അവതാർ (2009 ചലച്ചിത്രം)
2009 ഡിസംബർ 19-ന് റിലീസ് ചെയ്ത 3-ഡി സയൻസ്-ഫിക്ഷൻ ചലച്ചിത്രമാണ് അവതാർ . ഹോളിവുഡിൽ ഹിറ്റുകളുടെ രാജാവായി അറിയപ്പെടുന്ന ജെയിംസ് കാമറൂണാണ് അവതാറിന്റെ സംവിധായകൻ. ട്വൻറിയത്ത് സെഞ്ച്വറി ഫോക്സിനാണ് ചലച്ചിത്രത്തിൻറെ വിതരണവകാശം. വിദൂര ഗ്രഹമായ പെൻണ്ടോറയിലാണ് കഥ നടക്കുന്നത്. ത്രീഡി ചിത്രമാണ് അവതാർ. എന്നാൽ ടു-ഡി ഫോർമാറ്റിലും ഐമാക്‌സ് 3ഡി ഫോർമാറ്റിലും ചിത്രം നിർമ്മിയ്ക്കുന്നുണ്ട്. എല്ലാത്തരം തിയറ്ററുകൾക്കും അനുയോജ്യമാകുന്നതിന് വേണ്ടിയാണ് ഈ സാങ്കേതിക ഭാഷ്യങ്ങൾ ചമയ്ക്കുന്നത്. 1200 കോടിയുടെ ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുക്കുന്ന അവതാർ സാങ്കേതിക വിദ്യകളുടെ ധാരാളിത്തമെന്നതിനപ്പുറം മനുഷ്യസമൂഹത്തിന്റെ ഒടുങ്ങാത്ത ദുരയുടെ കഥയാണ് പറയുന്നത്.ലോകമൊട്ടാകെ ഈ ചിത്രം 2,789 ദശലക്ഷം ഡോളർ നേടി. അവതാറിൻറെ ഓൾ ടൈം ഗ്ലോബൽ കളക്ഷൻ 2.802 ബില്യൺ ഡോളർ ആയതായാണ് നിർമ്മാതാക്കളായ ഡിസ്‍നി കണക്കാക്കുന്നത്.[5]
അവതാർ | |
---|---|
സംവിധാനം | ജെയിംസ് കാമറൂൺ |
നിർമ്മാണം | ജെയിംസ് കാമറൂൺ Jon Landau |
രചന | ജെയിംസ് കാമറൂൺ |
അഭിനേതാക്കൾ | Sam Worthington Zoë Saldaña Stephen Lang Michelle Rodriguez Giovanni Ribisi Sigourney Weaver |
സംഗീതം | James Horner |
ഛായാഗ്രഹണം | Mauro Fiore |
ചിത്രസംയോജനം | ജെയിംസ് കാമറൂൺ John Refoua Stephen E. Rivkin |
സ്റ്റുഡിയോ | Lightstorm Entertainment |
വിതരണം | 20th Century Fox |
റിലീസിങ് തീയതി | December 16, 2009 (World premiere)[1] December 17, 2009 (Puerto Rico, Australia & New Zealand)[1] December 18, 2009 (USA)[2] |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | English |
ബജറ്റ് | US$237 million[3] |
സമയദൈർഘ്യം | 161 minutes [4] |
കഥാസംഗ്രഹം
