ജോസഫ് ഫ്രാൻസിസ് ഡ്യൂപ്ളെ

(Joseph François Dupleix എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ മുൻ ഫ്രഞ്ച് കോളനികളുടെ ഭരണാധികാരിയായിരുന്നു ഇദ്ദേഹം. ഡ്യൂപ്ളെ, ജോസഫ് ഫ്രാൻസിസ് എന്നാണ് മുഴുവൻ പേര്. പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഗവർണർ ജനറലായിരുന്നു ഇദ്ദേഹം (1741-54). ഫ്രാൻസിസ് ഡ്യൂപ്ളെയുടെ മകനായി 1696 എ.ഡി.-യിൽ (1697 ജനുവരി 1 എന്നും രേഖപ്പെടുത്തിക്കാണുന്നു) ഫ്രാൻസിലെ ലാൻഡ്രേസിയസ് (Landrecies) എന്ന സ്ഥലത്തു ജനിച്ചു. പിതാവിന്റെ നിർദ്ദേശാനുസരണം ഡ്യൂപ്ളെ 1715-ൽ ഇന്ത്യയിലേക്കും അമേരിക്കയിലേക്കും സമുദ്രസഞ്ചാരം നടത്തുകയുണ്ടായി. പിതാവിന്റെ സ്വാധീനഫലമായി ഇദ്ദേഹം 1721-ൽ പോണ്ടിച്ചേരിയിലെ ഉന്നത ഭരണസമിതിയിൽ അംഗമായി നിയമിക്കപ്പെട്ടു. 1731-ൽ ഇദ്ദേഹം ബംഗാളിൽ ചന്ദ്രനഗരത്തിലെ ഫ്രഞ്ചു വ്യവസായശാലയുടെ സൂപ്രണ്ടായി. ഈ സ്ഥാനത്ത് നന്നായി ശോഭിച്ച ഡ്യൂപ്ളെ കോളനികളുടെ ഭരണരംഗത്തിന്റെ ഔന്നത്യത്തിലേക്കുയർന്നു. തന്റെ സ്വകാര്യ സ്വത്തുക്കൾ സൈനികനടപടികൾക്കും മറ്റ് ഔദ്യോഗികാവശ്യങ്ങൾക്കുമായി ചിലവഴിച്ച ഇദ്ദേഹം ഭരണകൂടത്തിനോട് സഹായമഭ്യർത്ഥിക്കുകയുണ്ടായെങ്കിലും നിരാകരിക്കപ്പെടുകയാണുണ്ടായത്. ഔദ്യോഗിക ജീവിതത്തിനവസാനം ഫ്രാൻസിൽ മടങ്ങിയെത്തിയ അദ്ദേഹത്തിന് ദരിദ്രമായ ചുറ്റുപാടിൽ കഴിയേണ്ടിവരികയുണ്ടായി. ഇദ്ദേഹം 1763 നവംബർ 10-ന് പാരിസിൽ വച്ച് നിര്യാതനായി.

ജോസഫ് ഫ്രാൻസിസ് ഡ്യൂപ്ളെ
ഫ്രഞ്ച് ഇന്ത്യയുടെ ഗവർണർ ജനറൽ
ഓഫീസിൽ
1742 ജനുവരി 14 – 1754 ഒക്ടോബർ 15
Monarchലൂയി പതിനഞ്ചാമൻ
മുൻഗാമിപിയറി ബെനോയ് ഡ്യൂമ
പിൻഗാമിചാൾസ് ഗോഡിഹ്യൂ
ഗവർണർ ജനറലിന്റെ താൽക്കാലിക ചുമതല
വ്യക്തിഗത വിവരങ്ങൾ
ജനനം1697 ജനുവരി 1
ലാൻഡ്രേസിയസ്, ഫ്രാൻസ്
മരണം1763 നവംബർ 10 (66 വയസ്സ്)
പാരീസ്, ഫ്രാൻസ്
പോണ്ടിച്ചേരിയിൽ ഡ്യൂപ്ലേയുടെ സ്മാരകം

ഗവർണർ ജനറൽ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ

തിരുത്തുക

ഡ്യൂപ്ളെ 1742-ൽ ഇന്ത്യയിലെ ഫ്രഞ്ചു പ്രദേശങ്ങളുടെ ഗവർണർ ജനറലായി നിയമിതനായി. ഓസ്ട്രിയൻ പിന്തുടർച്ചാവകാശത്തിനുവേണ്ടി ഇംഗ്ളണ്ടും ഫ്രാൻസും തമ്മിൽ യുദ്ധം ചെയ്തുകൊണ്ടിരുന്ന കാലമായിരുന്നു ഇത്. അതിന്റെ പ്രത്യാഘാതങ്ങൾ ഇന്ത്യയിലും പ്രകടമായി.

