സദാനന്ദ സ്വാമികൾ
കേരളീയ സാമൂഹ്യ നവോത്ഥാന മുന്നേറ്റത്തിന്റെ പ്രോക്താക്കളിലൊരാളും സന്യാസവര്യനുമായിരുന്നു സദാനന്ദ സ്വാമികൾ (23 ഫെബ്രുവരി 1877 -22 ജനുവരി 1924 ). നിരവധി ബ്രഹ്മനിഷ്ഠാ മഠങ്ങൾ സ്ഥാപിച്ച് ധർമ്മപ്രബോധനങ്ങൾ നടത്തി. തിരുവനന്തപുരം കേന്ദ്രീകരിച്ച് ചിത്സഭ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. അതിന്റെ ധാരാളം ശാഖകൾ സ്ഥാപിച്ചു. അതിന്റെ ആസ്ഥാനമായി കൊല്ലവർഷം 1076 ൽ തിരുവനന്തപുരത്തിനും കൊട്ടാരക്കരയ്ക്കുമിടക്ക് സദാനന്ദപുരം അവധൂതാശ്രമം സ്ഥാപിച്ചു. ശ്രീമൂലം തിരുനാൾ രാമവർമ്മ രാജാവായിരുന്നു രക്ഷാധികാരി.[1]
സദാനന്ദ സ്വാമികൾ | |
---|---|
ജനനം | ചിറ്റൂർ, പാലക്കാട് |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സന്ന്യാസി |
അറിയപ്പെടുന്നത് | സിദ്ധവൈദ്യം, സദാനന്ദപുരം അവധൂതാശ്രമം |
ജീവിതരേഖ
തിരുത്തുകകൊല്ല വർഷം 1052 കുംഭം 13ന് പാലക്കാട് ചിറ്റൂർ തത്തമംഗലം പുത്തൻവീട്ടിൽ ജനിച്ച രാമനാഥ മേനോനാണ് പിന്നീട് സദാനന്ദ സ്വാമികളായത്. കേശവ മേനോൻ എന്നാണ് അച്ഛന്റെ പേര്. സ്കൂൾ പഠന കാലത്ത് നാടുവിട്ടു പോയി. തമിഴ് നാട്ടിൽ ഒരാശ്രമത്തിൽ ചേർന്ന് യോഗജ്ഞാനങ്ങളും ശാസ്ത്രങ്ങളും അഭ്യസിച്ച് ബ്രഹ്മനിഷ്ഠനായി. നിരവധി ബ്രഹ്മനിഷ്ഠാ മഠങ്ങൾ സ്ഥാപിച്ചു. മുപ്പതോളം മഠങ്ങൾക്ക് സ്ഥലം ലഭിച്ചു എന്നാൽ എല്ലായിടത്തും മഠം സ്ഥാപിക്കപ്പെട്ടില്ല. അവ കേന്ദ്രമാക്കി “ചിൽസഭ “ എന്ന കൂട്ടായ്മ തുടങ്ങി. ചിറ്റൂർ മുതൽ കന്യാകുമാരി വരെ നിരവധി കരകളിൽ അദ്ദേഹം സഞ്ചരിച്ചു. എല്ലാ സമുദായത്തിൽ പെട്ട ഹിന്ദു ജനങ്ങൾക്കും ക്ഷേമം എന്നതായിരുന്നു സ്വാമികളുടെ ലക്ഷ്യം.
