ബാഹുബലി 2: ദ കൺക്ലൂഷൻ

2017ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ചലച്ചിത്രം
(Baahubali 2: The Conclusion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബാഹുബലി: ദ ബിഗിനിംഗ് എന്ന തെലുങ്ക് ചിത്രത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഭാഗമാണ് ബാഹുബലി: ദ കൺക്ലൂഷൻ. എസ്.എസ്. രാജമൗലി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ ദഗ്ഗുബറ്റി, സത്യരാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്[5]. 4K ഹൈ ഡെഫെനിഷനിൽ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമാണ് ബാഹുബലി:ദ കൺക്ലൂഷൻ. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി 2017 ഏപ്രിൽ 28 ന് ബാഹുബലി: ദ കൺക്ലൂഷൻ പ്രദർശനത്തിനെത്തി. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ലോകമെമ്പാടും മികച്ച പ്രതികരണമാണ് ലഭിച്ചത് [6]. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ഇന്ത്യൻ ചലച്ചിത്രം,ആയിരം കോടി ക്ലബ്ബിൽ പ്രഥമാംഗത്വം കരസ്ഥമാക്കിയ ചലച്ചിത്രം എന്നീ ബഹുമതികൾ ഈ ബാഹുബലി 2 സ്വന്തമാക്കി.[3][7] 2017ലെ അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങിൽ മികച്ച ജനപ്രിയ ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു.

ബാഹുബലി 2: ദ കൺക്ലൂഷൻ
Theatrical release poster
സംവിധാനംഎസ്.എസ്. രാജമൗലി
നിർമ്മാണം
  • ശോബു യാർലഗഡ
  • പ്രസാദ് ദെവിനെനി
കഥകെ.വി.വിജയേന്ദ്ര പ്രസാദ്
തിരക്കഥഎസ്.എസ്. രാജമൗലി
അഭിനേതാക്കൾ
സംഗീതംഎം.എം കീരവാണി
ഛായാഗ്രഹണംകെ.വി.സെന്തിൽ കുമാർ
ചിത്രസംയോജനംകോടഗിരി വെങ്കടേശ്വരറാവു
സ്റ്റുഡിയോഅർക മീഡിയ വർക്സ്
വിതരണംതെലുങ്ക്:
അർക മീഡിയ വർക്സ്
തമിഴ്:
കെ പ്രൊഡക്ഷൻസ്
ഹിന്ദി:
ധർമ്മ പ്രൊഡക്ഷൻസ്
എഎഎ പ്രൊഡക്ഷൻസ്
മലയാളം:
ഗ്ലോബൽ യുണൈറ്റഡ് മീഡിയ
റിലീസിങ് തീയതി
  • 28 ഏപ്രിൽ 2017 (2017-04-28)
രാജ്യംഇന്ത്യ
ഭാഷതെലുങ്ക്
മലയാളം
ബജറ്റ്250 കോടി[2]
ആകെ1715.17 കോടി Accounts by jalees [3] [4]

കഥാസാരം

തിരുത്തുക

കട്ടപ്പ (സത്യരാജ്) എങ്ങനെയാണ് അമരേന്ദ്ര ബാഹുബലി (പ്രഭാസ്) തന്നാൽ കൊല്ലപ്പെട്ടതെന്ന് വിവരിക്കുന്നു. കാലകേയന്മാരെ കീഴടക്കിയതിനുശേഷം, മഹിഷ്മതി സാമ്രാജ്യത്തിലെ യുവരാജാവായി അമരേന്ദ്രബാഹുബലിയും സർവ്വസൈന്യാധിപനായി ഭല്ലാലദേവനും (റാണാ ദഗ്ഗുപതി) അവരോധിക്കപ്പെട്ടു.

