ടീനോഫോറ

(സീവാൾനട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ജന്തുഫൈലമാണ് ടീനോഫോറ. റേഡിയേറ്റ് ജന്തുഫൈലങ്ങളിലെ രണ്ടാമത്തേതും അവസാനത്തേതുമായ ഫൈലമാണിത്. അതിപുരാതന കാലം മുതൽക്കേ ഈ വിഭാഗത്തിൽപ്പെടുന്ന ഏതാനും ജീവികളെപ്പറ്റി അറിവുണ്ടായിരുന്നെങ്കിലും 1889-ൽ ഹാറ്റ്സ് ചെക്ക് എന്ന ശാസ്ത്രകാരനാണ് ടീനോഫോറുകളെ ഒരു പ്രത്യേക വിഭാഗമാക്കി മാറ്റിയത്. എങ്കിലും ഇപ്പോഴും ഇവയെ സീലെന്ററേറ്റ ഫൈലത്തോടൊപ്പം കണക്കാക്കിവരുന്ന ശാസ്ത്രജ്ഞരും ഉണ്ട്.

ടീനോഫോറ
Temporal range: കമ്പ്രിയൻ - സമീപസ്ഥം.
ടീനോഫോറ
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
(unranked):
കിങ്ഡം:
Subkingdom:
Phylum:
Ctenophora

Classes

Tentaculata
Nuda

ടീനോഫോറുകൾ കോംബ് ജെല്ലികൾ, സീവാൾനട്ടുകൾ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഇവ സുതാര്യ ജലാറ്റിന ഘടനയുള്ള ജീവികളാണ്.

ശരീരഘടന

തിരുത്തുക
 
ടീനോഫോറ

പൊതുസമമിതി ബന്ധങ്ങളിൽ സീലന്റെറേറ്റുകളോട് ഇവയ്ക്ക് സാമ്യമുണ്ട്. ദംശ-കോശികകൾ ഇല്ലാത്തതും ദ്വിപാർശ്വസമമിതി ഉള്ളതുമായ ജീവികളാണ് ഈ ഫൈലത്തിലുള്ളത്. മുഖ-അപമുഖ അക്ഷത്തെ അടിസ്ഥാനമാക്കി ശരീരഭാഗങ്ങളെ ഇവയിൽ വിന്യസിച്ചിരിക്കുന്നു. ജീവിതകാലം മുഴുവനോ ലാർവൽ ഘട്ടത്തിൽ മാത്രമായോ കാണപ്പെടുന്ന എട്ടു നിരയിലായുള്ള രേഖാംശിക സിലിയാമയ പ്ലേറ്റുകൾ ഈ ജീവികളുടെ ഒരു സവിശേഷതയാണ്. മീസെൻകൈമ കോശങ്ങൾക്ക് ജലാറ്റിനസ്വഭാവമാണുള്ളത്. പൊതുവായ നിഷ്കൃഷ്ട അവയവ സംവിധാനവും ഇവയിൽ കാണപ്പെടുന്നില്ല. ഈ സവിശേഷതകളിലെല്ലാം ടീനോഫോറുകൾ സീലന്ററേറ്റുകളോട് സാദൃശ്യം പുലർത്തുന്നുണ്ടെങ്കിലും പചനവ്യൂഹത്തിന്റെ കൃത്യമായ ഘടന, അപമുഖ-സംവേദക പ്രതലത്തിന്റെ സാന്നിദ്ധ്യം എന്നിവ സീലന്ററേറ്റുകളേക്കാൾ ഉയർന്ന ശരീരഘടനാനിലവാരം ഇവയ്ക്കുണ്ടെന്ന് സൂചന നൽകുന്നു.