അധഃസ്ഥിതരുടെ ഉന്നമനത്തനായി ബ്രഹ്മനിഷ്ഠാ മഠങ്ങളുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. 1907ൽ ആരംഭിച്ച സദാനന്ദ സാധുജന പരിപാലന സംഘമാണ് പിന്നീട് സാധുജന പരിപാലന സംഘമായത്. സദാനന്ദസ്വാമികളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ചിത്സഭയിലെ പ്രസംഗകർ സാധുജനപരിപാലന സംഘത്തിനു എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. അയ്യൻകാളിയുടെ പ്രവർത്തനങ്ങൾക്ക് ആത്മബലം നൽകി.[2] അയ്യൻകാളി അനുയായികൾ മറ്റു പുലയൻമാരുടെ ഇടയിൽ മഠപ്പുലയർ എന്നറിഞ്ഞിരുന്നതിന്റെ പശ്ചാത്തലം ഇതായിരുന്നു. [3]കേരളത്തിൽ ആദ്യമായി മത - ധർമ്മ പ്രഭാഷണം തുടങ്ങിയ ഹിന്ദു സന്യാസി സദാനന്ദ സ്വാമികൾ ആയിരുന്നു.[1] രാജഭക്തി ,ദൈവഭക്തി ,സദാചാരം സന്മാർഗ്ഗ ബോധം ശുചിത്വം ,വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണമായിരുന്നു പ്രസംഗങ്ങളുടെ ഉള്ളടക്കം. ധാരാളം പ്രസംഗ പരമ്പരകൾ തമിഴിലും മലയാളത്തിലുമായി നടത്തി. കോഴഞ്ചേരി ചെറുകോൽപ്പുഴയിൽ ഹിന്ദുമഹാ സമ്മേളനം തുടങ്ങിയത് സ്വാമികളും വാഴൂർ തീർത്ഥപാദ സ്വാമികളും ചേർന്നായിരുന്നു.
1924 ജനുവരി 22 ന് അദ്ദേഹം മരണമടഞ്ഞു.
സ്വാമികളുടെ മരണാനന്തരം മഹാപ്രസാദ സ്വാമികൾ മഠാധിപതിയായി. ദയാനന്ദ സ്വാമികൾ, ആത്മാനന്ദ സ്വാമികൾ, ചിദാനന്ദ സ്വാമികൾ, തുടങ്ങിയവർ പ്രധാന ശിഷ്യന്മാരാണ്.
സദാനന്ദപുരം അവധൂതാശ്രമം
തിരുത്തുകകൊട്ടാരക്കര താലൂക്കിൽ നാൽപ്പത്തി മൂന്നാം മൈലിൽ മുന്നൂറോളം ഏക്കർ സ്ഥലം വെട്ടിത്തെളിച്ച് സദാനന്ദപുരം അവധൂതാശ്രമം സ്ഥാപിച്ചു. തഹസീൽദാർ പ്രാക്കുളം പത്മനാഭ പിള്ള, കെ. പരമു പിള്ള തുടങ്ങിയവരുടെ സഹായവുമുണ്ടായിരുന്നു. തമിഴ്നാട്, കൽക്കത്ത, ബോംബെ, സിലോൺ, റംഗൂൺ തുടങ്ങി വിദൂര ദേശങ്ങളിലെ നാട്ടുക്കോട്ട ചെട്ടിയാർമാരുടെ വലിയ ധന സഹായം അദ്ദേഹത്തിനു ലഭിച്ചിരുന്നു. കേരളത്തിലെ വിഭിന്നസമ്പ്രദായത്തിലുള്ള ആശ്രമങ്ങളുടെ വ്യക്തിത്വത്തിനു ഭംഗം വരാത്ത വിധത്തിൽ എല്ലാം കൂടി ചേർന്ന് ഒരു മത സംസ്കാരപദ്ധതി രൂപീകരിച്ച്, ഹിന്ദുക്കളെയെല്ലാം വൈദികസംസ്കാര സമ്പന്നരാക്കി തീർക്കണമെന്നായിരുന്നു സ്വാമിയുടെ അഭിപ്രായം. ഇതിനു വേണ്ടി ചട്ടമ്പിസ്വാമികളുമായും വിദ്യാനന്ദ തീർത്ഥപാദ സ്വാമികളുമായി ചേർന്നും ഒരു ഹിന്ദു സംസ്കാര പദ്ധതി രൂപീകരിക്കുവാൻ ശ്രമിച്ചു. നീലകണ്ഠ തീർത്ഥപാദരുമായുള്ള അഭിപ്രായ വ്യത്യാസം, ഈ പദ്ധതി സാദ്ധ്യമല്ലാതാക്കി.[4]
സിദ്ധ വൈദ്യത്തിൽ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ഒരു ഔഷധത്തോട്ടം സ്ഥാപിക്കുകയും വൈദ്യശാല സ്ഥാപിക്കുകയും ചെയ്തു. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നും രോഗനിവാരണത്തിനും സംശയനിവാരണത്തിനും ധാരാളം ആളുകൾ ആശ്രമത്തിലെത്തുമായിരുന്നു. നെയ്ത്തുശാല, സോപ്പു നിർമ്മാണ ശാല, ഗോശാല, പാഠശാല, ആയുർവേദ ഹൈസ്കൂൾ, പ്രിന്റിങ് പ്രസ്, ക്ഷേത്രങ്ങൾ മുതലായവയും ആശ്രമത്തിൽ സ്ഥാപിച്ചു. അഗസ്ത്യമുനിയുടേയും ലോപമുദ്രയുടേയും ക്ഷേത്രമുണ്ടാക്കി പ്രതിഷ്ഠ നടത്തി.
