സാബു ദസ്തഗിർ

അമേരിക്കന്‍ ചലചിത്ര നടന്‍
(സാബു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യക്കാരനായ ആദ്യത്തെ രാജ്യാന്തര ചലച്ചിത്ര നടൻ. 1924 ജനുവരി 27ന്‌ കർണാടത്തിലെ മൈസൂറിനു സമീപം കാരപൂരിൽ ഒരു ആനപ്പാപ്പന്റെ മകനായി ജനിക്കുകയും ബാല്യത്തിൽതന്നെ അതേ തൊഴിൽ സ്വീകരിക്കുകയും ചെയ്ത സെലാർ ഷെയ്ഖ്‌ സാബുവാണ്‌ പിൽക്കാലത്ത്‌ ബ്രിട്ടീഷ്‌, ഹോളിവുഡ്‌ സിനിമകളിലെ ശ്രദ്ധേയ നടൻമാരിൽ ഒരാളായി മാറിയത്‌. (സാബുവിന്റെ പേര്‌ സാബു ദസ്തഗിർ എന്ന്‌ പല രേഖകളിലും കാണപ്പെടുന്നുണ്ട്‌. ഇത്‌ ഇദ്ദേഹത്തിന്റെ സഹോദരന്റെ പേരാണെന്ന്‌ കുടുംബാംഗങ്ങളും സാബുവിന്റെ ജീവിതത്തെക്കുറിച്ച്‌ പഠനം നടത്തിയിട്ടുള്ള പത്രപ്രവർത്തകനായ ഫിലിപ്‌ ലെയ്ബ്ഫ്രെഡും സ്ഥിരീകരിച്ചിട്ടുണ്ട്‌). ഇറ്റാലിയൻ ഉൾപ്പെടെയുള്ള മറ്റ്‌ യൂറോപ്യൻ ഭാഷകളിലും സാബു സാന്നിധ്യമറിയിച്ചിട്ടുണ്ട്‌.

സാബു ദസ്തഗിർ
ജനനം
സാബു ദസ്തഗിർ

(1924-01-27)ജനുവരി 27, 1924
മരണംഡിസംബർ 2, 1963(1963-12-02) (പ്രായം 39)
മറ്റ് പേരുകൾSelar Shaik Sabu
തൊഴിൽActor
സജീവ കാലം1937–1963
ജീവിതപങ്കാളി(കൾ)Marilyn Cooper (1948–1963) (his death) 2 children
കുട്ടികൾPaul Sabu, Jasmine Sabu

ആദ്യകാലം

തിരുത്തുക

മൈസൂറിൽ ആനപാപ്പാനായി ജീവിക്കേണ്ടിയിരുന്ന സാബുവിന്റെ ജീവിതത്തിൽ സ്വപ്നതുല്യമായ വഴിത്തിരിവുണ്ടാക്കിയത്‌ വിഖ്യാത ബ്രിട്ടീഷ്‌ ഡോക്യുമെൻററി സംവിധായകനായിരുന്ന റോബർട്ട്‌ ജെ. ഫ്ളഹെർട്ടിയാണ്‌. 1934ൽ റുഡ്യാർഡ് കിപ്ലിംഗിന്റെ തുമായി ഓഫ്‌ ദ എലിഫെൻറ്സ് എന്ന രചനയെ ആസ്പദമാക്കി സംവിധാനം ചെയ്ത ദ എലിഫെൻറ് ബോയ്‌ എന്ന ചിത്രത്തിലൂടെയാണ്‌ ഫ്ളഹെർട്ടി സാബുവിനെ വെള്ളിത്തിരയിൽ എത്തിച്ചത്‌. ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്‌ അനുയോജ്യനായ ബാല താരത്തെ തേടിയുള്ള അന്വേഷണത്തിനൊടുവിലാണ്‌ 1935ൽ പതിനൊന്നു കാരാനായ സെലാർ ഷെയ്ഖ്‌ സാബുവിനെ ഫ്ളഹർട്ടി കണ്ടെത്തിയത്‌.

