ജെയ്ൻ ആഡംസ്

(Jane Addams എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജെയ്ൻ ആഡംസ് അമേരിക്കൻ ഐക്യനാടുകളിലെ സാമൂഹികപ്രവർത്തക ആയിരുന്നു. ഇല്ലിനോയിയിലെ സെഡാർവില്ലയിൽ 1860 സെപ്റ്റംബർ 6-ന് ജനിച്ചു. റോക്ഫോർഡ് കോളജിൽനിന്നും 1881-ൽ ബിരുദം നേടിയതിനുശേഷം ഫിലഡെൽഫിയ മെഡിക്കൽ കോളജിൽ ചേർന്നു. എന്നാൽ അനാരോഗ്യം കാരണം വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചില്ല. ആരോഗ്യം വീണ്ടുകിട്ടിയപ്പോൾ സാമൂഹികസേവനരംഗത്തു പ്രവേശിച്ചു. യൂറോപ്പിലുടനീളം സഞ്ചരിച്ച് അവിടങ്ങളിലെ സാമൂഹികപരിഷ്കരണ നടപടികൾ പഠിച്ചു. ലണ്ടനിലെ ടോയിൻബി ഹാൾ സെറ്റിൽമെന്റ് എന്ന സേവനകേന്ദ്രം അവർക്കു പ്രചോദനം നൽകി. സ്വദേശത്തു തിരിച്ചെത്തിയ ജെയ്ൻ 1889-ൽ ഷിക്കാഗോയിൽ ഹൾ ഹൗസ് സെറ്റിൽമെന്റ് എന്ന സാമൂഹികാധിവാസകേന്ദ്രം സ്ഥാപിച്ചു. യു.എസ്സിലെ ഇത്തരത്തിൽപ്പെട്ട ആദ്യത്തെ സ്ഥാപനമായിരുന്നു ഇത്. പ്രസിദ്ധരായ പല സാമൂഹികപരിഷ്കർത്താക്കളും ഇവിടെ സ്ഥിരമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യു,എസ്സിൽ പിൽക്കാലത്തു നടപ്പിലാക്കപ്പെട്ട പല സാമൂഹികക്ഷേമനിയമങ്ങളുടെയും ഉറവിടം ഈ സ്ഥാപനവും അതിന്റെ സ്ഥാപകയായ ജെയ്ൻ ആഡംസും ആയിരുന്നു. കുട്ടികളായ കുറ്റവാളികൾക്കുവേണ്ടിയുള്ള നിയമം, അമ്മമാരുടെ പെൻഷൻനിയമം, പ്രവൃത്തിസമയം എട്ടു മണിക്കൂർ എന്നു നിർണയിക്കുന്ന നിയമം, ഫാക്ടറി പരിശോധനാനിയമം, തൊഴിലാളികളുടെ നഷ്ടപരിഹാരനിയമം എന്നിവ ഈ കൂട്ടത്തിൽപ്പെടുന്നു.

ജെയ്ൻ ആഡംസ്
ജനനം(1860-09-06)സെപ്റ്റംബർ 6, 1860
മരണംമേയ് 21, 1935(1935-05-21) (പ്രായം 74)
തൊഴിൽSocial and political activist, author and lecturer, community organizer, public intellectual
മാതാപിതാക്ക(ൾ)John H. Addams
Sarah WeberHlll
പുരസ്കാരങ്ങൾNobel Peace Prize

തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിച്ചു

തിരുത്തുക

തൊഴിലാളികളുടെ ക്ഷേമൈശ്വര്യങ്ങൾക്കുവേണ്ടി പ്രവർത്തിച്ച ജെയ്ൻ ആഡംസ് സ്ത്രീകളുടെ സമ്മതിദാനാവകാശത്തിനുവേണ്ടിയും വീറോടെ വാദിച്ചിരുന്നു. ഹേഗിൽ (നെതർലൻഡ്) 1915-ൽ കൂടിയ അന്താരാഷ്ട്ര വനിതാസമ്മേളനത്തിന്റെ (Internatinal Congress of Women) അധ്യക്ഷയായിരുന്നു ഇവർ[1]. തുടർന്ന് രൂപവത്കരിക്കപ്പെട്ട സമാധാനത്തിനും സ്വാതന്ത്യ്രത്തിനുംവേണ്ടിയുള്ള അന്താരാഷ്ട്ര വനിതാലീഗി'ന്റെ (Women's International League for Peace and Freedom) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.[2] സാമൂഹികപ്രവർത്തകരുടെ ദേശീയസമ്മേളനത്തിന്റെ (National Conference of Social Work-1910) ആദ്യത്തെ വനിതാപ്രസിഡന്റ് എന്ന ബഹുമതിയും ഇവർക്കു ലഭിച്ചു.[3] റൂസ്വെൽറ്റിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമത്സരത്തിൽ ഇവർ സജീവമായി പങ്കെടുത്തു. നിരവധി ലേഖനങ്ങളും ഏതാനും ഗ്രന്ഥങ്ങളും ജെയ്ൻ രചിച്ചിട്ടുണ്ട്

  • റ്റ്വന്റി ഇയേഴ്സ് ഒഫ് ഹൾ ഹൈസ്-1910,
  • സെക്കൻഡ് റ്റ്വന്റി ഇയേഴ്സ് അറ്റ് ഹൾ ഹൗസ്1930

യു.എസ്സിലെ കുടിയേറ്റക്കാർക്കും അടിമകൾക്കും തൊഴിലാളികൾക്കും സാമൂഹികനീതി ലഭ്യമാക്കുവാനും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുവാനും അനവരതം പരിശ്രമിച്ച ജെയ്ൻ ആഡംസിന് 1931-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി. 1935 മേയ് 21-ന് ഇവർ അന്തരിച്ചു.

  1. http://www.history.com/this-day-in-history/international-congress-of-women-opens-at-the-hague The American delegation to the congress in April 1915 included two future recipients of the Nobel Peace Prize: Jane Addams.
  2. http://www.wilpf.org/JACBApeacekit Archived 2012-08-10 at the Wayback Machine. Each year since 1953, a committee of WILPF members has selected books published the preceding year to receive the Jane Addams Children's Book Awards.
  3. http://www.lib.uchicago.edu/e/scrc/findingaids/view.php?eadid=ICU.SPCL.NCSW The National Conference of Social Work was founded in 1879 as the Conference ... From 1910-1921, Jane Addams and Mary Richmond held trade leadership ...

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഡംസ്, ജെയ് ൻ (1860 - 1935) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജെയ്ൻ_ആഡംസ്&oldid=3632165" എന്ന താളിൽനിന്ന് ശേഖരിച്ചത്