അനാഫൈലാക്സിസ്

(Anaphylaxis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദ്രുതഗതിയിൽ ഉണ്ടാവുന്ന മാരകമായ ഒരു അലർജി പ്രക്രിയയെയാണ് അനാഫൈലക്സിസ് (anaphylaxis) എന്ന് പറയുന്നത്[1]. ഗ്രീക്ക് ഭാഷയിലെ ana(അർത്ഥം: എതിരായി), phylaxis(അർത്ഥം:പ്രതിരോധം) എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് അനാഫൈലക്സിസ് എന്ന വാക്ക് ഉണ്ടായത്. പ്രാണികളുടെ കുത്തേൽക്കുന്നതിനേത്തുടർന്നോ, ഭക്ഷണം, മരുന്ന് തുടങ്ങിയവയോടുള്ള സമ്പർക്കത്തെ തുടർന്നോ ഉണ്ടാവുന്ന ചൊറിച്ചിൽ, ചുവന്നു തടിക്കൽ, പിടലി വീക്കം, കുറഞ്ഞ രക്തസമ്മർദം മുതലവയാണ് അനാഫൈലക്സിൻറെ ലക്ഷണങ്ങൾ.

അനാഫൈലാക്സിസ്
സ്പെഷ്യാലിറ്റിEmergency medicine, ഇമ്മ്യൂണോളജി Edit this on Wikidata

വെളുത്ത രക്താണുക്കളിൽ നിന്നും കോശജ്വലനകാരകങ്ങളായ രാസപദാർഥങ്ങൾ ഉത്പാദിപ്പിക്കപെടുന്നതാണ് അനാഫൈലക്സിസ്നു കാരണം. രോഗലക്ഷണങ്ങൾ വഴിയാണ് ഈ അസുഖം കണ്ടുപിടിക്കപെടുന്നത്. അഡ്രിനാലിൻ ആണ് പ്രധാനമായും ചികിത്സക്ക് ഉപയോഗിക്കുന്നത്. ലോകമെമ്പാടും ഉള്ള കണക്കുകളിൽ 0.05% മുതൽ 2% വരെ ആളുകൾ അവരുടെ ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ അനാഫൈലക്സിസിന് ഇരയാവാറുണ്ട്.

രോഗലക്ഷണങ്ങൾ

തിരുത്തുക

രോഗകാരികളായ വസ്തുക്കളുമായി സമ്പർക്കം വന്നതിനു മിനിട്ടുകളോ മണിക്കൂറുകളോ ശേഷം രോഗലക്ഷണങ്ങൾ കാണാവുന്നതാണ്. ഈ കാലയളവ് ധമനികൾ വഴിയുള്ള സമ്പർക്കം ആണെങ്കിൽ 30 മിനിറ്റും കുടൽ വഴിയാണെങ്കിൽ 2 മണിക്കൂറും ആകാവുന്നതാണ്. രോഗലക്ഷണങ്ങൾ ചർമസംബന്ധിയായോ, ശ്വാസകോശസംബന്ധിയായോ, കുടൽസംബന്ധിയായോ, ഹൃദയസംബന്ധിയായോ ആകാം. മാത്രമല്ല ഒന്നിലധികം ഇന്ദ്രിയാവളികളിൽ രോഗലക്ഷണങ്ങൾ സാധാരണ കാണാവുന്നതാണ്.

