സിസറോ

റോമൻ രാജതന്ത്രജ്ഞൻ, അഭിഭാഷകൻ, പ്രഭാഷകൻ, തത്വചിന്തകൻ
(Cicero എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാതനറോമിലെ ദാർശനികനും, രാഷ്ട്രതന്ത്രജ്ഞനും, അഭിഭാഷകനും, പ്രഭാഷകനും, രാഷ്ട്രമീമാംസകനും, രാജസാമാജികനും (Consul), ഭരണഘടനാവിശാരദനും ആയിരുന്നു മാർക്കസ് തുളിയസ് സിസറോ. (ജനനം: ബി.സി. 106 ജനുവരി 3; മരണം ബി.സി. 43 ഡിസംബർ 7) 'തുളി' എന്ന ചുരുക്കപ്പേരിലും അദ്ദേഹം അറിയപ്പെടുന്നു. ഉപരിവർഗ്ഗത്തിന്റെ താഴേക്കിടയിൽ പെട്ട അശ്വാരൂഢഗണത്തിൽ (equestrian order) നിന്നുള്ളവനായിരുന്ന അദ്ദേഹം റോമൻ ചരിത്രത്തിലെ ഏറ്റവും മഹാനായ പ്രഭാഷകനും ഗദ്യകാരനും ആയി പരിഗണിക്കപ്പെടുന്നു.

Svedomsky-Fulvia.jpg
മാർക്കസ് തുളിയസ് സിസറോ
Cicero - Musei Capitolini.JPG
റോമിലെ കാപ്പിറ്റലീൻ മ്യൂസിയത്തിലുള്ള സിസറോയുടെ ഈ അർത്ഥകാലപ്രതിമ, കാലം പൊതുവർഷം ഒന്നാം നൂറ്റാണ്ട്
ജനനംJanuary 3, 106 BC
അർപ്പിനം, റോമൻ ഗണതന്ത്രം
മരണംഡിസംബർ 7, 43 ബി.സി. (പ്രായം 63)
ഫോർമിയ, റോമൻ ഗണതന്ത്രം
ദേശീയതപുരാതന റോം
തൊഴിൽരാജ്യതന്ത്രജ്ഞൻ, അഭിഭാഷകൻ, പ്രഭാഷകൻ ദാർശനികൻ
വിഷയംരാജനീതി, നിയമം, ദർശനം, പ്രസംഗകല
സാഹിത്യപ്രസ്ഥാനംലത്തീൻ ഭാഷയുടെ സുവർണ്ണയുഗം
പ്രധാന കൃതികൾപ്രഭാഷണങ്ങൾ: In Verrem, In Catilinam I-IV, Philippicae
Philosophy: De Oratore, De Re Publica, De Legibus, De Finibus, De Natura Deorum, De Officiis
സ്വാധീനിച്ചവർഡെമോസ്തനീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ, പനേറ്റിയസ്, പോസിഡോണിയസ്, അക്കാദമിക സന്ദേഹവാദം
സ്വാധീനിക്കപ്പെട്ടവർടാസിറ്റസ്, ചെറിയ പ്ലിനി, ക്വിന്റിലിയൻ, അഗസ്റ്റിൻ, നവോത്ഥാനകാലത്തെ മാനവീയവാദികൾ, തോമസ് മൂർ, ഹ്യൂഗോ ഗ്രോത്തിയസ്, ജോൺ ലോക്ക്, മൊണ്ടെസ്ക്യൂ, ഡേവിഡ് ഹ്യൂം, വോൾട്ടയർ, പിയറി ജോസഫ് പ്രൗധോൻ, അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപകപിതാക്കൾ, ആന്തണി ട്രോളോപ്പ്, ലിയോ സ്ട്രോസ്

പശ്ചാത്തലംതിരുത്തുക

 
പഠനത്തിൽ മുഴുകിയിരിക്കുന്ന ബാലനായ സിസറോ

പൂർവികന്മാരിൽ ഒരാളുടെ മൂക്കിനുമേൽ, വെള്ളക്കടലയുടെ (chick pea; 'cicer' സിസേർ) ആകൃതിയിൽ ഉണ്ടായിരുന്ന മറുകിൽ നിന്നു കിട്ടിയതാണ് 'സിസറോ' എന്ന കുടുംബപ്പേരെന്ന്, പാശ്ചാത്യ-പൗരാണികതയിലെ മഹദ്‌വ്യക്തികളുടെ ചരിത്രമെഴുതിയ പ്ലൂട്ടാർക്ക് അഭിപ്രായപ്പെട്ടിട്ടുണ്ട്.[1]പൂർവികന്മാർ വെള്ളക്കടലകൃഷിക്കാർ ആയിരുന്നതു കൊണ്ടു കിട്ടിയ പേരാണെന്നും വിശദീകരണമുണ്ട്. ഇറ്റലിയിൽ റോമിനും നേപ്പിൾസിനും മദ്ധ്യത്തിലുള്ള അർപ്പിനം എന്ന സ്ഥലത്താണ് സിസറോ ജനിച്ചത്.

