ഹെൻട്രിക് ആൻഡ്രിയാൻ വാൻറീഡ്

(Hendrik van Rheede എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡച്ചു ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കീഴിൽ കേരളത്തിൽ അഡ്മിറലായി പ്രവർത്തിക്കുകയും ഹൊർത്തൂസ് മലബാറിക്കസ് എന്ന ബൃഹത്തായ സസ്യശാസ്ത്രഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്ത ഡച്ചുകാരനാണ് ഹെൻഡ്രിക് വാൻ റീഡ്. പൂർണ്ണ നാമം ഹെൻഡ്രിക്‌ അഡ്രിയാൻ വൻ റീഡ്‌ ടോ ഡ്രാക്കെൻ‍സ്റ്റീൻ (ഡച്ച്:Hendrik Adriaan Van Rheede tot Draakenstein (1636 - ഡിസംബർ 15, 1691)

ജീവിതരേഖ

തിരുത്തുക

നെതർലൻഡിലെ ഉത്രിച്ച് പ്രവിശ്യയിൽ ഒരു പ്രസിദ്ധമായ കുടുംബത്തിൽ അർണ്ണോസ് വാൻ റീഡിന്റെയും എലിസബത്ത് വാൻ ഉത്തെനോവ ഗെബൊറന്റേയും മകനായി 1636-ൽ ഹെൻറിക് അഡ്രിയാൻ ജനിച്ചു. വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ അദ്ദേഹത്തെ ആംസ്റ്റർഡാമിലെ ക്രിസ്തീയ സഭയിൽ ചേർത്തു. 14 വയസ്സുവരെ അവിടെ താമസിച്ച അദ്ദേഹം ഇരുപതാം വയസ്സിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാക്കമ്പനിയിൽ ചേർന്നു.

ഈസ്റ്റ് ഇന്ത്യാക്കമ്പനിയിൽ

തിരുത്തുക

1657-ൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥനായി അദ്ദേഹം കിഴക്കൻ രാജ്യങ്ങളിലേക്ക് യാത്രയായി. കേപ് ഓഫ് ഗുഡ് ഹോപ് സന്ദർശിച്ചവേളയിൽ അദ്ദേഹത്തിന്‌ ജോൺ ബാക്സ്, സെയ്ൻ മാർട്ടിൻ എന്നീ സസ്യശാസ്ത്രജ്ഞന്മാരെ സുഹൃത്തുക്കളായി ലഭിച്ചു. അങ്ങനെയാണ്‌ അദ്ദേഹത്തിന്‌ സസ്യനീരീക്ഷണത്തിൽ താല്പര്യം തോന്നിത്തുടങ്ങുന്നത്. 1657-ന്റെ അവസാനത്തോടെ അദ്ദേഹം ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ കിഴക്കൻ ആസ്ഥാനമായ ബട്ടാവിയയിൽ എത്തിച്ചേർന്നു. വാൻ ഗിയോൺ ആയിരുന്നു അക്കാലത്തെ ഡച്ച് ഗവർണർ.

ബട്ടാവിയയിൽ അക്കാലത്ത് പലതരം രോഗങ്ങളും ഡച്ചുകാരെ ബാധിച്ചിരുന്നു. നാട്ടിൽ നിന്ന് മരുന്നുകൾ പലതും എത്തിച്ചിരുന്നുവെങ്കിലും അധികം ഫലമുണ്ടായിരുന്നില്ല. അങ്ങനെ ഏഷ്യൻ മരുന്നുകൾക്ക് പ്രചാരം കൂടിവന്നു. താമസിയാതെ ബട്ടാവിയയിൽ ഏഷ്യൻ മരുന്നുകളുടെ വൻ ശേഖരം നിർമ്മിക്കപ്പെട്ടു. വാൻ ഗിയോൺ സാമ്രാജ്യം വിപുലപ്പെടുത്തുന്ന തിരക്കിലായിരുന്നു. നിരവധി യുദ്ധങ്ങളിലൂടെ അദ്ദേഹം വെട്ടിപ്പിടിക്കൽ തുടർന്നുകൊണ്ടേയിരുന്നു. താമസിയാതെ അവർ മലബാറിലേക്കും തങ്ങളുടെ ശ്രദ്ധതിരിച്ചു