തിരുത്തുകഅവസാനിക്കാത്ത ഉപഭോഗതൃഷ്ണകൾ മനുഷ്യനെ ഗ്രഹാന്തരയാത്രകളിലേയ്ക്ക് നയിച്ച ശാസ്ത്ര വിസ്‌ഫോടനത്തിന്റെ കാലത്താണ് അവതാർ എന്ന സിനിമയുടെ കഥ നടക്കുന്നത്. 2154-ൽ ഭൂമിയിലെ പ്രകൃതിവിഭവങ്ങൾ ക്ഷയിച്ചു വന്നതോടെ വെള്ളത്തിനും മറ്റു അമൂല്യ ധാതുക്കൾക്കും വേണ്ടി മനുഷ്യൻ ബഹിരാകാശത്ത് കോളനികൾ സൃഷ്ടിയ്ക്കുന്ന സമയം. അക്കാലത്താണവർ വിദൂരഗ്രഹമായ പെൻണ്ടോറയിലെത്തുന്നത്. സസ്യനിബിഡമായ ഈ ചെറുഗ്രഹം ധാതുസമ്പത്തിനാൽ സമ്പന്നമാണ്. പെൻണ്ടോരയിലെ കൊടുംവനങ്ങളിൽ അവ മറഞ്ഞുകിടക്കുന്നു. എന്നാൽ ധാതുസമ്പത്ത് മാത്രമല്ല, അത്ഭുത ജീവികളും ഭയാനക ജന്തുക്കളും അവിടെ വസിക്കുന്നുണ്ട്. റിസോഴ്‌സ് ഡെവലപ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻറെ (ആർഡിഎ) നേതൃത്വത്തിൽ ആൽഫ സെന്റൗറി നക്ഷത്രവ്യവസ്ഥയിലെ ഒരു ഉപഗ്രഹമായ പെൻണ്ടോറയിൽനിന്ന് അമൂല്യ ധാതുവായ അനോബ്റ്റാനിയം ഖനനം ചെയ്യാൻ ആരംഭിക്കുന്നു.
ഇതിനെല്ലാം ഉപരിയായി പെൻണ്ടോറ നാവികൾ എന്ന പേരുള്ള ആദിവാസികളുടെ ലോകമാണ്. ഭൂരിഭാഗം വാതക അന്തരീക്ഷമുള്ള പെൻണ്ടോറയിൽ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന പത്തടി ഉയരത്തിൽ (3.0 മീറ്റർ) മനുഷ്യസാദൃശ്യമുള്ള ആദിമവർഗ്ഗമാണ് നാവികൾ. നീലിമയാർന്ന ചർമ്മവും നീണ്ട വാലുമായി സവിശേഷ ബുദ്ധിയാർജ്ജിച്ച നാവികൾ ഇവിടത്തെ കൊടും വനാന്തരങ്ങളിൽ സസുഖം ജീവിയ്ക്കുന്നു. പെൻണ്ടോറയെ വരുതിയിലാക്കാൻ തന്നെ മനുഷ്യർ തീരുമാനിയ്ക്കുന്നു.
പെൻണ്ടോറയിലെ അന്തരീക്ഷവായു മനുഷ്യന് ശ്വസിക്കാൻ കഴിയില്ല. അതിനാൽ പെൻണ്ടോറയെ പര്യവേക്ഷണം ചെയ്യാൻ മനുഷ്യ ശാസ്ത്രജ്ഞർ മനുഷ്യരെ നാവികളുടെ ക്ലോണുകളായി പുനഃസൃഷ്ടിച്ച് ജനിതകപരമായി പെൻണ്ടോറയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്ന നാവി-മനുഷ്യ അവതാർ ആയി പെൻണ്ടോറയിലെത്തിയ്ക്കുകയാണ്. യുദ്ധത്തിൽ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഒരു പട്ടാളക്കാരനായിരുന്ന ജാക്ക് സള്ളിയാണ് കഥാനായകൻ. പെൻണ്ടോറയിലേക്ക് അവതാർ ആയി പോയാൽ അയാൾക്ക് ചലനശേഷി വീണ്ടുകിട്ടും. ഇതിൽ ആകൃഷ്ടനായ ജാക്ക് തൻറെ മരണമടഞ്ഞ ഇരട്ടസഹോദരനു പകരമായി പെൻണ്ടോരയിലെ നാവിയായി അവതരിയ്ക്കാൻ തയ്യാറാവുന്നു. അവതാർ പ്രോഗ്രാമിൻറെ തലവൻ ഡോ. ഗ്രേസ് അഗസ്റ്റിൻ സള്ളിയുടെ സേവനം അപര്യാപ്തമാണെന്ന് കരുതുന്നുവെങ്കിലും അദ്ദേഹത്തെ ഒരു അംഗരക്ഷകനെന്ന നിലയിൽ അംഗീകരിക്കുന്നു. അയാളെ പോലുള്ള അവതാറുകൾക്ക് പിന്നാലെ പട്ടാളക്കാരും ഈ ഗ്രഹത്തിലിറങ്ങും.
