ഇരുപതാം നൂറ്റാണ്ട്

നൂറ്റാണ്ട്
(20th century എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിസ്തുവർഷം അനുസരിച്ച് ഇരുപതാമത്തെ നൂറ്റാണ്ടാണ് (1901 മുതൽ 2000 വരെയുള്ള വർഷങ്ങൾ) ഇരുപതാം നൂറ്റാണ്ട് എന്ന് അറിയപ്പെടുന്നത്. എ. ഡി 1901 ജനുവരി 1 മുതൽ 2000 ഡിസംബർ 31 വരെയുള്ള കാലമാണ് ഇരുപതാം നൂറ്റാണ്ട്. ലോകചരിത്രത്തിലെ നിരവധി നിർണ്ണായകമായ സംഭവങ്ങൾക്ക് ഈ നൂറ്റാണ്ട് സാക്ഷ്യം വഹിച്ചു. ബ്രീട്ടീഷ്, ചൈനീസ്, റഷ്യൻ, ജർമ്മൻ, ഒട്ടോമൻ ആസ്ട്രോ - ഹംഗേറിയൻ തുടങ്ങിയ പല സാമ്രാജ്യങ്ങളും ഈ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തകർന്നുവീണു. ഒന്നാം ലോകമഹായുദ്ധകാലത്താണ് (1914 -1918)ബ്രിട്ടീഷ്, ഫ്രഞ്ച്, ജാപ്പനീസ് സാമ്രാജ്യങ്ങൾ ക്ഷയിച്ചതും റഷ്യൻ സാമ്രാജ്യം കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ സോവിയറ്റ്‌ യൂണിയനായി മാറിയതും. ഇരു ലോകമഹായുദ്ധങ്ങൾക്കുമിടയിലുള്ള കാലം ഗ്രേറ്റ് ഡിപ്രഷൻ എന്നറിയപ്പെടുന്ന ലോക സാമ്പത്തിക കുഴപ്പത്തിനും സാക്ഷിയായി. അതിന്റെ തുടർച്ചയായി നടന്ന രണ്ടാം ലോകമഹായുദ്ധം (1939-1945 )സഖ്യശക്തികളും (മുഖ്യമായും സോവിയറ്റ് യൂണിയൻ, അമേരിക്കൻ ഐക്യനാടുകൾ, ബ്രിട്ടീഷ് സാമ്രാജ്യത്വം തുടങ്ങിയരാജ്യങ്ങളും) അച്ചുതണ്ട് ശക്തികളും (നാസി ജർമ്മനി, ജാപ്പനീസ് സാമ്രാജ്യം, ഇറ്റലി തുടങ്ങിയവയും) തമ്മിലുള്ള ഏറ്റുമുട്ടലിനും സഖ്യശക്തികളുടെ വിജയത്തിലും കലാശിച്ചു. അറുപത് മില്യണോളം ജനങ്ങളുടെ മരണത്തിലും പലരാജ്യങ്ങളുടെയും ഉന്മൂലനത്തിനും ഇത് കാരണമായി. യുദ്ധാനന്തരം അവശേഷിച്ച കൊളോണിയൽ സാമ്രാജ്യങ്ങളും ഇല്ലാതായി. അമേരിക്കൻ ഐക്യനാടുകൾ പുതിയൊരു ശക്തിയായി ഉയർന്നുവന്നു. എന്നാൽ അത് മറ്റൊരു ബലപരീക്ഷണത്തിന് - സോവിയറ്റ് യൂണിയനും അമേരിക്കയുമായുള്ള മത്സരത്തിന്, ശീതയുദ്ധത്തിന് കാരണമാകുകയായിരുന്നു. പിന്നീടുള്ള നാലരപതിറ്റാണ്ടോളമുള്ള ഭൌമരാഷ്ട്രീയ ജീവിതത്തിൽ മേധാവിത്വം വഹിച്ചത് ഈ രണ്ടു ശ്കതികളുമാണ്. ആഭ്യന്തര വൈരുദ്ധ്യം മൂർച്ഛിച്ച് 1991 - ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകം അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകലോക ക്രമത്തിലേക്ക് വഴിമാറുന്നതാണ് കണ്ടത്.