കൊച്ചി രാജാവിന്റെ അനുജൻ വീര കേരളവർമ്മയുമായി 1960-ൽ സഖ്യം ചേർന്നു. കേരളത്തിലെ ഡച്ചുകാരുടെ ഭരണം പലകാര്യത്തിലും പോർച്ചുഗീസുകാരുടേതിനേക്കാളും സ്വാഗതാർഹമായിരുന്നു. കുലീനരും സന്മാർഗികളും കഴിവുള്ളവരുമായിരുന്നു ഡച്ചുകാരുടെ ഉദ്യോഗസ്ഥവൃന്ദം [1] ഡച്ചു ഗവർണ്ണറായിരുന്ന വാൻ റീഡും വ്യത്യസ്തനായിരുന്നില്ല. കപ്പിത്താൻ പദവിയിലേക്കുയർത്തപ്പെട്ട അദ്ദേഹം പോർത്തുഗീസുകാരിൽ നിന്ന് കൊടുങ്ങല്ലൂർ കോട്ട കീഴടക്കി. ഇതിനിടെ പോർത്തുഗീസുകാരുമായുണ്ടായ മട്ടാഞ്ചേരി യുദ്ധത്തിൽ (1662) വീരകേരളവർമ്മയുടെ സഹോദരിയായ മഹാറാണി ഗംഗാധരലക്ഷ്മിയെ സംരക്ഷിക്കുകയുണ്ടായി. തുടർന്ന് അദ്ദേഹം കൊച്ചി നഗരവും കോട്ടയും കീഴടക്കി. വീരകേരളവർമ്മയെ രാജാവായി വാഴിക്കുകയും ചെയ്തു. അതോടെ അദ്ദേഹം പ്രശസ്തനായി.

മലബാർ കൗൺസിൽ

തിരുത്തുക

മലബാറിലെ ആദ്യത്തെ കൗൺസിലറായി അദ്ദേഹം നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്‌ റെജിഡോർ മേയർ (മേയർ) എന്ന ബഹുമതി പോർത്തുഗീസുകാർ തന്നെ നൽകുകയുണ്ടായി. റാണി ഗംഗാധരലക്ഷ്മിയെ രക്ഷിക്കാൻ കഴിഞ്ഞതോടെ വാൻ റീഡ് നാട്ടുകാരുടേയും രാജകുടുംബത്തിന്റേയും കണ്ണിലുണ്ണിയായിത്തീർന്നു. മലബാറിലെ സസ്യസമ്പത്തിനെക്കുറിച്ച് ഒരു ഗ്രന്ഥം രചിക്കാൻ പദ്ധതിയിട്ട അദ്ദേഹം രാജ സഭയിൽ ചേരാൻ അവസരം ലഭിച്ചത് പാഴാക്കിയില്ല. ഗ്രന്ഥരചനക്കായി സഹായികളെ ലഭിക്കാനുള്ള അവസരമായി അദ്ദേഹം അതിനെ ഉപയോഗപ്പെടുത്തി.

താമസിയാതെ കൊച്ചി ഡച്ചധീനതയിൽ കൂടുതൽ പ്രബലമായി. ഡച്ചുകാർക്ക് കൂടുതൽ കച്ചവടക്കുത്തകൾ ലഭിക്കുകയും മലബാറ് സിലോണിനുകീഴിൽ വരികയും ചെയ്തു. 1665-ഗോവ സന്ദർശിച്ച് മടങ്ങിയ അദ്ദേഹം കൊല്ലത്തെ സഹപ്രവർത്തകനായ നിയോഹോഫിനെ ഒഴിവാക്കി സ്വയം ഭരണം ഏറ്റെടുത്തു. ഇതിനിടക്ക് അദ്ദേഹം മലബാറിനെക്കുറിച്ച് തന്റെ മേലുദ്യോഗസ്ഥർക്ക് വിശദമായ വിവർനവും ഭൂപടവും ലഭ്യമാക്കിക്കൊടുത്തിരുന്നു.