കേരളത്തിൽ ആദ്യമായി സോപ്പ് നിർമ്മാണ യൂണിറ്റിന് തുടക്കമിടുന്നതും മാരുതി, ഭാരതി എന്നീപേരുകളിൽ ബസ് സർവ്വീസ് ആരംഭിച്ചതും സദാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ ആയിരുന്നു.[5] ആശ്രമം സർക്കാരിന് ദാനമായി നൽകിയ സ്ഥലത്താണ് ഇന്നത്തെ ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരമായി പ്രവർത്തിക്കുന്നത്.[6] സദാനന്ദവിലാസം എന്ന പേരിൽ മലയാളത്തിലും അഗസ്ത്യൻ എന്ന പേരിൽ തമിഴിലും മാസികകൾ നടത്തി. തമിഴിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു. ശ്രീമദ് ഭഗവദ്‌ഗീത ശാങ്കരഭാഷ്യസഹിതം ഉൾപ്പെടെ നിരവധി കൃതികൾ പ്രസിദ്ധീകരിച്ചു. ധാരാളം താളിയോല ഗ്രന്ഥങ്ങളും ചുരുണകളും അപൂർവ്വ ഗ്രന്ഥങ്ങളും ആശ്രമത്തിലുണ്ട്. പ്രാചീന തമിഴിലുള്ള കൊടുന്തമിഴ്, ചെന്തമിഴ് താളിയോലകളുടെ ഉള്ളടക്കം സിദ്ധവൈദ്യവുമായി ബന്ധപ്പെട്ടവയാണെന്ന് കരുതപ്പെടുന്നു. അനേകം വർഷം പഴക്കമുള്ള നീറ്റു മരുന്നുകളും കളിമൺ ഭരണികളിലായി സൂക്ഷിച്ചിട്ടുണ്ട്. അവയുടെയും ഉള്ളടക്കം നിലവിലെ ആശ്രമവാസികൾക്കറിയില്ല.[7]
വെളിയം ഭാർഗ്ഗവൻ ചെറുപ്പകാലത്ത് കുറച്ചു നാൾ ഈ ആശ്രമത്തിലെ അന്തേവാസിയായിരുന്നു.[8]
കൊട്ടാരക്കര പട്ടണത്തിൽ ഇപ്പോഴും സദാനന്ദ വൈദ്യശാലയും പുസ്തകശാലയും പ്രവർത്തിക്കുന്നുണ്ട്.