മൈസൂർ മഹാരാജാവിന്റെ ആനപാപ്പാൻമാരിൽ ഒരാളായിരുന്നു സാബുവിന്റെ പിതാവ്‌. മാതാവ്‌ അസാം സ്വദേശിനിയും. സാബുവിന്റെ ശൈശവത്തിൽതന്നെ മാതാവ്‌ മരിച്ചു. 1931ൽ പിതാവും മരിച്ചതിനെ തുടർന്ന്‌ അനാഥനായ സാബു ഉപജീവനത്തിനുവേണ്ടി പിതാവിന്റെ തൊഴിൽ സ്വീകരിക്കുകയായിരുന്നു.

എലിഫെൻറ് ബോയിയുടെ ചിത്രീകരണം ഇന്ത്യയിൽതന്നെയായിരുന്നു. 1935 തുടങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന്‌ മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ്‌ ചിത്രം പൂർത്തിയാക്കാൻ കഴിഞ്ഞത്‌. അന്നത്തെ മൈസൂർ പ്രധാനമന്ത്രിയുടെ പഴ്സണൽ അസിസ്റ്റൻറായിരുന്ന എ.കെ സേട്ട്‌ ഫളഹർട്ടിയുടെ ജീവചരിത്രകാരനായ പോൾ റോത്തക്ക്‌ അയച്ച കത്തിൽ സാബുവിന്റെ ആദ്യാഭിനയത്തെക്കുറിച്ച്‌ പരാമർശിക്കുന്ന്ത ഇങ്ങനെയാണ്-ആ ദിവസത്തെ എന്റെ എറ്റവും വിലപ്പെട്ട ഓർമ സാബുവിനെക്കുറിച്ചുള്ളതാണ്‌. ഒരു ആനപ്പുറത്ത്‌ വളരെ സാവധനാത്തിലാണ്‌ അവൻ പ്രത്യക്ഷപ്പെട്ടത്‌. വലിയ മൈതാനത്തിന്റെ മധ്യത്തിൽ ലോകത്തിനു മുഴുവൻ കാണാവുന്ന രീതിയിൽ അവർ നിലയുറപ്പിച്ചു. കൃശഗാത്രനായ അവൻ ഒരു ചെറിയ ലുങ്കിയും തനി തെന്നിന്ത്യൻ ശൈലിയിലുള്ള ഒരു തലപ്പാവുമാണ്‌ ധരിച്ചിരുന്നത്‌... ഭീമാകാരനായ ആ ആനയെ വരുതിയിൽ നിർത്തുന്നതു കണ്ടാൽ മതി ആർക്കും അവന്റെ കഴിവിൽ വിശ്വാമർപ്പിക്കാൻ.

ഇതേ കത്തിൽതന്നെ സേട്ട്‌ വർഷങ്ങൾക്കു ശേഷം സാബുവുമായി നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ചും വിശദീരിക്കുന്നു.വർഷങ്ങൾക്കുശേഷം ഔപചാരികതകളില്ലാതെ സാബു എനിക്കൊപ്പം വിരുന്നുണ്ടു. അവനെ ആദ്യമായി കണ്ട മുഹൂർത്തത്തെക്കുറിച്ച്‌ അപ്പോൾ പറഞ്ഞു. അന്ന്‌ അവൻ വന്നത്‌ ആനപ്പുറത്തല്ല, ഒരു കാഡിലാക്‌ കാറിലായിരുന്നു. ലുങ്കിക്കും ടർബനും പകരം ആഢ്യത്വം തുളുമ്പുന്ന വേഷം ധരിച്ചിരുന്ന അവൻ സംസാരിച്ചതാകട്ടെ തനി അമേരിക്കൻ ശൈലിയിലും.

