സവനരോള
പതിനഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ (ജനനം: 1452 സെപ്തംബർ 21; മരണം 1498 മേയ് 23)[1] ഇറ്റലിയിൽ ജീവിച്ചിരുന്ന ഒരു ഡോമിനിക്കൻ സന്യാസിയും, മതപ്രഭാഷകനും, പരിഷ്കർത്താവുമായിരുന്നു ഗിരൊലാമോ സവനരോള. മത, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ നിലവിലിരുന്ന അഴിമതിയുടേയും, ദരിദ്രജനങ്ങളെ ചൂഷണം ചെയ്തുകൊണ്ടുള്ള ഉപരിവർഗ്ഗത്തിന്റെ ഭോഗലോലുപതയുടേയും നിശിതവിമർശകനായിരുന്ന അദ്ദേഹം, പൗരോഹിത്യത്തിൽ, പ്രത്യേകിച്ച് സഭാഭരണത്തിൽ കടന്നുകൂടിയ അധാർമ്മികതക്കുനേരേ വിരൽചൂണ്ടി. 1494 മുതൽ 1498 വരെ അദ്ദേഹം, ഔദ്യോഗിക സ്ഥാനമൊന്നും ഇല്ലാതെയാണെങ്കിലും, ഇറ്റലിയിൽ ഫ്ലോറൻസിന്റെ ഭരണത്തിൽ നിർണ്ണയകമായ പങ്കുവഹിച്ചു. യൂറോപ്യൻ സംസ്കാരത്തിന്റെ ചരിത്രത്തിൽ "നവോത്ഥാനം" എന്നറിയപ്പെടുന്ന സാംസ്കാരിക-ബൗദ്ധിക മുന്നേറ്റത്തെ ശത്രുതയോടെ വീക്ഷിച്ച സവനരോള, പുസ്തകങ്ങളെ തീയിലെരിച്ചതിന്റേയും, സഭ്യതാരഹിമെന്ന് കരുതിയ കലാസൃഷ്ടികളെ നശിപ്പിച്ചതിന്റേയും പേരിലും സ്മരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ മുഖ്യശത്രുവായിരുന്നത്, 1492 മുതൽ 1503 വരേ അലക്സാണ്ടർ ആറാമൻ എന്ന പേരിൽ മാർപ്പാപ്പയായിരുന്ന റോഡ്രിഗോ ബോർജിയാ ആണ്. 1498-ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സവനരോളയെ, മുഖ്യ അനുയായികളിൽ രണ്ടുപേർക്കൊപ്പം പരസ്യമായി തൂക്കിലേറ്റി മൃതദേഹം തീയിലെരിച്ചു.[2]
ജീവിതം
തിരുത്തുകആദ്യകാലം
തിരുത്തുകവടക്കൻ ഇറ്റലിയിലെ ഒരു പ്രവിശ്യയായിരുന്ന ഫെറാറയിലാണ് ഗിരൊലാമോ സവനരോള ജനിച്ചത്. മൈക്കൾ സവനരോളയുടേയും, ഭാര്യ എലീനാ ബോണക്കോസിയുടേയും ഏഴു മക്കളിൽ മൂന്നാമത്തെവനായിരുന്നു ഗിരൊലാമോ. മൈക്കൽ സവനരോള എന്നു തന്നെ പേരുള്ള മുത്തച്ഛൻ പേരെടുത്ത ഒരു വൈദ്യനായിരുന്നു. ഇറ്റലിയിലെ മറ്റൊരു നഗരമായ പാദുവായിൽ നിന്ന് ഫെറാറയിൽ വന്ന അദ്ദേഹം അവിടെ ഏറെ പണം സമ്പാദിച്ചു. സാമർത്ഥ്യം കുറഞ്ഞ വൈദ്യനായിരുന്ന പിതാവ് മൈക്കൾ ധാരാളിയായിരുന്നു. എന്നാൽ ആദർശവതിയായ അമ്മ എലീന ഒരു ദൃഢവ്യക്തിത്വമായിരുന്നു. മകൻ അമ്മയെ ഏറെ സ്നേഹിച്ചിരുന്നു. മകന്റെ ജീവിതത്തിലെ പ്രതിസന്ധികളൊന്നും അവർക്ക് അവനിലുള്ള വിശ്വാസം നഷ്ടമാക്കിയില്ല.[3] fathers name was niccolo
