അറബി ജനത

(Arab എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അറബി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അറബി (വിവക്ഷകൾ) എന്ന താൾ കാണുക. അറബി (വിവക്ഷകൾ)

അറബി ഭാഷ സംസാരിക്കുന്ന ജനങ്ങളാണു് പൊതുവേ അറബികൾ എന്നറിയപ്പെടുന്നത്. എന്നാൽ അറേബ്യൻ ഉപദ്വീപിൽ അധിവസിക്കുന്ന സെമിറ്റിക് ജനത എന്ന അർത്ഥത്തിലാണ് അറബികൾ എന്ന പദം ആദ്യകാലത്ത് പ്രയോഗിക്കപ്പെട്ടിരുന്നത്. ക്രിസ്തുവർഷം ഏഴാം ശതകത്തിൽ പ്രസ്തുത ജനതയുടെ സ്വാധീനത വർദ്ധിച്ചതോടെയാണ് അതിന് ഇന്നത്തെ അർത്ഥവ്യാപ്തി ലഭിക്കുന്നത്.

അറബികൾ
العرب
Al-ʿArab
Total population
c. 420–450 million[1]
Regions with significant populations
 Arab League400 million[2]
 Brazil10,000,000[3]
 Indonesia5,000,000 (Arab ancestry)[4]
 United States3,500,000[5]
 Israel1,658,000[6]
 Venezuela1,600,000 (Arab ancestry)[7]
 Iran1,500,000
 Turkey1,700,000
Languages
Arabic, Modern South Arabian,[8][9] varieties of Arabic, French, English, Hebrew
Religion
Islam (predominantly Sunni, minority Shia, Nondenominational Muslims, Muwahhid Muslims), with Christianity and other religions, agnostics, deists[10]
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Other Semitic peoples and various Afro-Asiatic peoples

പേരിന് പിന്നിൽ

തിരുത്തുക

'അറബ്' എന്ന വാക്കിന് അക്ഷരശുദ്ധിയോടെ സംസാരിക്കുന്നവർ എന്നാണ് അർത്ഥം. അറബികളുടെ ഭാഷാപരമായ ഔന്നത്യം ഇവിടെ സൂചിതമാകുന്നു. ഉച്ചാരണശുദ്ധിയില്ലാത്തവർ എന്ന് അർത്ഥം വരുന്ന 'അജാം' എന്ന പദം പേർഷ്യക്കാരെ പരാമർശിക്കുവാനും ഉപയോഗിക്കപ്പെട്ടിരുന്നു.

വർഗീകരണം

തിരുത്തുക
 
4-6 നൂറ്റാണ്ടുകളിലെ അറബി വസ്ത്രധാരണ രീതി

ഒരു ജനത എന്ന നിലയിൽ അറബികളുടെ ആദ്യകാലചരിത്രം അജ്ഞാതമാണ്. ആധികാരികചരിത്രം ആരംഭിക്കുമ്പോൾ അറബികൾ മൂന്നു വിഭാഗങ്ങളായി വർഗീകരിക്കപ്പെട്ടിരുന്നു. വർഗീകരണത്തിന്റെ ശാസ്ത്രീയമായ അടിസ്ഥാനം എന്തായിരുന്നുവെന്ന് നിശ്ചയമില്ല. 'അൽ-അറബ് അൽ ബാഇദാ' എന്നു വിളിക്കപ്പെട്ടിരുന്ന ആദ്യവിഭാഗക്കാർ അന്യം നിന്നുപോയി. അവരെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മറ്റു രണ്ടു വിഭാഗങ്ങളും നോഹയുടെ പൊതുവായ പാരമ്പര്യം അവകാശപ്പെടുന്നവരാണ്. ഇവരിൽ 'ശുദ്ധ അറബികൾ' (അൽ അരബ് അൽ ആരീബ) യാരബിന്റെ സന്തതിപരമ്പരയിൽപ്പെട്ടവരാണെന്ന് വിശ്വസിക്കപ്പെടുന്നു. നോഹയുടെ മക്കളിൽ ഒരാളായ ശേമിന്റെ വംശത്തിൽപ്പെട്ട ഖഹ്താന്റെ മകനായിരുന്നുവത്രെ യാരബ്. യാരബിന്റെ സന്തതികൾക്ക് 'ആരബ്' (അറബികൾ) എന്നും അവരുടെ അധിവാസസ്ഥാനങ്ങൾക്ക് 'ആരബ്യ' (അറേബ്യ) എന്നും പേരുണ്ടായി. യാരബിന്റെ സന്തതികൾ മെസപ്പൊട്ടേമിയയിലും പരിസരപ്രദേശങ്ങളിലും ആടുമേച്ചും ഊരുചുറ്റി സഞ്ചരിച്ചും ജീവിതം നയിച്ചു. ഇവരിൽ ഒരു വിഭാഗം പില്ക്കാലത്ത് വടക്കൻ പ്രദേശങ്ങളിലേക്കു അധിവാസം മാറ്റി. ഇവർ 'യമനികൾ' എന്ന് അറിയപ്പെടുന്നു.

'അറബികളാക്കപ്പെട്ട അറബികൾ' എന്ന കൂട്ടരാണ് മൂന്നാമത്തെ വിഭാഗം. അവരും നോഹയുടെ വംശപാരമ്പര്യം അവകാശപ്പെടുന്നു. നോഹയുടെ മകനായ ശേമിന്റെ വംശജനായിരുന്നു, ഗോത്രപിതാവായ അബ്രഹാം. അബ്രഹാമിന് തന്റെ മിസ്രയീമ്യദാസിയായ ഹാഗാറിൽ ഒരു മകൻ ജനിച്ചു. യിശ്മായേൽ എന്നു പേരായ ഈ മകനും അവന്റെ അമ്മ ഹാഗാറും അബ്രഹാമിന്റെ ഭവനത്തിൽനിന്നു ബഹിഷ്കൃതരായി. അവർ അറേബ്യൻ മരുഭൂമിയിൽ (ഇന്നത്തെ മക്കയുടെ സ്ഥാനത്ത്) അശരണരായി ഉഴന്നു നടന്നപ്പോൾ ദൈവത്തിന്റെ ദൂതൻ വന്ന് അവരെ സമാശ്വസിപ്പിക്കുകയും സമീപംതന്നെ ഒരു നീരുറവ കാട്ടിക്കൊടുക്കുകയും ചെയ്തു. യിശ്മായേലിന്റെ സന്താനപരമ്പര ഒരു വലിയ ജനതയായിത്തീരുമെന്ന് ദൈവദൂതൻ പ്രവചിച്ചു. മരുഭൂമിയിൽ പാർത്ത യിശ്മായേലിന്റെ സന്തതികൾ ഒരു വലിയ ജനതയായിത്തീരുകയും ചെയ്തു. ക്രമേണ യാരബ്വംശജർ യിശ്മായേലിന്റെ നേതൃത്വം സ്വീകരിച്ചു. അങ്ങനെ ഇരുകൂട്ടരും ചേർന്ന് യിശ്മായേലിനെ ഗോത്രത്തലവനായി അംഗീകരിക്കുകയും ഒറ്റ ജാതിയായിത്തീരുകയും ചെയ്തു. എന്നിരുന്നാലും, യിശ്മായേൽ വംശജരെ 'അറബികളാക്കപ്പെട്ട അറബികൾ' എന്നാണ് യാരബ്വംശജർ കണക്കാക്കിയത്.

