സൈറീൻകാരൻ ശിമയോൻ
ഗാഗുൽത്തായിലേക്കുള്ള വഴിയിൽ യേശുവിന്റെ കുരിശു ചുമക്കാൻ നിർബ്ബന്ധിന്ധനായതായി സമാന്തരസുവിശേഷങ്ങൾ (Synoptic Gospels) സാക്ഷ്യപ്പെടുത്തുന്ന മനുഷ്യനാണ് സൈറീൻകാരൻ ശിമയോൻ.[1] ശിമയോന്റെ സ്വദേശമായി പറയപ്പെടുന്ന സൈറീൻ(കെവുറീൻ/കുറേന) ഉത്തരാഫ്രിക്കയിൽ ലിബിയയിലെ ഒരു ഗ്രീക്ക് കോളനി ആയിരുന്നു. ബിസി നാലാം നൂറ്റാണ്ടിൽ ടോളമി സോത്തറുടെ ഭരണകാലത്ത് യൂദയായിൽ നിന്ന് നാടുകടത്തപ്പെട്ട ഒരു ലക്ഷത്തോളം യഹൂദരിൽ ആരംഭിച്ച ഒരു ജൂതസമുഹവും അവിടെ ഉണ്ടായിരുന്നു. ആഫ്രിക്കയിൽ ക്രിസ്തുമതത്തിന്റെ ആദ്യകാലകേന്ദ്രങ്ങളിൽ ഒന്നുകൂടി ആയിരുന്നു അവിടം. പൊതുവർഷം 66-73-ലെ യഹൂദകലാപത്തിൽ പങ്കെടുത്ത സിക്കാറികൾ എന്നറിയപ്പെടുന്ന തീവ്രവാദികൾക്കും പിന്നീട് അവിടം അഭയസ്ഥാനമായി. അടുത്ത നൂറ്റാണ്ടുകളിൽ ഹാഡ്രിയന്റെയും ട്രാജന്റേയും ഭരണകാലത്തു നടന്ന യഹൂദകലാപങ്ങളിലും സൈറീൻ പങ്കുചേർന്നു. ആണ്ടുതോറും യെരുശലേമിൽ തീർത്ഥാടകരായെത്തിയിരുന്ന സൈറീനിലെ യഹൂദരുടേതായി അവിടെ ഒരു സിനഗോഗ് ഉണ്ടായിരുന്നു.
പാരമ്പര്യങ്ങൾ
തിരുത്തുകശിമയോനെക്കുറിച്ചുള്ള സുവിശേഷസാക്ഷ്യത്തിൽ അദ്ദേഹത്തിന്റെ പുത്രന്മാരായ അലക്സാണ്ടറും റൂഫസും പരാമർശിക്കപ്പെടുന്നുണ്ടെന്നത് പിൽക്കാലനിരീക്ഷകന്മാർ ശ്രദ്ധിച്ചിട്ടുണ്ട്. ശിമയോന്റെ മക്കൾ ക്രൈസ്തവവേദപ്രചാരകരായി എന്നും റോമിലെ സഭയിൽ നിലയുള്ളവരായിരുന്നു അവരെന്നുമുള്ള അനുമാനത്തിന് ഇതു കാരണമായി. റോമാക്കാർക്കെഴുതിയ ലേഖനത്തിൽ (റോമർ 16:13), പൗലോസ് അപ്പസ്തോലൻ പരാമർശിക്കുന്ന റൂഫസ്, ശിമയോന്റെ മകനാണെന്നും വാദമുണ്ട്. ഗ്രീക്കുകർക്കിടയിൽ സുവിശേഷം പ്രഘോഷിച്ചതായി അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 11:20-ൽ പറയുന്ന സൈറീനിലെ മനുഷ്യരും, ശിമയോനുമായും ചിലർ ബന്ധം കാണുന്നു. ശിമയോൻ എന്ന പേര്, യഹൂദതയുടെ ഉറപ്പുള്ള ലക്ഷണമല്ല. അലക്സാണ്ടർ, റൂഫസ് എന്നീ പേരുകളാകട്ടെ, യഹൂദേതരജാതികളിൽ പതിവുള്ളതായിരുന്നു.