ടീനോഫോറുകളുടെ ശരീരത്തിന് മൊത്തത്തിൽ ഗോളാകൃതിയാണുള്ളത്. പാർശ്വീയമായോ പൃഷ്ട-പാർശ്വീയമായോ സമ്മർദിത ശരീരം ഉള്ളവയും വിരളമല്ല. ദ്വി-ആരീയമായി വിന്യസിച്ചിട്ടുള്ള സ്പർശകങ്ങൾ അഥവാ ഗ്രാഹികളും കാണപ്പെടുന്നു. അങ്ങിങ്ങ് കറ്റകളായി കൂടിച്ചേരാനുള്ള പ്രവണത പ്രകടിപ്പിക്കുന്ന സ്വതന്ത്രതന്തുക്കളുടെ രൂപത്തിലുള്ള പേശീവ്യവസ്ഥയാണ് ഇവയ്ക്കുള്ളത്. സിലിയാമയ പ്ലേറ്റുനിരകൾക്ക് ഇടയിലായി ജാലക രൂപത്തിലാണ് നാഡീവ്യവസ്ഥ രൂപമെടുത്തിട്ടുള്ളത്. വിസർജനാവയവങ്ങൾ ഇല്ല. പചനനാളികളുടെ ഭിത്തിയിലായി ജനനാംഗങ്ങൾ കാണപ്പെടുന്നു. മൊസേക് രീതിയിലുള്ള പരിവർധനമാണ് ഇവയ്ക്കുള്ളത്. സിഡിപ്പിഡ് എന്ന പേരിലുള്ള ഒരു ലാർവാഘട്ടവും ഉണ്ട്.

ചലനരീതി

തിരുത്തുക
 
ടീനോഫോറ

പ്ലവകസ്വഭാവമുള്ള, തീർത്തും കടൽ ജീവികളാണിവ. മുഖഭാഗം മുന്നോട്ടാക്കി അപമുഖഭാഗത്തേക്കു നീണ്ടിരിക്കുന്ന കോംബ് പ്ലേറ്റ് സിലിയകളുടെ പെട്ടെന്നുള്ള ചലനം വഴിയാണ് ഇവ സഞ്ചരിക്കുന്നത്. സഞ്ചാരം വളരെ മന്ദഗതിയിലാണുതാനും. നാഡീനിയന്ത്രണം വഴിയാണ് സിലിയകൾ ചലിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്.

ഭക്ഷണരീതി

തിരുത്തുക

ചെറിയ കടൽജീവികളാണ് ഇവയുടെ മുഖ്യ ആഹാരം. ഗ്രാഹികളാണ് ഇരയെ പിടിച്ചെടുക്കുന്നത്. ഞണ്ടുകൾ മൊളസ്ക്കകൾ തുടങ്ങിയവയുടെ ലാർവകളേയും മത്സ്യങ്ങളുടെ മുട്ടകളേയും ഇവ ഭക്ഷിക്കാറുണ്ട്. ചെറിയ തോതിൽ ജൈവദീപ്തി ഉത്പാദിപ്പിക്കാനും ഇവയ്ക്കു കഴിവുണ്ട്. ശരീരത്തിന്റെ നഷ്ടപ്പെട്ടുപോകുന്ന ഭാഗങ്ങളെ പുനരുദ്ഭവത്തിലൂടെ വീണ്ടും ഉണ്ടാക്കിയെടുക്കാനും ഇവയ്ക്കു സാധിക്കുന്നു.

വിവിധ ഇനങ്ങൾ

തിരുത്തുക

ഏകദേശം 80-ഓളം സ്പീഷീസിനെ ഈ ജന്തുഫൈലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടീനോഫോറ ഫൈലത്തെ ടെന്റക്കുലേറ്റ, ന്യൂഡ എന്നീ രണ്ടു വർഗങ്ങളായി തിരിച്ചിരിക്കുന്നു. ഗ്രാഹികൾ ഉള്ള ജീവികളെ ടെന്റക്കുലേറ്റയിലും ഗ്രാഹികൾ ഇല്ലാത്തവയെ ന്യൂഡയിലും ഉൾപ്പെടുത്തിയിരിക്കുന്നു. ടെന്റക്കുലേറ്റ വർഗത്തെ സിഡിപ്പിഡിയ, ലോബേറ്റ, സെസ്റ്റിഡ, പ്ലാറ്റീക്ടീനിയ എന്നീ നാലു ഗോത്രങ്ങളായും തിരിച്ചിട്ടുണ്ട്. ന്യൂഡ വർഗത്തിൽ ബീറോയ്ഡ എന്ന ഒരു ഗോത്രം മാത്രമേയുള്ളു. ടീനോഫോറ ഫൈലത്തിലെ പ്രധാന സ്പീഷീസ് പ്ലൂറോബ്രാക്കിയ, ഹോർമിറ്റോറ, ഡിയോപിയ, സെസ്റ്റസ്, ടീനോപ്ലാന ഇൻഡിക്ക, ബീറോയ് എന്നിവയാണ്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടീനോഫോറ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടീനോഫോറ&oldid=1917978" എന്ന താളിൽനിന്ന് ശേഖരിച്ചത്