ഇതോടെ സ്വന്തം അസ്തിത്വത്തിനും പെൻണ്ടോറയുടെ നിലനിൽപ്പിനും വേണ്ടി നാവികൾ അന്തിമ യുദ്ധത്തിനൊരുങ്ങുന്നു. നാവിയായി അവതാരമെടുത്ത പെൻണ്ടോരയിലെത്തിയ നായകൻ ഇതിനിടെ ഒരു നാവി രാജകുമാരിയായ നെയ്‌ത്തീരിയെ കണ്ടെത്തുന്നതോടെയാണ് കഥാഗതി മാറുന്നത്. ഗ്രേസിന്റെയും ഡോ. നോർം സ്പെൽമാന്റെയും അവതാറുകൾക്ക് അകമ്പടി സേവിക്കവേ, ജെയ്‌ക്കിന്റെ അവതാർ പണ്ടോറൻ വന്യജീവികളുടെ ആക്രമണം നേരിടുകയും അയാൾ വനത്തിലേക്ക് ഓടിപ്പോകുമ്പോൾ അവിടെ നാവി വർഗ്ഗത്തിലെ ഒരു സ്ത്രീ പ്രജയായ നെയ്‌ത്തിരി അവനെ വന്യജീവികളിൽനിന്ന് രക്ഷിക്കുകയും ചെയ്യുന്നു.
ഒരു ശുഭസൂചനയ്ക്ക് സാക്ഷിയായ അവൾ അയാളെ തന്റെ കുലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. നെയ്‌ത്തിരിയുടെ മാതാവും വംശത്തിന്റെ ആത്മീയ നേതാവുമായ മൊവാത്ത്, ജെയ്‌ക്കിനെ അവരുടെ സമൂഹത്തിൽ ഉൾപ്പെടുത്താൻ മകളോട് കൽപ്പിക്കുന്നു. ആർഡിഎയുടെ സുരക്ഷാ സേനയുടെ തലവനായ കേണൽ മൈൽസ് ക്വാറിറ്റ്ച്ച്, നാവികളെയും അവർ ഒത്തുകൂടുന്ന സ്ഥലവും അടിയിൽ അനോബ്റ്റാനിയത്തിൻറെ സമൃദ്ധമായ നിക്ഷേപവുമുള്ള ബൃഹത്തായ ഹോംട്രീയെയും കുറിച്ചുള്ള വിവരങ്ങൾ തങ്ങൾക്ക് നൽകിയാൽ കമ്പനി അയാളുടെ ചലനരഹിതമായ കാലുകൾ പുനഃസ്ഥാപിക്കുമെന്ന് ജെയ്‌ക്കിനോട് വാഗ്ദാനം ചെയ്യുന്നു. ഇത് മനസിലാക്കിയ ഗ്രേസ് തന്നോടൊപ്പം ജേക്കിനെയും നോമിനെയും ഒരു കാവൽപ്പുരയിലേക്ക് മാറ്റുന്നു. ജെയ്‌ക്ക് ഗോത്രത്തിൻറെ ഭാഗമായതിനാൽ ജേക്കും നെയ്‌ത്തിരിയും പ്രണയത്തിലാകുന്നു. അവനും നെയ്തിരിയും പരസ്പരം ഇണകളായി തിരഞ്ഞെടുക്കുന്നു. ഒരു വിശുദ്ധ നാവി സൈറ്റിനു ഭീഷണിയാകുന്ന ഒരു ബുൾഡോസറിനെ പ്രവർത്തനരഹിതമാക്കാൻ ജെയ്ക്ക് ശ്രമിക്കുമ്പോൾ, ഹോംട്രീയെ നശിപ്പിക്കാൻ അഡ്മിനിസ്ട്രേറ്റർ പാർക്കർ സെൽഫ്രിഡ്ജ് ഉത്തരവിട്ടു. ഹോംട്രീയെ നശിപ്പിക്കുന്നത് പണ്ടോറയുടെ ബയോളജിക്കൽ ന്യൂറൽ ശൃംഖലയെ തകരാറിലാക്കുമെന്ന ഗ്രേസിന്റെ വാദം ഉണ്ടായിരുന്നിട്ടും, സെൽഫ്രിഡ്ജ് ജെയ്ക്കിനും ഗ്രേസിനും നാവികളെ അവിടെനിന്ന് ഒഴിപ്പിക്കാൻ ഒരു മണിക്കൂർ സമയം മാത്രം നൽകുന്നു.
താനൊരു ചാരനാണെന്ന് ജെയ്ക്ക് നാവികളോട് ഏറ്റുപറയുകയും നാവികൾ അയാളെയും ഗ്രേസിനെയും ബന്ദികളാക്കുകയും ചെയ്തു. ക്വാറിറ്റ്ച്ചിന്റെ ആളുകൾ ഹോംട്രീയെ നശിപ്പിക്കുകയും നെയ്‌ത്തിരിയുടെ പിതാവായ കുലത്തലവൻ ഉൾപ്പെടെ നിരവധി നാവി ജനങ്ങളെ വധിക്കുകയും ചെയ്തു. മൊവാത്ത് ജേക്കിനെയും ഗ്രേസിനെയും മോചിപ്പിക്കുന്നുവെങ്കിലും അവർ തങ്ങളുടെ അവതാറുകളിൽ നിന്ന് വേർപെടുത്തപ്പെട്ട് ക്വാറിച്ചിന്റെ സൈന്യത്താൽ തടവിലാക്കപ്പെട്ടു. ക്വാറിറ്റ്ച്ചിന്റെ ക്രൂരതയിൽ മനംനൊന്ത പൈലറ്റ് ട്രൂഡി ചാക്കോൺ, ജെയ്‌ക്കിനെയും ഗ്രേസിനെയും നോമിനെയും ഗ്രെയ്‌സിന്റെ കാവൽപ്പുരയിലേയ്ക്ക് വ്യോമമാർഗ്ഗം എത്തിക്കുന്നു. രക്ഷപ്പെടുന്നതിനിടയിൽ ഗ്രേസിന് വെടിയേറ്റു. നാവികൾ ഭയപ്പെടുകയും ഒപ്പം ബഹുമാനിക്കുകയും ചെയ്യുന്ന ഒരു മഹാസർപ്പ സമാനമായ ടോറുക്കിന്റെ മനസ്സുമായി തന്റെ മനസ്സിനെ ബന്ധിപ്പിച്ചുകൊണ്ട് ജെയ്ക്ക് നാവികളുടെ വിശ്വാസം വീണ്ടെടുക്കുന്നു. ആത്മാക്കളുടെ ദിവ്യവൃക്ഷത്തിന് സമീപം, ഗ്രേസിനെ സുഖപ്പെടുത്താൻ ജെയ്ക്ക് മൊവാത്തിനോട് അപേക്ഷിക്കുന്നു. ആത്മാക്കളുടെ വൃക്ഷത്തിൻറെ സഹായത്തോടെ ഗ്രേസിനെ അവളുടെ അവതാരത്തിലേക്ക് മാറ്റാൻ നാവി കുലം ശ്രമിക്കുന്നുവെങ്കിലും, അവൾ മരിക്കുന്നു. പുതിയ കുലത്തലവനായ സു'തെയുടെ പിന്തുണയോടെ, ജെയ്ക്ക് വംശത്തെ ഒന്നിപ്പിക്കുകയും RDA-യുമായി യുദ്ധം ചെയ്യാൻ വംശത്തിലെ എല്ലാവരും ഒരുമിച്ചുകൂടുവാൻ പറയുന്നു. നാവികളുടെ മനോവീര്യം തകർക്കാൻ ആത്മാക്കളുടെ വൃക്ഷത്തിനു നേരേ ക്വാറിറ്റ്ച്ച് ആക്രമണം സംഘടിപ്പിക്കുന്നു. ആത്മാക്കളുടെ വൃക്ഷവുമായുള്ള ഒരു ന്യൂറൽ ബന്ധത്തിലൂടെ ജെയ്ക്ക് നാവി ദേവതയായ ഐവയോട് പ്രാർത്ഥിക്കുന്നു. യുദ്ധത്തിൽ കനത്ത നാശനഷ്ടം സംഭവിച്ചവരിൽ സ്യൂട്ടേയും ട്രൂഡിയും ഉൾപ്പെടുന്നു.
പെൻണ്ടോറൻ വന്യജീവികൾ അപ്രതീക്ഷിതമായി ആക്രമണത്തിൽ ചേരുകയും മനുഷ്യരെ കീഴടക്കുകയും ചെയ്യുമ്പോൾ, നാവികൾ രക്ഷപെടുന്നതിനെ, ജേക്കിന്റെ പ്രാർത്ഥനയ്ക്ക് ഐവ ഉത്തരം നൽകുന്നുവെന്നാണ് നെയ്‌ത്തിരി വ്യാഖ്യാനിക്കുന്നത്. AMP സ്യൂട്ട് ധരിച്ച ക്വാറിറ്റ്ച്ച് തന്റെ തകർന്ന വിമാനത്തിൽ നിന്ന് രക്ഷപ്പെടുകയും ജെയ്‌ക്കിന്റെ മനുഷ്യശരീരം അടങ്ങിയ അവതാർ ലിങ്ക് യൂണിറ്റ് തകർക്കുകയും പണ്ടോറയുടെ വിഷലിപ്തമായ അന്തരീക്ഷത്തിലേക്ക് തുറക്കുകയും ചെയ്യുന്നു. ജെയ്‌ക്കിന്റെ അവതാറിന്റെ കണ്ഠം ഛേദിക്കാൻ ക്വാറിറ്റ്ച്ച് തയ്യാറെടുക്കവേ, നെയ്‌തിരി അവനെ കൊന്നുകൊണ്ട് ജെയ്ക്കിനെ ശ്വാസംമുട്ടലിൽ നിന്ന് രക്ഷിക്കുകയും അവന്റെ മനുഷ്യരൂപം ആദ്യമായി കാണുകയും ചെയ്യുന്നു.
തന്നെ സൃഷ്ടിച്ച മനുഷ്യർക്കൊപ്പമോ അതോ നാവികളുടെ നിലനിൽപ്പിന് വേണ്ടി യുദ്ധം ചെയ്യണമോ എന്ന് മനുഷ്യന്റെ 'നാവി അവതാർ' തീരുമാനിക്കേണ്ടി വരുന്നതോടെ അവതാർ ക്ലൈമാക്‌സിലേക്ക് പോവുകയാണ്. ജേക്ക്, നോർം, കൂടാതെ തിരഞ്ഞെടുത്ത ഏതാനും പേർ ഒഴികെ, എല്ലാ മനുഷ്യരും പെൻണ്ടോറയിൽ നിന്ന് പുറത്താക്കപ്പെടുന്നു. ആത്മാക്കളുടെ വൃക്ഷത്തിൻറെ സഹായത്തോടെ ജെയ്ക്ക് അവന്റെ അവതാറിലേക്ക് സ്ഥിരമായി മാറ്റപ്പെടുന്നതോടെ സിനിമ അവസാനിക്കുന്നു. സാം വർതിങ്ടൺ എന്ന ആസ്‌ട്രേലിയൻ നടനാണ് കഥാനായകനായ ജാക്ക് സള്ളിയെ അവതരിപ്പിയ്ക്കുന്നത്.