ഗാഗുലത്താമലമുകളിൽ സംഭവിച്ച തിരിച്ചറിയൽ പിശകിൽ യേശുവിനുപകരം ശിമയോൻ കുരിശിൽ തറക്കപ്പെട്ടതായി ചില ജ്ഞാനവാദപാരമ്പര്യങ്ങൾ അവകാശപ്പെടുന്നു. "മഹാനായ സേത്തിന്റെ രണ്ടാം ഉടമ്പടി" (Second Treatise of the Great Seth) എന്ന പുസ്തകത്തിലും മറ്റും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഈ പാരമ്പര്യം, ശിമയോൻ കുരിശിൽ മരിച്ചോ എന്നു വ്യക്തമാക്കുന്നില്ല. യേശുവിന്റേത് യഥാർത്ഥശരീരം ആയിരുന്നില്ലെന്നും ശരീരത്തിന്റെ മിഥ്യ മാത്രമായിരുന്നുവെന്നു വാദിക്കാൻ ജ്ഞാനവാദികളിൽ ചിലർ ആശ്രയിച്ചത് ശിമയോനുമായി ബന്ധപ്പെട്ട ഈ പാരമ്പര്യത്തെയാണ്.
രണ്ടു പക്ഷങ്ങൾ
തിരുത്തുകയേശുവിന്റെ കുരിശുവഹിക്കുന്നതിൽ ശിമയോൻ ചെയ്യുന്ന സഹായം, ക്രിസ്തീയഭക്ത്യഭ്യാസമായ കുരിശിന്റെ വഴിയിലെ സ്ഥലങ്ങളിൽ(stations) ഒന്നാണ്. കുരിശുചുമക്കാനുള്ള ശിമയോന്റെ നിയുക്തിയുടെ സാഹചര്യത്തെക്കുറിച്ച് പല വ്യാഖ്യാനങ്ങളുമുണ്ട്. യേശുവിനോട് സഹതാപം കാണിക്കുകമൂലമാണ് ശിമയോൻ കുരിശുവഹിക്കാൻ നിയോഗിക്കപ്പെട്ടതെന്നാണ് ഒരു പക്ഷം. എങ്കിലും, സുവിശേഷങ്ങൾ ചുരുങ്ങിയ വാക്കുകളിൽ നൽകുന്ന സാക്ഷ്യത്തെ അക്ഷരാർത്ഥത്തിൽ പിന്തുടരുന്നവർ, ശിമയോൻ നിർബ്ബന്ധപൂർവം നിയോഗിക്കപ്പെടുകയായിരുന്നു എന്നു കരുതുന്നു. യേശുവിന്റെ പീഡാസഹനത്തെക്കുറിച്ചുള്ള "പാഷൻ ഓഫ് ക്രൈസ്റ്റ്" എന്ന ചലച്ചിത്രം, ശിമയോന്റേത് നിർബ്ബന്ധപൂർവമുള്ള നിയുക്തി ആയിരുന്നതായി കാണിക്കുന്നെങ്കിലും ഗാഗുലത്തായിലേക്കുള്ള യാത്രക്കിടെ അയാൾ യേശുവിനോട് സഹാതാപത്തോടെ പെരുമാറിയാതായും ചിത്രീകരിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ കത്തോലിക്കാ മിസ്റ്റിക് ആനി കാഥറീന്റെ ദർശനങ്ങളും ഏറെക്കുറെ ഇതേ ഭാഷ്യം പിന്തുടരുന്നു.[2]
യെരുശലേമിലെ കെദ്രോൻ സമതലത്തിൽ 1941-ൽ കണ്ടുകിട്ടിയ സൈറീനിയൻ യഹൂദരുടെ ശവസംസ്കാരഗുഹയിലെ കല്ലറകളിലൊന്നിൽ അലക്സാണ്ടറുടെ ശിമയോന്റെ മകൻ അലക്സ്രാണ്ടർ എന്നു ആലേഖനം ചെയ്തിരുന്നു. എങ്കിലും അതിൽ പരാമർശിക്കപ്പെടുന്നവർ സുവിശേഷസാക്ഷ്യത്തിലെ ശിമയോനും മകനും ആണോ എന്നു വ്യക്തമല്ല.