യഹൂദമതവിശ്വാസികളുടെ പ്രഭാത, സായാഹ്ന പ്രാർത്ഥനാശുശ്രൂഷകളുടെ മുഖ്യഘടകമായ ബൈബിൾ ഭാഗങ്ങളിലൊന്നിലെ ആദ്യത്തെ രണ്ടു വാക്കുകളാണ്‌ ഷെമാ യിസ്രായേൽ. "ഇസ്രായേലേ കേട്ടാലും" എന്നാണ്‌ ഇതിനർത്ഥം. ഷെമാ എന്ന ചുരുക്കപ്പേരിലും ഇതറിയപ്പെടുന്നു. "ഷെമാ യിസ്രായേൽ" എന്നു തുടങ്ങുന്ന പ്രാർത്ഥയുടെ ആദ്യഭാഗത്തെയോ മുഴുവൻ പ്രാർത്ഥനയേയും തന്നെയോ സൂചിപ്പിക്കാൻ "ഷെമാ" എന്ന പേരുപയോഗിക്കാറുണ്ട്‌. ഈ പ്രാർത്ഥനയിൽ, യഹൂദബൈബിളിലെ തോറായുടെ ഭാഗമായ നിയമാവർത്തനപ്പുസ്തകത്തിൽ നിന്നെടുത്ത ആദ്യ വ്യാക്യത്തിന്റെ (നിയമാവർത്തനം 6:4) പൂർണ്ണരൂപം, "യിസ്രായേലേ കേട്ടാലും: കർത്താവാണ് [൧] ദൈവം; കർത്താവ് ഏകനാണ്‌"[൨] എന്നാണ്‌. യഹൂദമതത്തിലെ ഏകദൈവവിശ്വാസത്തിന്റെ സാരസംഗ്രഹമാണ്‌ ഈ വാക്യം.

യഹൂദപശ്ചാത്തലമുള്ള ഒരു വ്യതിരിക്തവിഭാഗമായ മദ്ധ്യപൂർ‌വദേശത്തെ ശമരിയജനതയുടെ ചിഹ്നം പുരാതന ശമരിയലിപിയിൽ തീനാളത്തിന്റെ രൂപത്തിൽ എഴുതിയ ഷെമാ ആണ്‌

ഉള്ളടക്കം, വ്യാഖ്യാനം

തിരുത്തുക

നിയമാവർത്തനപ്പുസ്തകം 6-ആം അദ്ധ്യായം 4 മുതൽ 9 വരെ വാക്യങ്ങൾ, 11-ആം അദ്ധ്യായം 13 മുതൽ 21 വരെ വാക്യങ്ങൾ, സംഖ്യയുടെ പുസ്തകം 15-ആം അദ്ധ്യായം 37 മുതൽ 41 വരെ വാക്യങ്ങൾ എന്നിവ ചേർന്നതാണ്‌ ഈ പ്രാർത്ഥനയുടെ പൂർണ്ണരൂപം. യഹൂദരുടെ വിശ്വാസവ്യവസ്ഥയിൽ ഷെമായുടെ പ്രാധാന്യം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ വ്യാഖ്യാനത്തെപ്പറ്റി വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. ക്രിസ്തുവിനു മുൻപ് ആറാം നൂറ്റാണ്ടിൽ ജോഷിയാ രാജാവിന്റെ കീഴിൽ ഇസ്രായേലിൽ നടന്ന മതപരമായ കേന്ദ്രീകരണത്തിന്റെ(centralization of faith) പശ്ചാത്തലത്തിൽ വ്യാഖ്യാനിച്ചാൽ, യഹോവയുടേതായി അവകാശപ്പെട്ട അനേകം പ്രത്യക്ഷങ്ങളിൽ യെരുശലേമിലേതു മാത്രമേ സ്വീകാര്യമായുള്ളു എന്ന അർത്ഥമാവും ഷെമായ്ക്കുണ്ടാവുക. അനേകം ദൈവങ്ങളുണ്ടെങ്കിലും ഇസ്രായേൽ യഹോവയെ മാത്രമേ അരാധിക്കാവൂ എന്ന സോപാധിക ബഹുദൈവവാദം (henotheism), ഒരേയൊരു ദൈവം മാത്രമാണുള്ളത് എന്ന വിട്ടുവീഴ്ചയില്ലാത്ത ഏകദൈവവാദം(monotheism) എന്നിവയിൽ ഏതാണ്‌ ഷെമായുടെ നിലപാട് എന്നതും തർക്കവിഷയമാണ്‌.[1]