സാമാന്യ ധനസ്ഥിതി മാത്രമുണ്ടായിരുന്ന പിതാവ്, അതിന്റെ പരമാവധി കൊണ്ടു നേടാവുന്നത്ര വിദ്യാഭ്യാസം പിതാവ് മകനു നേടിക്കൊടുത്തു. സാഹിത്യത്തിലും ഗ്രീക്കു ഭാഷയിലും അദ്ദേഹത്തിനു ഗുരുവായത് ഗ്രീക്കു കവി അർക്കിയാസ് ആയിരുന്നു. തുടർന്ന് പ്രസിദ്ധനിയമജ്ഞൻ ക്വിന്റിയസ് മുൻസിയസ് സ്കവോളയുടെ കീഴിൽ അദ്ദേഹം നിയമം പഠിച്ചു. വിചാരണകളും നിയമജ്ഞന്മാരുടെ തർക്കങ്ങളും കൗതുകപൂർവം നിരീക്ഷിച്ച സിസറോ, വക്കാലത്തിലെ വാദശൈലിയിൽ പ്രാവീണ്യം സമ്പാദിച്ചു. തുടർന്ന് സ്വയം വക്കാലത്തു തുടങ്ങിയതോടെ അദ്ദേഹത്തിന്റെ വാദശൈലിയും പ്രഭാഷണങ്ങളും പരക്കെ സമ്മതി നേടി.[2]

രാജനീതിയിൽതിരുത്തുക

ബി.സി. 80-ൽ റോമിൽ 'സള്ള' എന്ന പേരിലറിയപ്പെട്ട ലൂസിയസ് കൊർണേലിയസിന്റെ ഭീകരവാഴ്ചയെ വിമർശിച്ച സിസറോ, പ്രതികാരം ഭയന്ന് ഗ്രീസിലേക്കു പോയി. അഥൻസിൽ പ്രസംഗകലയും തത്ത്വചിന്തയും പഠിച്ച് അദ്ദേഹം മൂന്നു വർഷം ചെലവഴിച്ചു. മുപ്പതു വയസ്സുള്ളപ്പോൾ റോമിൽ മടങ്ങിയെത്തിയ സിസറോ, വലിയ ധനസ്ഥിതിയുള്ള ടെറൻഷ്യാ എന്ന വനിതയെ വിവാഹം ചെയ്തു. അങ്ങനെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതോടെ രാജനീതിയിൽ കൂടുതൽ പ്രവർത്തിക്കാമെന്ന സ്ഥിതിയിലായി അദ്ദേഹം.

കായസ് വെറെസ് എന്ന സാമാജികൻ റോമൻ പ്രവിശ്യ സിസിലിയിൽ ഭരണാധികാരിയായിരിക്കെ വലിയ അഴിമതി കാട്ടിയെന്ന് സിസറോ ആരോപിച്ചു. തുടർന്നു നടന്ന വിചാരണയുടെ ആദ്യദിനത്തിലെ പ്രഭാഷണത്തിൽ തെളിവുകൾ അവതരിപ്പിക്കുന്നതിൽ സിസറോ പ്രകടിപ്പിച്ച സാമർത്ഥ്യം മൂലം പ്രതിയുടെ വക്കീൽ വക്കാലത്തൊഴിയുകയും കുറ്റക്കാരനായി കണ്ടെത്തപ്പെട്ട വെരസിന് നാടുവിട്ടോടേണ്ടി വരുകയും ചെയ്തു. തുടർന്ന് വിചാരണയുടെ ബാക്കി ദിനങ്ങളിലേക്കായി തയ്യാറാക്കിയിരുന്ന അഞ്ചു പ്രഭാഷണങ്ങൾ സിസറോ പ്രസിദ്ധീകരിച്ചു. റോമാസാമ്രാജ്യത്തിലെ പ്രവിശ്യാഭരണകൂടങ്ങളിൽ നടമാടിയിരുന്ന അഴിമതിയുടെ തുറന്നുകാട്ടലായിരുന്നു ആ പ്രഭാഷണങ്ങൾ.