ചലച്ചിത്ര ജീവിതം

തിരുത്തുക

എലിഫെൻഫെൻറ് ബോയിക്ക്‌ നിരൂപകരുടെ സമ്മിശ്ര പ്രതികരണമാണ്‌ ലഭിച്ചതെങ്കിലും ചിത്രം ബോക്സ്‌ഓഫീസിൽ തരംഗം സൃഷ്ടിച്ചു. സാബുവിന്റെ സാന്നിധ്യംതന്നെയായിരുന്നു പ്രധാന ആകർഷണം. ഏഷ്യൻ കഥാപാത്രങ്ങളെ പാശ്ചാത്യ താരങ്ങൾതന്നെ അവതരിപ്പിച്ചുപോന്ന കാലഘട്ടത്തിൽ കഥാപാത്രത്തെ അക്ഷരംപ്രതി യാഥാർത്ഥ്യമാക്കിക്കൊണ്ടുള്ള ഇന്ത്യൻ ബാലന്റെ രംഗപ്രവേശം ശ്രദ്ധേയമായത്‌ സ്വാഭാവികം. പാശ്ചാത്യരിൽ ഭൂരിഭാഗത്തിനും കേട്ടുകേൾവി മാത്രമായിരുന്ന നാട്ടിൽനിന്നെത്തിയ സാബു താരമായത്‌ വളരെ പെട്ടെന്നാണ്‌.

ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സാബുവിനെയും സഹോദരൻ ദസ്തഗിറിനെയും ഇംഗ്ളണ്ടിലേക്ക്‌ കൊണ്ടുപോയി. ലണ്ടനിൽ ബി.ബി.സിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കു മുന്നിലെത്തുകയും അലക്സാൺഡ്ര കൊട്ടാരത്തിലെ ടെലിവിഷൻ ഷൂട്ടിംഗിൽ പങ്കെടുക്കുകയും ചെയ്ത സാബുവിനെവിനെ മുന്നിലിരുത്തി വിഖ്യാത ശിൽപ്പകലാ വിദഗ്ദ്ധ ലേഡി കെന്നറ്റ്‌ ശിൽപ്പം തീർക്കുകയും ചിത്രകാരനായ ആൽഫ്രഡ്‌ എഗെർട്ടൻ കൂപ്പർ പോർട്രെയ്റ്റ്‌ വരക്കുകയും ചെയ്തു. ആ വർഷം വെനീസ്‌ ചലച്ചിത്രോത്സവത്തിൽ ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായിരുന്ന എലിഫെൻറ് ബോയ്‌ അവിടെ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടുകയുംചെയ്തു.

ആദ്യ ചിത്രത്തിന്റെ തരംഗം കെട്ടടങ്ങും മുമ്പ്‌ സാബുവിനെത്തേടി അടുത്ത അവസരമെത്തി. എലിഫെൻറ് ബോയിയുടെ സംവിധാനത്തിൽ പങ്കാളിയായ സുൽത്താൻ കോർദ എ.ഇ മാൻസന്റെ നോവലിനെ ആധാരമാക്കി ഒരുക്കിയദ ഡ്രം ആയിരുന്നു ചിത്രം. തുകൽ വാദ്യ വിദ്വാനായ ഒരു ഇംഗ്ളീഷ്‌ യുവാവും ഇന്ത്യൻ രാജകുമാരനും തമ്മിലുള്ള ബന്ധമായിരുന്നുവെയ്ൽസിൽ ചിത്രീകരിച്ച ദ ഡ്രമ്മിന്റെ ഇതിവൃത്തം. ടെക്നികളറിലാണ്‌ ഇത്‌ ചിത്രീകരിച്ചത്‌. ഈ ചിത്രത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ്‌ സാബു ആദ്യം അമേരിക്കയിലെത്തുന്നത്‌.

