അശോക ശിലാശാസനങ്ങൾ

(Edicts of Ashoka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈ ശിലാലേഖങ്ങൾക്ക് അശോകൻ കൊടുത്തിട്ടുള്ള പേർ ധമ്മലിപികൾ എന്നാണ്. ഇവയിൽ പ്രധാനമായവയാണ് ശിലകളിൽ രേഖപ്പെടുത്തിയിട്ടുള്ള 14 ശാസനങ്ങൾ. ഇവ ഇദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7 സ്ഥലങ്ങളിൽ കാണപ്പെടുന്നു. ഇവയിലാദ്യത്തേത് പെഷാവറിൽ ഷാബാസ്ഗർഹിയിലുള്ളതാകാൻ ഇടയുണ്ട്. അശോകന്റെ സാമ്രാജ്യത്തിലുൾ​പ്പെട്ടിരുന്ന ഒരു ഗ്രീക്ക് നഗരിയായ പോലുഷയുടെ ഇന്നത്തെ പേരാണ് ഷാബാസ്ഗർഹി. ഈ ശിലാലേഖനം ചരിത്രകാരന്മാരുടെ ചിന്തയ്ക്കു വിഷയമാക്കിയത് ജനറൽ കോർട്ട് എന്ന ആംഗ്ലേയ സൈനികനേതാവായിരുന്നു. ബുദ്ധമതാനുയായികളുടെ ഒരു തീർഥാടനകേന്ദ്രമാണ് ഈ നഗരം. ഹസാരജില്ലയിലെ മൻസേരഗ്രാമത്തിലാണ് രണ്ടാമത്തെ ശാസനം. ഡെറാഡൂണിൽ മൂന്നാമത്തെ പതിപ്പും സ്ഥിതിചെയ്യുന്നു. 1800-ൽ ഫാറസ്റ്റ് എന്ന ചരിത്രാന്വേഷിയാണ് ഇതു കണ്ടുപിടിച്ചത്. ഗിർനാർ നഗരത്തിലാണ് 4-ാമത്തെ പതിപ്പ്; 1822-ൽ കേണൽ ടോസ് അത് കണ്ടെത്തി. ഇവിടത്തെ പാറയിൽത്തന്നെ രുദ്രദമന്റെയും (എ.ഡി. 150) സ്കന്ദഗുപ്തന്റെയും (457) ലിഖിതങ്ങൾ കാണുന്നു. കലിംഗരാജ്യാതിർത്തിയിൽ രണ്ടു ശാസനങ്ങൾ ഉണ്ട്. ധൗളിയിൽ അശ്വത്ഥാമാ എന്ന ശിലയിലും ഋഷികുല്യാനദിക്കരികെ ജൗഗധക്കോട്ടയിലെ ഒരു വലിയ ശിലയിലുമാണ് ഇവ. ഇവയ്ക്കു പുറമേ ചെറിയ ശിലകളിലും ഇദ്ദേഹം തന്റെ ശാസനങ്ങൾ കൊത്തിവച്ചിട്ടുണ്ട്. അവയിലൊന്ന് ബീഹാറിലെ ചന്ദ്രൻപിർക്കുന്നിൽ ഉണ്ടാക്കിയ ഗുഹയിലാണ്; ജബൽപൂരിനടുത്ത രൂപനാഥ് പാറയിലാണ് മറ്റൊന്ന്. ഹിൽസാഗിർ കുന്നിൽ മൂന്നാമത്തേതും. ലെവിസ്റൈസ് എന്ന പണ്ഡിതൻ ഈ ശാസനത്തിന്റെ മൂന്നു പ്രതികൾ കർണാടകത്തിലെ സിദ്ധപുരം, ജതിംഗരാമേശ്വരം, ബ്രഹ്മപുരി എന്നിവിടങ്ങളിൽ കണ്ടെത്തി; മസ്കിയിൽ 1915-ൽ മറ്റൊന്നും കണ്ടെത്തി.