തൂത്തുക്കുടിയിൽ

തിരുത്തുക

1668-ൽ വാൻ റിഡ് സിലോണിന്റെ കാപ്റ്റനായി ചുമതലയേറ്റു. കമ്പനി സംബന്ധമായ നിരവധി യാത്രകൾ നടത്തേണ്ടി വന്നതിനാൽ തൂത്തുക്കുടിയിൽ ഉണ്ടായ പ്രശ്നങ്ങൾ മൂലം മുത്തുവേട്ടയിൽ ഇടിവ് സംഭവിക്കുകയും അതുമൂലം കമ്പനിക്ക് നഷ്ടമുണ്ടാവുകയും ചെയ്തു. തനിക്ക് ചില പ്രദേശങ്ങളുടെ ഭരണാനുമതി നൽകാനായി പ്രഭുവിനോടഭ്യർത്തിച്ചെങ്കിലും പ്രഭു വാൻ ഗിയോനെ നിയമിക്കുകയാണൂണ്ടായത്. വാൻ ഗിയോൻ മലബാറിൽ നിന്ന് മാറിയ അവസ്ഥയിൽ മലബാറിലെ നിരീക്ഷണത്തിനായി വാൻ റീഡിനെ നിയോഗിക്കപ്പെട്ടു. ദുർഭരണം നടത്തിയിരുന്നവരെ വാൻ റീഡ് പിരിച്ചു വിട്ടു.

തൂത്തുക്കുടിയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടപ്പോഴേക്കും വൈദ്യമേഖല താറുമാറായിരുന്നു. വാൻ റീഡ് ഈ സാഹചര്യത്തിൽ കമ്പനി വഴി വൈദ്യസഹായം ഏർപ്പാട് ചെയ്തുകൊണ്ടിരുന്നു. 1669-ൽ ആൻഡ്രിയസ് ക്ലിയർ ബട്ടാവിയയിൽ നിന്ന് സിലോണിലെത്തി അവിടത്തെ സസ്യജാലം നിരീക്ഷിക്കുകയും മരുന്നുകളുടെ സാധ്യത പഠിക്കുകയും ചെയ്തു. തൽഫലമായി നെതർലാൻഡിൽ നിന്നുള്ള ചെലവേറിയ ഇറക്കുമതിക്ക് അറുതി വന്നു.

തുടർന്ന് കൊച്ചിയിലേക്ക് വാൻ ‌റീഡിനെ സ്ഥലം മാറ്റി. അദ്ദേഹത്തിന്റെ കഴിവുകൾ മൂലം ഡച്ച് കച്ചവടം കൊച്ചിയിൽ അഭിവൃദ്ധി പ്രാപിച്ചു. കൊടുങ്ങല്ലൂർ കോട്ടകൾ, കൊച്ചിക്കോട്ട, തേങ്ങാപ്പട്ടണം, കണ്ണൂർ എന്നിവിടങ്ങളിൽ അദ്ദേഹത്തിന്‌ നല്ല ഭരണം കാശ്ചവക്കാനായി. കുരുമുളക്, അടയ്ക്കാ, നാളികേര ഉത്പന്നങ്ങൾ എന്നിവ ധാരാളം കയറ്റി അയച്ചു തുടങ്ങി. കറപ്പ് ധാരാളം ഇറക്കുമതി ചെയ്തിരുന്നു. മലബാറിൽ വിള്ളൽ സൃഷ്ടിച്ച് തെക്കൻ മലബാർ, വടക്കൻ മലബാർ എന്നിങ്ങനെ രണ്ട് കേന്ദ്രങ്ങൾ ഉണ്ടാക്കി.

1684-ൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏഷ്യയിലെ കമ്മിഷണർ ജനറൽ ആയി വാൻറീഡ് നിയമിതനായി. 1691-ൽ കൊച്ചിയിലെത്തിയ അദ്ദേഹം അസുഖബാധിതനായി. സൂറത്തിലേക്ക് കപ്പൽമാർഗം യാത്രയായ വാൻറീഡ് 1691 ഡിസംബർ 15ന് കപ്പലിൽ വച്ച് മരണമടഞ്ഞു. സൂറത്തിലെ ഡച്ച് സെമിത്തേരിയിലാണ് വാൻറീഡിനെ സംസ്കരിച്ചിരിക്കുന്നത്.[2]

