നിയമം

(Law എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വ്യവസ്ഥാപിത സമൂഹത്തിന്റെ സുസ്ഥിര നിലനില്പിനായി അതിലെ അംഗങ്ങളായ വ്യക്തികളുടെ സ്വഭാവം, പെരുമാറ്റം, പ്രവൃത്തി, സ്വാതന്ത്ര്യം, അവകാശം തുടങ്ങിയവയ്ക്കുമേൽ ബാധകമാക്കപ്പെടുന്ന നിയന്ത്രണം, അതിര്, വിലക്ക് എന്നിവയുടെ സമാഹാരമോ സംഹിതയോ സംഘാടനമോ ആണ് നിയമം.[4] ഇത് മനുഷ്യർ തങ്ങളുടെ പെരുമാറ്റം മറ്റുള്ളവ അംഗീകരിക്കുന്നതിനായി അനുഷ്ഠിക്കേണ്ടതോ പാലിക്കേണ്ടതോ ആയ ക്രിയാപരവും പെരുമാറ്റപരവും ആയ നിയന്ത്രണവ്യവസ്ഥയാണ്. സമൂഹത്തിന്റെ കൂട്ടായ്മയുടെ ആധികാരികതയാൽ വ്യക്തിയ്ക്കുമേൽ പ്രാബല്യത്തിലാക്കുന്ന ആചാരം, മുറ, അടക്കം, നിയന്ത്രണം ഇവയൊക്കെ നിയമത്തിൽ ഉൾപ്പെടുന്നു.

Lady Justice is the symbol of the judiciary.[1][2] Justice is depicted as a goddess equipped with three symbols of the rule of law: a sword symbolising the court's coercive power; scales representing an objective standard by which competing claims are weighed; and a blindfold indicating that justice is (or should be) meted out objectively, without fear or favor, regardless of identity, money, power, or weakness.[3]

നിർവചനം കാല-ദേശ-സമൂഹ വ്യത്യാസങ്ങൾക്കനുസരിച്ച് നിയമം എന്ന വാക്കിന്റെ നിർവചനവും വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാം. ഓരോ വ്യക്തിക്കും തനതായ താല്പര്യങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കും. അവ പാലിക്കപ്പെടണം. അതിനൊപ്പം തന്റെ സഹജീവിയായ മറ്റൊരു വ്യക്തിയുടെ താല്പര്യവും അവകാശവും മാനിക്കപ്പെടുകയും പാലിക്കപ്പെടുകയും വേണം. സമൂഹജീവിയായ മനുഷ്യന് സമാധാനപരവും ക്രമാനുസൃതവും സുസ്ഥിരവുമായ ജീവിതാവസ്ഥ ഉറപ്പാക്കുന്നതിനായി നിർദ്ദേശിക്കപ്പെടുന്നതും പാലിക്കപ്പെടുന്നതുമായ ഇത്തരം പെരുമാറ്റച്ചട്ടങ്ങളാണ് നിയമങ്ങൾ എന്ന് പ്രാഥമികമായി നിർവചിക്കാം.

സ്വന്തം പൗരർക്കുവേണ്ടി പരമാധികാരരാഷ്ട്രം രൂപപ്പെടുത്തുന്നതും പുറപ്പെടുവിക്കുന്നതുമായ കല്പനകളും അവലംഘിക്കപ്പെട്ടാൽ ബാധകമാക്കപ്പെടുന്ന ശിക്ഷകളും സംബന്ധിച്ച വ്യവസ്ഥകളുടെ സമാഹാരമാണ് നിയമങ്ങൾ എന്നതായിരുന്നു ജോൺ ആസ്റ്റിൻ എന്ന ബ്രിട്ടീഷ് സൈദ്ധാന്തികൻ നിയമത്തിന് നൽകിയ താത്ത്വിക നിർവചനം. തുടർന്ന് ജോൺ സാൽമണ്ട് (John Salmond) നിയമത്തെ നിർവചിച്ചത് നീതിയുടെ നിർവഹണത്തിനായുള്ള ഉപാധിയായ ചട്ടവ്യവസ്ഥകളുടെ സംഹിത എന്നാണ് . നീതിനിർവഹണം എന്ന അന്തിമലക്ഷ്യത്തിലേക്കുള്ള മാർഗ്ഗം മാത്രമാണ് നിയമം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 19-ാം നൂറ്റാണ്ടിൽ വ്യക്തിസ്വാതന്ത്ര്യമത്സരാധിഷ്ഠിത സമൂഹ സിദ്ധാന്തത്തിന്റെ പ്രചാരകർ നല്കിയ നിർവചനമനുസരിച്ച് ഓരോരുത്തരുടെയും അവകാശങ്ങളുടെയും അരുതുകളുടെയും സമാഹാരമാണ് നിയമം. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കൻ നിയമശാസ്ത്രകാരനായ റേസ്കോ പൗണ്ട് സാമൂഹ്യ പുനർനിർമ്മാണത്തിനുള്ള ഒരു ഉപകരണമാണ് നിയമമെന്ന് നിർവചിച്ചു. ഇന്നത്തെ സമൂഹത്തെ ഗുണപരമായി മാറ്റിത്തീർക്കാൻ ഉപയോഗിക്കാവുന്ന ഒരു ആയുധമാണ് നിയമം എന്ന പ്രായോഗിക സമീപനമാണ് അദ്ദേഹം അവതരിപ്പിച്ചത്. ചുരുക്കത്തിൽ, പരിമിതവും സങ്കുചിതവുമായ തലത്തിൽ നിയതവും നിശ്ചിതവുമായ ചട്ടവ്യവസ്ഥയോ തത്ത്വമോ വിധിയോ ആണിത്. എന്നാൽ വിശാലവും വിപുലവുമായ തലത്തിൽ ധാർമികവും ഭൗതികവും സാങ്കേതികവും ജൈവികവും നിയാമകവുമായ ഏതൊരു തത്ത്വവും പ്രമാണവും സമവാക്യവും നിയമം എന്ന് ഗണിക്കപ്പെടും. അതായത് പ്രത്യേക നിയമശാസ്ത്രശാഖ വ്യവസ്ഥകൾ, വ്യക്തിഗത വ്യവഹാരമൂല്യങ്ങൾ സമാഹൃത സംഹിതാതത്ത്വങ്ങൾ എന്നിവയെല്ലാം ഒരേസമയം നിയമം എന്ന് വ്യവഹിക്കപ്പെടുന്നു.