സ്തംഭങ്ങളും ഗുഹകളും

തിരുത്തുക

സ്തംഭശാസനങ്ങളിൽ ആദ്യമായി കണ്ടുപിടിക്കപ്പെട്ടത് ഡൽഹിയിലെ സിവാലിക്ക് സ്തംഭമാണ്. ഈ സ്തംഭം ഡൽഹിയിലേക്ക് മാറ്റിയത് (1356) ഫിറൂസ്ഷാ തുഗ്ലക്ക് ആയിരുന്നു. 7 ശാസനങ്ങളാണിതിലുള്ളത്. മീററ്റിലായിരുന്ന രണ്ടാമത്തെ സ്തംഭവും ഫിറൂസ്ഷാ തുഗ്ലക്ക് ഡൽഹിയിലേക്കു മാറ്റി. മൂന്നാമത്തേത് അലഹാബാദിൽ സ്ഥിതിചെയ്യുന്നു; ഇതിൽതന്നെയാണ് സമുദ്രഗുപ്തന്റെ പ്രശസ്തിയും രേഖപ്പെടുത്തിയിരിക്കുന്നത്. ലൗറിയ-അരാരാജ് സ്തംഭം, ലൗറിയ-നന്ദൻഗർ സ്തംഭം, കേഷർ സ്തംഭം എന്നിവ ഉത്തര ബിഹാറിലെ ചമ്പാരനിലാണ്. അലഹാബാദ് സ്തംഭശാസനത്തിൽ ത്തന്നെ മറ്റു രണ്ടു ശാസനങ്ങളും കാണാം; മധ്യേന്ത്യയിലെ സാഞ്ചിയിൽ വേറൊന്നും. ഭഗവാൻപൂർ പട്ടണത്തിനു വടക്ക് രുമ്മിൻദീ ക്ഷേത്രപരിസരത്താണ് ലഘുസ്തംഭങ്ങളിൽവച്ച് ഏറ്റവും പ്രധാനമായവ. 'ബുദ്ധഭഗവാൻ ഇവിടെ ജാതനായി' എന്നു ലേഖനം ചെയ്തിരിക്കുന്നതുകൊണ്ട് ലുംബിനിത്തോട്ടം ഇവിടെയായിരുന്നിരിക്കണമെന്ന് ഊഹിക്കപ്പെടുന്നു. ഗയയ്ക്കു വടക്ക് ബരാബർ, നാഗാർജുന ഗുഹകൾ സ്ഥിതിചെയ്യുന്നു. നാലു ബരാബർ ഗുഹകളിൽ മൂന്നെണ്ണത്തിലും അശോകമുദ്രകൾ കാണാം.

അശോകന്റെ തത്ത്വങ്ങൾ

തിരുത്തുക

ധർമപ്രചാരണമായിരുന്നു അശോകന്റെ വ്രതം. തന്റെ പ്രജകളുടെയിടയിൽ സൻമാർഗതത്ത്വങ്ങൾ പ്രചരിപ്പിക്കണമെന്നു മാത്രമാണ് ചക്രവർത്തിക്കു നിഷ്കർഷയുണ്ടായിരുന്നത്. സർവജാതിമതസ്ഥർക്കും ഒരുപോലെ ആദരണീയമായ തത്ത്വങ്ങളാണ് ഇദ്ദേഹം പ്രഖ്യാപിച്ചത്.

  • ഗുരുജനങ്ങളെ ആദരിക്കുക
  • പണ്ഡിതന്മാരെ ബഹുമാനിക്കുക
  • ബന്ധുക്കളോട് ഔദാര്യം കാണിക്കുക
  • അനാവശ്യമായി ഹിംസ ചെയ്യാതിരിക്കുക
  • ന്യായമായും മര്യാദയായും ഭൂതദയയോടെയും പെരുമാറുക

ഇവയാണ് ധർമാചരണത്തിന്റെ അംശങ്ങളായി അശോകൻ ഗണിച്ചിരുന്നത്. അശോകന്റെ ചില ശാസനങ്ങളുടെ വിവർത്തനമാണ് താഴെ ചേർത്തിരിക്കുന്നത്.

