ഇല്ലിക്കൽകല്ല്
കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽ മല അഥവാ ഇല്ലിക്കൽകല്ല്. മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനമായ ഈ കൊടുമുടി ഈരാറ്റുപേട്ടയ്ക്കടുത്ത് സ്ഥിതി ചെയ്യുന്നു. മീനച്ചിൽ താലൂക്കിലെ മൂന്നിലവ്, തലനാട് ഗ്രാമങ്ങൾക്ക് വളരെ അടുത്തായി സ്ഥിതിചെയ്യുന്ന ഇത് ഒരു വിനോദസഞ്ചാര കേന്ദ്രവുംകൂടിയാണ്. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഒന്നായ ഇത് ഏകദേശം 4000 അടി ഉയരത്തിൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്. ഓരോ കുന്നുകൾക്കും അതിന്റേതായ പ്രത്യേക രൂപമുണ്ട്. ഇതിലെ ഏറ്റവും ഉയരം കൂടിയ ഭാഗം കൂണിനോട് അല്ലെങ്കിൽ കുടയോട് സാമ്യമുള്ള ഒരു പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ കൂനൻ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി ഏകദേശം 20 അടിയോളം താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള 'നരകപ്പാലം' എന്ന ഒരു ഭാഗമുണ്ട്. കൊടൈകനാലിലെ "പില്ലർ റോക്ക്സിനോട്" സാദൃശ്യമുള്ളതാണ് ഈ ഭൂപ്രദേശത്തിന് ഭൂപ്രകൃതി. പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്ക് പുതിയ ഒരു വഴി നിർമ്മിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് വലിയ ആയാസം കൂടാതെ ഇനി ഇല്ലിക്കൽ കല്ലിലെത്താം. വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറ ഇതിനോട് ചേർന്നു കിടക്കുന്നു. കേരള ടൂറിസം വികസനത്തിന്റെ ഭാഗമായി ഇല്ലിക്കൽ കല്ലുകളെയും ഇവിടെനിന്ന് ഏകദേശം 14 കിലോമീറ്റർ അകലെയുള്ള സമീപ പ്രദേശമായ ഇലവീഴ പൂഞ്ചിറയെയും ബന്ധിപ്പിച്ച് പുതിയ റോപ്പ് വേ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
ഇല്ലിക്കൽകല്ല് | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 1,036 മീ (3,399 അടി) |
മറ്റ് പേരുകൾ | |
Language of name | മലയാളം |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
കോട്ടയം, കേരളം | |
State/Province | IN |
Parent range | പശ്ചിമഘട്ടം |
Climbing | |
Easiest route | hike |
ഹെയർപിൻ വളവുകളിലൂടെയുള്ള ആവേശകരമായ ഡ്രൈവിനും കയറ്റിറക്കത്തിനും ശേഷം ഇല്ലിക്കൽ കല്ലിലേക്ക് നയിക്കുന്ന പാതയിലെത്തിച്ചേരാവുന്നതാണ്. മങ്കൊമ്പ് ഗ്രാമത്തിൽ നിന്ന് 3 കിലോമീറ്റർ മാത്രം ദൂരമാണ് മലമുകളിലേക്കുള്ളത്. പഴുക്കാക്കാനം ഗ്രാമത്തിനടുത്തുവരെ സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുന്ന വിനോദസഞ്ചാരികൾക്ക് അവിടെ നിന്ന് ഇല്ലിക്കൽ കല്ലിലേക്ക് പോകാനുള്ള ജീപ്പുകൾ ലഭ്യമാണ്. ഉച്ചകോടിക്ക് ഏകദേശം 1 കിലോമീറ്റർ മുമ്പായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സ്ഥാപിച്ച ചെക്ക് പോസ്റ്റ് കടന്നുവേണം ഇവിടെയത്താൻ. ഈ സ്ഥലത്തിനപ്പുറത്തേയ്ക്ക് സ്വകാര്യ വാഹനങ്ങൾ കടന്നു പോകാൻ അനുവദിക്കുന്നില്ല. തുടർന്ന് കാൽനടയായി കൊടുമുടിയിലേക്ക് നടന്നു പോകുകയോ അല്ലെങ്കിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ലഭ്യമാക്കുന്ന ജീപ്പ് സഫാരികൾ ഉപയോഗിച്ചോ മലമുകളിലെത്താവുന്നതാണ്.