പുരാതന സമൂഹങ്ങളിൽ സ്വേച്ഛാധിഷ്ഠിത വ്യക്തിതാത്പര്യം ആയിരുന്നു നിയാമകഘടകം. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ദുരുപയോഗത്തിനുമേൽ സമൂഹനിയന്ത്രണാർഥം രുപപ്പെട്ടതാണ് പോലീസ് സ്റ്റേറ്റ് സംവിധാനം. എന്നാൽ, രാഷ്ട്രപരമാധികാര സമ്പ്രദായം കടുത്ത അമിതാധികാര ദുഷ്പ്രവണതയ്ക്കിടയാക്കുന്നുവെന്ന നിരീക്ഷണത്തിൽനിന്ന് ഉറവയെടുത്തതാണ് മത്സാരാധിഷ്ഠിത സ്വതന്ത്രസമൂഹതത്ത്വം. പരമാവധി കാലത്തേക്ക് പരമാവധി പേർക്ക് പരമാവധി നന്മ എന്നതായിരുന്നു ഈ വീക്ഷണത്തിന്റെ കാതൽ. എന്നാൽ അനിയന്ത്രിതവും അധാർമികവുമായ മത്സരം സമൂഹത്തെ അരാജകത്വത്തിലേക്കാവും നയിക്കുക എന്ന തിരിച്ചറിവിൽനിന്ന് പരിമിതമായ രാഷ്ട്ര നിയന്ത്രണമെന്ന അംഗീകൃത തത്ത്വത്തിലേക്ക് എത്താനിടയാക്കി. ഇതിൽനിന്നാണ് ക്ഷേമസംരക്ഷണാത്മക സ്വഭാവമാർജിച്ച രാഷ്ട്രസങ്കല്പനം അഥവാ ക്ഷേമരാഷ്ട്രതത്ത്വം രൂപപ്പെടുന്നത്. വ്യക്തിതാല്പര്യപരിരക്ഷയും സമൂഹതാല്പര്യപരിപാലനവും സമാന്തരമായി നിലനിൽക്കുന്ന പരസ്പര സമ്മതക്കരാർസമ്പ്രദായമെന്ന സാമൂഹ്യ ഉടമ്പടി സങ്കല്പനവും പിൽക്കാലത്ത് പ്രസക്തമായിത്തീർന്നു. അതായത് സംബോധനചെയ്യപ്പെടുന്ന കാലം, രീതി, വിഷയം എന്നിവയെ ആശ്രയിച്ചും സാമൂഹ്യ അവസ്ഥയെ അധികരിച്ചും നിയമത്തിന്റെ നിർവചനവും സങ്കല്പനവും മാറാം. അവയൊന്നും സ്വയം സമ്പൂർണമെന്നോ അപ്രമാദിതമെന്നോ കരുതാനാവില്ല. അതേസമയം, അവയേതെങ്കിലും അപ്രസക്തമെന്നോ കാലഹരണപ്പെട്ടതെന്നോ കരുതുന്നതും ശരിയല്ല. അതതിന്റെ പ്രസക്തിയോടെയും പ്രയോഗക്ഷമതയോടെയും ആ നിർവചനങ്ങളോരോന്നും ഇന്നും നിലനിൽക്കുന്നു. അവ കൂടുതൽ സ്വീകാര്യവും കാലികവുമായ മറ്റൊരു നിർവചനത്തിലേക്കും സങ്കല്പനത്തിലേക്കും നയിക്കാനും ഇടയുണ്ട്.

നിയമത്തിന്റെ ഉറവിടങ്ങൾ

തിരുത്തുക

ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടിൽ അഭിപ്രായപ്പെട്ടപ്രകാരം മനുഷ്യൻ ഒരു സാമൂഹ്യ മൃഗമാണ്. പരസ്പരം പ്രതിപ്രവർത്തിച്ചു മാത്രമേ മനുഷ്യർക്ക് നിലനിൽക്കാനും വികസിക്കാനും സ്വയം നിർമ്മിക്കാനും കഴിയൂ. ഓരോ മനുഷ്യന്റെയും ധാർമികവും, നൈതികവും സാമൂഹ്യവും സംഘടിതവുമായ പാരസ്പര്യത്തിൽ നിന്നും പ്രതിപ്രവർത്തനത്തിൽ നിന്നുമാണ് നിയമം ഉടലെടുക്കുന്നത്.

പ്രാചീന മനുഷ്യന് കേവല വ്യക്തിഗത ഇച്ഛയ്ക്കപ്പുറം നിയാമക നിയന്ത്രണവ്യവസ്ഥ ബാധകമായിരുന്നില്ല. എന്നാൽ, വേട്ടക്കാരുടെ സമൂഹമായി പരിണമിക്കുമ്പോഴേക്കും നായാട്ടിന്റെ നിയമ തത്ത്വങ്ങൾ ഉടലെടുക്കുന്നതുകാണാം. ഇരകൾക്കും നായാടികൾക്കുമിടയിൽ പരിപാലിക്കപ്പെടേണ്ടുന്ന തത്ത്വങ്ങളായാണവ രൂപപ്പെട്ടത്. മനുഷ്യന്റെ യുക്തിബോധത്തിലധിഷ്ഠിതവും പ്രപഞ്ചപ്രകൃതിയുടെ മൗലികപ്രഭാവത്തിന് വിധേയവുമായി വെളിപ്പെടുന്ന മാനുഷികവൃത്തികളാണ് നിയമം. അലിഖിതവും അനാദിയും അഭംഗുരവും അചഞ്ചലവും നൈതികവുമായ ധാർമിക മൂല്യാവബോധത്തെ പ്രകൃതിനിയമസ്രോതസ്സായി ഗ്രീക്ക് തത്ത്വചിന്തകർ അവരോധിക്കുന്നു. മനുഷ്യാവബോധത്തിൽ അലംഘനീയമായി സന്നിവേശിപ്പിക്കപ്പെട്ട പ്രാമാണിക തത്ത്വങ്ങളുടെ പാലനമാണ് നിയമമെന്ന മതം ഇന്ത്യൻ ചിന്താധാരകളിലും സൂചിപ്പിക്കപ്പെടുന്നു. ശ്രുതി-സ്മൃതികൾ ഇതിനുദാഹരണങ്ങളാണ്.