വൈദ്യപഠനത്തിന് നിയോഗിക്കപ്പെട്ട് ബൊളോഞ്ഞ സർവകലാശാലയിലെത്തിയ സവനരോൾക്ക്, ശരീരഘടനാശാസ്ത്രത്തേക്കാൾ പ്രിയം തോന്നിയത് തോമസ് അക്വീനാസിലാണ്. ബൈബിളും, അക്വീനാസിന്റെ രചനകളും അരിസ്റ്റോട്ടിലിന്റെ കൃതികളുടെ അറേബ്യൻ വ്യാഖ്യാനങ്ങളും അദ്ദേഹം പഠിച്ചു. ഒപ്പം ചുറ്റുപാടും ദർശിച്ച ധർമ്മച്യുതി അദ്ദേഹത്തെ വേദനിപ്പിച്ചു. "സഭ്യമായ കലകളും തത്ത്വചിന്തയും പഠിക്കുന്നവൻ സ്വപ്നജീവിയും, സദാചാരത്തിലും വിനയത്തിലും ജീവിക്കുന്നവൻ വിഡ്ഢിയും, ഭക്തൻ കാപടനാട്യക്കാരനും, ദൈവവിശ്വാസി മണ്ടനും" ആയി വിലയിരുത്തപ്പെടുന്നതായി അദ്ദേഹം പരാതിപ്പെട്ടു. താമസിയാതെ അദ്ദേഹം പഠനം മതിയാക്കി വീട്ടിലേയ്ക്കു മടങ്ങി. ചുറ്റുപാടുമുള്ള തിന്മകളേക്കുറിച്ചു ബോധവാനായ സവനരോള ഏറെസമയം പ്രാർത്ഥനയിലും ഉപവാസത്തിലും കഴിച്ചു. [4] 20 വയസ്സുള്ളപ്പോൾ "ലോകത്തിന്റെ പതനത്തെക്കുറിച്ച്" എന്ന പേരിൽ എഴുതിയ കവിതയിൽ, പുരോഹിതന്മാർക്കിടയിലെ ധാർമ്മികാധപതനത്തിനെതിരെ അദ്ദേഹം പിന്നീട് സ്വീകരിച്ച നിലപാട് പ്രകടമാണ്. സവനരോളയുടെ ധാർമ്മികമനസാക്ഷി അന്നേ പ്രകടമാകാൻ തുടങ്ങിയിരുന്നു. 1475-ൽ "സഭയുടെ പതനത്തെക്കുറിച്ച്" എന്ന പേരിൽ എഴുതിയ കവിതയിൽ കത്തോലിക്കാസഭയുടെ കേന്ദ്രഭരണകൂടമായിരുന്ന റോമൻ ക്യുരിയായോടുള്ള അവജ്ഞ അദ്ദേഹം പ്രകടിപ്പിച്ചത് അതിനെ "കാപട്യവും അഹങ്കാരവും നിറഞ്ഞ വേശ്യ" എന്നു വിളിച്ചാണ്.
സന്യാസത്തിലേക്ക്
തിരുത്തുക1474-ലെ നോയമ്പുകാലത്ത് കേട്ട ഒരു ധ്യാനപ്രസംഗം സവനരോളയെ വല്ലാതെ സ്പർശിച്ചു. ഒരുവർഷം കഴിഞ്ഞ് 1475-ൽ, വീട്ടിൽ നിന്ന് ഒളിച്ചോടി അദ്ദേഹം ബൊളോഞ്ഞയിൽ വിശുദ്ധ ഡോമിനിക്കിന്റെ നാമത്തിലുള്ള സന്യാസാശ്രമത്തിൽ ചേർന്നു. ആറുവർഷം ദൈവശാസ്ത്രപഠനത്തിൽ മുഴുകി ബൊളോഞ്ഞയിൽ കഴിഞ്ഞ അദ്ദേഹത്ത 1481-ൽ സംന്യാസസമൂഹം, പിന്നീട് അദ്ദേഹത്തിന്റെ ഭാഗധേയങ്ങളുടെ നഗരമായിത്തീർന്ന ഫ്ലോറൻസിൽ വിശുദ്ധ മർക്കോസിന്റെ ആശ്രമത്തിലേക്കയച്ചു. അവിടെ സവനരോള പ്രഭാഷകനായി നിയോഗിക്കപ്പെട്ടു. പാണ്ഡിതശൈലിയിലുള്ള പ്രഭാഷണങ്ങളായിരുന്നു അക്കാലത്ത് അദ്ദേഹം നടത്തിയത്. ആ പ്രഭാഷണങ്ങൾ വിജയിച്ചില്ല. അക്കാലത്ത് ഫ്ലോറൻസിൽ അദ്ദേഹം ഒരുതരത്തിലും അറിയപ്പെട്ടില്ല. ബൊളോഞ്ഞയിൽ മടങ്ങിയെത്തിയ സവനരോള, പുതിയ സന്യാസാർത്ഥികളുടെ "പഠനമേധാവി"(Master of studies) ആയി നിയമിതനായി. അക്കാലത്ത് മാലാഖമാരും മുഖ്യദൂതന്മാരും തന്നോട് സംസാരിക്കുന്നതായി അദ്ദേഹത്തിന് തോന്നി. അങ്ങനെ കേട്ട വചനങ്ങൾ ദൈവവെളിപാടുകളായി അദ്ദേഹം കണക്കാക്കി. ബൈബിളിലെ വെളിപാട് പുസ്തകം പിന്തുടർന്ന സവനരോള, താൻ ജീവിക്കുന്നത് അന്തിക്രിസ്തുവിന്റെ യുഗത്തിലാണെന്നും ഭൂമിയിൽ യേശുവിന്റെ വാഴ്ച തുടങ്ങാൻ താമസമില്ലെന്നും കരുതി.