കിരീടധാരണത്തിന് മുമ്പായി രാജമാതാ ശിവകാമി (രമ്യാ കൃഷ്ണൻ) യുവരാജാവ് അമരേന്ദ്രബാഹുബലിയ്ക്ക് ഒരു മണവാട്ടിയെ തിരയുവാനാരംഭിച്ചു. രാജ്യത്തിൻ്റെയും ജനങ്ങളുടെയും ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കുന്നതിനായി രാജമാതാവ് അമരേന്ദ്രനെയും കട്ടപ്പയെയും രാജ്യം ചുറ്റി സഞ്ചരിച്ചു വരുന്നതിനായി നിയോഗിച്ചു. ദേശസഞ്ചാരത്തിനിടെ മഹിഷ്മതി രാജ്യത്തിനു വടക്ക് 7.5 യോജന അകലെയുള്ള കുന്ദളരാജവംശത്തിലെ രാജകുമാരിയും രാജാവിന്റെ സഹോദരപുത്രിയുമായ ദേവസേനയുമായി (അനുഷ്കാ ഷെട്ടി) അമരേന്ദ്രബാഹുബലി പ്രണയത്തിലാകുന്നു. ഇതിനിടെ ദേവസേനയുടെ ചിത്രം കാണാനിടവരുകയും അമരേന്ദ്രൻ അവളിൽ ആകൃഷ്ടനായെന്നുമുള്ള വിവരം ചാരന്മാർ വഴി മനസ്സിലാക്കി ഭല്ലാലദേവൻ, ദേവസേനയെ സ്വയം വിവാഹം കഴിക്കുവാനും ശിവകാമിയേയും അമരേന്ദ്രയേയും തമ്മിലകറ്റുവാനുമുള്ള ഗൂഢാലോചകളും പിതാവുമായി ചേർന്നു നടത്തുന്നു. അമരേന്ദ്രയും ദേവസേനയും തമ്മിൽ പ്രണയത്തിലാണെന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കാതെ ശിവകാമി, ദേവസേനയെ ഭല്ലാലദേവനു വിവാഹം കഴിച്ചുകൊടുക്കാമെന്നു പ്രതിജ്ഞചെയ്തു. തദ്ദനുസരണം ശിവകാമി രഹസ്യ സന്ദേശവാഹകർ വശം വിവാഹാലോചനയോടൊപ്പം അളവില്ലാത്ത ധനവും രാജകുമാരിക്കു സമ്മാനമായി കുന്ദളദേശത്തേക്കു കൊടുത്തുവിടുന്നു. എന്നാൽ മഹിഷ്മതി രാജ്യത്തിന് അപമാനകരമെന്നു തോന്നുന്ന പരുഷമായ ഒരു മറുപടിയാണ് രാജകുമാരി നൽകിയത്. കുപിതയും അപമാനിതയുമായ രാജമാതാവ്, ദേവസേനയെ ഒരു തടവുകാരിയായി മഹിഷ്മതിയിലേക്കു പിടിച്ചുകൊണ്ടുവരുവാൻ അമരേന്ദ്രന് ഒരു പ്രാവു വശം സന്ദേശം അയയ്ക്കുന്നു.