മരുഭൂമിയുടെ മക്കൾ

തിരുത്തുക

അറബികൾ ഒരു നാടോടിവർഗമായിരുന്നു. മരുഭൂമിയിലെ ജീവിതക്രമമാണ് നാടോടിസ്വഭാവത്തെ നിർണയിച്ചിരുന്നത്. വസന്തകാലം ആരംഭിക്കുന്നതോടെയാണ് അവിടെ സാധാരണ മഴ പെയ്യുന്നത്. അപ്പോൾ ശാദ്വലഭൂമികളിൽ സസ്യങ്ങൾ വളരും. എന്നാൽ ആ മണൽക്കാട്ടിൽ കിണറുകളില്ലായിരുന്നു. എങ്കിലും ഒട്ടകങ്ങളുടെ പാൽ കുടിച്ചു ജീവിതം നിലനിർത്തും. മഴക്കാലം കഴിയുന്നതോടെ സസ്യങ്ങൾ ഇല്ലാതാകും. അപ്പോൾ മരുഭൂമിയിലെ ചരൽനിറഞ്ഞ സ്ഥലങ്ങളിലേക്ക് താമസം മാറ്റും. കാരണം, അവിടെ കിണറു കുഴിക്കാൻ കഴിയും. ഇങ്ങനെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു മാറിമാറിപ്പൊയ്ക്കൊണ്ടിരുന്നു അവരുടെ ജീവിതം. വർഷപാതം ക്രമരഹിതമായിരുന്നതിനാൽ അവരുടെ സഞ്ചാരവും അനിശ്ചിതമായിരുന്നു. പ്രതിരോധാവശ്യങ്ങൾക്കും ഒട്ടകങ്ങളെ മേയ്ക്കുന്നതിനുംവേണ്ടി അവർ സംഘം ചേർന്നു. ഓരോ സംഘവും പൊതുവായ ഒരു പൂർവികന്റെ പാരമ്പര്യത്തിൽ വിശ്വസിച്ചിരുന്നു. വലിയ സംഘങ്ങളെ വംശമെന്നും ചെറുസംഘങ്ങളെ ഗോത്രമെന്നും വിളിച്ചിരുന്നു. ഗോത്രത്തലവൻ 'ഷേക്ക്' എന്നാണ് അറിയപ്പെടുന്നത്. ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് നീങ്ങുന്നത് ഷേക്കിന്റെ ആജ്ഞാനുസരണമായിരുന്നു. അന്യഗോത്രങ്ങളിൽ നിന്നെത്തുന്ന അതിഥികളെ സത്കരിക്കുക ഷേക്കിന്റെ ചുമതലയായിരുന്നു. ഷേക്കിന്റെ അധികാരശക്തിക്കു മുഖ്യനിദാനം വ്യക്തിപരമായ യോഗ്യതകൾ തന്നെ. എന്നാൽ നിയമപരമായ കാര്യങ്ങളിൽ പ്രായപൂർത്തിവന്ന എല്ലാ പുരുഷന്മാരും ചേർന്ന അസംബ്ളിയുടെ തീരുമാനങ്ങൾക്കു ഗോത്രത്തലവൻ വിധേയനായിരുന്നു. ഗോത്രങ്ങൾ തമ്മിലുണ്ടാകുന്ന തർക്കം ബുദ്ധിവൈഭവത്തിലും ഗോത്രാചാരവിജ്ഞാനത്തിലും നയതന്ത്രത്തിലുമെല്ലാം നിപുണനായ ഒരു മധ്യസ്ഥന്റെ തീരുമാനപ്രകാരം പരിഹരിക്കപ്പെട്ടിരുന്നു.

വൈരനിര്യാതനമായിരുന്നു മരുഭൂമിയിലെ ജീവിതഭദ്രതയുടെ അടിത്തറ. 'കണ്ണിനുപകരം കണ്ണ്, പല്ലിനു പകരം പല്ല്' എന്നായിരുന്നു സാമൂഹിക വഴക്കം. ആരെങ്കിലുമൊരാൾ വധിക്കപ്പെട്ടാൽ കൊലപാതകിയുടെ കുടുംബവും വംശവും ഗോത്രവും അതിന് ഉത്തരവാദികളാണ്. അവരിൽ ഒരു വ്യക്തി പകരം കൊല്ലപ്പെടണമെന്നു തീർച്ച. അതായത് പ്രതികാരം നിർവഹിക്കുകയെന്നത് സമൂഹത്തിന്റെ കർത്തവ്യമാണ്. തന്നിമിത്തം സംഘത്തിൽനിന്നു വേർതിരിഞ്ഞുനില്ക്കാൻ ഒരു വ്യക്തിക്കു സാധ്യമല്ല. സ്വന്തം സംഘത്തിൽനിന്നു വേർപെട്ടു പോകുന്ന വ്യക്തിക്കു മറ്റ് ഏതെങ്കിലുമൊരു സംഘത്തിൽ ഉൾപ്പെട്ടേ മതിയാകൂ. അങ്ങനെ ഗോത്രപരമായ ഐക്യദാർഢ്യമായിരുന്നു ജീവിതഭദ്രത ഉറപ്പു വരുത്തിയത്.

നാടോടികളായ ഗോത്രങ്ങൾക്കുപുറമേ സ്ഥിരവാസക്കാരായ അറബികളുമുണ്ടായിരുന്നു. ശാദ്വലപ്രദേശങ്ങളായിരുന്നു അവരുടെ ആസ്ഥാനം. ഇവയിൽ ഏറ്റവും പ്രസിദ്ധം യാത്രിബ് എന്ന സ്ഥലമായിരുന്നു. മുഹമ്മദുനബിയുടെ കാലം മുതൽ ഇതു മദീന എന്ന പേരിലാണ് അറിയപ്പെടുന്നത്. മദീന എന്നതിനു പ്രവാചകന്റെ നഗരം എന്നാണ് അർത്ഥം. ഉദ്ദേശം 65 ച.കി.മീ. വിസ്തൃതിയുള്ള ഈ പ്രദേശം കൃഷിക്കുപയുക്തമായിരുന്നു. ഇവിടെ അറേബ്യയുടെ മറ്റു ചില ഭാഗങ്ങളിലെന്നപോലെ കൃഷിസമ്പ്രദായം ആരംഭിച്ചത് യഹൂദമതക്കാരായ ഗോത്രങ്ങളായിരുന്നു. ഇവരുടെ പൂർവികന്മാർ പലസ്തീനിൽനിന്ന് അഭയാർഥികളായി എത്തിയവരാണ്. നേരത്തേതന്നെയുണ്ടായിരുന്ന അറബികൾ യഹൂദന്മാരുടെ അധീനതയിലാവുകയും ചെയ്തു. ഓരോ ഗോത്രത്തിനും സ്വന്തമായ കോട്ടകളും കൊട്ടാരങ്ങളുമുണ്ടായിരുന്നു. ബാഹ്യാക്രമണങ്ങളിൽനിന്നു രക്ഷ പ്രാപിക്കാൻ ഇവ സഹായകമായിരുന്നു. സാധാരണഗതിയിൽ ഇവർ പുറത്തെ കൃഷിഭൂമികളിൽ പാർത്തുവന്നു.

