിലും ഇദ്ദേഹം വിജയം വരിച്ചു. നിശ്ചരങ്ങളും സംഖ്യാസിദ്ധാന്തവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പഠനം നടത്തിയിട്ടുണ്ട്. ആർതർ കെയ്ലിയുടെ കെയ്ലി ബീജഗണിതം (Cayley Algebra), എഡ്വേർഡ് വേറിംഗിന്റെ പൂർണസംഖ്യകളെക്കുറിച്ചുള്ള വേറിംഗ് സമസ്യ, ഫെർമയുടെ അവസാന പ്രമേയം തുടങ്ങിയവയെ ആസ്പദമാക്കിയുള്ള ഇദ്ദേഹത്തിന്റെ പഠനങ്ങൾ പ്രത്യേക പരാമർശമർഹിക്കുന്നു.

പ്രധാനകൃതികൾ

തിരുത്തുക

ഡിക്സന്റെ പ്രധാന കൃതിതികൾ ഇവയാണ്:-

  • ഹിസ്റ്ററി ഒഫ് തിയറി ഒഫ് നംബേഴ്സ് (3 വാല്യങ്ങൾ 1919-23).
  • ആൾജിബ്രാസ് ആൻഡ് ദേർ അരിത്മെറ്റിക്സ് (1923). (അമേരിക്കൻ സയൻസ് കമ്മിറ്റിയുടെ അവാർഡ് ലഭിച്ച കൃതി.)
  • ആൾജിബ്രൻ ആൻഡ് ഇഹ്റെ സാഹ്ലെൻ തിയറി (1928). (കോൾ പ്രൈസ് ലഭിച്ച ഗ്രന്ഥമാണ്.)
  • ലീനിയർ ആൾജിബ്രാസ് (1914)
  • തിയറി ആൻഡ് ആപ്ളിക്കേഷൻസ് ഒഫ് ഫൈനൈറ്റ് ഗ്രൂപ്പ്സ് (1916)

എന്നീ കൃതികളും പ്രാധാന്യമർഹിക്കുന്നു.

അംഗീകാരങ്ങൾ

തിരുത്തുക

അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായി (1917-19, 1932) ഡിക്സൺ സേവനമനുഷ്ഠിച്ചു. അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റി, അമേരിക്കൻ അക്കാദമി ഒഫ് ആർട്ട്സ് ആൻഡ് സയൻസസ്, അക്കാദമി ഒഫ് ദ് ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ അംഗമായിരുന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മികച്ച ഗവേഷണപഠനത്തെ ആദരിച്ച് ഹാർവാർഡ്, പ്രിൻസ്റ്റൺ സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് നൽകിയിട്ടുണ്ട് (1936, 1941). 1954 ജനുവരി 17-ന് ടെക്സാസിലെ ഹാർലിംഗെനിൽ ഡിക്സൺ നിര്യാതനായി.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ [http://web-edition.sarvavijnanakosam.gov.in/index.php?title=ഡിക്സ%E0%B4%A3%E0%B5%8D%E2%80%8D,_ലിയോനാ%E0%B4%B0%E0%B5%8D%E2%80%8Dഡ്_യൂജീ%E0%B4%A8%E0%B5%8D%E2%80%8D_(1874-1954) ഡിക്സൺ, ലിയോനാർഡ് യൂജീൻ (1874-1954)] എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ലിയോനാർഡ്_യൂജീൻ_ഡീക്സൺ&oldid=3808180" എന്ന താളിൽനിന്ന് ശേഖരിച്ചത്