കഥാപാത്രങ്ങൾ
തിരുത്തുകമനുഷ്യർ
തിരുത്തുക- സാം വർതിങ്ടൺ - ജാക്ക് സള്ളി, യുദ്ധത്തിൽ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഒരു മറീൻ.
- സിഗേർണ്ണി വീവർ - ഡോ. ഗ്രേസ് അഗസ്റ്റീൻ,
- സ്ടിഫൻ ലാങ് - കേണൽ മൈൽസ് ക്വാറിച്ച്, മൈനിംഗ് ഓപ്പറേഷന്റെ സുരക്ഷാ സേനയുടെ തലവൻ.
നിർമ്മാണം
തിരുത്തുകലോക സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഈ സിനിമാസംരംഭം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. അവതാറിന് വേണ്ടി വോള്യം എന്നൊരു നൂതന ക്യാമറ സംവിധാനം തന്നെ കാമറൂൺ നിർമ്മിച്ചു[6]. ഈ ക്യാമറയ്ക്ക് സംവിധായകൻ പേറ്റന്റും സ്വന്തമാക്കിയിട്ടുണ്ട്[6].
യഥാർത്ഥത്തിൽ ടൈറ്റാനിക്കിനും മുമ്പേ 1994ൽ തന്നെ അവതാറിന്റെ സ്‌ക്രിപ്റ്റ് കാമറൂൺ തയ്യാറാക്കിയിരുന്നു. എന്നാൽ തന്റെ മനസ്സിലുള്ള കഥ ദൃശ്യമായി പരിവർത്തനം ചെയ്യുന്നതിന് യോജിച്ച സാങ്കേതിക വിദ്യകൾ അന്നില്ലാത്തതിനാൽ അദ്ദേഹം പ്രൊജക്ട് മാറ്റിവെച്ചു. അന്നത്തെ സാഹചര്യങ്ങളിൽ സിനിമ നിർമ്മിച്ചാൽ തന്റെ സ്‌ക്രിപ്റ്റിലുള്ളത് ക്യാമറയിലേക്ക് പകർത്താൻ കഴിയില്ലെന്ന് കാമറൂൺ മനസ്സിലാക്കിയിരുന്നു. അങ്ങനെ പതിനഞ്ച് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കാമറൂൺ അവതാറിനെ യാഥാർത്ഥ്യമാക്കിയത്.[7] ന്യൂസിലാൻഡിലെ വേറ്റ ഡിജിറ്റൽ എന്ന കമ്പനിയാണ് അവതാറിനാവശ്യമുള്ളത്രയും ഗ്രാഫിക്സുകൾ നിർമ്മിച്ചത്. ഇതിന്റെ നിർമ്മാണത്തിനായി പടുകൂറ്റൻ ഉബുണ്ടു സെർവർ ഫാമാണ് വേറ്റ ഉപയോഗിച്ചത്. ഓരോ മിനിറ്റ് നേരത്തേയ്ക്കുമുള്ള റെൻഡറിങ് ഡേറ്റ ഏകദേശം 17.28 ജി.ബി. ഉണ്ടായിരുന്നു[8].
തുടർ ഭാഗങ്ങൾ
തിരുത്തുകരണ്ടാം ഭാഗം
തിരുത്തുകചിത്രത്തിന്റെ വിജയത്തെ തുടർന്ന്, അവതാർ: ദി വേ ഓഫ് വാട്ടർ (അവതാർ 2 എന്നും അറിയപ്പെടുന്നു) എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം 2022-ൽ പുറത്തിറങ്ങി.