 
കാറ്റലൈനെ വിചാരണ ചെയ്യുന്ന സിസറോ

പ്രഭാഷകൻ, അഭിഭാഷകൻ എന്നീ നിലകളിൽ അസാമാന്യമായ യശ്ശസ്സ് നേടിയിട്ടും, രാജനീതിയിലെ പങ്കിനെയാണ് തന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമായി സിസറോ കരുതിയത്. കോൺസൽ പദവിയിൽ അദ്ദേഹം റോമിൽ അധികാരിയായിരിക്കെയാണ്, നാട്ടിൻപുറങ്ങളിൽ നിന്നു നഗരങ്ങളെ ആക്രമിച്ച് വ്യവസ്ഥാപിത ഭരണകൂടത്തെ തകർക്കാൻ ശ്രമിച്ച കാറ്റിലൈന്റെ നേതൃത്വത്തിലുള്ള ഗൂഢാലോചനയും കലാപവും നടന്നത്. അതിനെ ശക്തമായി നേരിട്ട സിസറോ, കാറ്റിലൈൻ ഉൾപ്പെടെ അഞ്ചു ഗൂഢാലോചകർക്ക് നിയമപ്രക്രിയ കൂടാതെ വധശിക്ഷ നൽകിക്കൊണ്ട് അതിനെ അടിച്ചമർത്തി. ബി.സി. ഒന്നാം നൂറ്റാണ്ടിനൊടുവിലെ കുഴപ്പങ്ങൾക്കിടയിൽ ഗൈയസിന്റേയും ജൂലിയസ് സീസറിന്റേയും സമഗ്രാധിപത്യം നടപ്പായപ്പോൾ , പരമ്പരാഗതമായ ഗണതന്ത്രഭരണത്തിലേക്കുള്ള തിരിച്ചുപോക്കിനായി സിസറോ വാദിച്ചു.

പ്രഭാഷണങ്ങൾ, കത്തുകൾതിരുത്തുക

ലത്തീൻ ഭാഷയിന്മേൽ ചെലുത്തിയ അസാമാന്യമായ പ്രഭാവം മൂലം, പത്തൊൻപതാം നൂറ്റാണ്ടു വരെ ലത്തീൻ ഉൾപ്പെടെയുള്ള പാശ്ചാത്യഭാഷകളിലെ ഗദ്യശൈലി സിസറോണിയൻ ശൈലിയുടെ തിരസ്കാരമോ അതിലേക്കുള്ള തിരിച്ചു പോക്കോ ആയി കരുതപ്പെട്ടു. യൂറോപ്യൻ സാഹിത്യത്തിന്റേയും ആശയലോകത്തിന്റേയും വികാസത്തിൽ സിസറോയുടെ പങ്ക് ഏതു ഭാഷയിലും മറ്റേതൊരു ഗദ്യകാരന്റെ പങ്കിനേയും അതിശയിക്കുന്നതാണെന്ന് മൈക്കേൽ ഗ്രാന്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. യവനചിന്തയിലെ മുഖ്യസരണികളെ റോമൻ ലോകത്തിനു പരിചയപ്പെടുത്തിയ സിസറോ, അതിനായി ലത്തീനിൽ പുതുതായി ഒരു പറ്റം ദാർശനികസംജ്ഞകൾ തന്നെ രൂപപ്പെടുത്തി. ഹ്യൂമാനിറ്റാസ്, ക്വാളിറ്റാസ്, ക്വാണ്ടിറ്റാസ്, എസ്സെൻഷ്യാ (humanitas, qualitas, quantitas, and essentia) തുടങ്ങിയ ലത്തീൻ നവസംജ്ഞകൾ അദ്ദേഹത്തിന്റെ നിർമ്മിതികൾ ആയിരുന്നു. പരിഭാഷ, ഭാഷാശാസ്ത്രം എന്നീ മേഖലകകളിലും സിസറോ ശോഭിച്ചു.