ആധുനികകാല നിയമശാസ്ത്രം പ്രകൃതിനിയമ തത്ത്വത്തിൽ തൃപ്തരായില്ല. ജോൺ ആസ്റ്റിൻ നിയമസ്രോതസ്സുകളെ രണ്ടായി വ്യവഹരിച്ചിരിക്കുന്നു: യഥാർഥമെന്നും അയഥാർഥമെന്നും. പ്രജകൾക്കുവേണ്ടി രാഷ്ട്രപരമാധികാരകേന്ദ്രം രൂപപ്പെടുത്തി വ്യവസ്ഥാപിതമാക്കുന്ന തത്ത്വങ്ങളാണ് യഥാർഥ നിയമസ്രോതസ്സുകൾ. പ്രത്യക്ഷമായോ പരോക്ഷമായോ രാഷ്ട്രപരമാധികേന്ദ്രത്തിൽ നിന്നല്ലാതെ ഉറവെടുക്കുന്നതും വ്യക്തിവ്യവഹാരാർഥം പാലിക്കപ്പെടുന്നതുമായ വ്യവസ്ഥകളാണ് അയഥാർഥ സ്രോതസ്സുകൾ. ക്ളാസ്സിക്കൽ നിയമശാസ്ത്രകാരനായ ജോൺ സാൽമണ്ട് നിയമത്തിന് മൂല്യവും പവിത്രതയും ബലവും നല്കുന്ന പ്രാമാണികസ്രോതസ്സ് എന്നും ഓരോ നിയമത്തിനും സവിശേഷ രൂപവും ഭാവവും ഫലവും പ്രദാനം ചെയ്യുന്ന ഭൌതികസ്രോതസ്സ് എന്നും രണ്ടുതരം ഉറവിടങ്ങൾ നിർദ്ദേശിക്കുന്നു. പ്രൊഫസർ അല്ലൻ പരമാധികാര രാഷ്ട്രത്തെ പ്രാമാണികസ്രോതസ്സായി പ്രതിഷ്ഠിക്കുന്നു. ഭൗതികസ്രോതസ്സുകളെ അവയുടെ ആധികാരികതയെ ആശ്രയിച്ച് രണ്ടായി തിരിക്കാം. സ്വയം സിദ്ധവും ജന്മനാ നിയാമകസ്വഭാവമാർജിച്ചവയുമായ സ്രോതസ്സുകളാണ് ഒന്ന്. നിയാമക ഭൗതികസ്രോതസ്സുകൾ, നിയമനിർമ്മാണസഭകൾ രൂപീകരിക്കുന്ന നിയമസംഹിതകൾ ഇതിൽപ്പെടുന്നു. പ്രേരകസ്വഭാവത്തോടുകൂടിയതും പ്രയോഗചരിത്രത്തെ ആശ്രയിച്ചു പുലരുന്നതുമായ സ്രോതസ്സുകളാണ് രണ്ടാമത്തേത്. ചരിത്രപരമായ ഭൌതികസ്രോതസ്സുകൾ, നീതിന്യായ പ്രസ്താവങ്ങൾ, ഉദ്ധരണികൾ, നിഗമനങ്ങൾ മുതലായവ ഉദാഹരണം.

പ്രധാനപ്പെട്ട നിയാമക ഭൗതികസ്രോതസ്സുകൾ പാരമ്പര്യ ആചാരങ്ങൾ, നീതി-ന്യായ വഴക്കങ്ങൾ, നിർമിത നിയമസംഹിതകൾ, പരസ്പര സമവായ കരാറുകൾ, ഏകമുഖശാസനങ്ങൾ, രാഷ്ട്രാന്തര ഉടമ്പടികൾ എന്നിവയാണ്. ഇവയ്ക്ക് ഓരോന്നിനും അതതിന്റെ സ്വഭാവവിശേഷങ്ങളും പ്രയോഗവ്യത്യാസങ്ങളും പരിമിതികളും സാധ്യതകളും ഉണ്ട്.

നിയമത്തിന്റെ ഉപയോഗം

തിരുത്തുക

നീതിയുടെ പരിപാലനത്തിനും അനീതിയെ പ്രതിരോധിക്കുന്നതിനുമുള്ള ഉപകരണമാണ് നിയമം. ഓരോ വ്യക്തിയുടെയും താത്പര്യങ്ങളുടെ സംരക്ഷണത്തിനും മറ്റൊരു വ്യക്തിയുടെയും താത്പര്യം ഹനിക്കപ്പെടാതെ സൂക്ഷിക്കുന്നതിനുംവേണ്ടി ഉപയോഗിക്കുന്ന ഉപാധിയായും നിയമത്തെ കാണാം. എന്നാൽ, ഇത്തരം താത്പര്യങ്ങൾ ചിലപ്പോൾ പരസ്പരവിരുദ്ധവും സംഘർഷാത്മകവും ആകാം. വ്യക്തി, സമൂഹം, രാഷ്ട്രം എന്നിവയ്ക്കിടയിലും അവ തമ്മിലും ഉണ്ടായേക്കാവുന്ന താത്പര്യവൈരുദ്ധ്യങ്ങളെയും അവകാശ സംഘർഷങ്ങളെയും സമീകരിച്ച് സമരസപ്പെടുത്താനും പരിഹരിക്കാനും സുസ്ഥിര സമൂഹാവസ്ഥ പുലർത്തനുംവേണ്ടി ഉപയോഗിക്കപ്പെടുന്ന ഉപകരണംകൂടിയാണ് നിയമം. സാർവദേശീയ പ്രമാണങ്ങൾ, ഉടമ്പടികൾ, പ്രഖ്യാപനങ്ങൾ എന്നിവയാകട്ടെ രാഷ്ട്രാന്തര-സമൂഹാന്തര ക്രയ-വിക്രയങ്ങളെ ബാധിക്കുന്നതായ നിയമങ്ങളാണ്. ഓരോരുത്തർക്കും അവകാശപ്പെട്ടതും അർഹതപ്പെട്ടതും നീതിപൂർവകമായി ഉറപ്പാക്കാനും അനീതി ഇല്ലാതാക്കാനും അതുവഴി അവകാശത്തർക്കങ്ങൾ ഒഴിവാക്കി സുസ്ഥിരസാമൂഹ്യക്രമം നിലനിർത്താനും സമൂഹത്തെ ഉയർന്ന അവസ്ഥയിലേക്ക് പരിവർത്തനം ചെയ്യിക്കാനുമുള്ള ഉപാധിയാണ് നിയമം. നിയമലംഘനം ശിക്ഷകൾക്ക് ഇടംനല്കും. ശിക്ഷാനടപടികൾ അസ്വസ്ഥതയ്ക്കിടയാക്കും. അതിനെതിരെയുണ്ടാകാവുന്ന പ്രതിരോധം അരാജകത്വത്തിലേക്ക് എത്തും. രാഷ്ട്രവും സമൂഹവും വ്യക്തിയും തമ്മിലുള്ള ബന്ധം തകരും. അതുകൊണ്ടുതന്നെ ഏതൊരു സാമൂഹ്യ-വർഗഘടനയ്ക്കും അതതിന്റെ നിയമങ്ങൾ ഉണ്ടായിരിക്കും. അത്തരം വർഗവൈരുദ്ധ്യം മറികടന്ന് ഏവർക്കും സമാനവും സമശീർഷവുമായി ബാധകമാകുന്ന നിയമ-നീതി വ്യവസ്ഥകളെ വർഗരഹിതസമൂഹത്തിൽ സംജാതമാകും എന്ന സ്വപ്നം നിലനിൽക്കുന്നു. രാഷ്ട്രപരമാധികാര വ്യവസ്ഥതന്നെ അപ്രത്യക്ഷമാകുന്ന, അതിരുകളും അരുതുകളും നിലനിൽക്കുന്ന നിയമവ്യവസ്ഥയ്ക്കുപകരം, സാർവലൌകികവും സർവവ്യാപിയും സാർവജനീനവുമായ നൂതന നിയമക്രമം അന്ന് രൂപപ്പെടുകയും നിലവിൽ വരികയും ചെയ്യുമെന്ന് കാൾ മാക്സ് നിരീക്ഷിക്കുന്നു.