അശോക ശാസനങ്ങൾ

തിരുത്തുക

ഒന്നാം ശാസനം

തിരുത്തുക

ഈ ധമ്മലിപി ദേവൻമാർക്കു പ്രിയനും പ്രിയദർശിയുമായ രാജാവിനാൽ എഴുതിക്കപ്പെട്ടതാകുന്നു-ഇവിടെ ജീവികളെ കൊല്ലുകയോ ബലികഴിക്കുകയോ അരുത്. ഉല്ലാസകരമായ ആഘോഷങ്ങൾ നടത്തുകയുമരുത്; കാരണം ദേവപ്രിയനായ പ്രിയദർശി രാജാവ് ഈ തരത്തിലുള്ള സമ്മേളനങ്ങളിൽ പല ദോഷങ്ങളും കാണുന്നു. എന്നാൽ ചിലതരം സമ്മേളനങ്ങൾ വിശിഷ്ടങ്ങളാണെന്നു ദേവൻമാർക്കു പ്രിയനും പ്രിയദർശിയുമായ രാജാവ് വിചാരിക്കുന്നു. പണ്ടു ദേവപ്രിയനും പ്രിയദർശിയുമായ രാജാവിന്റെ അടുക്കളയിൽ കറികൾ ഉണ്ടാക്കുന്നതിനു പ്രതിദിനം അനേകായിരം ജീവികളെ കൊന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ ധമ്മലിപി എഴുതിക്കുന്ന കാലത്തു മൂന്നു ജന്തുക്കൾ-രണ്ടു മയിലും ഒരു മാനും-മാത്രം കൊല്ലപ്പെടുന്നു. ഇതിൽത്തന്നെ മാനിനെ പതിവായി കൊല്ലാറില്ല. മേലിൽ ഈ മൂന്നു ജീവികളെപ്പോലും കൊന്നുകൂടാ.