സിസറോയുടെ 57 പ്രഭാഷണങ്ങൾ പരിരക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രസംഗകലാവിരുതിന്റെ അസാമാന്യമാതൃകൾ ആയിരിക്കുമ്പോഴും, വിഷയത്തിന്റെ ഒരു വശം മാത്രം വാദിക്കുന്നവയാണ് അവയെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ധാർമ്മിക ബോദ്ധ്യങ്ങളുടെയോ , ദർശനനൈപുണ്യത്തിന്റേയോ, നിയമജ്ഞാനത്തിന്റെയോ എന്നതിനപ്പുറം അഹംഭാവത്തിന്റേയും വാക്ചാതുരിയുടേയും പ്രകടനങ്ങളാണ് അവയെന്നാണ് വിമർശനം. അതേസമയം പ്രസംഗകലയുടെ മാതൃകകൾ എന്ന നിലയിൽ അവ പ്രാചീനഗ്രീസിലെ വാഗ്മി ഡെമോസ്തനീസിന്റെ പ്രഭാഷണങ്ങളെപ്പോലും അതിശയിക്കുന്നു. സിസറോയുടെ 864 കത്തുകളുടെ ഒരു ശേഖരവും നിലവിലുണ്ട്. അവയിൽ 90 എണ്ണം അദ്ദേഹത്തിനു മറ്റുള്ളവർ എഴുതിയവയാണ്. രാജ്യതന്ത്രജ്ഞതയിൽ പൊതിഞ്ഞ പ്രഭാഷണങ്ങളേക്കാൾ സിസറോയുടെ വ്യക്തിത്വത്തിന്റെ തനിമ പ്രകടമാകുന്നത് പ്രസിദ്ധീകരണത്തിനു വേണ്ടിയല്ലാതെ എഴുതപ്പെട്ട അദ്ദേഹത്തിന്റെ കത്തുകളിലാണ്.[2]

'ഫിലിപ്പിക്കുകൾ', വധംതിരുത്തുക

 
"നീ ചെയ്യുന്നത് നല്ല കാര്യമല്ലെങ്കിലും നന്നായി ചെയ്യുക"
സിസറോയുടെ ശിരഛേദം

ജൂലിയസ് സീസറിന്റെ വധത്തെ തുടർന്നുള്ള അധികരമത്സരത്തിനിടെ 'ഫിലിപ്പിക്കുകൾ' (Philippics) എന്നറിയപ്പെടുന്ന പ്രഭാഷണപരമ്പരയിൽ സിസറോ മാർക്ക് ആന്തണിയെ നിശിതമായി വിമർശിച്ചു. അതോടെ സീസറുടെ ശത്രുക്കളായി കണക്കാക്കി ഉന്മൂലനം ചെയ്യപ്പെടേണ്ടവരുടെ പട്ടികയിൽ ആന്തണി സിസറോയേയും ഉൾപ്പെടുത്തി. രണ്ടാം മൂവർഭരണത്തിൽ (Second Triumvirate) രാജ്യദ്രോഹിയായി പ്രഖ്യാപിക്കപ്പെട്ട അദ്ദേഹത്തെ ബി.സി. 43-ൽ തലവെട്ടി കൊന്നു. 'ഫിലിപ്പിക്കുകൾ' എഴുതാനുപയോഗിച്ച സിസറോയുടെ കൈകളും മാർക്ക് ആന്തണിയുടെ നിർദ്ദേശാനുസരണം വെട്ടിയെടുത്തിരുന്നു. തലയും കൈകളും റോമിൽ പ്രദർശനത്തിനു വയ്ക്കാൻ ആന്തണി ഏർപ്പാടു ചെയ്തു.[3][1]

കൊല്ലാനെത്തിയ സൈനികനോട് "നീ ചെയ്യുന്നത് നല്ല കാര്യമല്ല; എങ്കിലും അതു നന്നായി ചെയ്യുക" എന്നു പറഞ്ഞ സിസറോ, അയാൾക്കു കഴുത്തു നീട്ടിക്കൊടുത്തതായി പറയപ്പെടുന്നു.

പ്രാധാന്യംതിരുത്തുക

സിസറോയുടെ രചനാസമുച്ചയം തുടർന്നുവന്ന നൂറ്റാണ്ടുകളിൽ പാശ്ചാത്യസമൂഹത്തിലെ സംസ്കൃതമനസ്കരെ വല്ലാതെ ആകർഷിച്ചു. സിസറോയുടെ ദാർശനികരചനയായ ഹോർട്ടെൻഷസ് എന്ന ഗ്രന്ഥത്തിന്റെ വായനയാണ് തത്ത്വചിന്തയിലേക്കു തന്നെ തിരിച്ചതെന്ന് ക്രിസ്തീയചിന്തയിലെ അതികായനായ ഹിപ്പോയിലെ അഗസ്തീനോസ് കൺഫെഷൻസ് എന്ന ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[4] അഗസ്റ്റിന്റെ തന്നെ കാലത്തെ ക്രിസ്തീയലേഖകനും താപസനുമായ ജെറോമും സിസറോയുടെ വായനക്കാരനായിരുന്നു. ക്രിസ്ത്യാനിയല്ലാതെ വെറും 'സിസറോണിയൻ' ആണു താനെന്ന കുറ്റബോധം പോലും അദ്ദേഹത്തിനുണ്ടായിരുന്നു.[5]