മദ്രാസിനു വേണ്ടിയുള്ള യുദ്ധം

തിരുത്തുക

ഇതോടനുബന്ധിച്ച് മദ്രാസ് പിടിച്ചടക്കിക്കൊണ്ട് ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ ശക്തി തകർക്കുകയെന്ന ലക്ഷ്യവുമായി ഡ്യൂപ്ളെ മുന്നോട്ടു പോയി. മൗറീഷ്യസിലെ ഫ്രഞ്ച് അഡ്മിറലായിരുന്ന ലാ ബർദോനെയുടെ നേതൃത്വത്തിലുണ്ടായിരുന്ന കപ്പൽപ്പടയുടെ സഹായത്തോടെ 1746-ൽ മദ്രാസ് യുദ്ധത്തിൽ മദ്രാസ് പട്ടണം പിടിച്ചടക്കുവാൻ ഡ്യൂപ്ളെയ്ക്കു സാധിച്ചു. പക്ഷേ, പിന്നീട് ഇവർ തമ്മിലുള്ള ഭിന്നതമൂലം കൂടുതൽ മുന്നേറാൻ കഴിഞ്ഞില്ല. നിശ്ചിത സംഖ്യ മോചനധനം വാങ്ങി മദ്രാസ് ബ്രിട്ടീഷുകാർക്കു തിരിച്ചുകൊടുക്കുവാനുള്ള പദ്ധതി ലാ ബർദോനെ ആവിഷ്ക്കരിച്ചു. ഈ നീക്കം പരാജയപ്പെടുത്തിയ ഡ്യൂപ്ളെ മദ്രാസ് പിടിച്ചടക്കുകയെന്ന ലക്ഷ്യം 1746-ൽ പൂർത്തീകരിച്ചു.

1747-ൽ സെന്റ് ഡേവിഡ് കോട്ടയ്ക്കെതിരേ ഡ്യൂപ്ളെ സൈന്യത്തെ അയച്ചു. ബ്രിട്ടീഷുകാരുടെ സഖ്യകക്ഷിയായിരുന്ന ആർക്കോട്ട് നവാബിന്റെ സഹായത്തോടെ ബ്രിട്ടീഷുകാർ ഈ സൈനികനീക്കം പരാജയപ്പെടുത്തി. നവാബിനെ തന്റെ വശത്താക്കിയ ശേഷം ഡ്യൂപ്ളേ വീണ്ടും സെന്റ് ഡേവിഡ് കോട്ട ആക്രമിച്ചെങ്കിലും ആ ശ്രമവും പരാജയപ്പെട്ടു. കുടല്ലൂരിൽ അർദ്ദരാത്രിയിൽ ഒരാക്രമണം നടത്തിയെങ്കിലും വലിയ നാശനഷ്ടങ്ങളോടെ ഇദ്ദേഹത്തിന്റെ സൈന്യത്തെ തിരിച്ചോടിക്കുന്നതിൽ ബ്രിട്ടീഷുകാർ വിജയിച്ചു.

യൂറോപ്പിലെ ആംഗ്ളോ-ഫ്രഞ്ച് യുദ്ധം 1748-ൽ അവസാനിച്ചതിനെത്തുടർന്ന് മദ്രാസ് ഇംഗ്ളീഷുകാർക്കു ലഭിച്ചു. ഡ്യൂപ്ളെയുടെ പരിശ്രമങ്ങൾക്ക് ഒരു തിരിച്ചടിയായിരുന്നു ഇത്. ഐക്സ്-ല-ഷാപെല്ലെയിൽ സമാധാന ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടു എന്ന വിവരം ലഭിച്ച സമയത്ത് പോണ്ടിച്ചേരി ബ്രിട്ടീഷ് സൈന്യം വളഞ്ഞിരിക്കുകയായിരുന്നുവത്രേ.