രണ്ടാം ശാസനം

തിരുത്തുക

ദേവപ്രിയനും പ്രിയദർശിയുമായ രാജാവ് കീഴടക്കിയ സർവദേശങ്ങളിലും, അപ്രകാരംതന്നെ അയൽരാജ്യക്കാരായ ചോളർ, പാണ്ഡ്യർ, സത്യപുത്രർ, കേരളപുത്രർ, താമ്രപർണി, ഗ്രീക്കുരാജാവായ അന്തിയോകൻ, ഈ അന്തിയോകന്റെ സാമന്തരാജാക്കന്മാർ, ഇവരുടെ രാജ്യങ്ങളിലും രണ്ടു തരം ചികിത്സാക്രമം ദേവപ്രിയനും പ്രിയദർശിയുമായ രാജാവു നടപ്പാക്കി: മനുഷ്യർക്കുള്ള ചികിത്സയും മൃഗങ്ങൾക്കുള്ള ചികിത്സയും. മനുഷ്യർക്കും മൃഗങ്ങൾക്കും ഉപയോഗമുള്ള ഔഷധച്ചെടികൾ ഇല്ലാത്ത സ്ഥലങ്ങളിലെല്ലാം അവ അന്യദേശങ്ങളിൽ നിന്നു വരുത്തി നട്ടുവളർത്തിയിട്ടുണ്ട്. അതുപോലെതന്നെ കിഴങ്ങുകളും കായ്കളും കിട്ടാത്ത സ്ഥലങ്ങളിലെല്ലാം പുറമേനിന്നു കൊണ്ടുവന്നു കൃഷി ചെയ്യിച്ചിട്ടുണ്ട്. മനുഷ്യരുടെയും മൃഗങ്ങളുടെയും ഉപയോഗത്തിനായി വഴിയരികിൽ വൃക്ഷങ്ങൾ നടുവിക്കുകയും കിണറുകൾ കുഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ അനേകം ശതവർഷങ്ങളായി ജന്തുഹിംസ, ജന്തുക്കളോടുള്ള ക്രൂരത, ബന്ധുക്കളോടും ശ്രമണൻമാരോടും ബ്രാഹ്മണരോടും ഉള്ള അനാദരം ഇവ വർധിക്കുവാൻ ഇടയായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ദേവപ്രിയനും പ്രിയദർശിയുമായ രാജാവിന്റെ ധർമാചരണം നിമിത്തം സമരഭേരീഘോഷങ്ങളുടെ സ്ഥാനത്ത് ധർമപ്രഖ്യാപനത്തിന്റെ ശബ്ദം കേൾക്കുന്നു. വിമാനങ്ങൾ, രഥങ്ങൾ, ആനകൾ, ദീപാവലികൾ, എഴുന്നള്ളിപ്പുകൾ ഇങ്ങനെ പലകാഴ്ചകളും ജനങ്ങൾക്കുവേണ്ടി നടത്തപ്പെടുന്നു. അനേകം ശതാബ്ദങ്ങളായി ആചരിക്കാതെ വിട്ടിരുന്ന അഹിംസ, ഭൂതദയ, ബന്ധുജനസൗജന്യം, ബ്രാഹ്മണശ്രമണബഹുമാനം, മാതൃപിതൃശുശ്രൂഷ ഇവയെല്ലാം ദേവപ്രിയനും പ്രിയദർശിയുമായ രാജാവിന്റെ ധർമാനുശാസനം ഹേതുവായി ഇപ്പോൾ ജനങ്ങൾ ആചരിച്ചുവരുന്നു.

മൂന്നാം ശാസനം

തിരുത്തുക

വളരെക്കാലമായിട്ട് (രാജാവ്) എല്ലാ സമയത്തും ഭരണകാര്യത്തിൽ ഏർ​പ്പെടുകയോ നിവേദനങ്ങൾ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ ഞാൻ ഇപ്പോൾ ഇങ്ങനെ നിശ്ചയിച്ചിരിക്കുന്നു:

ഏതു നേരത്തും-ഭക്ഷണം കഴിക്കുമ്പോഴായാലും അന്തഃപുരത്തിലായാലും ശയനമുറിയിലായാലും പ്രക്ഷാളനസ്ഥലത്തായാലും, ഏതു സ്ഥലത്തുവച്ചും പ്രതിവേദകന്മാർ (വാർത്തകൾ ഉണർത്തിക്കുന്നവർ) ജനങ്ങളുടെ ആവശ്യങ്ങളെ എന്നെ അറിയിക്കണം. ഏതു സ്ഥലത്തുവച്ചും ഞാൻ ജനങ്ങളുടെ കാര്യങ്ങൾ നിർവഹിക്കും.

ദാപകനോ (ദാനം ചെയ്യാൻ നിയമിതനായ ഉദ്യോഗസ്ഥൻ) ശ്രാവകനോ (വിളംബരം പ്രസിദ്ധം ചെയ്യാനുള്ള ഉദ്യോഗസ്ഥൻ), ഞാൻ വാക്കാൽ കൊടുത്ത കല്പനകളെ സംബന്ധിച്ചും അടിയന്തര കാര്യങ്ങൾക്കു മഹാമാത്രന്മാൻ (ഉയർന്ന ഉദ്യോഗസ്ഥന്മാർ) കൊടുക്കുന്ന കല്പനകളെ സംബന്ധിച്ചും അഭിപ്രായവ്യത്യാസമോ സംശയമോ ഉണ്ടാകുന്നതായാൽ, പരിഷത് (ഭരണസഭ) ഏതു നേരത്തും ഏതു സ്ഥലത്തുവച്ചും അക്കാര്യം എന്നെ അറിയിക്കണം.