ഗ്രഹങ്ങളെയും പ്രകൃതിശക്തികളെയുമാണ് പുരാതന അറബികൾ ആരാധിച്ചിരുന്നത്. അറേബ്യയിലെ പല ഗോത്രങ്ങളും സൂര്യാരാധകരായിരുന്നു. അവർ സൂര്യക്ഷേത്രങ്ങളും വിഗ്രഹങ്ങളും സ്ഥാപിച്ചു. അഞ്ചാം ശതകത്തിന്റെ പൂർവാർദ്ധത്തിൽ ജീവിച്ചിരുന്ന അന്ത്യോഖ്യയിലെ സിറിയക്ക് കവിയായ ഐസക്ക്, അറബികൾ വീനസിനെ ആരാധിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആറാം ശതകത്തിന്റെ പൂർവാർധത്തിൽ ഹിറായിലെ മുന്ധിർ എന്ന അറബിരാജാവ് തടവുകാരായി പിടിച്ച ഒട്ടേറെ കന്യാസ്ത്രീകളെ വീനസിനു ബലികഴിച്ചതായി മറ്റൊരു കവി പ്രസ്താവിച്ചിട്ടുണ്ട്. ഗ്രഹങ്ങൾക്കുപുറമേ മൃഗങ്ങളുടെയും പ്രദേശങ്ങളുടെയും പേരിലുള്ള ഒട്ടേറെ ദേവതകളെയും അറബികൾ ആരാധിച്ചിരുന്നു. ദേവപ്രീതിക്കായി മൃഗബലിയും അപൂർവമായി നരബലിയും നടത്തിവന്നു. ഹീബ്രു ജനതയെപ്പോലെ ആദ്യസന്താനത്തെ ബലികഴിക്കുകയെന്ന ആചാരം അറബികളും അനുഷ്ഠിച്ചിരുന്നു. കുട്ടി ജനിച്ചാലുടൻ അതിന്റെ തല മുണ്ഡനം ചെയ്യുകയും കുട്ടിക്കു പകരമായി ഒരു ആടിനെ ബലികഴിക്കുകയും ചെയ്യുക എന്നതായിരുന്നു പതിവ്. ബലി നടക്കുമ്പോൾ ആരാധകർ ദേവാലയത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കുമായിരുന്നു.

ദേവാലയങ്ങൾ എന്നു കൃത്യമായി വിളിക്കാവുന്ന മന്ദിരങ്ങൾ വിരളമായിരുന്നു. ആരാധനാലയങ്ങൾ പവിത്രമായി കരുതപ്പെട്ടുപോന്നു. മക്കയിലെ 'കഅബ'യാണ് ഏറ്റവും പുരാതനമായ ദേവാലയം. പുരോഹിതന്മാർക്ക് സാമൂഹികമായി വിശുദ്ധസ്ഥാനം കല്പിക്കപ്പെട്ടിരുന്നു. ദേവാലയത്തിലേക്കു പ്രവേശനം നല്കുന്നവൻ എന്ന അർത്ഥമുള്ള 'സാദീൻ' എന്നാണ് പുരോഹിതന്മാർ വിളിക്കപ്പെട്ടിരുന്നത്.

മതപരമായ ഒട്ടേറെ ആചാരങ്ങളും അന്ധവിശ്വാസങ്ങളും പുരാതന അറബികൾക്കിടയിൽ നിലനിന്നിരുന്നു. സെമിറ്റിക്(യഹൂദ/ക്രൈസ്തവ) ആചാരമായ ചേലാകർമ്മം സാർവത്രികമായിരുന്നു. മതപരമായ ഒരു ചടങ്ങ് എന്ന നിലയിൽ ആവിർഭവിച്ച ഈ സമ്പ്രദായത്തെ യുക്തിബോധംകൊണ്ട് വിശദീകരിക്കാൻ ശ്രമിക്കാതെ ഒരു അവശ്യാചാരമായി അനുഷ്ഠിച്ചുപോന്നു. പിശാചുക്കളിലും പുരാതന അറബികൾ വിശ്വസിച്ചിരുന്നു. പിശാചുക്കൾ എല്ലായിടത്തുമുണ്ട്; പക്ഷേ, അവയെ വ്യക്തമായി കാണാൻ പാടില്ല; നിഴൽ രൂപികളാണവ-ഇതായിരുന്നു പിശാചിനെ (ജിൻ) പ്പറ്റിയുണ്ടായിരുന്ന സങ്കല്പം. ജിന്നിന് പല രൂപങ്ങൾ കൈക്കൊള്ളാൻ കഴിയും. പ്രത്യേകിച്ച് പാമ്പ്, പല്ലി, തേൾ തുടങ്ങിയ ഇഴജന്തുക്കളുടെ രൂപങ്ങൾ. ഈ വിശ്വാസംമൂലമാണ് പാമ്പിന് അറബിഭാഷയിൽ ജിൻ എന്ന പേരുണ്ടായത്. പുരാതന അറബികൾ ശകുനത്തിലും വിശ്വസിച്ചിരുന്നു[അവലംബം ആവശ്യമാണ്].

