ദോസ്ത് മുഹമ്മദ് ഖാൻ

(Dost Mahommed Khan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1826 മുതൽ 1863 വരെ അഫ്ഗാനിസ്താന്റെ അമീർ ആയിരുന്നു ദോസ്ത് മുഹമ്മദ് ഖാൻ (പഷ്തു/പേർഷ്യൻ: دوست محمد خان) (ജീവിതകാലം: 1793 ഡിസംബർ 23 - 1863 ജൂൺ 9). ദുറാനി സാമ്രാജ്യത്തിന്റെ അധഃപതനത്തിനു ശേഷം ബാരക്സായ് സഹോദരന്മാർ, കാബൂളിൽ അധികാരത്തിലെത്തിയപ്പോൾ, സഹോദരന്മാരിൽ ഏറ്റവും ഇളയവനായ ദോസ്ത് മുഹമ്മദ് ഖാൻ, അധികാരം ഏറ്റെടുക്കുകയായിരുന്നു. ഇദ്ദേഹം സ്ഥാപിച്ച ഈ സാമ്രാജ്യം പൊതുവേ അഫ്ഗാനിസ്താൻ അമീറത്ത് എന്ന് അറിയപ്പെടുന്നു. ദോസ്ത് മുഹമ്മദ് ഖാൻ ആദ്യവട്ടം 1826 മുതൽ 1839 വരേയും, പിന്നീട് 1843 മുതൽ 1863 വരെയും ഭരണം നടത്തി.

ദോസ്ത് മുഹമ്മദ് ഖാൻ
അഫ്ഗാനിസ്താന്റെ അമീർ
ഭരണകാലംഅഫ്ഗാനിസ്താൻ അമീറത്ത്: 1826 - 1863
അടക്കം ചെയ്തത്ഹെറാത്ത്
മുൻ‌ഗാമിദുറാനി സാമ്രാജ്യം
പിൻ‌ഗാമിഷേർ അലി ഖാൻ
രാജവംശംബാരക്സായ് വംശം
പിതാവ്സർദാർ പയിന്ദ ഖാൻ

ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിൽ ബ്രിട്ടീഷുകാർ ദോസ്ത് മുഹമ്മദിനെ പരാജയപ്പെടുത്തുകയും പകരം ഷാ ഷൂജയെ കാബൂളിൽ അധികാരത്തിലേറ്റുകയും ചെയ്തെങ്കിലും അധികം താമസിയാതെ ബ്രിട്ടീഷുകാർ അഫ്ഗാനിസ്താനിൽ നിന്നും പിന്മാറാൻ നിർബന്ധിതരാകുകയും ദോസ്ത് മുഹമ്മദിനെ വീണ്ടും അമീർ സ്ഥാനത്ത് വാഴിക്കുകയും ചെയ്തു.

ഇസ്ലാമിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിച്ച ആദ്യത്തെ അഫ്ഗാൻ ഭരണാധികാരിയാണ് ദോസ്ത് മുഹമ്മദ്. ഇദ്ദേഹം രാജ്യത്ത് ഇസ്ലാമികനിയമങ്ങൾ നടപ്പിലാക്കുകയും, വിശ്വാസികളുടെ പടനായകൻ എന്ന അർത്ഥമുള്ള അമീർ എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയും ചെയ്തു.

ഇന്നത്തെ രീതിയിലുള്ള അഫ്ഗാനിസ്താന്റെ നിർമ്മാണത്തിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളായും ഇദ്ദേഹം കണക്കാക്കപ്പെടുന്നു.

ജീവചരിത്രം തിരുത്തുക

പഷ്തൂണുകളിലെ ബാരക്സായ് വംശത്തിലെ മുഹമ്മദ്സായ് വിഭാഗത്തിൽപ്പെട്ട ദോസ്ത് മുഹമ്മദ്, ബാരക്സായ് നേതാവായിരുന്ന സർദാർ പയിന്ദ ഖാന്റെ പതിനൊന്നാമത്തെ പുത്രനും, ഹജ്ജി ജമാൽ ഖാന്റെ പൗത്രനുമാണ്. പിതാവും മുത്തച്ഛനും, യഥാക്രമം മുൻ ദുറാനി ചക്രവർത്തിമാരായിരുന്ന സമാൻ ഷായുടേയും, അഹ്മദ് ഷാ അബ്ദാലിയുടേയും ഉപദേഷ്ടാക്കളായിരുന്നു. പിതാവായിരുന്ന പയിന്ദ ഖാനെ, 1799-ൽ ദുറാനി ചക്രവർത്തി, സമാൻ ഷാ കൊലപ്പെടുത്തിയിരുന്നു[1] [2]