പ്രഭാഷകൻ
തിരുത്തുക1486-ൽ ഇറ്റലിയിലെ ലൊമ്പാർഡി പ്രവിശ്യയിൽ പ്രഭാഷണത്തിന് നിയോഗിക്കപ്പെട്ട സവനരോള അവലംബിച്ചത് ഈ വെളിപാടുകളെ ആശ്രയിച്ചുള്ള പുതിയ ശൈലിയാണ്. അത് പെട്ടെന്ന് വിജയം കണ്ടെത്തി. ലൊമ്പാർഡിയിലെ സവനരോളയുടെ പ്രസംഗങ്ങളെക്കുറിച്ച് കേട്ട യുവചിന്തകൻ പൈക്കോ ഡെല്ല മിരാന്ദോള, ഫ്ലോറൻസിലെ ഭരണാധികാരിയായിരുന്ന ലോറൻസോ മെഡിച്ചിയോട് സവനരോളയെ ഫ്ലോറൻസിലേയ്ക്ക് വരുത്താൻ ആഭ്യർത്ഥിച്ചു. 1489-ൽ സവനരോള ഫ്ലോറൻസിൽ മടങ്ങിയെത്തിയത് അങ്ങനെയാണ്.[4] ഫ്ലോറൻസിലും സവനരോള ലോകാവസാനത്തെക്കുറിച്ച് പ്രസംഗിക്കാനും ദൈവത്തിൽ നിന്നും വിശുദ്ധന്മാരിൽ നിന്നും നേരിട്ടുലഭിച്ചതായി അവകാശപ്പെട്ട വെളിപാടുകൾ തെളിവായി അവതരിപ്പിക്കാനും തുടങ്ങി. അത്തരം തീപ്പൊരി പ്രസംഗങ്ങൾ അക്കാലത്ത് അസാധാരണമല്ലായിരുന്നെങ്കിലും ചില പ്രത്യേക സാഹചര്യങ്ങൾ സവനരോളയുടെ പ്രസംഗങ്ങൾ വൻവിജയമാക്കി. ഇറ്റലിയും ഫ്രാൻസും തമ്മിൽ നടന്നുകൊണ്ടിരുന്ന യുദ്ധം മൂലം മെഡിച്ചി കുടുംബത്തിന്റെ ശക്തി ക്ഷയിക്കാൻ തുടങ്ങിയത് സവനരോളയുടെ പ്രവചനങ്ങൾക്ക് വിശ്വാസ്യത നൽകി. ധനികകുടുംബങ്ങളുടെ ചെലവിൽ വികസിച്ചുവന്നിരുന്ന നവോത്ഥാന കലയും സംസ്കാരവും ഇറ്റലിയിൽ എങ്ങും പ്രകടമായ ദാരിദ്ര്യത്തെ പരിഹസിക്കുന്നതായി കാണപ്പെട്ടതിനാൽ സാമാന്യജനങ്ങളുടെ പ്രതിക്ഷേധത്തിന് കാരണമായി. മറ്റൊരു സാഹചര്യം, ഫ്രഞ്ച് കുരു(French Pox) എന്ന പേരിൽ അറിയപ്പെട്ട സിഫിലിസ് രോഗത്തിന്റെ വരവാണ്. ഇതിനൊക്കെപ്പുറമേ, ജൂബിലിവർഷമായ 1500-ആം ആണ്ടിന്റെ സാമീപ്യം ഒരുതരം "യുഗാന്തമനസ്ഥിതി" പരക്കാൻ അവസരം ഉണ്ടാക്കി. പലരുടേയും നോട്ടത്തിൽ, അടുത്തുതന്നെ വരുവാനിരുന്ന അന്ത്യദിനങ്ങളുടെ പ്രവാചകനായിരുന്നു സവനരോള.[5] സാമ്പത്തികമായ അനീതികൾക്കും, അതിരില്ലാത്ത ധനമോഹത്തിനും, ആഡംബരഭ്രമത്തിനും എതിരേ സവനരോള ഇങ്ങനെ[4] അഞ്ഞടിച്ചു.
അനീതിക്കും അസമത്വത്തിനുമെതിരേ | അമിതപലിശക്കെതിരെ | ആഡംബരത്തിനെതിരെ | ||
---|---|---|---|---|
ഇക്കാലത്ത് ദൈവവരപ്രസാദങ്ങളും പരിശുദ്ധാത്മാവിന്റെ ദാനങ്ങളുമെല്ലാം വില്പനച്ചരക്കുകളായിരിക്കുന്നു. അതേസമയം പാവങ്ങളുടെ മേൽ കണക്കില്ലാത്ത ഭാരം ചുമത്തപ്പെട്ടിരിക്കുന്നു. കഴിവിനപ്പുറം നികുതി നൽകാൻ അവർ നിർബന്ധിതരാകുമ്പോൾ, "മിച്ചമുള്ളത് എനിക്കു തരിക" എന്ന് ധനവാൻ അവരോടു പറയുന്നു. അൻപത് ഫ്ലോറിന്റു മാത്രം വരുമാനമുണ്ടായിരിക്കേ നൂറു ഫ്ലോറിന്റ് നികുതി കൊടുക്കേണ്ടി വരുന്നവരുണ്ട്. എന്നാൽ നികുതിവ്യവസ്ഥ ധനികരുടെ വരുതിയിലായിരിക്കുകയാൽ, അവർക്ക് ഒന്നും കൊടുക്കേണ്ടി വരുന്നില്ല. ധനവാന്മാരേ, ഓർത്തുകൊള്ളുക: മഹാവിപത്ത് നിങ്ങളെ കാത്തിരിക്കുന്നു. ഈ നഗരം ഫ്ലോറൻസ് എന്നല്ല, കള്ളന്മാരുടെ താവളം, രക്തച്ചൊരിച്ചിലിന്റേയും അനീതിയുടേയും സ്ഥലം, എന്നൊക്കെയാണ് അറിയപ്പെടാൻ പോകുന്നത്. അന്ന്, നിങ്ങളെല്ലാം ദാരിദ്ര്യത്തിൽ മുങ്ങും. ....പുരോഹിതന്മാരേ നിങ്ങളുടെ പേരുതന്നെ ഭീകരതയുടെ പര്യായമായി കണക്കാക്കപ്പെടും. |