രാഷ്ട്രീയത്തിലും സാമ്പത്തികശാസ്ത്രത്തിലും സാമൂഹ്യ - സാംസ്കാരിക രംഗത്തും ശാസ്ത്രരംഗത്തും ചികിത്സാരംഗത്തുമൊക്കെ നിർണ്ണായകമാറ്റം വരുത്തിയ നിരവധി പ്രതിഭാശാലികൾ ഈ നൂറ്റാണ്ടിൽ ജീവിച്ചിരുന്നവരാണ്. പ്രത്യശാസ്ത്രം, ലോകമഹായുദ്ധം, വംശഹത്യ, ആണവയുദ്ധം തുടങ്ങിയ പദങ്ങൾ സാധാരണപ്രയോഗത്തിലെത്തിയത് ഈ നൂറ്റാണ്ടിലാണ്. ആപേക്ഷികതാ സിദ്ധാന്തം, ക്വാണ്ടം ഭൌതികം തുടങ്ങിയ ശാസ്ത്രസിദ്ധാന്തങ്ങളും കണ്ടുപിടിത്തങ്ങളും ശാസ്ത്രലോകത്തെ കീഴമേൽമറിക്കുകയും ലോകവീക്ഷണത്തെക്കുറിച്ചുള്ള ധാരണകൾ തിരുത്തുകയും പ്രപഞ്ചം മുൻപ് കരുതിയത്ര നിസ്സാരമല്ലെന്ന് മനുഷ്യരെ ബോധ്യപ്പെടുത്തുകയും ചെയ്തകാലമാണിത്. കൂടുതൽ വ്യക്തമായ ശാസ്ത്രബോധവും സുഗമമായ വാർത്താവിനിമയ സംവിധാനങ്ങളും വേഗമേറിയ ഗതാഗതസംവിധാനങ്ങളും മുൻ നൂറ്റാണ്ടുകളേക്കാൾ വേഗത്തിലുള്ള മാറ്റം മനുഷ്യജീവിതത്തിലുണ്ടാക്കിയെന്നതും ഈ നൂറ്റാണ്ടിന്റെ പ്രത്യേകതയാണ്. കുതിരവണ്ടികളുടെയും ലളിതമായ യാത്രാസംവിധാനങ്ങളുടെയും കാലത്തുനിന്നും ആരംഭിച്ച ഈ നൂറ്റാണ്ട് അസ്തമിക്കുമ്പോൾ ആ സ്ഥാനം പക്ഷേ ഏറ്റെടുത്തത് ആഡംബര കപ്പലുകളും ജെറ്റ് വിമാനങ്ങളും ബഹ്യാകാശയാനങ്ങളുമാണ്. റൈറ്റ് സഹോദരന്മാർ യന്ത്രശക്തിയോടെ പറക്കുന്ന വിമാനം നിർമ്മിച്ചതും (1903) യൂറിഗഗാറിൻ എന്ന മനുഷ്യൻ ആദ്യമായി ബഹിരാകശത്തെത്തിയതും മനുഷ്യപാദങ്ങൾ ചന്ദ്രനിൽ പതിഞ്ഞതും ഈ നൂറ്റാണ്ടിലാണ്. കൃത്രിമബുദ്ധിയുടെ സാദ്ധ്യതകൾ ആരാഞ്ഞുകൊണ്ടുള്ള യന്ത്രമനുഷ്യന്റെ (റോബോട്ടിന്റെ) കണ്ടുപിടിത്തവും ഇനുസിലിൻ, ടെലിവിഷൻ, ഇന്റർനെറ്റ്, തുടങ്ങിയ നിരവധി മഹത്തായ കണ്ടുപിടിത്തങ്ങൾക്ക് ഈ നൂറ്റാണ്ട് സാക്ഷിയായി. ദ്രൂതഗതിയലുള്ള ഈ വികസനം സാദ്ധ്യമാക്കിയത് ഫോസിൽ ഇന്ധനങ്ങളുടെ പ്രത്യേകിച്ച് പെട്രോളിയത്തിന്റെ വൻതോതിലുള്ള ഉപയോഗത്തിലൂടെയാണ്. പക്ഷേ ഈ വികസന വിസ്ഫോടനം പാരിസ്ഥിതിക പ്രശ്നം എന്ന വലിയ വിപത്തിനു കളമൊരുക്കിയതും ഈ നൂറ്റാണ്ട് ദർശിച്ച പ്രധാന സംഭവമാണ്. [1]