ഇതിനിടെ കുന്ദളദേശം, പിണ്ടാരികളെന്ന തീവെട്ടിക്കൊള്ളക്കാരുടെ ഒരു സൈന്യത്താൽ ആക്രമിക്കപ്പെടുന്നു. അമരേന്ദ്രൻ, ദേവസേനയുടെ അമ്മവഴിക്കുള്ള അമ്മാവനായ കുമാരവർമ്മയുടെയും (സുബ്ബരാജു) രാജകുമാരിയുടെയും സഹായത്തോടെ ഈ ആക്രമണത്തെ പരാജയപ്പെടുത്തുകയും കുന്ദളദേശത്തെ രക്ഷിക്കുകയും ചെയ്യുന്നു. അമരേന്ദ്രൻ, താൻ ആരാണെന്നും തനിക്കു രാജമാതാവിൽനിന്നു ലഭിച്ച സന്ദേശത്തെക്കുറിച്ചും കുന്ദളദേശത്തെ അറിയിക്കുന്നു. എന്നാൽ എന്തുതന്നെയായായാലും ദേവസേനയുടെ അഭിമാനം കാത്തുസൂക്ഷിക്കുമെന്നും രാജകുമാരി തന്റെ ഭാവിവധു ആയിരിക്കുമെന്നു അമരേന്ദ്രൻ പ്രതിജ്ഞ ചെയ്യുന്നു. തൻ്റെ ഭാവിവധുവുമായി അമരേന്ദ്രൻ മഹിഷ്മതി രാജ്യത്തേയ്ക്കു പ്രവേശിക്കുന്നു. മഹിഷ്മതിയിൽ പ്രവേശിച്ച് രാജമാതാവിനെ സന്ദർശിച്ചതോടെ തെറ്റിദ്ധാരണകൾ വെളിവാക്കപ്പെടുന്നു. ദേവസേനയെയോ രാജ്യത്തെയോ രണ്ടിലൊന്നുമാത്രം തെരഞ്ഞെടുക്കാമെന്ന് രാജമാതാവ് അന്തിമശാസനം നൽകുന്നു. ഇതനുസരിച്ച് സിംഹാസനം ത്യജിച്ച അമരേന്ദ്രൻ ദേവസേനയെ തെരഞ്ഞെടുക്കുന്നു. അങ്ങനെ പുതിയ യുവരാജാവായി രാജാമാതാവിന്റെ പുത്രൻ ഭല്ലാലദേവൻ അവരോധിതനാകുകയും സർവ്വസൈന്യാധിപനായി അമരേന്ദ്രൻ നിയോഗിക്കപ്പെടുകയും ചെയ്തു. കിരീടാധാരണവേളയിൽ മഹിഷ്മതി രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും, തങ്ങളുടെ രാജാവായുള്ള മുൻഗണന ഭല്ലാലദേവനു മുകളിൽ അമരേന്ദ്രനാണെന്നുള്ള മനഃസ്ഥിതി വെളിവാക്കുന്നു.

ഗർഭിണിയായ ദേവസേനയുടെ പരിപാലനത്തിനെന്ന വ്യാജ്യേന ഭല്ലാലദേവൻ അമരീന്ദ്രയെ സർവ്വ സൈന്യാധിപനെന്ന പദവിയിൽനിന്നു മുക്തനാക്കുന്നു. ദേവസേന ഉടനെ പ്രതികരിക്കുകയും ശിവകാമിയുടെ നിഷ്ക്രിയത്വവും രാജാവിൻ്റെ കുടിലമനഃസ്ഥിതിയും സദസ്സിനുമുന്നിൽ വെളിവാക്കുന്നു. അന്യോന്യമുള്ള മറ്റു സംഘട്ടനങ്ങളുടെയും ദേവസേനയെ കുറ്റവാളിയാക്കുവാനുമുള്ള കുടിലതന്ത്രങ്ങളുടെയും അനന്തര ഫലമായി ദേവസേനയും അമരേന്ദ്രയും കൊട്ടാരത്തിൽനിന്നു നിഷ്കാസിതരാക്കപ്പെടുന്നു. കുമാരീകുമാരന്മാർ നാട്ടിലെ സാധാരണജനങ്ങളോടൊപ്പം സന്തുഷ്ടരായി ജീവിക്കുന്നു. പൊതുജനങ്ങളുടെ മനസ്സിൽ ഇപ്പോഴും അമരീന്ദ്രയാണു രാജാവെന്നുള്ള വസ്തുത തിരിച്ചറിഞ്ഞ ഭല്ലാലദേവൻ, പിതാവായ ബിജ്ജാലദേവനു (നാസർ)മായി ഒത്തുചേർന്നു തന്ത്രങ്ങൾ മെനയുന്നു. തന്നെ അമരേന്ദ്ര കൊലപ്പെടുത്തുവാൻ ശ്രമിക്കുന്നു എന്ന വ്യാജവാർത്ത രാജമാതാവിനെ വിശ്വസിപ്പിക്കുന്നതിൽ ഭല്ലാലദേവൻ വിജയിക്കുന്നു. തന്റെ പുത്രന്റെ ജീവന് അമരേന്ദ്രൻ ഭീഷണിയാണെന്നുള്ള വ്യാജവാർത്ത വിശ്വാസത്തിലെടുത്ത രാജമാതാവ് രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേയ്ക്കും അതുവഴിയുണ്ടാകാവുന്ന അന്തഃച്ചിദ്രങ്ങളും ഒഴിവാക്കുന്നതിനുമായി, അമരീന്ദ്രയെ വധിക്കുവാൻ കട്ടപ്പയ്ക്കു നിർദ്ദേശം കൊടുക്കുന്നു. രാജമാതാവിന്റെ വാക്കുകൾ അക്ഷരംപ്രതി നടപ്പിലാക്കാനായി കട്ടപ്പ, താൻ അപകടത്തിൽപ്പെട്ടിരിക്കുന്നുവെന്ന വ്യാജേന അമരേന്ദ്രയെ നിർദ്ദേശിക്കപ്പെട്ട സ്ഥലത്ത് എത്തിക്കുകയും സംഘട്ടനത്തിനിടെ പിന്നിൽനിന്നു കുത്തി അമരേന്ദ്രയെ വധിക്കുകയും ചെയ്യുന്നു.