  • ചർമലക്ഷണങ്ങൾ: ദേഹമാസകലം ഉള്ള ചൊറിച്ചിൽ, ചുവന്നു തടിക്കൽ, ചർമത്തിലേക്കുള്ള രക്തയോട്ടം കൂടി ചുവക്കുക, ചുണ്ട് തടിച്ചു വീർക്കുക, ദേഹം നീറൽ, നാവു തടിച്ചു വീർക്കൽ മുതലായവയാണ് സാധാരണയായി കണ്ടുവരുന്ന ചർമ്മലക്ഷണങ്ങൾ. മൂക്കൊലിപ്പും ചെങ്കണ്ണും ഇതിനോടനുംബന്ധിച്ചു ചിലരിൽ കാണാറുണ്ട്.
  • ശ്വാസകോശലക്ഷണങ്ങൾ: ശ്വാസതടസ്സവും വലിവും ആണ് മുഖ്യലക്ഷണങ്ങൾ. ശ്വാസനാളത്തിലെ പേശികൾ ചുരുങ്ങുന്നതിനാലും തൊണ്ടവീക്കം മൂലവുമാണ് ശ്വാസതടസ്സം ഉണ്ടാവുന്നത്.
  • ഹൃദയലക്ഷണങ്ങൾ: ഹൃദയത്തിലെ ചില കോശങ്ങൾ ഹിസ്റ്റമിൻ എന്നാ രാസപദാർത്ഥം ഉത്പാദിപ്പിച്ചു അതുമൂലം ഹൃദയധമനികൾ ചുരുങ്ങുന്നതാണ് അനാഫൈലക്സിസ് കാരണമുള്ള ഹൃദയലക്ഷണങ്ങൾക്ക് ഉള്ള കാരണം. ഇത് മൂലം ഹൃദയാഘാതം, ഹൃദയതാലതിലുള്ള വ്യതിയാനങ്ങൾ, കുറഞ്ഞ രക്തസമ്മർദം മുതലായ ലക്ഷണങ്ങൾ കാണാവുന്നതാണ്.
  • മറ്റു ലക്ഷണങ്ങൾ: വയറു വേദന, വയറിളക്കം. ഛർദ്ദി മുതലായ കുടൽസംബന്ധിയായ ലക്ഷണങ്ങൾ, മതിഭ്രമം, തലവേദന, ഉത്കണ്ഠ, അടിവയർ വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.

കാരണങ്ങൾ

തിരുത്തുക

ശരീരത്തിന് പുറത്തുള്ള ഏതൊരു വസ്തുവും അനാഫൈലക്സിസിനു കാരണമാകാം. സാധാരണയായി പ്രാണിവിഷം, ഭക്ഷണം, മരുന്ന് മുതലായവയാണ് അനാഫൈലക്സിസിനു കാരണങ്ങൾ. ശുക്ലം, ലാറ്റെക്സ്, അജിനോമോട്ടോ, ഭക്ഷണങ്ങളിലുള്ള മറ്റു രാസപദാർഥങ്ങൾ എന്നിവ കാരണവും അനാഫൈലക്സിസ് ഉണ്ടാക്കാവുന്നതാണ്. വ്യായാമം, താപവ്യതിയാനങ്ങൾ മുതലായവയ്ക്കും അനാഫൈലക്സിസ് ഉണ്ടാക്കാനുള്ള ശേഷി ഉണ്ട്. മരുന്നുകളിൽ ആൻറിബയോട്ടിക്കുകൾ, ലാറ്റെക്സ്, അനസ്തേഷ്യ മരുന്നുകൾ എന്നിവ അനാഫൈലക്സിസ് ഉണ്ടാക്കാൻ കെല്പുള്ളവയാണ്. 50% രോഗികളിലും അനാഫൈലാക്സിസിനുള്ള കാരണം കണ്ടുപിടിക്കപ്പെടാറില്ല. ഇവയെ ഇഡിയോപതിക് അനാഫൈലക്സിസ് എന്ന് വിളിക്കുന്നു.