ഭാവി
തിരുത്തുകരണ്ട് ചിത്രങ്ങളുടെയും വിജയത്തെത്തുടർന്ന് കാമറൂൺ 20th സെഞ്ച്വറി ഫോക്സുമായി മൂന്ന് തുടർ ഭാഗങ്ങൾ കൂടി നിർമ്മിക്കാൻ ഒപ്പുവച്ചു. അവതാർ 3 പ്രധാന ചിത്രീകരണം പൂർത്തിയാക്കി, 2024-ൽ പുറത്തിറങ്ങും. ശേഷിക്കുന്ന തുടർച്ചകൾ, അവതാർ 4, അവതാർ 5 2026-ലും 2028-ലും റിലീസിന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു. വർത്തിംഗ്ടൺ, സൽദാന, ലാങ്, വീവർ എന്നിവരുൾപ്പെടെ നിരവധി അഭിനേതാക്കൾ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വാർത്തകളിൽ
തിരുത്തുകപ്രദർശനമാരംഭിച്ചതിനുശേഷം അവതാർ എല്ലായ്പ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിട്ടുണ്ട്. ഏറ്റവും അവസാനമായി അവതാർ വാർത്ത സൃഷ്ടിച്ചത് ചൈനയിലാണ്. 47 മില്ല്യൺ ഡോളറിന്റെ റെക്കോർഡ് കളക്ഷൻ നേടി ചൈനയിലെ എക്കാലത്തെയും മികച്ച വിജയം നേടിയ ഈ ചിത്രം പക്ഷേ വാർത്തകളിൽ നിറഞ്ഞത് ചൈനയിൽ ഇപ്പോൾ ഈ സിനിമ നേരിട്ട നിരോധനം മൂലമാണ്. ചൈനയിലെ ആഭ്യന്തര രംഗത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഈ സിനിമ കാരണമായേക്കാം എന്ന ഭീതിയാണ് ചൈനീസ് അധികൃതരെ ഇത്തരം ഒരു നീക്കത്തിലേക്ക് നയിച്ചത്. ഗവണ്മെന്റിന്റെ അധീനതയിലുള്ള 'ദി ചൈന ഫിലിം ഗ്രൂപ്പ്' ന്റെ വിലയിരുത്തൽ പ്രകാരം അന്യഗ്രഹ ഗ്രാമത്തിൽ കോളനിവൽക്കരണം നടത്തുക എന്ന സിനിമയുടെ കഥാതന്തു ചൈനയിൽ ഇന്ന് ചർച്ചചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിലൊന്നുമായി സാമ്യമുള്ളതാണ് എന്നാണ്. ഒപ്പം സിനിമക്ക് ചൈനയിൽ ലഭിച്ച പ്രസിദ്ധി അഭ്യന്തര സിനിമാവ്യവസായത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെട്ടിരുന്നു.