അറബികളും കേരളവും

തിരുത്തുക
 
അറബ് നൃത്തം - 2007 ലെ ദുബായി ഉത്സവത്തിൽ നിന്നും

ചരിത്രാതീതകാലം മുതൽക്കുതന്നെ കേരളത്തിന്റെ വാണിജ്യവിഭവങ്ങൾ തേടിവന്ന ഫിനീഷ്യരും ഗ്രീക്കുകാരും റോമാക്കാരും അറബികളും എല്ലാം 'മലബാർ'തീരത്തെ പ്രസിദ്ധ തുറമുഖങ്ങളിൽ കപ്പലുകൾ അടുപ്പിച്ചിരുന്നു. സോളമൻ ചക്രവർത്തിക്കുവേണ്ടി സ്വർണവും വെള്ളിയും ആനക്കൊമ്പും മയിലുകളും കുരങ്ങുകളുമെല്ലാം 'ഓഫീർ' എന്ന തുറമുഖത്തിൽനിന്നും കപ്പൽ കയറ്റിയിരുന്നുവെന്ന് ബൈബിളിൽ പരാമർശമുണ്ട്. ഈ 'ഓഫീർ' കേരളത്തിലെ ബേപ്പൂർ ആണെന്നു ചില ചരിത്രകാരന്മാർ വാദിക്കുന്നു. 'പൂവാർ' ആണെന്ന ഒരു വാദഗതിയും ഉണ്ട്. പല ഗ്രീക്-റോമൻ ചരിത്രകാരന്മാരും കേരളത്തിലെ 'മുസിരിയസി'നെക്കുറിച്ചു പ്രസ്താവിച്ചിട്ടുണ്ട്. ദീർഘകാലം നീണ്ടുനിന്ന ഈ കച്ചവടബന്ധത്തിന്റെ ചരിത്രം, ചരിത്രകാരന്മാരുടെ പഠനത്തിനു വിഷയമായിട്ടുണ്ട്. വിദേശങ്ങളിൽ ഇന്ത്യൻ സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരവിപണനങ്ങൾ ഗ്രീക്കുകാരെ പിൻതുടർന്ന് അറബികളാണ് ഏറ്റെടുത്തത്. ഏഡനും ഷഹറും കച്ചവടകേന്ദ്രങ്ങളെന്നതിനു പുറമേ നാവികർക്കു യാത്രാമധ്യേ നങ്കൂരമിട്ടു വിശ്രമിക്കാനുള്ള താവളങ്ങൾകൂടിയായിരുന്നു. ഈ രണ്ടു കേന്ദ്രങ്ങളുടെയും നിയന്ത്രണം അറബികളുടേതായതോടുകൂടി ഇന്ത്യയുമായി, പ്രത്യേകിച്ച് കേരളവുമായുള്ള വാണിജ്യത്തിന്റെ കുത്തക അവരുടേതായി മാറി. അറബികളുടെ ആധിപത്യം 16-ാം ശതകം വരെ അഭംഗുരം തുടർന്നിരുന്നു. അറബിക്കടലിന്റെ അധീശത്വം അവരുടേതായതോടുകൂടി മറ്റു പല രാജ്യങ്ങളിലും അറബികൾക്കു സ്വാധീനത വർദ്ധിച്ചു.

ഇന്ത്യയുടെ പല ഭാഗങ്ങളിലും അറബികളുടെ ചെറിയ സങ്കേതങ്ങൾ ഉണ്ടായിരുന്നതായി രേഖകളുണ്ട്. വ്യാപാരപ്രതിനിധികളെന്ന നിലയിലായിരുന്നിരിക്കണം ഇവർ ഇന്ത്യയിലെ പ്രധാന തുറമുഖകേന്ദ്രങ്ങളിൽ വാസമുറപ്പിച്ചിരുന്നത്. ഇസ്ലാംമതാവിർഭാവത്തിനു മുൻപുതന്നെ, ഇത്തരം കേന്ദ്രങ്ങൾ 'ചൗൾ', 'കല്യാൺ', 'സുപാര', 'മലബാർ' എന്നീ സ്ഥലങ്ങളിൽ ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. കേരളത്തിലെ അക്കാലത്തെ തുറമുഖങ്ങളിൽനിന്ന് അറബി പായ്ക്കപ്പലുകൾ കാലവർഷാരംഭത്തിനു മുൻപ് ചരക്കുകൾ സംഭരിച്ച് പുറപ്പെടുന്ന രംഗങ്ങൾ വിവരിക്കപ്പെട്ടിട്ടുണ്ട്. ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ എഴുതപ്പെട്ടിട്ടുള്ള സഞ്ചാരക്കുറിപ്പുകളിലും ചരിത്രവിവരണങ്ങളിലും ഇത്തരം പരാമർശങ്ങൾ കാണാം.

കേരളീയ രാജാക്കന്മാരുടെ വിശ്വസ്തസേവകരും നാവികമേധാവികളും എന്ന നിലയ്ക്ക് അറബികളും അവരുടെ അനുയായികളും കേരളത്തിലെ എല്ലാ പൊതുരംഗങ്ങളിലും അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

അറബികൾ കച്ചവടം പ്രമാണിച്ച് ഇടപെട്ടത് കേരളത്തിലെ നാടുവാഴികളുമായിട്ടായിരുന്നു. മധ്യകാലഘട്ടത്തിൽ കോഴിക്കോട് വാണിരുന്ന ഭരണാധികാരി (സാമൂതിരി) ക്കാണ് അറബികളുടെ സഹായംകൊണ്ട് കാര്യമായ നേട്ടമുണ്ടായത്. സാമൂതിരിയുമായി കച്ചവടബന്ധത്തിലേർപ്പെട്ടിരുന്ന അറബികൾ അദ്ദേഹത്തിന്റെ രാഷ്ട്രീയാധിപത്യം വിപുലമാക്കുന്നതിൽ വളരെയേറെ സഹായം നല്കി. കേരളത്തിലെ പ്രമുഖനായ രാജാവാകുവാൻ സാമൂതിരിക്കു സാധിച്ചത് അറബികളുടെ പിൻബലംകൊണ്ടായിരുന്നു. കോഴിക്കോട് ഒരു തുറമുഖകേന്ദ്രമായി വികസിപ്പിച്ചതും അവരുടെ സേവനത്തിന്റെ ഫലമായിട്ടായിരുന്നു. പല ചെറുരാജ്യങ്ങളെയും കീഴടക്കുവാൻ അവർ സാമൂതിരിയെ സഹായിച്ചു. വള്ളുവക്കോനാതിരിയെ കീഴടക്കിയ സാമൂതിരി കേരളത്തിലെ മറ്റു രാജാക്കന്മാരെക്കാൾ പ്രബലനായിത്തീർന്നതും അറബികളുടെ സഹായംമൂലമായിരുന്നു.

16-ാം ശ.-ത്തിൽ കേരളം സന്ദർശിച്ച പോർച്ചുഗീസ് ഉദ്യോഗസ്ഥനായിരുന്ന ബാർബോസ രേഖപ്പെടുത്തിയിട്ടുള്ളത് ഇവിടം മുസ്ലിങ്ങളുടെ ഭരണത്തിൻകീഴിലാകാൻ ഇടയുണ്ടെന്നായിരുന്നു. കേരളത്തിൽ അറബികൾ ഇസ്ലാംമതത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയും അനുയായികളെ സമ്പാദിക്കുകയും ചെയ്തിരുന്നു. മധ്യകേരള രാഷ്ട്രീയത്തിൽ പല നിർണായകസംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച കണ്ണൂർ അറയ്ക്കൽ രാജവംശം ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ തന്നെ സ്ഥാപിതമായി എന്നാണ് കരുതിപ്പോരുന്നത്. ബ്രിട്ടീഷ് ആധിപത്യകാലം വരെ മലബാറിലെ രാഷ്ട്രീയ വാണിജ്യരംഗങ്ങളിൽ ഈ രാജവംശം സ്വാധീനം ചെലുത്തി.