മൂന്നാമത്തെ ചിത്രമായ ദ തീഫ്‌ ഓഫ്‌ ബഗ്ദാദ്‌ സാബുവിന്റെ അഭിനയ ജീവിതത്തിലെ ആഘോഷമായി മാറി. എക്കാലത്തെയും മികച്ച കൽപ്പിത കഥാ ചിത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന ഇത്‌ സംവിധാനം ചെയ്തത്‌ ലുഡ്‌വിഗ്‌ ബെർഗർ, മൈക്കൽ പവൽ, ടിം വെലൻ എന്നിവർ ചേർന്നാണ്‌. പ്രധാന കഥാപാത്രമായ അബുവിനെയാണ്‌ സാബു അവതരിപ്പിച്ചത്‌. ജൂൺ ഡ്യൂപ്രെസ്‌, ജോൺ ജസ്റ്റിൻ, റെക്സ്‌ ഇൻഗ്രാം തുടങ്ങിയ പ്രമുഖരായിരുന്നു മറ്റ്‌ അഭിനേതാക്കൾ. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതിനെ തുടർന്ന്‌ തടസപ്പെട്ട ചിത്രീകരണവും അനുബന്ധ ജോലികളും ഇടക്ക്‌ ഹോളിവുഡിലേക്ക്‌ മാറ്റേണ്ടിവന്നു. ഈ കാലതാസമത്തിനിടെ ആർ.കെ.ഒയുടെ ഗുംഗ ഡിൻ എന്ന ചിത്രത്തിൽ സാബു വേഷമിട്ടു.

1940ലെ ക്രിസ്മസ്‌ ദിനത്തിൽ പുറത്തിറങ്ങിയ ദ തീഫ്‌ ഓഫ്‌ ബഗ്ദാദ്‌ ഗംഭീര വിജയമായിരുന്നു. വർണ ചിത്രങ്ങളുടെ വിഭാഗത്തിൽ ഛായാഗ്രഹണം, കലാസംവിധാനം, ദൃശ്യ, ശബ്ദ മികവ്‌ എന്നിവക്കുള്ള ഓസ്കാർ അവാർഡുകളും ചിത്രത്തിനു ലഭിച്ചു. സുൽത്താൻ കോർദയും സാബുവും കൈകോർത്ത അവസാന ചിത്രവും റുഡ്യാർഡ് കിപ്ലിംഗിന്റെ രചനയെ ആസ്പദമാക്കിയുള്ളതായിരുന്നു. 1942ൽ പുറത്തിറങ്ങിയ ജംഗിൾ ബുക്കിൽ സാബു മൌഗ്ളിയായാണ്‌ വേഷമിട്ടത്‌. അതേ വർഷം യുണിവേഴ്സൽ പിക്ചേഴ്സുമായി കരാർ ഒപ്പിട്ട സാബു അവരുടെ നാലു ചിത്രങ്ങളിൽ(അറേബ്യൻ നൈറ്റ്സ്‌-1942, വൈറ്റ്‌ സാവേജ്‌-1943, കോബ്രാ വുമൺ-1944, ടാംഗിയർ-1946) അഭിനയിച്ചു. ഈ ചിത്രങ്ങളിലൊന്നും നായക വേഷമായിരുന്നില്ലെന്നുമാത്രം.