കർണ്ണാട്ടികിലെ ഇടപെടൽ

തിരുത്തുക
 
ഡ്യൂപ്ലേ ഡെക്കാനിലെ സൗധാബരായിരുന്ന മുസഫർ ജങുമായി കൂടിക്കാഴ്ച്ച നടത്തുന്നു

ദക്ഷിണേന്ത്യൻ രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ട് ഇവിടെ ഫ്രാൻസിന്റെ മേധാവിത്വം സ്ഥാപിക്കുകയെന്ന നിലപാടാണ് ഡ്യൂപ്ളെ പിന്നീടു സ്വീകരിച്ചത്. പ്രാദേശിക ഭരണാധികാരികളുമായി ചേർന്ന് ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ തകർക്കുകയെന്നതും ഡ്യൂപ്ളെയുടെ ലക്ഷ്യമായിരുന്നു. ഹൈദരാബാദിലെ നിസാം 1748-ൽ നിര്യാതനായതോടെയുണ്ടായ പിന്തുടർച്ചാവകാശ മത്സരത്തിലും കർണാട്ടിക്കിലെ ഭരണം കരസ്ഥമാക്കുവാൻ വേണ്ടി ചന്ദാസാഹിബ് നടത്തിയ മത്സരത്തിലും ഡ്യൂപ്ളെ ഇടപെട്ടു. ഡ്യൂപ്ളെയുടെ പിന്തുണയോടെ മുസഫർ ജംഗ് ഹൈദരാബാദിലെ ഭരണാധികാരിയായി (1750).

കൃതജ്ഞതാധിക്യംകൊണ്ട് ഇദ്ദേഹം ഡ്യൂപ്ളെയെ കൃഷ്ണാ നദി മുതൽ തെക്കോട്ടുള്ള പ്രദേശങ്ങളിലെ ഗവർണറായി വാഴിച്ചു. 1750-ൽ ആലംപരായ് കോട്ട ഫ്രഞ്ചുകാർക്ക് ഇദ്ദേഹം സമ്മാനമായി നൽകി. ബ്രിട്ടീഷുകാർ പിന്നീട് ഈ കോട്ട പിടിച്ചെടുത്ത് നശിപ്പിച്ചുകളഞ്ഞു. കർണാട്ടിക്കിലെ പിന്തുടർച്ചാ തർക്കത്തിലും ഡ്യൂപ്ളെ ഇടപെടുകയുണ്ടായി. കർണാട്ടിക്കിന്റെ ഭരണാധികാരത്തിനുവേണ്ടിയുള്ള ചന്ദാസാഹിബിന്റെ അവകാശവാദത്തെ പിന്തുണച്ച് അദ്ദേഹത്തെ ഭരണാധിപനായി അവരോധിക്കുവാൻ ഡ്യൂപ്ളെയ്ക്കു കഴിഞ്ഞു. എന്നാൽ ബ്രിട്ടീഷുകാരുടെ ഇടപെടലോടെ സ്ഥിതിഗതികളിൽ പെട്ടെന്നു മാറ്റമുണ്ടായി. റോബർട്ട് ക്ളൈവ് ഇന്ത്യയിൽ ബ്രിട്ടിഷ് സേനയുടെ നേതൃത്വത്തിലെത്തിയതോടെ കർണാട്ടിക്കിൽ ചന്ദാസാഹിബിനെതിരായി മുഹമ്മദ് അലിയെ പിന്തുണച്ചുകൊണ്ട് ബ്രിട്ടീഷുകാരും രംഗത്തെത്തി. അങ്ങനെ ഇന്ത്യൻ രാജാക്കന്മാരെ മുൻനിറുത്തി ഫ്രഞ്ച്-ഇംഗ്ളീഷ് കമ്പനികൾ യുദ്ധമാരംഭിച്ചു. ഇംഗ്ളീഷുകാർ ആർക്കാട് കോട്ട പിടിച്ചെടുത്തു. തൃശ്ശിനാപ്പള്ളിക്കു വേണ്ടി ഡ്യൂപ്ളെ 1752-ൽ തുടങ്ങിവച്ച ഉപരോധം 1754-ന്റെ ആദ്യ പകുതി വരെ തുടർന്നുപോന്നു. അങ്ങനെ ഏതാണ്ട് മൂന്നു വർഷക്കാലം കർണാട്ടിക്കിൽ ഫ്രഞ്ച്-ഇംഗ്ളീഷ് സൈന്യങ്ങൾ നിരന്തരം പോരാടി.