ഇല്ലിക്കൽ മലയുടെ പ്രധാന പാറയുടെ പകുതി ഭാഗം അടർന്നുവീണതിനാൽ നേരത്തേയുണ്ടായിരുന്ന പാറയുടെ ഒരു പകുതി മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. ഇവിടെനിന്ന് ഒഴുകിയിറങ്ങുന്ന നിരവധി നീർച്ചാലുകളാണ് ക്രമേണ മീനച്ചിലാറായി മാറുന്നത്. ഈ കൊടുമുടിയുടെ മുകളിൽ ഐതിഹ്യങ്ങളിലെ നീലക്കൊടുവേലി ഉണ്ടെന്ന് പ്രാദേശികമായി ഒരു വിശ്വാസമുണ്ട്.[1] കൊടുമുടിയുടെ മുകളിൽ നിന്നും അറബിക്കടൽ ഒരു നേർത്ത നീല രേഖ പോലെ കാണാമെന്ന് പറയപ്പെടുന്നു. കൂടൂതെ കൊടുമുടിയുടെ മുകളിൽനിന്ന് കാണുന്ന ഉദയം/അസ്തമയവും എന്നിവ വിവരണാതീതമായ ദൃശ്യാനുഭൂതി പ്രദാനം ചെയ്യുന്നു. ഓറഞ്ച് നിറത്തിലുള്ള സൂര്യൻ അസ്തമിക്കുമ്പോൾ ചന്ദ്രൻ തൊട്ടടുത്ത് ഉദിക്കുന്ന കാഴ്ച്ച വർണ്ണനാതീതമാണ്. തലനാട് വഴിയും അയ്യമ്പാറ വഴിയും ഇല്ലിക്കൽകല്ലിലെത്താം. അപരിചിതമായ ഭൂപ്രദേശത്തുകൂടിയുള്ള ഡ്രൈവിംഗ് അനുഭവത്തിന്റെ അഭാവം, കുത്തനെയുള്ള വളവുകളിലും ചരിവുകളിലും മുന്നറിയിപ്പ് ബോർഡുകളുടെ കുറവ്, റോഡിൻ്റെ ഇരുവശങ്ങളിലും ഉയർന്നുനിൽക്കുന്ന പുല്ലുകൾ എന്നിവ ഇവിടേയ്ക്കുള്ള യാത്ര ദുഷ്ക്കരമാക്കുന്ന ചില ഘടകങ്ങളാണ്.
ഇല്ലിക്കൽ കല്ലിന് സമീപത്താണ് കട്ടിക്കയം വെള്ളച്ചാട്ടം, ഇലവീഴാപൂഞ്ചിറ, വാഗമൺ എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത്.
ഇവിടെയത്താൻ പ്രധാനമായി മൂന്ന് റോഡുകളിലൂടെയാണ് പോകുന്നത്.
- ഈരാറ്റുപേട്ടയിൽനിന്ന് മൂന്നിലവ്, മങ്കൊമ്പ്, പഴുക്കക്കാനം വഴി ഇല്ലിക്കൽ കല്ല് (ഈരാറ്റുപേട്ട മുതൽ ഇല്ലിക്കല്ല് വരെ -19.6 കി.മീ. ദൂരം)
- ഈരാറ്റുപേട്ടയിൽനിന്ന് തീക്കോയി-അടുക്കം വഴി ഇല്ലിക്കൽകല്ല് (ഈരാറ്റുപേട്ട മുതൽ ഇല്ലിക്കൽ കല്ല് വരെ -18 കി.മീ. ദൂരം)
- കാഞ്ഞിരം കവല - മേലുകാവ് - മേച്ചാൽ - നെല്ലാപ്പാറ വഴി ഇല്ലിക്കൽ കല്ല് (മേലുകാവിലെ ഒരു വളവ് മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്ക് നയിക്കുന്നു)
ഈ മൂന്ന് വഴികൾ കൂടാതെ തലനാട് - കാളക്കൂട് - ഇല്ലിക്കൽ കല്ല് റോഡ് വഴിയും സഞ്ചാരികൾക്ക് ഇല്ലിക്കൽ കല്ലിന് സമീപമുള്ള താഴ്‌വരയിലെത്താം. ഒരു വാഹനത്തിൽ പ്രധാന വ്യൂപോയിൻ്റിൽ എത്താൻ സാധിക്കുകയില്ല, മുകളിൽ എത്താൻ ഏകദേശം ഒരു മണിക്കൂറോളം കാൽനട യാത്ര ചെയ്യേണ്ടിവരും.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-11. Retrieved 2015-03-10.
ചിത്രശാല
തിരുത്തുക-
ഇല്ലിക്കൽ കല്ല്
-
ഇല്ലിക്കൽ കല്ല്
-
ഇല്ലിക്കൽ കല്ല്
-
ഇല്ലിക്കൽ കല്ല്
-
മീനച്ചിലാറിന്റെ പശ്ചാത്തലത്തിൽ വായ തുറന്ന മനുഷ്യ രൂപത്തിൽ കാണുന്ന മലയാണ് ഇല്ലിക്കൽ മല.