രണ്ടാം ലോക മഹായുദ്ധം രൂക്ഷമായതോടെ അമേരിക്കൻ ട്രഷറി ഡിപ്പാർട്മെൻറിന്റെ പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്‌ സാബു 30 നഗരങ്ങളിൽ പര്യടനം നടത്തുകയും റേഡിയോ പ്രക്ഷേപണത്തിൽ പങ്കെടുക്കുകയും ചെയ്തു. 1944ൽ സാബുവിന്‌ അമേരിക്കൻ പൗരത്വം ലഭിച്ചു. വൈകാതെ വടക്കൻ കരോലിനയിലെ ആർമി എയർഫോഴ്സ്‌ ബേസിൽ പരിശീലനത്തിനു ചേർന്ന ഇദ്ദേഹം യുദ്ധത്തിൽ അമേരിക്കൻ വിമാനങ്ങളിൽ ടെയ്ൽ ഗണാറായി സേവനമനുഷ്ഠിച്ചു. പസഫിക്‌ മേഖലയിൽ നാൽപ്പതോളം ദൌത്യങ്ങളിൽ പങ്കാളിയായ സാബുവിന്‌ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരവും (ഡിസ്റ്റിംഗുഷ്ഡ്‌ ഫ്ളൈയിംഗ്‌ ക്രോസ്‌) ലഭിച്ചു. ബ്രിട്ടനിൽ തിരിച്ചെത്തിയയുടൻ‌ അടുത്ത ചിത്രത്തിലേക്ക്‌ ക്ഷണം ലഭിച്ചു. മൈക്കൽ പവൽ സംവിധാനം ചെയ്ത ബ്ളാക്ക്‌ നാർസിസസിൽ(1947) നായകനായിരുന്നില്ലെങ്കിലും പ്രാധാന്യമുള്ള വേഷമായിരുന്നു. അടുത്ത ചിത്രമായ എൻഡ്‌ ഓഫ്‌ ദ റിവറിൽ(1947) ബ്രസീലിയൻ താരറാണി ബിബി ഫെരെയ്‌റയായിരുന്നു സാബുവിന്റെ ഭാര്യയായി വേഷമിട്ടത്‌. ചിത്രം കാര്യമായ വിജയം കണ്ടില്ല.

വീണ്ടും അമേരിക്കയിലെത്തിയ സാബു യൂണിവേഴ്സൽ പിക്ചേഴ്സിന്റെ മാൻ ഈറ്റർ ഓഫ്‌ കുമായോൺ (1948)എന്ന ചിത്രത്തിൽ അഭിനയിച്ചു. അതേ വർഷം ജൂലൈയിൽ കൊളംബിയ ഫിലിംസിന്റെ സോംഗ്‌ ഓഫ്‌ ഇന്ത്യയിൽ അഭിനയിക്കുമ്പോഴാണ്‌ യുവ നടി മാരിലിൻ കൂപ്പറുമായി സാബു പ്രണയത്തിലാകുന്നത്‌. ചിത്രത്തിൽ സാബുവിന്റെ നായികയായി നിശ്ചയിച്ചിരുന്ന ഗെയ്ൽ റെസ്സലിന്റെ പകരക്കാരിയായാണ്‌ മാരിലിൻ അഭിനയിക്കാനെത്തിയത്‌. ഒക്ടോബർ 19 സാബു മാരിലിനെ വിവാഹം ചെയ്തു.

ചുവടുമാറ്റവും സർക്കസ്‌ ജീവിതവും

തിരുത്തുക

പ്രായമേറുന്നതനുസരിച്ച്‌ തന്റെ പയ്യന് ‍പ്രതിഛായ മങ്ങുന്നതായി സാബു മനസ്സിലാക്കി. അതുകൊണ്ടുതന്നെ 1950ൽ അഭിനയത്തിന്റെ ഇടവേളകളിൽ അദ്ദേഹം കോൺട്രാക്ടിംഗ്‌, റിയൽ എസ്റ്റേറ്റ്‌ ബിസിനസുകളിൽ ഏർപ്പെട്ടു.