അധികാരത്തിലേക്ക് തിരുത്തുക

ദോസ്ത് മുഹമ്മദ് ഖാന്റെ മൂത്ത സഹോദരനായ ഫത് ഖാൻ മറ്റൊരു ദുറാനി ചക്രവർത്തിയായ മഹ്മൂദ് ഷായുടെ വലംകൈയ്യായിരുന്നു. എങ്കിലും പിതാവിനെപ്പോലെത്തന്നെ ഫത് ഖാനേയും 1818-ൽ മഹ്മൂദ് ഷാ കൊലപ്പെടുത്തുകയായിരുന്നു. ഫത് ഖാന്റെ മരണത്തിനു ശേഷം ബാരക്സായ് സഹോദരന്മാർ എല്ലാവരും ഒന്നിക്കുകയും മഹ്മൂദ് ഷായെ ഭരണത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു. പിന്നീട് കാബൂളിൽ വിവിധ സാദോസായ്/ദുറാനി വംശജരെ ഭരണമേല്പ്പിക്കാൻ ബാരക്സായ് സഹോദരന്മാർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇക്കാലത്ത് കാബൂളിന്റെ നിയന്ത്രണം, ബാരക്സായ് സഹോദരന്മാരിൽ രണ്ടാമനായിരുന്ന മുഹമ്മദ് അസിം ഖാനായിരുന്നു. 1823-ലെ നൗഷേറ യുദ്ധത്തിൽ സിഖുകാരോട് പരാജയപ്പെട്ട അസിം ഖാൻ താമസിയാതെ മരണപ്പെട്ടു. അസിം ഖാന്റെ മരണത്തിനു ശേഷം 1826-ൽ സഹോദരന്മാരിൽ ഇളയവനായ ദോസ്ത് മുഹമ്മദ് ഖാൻ, കാബൂളിൽ ഭരണം ഏറ്റെടുത്തു.

പയിന്ദ ഖാന്, 1729-ൽ ഒരു പേർഷ്യൻ ഖ്വിസിൽബാഷ് സ്ത്രീയിൽ ജനിച്ച ഏറ്റവും ഇളയ പുത്രനാണ് ദോസ്ത് മുഹമ്മദ് ഖാൻ. തന്റെ സഹോദരന്മാർ ദോസ്ത് മുഹമ്മദിനെ അംഗീകരിക്കാൻ വിമുഖത കാണിച്ചെങ്കിലും[3] കാബൂളിൽ അധികാരത്തിലേറുമ്പോൾ, നഗരത്തിൽ ശക്തരായിരുന്ന ഷിയാക്കളുടേയും പേർഷ്യൻ ഭാഷികളുടേയും പിന്തുണ ദോസ്ത് മുഹമ്മദിനുണ്ടായിരുന്നു. ഇതിനുപുറമേ ഇദ്ദേഹം വിവാഹം ചെയ്തിരുന്നത് ഒരു ഖ്വിസിൽബാഷ് വനിതയെയായിരുന്നു എന്നതും ഒരു അനുകൂലഘടകമായി. അങ്ങനെ പഷ്തൂണുകളുടേയും നഗരവാസികളായ ഖ്വിസിൽബാഷുകളുടേയും ഒരുമിച്ചുള്ള പിന്തുണ ലഭിച്ചിരുന്നതിനാൽ ദോസ്ത് മുഹമ്മദിന് ഭരണത്തിലേറുന്നത് താരതമ്യേന എളുപ്പമായി.[4] ചെറുപ്പത്തിൽ, ദോസ്ത് മുഹമ്മദ്, തന്റെ മൂത്ത സഹോദരൻ ഫത് ഖാന്റെ സന്തതസഹചാരിയായിരുന്നു. അതുകൊണ്ട് ചെറുപ്രായത്തിൽത്തന്നെ യുദ്ധനിപുണനായി മാറിയെങ്കിലും കാബൂളിൽ അധികാരമേൽക്കുമ്പോൾ അക്ഷരാഭ്യാസമുണ്ടായിരുന്നില്ല.[3]