പ്രാധാന്യം

തിരുത്തുക

ഈ വിശ്വാസപ്രഖ്യാപനത്തിൽ യഹൂദർ ദൈവരാജ്യത്തോടുള്ള വിധേയത്വം ഏറ്റുപറയുന്നതിനൊപ്പം ദൈവത്തിന്റെ മാറ്റമില്ലാത്ത ഏകത്വത്തെക്കുറിച്ചുള്ള വിശ്വാസം വിളംബരം ചെയ്യുന്നു.[2] വിശ്വാസികളായ യഹൂദർ ഷെമായെ അവരുടെ പ്രാർത്ഥനാശുശ്രൂഷയുടെ കേന്ദ്രഖണ്ഡവും ദിവസേന രണ്ടുവട്ടമുള്ള അതിന്റെ ജപത്തെ മതപരമായ കടമയും ആയി കണക്കാക്കുന്നു. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് മാതാപിതാക്കൾ കുട്ടികളെ ഈ ജപം ചൊല്ലി പഠിപ്പിക്കുക സാധാരണമാണ്‌. രണ്ടാം നൂറ്റാണ്ടിലെ യഹൂദമനീഷിയും രക്തസാക്ഷിയുമായ റബൈ അഖീവയുടെ മാതൃക പിന്തുടർന്ന്, രക്തസാക്ഷികളും അല്ലാത്തവരുമായ യഹൂദർ, മരണസമയത്ത് ഷെമാ അന്ത്യവചനമായി ചൊല്ലുക പതിവാണ്‌. ഈ പ്രാർത്ഥനാവചനങ്ങൾ അടക്കം ചെയ്തിട്ടുള്ള ചെറുപേടകങ്ങൾ(phylacteries) കൈത്തണ്ടകളിലും നെറ്റിയിലും ധരിച്ചും വീടുകളുടെ കട്ടിളപ്പടികളിന്മേൽ ഷെമാ എഴുതിവച്ചും യഹൂദർ അതിനെ മാനിക്കുന്നു.[1]


ഷെമായ്ക്ക് കല്പിക്കപ്പെടുന്ന പ്രാധാന്യത്തിന്റെ വ്യാപ്തിയും പൗരാണികതയും, പുതിയനിയമത്തിൽ യേശു അതിനെ സർ‌വപ്രധാനമായ കല്പന എന്നു വിശേഷിപ്പിക്കുന്നതിൽ നിന്ന് (മത്തായി 22.34-40) അനുമാനിക്കാവുന്നതാണ്‌.[1]

അല്ലാഹു അല്ലാതെ ദൈവമില്ല (ലാ ഇലാഹ ഇല്ലള്ളാ) എന്ന ഇസ്ലാമിലെ മൂലപ്രമാണത്തിൽ ഷെമായുടെ ആവർത്തനം കാണാമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[3][൩]

കുറിപ്പുകൾ

തിരുത്തുക

^ 'കർത്താവ്' (അദോനിയാ) എന്നത്, ഉച്ചരിച്ചുകൂടാൻ പാടിലെന്ന്(ineffable) യഹൂദപാരമ്പര്യവും ചില മുഖ്യധാര ക്രൈസ്തവരും നിഷ്കർഷിക്കുന്ന ദൈവനാമമായ 'യഹോവ '(YHWH) എന്ന ചതുരക്ഷരിക്കു(Tetragrammaton) പകരമായുള്ളതാണ്‌. സത്യവേദപുസ്തകത്തിൽ ആവർത്തനപുസ്തകം 6:4 ഇപ്രകാരം വായിക്കുന്നു "യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ"

^ "ഷെമാ യിസ്രേയേൽ, അദോനോയ് എലോഹെനു, അദോനോയ് എഹാദ്" എന്ന് എബ്രായ മൂലം.

^ "The Shema Yisrael .....is repeated in the first article of the Muslim belief - "There is no God but Allah."

  1. 1.0 1.1 1.2 ഷെമാ, ഓക്സ്ഫോർഡ് ബൈബിൾ സഹായി (പുറം 693)
  2. കേംബ്രിഡ്ജ് ബൈബിൾ സഹായി(പുറം 94
  3. വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം, വിൽ ഡുറാന്റ്(പുറം 184)
"https://ml.wikipedia.org/w/index.php?title=ഷെമാ_യിസ്രായേൽ&oldid=1695689" എന്ന താളിൽനിന്ന് ശേഖരിച്ചത്