അറബിക്കടലിലെ നാവികമേധാവിത്വം പോർച്ചുഗീസുകാലം വരെ അറബികൾക്കായിരുന്നു. സാമൂതിരിയുടെ നാവികവിഭാഗം ഇവരുടെ നിയന്ത്രണത്തിലായിരുന്നു. കുഞ്ഞാലിമരക്കാർമാരുടെ കാലമായപ്പോഴേക്കും പോർച്ചുഗീസുകാരുടെ വരവാരംഭിച്ചു. 1500-1600 കാലഘട്ടം പോർച്ചുഗീസുകാരും സാമൂതിരിയുടെ നാവികരും തമ്മിൽ വ്യാപാരക്കുത്തകയ്ക്കുവേണ്ടി നടത്തിയ സമരങ്ങളുടെ കാലമാണ്.

ഇസ് ലാം മതം അറേബ്യയിൽ പ്രചരിക്കുന്നതിനു മുൻപുതന്നെ അറബികൾ കേരളത്തിലും ഇന്ത്യയുടെ മറ്റു തീരപ്രദേശങ്ങളിലും സിലോണിലും ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിലും കച്ചവടത്തിനുവേണ്ടി എത്തിയിരുന്നു. എ.ഡി. 7-ാം ശ.-ത്തിൽ അറബികൾ ഇസ്ലാംമത പ്രചാരണത്തിനുവേണ്ടിയും സഞ്ചാരകൌതുകത്താലും വ്യാപാരാവശ്യാർഥവും വർദ്ധമാനമായ തോതിൽ വിദേശങ്ങളിലേക്കു സഞ്ചരിക്കുവാൻ തുടങ്ങി. അന്നുതന്നെ പ്രസിദ്ധ തുറമുഖങ്ങളുണ്ടായിരുന്ന കേരളത്തിന്റെ തീരപ്രദേശങ്ങൾ ഇവരുടെ പ്രവർത്തനമേഖലകളായിത്തീർന്നു. ശ്രീലങ്കയിലെ ആദംമലയിലേക്കു തീർഥാടനത്തിനുവേണ്ടി ഒരു സംഘം അറബികൾ പുറപ്പെട്ടുവെന്നും അവർ യാത്രാമധ്യേ അന്നത്തെ കേരളത്തിലെ പ്രധാന തുറമുഖപട്ടണമായ കൊടുങ്ങല്ലൂരിൽ ഇറങ്ങിയെന്നും ഐതിഹ്യമുണ്ട്. നാടുവാണിരുന്ന ചേരമാൻ ചക്രവർത്തിയുമായി അവർ സംഭാഷണത്തിലേർപ്പെട്ടുവെന്നും അറേബ്യയെ ആകമാനം കീഴടക്കിയ ഇസ്ലാംമതത്തിന്റെ സാമൂഹികസാമ്പത്തികാശയങ്ങളിൽ ആകൃഷ്ടനായി തന്റെ അതിഥികളോട് മടക്കയാത്രയിൽ, തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ചക്രവർത്തി ആവശ്യപ്പെട്ടുവെന്നും അങ്ങനെ കേരളത്തിന്റെ അവസാന ചക്രവർത്തി തന്റെ രാജ്യം വീതിച്ചുകൊടുത്ത് മക്കയിലേക്കു പുറപ്പെട്ടു എന്നുമുള്ള ഒരു ഐതിഹ്യം നിലവിലുണ്ട്. പക്ഷേ, ചരിത്രകാരന്മാരുടെ ഇടയിൽ ഇതേപ്പറ്റി അഭിപ്രായഭേദങ്ങളുണ്ട്. കേരളത്തിലെ ചെറിയ നാടുവാഴികളിൽ ആരെങ്കിലുമായിരിക്കാം ഈ കഥയിലെ കഥാപുരുഷൻ എന്നു ചിലർ കരുതുന്നു. കൊടുങ്ങല്ലൂർ ഭരിച്ചിരുന്ന രാജാവ് സാമൂതിരി വംശത്തിൽപ്പെട്ട ആരെങ്കിലുമായിരുന്നിരിക്കാൻ ഇടയുണ്ടെന്നാണ് മറ്റു ചിലരുടെ വാദം. പോർച്ചുഗീസ് സഞ്ചാരിയായ ബാർബോസയും അദ്ദേഹത്തെ പിൻതുടർന്ന് എല്ലാ എഴുത്തുകാരും ചേരമാൻ ചക്രവർത്തിയുടെ മതംമാറ്റവും തജ്ജന്യമായ ഇസ്ലാമിക അതിപ്രസരവും വിവരിച്ചിട്ടുള്ളതാണ്. കേരളത്തിലെ രാജസ്ഥാനങ്ങളുടെ ഉദ്ഭവത്തെ പരാമർശിക്കുന്ന ഗ്രന്ഥങ്ങളിൽ പലതിലും ചേരമാൻപെരുമാളുടെ മക്കായാത്രയെത്തുടർന്ന് വിഭജിക്കപ്പെട്ടതാണ് ഇവിടത്തെ രാജവംശങ്ങളെന്നു പ്രസ്താവിക്കുന്നതും കണക്കിലെടുക്കേണ്ടതുണ്ട്. ഏതായാലും മുഹമ്മദുനബിയുടെ കാലത്തുതന്നെ (570-632) വ്യാപാരികളും സഞ്ചാരികളുമായ അറബികൾ കേരളത്തിലും ഈ പുതിയ മതത്തിനു ബീജാവാപം നടത്തിയിട്ടുണ്ടായിരിക്കണം എന്നതിൽ തർക്കമില്ല.