നിയമത്തിന്റെ ശാഖകൾ

തിരുത്തുക

തോമസ് അക്വീനാസ് അഭിപ്രായപ്പെടുന്നത് നിയമത്തിന് പരമമായ പ്രാപഞ്ചികനിയമം എന്നും സവിശേഷമായ മനുഷ്യ നിർമിതനിയമം എന്നും രണ്ട് ശാഖകൾ ഉണ്ടെന്നാണ്. മനുഷ്യാതീത പ്രാപഞ്ചികസ്രോതസ്സിൽ നിന്ന് ഉദ്ഭവിക്കുന്ന മൗലികവും ഉദാത്തവുമായ നിയമതത്ത്വങ്ങളാണ് ആദ്യത്തേത്. അവയെ ആശ്രയിച്ച് മനുഷ്യർ തങ്ങളുടെ നിത്യജീവിത നിർവഹണാർഥം രൂപപ്പെടുത്തുന്നതും പ്രയോഗിക്കുന്നതുമായ നിയമങ്ങളാണ് രണ്ടാമത്തേത്.

താരതമ്യശാസ്ത്രകാരന്മാർ നല്കുന്ന തരംതിരിവനുസരിച്ച് രാഷ്ടാന്തരവ്യവഹാര സംബന്ധിയായ അന്തർദേശീയ നിയമശാഖയും അതത് രാജ്യങ്ങളിലെ വ്യക്തി-സമൂഹക്രമം സംബന്ധിച്ച തദ്ദേശീയ നിയമവ്യവസ്ഥകളും എന്ന രണ്ട് ശാഖകളാണ് നിലവിലുള്ളത്.

ക്ലാസ്സിക്കൽ നിയമശാസ്ത്ര വിശകലനമനുസരിച്ച് നിയന്ത്രണാത്മകനിയമങ്ങൾ, ധാർമിക നിയമങ്ങൾ, സാമാന്യനിയമങ്ങൾ, നൈതികനിയമങ്ങൾ, ഉടമ്പടി നിയമങ്ങൾ, ആചാരനിയമങ്ങൾ, ശിക്ഷാനിയമങ്ങൾ തുടങ്ങിയ വിവിധ ശാഖകൾ നിരീക്ഷിക്കപ്പെട്ടിരിക്കുന്നു.

മറ്റൊരു പ്രധാന തരംതിരിവ് പൊതുനിയമങ്ങൾ എന്നും സ്വകാര്യനിയമങ്ങൾ എന്നുമുള്ളതാണ്. സമൂഹം, സംഘടന, രാഷ്ട്രം, സ്ഥാപനം എന്നിങ്ങനെ സംയുക്തസ്വഭാമുള്ള സംവിധാനം, അവയുടെ അവകാശാധികാരങ്ങൾ, അവയ്ക്ക് സ്വകാര്യനിയമവുമായുള്ള ബന്ധവ്യത്യാസങ്ങൾ, ഒഴിവുകഴിവുകൾ, അപവാദങ്ങൾ, പരിഹാരങ്ങൾ എന്നിവയ്ക്കെല്ലാമുള്ള വ്യവസ്ഥകളാണ് പൊതുനിയമങ്ങൾ. വ്യക്തിഗത അവകാശങ്ങൾ, അധികാരങ്ങൾ, നിയന്ത്രണങ്ങൾ, അരുതുകൾ, ഉപാധികൾ, പരിഹാരങ്ങൾ എന്നിവയ്ക്കെല്ലാമുള്ള വ്യവസ്ഥകളാണ് സ്വകാര്യനിയമങ്ങൾ. ഭരണഘടന, നടപടിക്രമങ്ങൾ, ശിക്ഷാക്രമങ്ങൾ, തെളിവു വ്യവസ്ഥകൾ എന്നിവയെല്ലാം പൊതുനിയമങ്ങളാണ്. സ്വത്തവകാശം, ദത്തവകാശം, കുടുംബാവകാശം, വ്യക്തിസ്വാതന്ത്ര്യാവകാശം, ജീവനാവകാശം എന്നിവയെല്ലാം സംബന്ധിച്ചുള്ളവ സ്വകാര്യനിയമങ്ങളാണ്. പഠന-പ്രയോഗസൗകര്യാർഥം പൊതുനിയമത്തെത്തന്നെ വിവിധ ശാഖകളായി തിരിക്കാനാകും. സിദ്ധാന്തപരമായ പൊതുനിയമങ്ങൾ, നടപടിക്രമനിയമങ്ങൾ, ക്ഷേമകാര്യനിയമങ്ങൾ, ഭരണകാര്യനിർവഹണനിയമം, ക്രിമിനൽ നിയമങ്ങൾ അന്തർദേശീയ നിയമം എന്നിങ്ങനെ വിവിധ ശാഖകൾ ഇതുവഴി രൂപപ്പെടുന്നു. വ്യക്തിഗത-സ്വകാര്യനിയമങ്ങളുടെ ഗണത്തിൽപ്പെടുത്താവുന്ന മറ്റൊന്നാണ് അനുഷ്ഠാനനിയമശാഖ.

നിയമവാഴ്ചയും നിയമപാലനവും

തിരുത്തുക

വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളെ ആശ്രയിച്ച് നടത്തപ്പെടുന്ന അവസ്ഥയെ മനുഷ്യവാഴ്ച എന്നു കരുതാമെങ്കിൽ നിയമവ്യവസ്ഥയുടെ അംഗീകൃതപരിധിക്കുള്ളിൽ പരിപാലിക്കപ്പെടുന്ന സമൂഹാവസ്ഥയെ സൂചിപ്പിക്കുന്നതായ പ്രയോഗമാണ് നിയമവാഴ്ച എന്നത്. നിയമമാണ് പരമമായ സ്ഥാനത്ത് വർത്തിക്കുന്നത്; എല്ലാ വ്യക്തികളും നിയമത്തിന് വിധേയരാണ്. നിയമത്തിനുമുമ്പിൽ എല്ലാ വ്യക്തികളും തുല്യരായി ഗണിക്കപ്പെടുകയും നിയമത്താൽ തുല്യപരിരക്ഷയ്ക്ക് അർഹരായിരിക്കുകയും നീതിപൂർവകമായ തുല്യാവസരം ഉറപ്പാക്കുകയും ചെയ്യും. അതിജീവനം-അടിസ്ഥാനാവശ്യങ്ങൾ-മൗലികവ്യക്തിസ്വാതന്ത്ര്യം എന്നിവ പരിരക്ഷിക്കപ്പെടും; സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തികനീതി സാർവജനീനമായി പാലിക്കപ്പെടും സ്വതന്ത്രവും പക്ഷപാതിത്തരഹിതവുമായ നീതിവ്യവസ്ഥ പുലരും: ഇതൊക്കെ ഉറപ്പാക്കുന്ന അവസ്ഥാവിശേഷത്തെയാണ് നിയമവാഴ്ച എന്ന് അർഥമാക്കുന്നത്.

