രഥം
രഥം അഥവാ തേര് ( ഇംഗ്ലീഷ്: Chariot, അറബി: عربة,ഹിന്ദി: रथ) പണ്ടു കാലത്ത് യുദ്ധങ്ങൾക്കും സഞ്ചാരത്തിനും ഉപയോഗിച്ചിരുന്ന പ്രധാന വാഹനമാണ്. BC 3000-ൽ മെസൊപൊട്ടേമിയായിലും BC രണ്ടാം സഹസ്രാബ്ദത്തിൽ ചൈനയിലും രഥങ്ങൾ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്[1]. യഥാർത്ഥ രഥങ്ങൾ വേഗതയെറിയതും ഭാരം കുറഞ്ഞതും രണ്ടോ നാലോ ചക്രങ്ങളോടു കൂടിയതും രണ്ടോ അതിലധികമോ കുതിരകളെ പൂട്ടിയതുമാണ്. രഥം തെളിക്കുന്ന ആൾക്ക് തേരാളി അല്ലെങ്കിൽ സാരഥി എന്നാണ് പറയുക. സാധാരണയായി തേരാളിക്ക് രഥത്തിൽ പ്രത്യേക ഇരിപ്പിടമുണ്ടായിരിക്കും.
ചരിത്രം
തിരുത്തുകസുമേറിയ
തിരുത്തുകBC 3000-ൽ മെസൊപൊട്ടെമിയയിൽ രഥങ്ങൾ ഉപയോഗിച്ചിരുന്നു. ഇന്നത്തെ ഇറഖിലെ ഉർ പട്ടണത്തിൽ നടന്ന ഖനനത്തിൽ BC 2600-2400 കാലഘട്ടത്തിലെ സ്റ്റാന്റേർഡ് ഒഫ് ഉർ എന്ന ചിത്രഫലകം കണ്ടെടുക്കുക യുണ്ടായി. അതിൽ കഴുതകൾ പൂട്ടിയ വാഹനങ്ങൾ കാണാം. ക്രി.മു. 2500-ൽ കുതിരകൾ ഉപയോഗത്തിൽ വരുന്നതിനെ മുൻപ് കാളകളെയാണ് രഥത്തിൽ പൂട്ടിയിരുന്നത്[2].
ഇൻഡോ-ഇറാനിയൻ
തിരുത്തുകപൂർണ്ണ വികാസം പ്രാപിച്ച രഥങ്ങൾ പ്രത്യക്ഷപ്പെടുന്നത് ക്രി.മു. 2500-ൽ മദ്ധ്യേഷ്യയിലെ സിന്തസ്താ പെട്രോവ്ക സംസ്കാരത്തിനു കീഴിലാണ്. ഗംഭീരമായി നടത്തപ്പെട്ടിരുന്ന മരണാനന്തര ചടങ്ങുകളിൽ ഇവർ രഥങ്ങൾ ഉപയോഗിച്ചിരുന്നു. പിന്നീട് ഭാരതത്തിൽ കുടിയേറിപ്പാർത്ത ഋഗ്വേദ/യമുനാ സംസ്കാരത്തിന്റെ ഉപജ്ഞാതാക്കളായ ആര്യന്മാരുടെ പൂർവികർ ഇവരായിരുന്നു എന്ന് കരുതപ്പെടുന്നു. ക്രി.മു. 2000-ത്തോടെ ഇവരിൽ നിന്ന് ഊറൽ, ടിയെൻ ഷാൻ പോലുള്ള സംസ്കാരങ്ങൾ ഉടലെടുക്കുക്കയും ഇറാനിലേക്കും ഇന്ത്യയിലേക്കും വ്യാപിക്കുകയും ചെയ്തു.
ഹിത്യർ
തിരുത്തുകക്രി.മു. പതിനേഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഹിത്യരുടെ അനിറ്റാ ഗ്രന്ഥത്തിൽ 40 തേരുകൾ ഉപയോഗിച്ച് സലാറ്റിവറ (Salatiwara) നഗരത്തെ ഉപരോധിച്ചതായി കാണാം. ഹറ്റുസിലി ഒന്നാമന്റെ കാലത്തുള്ള ഒരു അശ്വപരിശീലന ഗ്രന്ഥം കണ്ടെടുത്തിട്ടുണ്ട്. ഹിത്യർ രഥങ്ങളെ പരിഷ്കരിച്ചു. രഥങ്ങൾ തെളിക്കാൻ തേരാളികളെ ആദ്യമായി ഉപയോഗിച്ചത് ഇവരായിരുന്നു. ഹിത്യർ നിർമ്മിച്ച രഥങ്ങളിൽ ചക്രങ്ങൾ മദ്ധ്യഭാഗത്തായിരുന്നു. 3 പേർക്ക് സഞ്ചരിക്കാം. ക്രി.മു. 1299-ൽ ഹിത്യർ സിറിയയിലെ കാദേശ് കീഴടക്കാൻ വേണ്ടി ഈജിപ്റ്റിലെ റംസീസ് രണ്ടാമനുമായി നടത്തിയ യുദ്ധത്തിൽ 5000 രഥങ്ങൾ പങ്കെടുത്തു. ഇത് രഥങ്ങൾ ഉപയോഗിച്ച് നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധമായി വിലയിരുത്തപ്പെടുന്നു[3].
ഈജിപ്റ്റിൽ
തിരുത്തുകക്രി.മു. 16-ആം നൂറ്റാണ്ടീൽ അറേബ്യയിൽ നിന്നു വന്ന് ഈജിപ്റ്റ് കീഴടക്കിയ ഹെക്സോസുകളാണ് അവിടെ ആദ്യമായി രഥം കൊണ്ടുവരുന്നത്. പിന്നീട് ഫറോവമാരുടെ കാലത്ത് രഥങ്ങൾ വ്യാപകമായി. അമ്പ് ഉപയോഗിച്ചുള്ള യുദ്ധങ്ങളാണ് ഈജിപ്റ്റുകാർ നടത്തിയിരുന്നത്. അതുകോണ്ടുതന്നെ ഇവരുടെ രഥങ്ങൾ അമ്പുകൾ കോണ്ട് നിറച്ചിരുന്നു. ഫറോവ ടുറ്റങ്ഖമൂനിന്റെ ശവകുടീരത്തിൽ നിന്നും കണ്ടെടുത്തിട്ടുള്ള രഥം ഈജിപ്തിൽ നിന്നുള്ള രഥങ്ങൾക്ക് ഉത്തമോദാഹരണമാണ്.
ഇന്ത്യയിൽ
തിരുത്തുകരഥങ്ങളെ ഋഗ്വേദം പരാമർശിക്കുന്നുണ്ട്. അതിനാൽ ഭാരതത്തിൽ രഥങ്ങൾ ക്രി.മു. രണ്ടാം സഹസ്രാബ്ദത്തിൽ തന്നെ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. വിന്ധ്യാ പർവതമേഖലയിൽ കാണപ്പെടുന്ന പ്രാചീന ചിത്രങ്ങളിൽ രഥങ്ങൾ ചിത്രീകരിച്ചിരിക്കുന്നതു കാണാം[4].