ബർമയിൽ സ്വാധീനത്തിനായുള്ള ശ്രമം

തിരുത്തുക

1751 മുതൽ ഡ്യൂപ്ളേ ബർമയിൽ ഫ്രഞ്ച് സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമം തുടങ്ങി. ബർമയിലേയ്ക്ക് ഇദ്ദേഹം ഒരു നയതന്ത്രപ്രതിനിധിയെ (സെയൂർ ഡെ ബ്രൂണോ) അയക്കുകയുണ്ടായി. ഇദ്ദേഹം മോങ് ജനതയെ ബർമയിൽ മേധാവിത്വമുള്ള വംശമായ ബാമർ വിഭാഗത്തിനെതിരായ യുദ്ധത്തിൽ സൈനികമായി സഹായിക്കുകയുണ്ടായി.[1]

തിരിച്ചുവിളിക്കൽ

തിരുത്തുക

ഡ്യൂപ്ളെയുടെ നയങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വിശ്വാസക്കുറവും അതുണ്ടാക്കിവച്ച വമ്പിച്ച സാമ്പത്തിക ബാദ്ധ്യതയും ഡ്യൂപ്ളെയെ ഫ്രാൻസിലേക്കു തിരിച്ചു വിളിക്കാനിടയാക്കി. 1954-ൽ ഇദ്ദേഹത്തെ മറികടക്കാനുള്ള അധികാരത്തോടെ ഫ്രഞ്ച് ഭരണകൂടം ഒരു പ്രത്യേക കമ്മീഷണറെ ഇന്ത്യയിലേയ്ക്കയച്ചു. ആവശ്യമെങ്കിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കമ്മീഷണർക്ക് അധികാരം നൽകപ്പെട്ടിരുന്നു. ഡ്യൂപ്ളേ 1754-ൽ ഫ്രാൻസിലേയ്ക്ക് മടങ്ങാൻ നിർബന്ധിതനായി. ഫ്രാൻസിൽ മടങ്ങിയെത്തിയ ഡ്യൂപ്ളെയുടെ ശിഷ്ടജീവിതം സുഖകരമായിരുന്നില്ല.

സ്മാരകങ്ങൾ

തിരുത്തുക
 
ഡ്യൂപ്ലേ ഇന്തോചൈനയിലെ കറൻസിയിൽ

പല കാര്യങ്ങളും ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം :

  • പാരീസിലെ ഒരു ചത്വരത്തിനും, റോഡിനും, മെട്രോ സ്റ്റേഷനും ഇദ്ദേഹത്തിന്റെ പേര് നൽകപ്പെട്ടിട്ടുണ്ട്
  • നാല് ഫ്രഞ്ച് യുദ്ധക്കപ്പലുകൾക്കും രണ്ട് വ്യാപാരക്കപ്പലുകൾക്കും ഇദ്ദേഹത്തിന്റെ പേര് നൽകപ്പെട്ടിട്ടുണ്ട്:
    • കോർവറ്റ് വിഭാഗത്തിൽ പെട്ട ആവിക്കപ്പൽഡ്യൂപ്ലേ (1861–1887), ജപ്പാനിലെ വിപ്ലവത്തിൽ പങ്കെടുത്ത് സുപ്രസിദ്ധി ലഭിച്ചിട്ടുള്ള കപ്പലാണ്
    • 7700-ടൺ കേവുഭാരമുള്ള ക്രൂയിസർ (1897–1919)
    • 10,000 ടൺ കേവുഭാരമുള്ള ക്രൂയിസർ (1929–1942), ടൗലോണിൽ ഇത് മുക്കിക്കളഞ്ഞു
    • എഫ്70 ഇനത്തിൽ പെട്ട ഫ്രിഗേറ്റ് ഡ്യൂപ്ലേ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
  1. ബ്രിട്ടീഷ് എമ്പയർ ഹിസ്റ്ററി. ബർമ' എഡിറ്റർ സർ റെജിനാൾഡ് കൗപ്ലാന്റ്, കെ.സി.എം.ജി., സി.ഐ.ഇ., എം.എ., ഡി.ലിറ്റ്. ലേറ്റ് ബിസിറ്റ് പ്രൊഫസ്സർ ഓഫ് ദി ഹിസ്റ്ററി ഓഫ് ദി ബ്രിട്ടീഷ് എമ്പയർ ഇൻ ദി യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡ്, പേജ്78-82 [1] Archived 2008-12-19 at the Wayback Machine.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ജോസഫ് ഫ്രാൻസിസ് ഡ്യൂപ്ളേ.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ജോസഫ് ഫ്രാൻസിസ് (1696 - 1763) ഡ്യൂപ്ളെ, ജോസഫ് ഫ്രാൻസിസ് (1696 - 1763) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.