ഉൾറിക്ക് സ്വിംഗ്ലി

(Huldrych Zwingli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വിറ്റ്സർലൻഡിലെ പ്രൊട്ടസ്റ്റന്റ് നവീകരണ നേതാവായിരുന്നു ഉൾറിക്ക് സ്വിംഗ്ലി (1 ജനുവരി 1484 – 11 ഒക്ടോബർ 1531). അദ്ദേഹത്തിന്റെ നവീകൃത ക്രിസ്തീയത വിശുദ്ധകുർബ്ബാനയുടെ പ്രാധാന്യം പോലുള്ള വിഷയങ്ങളിൽ പരമ്പരാഗത വിശ്വാസത്തിൽ നിന്ന് പരമാവധി വ്യത്യസ്തത പുലർത്തി. പൂർണ്ണമായും ബൈബിളിനെ ആശ്രയിച്ച നവവിശ്വാസമാണ് അദ്ദേഹം മുന്നോട്ടു വച്ചത്. വിശ്വാസത്താൽ മാത്രമുള്ള നീതീകരണത്തെ സംബന്ധിച്ച പ്രൊട്ടസ്റ്റന്റ് സിദ്ധാന്തം, ലൂഥറിനു മുൻപ് അവതരിപ്പിച്ചത് സ്വിംഗ്ലി ആണെന്നു കരുതുന്നവരുണ്ട്. നവീകരണയുഗത്തിലെ പ്രമുഖ ഹ്യൂമനിസ്റ്റ് ഇറാസ്മസിന്റെ സ്വാധീനത്തിൽ പെട്ടിരുന്ന സ്വിംഗ്ലി, പ്രൊട്ടസ്റ്റന്റ് നവീകർത്താക്കളിൽ ഏറ്റവും വലിയ മാനവികതാവാദിയായിരുന്നു.[1]

ഉൾറിക്ക് സ്വിംഗ്ലി
ഹാൻസ് ആസ്പർ 1531-ൽ വരച്ച സ്വിംഗ്ലിയുടെ ചിത്രം
ജനനം(1484-01-01)1 ജനുവരി 1484
വൈൽഡ്‌ഹോസ്, ഗാലൻ പ്രവിശ്യ, സ്വിറ്റ്സർലൻഡ്
മരണം11 ഒക്ടോബർ 1531(1531-10-11) (പ്രായം 47)
കാപ്പെൽ, സൂറിച്ച് പ്രവിശ്യ, സ്വിറ്റ്സർലൻഡ്
തൊഴിൽപാസ്റ്റർ, ദൈവശാസ്ത്രജ്ഞൻ, മതനവീകർത്താവ്