ആണുശക്തിയുടെ സംഹാരാത്മക മുഖം വെളിപ്പെടുത്തിയ ലോകമഹായുദ്ധവും 1930 കളിലെ ലോകസാമ്പത്തിക കുഴപ്പത്തിവും റഷ്യൻ വിപ്ലവത്തിലൂടെ ഉദയംകൊണ്ട് ഗ്ലാസ്നോസ്തിലൂടെയും പെരിസ്ട്രോയിക്കയിലൂടെയും അസ്തമിച്ച സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ പരീക്ഷണവും അഹിംസാത്മകമായ സമരത്തിലൂടെ സാമ്രാജ്യത്തിനെതിരെ പൊരുതിയ ഗാന്ധിയുടെ പാതയും വംശീയവിദ്വേഷത്തിന്റെ മുഖമായ ഹിറ്റ്ലറുടെ ഫാസിസവും ദക്ഷിണാഫ്രിക്കയിലെ അപ്പാർത്തീഡിനെതിരായ മണ്ടേലയുടെ പോരാട്ടവും തുടങ്ങി മനുഷ്യജീവിതത്തെ ആഴത്തിൽ ഗ്രസിച്ച നിർണ്ണായകമായ നിരവധി സാമൂഹ്യ - രാഷ്ട്രീയ സംഭവങ്ങൾ ഈ നൂറ്റാണ്ടിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നു. [2] ആൽബർട്ട് ഐൻസ്റ്റീൻ, വി.ഐ ലെനിൻ, ജോസഫ് സ്റ്റാലിൻ, അഡോൾഫ് ഹിറ്റ്ലർ, വിൻസ്റ്റൺ ചർച്ചിൽ, ജോൺ എഫ്. കെന്നഡി, മഹാത്മാ ഗാന്ധി, ഫ്രാങ്കിളിൻ റൂസ്‌വെൽറ്റ്, മുസ്സോളിനി, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, മാഡം ക്യൂറി, ഏണസ്റ്റോ ചെഗുവേര ഫിഡൽ കാസ്ട്രോ, നെൽസൺ മണ്ടേല ഹെൻ‌റി ഫോർഡ്, ആൻ ഫ്രാങ്ക് ചാർലി ചാപ്ലിൻ [[ഹെലൻ കെല്ലർ, റൈറ്റ് സഹോദരന്മാർ, യാസർ അറഫാത്ത്, സദ്ദാം ഹുസൈൻ തുടങ്ങി സമൂഹത്തെ സ്വാധീനിച്ച നിരവധി വ്യക്തിത്വങ്ങൾ ഇരുപതാം നൂറ്റാണ്ടിനെ സംഭവബഹുലമാക്കി. [3] ആധുനിക സാങ്കേതിക വിദ്യകളുടെ സ്വാധീനത്താൽ ലോകം ഒരു ഗ്രാമം പോലെ ചുരുങ്ങുകയും ആഗോളവൽക്കരണത്തിലൂടെ നവലിബറൽ സമ്പദ്‌വ്യവസ്ഥ ചെലുത്തുന്ന സ്വാധീനഫലമായു വർദ്ധിച്ചുവരുന്ന പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനഫലമായും ലോകം ഒരു സാംസ്കാരിക ഏകീകരണത്തിലേക്ക് നീങ്ങുന്നുവെന്ന് തോന്നിക്കുന്ന വിധമുള്ള മാറ്റങ്ങളാണ് 21-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ ദൃശ്യമായത്.

  1. http://inventors.about.com/od/timelines/a/twentieth_3.htm[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.greatachievements.org/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-01. Retrieved 2011-09-12.


പത്തൊൻപതാം നൂറ്റാണ്ട് << ഇരുപതാം നൂറ്റാണ്ട്  : വർഷങ്ങൾ>> ഇരുപത്തൊന്നാം നൂറ്റാണ്ട്
1901  • 1902  • 1903  • 1904  • 1905  • 1906  • 1907  • 1908  • 1909  • 1910  • 1911  • 1912  • 1913  • 1914  • 1915  • 1916  • 1917  • 1918  • 1919  • 1920  • 1921  • 1922  • 1923  • 1924  • 1925  • 1926  • 1927  • 1928  • 1929  • 1930  • 1931  • 1932  • 1933  • 1934  • 1935  • 1936  • 1937  • 1938  • 1939  • 1940  • 1941  • 1942  • 1943  • 1944  • 1945  • 1946  • 1947  • 1948  • 1949  • 1950  • 1951  • 1952  • 1953  • 1954  • 1955  • 1956  • 1957  • 1958  • 1959  • 1960  • 1961  • 1962  • 1963  • 1964  • 1965  • 1966  • 1967  • 1968  • 1969  • 1970  • 1971  • 1972  • 1973  • 1974  • 1975  • 1976  • 1977  • 1978  • 1979  • 1980  • 1981  • 1982  • 1983  • 1984  • 1985  • 1986  • 1987  • 1988  • 1989  • 1990  • 1991  • 1992  • 1993  • 1994  • 1995  • 1996  • 1997  • 1998  • 1999  • 2000
"https://ml.wikipedia.org/w/index.php?title=ഇരുപതാം_നൂറ്റാണ്ട്&oldid=3838684" എന്ന താളിൽനിന്ന് ശേഖരിച്ചത്