തുടക്കത്തിൽ ദോസ്ത് മുഹമ്മദിന്റെ നേരിട്ടുള്ള ഭരണം കാബൂളിൽ മാത്രമായി ഒതുങ്ങി. കന്ദഹാറിൽ ഇയാളുടെ അർദ്ധസഹോദരനായ കോഹെൻദിൽ ഖാനാണ് ഭരിച്ചിരുന്നതെങ്കിൽ, പെഷവാർ ഇതിനകം സിഖുകാർ കൈയടക്കി. പഞ്ചാബും സിന്ധും കശ്മീരും അടക്കം അഹ്മദ് ഷാ ദുറാനി കൈയടക്കിയിരുന്ന സാമ്പത്തികപ്രാധാന്യമുള്ള മേഖലകളുടെ നഷ്ടം മൂലം ദോസ്ത് മുഹമ്മദിന്റെ ആദ്യവർഷങ്ങളിൽ അദ്ദേഹത്തിന് ഒരു തദ്ദേശീയനേതാവിന്റെ പരിവേഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാമ്രാജ്യത്തിന്റെ കേന്ദ്രീകൃതശക്തി ക്ഷയിച്ച് ഈ സന്ദർഭത്തിൽ പ്രധാന വ്യപാരപാതകൾക്കടുത്തുള്ള ഘൽജികളടക്കമുള്ള പഷ്തൂൺ വിഭാഗക്കർ കൂടുതൽ ശക്തിയാർജ്ജിച്ചു. കാബൂളിൽപ്പോലും ദോസ്ത് മുഹമ്മദിന്റെ അധികാരം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.[4] വടക്ക് ബൽഖിൽ ഉസ്ബെക് നേതാക്കൾ സ്വാതന്ത്ര്യം പ്രാപിച്ചു. പടിഞ്ഞാറ്‌ ഹെറാത്തിൽ, കാബൂളിൽ നിന്നും കടന്ന സാദോസായ് വംശജരുടെ (ഷാ മഹ്മൂദിന്റേയും മകൻ കമ്രാന്റേയും) ആധിപത്യമായീരുന്നു.[3]

ഷാ ഷൂജക്കെതിരെയുള്ള വിജയവും സിഖുകാർക്കെതിരെയുള്ള ആക്രമണവും തിരുത്തുക

1834-ൽ, മുൻ ദുറാനി ചക്രവർത്തിയായിരുന്ന ഷാ ഷൂജ, സിഖുകാരുടേയും ബ്രിട്ടീഷുകാരുടേയും പിന്തുണയോടെ കന്ദഹാർ പിടിച്ചെടുത്തു. എങ്കിലും ഈ വർഷം അവസാനത്തോടെ ദോസ്ത് മുഹമ്മദിന്റെ സൈന്യം ഇദ്ദേഹത്തെ പരാജയപ്പെടുത്തി. ഇതായിരുന്നു ദോസ്ത് മുഹമ്മദിന്റെ ആദ്യത്തെ പ്രധാനപ്പെട്ട സൈനികവിജയം. ഇതുമൂലം അഫ്ഗാനിസ്താനിൽ ദോസ്ത് മുഹമ്മദിന്റെ പ്രാധാന്യം വർദ്ധിച്ചു.

1837-ൽ ദോസ്ത് മുഹമ്മദിന്റെ മകൻ മുഹമ്മദ് അക്ബർ ഖാൻ‍, ഖൈബർ ചുരത്തിന്റെ കിഴക്കൻ കവാടമായ ജാമ്രുണ്ടിൽ വച്ച് സിഖുകാരെ പരാജയപ്പെടുത്തി. എന്നാൽ സിഖുകാരുടേയും അവരുടെ സഖ്യകക്ഷികളായിരുന്ന ബ്രിട്ടീഷുകാരുടേയും ശക്തി ഭയന്ന് അഫ്ഗാനികൾ പെഷവാറിലേക്ക് തുടർന്ന് മുന്നേറിയില്ല.[4]

ബ്രിട്ടണുമായുള്ള യുദ്ധം തിരുത്തുക

1836-ൽ സിഖുകാരെ പരാജയപ്പെടുത്തുന്നതിന് ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കാൻ ദോസ്ത് മുഹമ്മദ് ഖാൻ ശ്രമിച്ചിരുന്നു. ഇന്ത്യയിൽ പുതിയതായി അധികാരമേറ്റ ഗവർണർ ജനറൽ ഓക്ലന്റ് പ്രഭുവിനെ അഭിനന്ദിച്ചുകൊണ്ട് ദോസ്ത് മുഹമ്മദ് 1836-ൽ അദ്ദേഹത്തിന് ഒരു കത്തെഴുതി. സിഖുകാരെ കൈകാര്യം ചെയ്യുന്നതിന് അദ്ദേഹത്തിന്റെ ഉപദേശവും ഇതിൽ ആരാഞ്ഞിരുന്നു. ഈ കത്താണ് മദ്ധ്യേഷ്യയിലേക്കുള്ള ബ്രിട്ടീഷ് അധിനിവേശത്തിന് വഴിമരുന്നിട്ടത്.[3] ദോസ്ത് മുഹമ്മദിന്റെ എഴുത്തിന് വലിയ പ്രാധാന്യം നൽകാതിരുന്ന ഓക്ലന്റ് പ്രഭു, മറ്റ് സ്വതന്ത്രരാജ്യങ്ങളുടെ കാര്യത്തിൽ ബ്രിട്ടീഷുകാർ ഇടപെടില്ലെന്ന് സിഖുകാരുടെ പരാമർശത്തിന്റെ മറുപടി നൽകുകയും, സിന്ധൂ തടത്തിന്റെ സാമ്പത്തികവികസനത്തിനുള്ള പദ്ധതിയെക്കുറീച്ച് ചർച്ച ചെയ്യാൻ പ്രതിനിധിയെ അയക്കാം എന്നും അറിയിച്ചു.[5]

