വീരേന്ദ്രനാഥ് ചഥോപാധ്യായ

(വീരേന്ദ്രനാഥ് ചട്ടോപാധ്യായ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സായുധവിപ്ലവത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ പുറത്താക്കി സ്വതന്ത്ര ഇന്ത്യയെ സൃഷ്ടിക്കാൻ പ്രവർത്തനങ്ങൾ നടത്തിയ പ്രമുഖരിലൊരാളായിരുന്നു വീരേന്ദ്രനാഥ് ചഥോപാധ്യായ (ജനനം 31 ഒക്ടോബർ 1880 - മരണം 02 സെപ്റ്റംബർ 1937).[1] ഒന്നാം ലോകമഹായുദ്ധകാലത്ത് ഇദ്ദേഹം ജർമ്മനിയുമായി ബന്ധം പുലർത്തുകയും, ബ്രിട്ടീഷുകാർക്കെതിരേ ഇന്ത്യൻ വിദ്യാർത്ഥികളെ അണിനിരത്തി ബെർലിൻ കമ്മിറ്റി രൂപീകരിക്കുയും ചെയ്തു.

വീരേന്ദ്രനാഥ് ചഥോപാധ്യായ
ജനനം(1880-10-31)31 ഒക്ടോബർ 1880
മരണം(1937-09-02)2 സെപ്റ്റംബർ 1937
സംഘടന(കൾ)ജുഗാന്ദർ
ഇന്ത്യാ ഹൗസ്
ബെർലിൻ കമ്മിറ്റി
അറിയപ്പെടുന്നത്ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
അറിയപ്പെടുന്ന കൃതി
ഗ്രാമർ ഓഫ് ഹിന്ദുസ്ഥാനി ലാംഗ്വേജസ്
ജീവിതപങ്കാളി(കൾ)ലിസ് റെയ്നോൾഡ്സ്; ആഗ്നസ് സ്മെഡ്ലി
മാതാപിതാക്ക(ൾ)അഘോരനാഥ് ചട്ടോപാധ്യായ്, വരദാസുന്ദരി ദേവി

ഇന്ത്യൻ മുന്നേറ്റത്തിന് കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണ നേടിയെടുക്കാനായി വീരേന്ദ്രനാഥ് 1920ൽ റഷ്യ സന്ദർശിച്ചു. വീരേന്ദ്രനാഥ് പിന്നീട് ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം നേടി. നിരവധികൊല്ലക്കാലം അദ്ദേഹം മോസ്കോയിൽ ചിലവഴിക്കുകയുണ്ടായി. 1937 ജൂലൈയിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. സെപ്റ്റംബർ രണ്ട്,1937 ൽ വീരേന്ദ്രനാഥ് ചഥോപാധ്യായ വധിക്കപ്പെട്ടു.

ആദ്യകാല ജീവിതം

തിരുത്തുക

ഡി.എസ്സി(D.Sc )ബിരുദം നേടിയ ആദ്യത്തെ ഇന്ത്യക്കാരനായിരുന്ന അഘോരനാഥ് ചഥോപാധ്യായയുടേയും,പത്നി വരദാ സുന്ദരീദേവിയുടേയും മകനായി 1880 ഒക്ടോബർ 31 നാണ് വീരേന്ദ്രനാഥ് ജനിച്ചത്. ബീരേൻ എന്നായിരുന്നു കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. നിസ്സാം കോളേജിൽ പ്രൊഫസ്സറായിരുന്നു പിതാവ് അഘോരെനാഥ്. കവയിത്രിയും, ഗായികയുമായിരുന്നു മാതാവ് സുന്ദരീദേവി. വീരേന്ദ്രന്റെ മുതിർന്ന സഹോദരിയായിരുന്നു സരോജനി നായി‍ഡു.

മികച്ച വിദ്യാഭ്യാസമായിരുന്നു പിതാവ് തന്റെ മക്കൾക്ക് നൽകിയത്. വീരേൻ വിവിധ ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്നു. മദ്രാസ് സർവകലാശാലയിൽ നിന്നും വീരേൻ മെട്രിക്കുലേഷൻ പാസ്സാവുകയും, കൽക്കട്ട സർവകലാശാലയിൽ നിന്നും ബിരുദം കരസ്ഥമാക്കുകയും ചെയ്തു. ദേശീയപ്രസ്ഥാനത്തോട് ഏറെ അടുത്തു പ്രവർത്തിച്ചിരുന്ന സഹോദരി മൃണാളിനിയിലൂടെ വീരേനും, ദേശീയപ്രസ്ഥാനത്തിലേക്കു നയിക്കപ്പെട്ടു. ശ്രീ.അരബിന്ദോയുടെ കുടുംബവുമായി വീരേന് അടുത്ത ബന്ധമുണ്ടായിരുന്നു.

