അഫ്ഗാനിസ്താൻ അമീറത്തിന്റെ മൂന്നാമത്തെ അമീർ ആയിരുന്നു മുഹമ്മദ് അഫ്സൽ ഖാൻ (ജീവിതകാലം: 1811 - 1867 ഒക്ടോബർ 7). 1865 മുതൽ 1867 വരെയുള്ള ചുരുങ്ങിയ കാലം മാത്രം സാമ്രാജ്യം ഭരിച്ച ഇദ്ദേഹം അമീറത്തിന്റെ സ്ഥാപകനായ ദോസ്ത് മുഹമ്മദ് ഖാന്റെ മൂത്ത പുത്രനായിരുന്നു. രണ്ടാം ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിനു ശേഷം അഫ്ഗാനിസ്താനിൽ അധികാരത്തിലെത്തിയ ശക്തനായ ഭരണാധികാരി, അബ്ദ് അൽ റഹ്മാൻ ഖാൻ ഇദ്ദേഹത്തിന്റെ പുത്രനാണ്.

മുഹമ്മദ് അഫ്സൽ ഖാൻ
അഫ്ഗാനിസ്താനിലെ അമീർ
മുഹമ്മദ് അഫ്സൽ ഖാന്റെ രേഖാചിത്രം
ഭരണകാലംഅഫ്ഗാനിസ്താൻ അമീറത്ത്: 1865 - 1867
പൂർണ്ണനാമംമുഹമ്മദ് അഫ്സൽ ഖാൻ
മുൻ‌ഗാമിഷേർ അലി ഖാൻ
പിൻ‌ഗാമിമുഹമ്മദ് അസം ഖാൻ
രാജവംശംബാരക്സായ് രാജവംശം
പിതാവ്ദോസ്ത് മുഹമ്മദ് ഖാൻ

പുത്രൻ അബ്ദ് അൽ റഹ്മാൻ ഖാന്റെ നേതൃത്വത്തിൽ, ഷേർ അലി ഖാനെ സ്ഥാനഭ്രഷ്ടനാക്കിയാണ് മുഹമ്മദ് അഫ്സൽ ഖാൻ, അമീർ പദവിയിലെത്തിയത്. 1867-ൽ അഫ്സൽ ഖാൻ മരണമടഞ്ഞതിനു ശേഷം മുഹമ്മദ് അസം ഖാൻ എന്ന സഹോദരൻ അമീർ ആയി ഭരണത്തിലിരുന്നെങ്കിലും 1869-ൽ ബ്രിട്ടീഷുകാരുടെ സഹായത്തോടെ ഷേർ അലി ഖാൻ, അസം ഖാനെ പരാജയപ്പെടുത്തി അമീർ സ്ഥാനം തിരിച്ചുപിടിച്ചു.

ജീവചരിത്രം

തിരുത്തുക

ദോസ്ത് മുഹമ്മദ് ഖാന് ഒരു ഒരു ബംഗഷ് ഭാര്യയിൽ 1811-ൽ ജനിച്ച പുത്രനായ മുഹമ്മദ് അഫ്സൽ ഖാൻ, അദ്ദേഹത്തിന്റെ 27 മക്കളിൽ ഏറ്റവും മൂത്തവനായിരുന്നു. ഇന്നത്തെ പാകിസ്താനിലെ പെഷവാറിന് തെക്ക് വസിക്കുന്ന ഒരു പഷ്തൂൺ വിഭാഗമാണ് ബംഗഷുകൾ. അഫ്ഗാൻ ചരിത്രത്തിൽ അന്നുവരെ വലിയ പ്രാധാന്യം ഈ വംശത്തിനുണ്ടായിട്ടില്ല. അഫ്സൽ ഖാന്റെ മാതാവിൽ ദോസ്ത് മുഹമ്മദിന് 1818-ൽ ജനിച്ച മറ്റൊരു പുത്രനാണ് മുഹമ്മദ് അസം ഖാൻ. പിതാവിന്റെ ഭരണകാലത്ത് ഇരുസഹോദരന്മാരും വടക്കൻ അഫ്ഗാനിസ്താനിൽ ഉന്നതപദവികൾ വഹിച്ചിരുന്നു.[1]

ഷേർ അലിക്കെതിരെയുള്ള കലാപങ്ങൾ

തിരുത്തുക

ഏറ്റവും മൂത്ത പുത്രനായിരുന്നെങ്കിലും, അഫ്സൽ ഖാന്റെ മാതാവിന്റെ താഴ്ന്ന കുടൂംബപാരമ്പര്യം നിമിത്തം ദോസ്ത് മുഹമ്മദ് അയാളെ പിൻ‌ഗാമിയായി അംഗീകരിച്ചിരുന്നില്ല. പകരം തന്റെ ഇളയമക്കളിലൊരാളായ ഷേർ അലി ഖാനെയാണ് പിൻ‌ഗാമിയാക്കിയത്. 1863-ൽ ദോസ്ത് മുഹമ്മദിന്റെ മരണത്തിനു ശേഷം അഫ്സൽ ഖാനും അസം ഖാനും ഷേർ അലിക്കെതിരെ കലാപമുയർത്തി. ഇവർക്ക് വിജയിക്കാനായില്ലെന്നു മാത്രമല്ല ഇളയ സഹോദരനായിരുന്ന അസം ഖാൻ തോൽപ്പിക്കപ്പെടുകയും അയാൾക്ക് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടതായും വന്നെങ്കിൽ അഫ്സൽ ഖാൻ തുറുങ്കിലടക്കപ്പെട്ടു.[1]

അധികാരത്തിലേക്ക്

തിരുത്തുക

1866-ൽ മുഹമ്മദ് അഫ്സൽ ഖാന്റെ മകൻ അബ്ദ് അൽ റഹ്മാൻ ഖാൻ, ഷേർ അലിയെ പരാജയപ്പെടുത്തുകയും മുഹമ്മദ് അഫ്സൽ ഖാനെ അമീർ ആയി വാഴിക്കുകയും ചെയ്തു.[1]

അഫ്സൽ ഖാന്റെ ഭരണം വളരെ ചുരുങ്ങിയ കാലം മാത്രമേ നീണ്ടു നിന്നുള്ളൂ. 1867 ഒക്ടോബർ 7-ന് അഫ്സൽ ഖാൻ മരണമടയുകയും സഹോദരൻ മുഹമ്മദ് അസം ഖാൻ അധികാരത്തിലേറുകയും ചെയ്തു.[1]

  1. 1.0 1.1 1.2 1.3 Vogelsang, Willem (2002). "16-War with Britain". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 257. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_അഫ്സൽ_ഖാൻ&oldid=1688969" എന്ന താളിൽനിന്ന് ശേഖരിച്ചത്