നിങ്ങൾ പണം സ്വരുക്കൂട്ടാനുള്ള നീതിരഹിതമായ ഒട്ടേറെ വഴികൾ കണ്ടെത്തി അവയെ നിയമാനുസൃതമെന്നു വിളിക്കുന്നു. നഗരത്തിലെ നീതിപാലകന്മാരെ നിങ്ങൾ വശീകരിച്ചിരിക്കുന്നു. അമിതപ്പലിശ അനീതിയാണെന്ന് നിങ്ങളെ ബോദ്ധ്യപ്പെടുത്താൻ ആർക്കും കഴിയുകയില്ല. നിങ്ങളുടെ ആത്മാവുകളെ അപകടത്തിലാക്കി നിങ്ങൾ പലിശയെ ന്യായീകരിക്കുന്നു. പലിശ വാങ്ങുന്നതിൽ ആരും ലജ്ജിക്കുന്നില്ല. അത് വാങ്ങാത്തവർ വിഢ്ഡികളായി എണ്ണപ്പെടുന്നു. നിങ്ങളുടെ പുരികങ്ങൾ വേശ്യകളുടേതാണ്. നിങ്ങൾക്ക് ലജ്ജിക്കാൻ വശമില്ല. നല്ലതും സന്തുഷ്ടവുമായ ജീവിതത്തിനുള്ള വഴി ധനലാഭമാണെന്ന് നിങ്ങൾ പറയുന്നു. എന്നാൽ, യേശു പറയുന്നു, ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ, എന്തെന്നാൽ സ്വർഗ്ഗരാജ്യം അവർക്കുള്ളതാകുന്നു. |
ആഭരണങ്ങളുടേയും, കേശങ്ങളുടേയും, കൈകളുടേയും സൗന്ദര്യത്തിൽ ഊറ്റം കൊള്ളുന്ന മഹിളകൾ കേട്ടാലും: നിങ്ങൾ വൃത്തികെട്ടവരാണ്. നിങ്ങൾക്ക് യഥാർത്ഥ സൗന്ദര്യം കാണണമെന്നുണ്ടോ? ജഡത്തെ അതിലംഘിച്ചു നിൽക്കുന്ന ആത്മാവുള്ള ഭക്തന്മാരെ നോക്കൂ; അവർ പ്രാർത്ഥിക്കുമ്പോൾ, നോക്കി നിൽക്കൂ; പ്രാർത്ഥന കഴിയുമ്പോൾ, ദൈവികസൗന്ദര്യത്തിന്റെ രശ്മിയാൽ അവരുടെ മുഖങ്ങൾ ശോഭിക്കുന്നത് നിങ്ങൾക്ക് കാണാം. ദൈവികശോഭ അവരുടെ മുഖങ്ങളിൽ കളിയാടുന്നതു കാണുമ്പോൾ, അത് മാലാഖമാരുടെ മുഖമാണെന്ന് നിങ്ങൾക്ക് തോന്നും. |
ആശ്രമാധിപൻ
തിരുത്തുകസവനരോളയുടെ പ്രഭാഷണങ്ങൾ അസാധാരണമാം വിധം ജനപ്രീതി നേടി. ആശ്രമദേവാലയത്തിന് ഉൾക്കോള്ളവുന്നതിലതികം ആളുകൾ അവ കേൾക്കാനെത്തി. 1491-ൽ ഫ്ലോറൻസിലെ മാതാവിന്റെ ഭദ്രാസനപ്പള്ളിയിലെ പ്രസംഗിക്കാൻ ക്ഷണം കിട്ടിയതോടെ, അതായി സവനരോളയുടെ പ്രഭാഷണവേദി. താസസിയാതെ സവനരോള വിശുദ്ധ മർക്കോസിന്റെ ആശ്രമത്തിന്റെ അധിപനായി നിയമിതനായി. പുതിയ ആശ്രമാധിപന്മാർ, ആശ്രമത്തിന്റെ രക്ഷാധികാരിയും ഉപകർത്താവുമായ ഫ്ലോറൻസിലെ മെഡിച്ചി പ്രഭുവിനെ സന്ദർശിക്കുന്ന വഴക്കമുണ്ടായിരുന്നെങ്കിലും സവനരോള അതിന് തയ്യാറായില്ല. തനിക്കു കടപ്പാടുള്ളത് ദൈവത്തോടു മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സവനരോളയെ വിവിധതരം പ്രീണനങ്ങൾ ഉപയോഗിച്ച് വരുതിയിലാക്കാനുള്ള ശ്രമം വിജയിച്ചില്ല. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ നിന്ന് കേൾവിക്കാരെ തിരിക്കാനും അദ്ദേഹത്തെ ആക്രമിക്കാനുമായി, സമർത്ഥനായൊരു ഫ്രാൻസിസ്കൻ പ്രഭാഷകനെ അധികാരികൾ നിയോഗിച്ചെങ്കിലും അതും ഫലമുണ്ടാക്കിയില്ല. മരണാസന്നനായ ലോറൻസോ മെഡിച്ചി അന്ത്യകൂദാശ നൽകാൻ സവനരോളയെ വിളിച്ചു വരുത്തി. അവിഹിതമാർഗ്ഗത്തിലൂടെ സമ്പാദിച്ച സമ്പത്തെല്ലാം കയ്യൊഴിയുകയും ഫ്ലോറൻസിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്താൻ മാത്രം അന്ത്യകൂദാശ നൽകാമെന്ന സവനരോളയുടെ വ്യവസ്ഥ ലോറൻസോയ്ക്ക് സ്വീകാര്യമായില്ല.[3]
1992 ഏപ്രിൽ മാസം ലോറൻസോ മെഡിച്ചി മരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ പിടിപ്പില്ലാത്ത പുത്രൻ പിയെറോ മെഡിച്ചി ഫ്ലോറൻസിന്റെ ഭരണാധികാരിയായി. അതേവർഷം തന്നെ മരിച്ച ഇന്നസന്റ് എട്ടാമൻ മാർപ്പാപ്പയെ പിന്തുടർന്ന് മാർപ്പാപ്പയായത്, മാർപ്പാപ്പാമാരിൽ ഏറ്റവും വലിയ വിവാദപുരുഷനായ അലക്സാണ്ടർ ആറാമാനായിരുന്നു. കൈക്കൂലിയുടേയും പ്രലോഭനങ്ങലുടെയും കണക്കറ്റ പ്രയോഗം കൊണ്ട് മലിനപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു തന്നെ. ഈ സംഭവവികാസങ്ങൾ സവനരോളയുടെ മുന്നേറ്റത്തെ സഹായിച്ചു.