തുടക്കം

തിരുത്തുക

സ്വിസ്ദേശീയതയുടെ വികാസത്തിന്റേയും, അന്യനാടുകളിൽ സ്വിറ്റ്സർലണ്ടുകാർ കൂലിപ്പാട്ടളക്കാരായി പോകുന്നതിനെതിരെയുള്ള പ്രതിക്ഷേധത്തിന്റേയും പശ്ചാത്തലത്തിലായിരുന്നു സ്വിംഗ്ലിയുടെ ബാല്യം. പ്രമുഖ മതപരിഷ്കർത്താവ് മാർട്ടിൻ ലൂഥറേക്കാൾ ഏതാനും ആഴ്ചകൾ മാത്രം പ്രായക്കുറവേ ഉണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന്.[2] വിയന്ന സർവകലാശാലയിലും, മാനവീയവാദത്തിന്റെ കേന്ദ്രമായിരുന്ന ബേസൽ സർവകലാശാലയിലും അദ്ദേഹം പഠിച്ചു. പുരോഹിതവൃത്തി തെരെഞ്ഞെടുത്ത സ്വിംഗ്ലി ഇറ്റലിയിൽ യുദ്ധത്തിനു പോയ സ്വിസ് കൂലിപ്പാട്ടാളവിഭാഗത്തെ ആത്മീയോപദേഷ്ടാവെന്ന (Chaplain) നിലയിൽ അനുഗമിച്ചു. പ്രതിഫലത്തിനു വേണ്ടി സ്വയം വിൽക്കുന്ന സ്വന്തം നാട്ടിലെ യുവാക്കളുടെ ദുരിതങ്ങൾ നേരിട്ടു കണ്ടതോടെ അദ്ദേഹം കൂലിപ്പട്ടാള വ്യവസ്ഥയുടെ (mercenary system) തീവ്രവിരോധിയായി. 1518-ൽ സൂറിച്ചിനടുത്തുള്ള ഗ്രോസ്മുൺസ്റ്റർ പള്ളിയിൽ സേവനമാരംഭിച്ച സ്വിംഗ്ലി, 1519-ൽ സൂറിച്ചിൽ പ്ലേഗു ബാധ പരന്നപ്പോൾ, നഗരം വിട്ടു പോകാതെ, രോഗബാധിതരുടെ സൗഖ്യത്തിനായി സ്വിംഗ്ലി രാപകൽ അദ്ധ്വാനിച്ചു. ഒടുവിൽ സ്വയം രോഗബാധിതനായി മരണത്തോടടുത്തെങ്കിലും അദ്ദേഹം സുഖം പ്രാപിച്ചു. ആറുമാസത്തിനുള്ളിൽ നഗരത്തിലെ ജനങ്ങളിൽ മൂന്നിലൊന്നിനെ കൊന്നൊടുക്കിയ ആ പ്രതിസന്ധിയിൽ പ്രകടിപ്പിച്ച നേതൃത്വമേന്മ, സ്വിംഗ്ലിയുടെ ജനസമ്മതി പതിന്മടങ്ങാക്കി.[1]

നവീകരണം

തിരുത്തുക
 
സ്വിറ്റ്സർലൻഡിൽ, ടോഗൻബർഗ്ഗ് സമതലത്തിലെ വൈൽഡ്‌ഹോസിൽ സ്വിംഗ്ലി പിറന്ന വീട്

എബ്രായ, ഗ്രീക്കു ഭാഷകളിൽ അവഗാഹമുണ്ടായിരുന്ന സ്വിംഗ്ലിയെ, പ്രമുഖ ഹ്യൂമനിസ്റ്റ് ഇറാസ്മസിന്റെ രചനകൾ സ്വാധീനിച്ചു. ഇറാസ്മസിന്റെ സംശോധനയിൽ പ്രസിദ്ധീകരിച്ച പുതിയനിയമത്തിന്റെ ഗ്രീക്കു മൂലം അദ്ദേഹം ഉത്സാഹപൂർവം വായിച്ചു. അഗസ്റ്റിനെപ്പോലുള്ള സഭാപിതാക്കന്മാരുടെ രചനകളും സ്വിംഗ്ലിയെ സ്വാധീനിച്ചു. വ്യവസ്ഥാപിതസഭയിലെ വിശ്വാസങ്ങളിൽ പലതും ബൈബിളിലെ പ്രബോധനങ്ങളുമായി ബന്ധമില്ലാത്തതാണെന്ന തിരിച്ചറിവ് അദ്ദേഹത്തെ നവീകരണാശയങ്ങളിലേക്കു നയിച്ചു. സൂറിച്ചിൽ സ്വിംഗ്ലി ഇതിനകം തന്റെ നവീകരണാശയങ്ങൾ പ്രസംഗിക്കാൻ തുടങ്ങിയിരുന്നു. 1522-ൽ വലിയനോയമ്പുകാലത്തെ ഉപവാസത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ വിമർശനം വലിയ വിവാദമുണർത്തി. തന്റെ രചനകളിൽ സ്വിംഗ്ലി സഭാധികാരശ്രേണിയിലെ അഴിമതിയെ വിമർശിക്കുകയും, പുരോഹിതന്മാരുടെ വിവാഹത്തെ പിന്തുണക്കുകയും, പ്രതിമാവണക്കത്തേയും ശുദ്ധീകരണസ്ഥലത്തിലുള്ള വിശ്വാസത്തേയും എതിർക്കുകയും ചെയ്തു. ഏറെക്കാലമായി ജീവിതപങ്കാളിയാക്കിയിരുന്ന അന്നാ റീൻഹാർഡ് എന്ന വിധവയെ സ്വിംഗ്ലി 1524-ൽ വിവാഹം ചെയ്തു. അവരുടെ ആദ്യസന്താനത്തിന്റെ ജനനത്തിന് മൂന്നു മാസം മുൻപായിരുന്നു ആ ചടങ്ങ്. 1525-ൽ അദ്ദേഹം, കുർബ്ബാനയ്ക്കു പകരമായി മറ്റൊരു സാമൂഹികാരാധാനാ വിധി അവതരിപ്പിച്ചു. ശിശുജ്ഞാനസ്നാനത്തെ എതിർത്തിരുന്ന 'ആനബാപ്റ്റിസ്റ്റുകളോട്' സ്വിംഗ്ലി സ്വീകരിച്ച നിലപാട് ആ വിഭാഗത്തിന്റെ പീഡനത്തിനു കാരണമായി.