ഞാൻ ഇപ്രകാരം കല്പിക്കുന്നു: ഭരണവിഷയത്തിൽ എനിക്കുള്ള ജാഗ്രതയും കാര്യനിർവഹണപ്രാപ്തിയും തൃപ്തികരമായി തോന്നുന്നില്ല. സർവജനങ്ങളുടെയും ഹിതത്തിനുവേണ്ടി പ്രവർത്തിക്കണമെന്നാണ് എന്റെ വിചാരം. ഇതിന്റെ സാധ്യതയ്ക്ക് അടിസ്ഥാനം എന്റെ ജാഗ്രതയും ശുഷ്കാന്തിയോടുകൂടിയ കാര്യനിർവഹണവുമാണ്. സർവജനങ്ങളുടെയും ഹിതത്തിനുവേണ്ടി പ്രവർത്തിക്കുകയല്ലാതെ എനിക്കു മറ്റൊന്നും ചെയ്യാനില്ല. എന്തിനു ഞാൻ ഇപ്രകാരം ചെയ്യുന്നു? ജീവികളോട് എനിക്കുള്ള കടമ ചെയ്തുതീർക്കാനും ചിലർക്കെങ്കിലും ഇഹപരലോകസുഖങ്ങൾ കൈവരുത്തുന്നതിനുംതന്നെ. ഈ ധമ്മലിപി എഴുതിയിരിക്കുന്നത് ഈ ഉദ്ദേശത്തോടുകൂടിയാണ്. ഇത് ദീർഘകാലം നിലനിൽക്കട്ടെ. ഇപ്രകാരം എന്റെ പുത്രൻമാരും അവരുടെ സന്തതികളും സകല ജനങ്ങളുടെയും ഹിതത്തിനായി പ്രയത്നിക്കട്ടെ. ആത്യന്തികമായ പ്രയത്നം കൂടാതെ ഇതു സാധ്യമല്ല.

നാലാം ശാസനം

തിരുത്തുക

ദേവപ്രിയനായ പ്രിയദർശി രാജാവ് ആഗ്രഹിക്കുന്നു, തന്റെ രാജ്യത്ത് സർവമതസ്ഥരും ഒരുമിച്ചു താമസിക്കണമെന്ന്. കാരണം, തങ്ങളുടെ ആശകളും ഇഷ്ടാനിഷ്ടങ്ങളും, എത്രതന്നെ വ്യത്യസ്തങ്ങളും ഉച്ചനീചങ്ങളുമായാലും, എല്ലാ ജനങ്ങളും ഇന്ദ്രിയസംയമനവും മനഃശുദ്ധിയും വേണമെന്നാഗ്രഹമുള്ളവരാണ്. ചിലർ ധർമനിയമങ്ങളെ പൂർണമായും ചിലർ ഭാഗികമായും അനുസരിക്കുവാൻ ശ്രമിക്കുന്നു. വലിയ ദാനങ്ങൾ ചെയ്‌വാൻ സാധിക്കാത്തവർക്കുപോലും ഇന്ദ്രിയസംയമം, മനഃശുദ്ധി, കൃതജ്ഞത, ദൃഢഭക്തി എന്നിവ തീർച്ചയായും ഉണ്ടാകേണ്ടതാണ്.

അഞ്ചാം ശാസനം

തിരുത്തുക

ധർമദാനം, ധർമപ്രചാരണം, ധർമബന്ധം (ധർമത്തിൽ അധിഷ്ഠിതമായ പരസ്പരബന്ധം) ഇവയ്ക്കു തുല്യമായി യാതൊരു ദാനവുമില്ല.