സിഖുകാരുമായുള്ള ദോസ്ത് മുഹമ്മദ് ഖാന്റെ സംഘർഷങ്ങളും, പെഷവാർ പിടിച്ചടക്കുന്നതിനുള്ള അഫ്ഗാനികളുടെ ശ്രമങ്ങളും കണ്ട് സിഖുകാരുമായി സഖ്യത്തിലായിരുന്ന ബ്രിട്ടീഷുകാർ ഒരു അനുരഞ്ജനത്തിന് ശ്രമം നടത്തി. ഇതിനായി 1837-ൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന ഓക്ലന്റ് പ്രഭു, അലക്സാണ്ടർ ബർണസ് എന്ന ദൂതനെ കാബൂളിലേക്കയച്ചിരുന്നു. തുടക്കത്തിൽ വ്യാപാരാവശ്യങ്ങളായിരുന്നു ബർണസിന്റെ യാത്രയുടെ ഉദ്ദേശ്യമെങ്കിലും പിന്നീട് അത് രാഷ്ട്രീയമായി മാറുകയായിരുന്നു. ബർണസുമായി ചർച്ചകൾ നടന്നെങ്കിലും പെഷവാറിനു മേലുള്ള അവകാശവാദം കൈവിടാൻ ദോസ്ത് മുഹമ്മദ് തയ്യാറായിരുന്നില്ല.

ഇതിനിടെ റഷ്യൻ സഹായത്തോടെ പേർഷ്യക്കാരും 1837-ൽ പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ ആക്രമണം നടത്തുകയും ഹെറാത്തും കന്ദഹാറും അവരുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. ഇതിനു പുറമേ പെഷവാറിന്റെ കാര്യത്തിൽ ബ്രിട്ടീഷുകാർക്കു മേൽ സമ്മർദ്ദം ചെലുത്തുന്നതിന് ദോസ്ത് മുഹമ്മദ് ഖാൻ, ക്യാപ്റ്റൻ ഇവാൻ വിക്റ്റൊറോവിച്ച് വിറ്റ്കോവിച്ച് എന്ന ഒരു റഷ്യൻ ദൂതനെ കാബൂളിൽ സ്വീകരിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു.

ഇതോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് റഷ്യൻ സ്വാധീനം വ്യാപിക്കാതിരിക്കുന്നതിന് കാബൂളിൽ തങ്ങൾക്ക് നിയന്ത്രണമുള്ള ഒരു ഭരണാധികാരിയെ വാഴിക്കുമെന്ന് ബ്രിട്ടീഷുകാർ പ്രഖ്യാപിക്കുകയും, മുൻ ദുറാനി ചക്രവർത്തിയായ ഷാ ഷൂജയെ അവർ ഇതിനായി തിരഞ്ഞെടുക്കുകയും ചെയ്തു. 1839-ൽ ഷാ ഷൂജയെ മുൻ നിർത്തി ബ്രിട്ടീഷുകാർ അഫ്ഗാനിസ്താനിലേക്ക് ആക്രമണം നടത്തി. 1839 ഏപ്രിൽ 25-ന് കന്ദഹാറും, ഓഗസ്റ്റ് 7-ആം തിയതി കാബൂളും ബ്രിട്ടീഷ് സേന പിടിച്ചടക്കുകയും ഷാ ഷൂജയെ കാബൂളിലെ ഭരണാധികാരിയാക്കുകയും ചെയ്തു.[6]

പലായനം തിരുത്തുക

ബ്രിട്ടീഷുകാരുടേയും ഷാ ഷൂജയുടേയും ആഗമനത്തോടെ, കാബൂളിൽ നിന്നും രക്ഷപെട്ട ദോസ്ത് മുഹമ്മദ് ഖാൻ, താഷ്ഖുർഗാനിലെ ഉസ്ബെക് നേതാവ്, മിർ വാലിയോട് സഹായാഭ്യർത്ഥന നടത്തി. ഇതിൽ ഫലം കാണാതെ അദ്ദേഹം ബുഖാറയിലെ അമീർ, നാസർ അള്ളായുടെ (ഭരണകാലം 1827-60) സമീപമെത്തി. ഇവിടെ ദോസ്ത് മുഹമ്മദും രണ്ടു മക്കളായിരുന്ന അഫ്സലും അക്ബറും ഏതാണ്ട് തടവുകാരെപ്പോലെ കഴിഞ്ഞു.