ഗണതന്ത്രം
തിരുത്തുകഫ്ലോറൻസിന് ഭീഷണി ഉയർത്തിയ ഫ്രാൻസിലെ ചാൾസ് എട്ടാമൻ മുന്നോട്ടുവച്ച അപമാനകരമായ വ്യവസ്ഥകൾ അംഗീകരിക്കാനൊരുങ്ങിയ പിയറെ മെഡിച്ചിയുടെ ഭരണം ജനരോഷത്തിൽ തകർരുകയും പിയറെ ഫ്ലോറൻസ് വിട്ടുപോവുകയും ചെയ്തു. ഫ്ലോറൻസിൽ പ്രവേശിച്ച ചാൾസിൽ നിന്ന് കൂടുതൽ മയമുള്ള വ്യവസ്ഥകൾ നേടിയെടുക്കുന്നതിൽ സവനരോളയും കൂട്ടാളികളും വിജയിച്ചു. ചാൾസിന്റെ പിന്മാറ്റത്തിനുശേഷം ഫ്ലോറൻസിന്റെ ഭരണം സവനരോളയുടെ പിന്തുണയുള്ള ഒരു പൗരസമിതിയുടെ കയ്യിലായി. ഔപചാരികമായ സ്ഥാനമൊന്നും ഇല്ലാതിരുന്നിട്ടും, ആ ഭരണത്തിനു പിന്നിലെ ശക്തിയായിരുന്നത് സവനരോളയാണ്. സ്വകാര്യതാല്പര്യങ്ങൾക്കുപരി പൊതുനന്മയ്ക്ക് പ്രാധാന്യം കൊടുത്ത്, ഫ്ലോറൻസിനെ ലോകത്തിനു മുഴുവൻ മാതൃകയാവുന്ന ഒരു ക്രൈസ്തവഗണരാജ്യം(Christian Republic) ആയി രൂപപ്പെടുത്താനാണ് അദ്ദേഹം ഉദ്ദേശിച്ചത്. ദൈവഭയവും ജീവിതവിശുദ്ധിയും അതിന്റെ പദ്ധതികളായി. ഫ്ലോറൻസിലെ കുട്ടികളെ, ജനങ്ങളുടെ ധാർമ്മികതയിൽ ശ്രദ്ധിക്കുന്ന ഒരു തരം വിശുദ്ധസൈന്യമായി അദ്ദേഹം സംഘടിപ്പിച്ചു. കുട്ടികളുടെ കൂട്ടങ്ങൾ വീടുകൾ കയറിയിറങ്ങി ആഡംബരവസ്തുക്കളും, പുതിയസഭ്യതാസങ്കല്പങ്ങൾക്കു നിരക്കാത്ത കലാസൃഷ്ടികളും, ഗ്രന്ഥങ്ങളും മറ്റും പിടിച്ചെടുക്കാൻ തുടങ്ങി. സ്ത്രീപുരുഷന്മാരുടെ വസ്ത്രധാരണവും നിയന്ത്രണത്തിനു വിധേയമായി. കുട്ടികളുടെ സേന പിടിച്ചെടുത്ത ആഡംബര വസ്തുക്കളും, കലാസൃഷ്ടികളും ഗ്രന്ഥങ്ങളും മറ്റും നഗരത്തിലെ പിയാസാ ഡെല്ലാ സിനോരിയ എന്ന പൊതുസ്ഥലത്ത് കൂമ്പാരം കൂട്ടിയിട്ട് തീവച്ചു. ആ സാധനങ്ങൾ 22000 സ്വർണ്ണനാണയങ്ങൾ വില കൊടുത്തു വാങ്ങാൻ തയ്യാറായി മുന്നോട്ടുവന്ന ഒരു വെനീസുകാരൻ വ്യാപാരിക്ക് അയാളുടെ കയ്യിലുണ്ടായിരുന്ന വസ്തുക്കൾ കൂടി തീയിലിടേണ്ടി വന്നു.
