രക്തത്തിൽ ഏറ്റവുമധികമായി കാണപ്പെടുന്ന കോശങ്ങളാണ്‌ അരുണരക്താണുക്കൾ അഥവാ എരിത്രോസൈറ്റുകൾ. കശേരുകികളിൽ ഓക്സിജൻ രക്തത്തിലൂടെ കലകളിലെത്തിക്കുന്നത് അരുണരക്താണുക്കളാണ്‌. ഡച്ച് ശാസ്ത്രജ്ഞനായ ജാൻ സ്വാമ്മർഡാം ആണ് ആദ്യമായി അരുണരക്താണുക്കളെ സൂക്ഷ്മദർശിനിയുടെ സഹായത്തോടെ നിരീക്ഷിച്ചത്. ഇവ ശ്വാസകോശത്തിലോ ചെകിളകളിലോ വച്ച് സ്വീകരിക്കുന്ന ഓക്സിജൻ ലോമികകളിൽ ഞെരുക്കപ്പെടുമ്പോൾ സ്വതന്ത്രമാക്കുന്നു. ഈ കോശങ്ങളുടെ സൈറ്റോപ്ലാസത്തിൽ ഇരുമ്പ് അടങ്ങിയ ജൈവതന്മാത്രയായ ഹീമോഗ്ലോബിന്റെ അളവ് കൂടുതലാണെന്നതാണ്‌ ഇവയുടെ ചുവപ്പുനിറത്തിന്‌ കാരണം. രക്തത്തിന്‌ ചുവപ്പുനിറം നൽകുന്നതും ഇതുതന്നെ.

മനുഷ്യനിലെ അരുണരക്താണുക്കൾ

മനുഷ്യശരീരത്തിൽ എരിത്രോസൈറ്റുകൾക്ക് സാധാരണ ഇരുഭാഗവും അവതലമായുള്ള ഡിസ്കിന്റെ ആകൃതിയാണ്‌. ഇവയിൽ കോശമർമ്മം ഉൾപ്പെടെയുള്ള മിക്ക കോശഭാഗങ്ങളും ഉണ്ടാവുകയില്ല. മജ്ജയിൽ രൂപം കൊള്ളുന്ന അരുണരക്താണുക്കൾ 100-120 ദിവസം ശരിരത്തിൽ ചംക്രമണം ചെയ്യപ്പെടുന്നു ഇതിനൊടുവിൽ അവയുടെ ഭാഗങ്ങളെ മാക്രോഫേജുകൾ പുനഃചംക്രമണം നടത്തുന്നു. മനുഷ്യശരീരത്തിലെ കോശങ്ങളിൽ നാലിലൊന്നോളം അരുണരക്താണുക്കളാണ്‌. [1][2]

ചരിത്രം

തിരുത്തുക

1658-ൽ ഡച്ച് ശാസ്ത്രജ്ഞനായ ജാൻ സ്വമ്മെർദം ആണ് സൂക്ഷ്മദർശിനിയുടെ സഹായത്തൽ അരുണക്താണുക്കളെ കുറിച്ചുള്ള വിവരണങ്ങൾ നല്കിയത്.അതേ സമയം അന്റോൺ വാൻ ലിയുവേന്ഹോക് 1674-ൽ കൂടുതൽ വ്യക്തമായ വിവരണങ്ങൾ നൽകി.