സ്വിംഗ്ലിയും ലൂഥറും

തിരുത്തുക

"ശരീരം ഒന്നിനും ഉപകരിക്കുന്നില്ല" എന്ന സുവിശേഷവാക്യം ചൂണ്ടിക്കാട്ടിയിട്ട്, "ഇതു താങ്കളുടെ കഴുത്തൊടിക്കുന്നു" എന്നു സ്വിംഗ്ലി പറഞ്ഞു. "ഏറെ അഹങ്കരിക്കാതിരിക്കുക,....ജർമ്മൻ കഴുത്തുകൾ അത്ര എളുപ്പം ഒടിയുന്നവയല്ല. ഇതു (ജർമ്മനിയിലെ) ഹെസ്സേ ആണ് സ്വിറ്റ്സർലൻഡ് അല്ല" എന്നായിരുന്നു ഇതിനു ലൂഥർ കൊടുത്ത മറുപടി. തന്റെ മേശയിൽ, "ഇതെന്റെ ശരീരമാകുന്നു" എന്ന യേശുവിന്റെ വചനം ചോക്കുപയോഗിച്ച്, ലത്തീൻ ഭാഷയിൽ (Hoc est corpus meum) കോറിയിട്ട് ലൂഥർ സ്വന്തം നിലപാട് ഉറപ്പിച്ചു

മാർട്ടിൻ ലൂഥറെപ്പോലുള്ള മറ്റു നവീകർത്താക്കൾ സ്വിംഗ്ലിയുടെ നവീകരണത്തെ ശ്രദ്ധിച്ചിരുന്നു. 1529 ഒക്ടോബർ മാസം ജർമ്മനിയിൽ ഹെസ്സേയിലെ ഫിലിപ്പ് ഒന്നാമൻ, വികസിച്ചുകൊണ്ടിരുന്ന പ്രൊട്ടസ്റ്റന്റ് സഭകൾക്കിടയിൽ ഐക്യം ഉറപ്പാക്കാനായി സ്വിറ്റ്സർലണ്ടിലേയും ജർമ്മനിയിലേയും ദൈവശാസ്ത്രജ്ഞന്മാരുടെ ഒരു ചർച്ച സംഘടിപ്പിച്ചു. ലൂഥറുടേയും സ്വിംഗ്ലിയുടേയും പക്ഷങ്ങൾക്കിടയിൽ നടന്ന ആ ചർച്ചയിൽ പല കാര്യങ്ങളിലും അഭിപ്രായസമന്വയും സാദ്ധ്യമായെങ്കിലും വിശുദ്ധ കുർബ്ബാനയിലെ യേശുവിന്റെ സാന്നിദ്ധ്യത്തെ സംബന്ധിച്ച് അവർ ഭിന്നനിലപാടുകളിൽ ഉറച്ചുനിന്നു.