നിയമവാഴ്ച അനുശാസിക്കുന്ന രാഷ്ട്രീയഘടകങ്ങൾ മുഖ്യമായും മൂന്നെണ്ണമാണെന്ന് വിവക്ഷിക്കപ്പെടുന്നു. നിയമനിർമ്മാണം, കാര്യനിർവഹണം, നീതിപരിപാലനം എന്നിവയാണ് ഈ രാഷ്ട്രസ്തംഭങ്ങൾ. ഇവയ്ക്കുപുറമേ വാർത്താമാധ്യമങ്ങൾ, ശാസ്ത്ര-സാങ്കേതികവിദ്യ എന്നിവയും രണ്ട് പ്രധാന ഘടകങ്ങളായി ആധുനിക രാഷ്ട്രഘടനയിൽ ചിന്തകർ ഉൾച്ചേർക്കുന്നു. മൗലികാർഥത്തിൽ നിയമവാഴ്ചയുടെ ചുമതല നിറവേറ്റുന്നതിൽ അതിർവരമ്പുകൾ സാധ്യമല്ല. എന്നാൽ പ്രായോഗികമായി നിയമങ്ങൾ രൂപപ്പെടുത്താൻ അധികാരപ്പെട്ട വേദി, നിർമിത നിയമങ്ങളുടെ നിർവഹണവിഭാഗം, ഇവ രണ്ടിന്റെയും ശരിതെറ്റുകൾ അവലോകനം ചെയ്യാനും നിയമവ്യാഖ്യാനത്തിനും നീതിപരിപാലനത്തിനും ഉത്തരവാദപ്പെട്ട നീതിന്യായാസനങ്ങൾ എന്നീ മൂന്ന് വിഭാഗമായി നിയമവാഴ്ചാഘടകങ്ങൾ സൂചിപ്പിക്കപ്പെടുന്നു. പ്രയോഗത്തിൽ ചിലപ്പോഴെല്ലാം ഈ ഘടകങ്ങൾ പരസ്പരം കടന്നുകയറുകയും അപ്പോഴൊക്കെ ഗൗരവാവഹമായ തർക്കങ്ങൾ ഉടലെടുക്കുകയും അവ പരിഹരിച്ച് നിയമവാഴ്ച പുലരുകയും ചെയ്യുന്നതാണ് അനുഭവം.

നിയമനീതിയുടെ പരിപാലനത്തിനും വ്യത്യസ്തവേദികൾ ഇന്ന് സ്വീകരിക്കപ്പെടുന്നുണ്ട്. അതിൽ മുഖ്യം നീതിന്യായ കോടതികളാണ്. അർധനീതിന്യായസ്ഥാപനങ്ങളാണ് മറ്റൊരു വിഭാഗം. നിയുക്തമാക്കപ്പെടുന്ന നിർവഹണാധികാരസ്ഥരും ഇപ്രകാരം നിയമതീർപ്പുകൾ നല്കുകയും പരിപാലിക്കുകയും ചെയ്യുന്നതായി കാണാം. ഇവയ്ക്കു മൂന്നിനുമൊപ്പം സമീപകാലത്ത് വികസിച്ചുവന്ന ഉപാധിയാണ് ബദൽ തർക്കപരിഹാരമാർഗങ്ങൾ എന്നത്. അന്യായങ്ങൾ പ്രതിരോധിച്ചും നീതിശാസന പരിപാലിച്ചും മാത്രമേ നിയമവാഴ്ച പുലരുന്നത് ഉറപ്പാക്കാനാകുകയുള്ളു. അതിനുള്ള വേദികളും നിർവഹണകർത്താക്കളുമാണ് ന്യായാധികരണ തീർപ്പിന് നിയുക്തരാക്കപ്പെട്ടവർ. നിർമിത നിയമത്തിന്റെ പ്രഥമസ്ഥാനം, ഭരണഘടനയുടെ പ്രാമാണികത, സ്വതന്ത്രനീതിന്യായവ്യവസ്ഥ എന്നിവ നിയമശാസ്ത്രവും നീതിശാസ്ത്രവും അംഗീകരിക്കുന്ന നിയമവാഴ്ചാഘടകങ്ങളായി എ.വി.ഡൈസി സിദ്ധാന്തിക്കുന്നു.

നിയമശാസ്ത്രവും നീതിശാസ്ത്രവും

തിരുത്തുക

യൂഫ്രട്ടീസ്-ട്രൈഗ്രീസ് നദീമുഖത്ത് നിലനിന്ന മൊസൊപ്പൊട്ടേമിയൻ സംസ്കാരത്തിന്റെ സൃഷ്ടിയായ ഹമുറാബിയൻ നിയമശാസ്ത്രസംഹിതയാണ് അറിയപ്പെടുന്നതിൽ ഏറ്റവും പ്രാചീനമായത്. ബി.സി. 1700-കളിൽ പ്രാബല്യത്തിലിരുന്ന ഗ്രീക്ക് നിയമവ്യവസ്ഥ പൌരാണിക നിയമശാസ്ത്രവികാസത്തിന്റെ മറ്റൊരുദാഹരണമായിരുന്നു. പുരോഹിതന്മാരാൽ നിയുക്തമായ നിയമ-നീതിനിർവഹണസമ്പ്രദായം - ദൽഫി സമ്പ്രദായം - നിലനിന്ന ഗ്രീസ്, പ്രാചീനനിയമ നിർവഹണവികാസത്തിൽ നിർണായകസ്ഥാനം വഹിച്ചിട്ടുണ്ട്. പിന്നീട് സോഫിസ്റ്റ് കാലത്തോടെ നിയമം മതപൌരോഹിത്യത്തിൽനിന്ന് വിമോചിതമായി. പ്ളേറ്റോ, അരിസ്റ്റോട്ടിൽ, സിസ്റോ തുടങ്ങിയ ചിന്തകർ ഇത്തരം നിയമശാസ്ത്രവികാസത്തിൽ പങ്കുവഹിച്ചവരാണ്. ധാർമികനീതി, സ്വാഭാവികനീതി, ഏകമാനനീതി തുടങ്ങിയ ചിന്തകൾക്ക് ഇക്കാലം ഇടം നല്കി സിസ്റോയുടെ ചിന്തകളും പരികല്പനകളും ഇതിൽ പ്രധാനമാണ്. റോമാസാമ്രാജ്യത്തിന്റെ ആവിർഭാവത്തോടെ ജഡ്സിവിലെ, ജഡ്ജൻഷിയം എന്നീ അവാന്തരവിഭാവങ്ങൾ രൂപപ്പെടുന്നതിനും നെപ്പോളിയനിക് സംഹിതയ്ക്കും സാഹചര്യമൊരുങ്ങി. ക്രിസ്തീയതയുടെ വികാസവും വ്യാപനവും നിയമശാസ്ത്രരംഗത്തും സുപ്രധാന സ്വാധീനം ചെലുത്തി. തോമസ് അക്വിനാസ്, പ്യൂഫെൻ ഡോർഫ്, ഹോബ്സ്, ലോകെ, മൊണ്ടെസ്ക്യൂ, റൂസ്സോ തുടങ്ങിയവർ വ്യത്യസ്തനിലയ്ക്ക് നിയമശാസ്ത്രവളർച്ചയിൽ സംഭാവന നല്കിയവരാണ്. കാന്റിന്റെയും ഹെഗലിന്റെയും മാർക്സിന്റെയും സാന്നിധ്യം സാമൂഹ്യനിയമ-നീതി ശാഖകളെ സമ്പുഷ്ടമാക്കി. ചരിത്രാനുസാരിയായ നിയമശാസ്ത്രവിശകലനത്തിന് ഹെന്റിമെയ്നിയും സാമൂഹ്യചരിത്രാധിഷ്ഠിത നിയമവികാസത്തിൽ സാവിഗ്നിയും പ്രായോഗിക നിയമശാസ്ത്രശാഖയിൽ ജേർമി ബൻതാം, ജെ.എസ്. മിൽ തുടങ്ങിയവരും മുതൽക്കൂട്ട് നടത്തി. ഓരോ രാഷ്ട്രീയ-സാമൂഹ്യ ചുറ്റുപാടും മനുഷ്യസ്വഭാവത്തിലും പെരുമാറ്റത്തിലും ചെലുത്തപ്പെടുന്ന നിയാമകസ്വാധീനഘടകങ്ങളാണ് നിയമങ്ങൾ. അതുകൊണ്ടുതന്നെ സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, തത്ത്വശാസ്ത്രം, രാഷ്ട്രമീമാംസാശാസ്ത്രം, മനഃശാസ്ത്രം, ധർമശാസനകൾ, മൂല്യബോധങ്ങൾ തുടങ്ങിയവയുമായി ബന്ധിപ്പിച്ചു മാത്രമേ നിയമശാസ്ത്രപഠനവും വിശകലനവും സാധ്യമാവുകയുള്ളു.

