കാൽവിൻവാദം

(Calvinism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രൊട്ടസ്റ്റന്റ് ക്രിസ്തീയതയിലെ ദൈവശാസ്ത്രവ്യവസ്ഥകളിലൊന്നും ക്രിസ്തീയജീവിതത്തോടുള്ള ഒരു വ്യതിരിക്ത സമീപനവുമാണ് കാൽവിൻവാദം. നവീകൃതവിശ്വാസം, നവീകൃതദൈവശാസ്ത്രം എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.[1] മാർട്ടിൻ ബ്യൂസർ, ഹീൻറിച്ച് ബുള്ളിഞ്ഞർ, പീറ്റർ വെർമിഗ്ലി, ഉൾറിക്ക് സ്വിംഗ്ലി എന്നിവരുടെ കൂടി സംഭാവനകൾ ചേർന്നു രൂപപ്പെട്ട ഈ വിശ്വാസവ്യവസ്ഥ അതിന്റെ പ്രാരംഭകരിൽ മുഖ്യനായ ഫ്രഞ്ച് നവീകർത്താവ്, ജോൺ കാൽവിന്റെ പേരിലാണ് അറിയപ്പെടുന്നത്. കാൽവിന്റെ നേതൃത്വത്തിൽ രൂപപ്പെട്ട നവീകൃതസഭകളുടെ വിശ്വാസാചാരങ്ങളുടേയും, കാൽവിന്റെ തനതായ വേദപുസ്തകവ്യാഖ്യാനങ്ങളുടേയും സൂചകശബ്ദമായും ഇത് പ്രയോഗിക്കപ്പെടാറുണ്ട്. മനുഷ്യന്റെ രക്ഷാവിനാശങ്ങൾ ദൈവത്താൽ പൂർവനിശ്ചിതമാണെന്നും, നിത്യരക്ഷയ്ക്ക് ദൈവത്തിന്റെ പരമാധികാരമല്ലാതെ മറ്റൊന്നും ആശ്രയിക്കാനില്ലാത്ത മനുഷ്യാവസ്ഥ അധമവും അനിശ്ചിതവും ആണെന്നും ഉള്ള വിശ്വാസം ഈ ദൈവശാസ്ത്രവ്യവസ്ഥയുടെ മുഖമുദ്രയായിരിക്കുന്നു.

കാൽവിൻ: പതിനാറാം നൂറ്റാണ്ടിലെ ഒരു ചിത്രം

വിശദീകരണം

തിരുത്തുക

ക്രിസ്തീയചിന്തയിൽ ഹിപ്പോയിലെ അഗസ്റ്റിന്റെ പാരമ്പര്യം പിന്തുടർന്ന കാൽവിൻ, രക്ഷാ-ശിക്ഷകളുടെ വഴിയിൽ മനുഷ്യാത്മാക്കളുടെ ഗതി, തന്റെ നിരുപാധികമായ പരമാധികാരം അനുസരിച്ചുള്ള ദൈവത്തിന്റെ 'മുൻനിശ്ചയത്തെ' (predestination) ആശ്രയിച്ചിരിക്കുന്നുവെന്നു വാദിച്ചു.[2] കാൽവിനിസ്റ്റ് ദൈവശാസ്ത്രത്തിന്റെ കാതൽ കാൽവിന്റെ രചനകളിലും പ്രഭാഷണങ്ങളിലും അടങ്ങിയിരുന്ന ഈ നിലപാടാണ്.

നിസ്സാരനും ഹീനപാപിയുമായ മനുഷ്യന്റെ സത്പ്രവൃത്തികളൊന്നും സ്വർഗ്ഗസമ്മാനം നേടാൻ പര്യാപ്തമല്ലെന്നു കാൽവിൻ കരുതി. ദൈവത്തിന്റെ നീതി പാപത്താൽ കളങ്കപ്പെട്ട മുഴുവൻ മനുഷ്യവർഗ്ഗത്തിന്റേയും നാശമാണ് ആവശ്യപ്പെടുന്നത്. എങ്കിലും അവന്റെ കരുണ, ചുരുക്കം ചിലരെ രക്ഷയ്ക്കും നിത്യസമ്മാനത്തിനുമായി തെരഞ്ഞെടുത്തിരിക്കുന്നു. അപ്രകാരം തെരഞ്ഞെടുക്കപ്പെട്ടവർക്ക് അവൻ, ക്രിസ്തുവിലൂടെയുള്ള രക്ഷയിൽ വിശ്വാസം നൽകുന്നു. അർഹതയുടെ അടിസ്ഥാനത്തിലല്ലാതെ ദൈവം, ചുരുക്കം ചിലരെ നിത്യസമ്മാനത്തിനും അവശേഷിക്കുന്നവരെ നിത്യശിക്ഷയ്ക്കുമായി അനാദിയിലേ തെരഞ്ഞെടുത്തിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടവരുടെ രക്ഷ ദൈവത്തിന്റെ കരുണയേയും, അഭിശപ്തരുടെ ശിക്ഷ അവന്റെ നീതിയേയും പ്രഘോഷിക്കുന്നു. ആദിമാതാപിതാക്കളുടെ പതനം പോലും ദൈവികജ്ഞാനത്താൽ പൂർവനിശ്ചിതമായിരുന്നു എന്നു കാൽവിൻ കരുതി.