സസ്യപഠനം

തിരുത്തുക

ഭരണകാര്യങ്ങളിൽ തടസ്സങ്ങളും മറ്റു തിരക്കുകളും ഉണ്ടായിരുന്നുവെങ്കിലും സസ്യങ്ങളെക്കുറിച്ച് അറിയുന്നതിനുള്ള തൃഷ്ണക്ക് കുറവുണ്ടായിരുന്നില്ല. ഇതിനോടനുബന്ധിച്ച് കൊച്ചിയിൽ അദ്ദേഹം തന്റേതായ ഒരു പൂന്തോട്ടം കമ്പനിയുടെ പേരിൽ നിർമ്മിച്ചു. ക്രമേണ അത് ഡച്ചുകാരുടെ ഉല്ലാസകേന്ദ്രമായിത്തീർന്നു. 1969 മുതൽ അദ്ദേഹം സസ്യപഠനം ഗൗരവമായി കാണാൻ തുടങ്ങി. പോൾ മെയ്നർ എന്ന രസതന്ത്രജ്ഞനോടൊത്ത് പല സസ്യങ്ങളുടേയും സത്ത വാറ്റിയെടുത്ത് അവയുടെ ഔഷധഗുണങ്ങളെക്കുറിച്ച് പഠിക്കാനാരംഭിച്ചു. എന്നാൽ ഭരണപരമായ വിലക്കുകളെത്തുടർന്ന് ഇത് നിർത്തിവക്കേണ്ടിവന്നു.

ഹൊർത്തൂസ് മലബാറിക്കൂസ്

തിരുത്തുക

ആൽ മരം പോലുള്ള കൂറ്റൻ മരങ്ങൾ മലബാറിലെത്തുന്നതുവരെ വാൻ റീഡ് കണ്ടിരുന്നില്ല. മാത്രവുമല്ല മലബാറുകാർ അവരുടെ ചുറ്റുപാടുമുള്ള മരങ്ങളെക്കുറിച്ച് ജ്ഞാനമുള്ളവരായിരുന്നു എന്നതും ഔഷധങ്ങൾ അവരവരുടെ ചുറ്റുപാടുള്ള ഈ സസ്യങ്ങളിൽ നിന്നുണ്ടാക്കിയിരുന്നു എന്നതും വാൻ റീഡിന്‌ ഏറേ അത്ഭുതവും പ്രചോദനവും നൽകിയ കാര്യങ്ങളായിരുന്നു.[3] മലബാറിലെ സസ്യസമ്പത്തിനെക്കുറിച്ച് വിശദമായി പഠിച്ച് അവയെ രേഖപ്പെടുത്തുന്നത് വളരെ അത്യാവശ്യമാണെന്ന് അദ്ദേഹത്തിനു തോന്നി. ഇക്കാര്യത്തിനായി അദ്ദേഹം സ്വയം മറന്ന് പ്രവർത്തിക്കാൻ തുടങ്ങി. നിരവധി പേരുടെ പിന്തുണ അദ്ദേഹത്തിനുണ്ടായി. മരുന്നുകളുടെ ഇറക്കുമതിയിലുണ്ടായ കാലതാമസവും ചെലവും രോഗങ്ങളുടെ ഇടക്കിടെയുള്ള തലപൊക്കലും ഈ പ്രവർത്തനത്തിനു പ്രചോദനമായിക്കൊണ്ടിരുന്നു. മലബാർ സൈനികവും സാമ്പത്തികവുമായി സ്വയം പര്യാപ്തമായ സ്ഥലമാണെന്നും അക്കാരണങ്ങളാൽ സിലോണിനേക്കാളും ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ കേന്ദ്രമാവാൻ എന്തുകൊണ്ടും നല്ലത് മലബാറാണെന്നുമുള്ള അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾക്ക് ബലമേകാനും സസ്യങ്ങളെക്കുറിച്ചുള്ള ഗ്രന്ഥം സഹായകമാവുമെന്നതും ഗ്രന്ഥരചനക്ക് മറ്റൊരു കാരണമായിരുന്നു.