ഇംഗ്ലണ്ട്

തിരുത്തുക

ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടയിൽ വീരേൻ ഓക്സ്ഫഡ് സർവ്വകലാശാലയിൽ ഉപരിപഠനത്തിനായി ചേർന്നു. പിന്നീട് പ്രശസ്തമായ മിഡ്ഡിൽ ടെംപിളിൽ നിയമവിദ്യാർത്ഥിയായി ചേരുകയും ചെയ്തു. ഇക്കാലയളവിൽ ശ്യാംജി കൃഷ്ണ വർമ്മ ഇംഗ്ലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി സ്ഥാപിച്ച ഇന്ത്യാ ഹൗസിലെ സ്ഥിരം സന്ദർശകനാവുകയും, അവിടെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന പ്രമുഖരുമായി വലരെ വേഗം അടുപ്പത്തിലാവുകയും ചെയ്തു. വി.ഡി.സവർക്കർ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായി മാറി. ശ്യാംജി കൃഷ്ണ വർമ്മ നടത്തിയിരുന്ന ദ ഇന്ത്യൻ സോഷ്യാളജിസ്റ്റ് എന്ന മാസികയുടെ പത്രാധിപ സമിതി അംഗം കൂടിയായിരുന്നു വീരേൻ.

1907 ഓഗസ്റ്റ് മാസത്തിൽ വീരേൻ ഭിക്കാജി കാമയോടൊപ്പം സ്റ്റുട്ട്ഗാർട്ട് കോൺഫറൻസിൽ സംബന്ധിച്ചു. വ്ലാഡിമിർ ലെനിൻ, റോസ ലക്സംബർഗ്, ഹിൻഡ്മാൻ തുടങ്ങിയവർ പ്രതിനിധികളായി പങ്കെടുത്ത ഒരു ആഗോള സമ്മേളനമായിരുന്നു അത്. 1908 ൽ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ പ്രക്ഷോഭകാരികളെന്നറിയപ്പെടുന്ന ജി.എസ്.കപ്പാടെ, ലാലാ ലജ്പത് റായ്, ബിപിൻ ചന്ദ്ര പാൽ, ഹർ ദയാൽ തുടങ്ങിയവരുമായി പരിചയപ്പെട്ടു. ഇന്ത്യയിലെ ഇംഗ്ലീഷുകാരെ കൊലപ്പെടുത്തണമെന്നും, അത് ദേശീയപ്രസ്ഥാനത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടുമെന്നും 1909 ജൂണിൽ ഇന്ത്യാ ഹൗസിൽ വച്ചു നടന്ന ഒരു മീറ്റിങ്ങിൽ വെച്ച് വി.ഡി.സവർക്കർ അംഗങ്ങളെ ഉപദേശിക്കുകയുണ്ടായി. 1909 ജൂലൈ 1 ന് മദൻലാൽ ദിൻഗ്ര രണ്ട് ഇംഗ്ലീഷുകാരെ വധിക്കുയുണ്ടായി. ഇതിനെ അനുകൂലിച്ച് വീരേൻ ദ ടൈംസ് പത്രത്തിൽ ഒരു ലേഖനമെഴുതുകയും അക്കാരണം കൊണ്ട് മിഡിൽ ടെംപിളിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു.[2][3] 1909 നവംബറിൽ വീരേൻ തൽവാർ എന്ന മാസികയുടെ എഡിറ്ററായിരുന്നുവെങ്കിലും, ആ മാസികയ്ക്ക് ദീർഘായുസ്സില്ലായിരുന്നു.[4]

1910 മേയിൽ കൊറിയയിൽ ഇംഗ്ലണ്ടും, ജപ്പാനും തമ്മിലുണ്ടായ അസ്വാരസ്യത്തെ മുതലാക്കി ജപ്പാനുമായി ബന്ധം സ്ഥാപിച്ച് ബ്രിട്ടീഷുകാരെ നേരിടാനുള്ള ഒരു ശ്രമം വീരേന്ദ്രനാഥ് നടത്തിയിരുന്നു. 09 ജൂൺ 1910 ൽ തനിക്കെതിരേ പുറപ്പെടുവിച്ച ഒരു അറസ്റ്റു വാറണ്ടിൽ നിന്നും രക്ഷപ്പെടാനായി വീരേൻ പാരിസീലേക്കുപലായനം ചെയ്തു. വർക്കേഴ്സ് ഇന്റർനാഷണലിന്റെ ഫ്രഞ്ച് വിഭാഗത്തിൽ അദ്ദേഹം ചേർന്നു.