അനാദിയിലേ ദൈവനിശ്ചിതമായ അവരുടെ അന്തിമവിധി മാറ്റൻ എന്തെങ്കിലും ചെയ്യാൻ മനുഷ്യവ്യക്തികൾക്കു കഴിയില്ലെന്നു കാൽവിൻ കരുതി. ഇക്കാര്യത്തിൽ മനുഷ്യപ്രയത്നവും സൽപ്രവർത്തികളും നിഷ്‌പ്രയോജനമാണ്. രക്ഷിക്കപ്പെടാനായി ജനിച്ചയാൾ ക്രിസ്തുവിലൂടെയുള്ള രക്ഷയുടെ വിളി കേൾക്കുന്നു; വിനാശത്തിനു വിധിക്കപ്പെട്ടവർക്ക് അതു കേൾക്കാനാവില്ല.[3]

മനുഷ്യന്റെ അധമാവസ്ഥയിലുള്ള വിശ്വാസം ലൗകികജീവിതത്തെ തന്നെ അസ്വാഭാവികമായി കരുതാൻ കാൽവിനെ പ്രേരിപ്പിച്ചു. "സ്വർഗ്ഗമാണു നമ്മുടെ രാജ്യമെങ്കിൽ, ഭൂമി നമുക്കു പ്രവാസസ്ഥാനമല്ലാതെ മറ്റെന്താണ്? ഈ ലോകത്തിൽ നിന്നുള്ള വിടവാങ്ങൽ ജീവിനിലേക്കുള്ള പ്രവേശനമാണെന്നിരിക്കെ, ലോകം നമുക്ക് ശവകുടീരമല്ലാതെ മറ്റെന്താണ്? ലോകത്തിലെ തുടർച്ച മരണത്തിലുള്ള അലിഞ്ഞുചേരലല്ലാതെ മറ്റെന്താണ്? പാപത്തിന്റെ തടവുകാരാകാതിരിക്കാനായി, നാം ലൗകികജീവിതത്തെ വെറുക്കാൻ പഠിക്കണം" എന്നു കാൽവിൻ വാദിച്ചു.[4]

വൈരുദ്ധ്യം

തിരുത്തുക

പൂർവനിശ്ചിതമായ രക്ഷാ-ശിക്ഷകളെക്കുറിച്ചുള്ള വാദം യുക്തിയ്ക്ക് അറപ്പുളവാക്കുന്നതാണെന്നു സമ്മതിച്ച കാൽവിൻ, ദൈവികരഹസ്യങ്ങൾ ചുഴിഞ്ഞറിയാമെന്ന മനുഷ്യന്റെ മോഹവും യുക്തിസഹമല്ലെന്നു ചൂണ്ടിക്കാട്ടുന്നു. മനുഷ്യരുടെ തെറ്റുകളും അനീതികളും ദൈവത്താൽ പൂർവനിശ്ചിതമാണെങ്കിലും, ദൈവം അവയിൽ കുറ്റക്കാരനല്ല. കുറ്റം മനുഷ്യന്റേതു മാത്രമാണ്. ഈ വാദത്തിന്റെ വൈരുദ്ധ്യം പരിഹരിക്കാൻ കാൽവിൻ തുനിഞ്ഞില്ല. ഇതു ബൈബിളിലെ ദൈവവെളിപാടിനനുസൃതമാണെന്നു കരുതിയ അദ്ദേഹം, മനുഷ്യർ അതിനെ വിനയപൂർവം അംഗീകരിക്കുകയാണു വേണ്ടതെന്നു വാദിച്ചു.[5] ദൈവത്തിന്റെ നിസ്സീമമായ മഹിമയെ എടുത്തുകാട്ടുന്ന കാൽവിൻവാദം ദൈവപ്രതാപത്തിനു മുൻപിൽ മനുഷ്യന്റെ അതിനിസ്സരതയിലേക്കും പാപപങ്കിലവും ഹീനവുമായ മനുഷ്യാവസ്ഥയിലേക്കും വിരൽചൂണ്ടുന്നു. നീചകൃമിയായ മനുഷ്യന്, എണ്ണിയാലൊടുങ്ങാത്ത താരാപഥങ്ങളെ നിയന്ത്രിക്കുന്ന ദൈവജ്ഞാനത്തെ മനസ്സിലാക്കാനാവില്ല. രക്ഷാ-ശിക്ഷകളുടെ ഈ വിധിതീർപ്പ് ഭയാനകമാണെങ്കിലും അതു ദൈവമഹത്ത്വത്തിനായി സംഭവിക്കുന്നുവെന്ന് കാൽവിൻ കരുതി.[6]