നീതി എന്നത് നിയമം ഉളവാക്കുന്ന അമൂർത്തഫലമാണ്. ഓരോരുത്തർക്കും അർഹമായതും അവകാശപ്പെട്ടതും കൃത്യമായും നിശ്ചിതമായും ഉറപ്പുവരുത്തുകയും ലഭ്യമാക്കുകയും ചെയ്യുന്ന വ്യവസ്ഥാപിത സാഹചര്യമാണ് നീതി. അതിനുള്ള ഉപാധികളെ ആശ്രയിച്ച് വ്യത്യസ്ത മാനങ്ങളിൽ നീതി വ്യവഹരിക്കപ്പെടുന്നു. നിയമ-ചട്ടങ്ങളെ അവലംബിച്ച് ന്യായാസനങ്ങൾ പരിപാലിക്കുന്ന നീതിസാധ്യതയാണ് നിയമനീതി. പ്രാപഞ്ചികവും പ്രാകൃതികവുമായ വ്യവസ്ഥകൾക്കനുരോധമായി പാലിക്കപ്പെടുന്നവയാണ് പ്രാപഞ്ചികനീതിതത്ത്വങ്ങൾ. കേൾക്കപ്പെടാനുള്ള അവകാശം, പക്ഷപാതരഹിതമായ തീർപ്പിനുള്ള അവസരം, യുക്തിസഹവും കാര്യകാരണനിബദ്ധവുമായ തീരുമാനം ഉറപ്പാക്കുന്ന സാമാന്യനീതി, മർദനം, ചൂഷണം, അധീശത്വം എന്നിവയ്ക്കതീതമായി സമത്വവും തുല്യാവസരവും നീതിപൂർവകതയും ഉറപ്പാക്കുന്നതിനായുള്ള സാമൂഹ്യനീതി, സാമ്പത്തിക സമത്വം ഉറപ്പാക്കാനുതകുന്ന സാമ്പത്തിക നീതി, സ്ത്രീപദവി തുല്യതസംരക്ഷിക്കാനും സ്ത്രീവിവേചനം അവസാനിപ്പിക്കാനും സഹായകമാകുന്ന ലിംഗപദവിനീതി, പരിസ്ഥിതി നശീകരണങ്ങൾക്കെതിരെ പരിപാലിക്കപ്പെടുന്ന പാരിസ്ഥിതികനീതി, സാർവലൗകിക മനുഷ്യ-മാനവികാവകാശപരിപാലനം മുൻ നിർത്തി അനുശാസിക്കപ്പെടുന്ന മനുഷ്യാവകാശനീതി എന്നിവയെല്ലാം നീതിശാസ്ത്രത്തിന്റെ വികാസപരിണതികളാണ്. ഇത്തരത്തിൽ സമാർജിതമായ ഘടകങ്ങളാൽ നിരന്തരം സമ്പുഷ്ടമാകുന്നതും നവീകരിക്കപ്പെടുന്നതും പരിവർത്തനാത്മകവുമായ സാമൂഹ്യ-മാനവിക ശാസ്ത്രവിഷയമാണ് നിയമനീതി ശാസ്ത്രം. നോ: നീതിശാസ്ത്രം

ഇന്ത്യൻ നിയമ സംവിധാനം

തിരുത്തുക

സ്വാതന്ത്ര്യപൂർവ ഇന്ത്യയെ ഒറ്റഗണമെന്ന നിലയ്ക്കു പരിഗണിക്കാനാവില്ല. അത് വിവിധ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടതായിരുന്നു. വിവിധ മതദർശനങ്ങൾ ഇവരുടെ നിയമങ്ങൾക്ക് പ്രേരകശക്തിയായിരുന്നു. എങ്കിലും പലനാട്ടുരാജ്യങ്ങളും ചാതുർവർണ്യത്തെ അടിസ്ഥാനപ്പെടുത്തിയ സവർണ ഹൈന്ദവ നിയമാവലികൾ പിന്തുടർന്നതായി കാണാം. പ്രധാനമായും സവർണ വരേണ്യരുടെ ചതുർകർമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണിത്. ധർമാർഥകാമമോക്ഷങ്ങൾ എന്ന് അവയെ പരമാർശിക്കാം. മോക്ഷം എന്ന പരമമായ ലക്ഷ്യപ്രാപ്തിക്കായി ധർമ മാർഗ്ഗത്തിൽ ചരിക്കുന്ന ഓരോ വ്യക്തിയും പാലിച്ചിരിക്കേണ്ടുന്ന അർഥ-കാമ വ്യവസ്ഥാപനമാണ് ഇതിന്റെ ആത്യന്തിക ഉള്ളടക്കം. കാമാർഥങ്ങൾ ധർമത്തിന് വിധേയപ്പെട്ട് വർത്തിക്കുകയാണിവിടെ. ധർമത്തിന് വ്യവഹാരധർമമെന്നും രാജ്യധർമമെന്നും രണ്ട് ഉപവിഭാഗങ്ങളുണ്ട്. ഒന്നാമത്തേത് വ്യക്തിഗതാവകാശ പരിപാലനത്തിനും രണ്ടാമത്തേത് രാഷ്ട്ര ഭരണ-സാമൂഹിക നിലനില്പിനുവേണ്ടിയുമാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇവയുടെ അടിത്തറ നിർമ്മിക്കപ്പെട്ടിരിക്കുന്നത് ജാതിവ്യവസ്ഥയുടെ മനുഷ്യത്വരഹിതമായ വിവേചനങ്ങൾക്കുമേലാണ്. ശ്രുതികൾ അഥവാ വേദങ്ങൾ, സ്മൃതികൾ അഥവാ ആഖ്യാനങ്ങൾ, മീമാംസകൾ അഥവാ വ്യാഖ്യാനങ്ങൾ, നിബന്ധങ്ങൾ അഥവാ ഉപാഖ്യാനങ്ങൾ, ഉപനിഷത്തുക്കൾ, ധർമസൂത്രങ്ങൾ, നീതിസാരങ്ങൾ, അർഥശാസ്ത്രങ്ങൾ, രാജ്യശാസനകൾ എന്നിവയെല്ലാം ഇന്ത്യയിലെ നിയമസംവിധാനത്തിന്റെ പ്രാചീന സ്രോതസ്സുകളായി കരുതപ്പെടുന്നു.