ഭക്ഷണം: പലതരം ഭക്ഷണപദാർത്ഥങ്ങൾ കാരണം അനാഫൈലക്സിസ് ഉണ്ടാകാം. പാൽ, കടല, മുട്ട, പരിപ്പ് വർഗങ്ങൾ, ഗോതമ്പ്, കക്ക, മത്സ്യം മുതലവയാണ് പാശ്ചാത്യരാജ്യങ്ങളിൽ കാരണമാകുന്നതെങ്കിൽ അരി, വൻപയർ മുതലായവയാണ് ഏഷ്യൻ രാജ്യങ്ങളിൽ അനാഫൈലക്സിസ്നു കാരനമകുന്നത്. കുട്ടികളിലെ അനാഫൈലക്സിസ് അവർ വലുതാകുമ്പോൾ മാറാറുണ്ട്. 80% പാൽ/മുട്ട യോടുള്ള അനാഫൈലക്സിസും, 20% കടലയോടുള്ള അനാഫൈലക്സിസും 18 വയസ്സ് എത്തുമ്പോൾ മാറാറുണ്ട്.

മരുന്നുകൾ: ഏതൊരു മരുന്നും അനാഫൈലക്സിസ്നുള്ള കാരണമാകാം. ബീറ്റാ ലാക്ടാം ആൻറിബിയോടിക്കുകൾ(പെനിസിലിൻ വർഗങ്ങൾ), ആസ്പിരിൻ, വേദനഹാരി വർഗ മരുന്നുകൾ എന്നിവയാണ് സാധാരണ അനാഫൈലക്സിസ് കാരികൾ ആയ മരുന്നുകൾ. വേദനാഹരികളോടുള്ള അലർജി നിശ്ചിതമാണ്. അതായത് ഒരു മരുന്നിനോടു അലർജി ഉള്ളയൾക്ക് അതേ വർഗത്തിലെ മറ്റൊരു മരുന്ന് സ്വീകാര്യമായിരിക്കും. കീമോതെറാപ്പി, പ്രതിരോധ മരുന്നുകൾ, പ്രൊറ്റമിൻ, ആയുർവേദ മരുന്നുകൾ, വാൻകൊമൈസിൻ, മോർഫിൻ, കോണ്ട്രാസ്റ്റ് മരുന്നുകൾ മുതലായവയാണ് മറ്റുചില ഉദാഹരണങ്ങൾ.

രണ്ടായിരം മുതൽ പതിനായിരം തവണ കൊടുക്കുമ്പോൾ ഒരിക്കൽ പെനിസിലിൻ മരുന്നുകള കാരണം അനാഫൈലക്സിസ് ഉണ്ടാവുമെങ്കിലും അതിനാല ഉണ്ടാവുന്ന മരണം അൻപതിനായിരത്തിൽ ഒന്ന് മാത്രമാണ്. പെനിസിലിനോടു അലർജി ഉള്ള ആളുകൾക്ക് സീലോസ്പോരിൻ വർഗ മരുന്നുകളോട് അനാഫൈലക്സിസ് ഉണ്ടാവാൻ 0.1% ഉണ്ട്. വേദനഹാരികളും ആസ്പിരിനും അൻപതിനായിരം പേരിൽ ഒരാൾക്ക്‌ മാത്രമേ അനാഫൈലക്സിസ് ഉണ്ടാക്കുകയുള്ളൂ.

പ്രാണിവിഷം: തേനീച്ചയുടെയോ വണ്ടുകളുടേയോ കുത്ത് സംവേദനീയമായ ആളുകളിൽ അനാഫൈലക്സിസ്നു ഒരു പ്രധാന കാരണമാണ്. കുത്തിയ സ്ഥലത്ത് ഉണ്ടാവുന്ന വീക്കമാല്ലാതെ മറ്റെന്തു ശാരീരികസ്വസ്ഥതയും രോഗിക്ക് അനാഫൈലക്സിസ്നോടുള്ള സംവേദനീയത സൂചിപ്പിക്കുന്നു.