കേരളത്തിൽ ആദ്യം വന്ന അറബി മിഷണറിമാർ മാലിക് ഇബ്നുദീനാറും ഷറഫ് ഇബ്നു മാലിക്കും മാലിക് ഇബ്നു ഹബീബും ഇവരുടെ കുടുംബങ്ങളുമായിരുന്നുവെന്നാണു വിശ്വസിക്കപ്പെടുന്നത്. ഇവർ കേരളത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ച് നാടുവാഴികളുടെ അനുവാദത്തോടും അനുഗ്രഹത്തോടുംകൂടി പല പള്ളികളും നിർമ്മിക്കുകയുണ്ടായി. മാലിക് ഇബ്നു ദീനാർ കൊടുങ്ങല്ലൂരിലാണ് ആദ്യം കപ്പലിറങ്ങിയതെന്നും അവിടത്തെ രാജാവിന്റെ സമ്മതത്തോടുകൂടി ഇന്ത്യയിലെ ആദ്യത്തെ പള്ളിയെന്നു വിശേഷിപ്പിക്കപ്പെടാറുള്ള ചേരമാൻ ജുമാ മസ്ജിദ് പണികഴിച്ച് അതിന്റെ ആദ്യത്തെ 'ഖാസി'യായെന്നും കരുതപ്പെടുന്നു. കുറച്ചുകാലത്തിനുശേഷം അദ്ദേഹവും മാലിക് ഇബ്നു ഹബീബും അവരുടെ കുടുംബാംഗങ്ങളും കൂടി കൊല്ലത്തു വരികയും 'തെക്കൻ കോലത്തിരി'യുടെ അനുവാദത്തോടുകൂടി അവിടെ ഒരു പള്ളി ഉണ്ടാക്കുകയും ചെയ്തു. മാലിക് ഇബ്നുദീനാറിന്റെ പുത്രനായ ഹസനാണ് അവിടെ 'ഖാസി'യായി നിയമിതനായത്. മൂന്നാമതു നിർമിച്ച പള്ളി ചിറയ്ക്കൽ താലൂക്കിൽ മാടായിയിൽ പഴയങ്ങാടിക്കു സമീപമാണ്; അവിടെ മറ്റൊരു പുത്രനായ അബ്ദുർറഹിമാനെ 'ഖാസി'യായി നിയമിച്ചു. തുടർന്ന് ബക്കന്നൂർ, മംഗലാപുരം, കാസർകോട് എന്നിവിടങ്ങളിലാണ് പള്ളികൾ നിർമിച്ചത്. മാലിക് ഇബ്നു ഹബീബിന്റെ പുത്രന്മാരായ ഇബ്രാഹിം, മൂസാ, മുഹമ്മദ് എന്നിവരെ യഥാക്രമം ഇവിടങ്ങളിൽ 'ഖാസി'മാരായി ചുമതലപ്പെടുത്തുകയും ചെയ്തു. ശ്രീകണ്ഠാപുരം പള്ളിയാണ് അടുത്തത്. അവിടെ മാലിക് ഇബ്നു ദീനാറിന്റെ പുത്രനായ ഉമറാണ് 'ഖാസി'യായി നിയമിതനായത്. തുടർന്ന് ധർമപട്ടണത്തും പന്തലായിനിയിലും ചാലിയത്തും പള്ളികൾ നിർമ്മിക്കുകയും അവിടങ്ങളിൽ ഹസൻ, മുഹമ്മദ്, താഖിയുദ്ദീൻ എന്നീ പുത്രന്മാരെ യഥാക്രമം 'ഖാസി'മാരായി നിയമിക്കുകയും ചെയ്തു. കേരളത്തിൽ ആദ്യമായി പണികഴിക്കപ്പെട്ട പള്ളികൾ ഇവയാണെന്ന കാര്യത്തിൽ സംശയമില്ല. ചില പള്ളികളിൽനിന്നും ലഭ്യമായിട്ടുള്ള രേഖകളിൽനിന്നു വ്യക്തമാകുന്നത് മുഹമ്മദുനബിയുടെ കാലത്തുതന്നെ കേരളത്തിൽ ഇസ്ലാംമത പ്രചാരണവും മതപരിവർത്തനവും നടന്നിരുന്നുവെന്നാണ്.

ഇന്ത്യയുടെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് ഇസ്ലാമിക പ്രചാരണം കേരളത്തിലാണു കൂടുതൽ ഫലവത്തായത്. അറബികളുടെ കേരളത്തിലെ ഇസ്ലാമിക പ്രചാരണകേന്ദ്രങ്ങളിൽ പ്രധാനമായിരുന്നത് പൊന്നാനിയായിരുന്നു. 'കൊച്ചുമക്ക' എന്നാണ് ഇവിടം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. കേരളത്തിൽ ആദ്യകാലത്തു കല്ലച്ച് ഉപയോഗിച്ചു മുദ്രണം നടത്തിയിട്ടുള്ള കേന്ദ്രങ്ങളിൽ ഒന്നാണിത്. ഇസ്ലാമിക സിദ്ധാന്തങ്ങളുടെ പ്രബോധനം നടത്തുന്നതിൽ പൊന്നാനി വഹിച്ച പങ്ക് പ്രസ്താവ്യമാണ്. മതപരിവർത്തനത്തിനാഗ്രഹിച്ചിരുന്നവരെ അടുത്തകാലം വരെ പൊന്നാനിയിലേക്കു പറഞ്ഞയയ്ക്കുകയായിരുന്നു പതിവ്. മതത്തെപ്പറ്റിയുള്ള പ്രാഥമിക പ്രമാണങ്ങൾ പുതുവിശ്വാസികളെ പഠിപ്പിക്കുകയും അവർക്കു ആചാരാനുഷ്ഠാനങ്ങൾ സംബന്ധമായി പരിശീലനം നല്കുകയും ചെയ്യുന്നതിനുള്ള ഒരു സംവിധാനം തയ്യാറാക്കിയതു പൊന്നാനിയിലായിരുന്നു. മതഗ്രന്ഥങ്ങൾ അച്ചടിച്ചു വില്പന നടത്തുന്ന സമ്പ്രദായം ഇസ് ലാമിക സിദ്ധാന്തങ്ങൾക്കു പ്രചാരം കിട്ടാൻ സഹായകമായി. അങ്ങനെ കേരളീയ മുസ്ലീങ്ങളുടെ നേതൃത്വം പൊന്നാനിക്കു ലഭിച്ചു. അറബി വംശജരായ 'മഖ്ദൂം' കുടുംബക്കാരാണ് പരമ്പരാഗതമായി ഈ നേതൃത്വത്തിന്നവകാശികളായിത്തീർന്നത്. ചരിത്രകാരനായ ഷെയിഖ് സെയ്നുദ്ദീൻ ഈ കുടുംബത്തിലെ അംഗമായിരുന്നു. അറബിയിൽ അദ്ദേഹമെഴുതിയ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ പ്രസിദ്ധ ചരിത്രഗ്രന്ഥമായ തുഹ്-ഫത്തുൽ മുജാഹിദീൻ പതിനെട്ടു ഭാഷകളിലേക്ക് ഇതുവരെ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ സ്മരിക്കപ്പെടുകയും അർച്ചനകൾ അർപ്പിക്കപ്പെടുകയും ചെയ്യുന്ന അറബിവംശജരായ ശൈഖ്കളുടെ (വിശുദ്ധന്മാർ) അനവധി ശവകുടീരങ്ങൾ കാണാം. ശൈഖ്മുഹിയുദ്ദീൻ, കൊണ്ടോട്ടി തങ്ങൾമാർ, മമ്പ്രം തങ്ങൾമാർ തുടങ്ങിയവരെ കബറടക്കിയ ശവകുടീരങ്ങൾ ഇന്നും പുണ്യസ്ഥലങ്ങളായി മുസ്ലിങ്ങൾ കരുതുന്നു.

കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ ചില വ്യതിയാനങ്ങൾ ഇസ്ലാംമതം സൃഷ്ടിച്ചിട്ടുണ്ട്. ഇവിടത്തെ ജാതിസമ്പ്രദായവും സാമൂഹികാചാരങ്ങളും പരിഷ്കരിക്കുന്നതിൽ അറബികൾ ഒരതിരുവരെ ശ്രമിച്ചിരുന്നു. മാറും തലയും മറയ്ക്കുകയെന്ന പരിഷ്കാരവും അതിനു പറ്റിയ വേഷവിധാനങ്ങളും ആവിർഭവിച്ചത് അറബികളുടെ ആഗമനത്തിനുശേഷമാണ് എന്നൊരഭിപ്രായം ഉണ്ട്. ഈത്തപ്പഴവും കാരയ്ക്കായും മാത്രമല്ല അറബികൾ ഇവിടെ ഇറക്കുമതി ചെയ്തത്. പുതിയ ആഹാരവിഭവങ്ങളും പാചകസമ്പ്രദായങ്ങളും അവർ കേരളത്തിൽ പ്രചരിപ്പിച്ചു. സ്വഭാവവൈശിഷ്ട്യംമൂലം അറബികൾക്കും അവരുടെ മതാനുയായികൾക്കും കേരളത്തിലെ ഭരണകർത്താക്കൾ ആദരണീയമായ സ്ഥാനം കല്പിച്ചിരുന്നു. അറബികളെയും അവരാൽ മതപരിവർത്തനം ചെയ്യപ്പെട്ടവരെയും 'മാപ്പിളമാർ' എന്നാണ് വിളിച്ചിരുന്നത്. 'മഹാപിള്ള' എന്ന അർത്ഥത്തിൽ ബഹുമാനപൂർവം അവർക്കു നല്കിയ സ്ഥാനപ്പേരായിരുന്നു ഇതെന്നു ചിലർ വ്യാഖാനിക്കുന്നു. ക്രിസ്ത്യാനികളെ 'നസ്രാണി മാപ്പിള'മാരെന്നും മുസ്ലിങ്ങളെ 'ജോനക മാപ്പിള'മാരെന്നും പറഞ്ഞുവന്നിരുന്നു. നസ്രേത്തിൽനിന്നും നസ്രാണി ഉണ്ടായതുപോലെ യവനർ എന്നതിൽനിന്നും ജോനകർ എന്ന സംജ്ഞയും ഉണ്ടായി എന്നൊരു അഭിപ്രായമുണ്ട്.

ഇസ് ലാം മതപ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ മലയാളം ഒരു സ്വതന്ത്ര ഭാഷയായി വികാസം പ്രാപിച്ചിരുന്നില്ല. ഈ കാലത്ത് മതപരമായ ആവശ്യങ്ങളെ മുൻനിർത്തി അറബിഭാഷ ഇവിടെ ക്രമേണ പ്രചരിച്ചു. എങ്കിലും നിഷ്കൃഷ്ട പരിശീലനം കൊണ്ടുമാത്രം സ്വായത്തമാക്കാൻ സാധിക്കുന്ന ഈ ഭാഷ ജനസമ്പർക്കത്തിന് ഉതകുംവണ്ണം വേരൂന്നിയില്ല. തത്ഫലമായി രൂപംകൊണ്ട സങ്കരഭാഷാഭേദങ്ങളാണ് അറബിമലയാളവും അറബിത്തമിഴും. ജനങ്ങളുടെ ഭാഷ അറബിലിപിയിലെഴുതപ്പെട്ടപ്പോൾ ഇരുകൂട്ടർക്കും ആശയവിനിമയത്തിനു കൂടുതൽ സൗകര്യം ലഭിച്ചു. അറബിമലയാളവും തമിഴും പല സാഹിത്യസമ്പത്തുകളും മുസ്ലിങ്ങൾ കേരളത്തിനു സംഭാവന ചെയ്തിട്ടുണ്ട്. അറബി-മലയാള സാഹിത്യവും മാപ്പിളപ്പാട്ടുകളും കേരളീയസാഹിത്യസമ്പത്തിന്റെ ഒരു ഭാഗമാണ്.

അറബികളുടെ സംഭാവനകളിൽ പ്രധാനമായത് ഇവിടെ വന്നും പോയും കൊണ്ടിരുന്ന സഞ്ചാരികളും പണ്ഡിതന്മാരും എഴുതിയിട്ടുള്ള ഗ്രന്ഥങ്ങളാണ്. പോർച്ചുഗീസുകാരുടെ വരവിനു മുൻപുള്ള കേരളത്തിന്റെ ചരിത്രം മനസ്സിലാക്കുവാനുള്ള മാർഗ്ഗം ഇന്നും ഏറെക്കുറെ ഈ ഗ്രന്ഥങ്ങൾ തന്നെ. കേരളത്തിലെ സാമൂഹികസ്ഥിതിയെയും രാജാക്കന്മാരെയും രാജസ്ഥാനങ്ങളെയും കയറ്റുമതിയെയും ഇറക്കുമതിയെയും വ്യാവസായികസമ്പർക്കങ്ങളെയും സംബന്ധിച്ച് അറബി ചരിത്രകാരന്മാരും ഭൂമിശാസ്ത്രജ്ഞന്മാരും വ്യക്തമായ വിവരണങ്ങൾ എഴുതിയിട്ടുണ്ട്. 844-48 കാലത്ത് കേരളം സന്ദർശിച്ച അറബി സഞ്ചാരിയാണ് ഇബ്നുഖുർദാദ്ബി; 851-ൽ കേരളത്തിൽ വന്ന സുലൈമാൻ, അദ്ദേഹത്തിന്റെ യാത്രാവിവരണഗ്രന്ഥമായ സിൽസിലത്തുൽ തവാരിഖ് എന്ന ഗ്രന്ഥത്തിൽ കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സ്ഥിതികളെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് സഞ്ചാരികളും ചരിത്രകാരന്മാരുമായ യാഖൂബീ (875-80), ഇബ്നുൽ ഫക്കീഹ് (903), അബുസൈദ് (950), മസ്ഊദി (943-55), ഇസ്തഖരി (950), ഇബ്നു ഹൌക്കൽ (975), മഖ്ദീസി (985), അൽബീറൂനീ (973-1048), അൽ ഇദ്രീസി (1154), യാഖൂത് (1179-1229), അൽകസ്വീനി (1203-83), ദിവിഷ്ഖി (1325), അബുൽഫിദ (1273-1331), ഇബ്നുബത്തൂത്ത (1355), അബ്ദുർറസാക്ക് (1442) മുതലായ നിരവധി അറബിപണ്ഡിതന്മാർ കേരളം സന്ദർശിച്ചു. അവരെഴുതിയിട്ടുള്ള സഞ്ചാരക്കുറിപ്പുകളും വിവരണങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഗ്രന്ഥശേഖരങ്ങളിൽ കാണാം. 9 മുതൽ 14 വരെ നൂറ്റാണ്ടുകളിലെ കേരള ചരിത്രത്തെക്കുറിച്ചറിയാൻ ഈ കൃതികൾ സഹായിക്കുന്നു.