ഇതിന്റെ ഫലമായി, ദാസൻമാരോടും (അടിമകൾ) ഭൃത്യൻമാരോടും ഉദാരമായ പെരുമാറ്റം, ഗുരുജനശുശ്രൂഷ, മിത്രങ്ങൾ, സഖാക്കൾ, ശ്രമണർ, ബ്രാഹ്മണർ ഇവർക്കു ദാനംകൊടുക്കൽ, ജന്തുഹിംസ വർജ്ജിക്കൽ-എന്നിവ ഉണ്ടാകുന്നു. ഇതു ശ്രേഷ്ഠമാണ്, ഇതു കർത്തവ്യമാണ് എന്നു പിതാവും പുത്രനും സഹോദരനും യജമാനനും സ്നേഹിതനും സഖാവും ബന്ധുവും അയൽവാസിയും ഉപദേശിക്കണം. ഇപ്രകാരം പ്രവർത്തിക്കുന്നവന് ഈ ലോകത്തിൽ സുഖം ഉണ്ടാകുന്നു. മാത്രമല്ല, ഈ ദാനത്തിന്റെ ഫലമായി അനന്തപുണ്യവും ലഭിക്കുന്നു.

അറാം ശാസനം

തിരുത്തുക

ദേവപ്രിയനും പ്രിയദർശിയുമായ രാജാവ് ഏതു മതത്തിൽ പ്പെട്ടവരെയും സന്ന്യാസിമാരെയും ഗൃഹസ്ഥന്മാരെയും ദാനംകൊണ്ടും പലവിധ ഉപചാരങ്ങൾകൊണ്ടും ബഹുമാനിക്കുന്നു.

എന്നാൽ ദേവപ്രിയൻ ദാനങ്ങളും പൂജകളും സർവമതക്കാരുടെയും അഭിവൃദ്ധി(ആധ്യാത്മികമായ അഭിവൃദ്ധി)യോളം വിലയുള്ളതായി കരുതുന്നില്ല. ഐശ്വര്യം പലതരത്തിലും സാധിക്കാം. അതിനെല്ലാം ഏകമൂലം വാചംയമിത്വമാണ്. അതായത് അന്യമതത്തിന് ആക്ഷേപമാകത്തക്കവണ്ണം സ്വമതത്തെ പ്രശംസിക്കയോ, സന്ദർഭമോ സാംഗത്യമോ കൂടാതെ അന്യമതത്തെ നിന്ദിക്കുകയോ ചെയ്യാതിരിക്കുക തന്നെ. സന്ദർഭം കിട്ടുമ്പോൾ അന്യമതക്കാരെ യഥായോഗ്യം ബഹുമാനിക്കകൂടി ചെയ്യണം. ഇങ്ങനെ ചെയ്യുന്നവൻ സ്വമതക്കാരെ ഉയർത്തുകയും അന്യമതക്കാരെ സഹായിക്കയും ചെയ്യുന്നു. ഇതിനു വിപരീതം പ്രവർത്തിക്കുന്നവൻ സ്വമതത്തിനു നാശവും അന്യമതദ്വേഷവും ചെയ്യുന്നു. എല്ലാ മതങ്ങളും തുല്യശ്രേഷ്ഠതയുള്ളതാണ്. ഈ അടിസ്ഥാനത്തിൽ അഭിപ്രായവ്യത്യാസമുള്ളവർക്കു ശരിയായ ധർമം ഗ്രഹിക്കാനും അനുസരിക്കാനും സാധിക്കും. ദേവപ്രിയന്റെ ആഗ്രഹം ഇതാണ്-എല്ലാ മതക്കാരും മതവിഷയത്തിൽ പാണ്ഡിത്യമുള്ളവരും ധർമസിദ്ധാന്തങ്ങളിൽ ഉറച്ച വിശ്വാസമുള്ളവരും ആയിരിക്കണം. അവർ ചെല്ലുന്നേടത്തെല്ലാം ഈ തത്ത്വം പ്രഖ്യാപനം ചെയ്യണം. ദാനങ്ങളും പൂജകളും എല്ലാ മതക്കാരുടെയും അഭിവൃദ്ധിയോളം ശ്രേഷ്ഠമായി ദേവപ്രിയൻ കരുതുന്നില്ല. ഈ കാര്യം നിർവഹിക്കുന്നതിനു ധർമമഹാമാത്രന്മാർ, വനിതാക്ഷേമപാലകന്മാർ, ഗോശാലാപരിശോധകൻമാർ തുടങ്ങിയ പല ഉദ്യോഗസ്ഥൻമാരെയും നിയമിച്ചിട്ടുണ്ട്.

