ഹൊവെൽ ജോളി വസ്തു
രക്തചംക്രമണവ്യൂഹത്തിലുള്ള അരുണരക്താണുക്കളിലെ ക്ഷാരാഭിമുഖ്യമുള്ള കോശമർമ്മങ്ങളുടെ അവശിഷ്ടങ്ങളാണ് ഹൊവെൽ ജോളി വസ്തുക്കൾ (ഇംഗ്ലീഷ്: Howell-Jolly bodies). വളർച്ച പൂർത്തിയായ അരുണരക്താണുക്കൾ മജ്ജ വിടുമ്പോൾ കോശമർമ്മങ്ങളുടെ അവശിഷ്ടങ്ങൾ അവയിൽ നിന്ന് മാറ്റപ്പെടുന്നു. എന്നാൽ ചുരുക്കം ചില കോശങ്ങളിൽ ഈ പ്രക്രിയ നടക്കാതിരിക്കുകയും, കോശമർമ്മത്തിന്റെ അവശിഷ്ടങ്ങൾ നിലനിൽക്കുകയും ചെയ്യും. ഇവയാണ് രക്തചംക്രമണവ്യൂഹത്തിലെത്തിയ ശേഷം ഹൊവെൽ ജോളി വസ്തുക്കളായി മാറുന്നത്.
വില്യം ഹെൻറി ഹൊവെൽ, ജെസ്റ്റിൻ മേരി ജോളി (ഹൊവെൽ & ജോളി) എന്നീ രണ്ട് ശാസ്ത്രജ്ഞരുടെ പേരിലാണ് ഈ വസ്തു അറിയപ്പെടുന്നത്.[1][2]
ഹെമറ്റോക്സിലിൻ-ഇയോസിൻ വർണ്ണങ്ങളിൽ സൂക്ഷ്മദർശിനിയിലൂടെ ഇവ വയലറ്റ് നിറത്തിൽ കാണപ്പെടും. സാധാരണ ഗതിയിൽ ഇവ പ്ലീഹയിൽ വച്ച് നശിക്കേണ്ടതാണെകിലും അസ്പീനിയ, ഹൈപ്പോസ്പീനിയ എന്നീ അവസ്ഥകൾ ഉള്ളവരിൽ ഇവ ചംക്രമണവ്യൂഹത്തിൽ കാണപ്പെടും. കൂടാതെ, അരിവാൾ കോശ വിളർച്ച പോലുള്ള അസുഖം ബാധിച്ചവരിൽ പ്ലീഹ താനെ നശിക്കപ്പെടും. ഇത്തരക്കാരുടെ രക്തകോശങ്ങളിലും ഹൊവെൽ ജോളി വസ്തുക്കൾ കാണപ്പെടും. ഹോജ്കിൻ ലിംഫോമയ്ക്ക് റേഡിയേഷൻ ചികിത്സ എടുത്തവരിലും, പലതരം വിളർച്ച ഉള്ളവരിലും (ഹീമോലിറ്റിക് വിളർച്ച, മെഗലോബ്ലാസ്റ്റിക് വിളർച്ച) ഈ വസ്തുക്കൾ അരുണകോശങ്ങളിൽ കാണപ്പെടാറുണ്ട്.