യുദ്ധാനന്തര കാലഘട്ടത്തിൽ കൽപ്പിത കഥകളും കാട്ടിലെ കഥകളും അടിസ്ഥാനമാക്കിയുള്ള സിനിമകൾക്ക്‌ പ്രിയം കുറഞ്ഞതോടെ സാബുവിന്‌ അവസരങ്ങൾ നാമമാത്രമായി. 1952ൽ ബഗ്ദാദ്‌ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി സാബു വീണ്ടും ഇന്ത്യയിലെത്തി. അതേ വർഷം ഇംഗ്ളണ്ടിൽ മടങ്ങിയെത്തിയ സാബുവിനെ പിന്നീട്‌ കാണുന്നത്‌ ഹാരിംഗ്ഗേ സർക്കസിൽ ആന അഭ്യാസിയായാണ്‌. ദ തീഫ്‌ ഓഫ്‌ ബഗ്ദാദ്‌ എന്ന ചിത്രത്തിലെ വേഷത്തിലാണ്‌ ഇദ്ദേഹം ആദ്യം സർക്കസിൽ പ്രത്യക്ഷപ്പെട്ടത്‌. കാണികൾ ഇതിൽ വലിയ താൽപര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുർന്ന്‌ പരമ്പരാഗാത വേഷമായ മുണ്ട്‌ ധരിക്കാൻ നിർബന്ധിതനായി. കൊടും തണുപ്പിൽ മുണ്ട്‌ ധരിച്ച്‌ സർക്കസിൽ പങ്കെടുത്തത്‌ സാബുവിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചു. 1953ൽ സർക്കസ്‌ സംഘത്തിനൊപ്പം അദ്ദേഹം യൂറോപ്പിൽ പര്യടനം നടത്തി.

മടങ്ങിവരവ്‌

തിരുത്തുക

തൊട്ടടുത്ത വർഷം ഹലോ എലിഫെൻറ് എന്ന ഇറ്റാലിയൻ ചിത്രത്തിൽ വിറ്റോറിയോ ഡെസികക്കൊപ്പം അഭിനയിച്ചു. ഇതും 1956ൽ പുറത്തിറങ്ങിയ ബ്ളാക്‌ പാന്തറും നടൻ എന്ന നിലയിൽ സാബുവന്‌ കാര്യമായ നേട്ടമുണ്ടാക്കിയില്ല. മുടങ്ങിപ്പോയ ചില ചിത്രങ്ങളിലെ രംഗങ്ങൾ ഉപയോഗിച്ച്‌ തന്റെ അനുവാദമില്ലാതെ സംവിധാനം ചെയ്ത ജംഗിൾ ഹെൽ എന്ന ചിത്രത്തിന്റെ നിർമാതാവിനെതിരെ സാബു കോടതിയെ സമീപിച്ചതിനെ തുടർന്ന്‌ ഈ ചിത്രം വെളിച്ചം കണ്ടില്ല.

സാബു എന്ന ബാലതാരത്തെ മനസ്സിൽ സൂക്ഷിക്കുന്ന പ്രേക്ഷകരെ ലക്ഷ്യമിട്ട് അലൈഡ്‌ ആർട്ടിസ്റ്റ്‌ പിക്ചേഴ്സ് കോർപ്പറേഷൻ ഒരു പരീക്ഷണത്തിന്‌ തയ്യാറായി. 1957ൽ സാബു ആൻഡ്‌ ദ മാജിക്‌ റിംഗ്‌ എന്ന ചിത്രം പുറത്തിറങ്ങി. ഒരു നടന്റെ പേരിൽതന്നെ സിനിമ ഇറങ്ങുക എന്ന അപൂർവതയും സാബുവിന്‌ ഇതിലൂടെ സ്വന്തമായി. ജർമൻ-ഇറ്റാലിയൻ ചിത്രമായ മിസ്ട്രസ്‌ ഓഫ്‌ ദി വേൾഡ്‌(1959), റാംപേജ്‌(1963), ടൈഗർ വോക്സ്‌(1964) എന്നിവയാണ്‌ സാബുവിന്റെ അവസാന ചിത്രങ്ങൾ.