ഏഴാം ശാസനം

തിരുത്തുക

മസ്കി ശിലാലേഖനത്തിന്റെ മാതൃക ഇതാണ്. ദേവന്മാർക്കു പ്രിയനായ അശോകന്റെ വിളംബരം: ഞാൻ ബുദ്ധശാക്യന്റെ അനുയായിയായിട്ട് രണ്ടര സംവത്സരത്തിനു മേലായി. സംഘത്തിൽ ചേർന്നശേഷം എനിക്കു ശരിയായ അഭിവൃദ്ധി ഉണ്ടായിട്ടുണ്ട്. പണ്ട് ജംബുദ്വീപിൽ മനുഷ്യരോടുകൂടി ചേരാതിരുന്ന ദേവന്മാർ ഇപ്പോൾ മനുഷ്യരോടു ചേർന്നിരിക്കുന്നു. ധമ്മയുക്തനായ ഏതു നിസ്സാരനും ഈ കാര്യം സാധ്യമാണെന്നാണ് ഇതിന്റെ സാരം. വലിയവർക്കു മാത്രമേ ഇതു സാധിക്കുകയുള്ളു എന്നു വിചാരിക്കരുത്.

എട്ടാംശാസനം

തിരുത്തുക

ഒരു സ്തംഭലേഖനത്തിന്റെ മാതൃക താഴെ കൊടുക്കുന്നു.

ദേവപ്രിയൻ പ്രിയദർശി രാജാവ് ഇപ്രകാരം പറയുന്നു: എന്റെ പട്ടാഭിഷേകം കഴിഞ്ഞ് 2 വർഷമായപ്പോൾ ഈ ധമ്മലിപി ഞാൻ എഴുതിച്ചു. പരമമായ ധർമതത്പരത, പരമവീക്ഷണം, പരമസേവനം, പാപഭയം, പരമോത്സവം ഇവകൊണ്ടല്ലാതെ ഈ ലോകത്തിലും പരലോകത്തിലും സുഖം ഉണ്ടാകുന്നതല്ല.

എന്റെ അനുശാസനംകൊണ്ട് ധർമതത്പരതയും ധർമപ്രേമവും നാൾക്കുനാൾ വർധിച്ചിട്ടുണ്ട്. ഇനിയും വർധിക്കും. വലിയവരും ഇടത്തരക്കാരുമായ എന്റെ പ്രവർത്തകൻമാർ ധർമമനുസരിക്കുകയും ചപലന്മാരെ സമുദ്ധരിക്കുന്നതിന് എന്റെ കല്പന നടത്തുകയും ചെയ്യുന്നു. പ്രാന്തദേശങ്ങളിലുള്ള മഹാമാത്രന്മാരും അപ്രകാരം തന്നെ ചെയ്യുന്നു. ധർമാനുസൃതമായ രക്ഷണം, ധർമാനുസൃതമായ കാര്യനിർവഹണം, ധർമാനുസൃതമായ സുഖം, ധർമാനുസൃതമായ സംയമം'-എന്നിവയാണ് ധമ്മലിപികൾ.

ഇതുകൂടി കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അശോകശിലാശാസനങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അശോക_ശിലാശാസനങ്ങൾ&oldid=3801254" എന്ന താളിൽനിന്ന് ശേഖരിച്ചത്