പതനം
തിരുത്തുകവിലക്കുകൾ
തിരുത്തുകസവനരോളയുടെ പ്രഭാഷണങ്ങളേയും നിലപാടുകളേയും കുറിച്ച് അറിഞ്ഞ അലക്സാണ്ടർ ആറാമൻ മാർപ്പാപ്പയും സഭാനേതൃത്വവും അദ്ദേഹത്തെ നേരിടാൻ കരുക്കൾ നീക്കി. റോമിലെത്തി നിലപാടുകൾ വിശദീകരിക്കാൻ അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ സവനരോളയോട് ആവർത്തിച്ചാവശ്യപ്പെട്ടു. വാത്സല്യം തുളുമ്പുന്ന ക്ഷണമായാണ് ആ ആവശ്യം അദ്ദേഹത്തെ അറിയിച്ചത്. ആദ്യത്തെ കത്തിൽ മാർപ്പാപ്പ ഇങ്ങനെ എഴുതി:-
“ | നമ്മുടെ ഏറ്റവും പ്രിയപ്പെട്ട മകന് ആശിസും ശ്ലൈഹിക ആശീർവാദവും. കർത്താവിന്റെ മുന്തിരിത്തോട്ടത്തിലെ വേലക്കാരിൽ ഏറ്റവും ഉത്സാഹി നീയാണെന്ന് നാം കേട്ടറിഞ്ഞിരിക്കുന്നു. അതിൽ നാം ആഹ്ലാദിക്കുകയും സർവശക്തനായ ദൈവത്തോട് നന്ദി പറയുകയും ചെയ്യുന്നു. എന്നാൽ, നിന്റെ പ്രവചനങ്ങൾ നിന്നിൽ നിന്നല്ലാതെ ദൈവത്തിൽ നിന്നു പുറപ്പെടുന്നവയാണെന്ന് നീ അവകാശപ്പെടുന്നതായും നാം കേട്ടിരിക്കുന്നു. ഇക്കാര്യത്തെക്കുറിച്ച് നമ്മുടെ ഇടയന്റെ ചുമതല അനുസരിച്ച്, നീയുമായി സംഭാഷണം നടത്താൻ നാം ആഗ്രഹിക്കുന്നു. അങ്ങനെ ദൈവത്തിന്റെ ഹിതം കൂടുതൽ അറിഞ്ഞ്, അതു കൂടുതൽ നന്നായി നിറവേറ്റാൻ നമുക്ക് പ്രാപ്തി കിട്ടാൻ വേണ്ടിയാണത്. അതിനാൽ, എത്രയും പെട്ടെന്ന് നമ്മുടെ അടുത്തെത്താൻ, പരിശുദ്ധമായ കീഴ്വഴക്കത്തിനുള്ള നിന്റെ വൃതവാഗ്ദാനത്തിന്റെ പേരിൽ നാം നിന്നോട് ആവശ്യപ്പെടുന്നു. നിന്നെ നാം ദയാസ്നേഹങ്ങളോടെ സ്വീകരിക്കുന്നതാണ്.[4] | ” |
റോമിലേയ്ക്ക് യാത്രചെയ്യാൻ വേണ്ട ആരോഗ്യം ഇല്ലാത്ത അവസ്ഥയിലാണ് താനെന്ന മറുപടിയാണ് സവനരോള മർപ്പാപ്പയ്ക്ക് നൽകിയത്. സവനരോളയെ പ്രീണിപ്പിച്ച് മെരുക്കാനും ശ്രമം നടന്നു. എന്നാൽ, റോം വച്ചുനീട്ടിയ കർദ്ദിനാൾ സ്ഥാനത്തിൽ സവനരോള താത്പര്യം കാട്ടിയില്ല. സ്വന്തം ചോരയിൽ മുക്കിയെടുത്ത രക്തസാക്ഷിയുടെ തൊപ്പി മാത്രമേ താൻ അണിയുകയുള്ളു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തുടർന്ന് മാർപ്പാപ്പ, ആദ്യം സവനരോളയെ പ്രഭാഷണം നടത്തുന്നതിൽ നിന്ന് വിലക്കുകയും ഒടുവിൽ 1497 മേയ് 12-ന് സഭാഭ്രഷ്ടനാക്കുകയും ചെയ്തു.[1] അഴിമതിയുടെ മാർഗ്ഗത്തിലൂടെ അധികാരത്തിലെത്തിയ മാർപ്പാപ്പയുടെ ധാർമ്മികതയെ സവനരോള ചോദ്യം ചെയ്തു. അലക്സാണ്ടർ ആറാമാനെ അധികാരഭ്രഷ്ടനായി ഒത്തുചേരാനാൻ യൂറോപ്പിലെ ഭരണാധികാരികളോട് സവനരോള അഭ്യർത്ഥിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സവനരോളക്കെതിരേ നടപടിയെടുക്കാതിരുന്നാൽ ഫ്ലോറൻസിനെ സാമ്പത്തികമായ ഒറ്റപ്പെടുത്തുമെന്ന ഭീക്ഷണി ഉണ്ടായത് ഫ്ലോറൻസിൽ അദ്ദേഹത്തിന് ബലക്ഷയമായി. സവനരോളയുടെ ഭരണത്തിന്റെ സദാചാരസങ്കല്പങ്ങളും മറ്റും ജനങ്ങളിൽ ഗണ്യമായ ഒരു വിഭാഗത്തെ അദ്ദേഹത്തിനെതിരെ തിരിച്ചതും പ്രശ്നമായി.