1840-ൽ ദോസ്ത് മുഹമ്മദ് ഖാൻ, ബുഖാറയിൽ നിന്നും രക്ഷപ്പെട്ട് അഫ്ഗാനിസ്താനിലെത്തി. മുൻപ് തന്നോട് സഹകരിക്കാൻ വിസമ്മതിച്ച താഷ്ഖുർഗാനിലെ മിർ വാലിയുടെ സഹായത്തോടെയാണ് ദോസ്ത് മുഹമ്മദ് അഫ്ഗാനിസ്താനിലേക്ക് തിരിച്ചെത്തിയത്. മിർ വാലിയുടെ സൈന്യത്തോടൊത്ത് ബ്രിട്ടീഷുകാരെ നേരിട്ടെങ്കിലും സെപ്റ്റംബർ 18-ന് ബാമിയാനിൽ വച്ച് പരാജയപ്പെട്ടു. കാബൂളിന് വടക്കുള്ള കോഹിസ്താനികളുടെ സഹായത്തോടെ നവംബർ 2-ന് ബ്രിട്ടീഷുകാർക്കെതിരെ കാബൂൾ നഗരത്തിനടുത്തുള്ള പാർവാനിൽ വച്ച് ദോസ്ത് മുഹമ്മദിന് വിജയം കൈവരിക്കാനായെങ്കിലും തുടർന്ന് നിൽക്കക്കളിയില്ലാതെ 1840 നവംബർ 4-ന് ബ്രിട്ടീഷ് സൈനികത്താവളത്തിലെത്തി അവർക്കു മുമ്പാകെ കീഴടങ്ങി. ബ്രിട്ടീഷുകാർ ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുപോകുകയും അവിടെ ബ്രിട്ടീഷ് ആശ്രിതനായി തുടരുകയും ചെയ്തു.[6]

വീണ്ടും അധികാരത്തിൽ തിരുത്തുക

1841, ബ്രിട്ടീഷുകാർക്ക് അഫ്ഗാനിസ്താനിൽ പരാജയത്തിന്റെ കാലമായിരുന്നു. കാബൂളിൽ ബ്രിട്ടീഷുകാർക്കെതിരെ തദ്ദേശീയരുടെ കലാപങ്ങൾ ഉടലെടുത്തു. മുൻപ് ദോസ്ത് മുഹമ്മദിനൊപ്പം ബുഖാറയിലേക്ക് പലായനം ചെയ്ത പുത്രൻ മുഹമ്മദ് അക്ബർ ഖാൻ, 1841 നവംബറിൽ കാബൂളിൽ മടങ്ങിയെത്തുകയും ബ്രിട്ടീഷ് വിരുദ്ധരുടെ നേതൃനിരയിലെത്തുകയും ചെയ്തു. ഇവരുടെ എതിർപ്പിനെത്തുടർന്ന് 1842-ൽ ബ്രിട്ടീഷ് സൈന്യം രാജ്യത്തു നിന്ന് പിന്മാറി, പകരം ഷാ ഷൂജയുടെ പുത്രനായ ഷാപൂറിനെ ബ്രിട്ടീഷുകാർ അധികാരമേൽപ്പിച്ചു. ഷാപൂറിനെ അട്ടിമറിച്ച് മുഹമ്മദ് അക്ബർ ഖാൻ അധികാരത്തിലെത്തിയെങ്കിലും രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ വഷളായി.

ഇതോടെ ദോസ്ത് മുഹമ്മദ് ഖാനു മാത്രമേ അഫ്ഗാനിസ്താനിൽ ഒരു നിയന്ത്രണം ഉണ്ടാക്കാനും അതുവഴി റഷ്യക്കാരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവേശിക്കുന്നതിൽ നിന്നും തടയാനാകുകയുള്ളൂ എന്നും ബ്രിട്ടീഷുകാർ മനസ്സിലാക്കുകയും ദോസ്ത് മുഹമ്മദിനെ അഫ്ഗാനിസ്താനിലേക്ക് മടങ്ങാൻ ബ്രിട്ടീഷുകാർ അനുവദിക്കുകയും ചെയ്തു. കാബൂളിലെത്തിയ ദോസ്ത് മുഹമ്മദ്, അവിടെ മുഹമ്മദ്സായ് ഭരണം പുനഃസ്ഥാപിച്ചു.[6]

മുഹമ്മദ് അക്ബർ ഖാനുമായുള്ള സ്പർദ്ധകൾ തിരുത്തുക

 
മുഹമ്മദ് അക്ബർ ഖാൻ

തന്റെ രണ്ടാം ഭരണകാലത്ത് ബ്രിട്ടീഷുകാരുമായി രമ്യതയിൽ തുടരാനാണ്‌ ദോസ്ത് മുഹമ്മദ് ഖാൻ ശ്രമിച്ചത്. എന്നാൽ മുൻപേ ബ്രിട്ടീഷുകാർക്കെതിരെ പൊരുതുന്നതിൽ നേതൃനിരയിലുണ്ടായിരുന്ന പുത്രൻ മുഹമ്മദ് അക്ബർ ഖാൻ ഇന്ത്യയിലേക്ക് ഒരു ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു. ദോസ്ത് മുഹമ്മദ്, പുത്രനെ ഇതിൽ നിന്ന് വിലക്കിയതോടെ അച്ഛനും മകനുമിടയിൽ സ്പർദ്ധ ഉടലെടുത്തു. 1843-ൽ ബ്രിട്ടീഷുകാർ സിന്ധിന്റെ നിയന്ത്രണം കൂടി കൈയടക്കിയതോടെ ഈ സ്പർദ്ധ വീണ്ടും വർദ്ധിച്ചു.