മനുഷ്യ അരുണരക്താണു

തിരുത്തുക

ഒരു സാധാരണ മനുഷ്യന്റെ അരുണ രക്താണുക്കൾക്ക് 6.2-8.2µm വ്യാസവും, കൂടിയ ഘനം 2–2.5 µമ കുറഞ്ഞ ഘനം 0.8–1 µm ആണ്, അതായത് മനുഷ്യന്റെ സധാരണ കോശങ്ങളെ അപേക്ഷിച്ച് ചെറുതാണ്. അരുണ രക്താണുക്കൾ ശരാശരി 20 സെക്കന്റ്‌ കൊണ്ട് മനുഷ്യശരീരത്തിൽ ഒരു ചംക്രമണം പൂർത്തിയാക്കും. എരിത്രൊപൊഈസിസ് എന്ന പ്രക്രിയയിലൂടെയാണ് അരുണ രക്താണുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നത്. ഈ പ്രക്രിയ നടക്കുന്നത് മനുഷ്യന്റെ മജ്ജയിൽ ആണ്. ഓരോ സെക്കന്റിലും 2 മില്യൺ എന്ന തോതിലാണ് ഉൽപാദനം നടക്കുന്നത്. ആരോഗ്യവാനായ ഒരു മനുഷ്യ ശരീരത്തിലെ അരുണ രക്താണുവിനു 100 മുതൽ 120 ദിവസം വരെയാണ് ആയുസ്സ്.(ശിശുക്കളിൽ അത് 80 മുതൽ 90 ദിവസം.)

ചുവന്ന രക്താണുക്കളുടെ രൂപപ്പെടൽ

തിരുത്തുക

ചുവന്ന രക്താണുക്കൾ രൂപപ്പെടുന്ന പ്രക്രിയയ്ക്ക് എറിത്രോപോയസിസ് എന്നുപറയുന്നു. ഈ പ്രക്രിയ പൂർത്തിയാകുന്നതിന് 3 മുതൽ 5 വരെ ദിവസങ്ങൾ ആവശ്യമാണ്. അസ്ഥിമജ്ജയിലാണ് ചുവന്ന രക്താണുക്കൾ രൂപപ്പെടുന്നത്. ഒരു ഹീമോപോയറ്റിക് വിത്തുകോശം (സ്റ്റെം സെൽ) ചുവന്ന രക്താണുവിന്റെ കോളനി രൂപപ്പെടുത്തുന്ന രൂപത്തിലേയ്ക്ക് മാറുന്നു (erythrocyte colony-forming unit (ECFU). വൃക്കകൾ ഉത്പാദിപ്പിക്കുന്ന എറിത്രോപോയറ്റിൻ എന്ന ഹോർമോണിനെ സ്വീകരിക്കുന്ന ഹോർമോൺ ഗ്രാഹികൾ ഇവയ്ക്കുണ്ട്. ഹോർമോണിന്റെ പ്രവർത്തനഫലമായി ECFU കൾ എറിത്രോബ്ലാസ്റ്റ് അല്ലെങ്കിൽ നോർമോബ്ലാസ്റ്റ് കോശങ്ങളായി മാറുന്നു. എറിത്രോബ്ലാസ്റ്റ് കോശങ്ങൾ വിഭജിച്ച് കൂടുതൽ പെരുകുകയും ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ മർമ്മം ചുരുങ്ങി പുറന്തള്ളപ്പെടുകയും കോശം റെട്ടിക്കുലോസൈറ്റ് ആയി മാറുകയും ചെയ്യും. അസ്ഥിമജ്ജയിൽ നിന്ന് റെട്ടിക്കുലോസൈറ്റുകൾ രക്തപ്രവാഹത്തിലെത്തുകയും ഒന്നോ രണ്ടോ ദിവസങ്ങൾക്കുശേഷം പൂർണവളർച്ചയെത്തിയ രക്തകോശമായി മാറുന്നു. രക്തത്തിന്റെ 0.5% മുതൽ 1.5 % വരെ റെട്ടിക്കുലോസൈറ്റുകളായിരിക്കും.[3]

  1. Laura Dean. Blood Groups and Red Cell Antigens
  2. Pierigè F, Serafini S, Rossi L, Magnani M (2008). "Cell-based drug delivery". Advanced Drug Delivery Reviews. 60 (2): 286–95. doi:10.1016/j.addr.2007.08.029. PMID 17997501. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  3. ANATOMY & PHYSIOLOGY The Unity of Form and Function Eighth Edition. McGraw-Hill Education, 2 Penn Plaza, New York. 2018. p. 677. {{cite book}}: |first= missing |last= (help); line feed character in |title= at position 52 (help)
"https://ml.wikipedia.org/w/index.php?title=അരുണരക്താണു&oldid=3453034" എന്ന താളിൽനിന്ന് ശേഖരിച്ചത്