കേരളത്തിൽനിന്നും പ്രസിദ്ധീകൃതങ്ങളായ ഒട്ടേറെ അറബിഗ്രന്ഥങ്ങളുണ്ട്. അവയിൽ പത്തുകിതാബ്, ഇർശാദ്, അസ്സൈറുവസുലൂക്ക് എന്നിവ കേരളത്തിലെ എല്ലാ അറബിവിദ്യാലയങ്ങളിലും പാഠപുസ്തകങ്ങളാണ്. അവസാനത്തേതിന്റെ കർത്താവ് ഫക്കീഹ് ഹുസൈൻ ഇബ്നു അഹമ്മദ് ദഹ്ഫത്നീ എന്ന അറബിപണ്ഡിതനാണ്. അറുന്നൂറുകൊല്ലം മുമ്പ് കേരളത്തിൽ വന്ന ഇബ്നുബത്തൂത്ത ധർമപട്ടണത്തുവച്ച് ഇദ്ദേഹത്തെ കണ്ടതായി രേഖപ്പെടുത്തിയതിൽനിന്ന് ഏറ്റവും പഴക്കം ചെന്ന അറബിഗ്രന്ഥം ഇതായിരിക്കാമെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. അറബിഭാഷയും സാഹിത്യവും പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കേന്ദ്രവും പൊന്നാനി തന്നെയായിരുന്നു. അവിടത്തെ ശൈഖ് സെയ്നുദ്ദീനിബിനു അലിയെന്ന വലിയ സൈനുദ്ദീൻ മഖ്ദൂം ആണ് അറബിഗ്രന്ഥകാരന്മാരിൽ അഗ്രഗണ്യൻ. 1468നും 1521നും ഇടയ്ക്ക് ജീവിച്ചിരുന്ന അദ്ദേഹം ഇസ്ലാമികലോകത്തെങ്ങും അറിയപ്പെട്ടിരുന്ന പണ്ഡിതനായിരുന്നു. അദ്ദേഹം എഴുതിയ അറബിഗ്രന്ഥങ്ങൾ താഴെപറയുന്നവയാണ്; (1) മൂർഷിദുത്തുല്ലാബ് (2) സിറാജൂൽഖുലൂബ് (3) ഷംസുൽഹുദാ (4) ഇർശാദുൽ ഖാസീദിൻ (5) തുഹ്ഫത്തുൽ അഹിബ്ബാ (6) ശുഅബ്ല് ഈമാൻ (7) കിഫായത്തുൽ ഫറായിദ് (8) കിതാബുസ് സഫാമിനശിഫാ (9) തസ്ഹീലുൽ കാഫിയ.

മഖ്ദൂമിന്റെ പൗത്രൻ ശൈഖ്സൈനുദ്ദീൻ II ആണ് പ്രസിദ്ധനായ മറ്റൊരു ഗ്രന്ഥകർത്താവ്. ഇദ്ദേഹത്തിന്റെ കൃതികൾ ഫത്തഹുൽ മു ഈനും തുഹ്ഫത്തുൽ മുജാഹിദീനുമാണ്. ഒന്നാമത്തേത് അറബി രാജ്യങ്ങളിലും ജാവയിലും മറ്റും പ്രചാരമുള്ള ഒരു ഗ്രന്ഥമാണ്. ഈ ഗ്രന്ഥത്തിനു വ്യാഖ്യാനങ്ങൾ എഴുതിയിട്ടുള്ള പണ്ഡിതന്മാർ വളരെയുണ്ട്. സൈനുദ്ദീൻ IIന്റെ സമകാലികനായിരുന്നു ഖാസിമുഹമ്മദ്. മുഹിയിദ്ദീൻ മാലയും ഫത്തഹുൽമുബീനും ഖാസി എഴുതിയിട്ടുള്ളവയാണ്. ആദ്യത്തേത് ഒരു ഭക്തികാവ്യവും രണ്ടാമത്തേത് പോർച്ചുഗീസുകാരുടെ ആഗമനവും അവർ കേരളത്തിൽ നടത്തിയ അക്രമങ്ങളും വിവരിക്കുന്ന ഒരു കൃതിയുമാണ്. കേരളീയരായ മതപണ്ഡിതന്മാർ പലരും അറബിഭാഷയിൽ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്.

അറബികളുടെ സ്വാധീനം കേരളീയകലകളിലും ശില്പസംവിധാനത്തിലും കാണാൻ കഴിയും. മുസ്ലിംപള്ളികളും ജാറങ്ങളും (ഖബറുകൾ) കേരളീയ ശില്പകലാമാതൃകയിൽ നിന്നും വ്യത്യസ്തമാണ്. ഇന്നും മുസ്ലിങ്ങൾക്കിടയിൽ പ്രചാരത്തിലിരിക്കുന്ന പല ദൃശ്യകലകളും നാടൻപാട്ടുകളും സംഗീതരൂപങ്ങളും വൈദേശിക സ്വാധീനം ഉള്ളവയാണ്. കേരളത്തിന്റെ സാംസ്കാരികരംഗത്ത് പല സംഭാവനകളും അറബികൾ നല്കിയിട്ടുണ്ട്.

  1. Margaret Kleffner Nydell Understanding Arabs: A Guide For Modern Times, Intercultural Press, 2005, ISBN 1931930252, page xxiii, 14
  2. total population 450 million, CIA Factbook estimates an Arab population of 450 million, see article text.
  3. http://www.saudiaramcoworld.com/issue/200505/the.arabs.of.brazil.htm
  4. Hadramaut dan Para Kapiten Arab
  5. "The Arab American Institute". Aaiusa.org. Retrieved 17 September 2011.
  6. "65th Independence Day – More than 8 Million Residents in the State of Israel" (PDF). Israel Central Bureau of Statistics. 14 April 2013. Retrieved 12 February 2014.
  7. http://www.thedailybeast.com/articles/2013/09/15/abdel-el-zabayar-from-parliament-to-the-frontlines.html "Venezuela, where the estimated 1.6 million people of Arab descent..."
  8. Kister, M.J. "Ķuāḍa." Encyclopaedia of Islam. Edited by: P. Bearman, Th. Bianquis, C.E. Bosworth, E. van Donzel and W.P. Heinrichs. Brill, 2008. Brill Online. 10 April 2008: "The name is an early one and can be traced in fragments of the old Arab poetry. The tribes recorded as Ķuḍā'ī were: Kalb [q.v.], Djuhayna, Balī, Bahrā' [q.v.], Khawlān [q.v.], Mahra, Khushayn, Djarm, 'Udhra [q.v.], Balkayn [see al-Kayn ], Tanūkh [q.v.] and Salīh"
  9. Serge D. Elie, "Hadiboh: From Peripheral Village to Emerging City", Chroniques Yéménites: "In the middle, were the Arabs who originated from different parts of the mainland (e.g., prominent Mahrî tribes10, and individuals from Hadramawt, and Aden)". Footnote 10: "Their neighbors in the West scarcely regarded them as Arabs, though they themselves consider they are of the pure stock of Himyar."
  10. Sharif, William (2010). Christianity, Islam and Secular Criticism. p. 44.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അറബികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അറബി_ജനത&oldid=3275044" എന്ന താളിൽനിന്ന് ശേഖരിച്ചത്