1963 ഡിസംബർ രണ്ടിന്‌ അമേരിക്കയിലെ ചാറ്റ്സ്‌വർത്തിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു സാബുവിന്റെ അപ്രതീക്ഷിത അന്ത്യം. വിഖ്യാതരായ ചലച്ചിത്ര താരങ്ങൾ അന്ത്യവിശ്രമംകൊള്ളുന്ന ഫോറസ്റ്റ്ലോൺ സെമിത്തേരിയിലാണ്‌ മൃതദേഹം സംസ്കരിച്ചത്‌. ഇദ്ദേഹത്തിന്റെ മരണശേഷമാണ്‌ അവസാന ചിത്രമായ എ ടൈഗർ വോക്സ്‌ പുറത്തിറങ്ങിയത്‌. സാബു-മാരിലിൻ ദമ്പതികൾക്ക്‌ രണ്ടു മക്കൾ. പോളും ജാസ്മിനും.

സംഗീത ലോകത്ത്‌ ചുവടുറപ്പിച്ചപോൾ സാബു രൂപം നൽകിയ ഒൺലി ചൈൽഡ്‌ എന്ന റോക്‌ ബാൻഡ്‌ വാൻ വിജയം നേടി. എഴുത്തുകാരിയും കുതിര പരിശീലകയുമായിരുന്ന ജാസ്മിൻ 2001 ൽ നിര്യാതയായി. ജാസ്മിൻ പരിശീലിപ്പിച്ച കുതിരകൾ ബ്ളേഡ്‌ റണ്ണർ ഉൾപ്പെടെയുള്ള ഹോളിവുഡ്‌ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്‌.

മറ്റ് സവിശേഷതകൾ

തിരുത്തുക
  • നാൽപ്പതുകളിലും അൻപതുകളിലും ഹോളിവുഡിലെ സമ്പന്നരായ നടൻമാരിൽ ഒരാളായിരുന്നു സാബു.
  • നാടൻ കലാകാരനായ ജോൺ പ്രൈമിന്റെ പാട്ടുകളിൽ സാബുവിനെക്കുറിച്ച്‌ പരാമർശമുണ്ട്‌.
  • ദാനിയൽ എം. പിങ്ക്‌ വാട്ടറിണ്റ്റെ നോവലുകളിൽ സാബു ദ എലിഫെൻറ് ബോയി എന്ന പേരിൽ ഒരു കഥാപാത്രമുണ്ട്‌.

സാബു അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക

1937

  • എലിഫെൻറ് ബോയ്‌

1938

  • ദ ഡ്രം

1940

  • ദ തീഫ്‌ ഓഫ്‌ ബഗ്ദാദ്‌

1942

  • ജംഗിൾ ബുക്ക്‌
  • അറേബ്യൻ നൈറ്റ്സ്‌

1943

  • വൈറ്റ്‌ സാവേജ്‌

1944

  • കോബ്രാ വുമൺ

1946

  • ടാംഗിയർ

1947

  • ബ്ളാക്ക്‌ നാർസിസസ്‌
  • ദ എൻഡ്‌ ഓഫ്‌ ദ റിവർ

1948

  • മാൻ ഈറ്റർ ഓഫ്‌ കുമായോൺ

1949

  • സോംഗ്‌ ഓഫ്‌ ഇന്ത്യ

1951

  • സാവേജ്‌ ഡ്രംസ്‌

1952

  • ബഗ്ദാദ്‌
  • ഹലോ എലിഫെൻറ്(ബ്യവോഗിയോർണോ എലഫെന്റെ)

1953

  • ദ ബ്ളാക്ക്‌ പാന്തർ

1954

  • ദ ട്രഷറർ ഓഫ്‌ ബംഗാൾ(ടെസോറോ ദെൽ ബെംഗള)

1956

  • ജംഗിൾ ഹെൽ

1957

  • സാബു ആണ്റ്റ്‌ ദ മാജിക്‌ റിംഗ്‌

1960

  • മിസ്ട്രസ്‌ ഓഫ്‌ ദ വേൾഡ്‌

1963

  • റാംപേജ്‌

1964

  • എ ടൈഗർ വോക്സ്‌

റഫറൻസുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സാബു_ദസ്തഗിർ&oldid=3090472" എന്ന താളിൽനിന്ന് ശേഖരിച്ചത്