വ്യവഹാരധർമത്തിന്റെ ഭാഗമായി കരാറുകൾ, ക്രയ-വിക്രയങ്ങൾ, ജാമ്യവ്യവസ്ഥകൾ, പണയ-പാട്ട വ്യവസ്ഥകൾ, നിക്ഷേപങ്ങൾ, കട-വായ്പകൾ, സ്ഥാവര-ജംഗമ ഉടമസ്ഥതകൾ, കൈമാറ്റങ്ങൾ, കൈവശാവകാശങ്ങൾ, ദാനവ്യവസ്ഥകൾ, ദായക്രമങ്ങൾ, സംയുക്തസംരംഭകത്വവ്യവസ്ഥകൾ, സേവന-വേതന വ്യവസ്ഥകൾ, തൊഴിലാളി-തൊഴിലുടമ വ്യവസ്ഥകൾ, സ്വത്ത്-വസ്തു അവകാശ അതിർത്തി വ്യവസ്ഥകൾ, സ്വത്ത് വിഭജന-സ്വത്ത് വിതരണ വ്യവസ്ഥകൾ, ദാമ്പത്യാവകാശ-ഉത്തരവാദിത്ത വ്യവസ്ഥകൾ, ചൂതാട്ടം-ഭാഗ്യപരീക്ഷണം തുടങ്ങിയവ സംബന്ധിച്ച വ്യവസ്ഥകൾ മുതലായവ ഉൾപ്പെടുന്നു. ഇതിനുപുറമേ വ്യാപാര-വാണിജ്യകാര്യം, നിലനിർത്തവകാശം, നികുതി-നിരക്ക് നടത്തിപ്പ് സംബന്ധമായ വ്യവസ്ഥകൾ (ഉടമസ്ഥത-കൈവശം-കൈമാറ്റം), കാരണങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ മുതലായവയും വ്യവഹാരവിഭാഗത്തിൽ ഉൾപ്പെടുത്തപ്പെടുന്നു.

രാജധർമസംബന്ധിയായി നിയമക്രമസമാധാനം, നിയമലംഘനം, നിയമനിഷേധം, വിചാരണവ്യവസ്ഥകൾ, തെളിവുവ്യവസ്ഥകൾ, കുറ്റകൃത്യങ്ങളുടെ വിഭാഗങ്ങൾ, ശിക്ഷാശാസനങ്ങൾ എന്നിവയാണ് മുഖ്യമായും പരാമർശിച്ചിട്ടുള്ളത്. മീമാംസകളിലാവട്ടെ നിയമ-ന്യായ വ്യാഖ്യാനങ്ങൾ, ഖണ്ഡനപരവും മണ്ഡനപരവുമായ വിശകലനങ്ങൾ, നിരീക്ഷണ-നിഗമനങ്ങൾ, പരിഷ്കരണശിപാർശകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. നീതിനിർവഹണാർഥമുള്ള നീതി-ന്യായ വ്യവഹാര നടപടിക്രമം, വിചാരണാനടപടിക്രമം, വിധിതീർപ്പ് നടപടിക്രമം, വിധിനടത്ത് നടപടിക്രമം, പുനഃപരിശോധന, അപ്പീലധികാര നടത്തിപ്പ് മുതലായവയും ഇതിന്റെ തുടർച്ചയായി നിർണയിക്കപ്പെട്ടിരിക്കുന്നു.

എന്നാൽ വൈദേശികാധിപത്യത്തിന്റെയും ദീർഘകാലത്തെ മാറ്റങ്ങളുടെയും ഫലമായി ഇന്ത്യൻ നിയമസംവിധാനം പില്ക്കാലത്ത് ഒരു സങ്കര വ്യവസ്ഥയായി പരിണമിച്ചതായി കാണാം. പ്രത്യേകിച്ച്, മുസ്ലിം ഭരണാധികാരികൾ പാശ്ചാത്യ ഭരണാധികാരികൾ എന്നിവരുടെ കോയ്മയ്ക്കു കീഴിൽ ഒട്ടേറെ കൂട്ടിച്ചേർക്കലുകൾക്കും ഒഴിവാക്കലുകൾക്കും ഇന്ത്യൻ നിയമസംവിധാനം വിധേയമായി.

ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യാകമ്പനിയുടെ വരവോടെ ഇംഗ്ലീഷ്-ഇന്ത്യൻ സംയുക്തനിയമ-നീതി സംവിധാനം ഉടലെടുക്കുന്നതായി കാണാം. ഇംഗ്ലീഷ് വ്യാപാരസമുച്ചയമായ കോട്ടകൾ, ഇംഗ്ളീഷ് ഭരണാധികാരികൾക്ക് കീഴിൽ മെഫ്യൂസിൽ ഭരണക്രമം, റവന്യൂ-ക്രമസമാധാന-സിവിൽ ഭരണ സംവിധാനങ്ങളുടെ വ്യവസ്ഥാപനം, ബ്രിട്ടീഷ് രാജാധികാരത്തിന്റെയും പാർലമെന്റിന്റെയും അധികാരവ്യാപനം, നിയമ-ചട്ടങ്ങളുടെ ക്രോഡീകരണവും സംഹിതവത്കരണവും, മുസ്ലിം-ക്രിസ്ത്യൻ-ഹിന്ദുവിഭാഗ കോഡുകളുടെ പ്രയോഗം, ലോകമ്മിഷനുകളുടെ ആവിർഭാവവും സ്വാധീനവും ഇവയൊക്കെ ഇന്ത്യൻ നിയമസംവിധാനത്തിന്റെ ആധുനികവത്കരണത്തിൽ കാണാം. ഇതിന്റെ ഭാഗമായാണ് സിവിൽ-ക്രിമിനൽ നീതിന്യായ സംവിധാനവും പ്രാദേശിക-പ്രോവിൻഷ്യൽ-പരമോന്നത തലങ്ങളിൽ പ്രവർത്തിക്കുന്ന കോടതി സംവിധാനങ്ങളും നിലവിൽ വന്നത്. പില്ക്കാല ഇന്ത്യൻ നിയമവ്യവസ്ഥയുടെ പരിണാമ വികാസം ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിനൊപ്പം കൂട്ടിവായിക്കാവുന്നതാണ്.