സംവേദകത്വ ഹേതുക്കൾ

തിരുത്തുക

ആസ്ത്മ, അലര്ജി, കരപ്പൻ(atopic dermatitis), അലർജി കാരിക ജലദോഷം എന്നീ രോഗങ്ങൾ ഉള്ളവർ ഭക്ഷണം, ലറ്റെക്സ് മുതലായവ കാരണമുള്ള അനാഫൈലക്സിസ്നു സാധ്യത ഉള്ളവരാണ്. അനാഫൈലക്സിസ് കാരണം മരിക്കുന്ന 90% ആളുകളിലും ആസ്മ രോഗം കാനപ്പെട്ടിടുണ്ട്. മാസ്റ്റൊസൈറ്റൊസിസ്, ഉയർന്ന ധനനിലവാരം എന്നിവ അനാഫൈലക്സിസ് ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുന്നു.

രോഗപരിണാമം

തിരുത്തുക

വെളുത്ത രക്താണുക്കളിൽ നിന്നും കോശജ്വലനകാരകങ്ങളായ രാസപദാർഥങ്ങൾ ഉൽപാദിപ്പിക്കപെടുന്നതാണ് അനാഫൈലക്സിസിനു കാരണം. രണ്ടു രീതികളിലുള്ള അനാഫൈലക്സിസ് കാണാവുന്നതാണ് :

  • പ്രതിരോധ മുഖാന്തര അനാഫൈലക്സിസ്: പ്രതിരോധ മുഖാന്തര അനാഫൈലക്സിസിൽ IgE പ്രതിദ്രവ്യം(IgE Antibody) രോഗകാരിയായ തന്മാത്രയോട് ചേര്ന്നു ദ്രവ്യ-പ്രതിദ്രവ്യ സങ്കീർണ്ണ തന്മാത്ര(antigen-antibody complex) ഉണ്ടാവുന്നു. ഈ സങ്കീർണ്ണ തന്മാത്ര മാസ്റ്റ് കോശത്തിലും ബസോഫിൽ കോശത്തിലും ഉള്ള FceRI എന്ന പ്രതിതന്മാത്രയോടു(receptor) ചേർന്ന് അവയിൽ നിന്നുള്ള ഹിസ്റ്റമിൻ പോലുള്ള രാസപദാർഥങളുടെ ഉത്പാദനത്തിന് കാരണമാകുന്നു. ഇവ ശ്വാസനാളത്തിലെ പേശികൾ ചുരുങ്ങുന്നതിനും, ധമനികൾ വികസിക്കുന്നതിനും, ഹൃദയ പേശികളെ തളർത്തുന്നതിനും, രക്തധമനികളിൽനിന്നും ജലം പുറത്തേക്കൊഴുകി വീക്കം വരുന്നതിനും കാരണമാകുന്നു.
  • പ്രതിരോധേതര അനാഫൈലക്സിസ്: മാസ്റ്റ് കോശങ്ങളെയും, ബസോഫിൽ കോശങ്ങളെയും നേരിട്ടു ഉദ്ദീപിച്ച് അവയില്നിന്നുള്ള ഹിസ്റ്റമിൻ പോലുള്ള രാസപദാർഥങളുടെ ഉത്പാദനത്തിന് കാരണമാകുന്നതാണ് പ്രതിരോധേതര അനാഫൈലക്സിസ്നു കാരണം. താപം, മോർഫീൻ, വന്കൊമൈസിൻ എന്നിവ ഇതിന് കാരണമാകുന്നു.

രോഗനിർണ്ണയം

തിരുത്തുക

രോഗലക്ഷണാധിഷ്ഠിതമാണ് അനാഫൈലക്സിസ്ൻറെ നിർണ്ണയം. കീഴ്പറയുന്ന ലക്ഷണങ്ങളിൽ ഇതെങ്കിലും ഒരു ലക്ഷണം രോഗകാരിയായ വസ്തുവുമായി സമ്പർക്കത്തിനു മിനിറ്റുകളോ മണിക്കൂറുകളോ ഉള്ളിൽ ഉണ്ടാവുകയാണെങ്കിൽ അനാഫൈലക്സിസ് ആകാൻ സാധ്യതയുണ്ട്.