'അഗ്നിപരീക്ഷ'
തിരുത്തുകഇതിനിടെ ഒരു ഫ്രാൻസിസ്കൻ സന്യാസി സവനരോളയെ, അദ്ദേഹത്തിന്റെ ദൗത്യം ദൈവപ്രചോദിതമാണെന്ന് തന്നോടോപ്പം അഗ്നിപ്രവേശനം നടത്തി തെളിയിക്കാൻ വെല്ലുവിളിച്ചു. ആ വെല്ലുവിളിയെ സവനരോള അവജ്ഞാപൂർവം തള്ളിക്കളഞ്ഞെങ്കിലും അദ്ദേഹത്തിന്റെ സഹചരന്മാരിലൊരുവനായ ഡൊമിനീക്കോ, അദ്ദേഹത്തിന്റെ പ്രതിനിധിയായി അഗ്നിപ്രവേശനം നടത്താൻ മുന്നോട്ടുവന്നു. ഒടുവിൽ 1498 ഏപ്രിൽ ഏഴാം തിയതി പരീക്ഷണത്തിന്റെ ദിവസമായി നിശ്ചയിക്കേണ്ടി വന്നു. നിശ്ചിതദിവസം നടപടിക്രമങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾ മൂലം വൈകിപ്പോയ അഗ്നിപരീക്ഷ ഒടുവിൽ മഴയുടെ കാരണം പറഞ്ഞ് മജിസ്ട്രേട്ടുമാർ റദ്ദാക്കിയ അവസരം നോക്കി സവനരോളയുടെ എതിരാളികളായ ഫ്രാൻസിസ്കന്മാർ സ്ഥലം വിട്ടു. എന്നാൽ സവനരോള പരീക്ഷണത്തിൽ നിന്ന് പിന്മാറിയതാണെന്ന ധാരണയാണ് പരന്നത്. അതിനാൽ, ഒരു മഹാദൃശ്യം കാണാൻ തടിച്ചുകൂടിയ പുരുഷാരം സവനരോളക്കെതിരെ തിരിഞ്ഞു.[6]
വധശിക്ഷ
തിരുത്തുകസവനരോള തന്റെ ആശ്രമദേവാലയത്തിൽ മടങ്ങിയെത്തി. താമസിയാതെ, ഫ്ലോറൻസിലെ നേതൃത്വം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. അടുത്ത പ്രഭാതത്തിൽ സവനരോളയും ഡോമെനിക്കോ, സിൽവെസ്റ്റോ എന്നീ അനുയായികളും പിടിയിലായി. കഠിനമായ പീഡനങ്ങളുടെ നടുവിൽ കുറ്റസമ്മതം നടത്തിയ അദ്ദേഹം ഇടവേളകളിൽ സ്വന്തം വിശ്വാസങ്ങൾ ആവർത്തിച്ചു. 1498 മേയ് 22-ആം തിയതി സവനരോളയേയും രണ്ട് അനുയായികളേയും മരണശിക്ഷയ്ക്ക് വിധിച്ചു. അടുത്തദിവസം ഫ്ലോറൻസിൽ, സവനരോള ആഡംബരവസ്തുകൾക്കും കലാസൃഷ്ടികൾക്കും പുസ്തകങ്ങൾക്കും മറ്റും "പൊങ്ങച്ചങ്ങളുടെ തീക്കുന്തം" (fire of vanities) ഒരുക്കിയിരുന്ന പൊതുസ്ഥലത്ത് മൂവരേയും ഒരുമിച്ച് തൂക്കിലേറ്റി താഴെ ഒരുക്കിയിരുന്ന തീയിൽ മൃതദേഹങ്ങൾ എരിച്ചു. ഭൗതികാവശിഷ്ടത്തിന്റെ ഒരംശവും കത്താതെ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പിൽക്കാലത്ത് അവ തിരുശേഷിപ്പായി മാറാതിരിക്കാനായിരുന്നു ആ മുൻകരുതൽ. സവനരോളയുടെ ചിതാഭസ്മം അർണോ നദിയിൽ എറിഞ്ഞു.[3]
വിലയിരുത്തൽ
തിരുത്തുകഅലക്സാണ്ടർ ആറാമനുമൻ മാർപ്പാപ്പയുമായുള്ള സവനരോളയുടെ ഏറ്റുമുട്ടൽ, ലോകവ്യഗ്രമായ നവോത്ഥാനസംസ്കാരത്തിന്റെ ധാർമ്മികാലസ്യവും മദ്ധ്യകാലക്രിസ്തീയസംസ്കൃതിയുടെ ധർമ്മതൃഷ്ണയും തമ്മിലുള്ള മുഖാമുഖമായിരുന്നു. മദ്ധ്യയുഗത്തെ അതിജീവിച്ച ക്രിസ്തീയസന്യാസത്തിന്റെ ആദർശനിഷ്ട, നവോത്ഥാനത്തിന്റെ ധർമ്മവിമുഖതക്കിടയിൽ, ഇറ്റാലിയൻ നവോത്ഥാനത്തിന്റെ കേന്ദ്രഭൂമിയായിരുന്ന ഫ്ലോറൻസിൽ സവനരോള വഴി കത്തിപ്പടരാൻ ശ്രമിച്ചു. മദ്ധ്യകാലത്തെ ക്രിസ്തീയ വിശുദ്ധാത്മാക്കളുടെ ധർമ്മവ്യഗ്രതയും ലാളിത്യവുമായിരുന്നു സവനരോളയുടെ പൈതൃകം. എന്നാൽ നവോത്ഥാനം സവനരോളയെ എതിർത്ത് നശിപ്പിച്ചു.[6]
സവനരോളയുടെ കലാപം പരാജയപ്പെട്ടെങ്കിലും യൂറോപ്പിന്റേയും, പശ്ചാത്യക്രിസ്തീയതയുടേയും ചരിത്രത്തിലെ സുപ്രാധന സംഭവങ്ങളിൽ ഒന്നായി അത് അനുസ്മരിക്കപ്പെടുന്നു. ജർമ്മനിയിലെ വേംസ് നഗരത്തിലുള്ള ലൂഥർ സ്മാരകത്തിന്റെ ചുവട്ടിൽ, പ്രൊട്ടസ്റ്റന്റ് നവീകരണത്തിൽ ലൂഥറുടെ പൂർവഗാമികളിൽ ഒരാളെന്ന നിലയിൽ സവനരോളയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പ്രോട്ടസ്റ്റന്റുകളിൽ ചിലർ സവനരോളയെ പാശ്ചാത്യസഭയുടെ നവീകരണത്തിലേയ്ക്ക് നയിച്ച കലാപത്തിൽ മാർട്ടിൽ ലൂഥറുടെ മുന്നോടിയായി കണക്കാക്കുന്നു. സവനരോള വിശുദ്ധനായിരുന്നെന്ന് ലൂഥർ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ കത്തോലിക്കാസഭയുടെ എല്ലാ സിദ്ധന്തങ്ങളേയും മാർപ്പാപ്പയുടെ പരമാധികാരത്തേയും പൂർണ്ണമായി അംഗീകരിച്ച സവനരോളയുടെ കലാപം സൈദ്ധാന്തികമായിരുന്നില്ലെന്നും, മത-സാമൂഹ്യ-രാഷ്ടീയ മേഖലകളിൽ കടന്നുകൂടിയ അഴിമതിയേയും അനീതികളേയും മാത്രമാണ് അദ്ദേഹം ചോദ്യം ചെയ്തതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[1] കത്തോലിക്കാ ദൈവശാസ്ത്രത്തിലെ കേന്ദ്രവ്യക്തിത്വങ്ങളിൽ ഒന്നായ തോമസ് അക്വീനാസിന്റെ രചനകൾ സവനരോളയുടെ ഇഷ്ടവായനയായിരുന്നു.