അന്ത്യഅത്താഴവേളയിൽ യേശു ഉരുവിട്ട വചനങ്ങളുടെ പ്രസക്തിയുടെ കാര്യത്തിലായിരുന്നു തർക്കം: "ഇതെന്റെ ശരീരമാകുന്നു", "എന്റെ രക്തത്താലെയുള്ള പുതിയ ഉടമ്പടിയാകുന്നു ഇത്" (1 കൊറീന്ത്യൻ 11:23–26) എന്നീ വചനങ്ങൾ കൂദാശചെയ്യപ്പെട്ട അപ്പത്തിലും വീഞ്ഞിലും യേശുവിന്റെ യഥാർത്ഥസാന്നിദ്ധ്യം (real presence) കൗദാശികമായ, ഒത്തുചേരലിലൂടെ ഉണ്ടാകുന്നുവെന്നതിനു തെളിവായി ലൂഥർ ഉയർത്തിക്കാട്ടി. എന്നാൽ ബലിവസ്തുക്കളിൽ യേശുവിന്റെ ആത്മീയവും പ്രതീകാത്മകവുമായ സാന്നിദ്ധ്യമേയുള്ളെന്ന് സ്വിംഗ്ലി കരുതി. ആ ചർച്ച പലപ്പോഴും സംഘർഷം നിറഞ്ഞതായിരുന്നു. ഒടുവിൽ, ദിവ്യകാരുണ്യവിഷയത്തിൽ ഒത്തുതീർപ്പില്ലാതെ നവീകർത്താക്കൾ പിരിഞ്ഞു.

 
മാർബർഗിലെ ചർച്ചയിൽ സ്വിംഗ്ലിയും ലൂഥറും അനുയായികളും

യുക്തിചിന്തയും മാനവീയതാവാദവും കലർന്ന സ്വിംഗ്ലിയുടെ ധാർമ്മികതയെ ലൂഥർ അവിശ്വാസമായി കണ്ടു. വിശുദ്ധകുർബാന കേവലം അനുസ്മരണാശുശ്രൂഷ മാത്രമാണെന്ന സ്വിംഗ്ലിയുടെ വാദം അദ്ദേഹത്തിനും ലൂഥർക്കുമിടയിൽ വലിയ വിടവായി. സോക്രട്ടീസിനും പൗരാണികലോകത്തിലെ മറ്റു മഹദ്‌വ്യക്തികൾക്കും സ്വർഗ്ഗഭാഗ്യം ലഭിച്ചിരിക്കും എന്ന സ്വിംഗ്ലിയുടെ നിരീക്ഷണവും ലൂഥർക്ക് ഞെട്ടലുളവാക്കി. സ്വിംഗ്ലിയുടെ ദാരുണമായ മരണത്തിന്റെ വാർത്ത കേട്ട ലൂഥർ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: "സ്വിംഗ്ലി നിത്യരക്ഷ പ്രാപിച്ചിരുന്നെങ്കിൽ എന്നു ഞാൻ ഹൃദയപൂർവം ആശിക്കുന്നു. എന്നാൽ അതു സംഭവിച്ചിരിക്കില്ല എന്നാണ് എന്റെ ഭയം. കാരണം തന്നെ നിഷേധിക്കുന്നവർക്ക് ക്രിസ്തു വിധിച്ചത് നിത്യനാശമാണ്."[1]