  • ശ്വാസതടസ്സമോ കുറഞ്ഞ രക്തസമ്മർദമോ കൂടിയ ചർമ്മ ലക്ഷണങ്ങൾ
  • കീഴ്പ്പറഞ്ഞതിൽ രണ്ടോ അതിലധികമോ ഉണ്ടെങ്കിൽ :
    • ചർമ്മലക്ഷണങ്ങൾ
    • ശ്വാസതടസ്സം
    • കുറഞ്ഞ രക്തസമ്മർദം
    • കുടൽ ലക്ഷണങ്ങൾ
  • രോഗകാരിയായ വസ്തുവുമായി സംപർക്കത്തിനു ശേഷമുള്ള കുറഞ്ഞ രക്തസമ്മർദം

രോഗപ്രക്രിയക്കിടയിൽ രക്തത്തിലുള്ള ട്രിപ്പ്‌റ്റെസ്(triptase)ന്റെയോ, ഹിസ്റ്റമിന്റെയൊ അളവ് രോഗനിർണ്ണയത്തെ സഹായിക്കും. എന്നാൽ ഇത് ആഹാരം മൂലമുള്ള അനാഫൈലക്സിസിലും രക്തസമ്മർദ്ദം കുറയാത്ത അനാഫൈലക്സിസിലും കണ്ടുപിടിക്കപ്പെടാൻ സാധ്യത ഇല്ലാത്തതിനാൽ രോഗനിർണ്ണയത്തിന് വ്യാപകമായി ഉപയൊഗിക്കാറില്ല.

  • അനാഫൈലക്ടിക് ഷോക്ക്: ശരീരധമനീവികസനത്തോടുകൂടിയ അനാഫൈലക്സിസിൽ രക്തസമ്മർദക്കുറവ് ഉണ്ടാകും. ഇത്തരത്തിലുള്ള അനാഫൈലക്സിസ്നെയാണ് അനാഫൈലക്ടിക് ഷോക്ക് എന്ന് വിളിക്കുന്നത്‌.
  • ബൈഫേസിക് അനാഫൈലക്സിസ്: രോഗകാരിയായ വസ്തുവുമായി സമ്പർക്കം വരാതെതന്നെ 72 മണിക്കൂറുകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ ആവർത്തിക്കുന്നതിനെയാണ് ബൈഫേസിക് അനാഫൈലക്സിസ് എന്ന് വിളിക്കുന്നത്‌.
  • പ്രതിരോധേതര അനാഫൈലക്സിസ്: മാസ്റ്റ് കോശങ്ങളെയും, ബേസോഫിൽ കോശങ്ങളെയും നേരിട്ടു ഉദ്ദീപിപിച്ച് അവയിൽ നിന്നുള്ള ഹിസ്റ്റമിൻ പോലുള്ള രാസപദാർഥങ്ങളുടെ ഉൽപാദനത്തിന് കാരണമാകുന്നതാണ് പ്രതിരോധേതര അനാഫൈലക്സിസിനു കാരണം. താപം, മോർഫീൻ, വാൻകോകൊമൈസിൻ എന്നിവ ഇതിന് കാരണമാകുന്നു.

മറ്റു രോഗങ്ങൾ

തിരുത്തുക

ആസ്മ, ബോധക്ഷയം, പാനിക് അറ്റാക്ക് എന്നിവയാണ് അനാഫൈലക്സിസുമായി സാദൃശ്യമുള്ള മറ്റു രോഗങ്ങൾ.