വാൻ റീഡിന്റെ ദത്തു പുത്രിയായിരുന്ന ഫ്രാൻസീനയുടെ സഹായിയായിരുന്ന കസേറിയൂസ് സസ്യപഠനങ്ങളിൽ വാൻ റീഡിനെ സഹായിച്ചിരുന്നു. ഹോർത്തൂസ് ഗ്രന്ഥമെഴുതുന്നതിനു മുന്നോടിയായി ഗ്രന്ഥത്തെ സംബന്ധിക്കുന്ന ചോദ്യാവലി അദ്ദേഹം 16 പണ്ഡിതന്മാർ അടങ്ങിയ ഉപദേശകസമിതിക്കു മുൻപാകെ സമർപ്പിച്ചു. ഈ പണ്ഡിതന്മാരിൽ ഈഴവർ, ബ്രാഹ്മണർ, യൂറോപ്യന്മാർ, കൊങ്ങിണികൾ എന്നിങ്ങനെ നിരവധി സമുദായങ്ങളിൽ നിന്നുള്ളവർ ഉണ്ടായിരുന്നു.

പ്രതീക്ഷിച്ചതുപോലെ ഗ്രന്തരചന സ്വഛമായിരുന്നിനല്ല. ഗ്രന്ഥത്തിന്‌ നിരവധി എതിർപ്പുകൾ റീഡിനു സഹിക്കേണ്ടതായി വന്നു. ആദ്യ വാല്യം പ്രസിദ്ധപ്പെടുത്തിയതിനുശേഷം ഇറ്റാലിയൻ ഭിഷഗ്വരനും സസ്യശാസ്ത്രജ്ഞനുമായ മാത്യൂസിനും കസേറിയസിനുമെതിരെയായിരുന്നു പ്രധാന എതിർപ്പികൾ. മാത്യൂസിനെ സ്ഥലമാറ്റാൻ ഹൈ ഗവർണ്മെന്റ് റീഡിനോടാവശ്യപ്പെട്ടു. കസേറിയസ് പക്ഷെ രാജി സമർപ്പിച്ചശേഷം വാൻ ‌റീഡിനൊപ്പം 1677 വരെ തുടർന്നു. റീഡീന്റെ സഹായിയായിരുന്ന മാത്യൂസിനെ കർമ്മലീത്താ സംഘം ബലമായി കൊച്ചിയിലെ വരാപ്പുഴയിലേക്ക് കൊണ്ടുപോയി. റീഡ് ബറ്റാവിയയിലായിരുന്ന സമയത്തായിരുന്നു ഇതെന്നതിനാൽ അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് ആർക്കും അറിയാൻ സാധിച്ചില്ല. 1679-ൽ മാത്യൂസ് പേർഷ്യയിലേക്ക് തിരിച്ചു. വൈകാതെ അദ്ദേഹം മരണമടഞ്ഞു.

1673 തൊട്ട് 1677 വരെ അദ്ദേഹം ഗവർണ്ണറായിരുന്നു. അദ്ദേഹം തയ്യാറാക്കിയ ചരിത്ര വസ്തുതാകഥനം, ഗവർണ്ണറുദ്യോഗം വിടുന്നവരെയുള്ള അദ്ദേഹത്തിന്റെ കാലയളവിൽ കേരളത്തിൽ ഡച്ചുകാർ നടത്തിയ ആക്രമണങ്ങളേപ്പറ്റിയും വാണിജ്യഭരണരംഗങ്ങളിലെ നേട്ടങ്ങളെപ്പറ്റിയുമുള്ള ആധികാരിക ചരിത്രരേഖ പോലെയാണ് കണക്കാക്കപ്പെടുന്നത്.

ഇതും കാണുക

തിരുത്തുക

ഇട്ടി അച്യുതൻ

  1. എ., ശ്രീധരമേനോൻ (1988). കേരളചരിത്രശില്പികൾ. കോട്ടയം: നാഷണൽ ബുക്ക് സ്റ്റാൾ. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. "കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം - Dutch in Kerala". malayalam.dutchinkerala.com. Retrieved 29 നവംബർ 2020.
  3. http://www.ias.ac.in/currsci/nov252005/1672.pdf

കുറിപ്പുകൾ

തിരുത്തുക