വിമർശനങ്ങൾ
തിരുത്തുകസമുദായങ്ങൾ തമ്മിൽ വലിയ കിടമത്സരവും ലഹളകളും നടന്നിരുന്ന ആ കാലത്ത് ഓരോ സമുദായവും തങ്ങളുടേതായ ആചാര്യന്മാരെ തലപ്പത്തു പ്രതിഷ്ഠിച്ച് തങ്ങളുടെ ജാതി വലുപ്പം പ്രകടിപ്പിക്കാൻ ശ്രമിച്ചിരുന്നു. തങ്ങളുടെ സമുദായ നേതൃത്ത്വം ഏറ്റെടുക്കാൻ തിരുവനന്തപുരത്തെ നായർ പ്രമാണിമാർ സമീപിച്ചിരുന്നെങ്കിലും സ്വാമികൾ അത് സ്വീകരിച്ചില്ല. ജാതി മത വർഗ്ഗത്തിനതീതമായി ചിന്തിച്ചിരുന്ന സ്വാമികൾ വഴങ്ങാതെ വന്നതോടെ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തന്റെ പത്രത്തിൽ ഇദ്ദേഹത്തെ നാടു കടത്തണമെന്ന് എഴുതി. കേരളൻ ,സ്വദേശാഭിമാനി എന്നീ പത്രങ്ങളിൽ അദ്ദേഹത്തെ മോശക്കാരനായി ചിത്രീകരിച്ചു. അദ്ദേഹത്തെ കളിയാക്കി സി.വി.രാമൻപിള്ള, ധർമ്മരാജായിൽ “ഹരിപഞ്ചാന”നെ സൃഷ്ടിച്ചു. കേരളൻ , സ്വദേശാഭിമാനി എന്നിവയിലും വിമർശനങ്ങളുയർന്നു. സ്വാമികൾ മേസ്മരിസം പ്രയോഗിക്കും ആരും കാണാൻ പോകരുത് എന്നെല്ലാം പ്രചരണം നടന്നു . സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കേരളനിൽ സദാനന്ദ സ്വാമികളോട് നൂറു ചോദ്യങ്ങൾ ചോദിച്ചു ലേഖനം എഴുതി. [9]
കൃതികൾ
തിരുത്തുക- തത്ത്വബോധം വ്യാഖ്യാനം
- ബ്രഹ്മാനന്ദലഹരി വ്യാഖ്യാനം
- വിഗ്രഹാരാധന
തമിഴിൽ
തിരുത്തുക- സമുദായശാസ്ത്രം
- സന്താനരത്നം
- ഉപജാസമഞ്ജരി
- പ്രസംഗത്തിരുട്ട്
- ഹിന്ദുമതസംസ്കാരം
അവലംബം
തിരുത്തുക- ↑ 1.0 1.1 നായർ സർവീസ് സൊസൈറ്റി സുവർണ ഗ്രന്ഥം 1964. കോട്ടയം: നായർ സർവീസ് സൊസൈറ്റി. 1964. p. 462.
- ↑ എസ്. മണി, കുന്നുകുഴി (2018). മഹാത്മാ അയ്യൻകാളി. കോട്ടയം: ഡിസി ബുക്സ്. p. 52. ISBN 978-81-264-4136-5.
- ↑ ശശിഭൂഷൺ, എം.ജി. (March 22, 2020). "പുതിയപ്രഭാതത്തിന്റെ മണിയടിശബ്ദവുമായി മഹാത്മാ അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര". ജന്മഭൂമി. Retrieved August 16, 2020.
- ↑ സ്വാമി ചിദാനന്ദഭാരതി (2005). സദാനന്ദസ്വാമികൾ ജീവചരിത്രം. കൊട്ടാരക്കര: സദാനന്ദപ്രസ്. p. 12.
- ↑ "സദാനന്ദസ്വാമി 96-ാം സമാധിദിനം ഇന്ന്". മാതൃഭൂമി. February 8, 2020. Archived from the original on 2020-08-16. Retrieved August 16, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "സ്കൂൾ ബഹുനിലമന്ദിരം ഉദ്ഘാടനം". Deshabimani. February 2, 2017. Retrieved ഓഗസ്റ്റ് 16, 2020.
- ↑ Ravindranathan Nair, N V (November 19, 2012). "An Ashram awaiting scholars to decipher its ancient manuscripts". Retrieved August 16, 2020.
- ↑ Ravindranathan Nair, N V (September 19, 2013). "A spiritual journey that turned red in course". newindianexpress. Retrieved August 16, 2020.
- ↑ ഗോവിന്ദപിള്ള, പി.ജി (2005). കേരളനവോത്ഥാനം” നാലാം സഞ്ചിക മാധ്യമ പർവ്വം. തിരുവനന്തപുരം: ചിന്ത പബ്ളിഷേഴ്സ്. p. 77. ISBN 93-823-2895-5.