ഗൊൽഗോഥാ

(ഗാഗുൽത്താ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Golgotha, or Calvary (Biblical Greek പുരാതന യെരുശലേം നഗരത്തിന് പുറത്തുള്ള ഒരു പ്രദേശമായിരുന്നു ഗൊൽഗോഥാ (Golgotha). ഗോഗുൽത്താ, ഗാഗുൽത്താ തുടങ്ങിയ ഉച്ചാരണഭേദങ്ങളും മലയാളത്തിൽ നിലവിലുണ്ട്. തലയോടിടം എന്നാണ് ഈ അറമായ പദത്തിന്റെ അർത്ഥം. ലത്തീൻ ഭാഷയിൽ ഈ സ്ഥലം കാൽവറി എന്നും യവനഭാഷയിൽ ക്രാനിയോൻ എന്നും അറിയപ്പെടുന്നു. യേശുക്രിസ്തുവിന്റെ ക്രൂശീകരണം നടന്നത് ഇവിടെ വെച്ചാണ് എന്നു വിശ്വസിക്കപ്പെടുന്നു.

Traditional site of Golgotha, within the Church of the Holy Sepulchre

ബൈബിൾ പരാമർശങ്ങളും സ്ഥലനാമോല്പത്തിയും

തിരുത്തുക
 
യേശുവിന്റെ കുരിശ് നാട്ടിയിരുന്നതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് സ്പർശിക്കുവാൻ കാത്ത് നിൽക്കുന്ന വിശ്വാസികൾ

ഗൊൽഗോഥായെ ഒരു പാറയായും ഒരു മലയായും വിശേഷിപ്പിക്കാറുണ്ടെങ്കിലും[1] ബൈബിളിൽ ഒരു സ്ഥലം എന്നു മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളിലും ഗൊൽഗോഥായെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്.

മത്തായി എഴുതിയ സുവിശേഷം:
തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തു എത്തിയപ്പോൾ അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാൻ കൊടുത്തു;അതു രുചിനോക്കിയാറെ അവന്നു കുടിപ്പാൻ മനസായില്ല. അവനെ ക്രൂശിൽ തറെച്ചശേഷം അവർ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു. [2]

മർക്കോസ്‌ എഴുതിയ സുവിശേഷം:
തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്കു അവനെ കൊണ്ടുപോയി; കണ്ടിവെണ്ണ കലർത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല. അവനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രം ഇന്നവന്നു ഇന്നതു കിട്ടേണം എന്നു ചീട്ടിട്ടു പകുതി ചെയ്തു.[3]

ലൂക്കോസ്‌ എഴുതിയ സുവിശേഷം:
തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്പ്രവർത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു.[4]

യോഹന്നാൻ എഴുതിയ സുവിശേഷം:
അവർ യേശുവിനെ കയ്യേറ്റു; അവൻ താൻ തന്നേ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി. അവിടെ അവർ അവനെയും അവനോടു കൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു.[5]

എന്നാൽ എന്തുകൊണ്ട് ഈ സ്ഥലത്തിന് തലയോടിടം എന്ന് പേരുണ്ടായി എന്നതിനെപ്പറ്റി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിലവിലുണ്ട്.

  • അല്പം ഉയർന്നതായ ഈ ഭൂപ്രദേശത്തിന്റെ ആകൃതി ഒരു തലയോട്ടിയോട് സാദൃശ്യം ഉള്ളതായിരുന്നു എന്നൊരു അഭിപ്രായമുണ്ട്.
  • കുറ്റവാളികളുടെ വധശിക്ഷ നടത്താനുള്ള പൊതുസ്ഥലമായിരുന്നതിനാൽ ശിക്ഷ നടപ്പാക്കിയ ശേഷം ഉപേക്ഷിക്കപ്പെടുന്ന മൃതശരീരങ്ങളുടെ തലയോടുകളും അസ്ഥികളും ചിതറിക്കിടന്നതിനാലാണ് ഈ പേരുണ്ടായെതെന്നാണ് മറ്റൊരു അഭിപ്രായം.
  • എന്നാൽ ആദിപിതാവായ ആദാമിന്റെ തലയോട്ടി ഈ പ്രദേശത്തെവിടെയോ നിക്ഷേപിക്കപ്പെട്ടിരുന്നുവെന്നുള്ള ഒരു പരമ്പരാഗത യഹൂദാ വിശ്വാസവും നിലവിലിരുന്നു. അതിനാലാവാം സുവിശേഷങ്ങളിൽ ഈ സ്ഥലത്തെ 'തലയോട്ടികളുടെ ഇടം' എന്നതിന് പകരം ഒരു തലയോട്ടിയുടെ ഇടം (place of' a skull) എന്നർത്ഥത്തിൽ 'തലയോടിടം' എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. ഏതായാലും ഈ വിശ്വാസം മറ്റ് ചില ക്രിസ്തീയ പാരമ്പര്യവിശ്വാസങ്ങൾക്കും അടിസ്ഥാനമായിട്ടുണ്ട്. യേശുവിന്റെ കുരിശ് നാട്ടിയപ്പോൾ ഇളകാതിരിക്കുവാൻ കല്ലിന് പകരമായി ഉപയോഗിച്ചിരുന്നത് ഒരു തലയോട്ടിയായിരുന്നുവെന്നും അത് ആദമിന്റേതാമായിരുന്നുവെന്നും യേശുവിന്റെ രക്തം ആ തലയോട്ടിയിലേക്ക് ഒലിച്ചിറങ്ങിയപ്പോൾ ആദമിന് സ്വർഗ്ഗപ്രാപ്തി ലഭിച്ചുവെന്നുമാണ് അത്തരത്തിലൊരു കഥ.[6]
  • ഇതിനെല്ലാം പുറമേ ഗൊൽഗോഥാ എന്നുള്ള സുവിശേഷങ്ങളിലെ സ്ഥലനാമം തെറ്റാണെന്നും ശരിയായ അറമായ പദം മരണശിക്ഷയുടെ കൊടുമുടി എന്നർത്ഥമുള്ള ഗൊൽ ഗൊആത്ത (Gol Goatha) ആണെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. ഈ സ്ഥലം യെരമ്യാവിന്റെ പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഗോവഹ് [7] (Goath[8]) ആണെന്ന് യെറുശലേമിന്റെ ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി ഇവർ വിശദീകരിക്കുന്നു.
  1. മൗണ്ട് കാൽവറി, കത്തോലിക്കാ വിജ്ഞാനകോശം
  2. മത്തായി 27:33-35, സത്യവേദപുസ്തകം
  3. മർക്കോസ്‌ 15:22-24, സത്യവേദപുസ്തകം
  4. ലൂക്കോസ്‌ 23:33, സത്യവേദപുസ്തകം
  5. യോഹന്നാൻ 19:17-18, സത്യവേദപുസ്തകം
  6. "മാനുവേൽ ജോർജ്ജ്, കാൽവരിക്കുന്നിലെ കാരുണ്യം‍, മനോരമ ഓൺലൈൻ". Archived from the original on 2011-04-24. Retrieved 2011-04-24.
  7. യെരമ്യാവ് 31:39, സത്യവേദപുസ്തകം
  8. Jeremiah 31:39, Holy Bible, The New King James Version
"https://ml.wikipedia.org/w/index.php?title=ഗൊൽഗോഥാ&oldid=3630664" എന്ന താളിൽനിന്ന് ശേഖരിച്ചത്