എന്നാൽ 1847-ൽ തന്റെ 29-ആം വയസിൽ മുഹമ്മദ് അക്ബർ ഖാൻ മരണമടഞ്ഞു. ദോസ്ത് മുഹമ്മദ് തന്നെ ഇയാളെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു എന്ന് കിംവദന്തികൾ പ്രചരിച്ചിരുന്നു.[6]

സാമ്രാജ്യവികസനനടപടികൾ തിരുത്തുക

കാബൂളിലെ വിവിധ വിഭാഗങ്ങളുടെ എതിർപ്പിനെ അതിജീവിച്ച് തന്റെ രണ്ടാമത്തെ ഭരണകാലം, അതായത് 1843 മുതൽ 63 വരെയുള്ള 20 കൊല്ലം ദോസ്ത് മുഹമ്മദ് ഭരണം നടത്തി. മുൻപ് കാബൂളിൽ നിന്ന് നിയന്ത്രണമറ്റുപോയ രാജ്യത്തിന്റെ മിക്കഭാഗങ്ങളും തിരികെപ്പിടിച്ച് നിയന്ത്രണത്തിലാക്കാൻ ഇക്കാലത്ത് ദോസ്ത് മുഹമ്മദിന് സാധിച്ചു. 1845 മുതലുള്ള കാലത്ത് ഹിന്ദുക്കുഷിന് വടക്കുവശത്തേക്ക് നിരവധി ആക്രമനങ്ങൾ അദ്ദേഹം നടത്തി.

1849-ൽ, ദോസ്ത് മുഹമ്മദിന്റെ ഒരു പുത്രനായിരുന്ന മുഹമ്മദ് അക്രം ഖാന്റെ നേതൃത്വത്തിൽ ബൽഖ് പിടിച്ചടക്കി. അക്രം ഖാൻ അവിടെ പ്രതിനിധിയായി ഭരണം നടത്തി. 1852-ൽ അക്രം ഖാൻ മരണമടഞ്ഞതിനു ശേഷം അയാളുടെ അർദ്ധസഹോദരൻ മുഹമ്മദ് അഫ്സൽ ഖാൻ ഈ സ്ഥാനത്ത് തുടർന്നു. കാബൂളിൽ നിന്നുള്ള നിയന്ത്രണം ക്രമേണ വടക്കുഭാഗം മുഴുവൻ വ്യാപിച്ചു. 1863-ൽ ദോസ്ത് മുഹമ്മദ് മരണമടയുമ്പോൾ വടക്കുപടിഞ്ഞാറുള്ള മായ്മതയും വടക്കുകിഴക്കുള്ള ബദാഖ്ശാനും മാത്രമേ സ്വതന്ത്രമായിരുന്നുള്ളൂ.

1855-ൽ തന്റെ അർദ്ധസഹോദരന്മാരായിരുന്ന മിഹ്ര്ദിൽ ഖാൻ, കൊഹാൻ‌ദിൽ ഖാൻ എന്നിവരുടെ മരണത്തിനു ശേഷം ദോസ്ത് മുഹമ്മദ് അതുവരെ അവർ നിയന്ത്രിച്ചിരുന്ന കന്ദഹാറും സ്വന്തം നിയന്ത്രണത്തിലാക്കി. കന്ദഹാറിന് വടക്കുകിഴക്ക് വസിച്ചിരുന്ന ഹോതകി, തോഖി എന്നീ പ്രധാനപ്പെട്ട രണ്ട് ഘൽജി വംശജരേയും ദോസ്ത് മുഹമ്മദ് തന്റെ പക്ഷം ചേർത്തു. പ്രവിശ്യകളിൽ ദോസ്ത് മുഹമ്മദ് തന്റെ മക്കളെ പ്രതിനിധികളായി ഭരണച്ചുമതലയേൽപ്പിക്കുകയും അവർക്ക് ഫലത്തിൽ സ്വതന്ത്രഭരണം നടത്തുന്നതിന് സ്വാതന്ത്ര്യം നൽകുകയും ചെയ്തു.[6]