ഔദ്യോഗിക കണക്കുകൾ പ്രകാരം 237 ദശലക്ഷം ഡോളറാണ് ചിത്രത്തിന്റെ നിർമ്മാണ ചിലവ്[3]. മറ്റു കണക്കുകൾ പ്രകാരം 280 ദശലക്ഷം അല്ലെങ്കിൽ 310 ദശലക്ഷം ഡോളറാണ് ചിലവ്, 150 ദശലക്ഷം ഡോളർ പരസ്യപ്രചരണനത്തിനു ചെലവാക്കി[9][10][11]. ചിത്രം സ്വതേ ലഭ്യമായ ത്രിമാന രൂപത്തിനു പുറമേ, സാധാരണ ടാക്കീസുകൾക്കായി ദ്വിമാനമായും, വേണമെങ്കിൽ ചതുർമാനവുമായ പ്രദർശനത്തിനു സജ്ജമായും ചലച്ചിത്രം ഒരുക്കിയിരുന്നു[12]. ചിത്രത്തിലുപയോഗിച്ച സ്റ്റീരിയോസ്കോപിക് ആയ ചലച്ചിത്ര ഛായാഗ്രഹണ രീതി ചലച്ചിത്ര ഛായാഗ്രഹണത്തിന്റെ സ്വഭാവം മാറ്റാൻ പോന്നതാണ്.[13]. അന്യഗ്രഹജീവികളായ നാവികളുടെ ഭാഷയായ നാവി ഭാഷ യൂണിവേഴ‌്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിലെ ഭാഷാശാസ്ത്രജ്ഞനായ പോൾ ഫ്രോമർ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഒന്നാണ്[14]. നാവി ഭാഷയിൽ ആയിരത്തോളം വാക്കുകളുണ്ട്. അതിൽ മുപ്പതോളമെണ്ണം കാമറൂൺ സംഭാവന ചെയ്തതാണ്.
പുരസ്കാരങ്ങൾ
തിരുത്തുകമികച്ച ചിത്രത്തിനും, മികച്ച സംവിധായകനും ഉള്ള 2010 - ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് ഈ ചിത്രത്തിന് ലഭിച്ചു.[15]
പുറം കണ്ണികൾ
തിരുത്തുക- ↑ 1.0 1.1 "Avatar International Release Dates". foxinternational.com. Retrieved 2009-10-31.
- ↑ "Avatar (2009) - Release dates". IMDB.com. Retrieved 2009-10-09.
- ↑ 3.0 3.1 Patten, D. (December 3, 2009). "'Avatar's' True Cost -- and Consequences". The Wrap. Retrieved 2009-12-12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "Patten (2009)" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "BBFC rating and classification details for AVATAR". bbfc.co.uk. December 8, 2009. Retrieved December 8, 2009.
- ↑ https://www.asianetnews.com/entertainment/box-office/avatar-dethrones-avengers-endgame-is-now-biggest-hit-of-all-time-qpymx5
- ↑ 6.0 6.1 "James Cameron's 'Avatar' Film to Feature Vocals From Singer Lisbeth Scott". Newsblaze.com. Retrieved 2009-12-06.
- ↑ ദാറ്റ്സ്‍മലയാളം -അവതാർ അവതരിയ്ക്കുന്നു[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Jordan Hall. "Avatar film rendered with enormous Ubuntu server farm" (in ഇംഗ്ലീഷ്). Jordan Hall. Retrieved 17 ഒക്ടോബർ 2020.
- ↑ Barnes, Brooks (December 20, 2009). "'Avatar' Is No. 1 but Without a Record". The New York Times. The New York Times Company. Retrieved December 20, 2009.
- ↑ Fritz, Ben (December 20, 2009). "Could 'Avatar' hit $1 billion?". Los Angeles Times. Tribune Company. Retrieved December 20, 2009.
- ↑ Keegan, R. (December 3, 2009). "How Much Did Avatar Really Cost?". Vanity Fair. Archived from the original on 2010-01-14. Retrieved December 23, 2009.
- ↑ Han Sunhee (February 5, 2010). "'Avatar' goes 4D in Korea". Retrieved February 8, 2010.
- ↑ "James Cameron's 'Avatar' Film to Feature Vocals From Singer Lisbeth Scott". Newsblaze.com. Retrieved December 6, 2009.
- ↑ Jeff Jensen (January 10, 2007). "Great Expectations". Entertainment Weekly. Time Warner. Retrieved January 28, 2007.
- ↑ Golden Globes:Avatar triumphs at awards ceremony
- ↑ "The Way Of Water"അവതാർ സിനിമയുടെ രണ്ടാം ഭാഗം ഡിസംബർ 16-ന് തീയേറ്ററുകളിലെത്തും."https://www.malabarupdates.net/2022/12/the-way-of-water.html"