ഭല്ലാലദേവൻ്റെ വഞ്ചനയെക്കുറിച്ചറിഞ്ഞ കട്ടപ്പ ഇതു ശിവകാമിയെ അറിയിക്കുന്നു. ഭർത്താവിനെക്കുറിച്ചറിയുവാൻ കൈക്കുഞ്ഞുമായി ദേവസേന കൊട്ടാരത്തിലെത്തുന്നു. ശിവകാമി കൊട്ടാരത്തിനു മുന്നിൽ തടിച്ചുകൂടിയ ജനങ്ങളോട് അമരേന്ദ്ര കൊല്ലപ്പെട്ട വിവരം അറിയിക്കുകയും അതോടൊപ്പം അടുത്ത രാജ്യാവകാശിയായി അമരേന്ദ്രയുടെ ശിശുവിനെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഭല്ലാലദേവയും കൂട്ടരും രാജമാതാവിനെ ബന്ധനസ്ഥയാക്കുവാൻ ഒരുമ്പിട്ടുവെങ്കിലും അവർ അമരേന്ദ്രയുടെ ശിശുവിനോടൊപ്പം രഹസ്യവഴികളിലൂടെ നദിയിലൂടെ രക്ഷപെടുന്നു. അവരുടെ മരണം ഉറപ്പാക്കുവാൻ ഭല്ലാലദേവൻ എയ്യുന്ന അമ്പ് രാജമാതാവിനുമേൽ തറയ്ക്കുന്നു. അടുത്ത 25 വർഷത്തേയ്ക്കു ദേവസേന തടവുകാരിയാക്കപ്പെട്ടു. കുന്ദളദേശം ഭല്ലാലദേവനാൽ പൂർണ്ണമായി നശിപ്പിക്കപ്പെട്ടു. നിഷ്കാസിതനാക്കപ്പെട്ട കുന്ദളരാജാവ്  (മീകാ രാമകൃഷ്ണ) ഭല്ലാലദേവനെതിരെ ഒളിപ്പോർയുദ്ധത്തിലേർപ്പെടുകയും വിമതസേനയെ നയിക്കുകയും ചെയ്യുന്നു. കഥമുഴുവനും മനസ്സിലാക്കിയ മഹേന്ദ്രബാഹുബലി (പ്രഭാസ്) കട്ടപ്പയുടെ സഹായത്തോടെ സ്വന്തം സൈന്യവുമായി പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയും, അവന്തികയോടും (തമന്ന) സൈന്യത്തോടുമൊപ്പം മഹിഷ്മതിയിലേക്കു പ്രവേശിക്കുന്നു. ഭല്ലാലദേവൻ ഒരിക്കൽക്കൂടി ദേവസേനയെ തടവിലാക്കുകയും കൊട്ടാരത്തിലേക്കുള്ള പ്രവേശനദ്വാരം അടയ്ക്കുകയും ചെയ്യുന്നു. എന്നാൽ ബാഹുബലി തന്റെ പിതാവിനെപ്പോലെ ഭല്ലാലദേവനെ പിടിക്കുവാനായി അനായാസം കൊട്ടാരത്തിൽ പ്രവേശിക്കുന്നു. ഭല്ലാലദേവയുടെ പിതാവ് ബിജ്ജാലദേവൻ കട്ടപ്പയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നു. അയാളുടെ പിതാമഹന്റെ പ്രതിജ്ഞയായ മഹിഷ്മതിയിലെ സിംഹാസനത്തോടും അവിടത്തെ രാജാവിനോടു എന്നെന്നേക്കുമുള്ള കൂറിനെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ കട്ടപ്പ, 25 വർഷങ്ങൾക്കു മുമ്പുതന്നെ മഹേന്ദ്ര ബാഹുബലി രാജമാതാവിനാൽ അടുത്ത രാജാവായി അവരോധിക്കപ്പെട്ടിരുന്നതിനാൽ, തന്റെ ഇനിയുള്ള കൂറ് യഥാർത്ഥ രാജാവായ മഹേന്ദ്രബാഹുബലിയോടു ആയിരിക്കുമെന്ന കാര്യം അർത്ഥശങ്കക്കിടയില്ലാത്തവണ്ണം വെളിവാക്കുന്നു. അയാളുടെ ശരിയായി വിശ്വസ്തത, യഥാർത്ഥ ഭരണാധികാരിയായി ബാഹുബലിയോടു കൂറുകാണിക്കുകയെന്നതു മാത്രമാണ്.