ബ്രിട്ടീഷുകാരുമായുള്ള ബന്ധവും പേർഷ്യൻ ആക്രമണവും തിരുത്തുക

 
ഗുലാം ഹൈദർ ഖാൻ -ദോസ്ത് മുഹമ്മദിന്റെ പുത്രൻ

ദോസ്ത് മുഹമ്മറ്ദിന്റെ രണ്ടാം ഭരണകാലത്ത് ബ്രിട്ടീഷുകാരുമായുള്ള ബന്ധം കാര്യമായി മെച്ചപ്പെട്ടു. 1849-ൽ ബ്രിട്ടീഷുകാർ, സിഖുകാരെ പരാജയപ്പെടുത്തി പെഷവാർ പിടിച്ചെടുത്തപ്പോൾ നിലവിലുള്ള അതിർത്തിയെ ബ്രിട്ടീഷുകാരും അഫ്ഗാനികളും പരസ്പരം അംഗീകരിച്ചു. 1855 മാർച്ച് 30-ന് ഇത് ഒരു ഉടമ്പടിയാക്കി മാറ്റി. ആംഗ്ലോ അഫ്ഗാൻ ഉടമ്പടി എന്നറിയപ്പെടുന്ന ഇതിൽ ദോസ്ത് മുഹമ്മദിന്റെ പുത്രൻ ഗുലാം ഹൈദറും ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിന്റെ ചീഫ് കമ്മീഷണറുമായിരുന്ന ജോൺ ലോറൻസുമാണ് ഒപ്പുവച്ചത്.

1857 ജനുവരി 26-ന് ബ്രിട്ടീഷുകാരും അഫ്ഗാനികളും തമ്മിൽ ആംഗ്ലോ-അഫ്ഗാൻ സൗഹൃദ ഉടമ്പടി എന്ന മറ്റൊരു ഉടമ്പടിയിൽ കൂടി ഒപ്പുവച്ച് ബന്ധം സുദൃഢമാക്കി. ഈ കരാർ പ്രകാരം അഫ്ഗാനികൾക്ക് ബ്രിട്ടീഷുകാർ ആയുധങ്ങളും ധനസഹായവും നൽകാൻ വ്യവസ്ഥയുണ്ടായിരുന്നു. പകരം കന്ദഹാറിൽ‍ മേജർ എച്ച്.ബി. ലംസ്ഡെൻ-ന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്ക് ഒരു സൈനികത്താവളം ആരംഭിക്കാനും സാധിച്ചു.

ഇറാനിൽ നിന്നുള്ള ഭീഷണിയാണ് ഇരുകൂട്ടരേയും ഇത്തരത്തിൽ ഒരു സന്ധി ഒപ്പുവക്കുന്നതിലേക്ക് നയിച്ചത്. 1856-ൽ നസിർ അൽ ദീൻ ഷായുടെ (ഭരണകാലം:1848-96) നേതൃത്വത്തിൽ പേർഷ്യക്കാർ, ഹെറാത്ത് ആക്രമിച്ചു കീഴടക്കിയിരുന്നു. കാബൂളിൽ നിന്ന്‌ കാര്യമായ നിയന്ത്രണമൊന്നുമില്ലാതെ ഒരു അഫ്ഗാൻ ഭരണാധികാരിയാണ് ഹെറാത്ത് അതുവരെ ഭരിച്ചിരുന്നത്. ഹെറാത്തിലെ പേർഷ്യൻ അധിനിവേശം, ബ്രിട്ടീഷുകാരും പേർഷ്യക്കാരുമായുള്ള മൂന്നുമാസം നീണ്ട ഒരു യുദ്ധത്തിലേക്ക് നയിച്ചു. തുടർന്ന് ഹെറാത്തിൽ അധികാരത്തിലെത്തിയ ദോസ്ത് മുഹമ്മദിന്റെ മരുമകനായിരുന്ന ബാരക്സായ് ഭരണാധികാരി, പേർഷ്യയിലെ ഷായെ തന്റെ മേലധികാരിയായി പ്രഖ്യാപിച്ചു. എങ്കിലും 1857-ലെ ഇന്ത്യയിലെ ലഹള മൂലം ബ്രിട്ടീഷുകാർക്ക് ഇവിടെ കാര്യമായൊന്നും ചെയ്യാനായില്ല. 1860 വരെയും പേർഷ്യക്കാർ വടക്കുപടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ ശക്തമായ സാന്നിധ്യമായി തുടർന്നു. എന്നാൽ ഈ വർഷം മാർവിലെ ടെക്കെ തുർക്ക്മെനും മായ്മാതയും പിടിക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ട പേർഷ്യക്കാർ സാവധാനം പിന്മാറാൻ തുടങ്ങി. 1863-ൽ ദോസ്ത് മുഹമ്മദ് ഇവിടേക്കെത്തുകയും മേയ് 27-ന് ഹെറാത്ത് നിയന്ത്രണത്തിലാക്കുകയും ചെയ്തു.[6]