വിമർശനം

തിരുത്തുക

ദൈവത്തിന്റെ പരമാധികാരത്തെക്കുറിച്ചുള്ള കാൽവിനിസത്തിന്റെ വാദം മനുഷ്യസ്വാതന്ത്ര്യത്തിന്റെ സമ്പൂർണ്ണനിഷേധത്തോളം എത്തുന്നു.[3]മുൻനിശ്ചിതമായ നിത്യവിധിയുടെ പരതന്ത്രാവസ്ഥയിൽ മനുഷ്യരെ സൃഷ്ടിച്ച്, ചിലരെ സ്വർഗ്ഗസമ്മാനത്തിലും അവശിഷ്ടരെ നിത്യനാശത്തിലും എത്തിക്കുന്ന ദൈവത്തെക്കുറിച്ചുള്ള കാൽവിന്റെ സങ്കല്പത്തെ "അസംബന്ധങ്ങളുടെ ദീർഘസമാദൃതമായ ചരിത്രത്തിൽ മുൻപെങ്ങും കേട്ടിട്ടില്ലാത്തത്ര അബദ്ധജടിലവും ദൈവനിന്ദാപൂർണവുമായ ആസ്തികസങ്കല്പം" [൧] എന്നു വിൽ ഡുറാന്റ് വിശേഷിപ്പിച്ചിട്ടുണ്ട്.[6]

തുടക്കത്തിൽ ഭൂമിയെ പ്രവാസസ്ഥാനമായും, ലൗകികജീവിതത്തെ ശവകുടീരമായും കണ്ടിരുന്ന കാൽവിൻവാദം വൈകാതെ ലൗകികവ്യവഹാരങ്ങളും സമ്പദ്സമാഹരണവുമായി പൊരുത്തപ്പെട്ടു. അതോടെ, ആത്മാവിനു ഹാനികരമായി കരുതപ്പെട്ടിരുന്ന ഭൗതികസമ്പത്തിനോടുള്ള മനോഭാവം മാറി. "അലസത വെടിഞ്ഞുള്ള കഠിനാദ്ധ്വാനത്തിൽ, ഉത്സാഹത്തോടെ കർത്താവിനെ സേവിക്കുക"[7] എന്ന പൗലോസിന്റെ ആഹ്വാനം, വ്യാപാരകുശലതയുടെ പുകഴ്ചയായി വ്യാഖ്യാനിക്കപ്പെട്ടപ്പോൾ ദുര, അലസതയേക്കാൾ കുറഞ്ഞ തിന്മയായി. കച്ചവടത്തിന്റേയും സാമ്രാജ്യത്തിന്റേയും ലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള ബലപ്രയോഗത്തിന് മതത്തിന്റെ പിന്തുണ കിട്ടി. കാൽവിന്റെ അനുയായികളുടെ ക്രിസ്തീയത, മുതലാളിത്തഭരണകൂടങ്ങളെ പിന്തുണച്ചു.[3] യൂറോപ്പിലും വടക്കേ അമേരിക്കയിലും കാൽവിൻവാദം പ്രചരിച്ചതോടെയാണ് പ്രൊട്ടസ്റ്റന്റ് ക്രിസ്തീയത ഒരു ആഗോളമതമായിത്തീർന്നത്. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ടിൽ ഏറെ പ്രാബല്യം നേടിയ അത് സ്കോട്ട്ലണ്ടിൽ വ്യവസ്ഥാപിതമതമായിത്തീർന്നു.

കുറിപ്പുകൾ

തിരുത്തുക

^ "....the most absurd and blasphemous conception of God in all the long and honored history of nonsense."

  1. Kuyper, Abraham. "Calvinism As A Life System". Archived from the original on 2009-05-02. Retrieved 2009-07-15.
  2. John A. Hutchison, Paths of Faith, പ്രസാധനം, MacGraw-Hill Book Company (പുറങ്ങൾ 538-43)
  3. 3.0 3.1 3.2 എസ് രാധാകൃഷ്ണൻ, പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും (പുറങ്ങൾ 281-82)
  4. ജോൺ കാൽവിൻ രചിച്ച "ക്രിസ്തുധർമ്മത്തിന്റെ നിയമങ്ങൾ" (ഇൻസ്റ്റിട്യൂട്ടുകൾ), പുസ്തകം III - 9:4
  5. Kenneth Scott Latourette, A History of Christianity (പുറങ്ങൾ 751-60)
  6. 6.0 6.1 വിൽ ഡുറാന്റ്,"ദ റിഫർമേഷൻ", സംസ്കാരത്തിന്റെ കഥ 6-ആം ഭാഗം, അദ്ധ്യായം XXI (പുറങ്ങൾ 459-490)
  7. പൗലോസ് റോമാക്കാർക്കെഴുതിയ ലേഖനം 12:11
"https://ml.wikipedia.org/w/index.php?title=കാൽവിൻവാദം&oldid=4005301" എന്ന താളിൽനിന്ന് ശേഖരിച്ചത്