നവോത്ഥാനകാലത്തും തുടർന്നും സാഹിത്യരംഗത്ത് പ്രബലമായിരുന്നത് മതപരമായ സന്ദേഹമായിരുന്നതിനാൽ ദൃഢവിശ്വാസത്തിന്റെ ധാർമ്മികത പ്രസംഗിച്ച സവനരോള സാഹിത്യകാരന്മാരെ ഏറെ ആകർഷിച്ചില്ല. യുവാവായിരിക്കെ സവനരോളയുടെ പ്രഭാഷണം കേട്ടിരുന്ന രാഷ്ടീയചിന്തകൻ മാക്കിയവെല്ലി , സവനരോളയുടെ കലാപത്തെ, "നിരായുധനായ പ്രവാചകന് " (Prophet without arms) വിജയിക്കാനാവില്ലെന്നതിന് തെളിവായി ചൂണ്ടിക്കാട്ടുന്നുണ്ട്.[7] എഴുത്തുകാർ സവനരോളയെ പൊതുവേ അവഗണിച്ചപ്പോൾ, കലാകാരന്മാർ അദ്ദേഹത്തെ ആദരിച്ചു. പ്രമുഖ ഇറ്റാലിയൻ ചിത്രകാരൻ ബോട്ടിചെല്ലി സവനരോളയുടെ അനുയായിയായി. 'പേഗൻ' സംസ്കൃതിയുടെ സ്വാധീനത്തിൽ വീനസിന്റെ ജനനം പോലുള്ള ചിത്രങ്ങൾ സൃഷ്ടിച്ച ബോട്ടിചെല്ലിയെ സവനരോളയുടെ പ്രഭാഷണങ്ങൾ മാറ്റിമറിച്ചു. സ്വന്തം ചിത്രങ്ങളിൽ ചിലത് ബോട്ടിചെല്ലി, "പൊങ്ങച്ചങ്ങളുടെ തീക്കുന്തത്തിൽ" എറിഞ്ഞതായും പറയപ്പെടുന്നു. യുവപ്രായത്തിൽ ഫ്ലോറൻസിൽ സവനരോളയുടെ പ്രഭാഷണങ്ങൾ ശ്രവിച്ച മൈക്കെലാഞ്ജലോയും സവനരോളയുടെ പ്രഭാവത്തിൽ വന്നു. സിസ്റ്റൈൻ ചാപ്പലിൽ ഭിത്തിയിൽ മൈക്കെലഞ്ജലോ വരച്ച അന്ത്യവിധി ചിത്രത്തിന്റെ തീക്ഷ്ണതയിൽ സവനരോളയുടെ ആശയങ്ങൾ പ്രതിഭലിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[4]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 കത്തോലിക്കാ വിജ്ഞാനകോശം, ഗിരൊലാമോ സവനരോള [1]
- ↑ ഗിരൊലാമോ സവനരോള - MSN Encarta [2] Archived 2009-10-23 at the Wayback Machine.
- ↑ 3.0 3.1 3.2 ഗിരൊലാമോ സവനരോള - ലവ് റ്റു നോ 1911(ബ്രിട്ടാണിക്ക വിജ്ഞാനകോശത്തിന്റെ 1911-ലെ പതിപ്പിനെ ആശ്രയിച്ച്) [3]
- ↑ 4.0 4.1 4.2 4.3 4.4 നവോത്ഥാനം, സംസ്കാരത്തിന്റെ കഥ അഞ്ചാം ഭാഗം, വിൽ ഡുറാന്റ്(പുറങ്ങൾ 143-169)
- ↑ "ക്രിസ്തുമതത്തിന്റെ കഥ" ഒന്നാം വാല്യം, ജസ്റ്റോ എൽ. ഗോൺസാലസ്, 1984, ഹാർപ്പർ & റോ, സാൻ ഫ്രാൻസിസ്കോ, പുറങ്ങൾ 353-56.
- ↑ 6.0 6.1 ക്രിസ്തുമതത്തിന്റെ ചരിത്രം - കെന്നത്ത് സ്കോട്ട് ലാട്ടൂറെറ്റ്, ഹാർപ്പർ & ബ്രദേഴ്സ് പബ്ലിഷേഴ്സ്, ന്യൂ യോർക്ക്(പുറങ്ങൾ 672-674)
- ↑ പ്രിൻസ്, നിക്കോളോ മാക്കിയവെല്ലി, അദ്ധ്യായം 6 [4]