ഭല്ലാലദേവൻ താമസിയാതെ മഹേന്ദ്രബാഹുബലിയാൽ പരാജയപ്പെടുത്തപ്പെടുകയും, ദേവസേന തയ്യാറാക്കിയ ചിതയിൽ ജീവനോടെ എരിക്കപ്പെടുകയും ചെയ്തു. ഭല്ലാലദേവൻ്റെ ക്രൂരഭരണം അവസാനിപ്പിച്ച് ബാഹുബലി അവന്തികയോടൊപ്പം രാജ്യത്ത് സമാധാനവും ഐക്യവും പ്രഖ്യാപിച്ച് സുഖമായി വാഴുന്നു.

അഭിനേതാക്കൾ

തിരുത്തുക
  1. "'Baahubali' team gives Rana Daggubati a special tribute on his birthday".
  2. "'Baahubali 2' overseas distribution rights: 'The Conclusion' makers quote Rs 50 crore". IB Times. 23 March 2016.
  3. 3.0 3.1 സ്വന്തം ലേഖകൻ (4 മെയ് 2017). "ഇന്ത്യൻ സിനിമാചരിത്രത്തിൽ ബാഹുബലി ഒന്നാമൻ; പികെയെ തകർത്തു". മലയാള മനോരമ. Retrieved 4 മെയ് 2017. {{cite news}}: Check date values in: |accessdate= and |date= (help)
  4. സ്വന്തം ലേഖകൻ (6 മെയ് 2017). "പുതിയ റെക്കോഡുകളിട്ട് ബാഹുബലി 2: ഒരാഴ്ചയ്ക്കുള്ളിൽ വാരിയത് 900 കോടി". മാതൃഭൂമി. Retrieved 6 മെയ് 2017. {{cite news}}: Check date values in: |accessdate= and |date= (help)
  5. "Is Baahubali 2 a Hindu film? Dissecting religion, folklore, mythology in Rajamouli's epic saga".
  6. Baahubali 2 Review in Malayalam
  7. സ്വന്തം ലേഖകൻ (7 മെയ് 2017). "10 ദിവസത്തിനുള്ളിൽ 1000 കോടി ക്ലബിൽ; ഇന്ത്യൻ സിനിമയിൽ ചരിത്രമെഴുതി ബാഹുബലി." മലയാള മനോരമ. Retrieved 11 മെയ് 2017. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബാഹുബലി_2:_ദ_കൺക്ലൂഷൻ&oldid=3988763" എന്ന താളിൽനിന്ന് ശേഖരിച്ചത്