1781-ലെ സെറ്റിൽമെന്റ് ആക്റ്റ്, 1793, 1885 എന്നീ ചാർട്ടർ ആക്റ്റുകൾ, പ്രിവികൗൺസിൽ വ്യവസ്ഥകൾ, 1773-ലെ റഗുലേറ്റിങ് ആക്റ്റ്, 1858-ലെ ഗവൺമെന്റ് ഒഫ് ഇന്ത്യ ആക്റ്റ്, 1892-ലെ ഇന്ത്യൻ കൗൺസിൽ ആക്റ്റ്, 1915, 1935 എന്നീ വർഷങ്ങളിലെ ഗവൺമെന്റ് ഒഫ് ഇന്ത്യ ആക്റ്റ്, 1947-ലെ ഇന്ത്യൻ ഇൻഡിപെൻഡന്റ് ആക്റ്റ്, 1949-ലെ ഇന്ത്യൻ ഭരണഘടനാ നിയമം എന്നിവയെല്ലാം ഈ പരിണാമത്തിലെ നിർണായ ഘടകങ്ങളായി കരുതാവുന്നതാണ്.

പുരാതന ഭാരതത്തിൽ നിലനിന്ന നിയമവ്യവസ്ഥയുടെ അവശേഷിപ്പുകളും വൈദേശികാധിപത്യത്തിൻകീഴിൽ രൂപപ്പെട്ട് വികസിച്ച വ്യവസ്ഥാപിത ഘടകങ്ങളും ഏകോപിപ്പിച്ചാണ് ഇന്ന് ഇന്ത്യയിലെ നിയമസംവിധാനം തുടരുന്നത്. നിയമവാഴ്ചയുടെ ആധാരമായ ഭരണഘടനയിലധിഷ്ഠിതമായ രാഷ്ട്രഘടനയും തുല്യത-സ്വാതന്ത്ര്യം-നീതി എന്നിവയിലടിയുറച്ച പൌരാവകാശവും സാഹോദര്യം-അഖണ്ഡത-സമഭാവന എന്നിവ പ്രകടമാക്കുന്ന സമൂഹക്രമവും ആണ് സമകാലിക ഇന്ത്യൻ നിയമസംവിധാനത്തിന്റെ പ്രത്യക്ഷസ്വഭാവം. ഇതിനുതകുന്ന ജനാധിപത്യ-മതനിരപേക്ഷ-സ്ഥിതിസമത്വ-പരമാധികാര റിപ്പബ്ലിക്കായും അത് പാലിക്കപ്പെടുന്നതിനുള്ള നിയമനിർമ്മാണ-കാര്യനിർവഹണ-നീതിന്യായ ഘടകങ്ങളായും അതിൽത്തന്നെ അധികാര-ഉത്തരവാദിത്ത വിതരണത്തിനായി കേന്ദ്ര-സംസ്ഥാന-തദ്ദേശഭരണസ്ഥാപന സംവിധാനമായും ഇന്ത്യൻ നിയമനിർവഹണ സംവിധാനം ഇന്ന് വ്യവസ്ഥാപിതമായിരിക്കുന്നു. ഭരണഘടന, നിർമിതനിയമങ്ങൾ, പരമോന്നതവിധി തീർപ്പുകൾ, വഴക്കങ്ങൾ, അംഗീകൃതാചാരക്രമങ്ങൾ, ഉപനിയമാവലികൾ എന്നിവയെല്ലാം ഈ നിയമസംവിധാന പാലനത്തിനായി നാം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

അന്താരാഷ്ട്ര നിയമം

തിരുത്തുക
 
Providing a constitution for public international law, the United Nations system was agreed during World War II

രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെയും ഇടപാടുകളെയും സമാധാനകാലത്തും യുദ്ധകാലത്തും യുദ്ധപരിതഃസ്ഥിതിയിലും നിയന്ത്രിക്കുന്ന നിയമം. സാധാരണനിയമത്തിൽ വ്യക്തികൾക്കുള്ള സ്ഥാനം അന്താരാഷ്ട്രനിയമത്തിൽ രാഷ്ട്രങ്ങൾക്കാണ്. രണ്ടാംലോകയുദ്ധത്തിനുമുൻപ് നിലവിലിരുന്ന പരിതഃസ്ഥിതികൾക്കനുയോജ്യമായി അന്താരാഷ്ട്രനിയമത്തെ നിർവചിച്ചിരുന്നത് നാഗരികത കൈവന്നിട്ടുള്ള രാജ്യങ്ങൾ തമ്മിലുള്ള ഇടപാടുകളെ സംബന്ധിച്ച ആചാരങ്ങളും കീഴ്വഴക്കങ്ങളും അടങ്ങിയ ഒരു സംഹിതയായിട്ടാണ്. എന്നാൽ അതിനുശേഷം അന്താരാഷ്ട്രസ്ഥാപനങ്ങളുടെയും സംഘടനയുടെയും സംവിധാനക്രമങ്ങളും, പ്രസ്തുത സംഘടനയുടെ അധികാരപരിധികളും അവയ്ക്ക് രാഷ്ട്രങ്ങളോടും വ്യക്തികളോടും ഉള്ള ബന്ധങ്ങളും അന്താരാഷ്ട്രനിയമത്തിന്റെ പരിധിയിൽ പെടുത്താവുന്നതാണെന്നു വന്നു.

അന്താരാഷ്ട്രനിയമം രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളും ഇടപാടുകളും നിയന്ത്രിക്കുന്നതിന് അത്യന്താപേക്ഷിതമായ ചട്ടങ്ങളുടെ സംഹിതയാണ്. ക്രമീകൃതവും വ്യവസ്ഥാപിതവുമായ ഒരു അന്താരാഷ്ട്രനിയമസംഹിതയില്ലെങ്കിൽ ലോകരാഷ്ട്രസമുച്ചയത്തിൽ ജനതയ്ക്ക് വ്യാപാരം, വിജ്ഞാനവിനിമയം തുടങ്ങിയവയെ സംബന്ധിച്ച പ്രയോജനങ്ങൾ കൈവരുത്തുക അസാധ്യമായിത്തീരും.

  1. Hamilton, Marci. God vs. the Gavel, page 296 (Cambridge University Press 2005): “The symbol of the judicial system, seen in courtrooms throughout the United States, is blindfolded Lady Justice.”
  2. Fabri, Marco. The challenge of change for judicial systems, page 137 (IOS Press 2000): “the judicial system is intended to be apolitical, its symbol being that of a blindfolded Lady Justice holding balanced scales.”
  3. Luban, Law's Blindfold, 23
  4. Robertson, Crimes against humanity, 90; see "analytical jurisprudence" for extensive debate on what law is; in The Concept of Law Hart argued law is a "system of rules" (Campbell, The Contribution of Legal Studies, 184); Austin said law was "the command of a sovereign, backed by the threat of a sanction" (Bix, John Austin); Dworkin describes law as an "interpretive concept" to achieve justice (Dworkin, Law's Empire, 410); and Raz argues law is an "authority" to mediate people's interests (Raz, The Authority of Law, 3–36).


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിയമം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നിയമം&oldid=3686563" എന്ന താളിൽനിന്ന് ശേഖരിച്ചത്