അന്ത്യം തിരുത്തുക

 
ദോസ്ത് മുഹമ്മദ് ഖാനും അദ്ദേഹത്തിന്റെ ഇളയപുത്രനും

ഹെറാത്ത് പിടിച്ചടക്കിയതിന് ഏതാനും ആഴ്ചകൾക്ക് ശേഷം അതായത് 1863 ജൂൺ 9-ന് ഹെറാത്തിൽ വച്ചുതന്നെ ദോസ്ത് മുഹമ്മദ് മരണമടഞ്ഞു. ഹെറാത്തിലെ ഗസീർഗാഹിനടുത്താണ് ദോസ്ത് മുഹമ്മദിനെ അടക്കം ചെയ്തിരിക്കുന്നത്. ദോസ്ത് മുഹമ്മദിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഇളയ പുത്രന്മാരിലൊരാളായ ഷേർ അലി ഖാൻ, അമീർ ആയി സ്ഥാനമേറ്റു[6].

പ്രാധാന്യം തിരുത്തുക

1826-ൽ തന്റെ സാമ്രാജ്യം അഫ്ഗാനിസ്താനിൽ സ്ഥാപിച്ചതിനു ശേഷം 1973-ൽ അവസാനത്തെ രാജാവായ സഹീർ ഷാ പുറത്താക്കപ്പെടുന്നതുവരെയുള്ള ഒന്നരനൂറ്റാണ്ടുകാലം നിലനിന്ന ബാരക്സായ് ആധിപത്യത്തിന് തുടക്കമിടാൻ സാധിച്ച വ്യക്തി എന്ന നിലയിൽ ദോസ്ത് മുഹമ്മദ് പ്രാധാന്യമർഹിക്കുന്നു. ഇന്നത്തെ രീതിയിലുള്ള അഫ്ഗാനിസ്താന്റെ നിർമ്മാണത്തിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളായും ഇദ്ദേഹം കണക്കാക്കപ്പെടുന്നു. ദോസ്ത് മുഹമ്മദിന്റെ മരണശേഷം പല പ്രദേശങ്ങളും അന്യാധീനപ്പെട്ടെങ്കിലും 1880-ൽ ദോസ്ത് മുഹമ്മദിന്റെ പൗത്രൻ അമീർ അബ്ദുർറഹ്മാൻ ഖാൻ, തന്റെ മുത്തച്ഛന്റെ പാത പിന്തുടർന്ന് അഫ്ഗാനികളുടെ രാജ്യത്തെ വീണ്ടും ഏകീകരിച്ചു.[6]

മതത്തിന്റെ ഉപയോഗം തിരുത്തുക

1836-ൽ സിഖുകൾക്കെതിരെ ഒരു യുദ്ധത്തിന് തയാറെടുക്കവേയാണ് ദോസ്ത് മുഹമ്മദ് ഖാൻ, ആമിർ അൽ മുമിനിൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ചത്. വിശ്വാസികളുടെ പടനായകൻ എന്നാണ് ഈ പേരിനർത്ഥം. തന്റെ പ്രജകളെ മതത്തിന്റെ പേരിൽ ഒന്നിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന്റെ പിന്നിൽ. ദോസ്ത് മുഹമ്മദ്, 1830 മുതലേ ഇസ്ലാമികനിയമങ്ങൾ കാബൂളിൽ നടപ്പാക്കാൻ ആരംഭിച്ചിരുന്നു. മദ്യത്തിന്റെ ഉപയോഗം തടഞ്ഞതിലൂടെ നിരവധി ജൂതരേയും അർമേനിയരേയും നഗരത്തിൽ നിന്ന് പലായനം ചെയ്യിച്ചു.[4]

അവലംബം തിരുത്തുക

  1. Tarzi, Amin H. "DŌSTMOḤAMMAD KHAN". Encyclopædia Iranica (Online Edition ed.). United States: Columbia University. {{cite encyclopedia}}: |edition= has extra text (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. Encyclopedia Britannica - Dost Mohammad Khan, "ruler of Afghanistan (1826–63) and founder of the Barakzay dynasty, who maintained Afghan independence during a time when the nation was a focus of political struggles between Great Britain and Russia..."
  3. 3.0 3.1 3.2 3.3 William Kerr Fraser-Tytler (1953). "Part II - The Kingdom of Afghanistan, Chapter III - THe rise of Muhammadzais, Dost Muhammad (1818 - 1838)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 70, 72. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. 4.0 4.1 4.2 4.3 Vogelsang, Willem (2002). "15-The Sadozay Dynasty". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 242–244. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. William Kerr Fraser-Tytler (1953). "Part II - The Kingdom of Afghanistan, Chapter V The Struggle for Herat". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 84. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. 6.0 6.1 6.2 6.3 6.4 6.5 6.6 6.7 Vogelsang, Willem (2002). "16-War with Britain". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 245–257. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദോസ്ത്_മുഹമ്മദ്_ഖാൻ&oldid=4022957" എന്ന താളിൽനിന്ന് ശേഖരിച്ചത്