സംഘർഷം, അന്ത്യം

തിരുത്തുക

സൂറിക്കിൽ സ്വിംഗ്ലി തുടങ്ങിയ നവീകരണം സ്വിറ്റ്സർലണ്ടിലെ മറ്റു പ്രവിശ്യകളിലേക്കു വ്യാപിച്ചു. എങ്കിലും പല പ്രവിശ്യകളും കത്തോലിക്കാ വിശ്വാസത്തിൽ ഉറച്ചു നിന്നു. നവീകൃതപ്രവിശ്യകൾ സ്വിംഗ്ലിയുടെ പ്രചോദനത്തിൽ ഒരു സംഘരാഷ്ട്രമായി ഒരുമിച്ചു നിന്നപ്പോൾ, സ്വിറ്റ്സർലൻഡ് മതാടിസ്ഥാനത്തിൽ വിഭക്തമായി. സംഘർഷം രക്തരൂക്ഷിതമാകാനുള്ള സാദ്ധ്യതയും അതോടെ തെളിഞ്ഞു. 1529-ൽ ഇരുപക്ഷങ്ങളും തമ്മിലുള്ള യുദ്ധം അവസാന ഘട്ടത്തിൽ ഒഴിവായെങ്കിലും ആവിധമുണ്ടായ ശാന്തിക്ക് രണ്ടു വർഷമേ ആയുസ്സുണ്ടയുള്ളൂ. 1531-ൽ സിംഗ്ലിയുടെ നേതൃത്വത്തിലുള്ള സൂറിച്ച് പ്രവിശ്യ, കത്തോലിക്കാ പ്രവിശ്യകൾക്കെതിരെ ഭക്ഷണോപരോധം ഏർപ്പെടുത്തി. ഉപരോധം പരാജയമായിരുന്നെകിലും സൂറിച്ചിനെ അപ്രതീക്ഷിതമായി ആക്രമിക്കാൻ അത് കത്തോലിക്കാ പ്രവിശ്യകളെ പ്രകോപിപ്പിച്ചു. 47 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന സ്വിംഗ്ലി ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു.

യുദ്ധത്തിൽ പരിക്കേറ്റ് അവശനായി എതിർപക്ഷം അദ്ദേഹത്തെ കണ്ടെത്തിയെന്നും നവീകൃതവിശ്വാസം ഉപേക്ഷിക്കാനുള്ള ആവശ്യം നിരസിച്ചപ്പോൾ കൊല്ലുകയാണുണ്ടായതെന്നും പറയപ്പെടുന്നു. കത്തോലിക്കാ പക്ഷം അദ്ദേഹത്തിന്റെ ശരീരം കൊത്തിനുറുക്കി ചാണകച്ചിതയിൽ എരിച്ചു.[1]

സ്വിംഗ്ലിയുടെ ആശയങ്ങൾ നവീകൃതസഭകളുടെ പിൽക്കാലവികാസത്തെ ഗണ്യമായി സ്വാധീനിച്ചെങ്കിലും അദ്ദേഹത്തിന്റെ അനുയായികളുടെ സമൂഹം സ്വിറ്റ്സർലൻഡിൽ കാലക്രമേണ അപ്രത്യക്ഷമാവുകയാണുണ്ടായത്. 1549-ലെ തിഗൂറിനസ് ഒത്തുതീർപ്പിൽ, 'സ്വിംഗ്ലിവാദ'-ത്തിന്റെ കേന്ദ്രമായിരുന്ന സൂറിച്ച് ജോൺ കാൽവിന്റെ പ്രബോധനങ്ങളെ ആധാരമാക്കിയുള്ള കാൽവിനിസ്റ്റ് ക്രിസ്തീയതയുടെ ഭാഗമായി. സ്വിറ്റ്സർലൻഡിലെ നവീകൃതസഭകളെല്ലാം കാലക്രമേണ കാൽവിൻ വാദം അംഗീകരിച്ചു.[3]

  1. 1.0 1.1 1.2 1.3 വിൽ ഡുറാന്റ്, ദ റിഫർമോഷൻ, സംസ്കാരത്തിന്റെ കഥ (ആറാം ഭാഗം, പുറങ്ങൾ 404-14)
  2. A History of Christianity, കെന്നത്ത് സ്കോട്ട് ലറ്റൂറെറ്റ് (പുറങ്ങൾ 747-51)
  3. വിവിയൻ ഗ്രീൻ, എ ന്യൂ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറങ്ങൾ 133-34)
"https://ml.wikipedia.org/w/index.php?title=ഉൾറിക്ക്_സ്വിംഗ്ലി&oldid=1879140" എന്ന താളിൽനിന്ന് ശേഖരിച്ചത്