മരണാനന്തര നിർണയം

തിരുത്തുക

രക്തധമനികളിൽ നിന്നും രക്തം പുനര്ക്രമീകരണം നടക്കുന്നതിനാൽ അനാഫിലാക്സിസ് വന്നു മരണപ്പെട്ടവരിൽ രക്തം തീരെ കുറഞ്ഞ അല്ലെങ്കിൽ ഒഴിഞ്ഞ ഹൃദയവും ഹൃദയാഘാതത്തിൻറെ ലക്ഷണങ്ങളും കാണാവുന്നതാണ്. തൊണ്ട വീക്കം, ശ്വാസകോശത്തിലും ഹൃദയത്തിലും ഇയോസിനോഫിൽ കോശങ്ങളുടെ ആധിക്യം എന്നിവയും കാണാവുന്നതാണ്. രക്തത്തിലുള്ള ട്രിപ്പ്‌റ്റെസ്(triptase)ന്റെയോ, ഹിസ്റ്റമിന്റെയൊ അളവ് കൂടിയിരിക്കുന്നതും മരണകാരണം സ്ഥിരീകരിക്കാൻ സഹായകമാകാം.

പ്രതിരോധം

തിരുത്തുക

രോഗകാരിയായ വസ്തുവുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നുള്ളതാണ് അനഫിലാക്സിസിന്റെ പ്രധാന പ്രതിരോധം. രോഗകാരിയായ വസ്തുവിനോടുള്ള സംവേദനക്ഷമത കുറയ്ക്കുക എന്നത് മറ്റൊരു പ്രതിരോധ രീതിയാണ്‌....... ഹൈമ്നോപ്ടിറ വിഷം(hymnoptera venom) ഉപയോഗിച്ച് 80-90% മുതിർന്നവരുടെയും, 98% കുട്ടികളുടെയും തേനീച്ച കുതിനോടുള്ള സംവേദനക്ഷമത കുറക്കാൻ സാധിക്കുന്നതാണ്. രോഗപ്രതിരോധ നിയന്ത്രണ മരുന്നുകൾ(immunomodulator drugs) ഉപയോഗിച്ച് പാൽ , മുട്ട, മുതലായ വസ്തുക്കളോടുള്ള അനാഫിലക്സിസ് കുറയ്ക്കാവുന്നതാണ്. ലറ്റെക്സ്നോട് അലര്ജി ഉള്ളയാളുകൾക്ക് അവോകാടോ, വാഴപ്പഴം, ഉരുളക്കിഴങ്ങ് എന്നിവയോടും അലര്ജി ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ, അവയുടെ ഉപയോഗം ഒഴിവാക്കേണ്ടതുണ്ട്.

ചികിത്സ

തിരുത്തുക

അനാഫിലക്സിസ് ഒരു വൈദ്യശാസ്‌ത്ര അത്യാഹിതം(medical emergency) ആണ്. അനാഫിലക്സിസ് ആയി വരുന്ന ഒരു രോഗിക്ക് ശ്വാസനാള നിയന്ത്രണം, ഓക്സിജൻ നൽകൽ, ധമനികലിലൂടെയുള്ള ലവണദാനം തുടങ്ങിയ പുനരുജ്ജീവന പ്രക്രീയകൾ വേണ്ടി വന്നേക്കാം. അഡ്രിനലിൻ, സ്റ്റിറോയിഡ് മുതലായ മരുന്നുകളാണ് അനാഫിലക്സിസ്ൻറെ പ്രധാന മരുന്നുകൾ. ബൈഫസിക് അനഫിലാക്സിസ്ൻറെ സാധ്യത ഉള്ളതിനാൽ രോഗിയെ 2-24 മണിക്കൂർ എങ്കിലും നിരീക്ഷണത്തിൽ വക്കേണ്ടതുണ്ട്.


  1. Tintinalli, Judith E. (2010). Emergency Medicine: A Comprehensive Study Guide (Emergency Medicine (Tintinalli)). New York: McGraw-Hill Companies. pp. 177–182. ISBN 0-07-148480-9.
"https://ml.wikipedia.org/w/index.php?title=അനാഫൈലാക്സിസ്&oldid=3787047" എന്ന താളിൽനിന്ന് ശേഖരിച്ചത്