14-ആം നൂറ്റാണ്ടിൽ യൂറോപ്യൻ നവോത്ഥാനത്തിന്റെ തുടക്കം, ഇറ്റാലിയൻ കവി പെട്രാർക്ക് സിസറോയുടെ നഷ്ടലിഖിതങ്ങളുടെ ഒരു ശേഖരം കണ്ടെത്തിയതോടെ ആണെന്നു കരുതപ്പെടുന്നു. നവോത്ഥാനം തന്നെ, മറ്റെല്ലാത്തിലുമുപരി സിസറോയുടെ പുനരുജ്ജീവനവും പുനരവതരണവും ആയിരുന്നുവെന്നും സിസറോയെ പിന്തുടർന്നും അദ്ദേഹം മുഖേനയും മാത്രമാണ് ക്ലാസിക്കൽ പൗരണികതയുടെ മറ്റു ഘടകങ്ങൾ പുനർജ്ജനിച്ചതെന്നും പോളണ്ടിലെ ചരിത്രകാരൻ തദേവൂസ് സീലിൻസ്കി അഭിപ്രായപ്പെട്ടിട്ടുണ്ട്. ആധുനികയുഗത്തിൽ സിസറോയുടെ പ്രാമാണികതയുടേയും അദ്ദേഹത്തിനു കല്പിക്കപ്പെട്ട മതിപ്പിന്റേയും ഔന്നത്യം പതിനെട്ടാം നൂറ്റാണ്ടിലെ ജ്ഞാനോദയത്തിലായിരുന്നു. ജോൺ ലോക്ക്, ഡേവിഡ് ഹ്യൂം, മൊണ്ടെസ്ക്യൂ തുടങ്ങിയ ജ്ഞാനോദയചിന്തകന്മാരെ സിസറോ ആഴത്തിൽ സ്വാധീനിച്ചു. യൂറോപ്യൻ സംസ്കാരികപൈതൃകത്തിന്റെ വലിയൊരു ഭാഗമാണ് സിസറോയുടെ കൃതികൾ. റോമൻ ചരിത്രത്തിന്റെ പഠനത്തിലും വിലയിരുത്തലിലും മൗലികകരേഖകളായി ഇന്നും ആ കൃതികൾ കരുതപ്പെടുന്നു. ഗണതന്ത്രറോമിന്റെ അവസാനഘട്ടത്തെക്കുറിച്ചുള്ള പഠനത്തിൽ സിസറോയുടെ രചനാസമുച്ചയത്തോളം ഉപകാരപ്രദമായ രേഖകൾ വേറെയില്ല.

അവലംബംതിരുത്തുക

  1. 1.0 1.1 പ്ലൂട്ടാർക്ക് എഴുതിയ സിസറോയുടെ ജീവിതകഥ
  2. 2.0 2.1 വിൽ ഡുറാന്റ്, "സീസറും ക്രിസ്തുവും", സംസ്കാരത്തിന്റെ കഥ, മൂന്നാം ഭാഗം (പുറങ്ങൾ 161-62)
  3. ചാൾസ് ഫ്രീമാൻ, "ക്ലോസിങ് ഓഫ് ദ വെസ്റ്റേൺ മൈൻഡ്" (പുറങ്ങൾ 52-53)
  4. അഗസ്റ്റിന്റെ ആത്മകഥ, കൺഫെഷൻസിനു കുര്യാക്കോസ് ഏണേക്കാട് നിർവഹിച്ച മലയാളം പരിഭാഷ (പുറം 68)
  5. സംസ്കാരത്തിന്റെ കഥ നാലാം ഭാഗം- വിശ്വാസത്തിന്റെ യുഗം, വിൽ ഡുറാന്റ്
"https://ml.wikipedia.org/w/index.php?title=സിസറോ&oldid=3519264" എന്ന താളിൽനിന്ന് ശേഖരിച്ചത്