ജർമ്മനി

തിരുത്തുക

ജർമ്മനിയിൽ അദ്ദേഹത്തിന്റെ മേൽ അധികാരികളുടെ കണ്ണുകൾ പതിയാതിരിക്കാനായി അവിടെയുള്ള ഒരു സർവ്വകലാശാലയിൽ വീരേൻ വിദ്യാർത്ഥിയായി ചേർന്നു. ഡോക്ടർ.അഭിനാശ് ഭട്ടാചാര്യയേപ്പോലുള്ള ഇന്ത്യൻ വിദ്യാർത്ഥികളുമായി വീരേൻ സൗഹൃദം സ്ഥാപിച്ചു. 1914 ൽ അവർ ജർമ്മൻ ഫ്രണ്ട്സ് ഓഫ് ഇന്ത്യ എന്ന സംഘടന രൂപീകരിച്ചു. ബ്രിട്ടനെ ഇന്ത്യയിൽ നിന്നും തുരത്താൻ സഹായിക്കുവാൻ വേണ്ടി ജർമ്മനിയും, പുതിയ സംഘടനയും തമ്മിൽ ഒരു രഹസ്യ കരാർ രൂപീകരിക്കുയുണ്ടായി. 1915 ൽ ഒരു ബ്രിട്ടീഷ് ഏജന്റ് വീരേനെതിരേ നിഷ്ഫലമായ ഒരു വധശ്രമം നടത്തിയിരുന്നു.[5]

വിപ്ലവപ്രവർത്തനങ്ങൾ

തിരുത്തുക

ബ്രിട്ടീഷുകാരെ തുരത്താനുള്ള ഇന്തോ-ജർമ്മൻ പദ്ധതി നടപ്പിലാകാതെ വന്നപ്പോൾ വീരേൻ ബെർലിൻ കമ്മിറ്റിയുടെ പ്രവർത്തനമേഖല സ്റ്റോക്ക്ഹോമിലേക്കു പറിച്ചു നട്ടു. 1918 വീരേൻ റഷ്യൻ നേതാക്കളായ ട്രോയിനോവ്സ്കിയും, കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പ്രഥമ ജനറൽ സെക്രട്ടറിയുമായിരുന്ന ഏഞ്ജലിക്ക ബലബനോവ തുടങ്ങിയവരുമായി ബന്ധപ്പെട്ടു. ഡിസംബറിൽ വീരേൻ ബെർലിൻ കമ്മിറ്റി പിരിച്ചുവിട്ടു. 1919 മേയിൽ ഇന്ത്യൻ വിപ്ലവകാരികളുടെ ഒരു രഹസ്യ സമ്മേളനം അദ്ദേഹം ബെർലിനിൽ വച്ചു നടത്തി. 1920 ൽ തന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തിക-രാഷ്ട്രീയ പിന്തുണ നേടിയെടുക്കുന്നതിനു വേണ്ടി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവു കൂടിയായിരുന്ന എം.എൻ.റോയിയുമായി ബന്ധം സ്ഥാപിച്ചു.[6]

വ്യക്തിജീവിതം

തിരുത്തുക

1912 ൽ ഒരു ഇംഗ്ലീഷ് വനിതയായിരുന്ന റെയ്നോൾഡ്സിനെയാണ് വീരേൻ വിവാഹം ചെയ്തത്. രണ്ടു വർഷത്തെ വിവാഹജീവിതത്തിനുശേഷം ഇവർ വേർപിരിഞ്ഞു. വീരേൻ വിപ്ലവപ്രവർത്തനങ്ങളുമായി ബെർലിനിലേക്കും, റെയ്നോൾഡ്സ് തിരികെ ഇംഗ്ലണ്ടിലേക്കും മടങ്ങിപ്പോയി.

1934 മാർച്ച് 18 ന് വീരേൻ ലെനിൻ സ്മാരക പ്രഭാഷണം നടത്തിയിരുന്നു.[7] ജോസഫ് സ്റ്റാലിൻ തന്റെ രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുന്നതിനു വേണ്ടി നടത്തിയ നടപടികളിൽപ്പെട്ട് 1937 ജൂലൈ 15 ന് വീരേനും അറസ്റ്റ് ചെയ്യപ്പെട്ടു. 1937ഓഗസ്റ്റ് 31 ന് വധിക്കപ്പെടേണ്ടവരുടേതായി തയ്യാറാക്കിയ 184 പേരുടെ പട്ടികയിൽ വീരേന്റെ പേരും ഉണ്ടായിരുന്നു. ഈ പട്ടികയിൽ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ ഒപ്പു വെച്ചിരുന്നു. 1937 സെപ്റ്റംബർ രണ്ടിന് വീരേൻ വധിക്കപ്പെട്ടു.

  • നിരോദ് കുമാർ, ബറുവ (2004). ചാട്ടോ, ദ ലൈഫ് ആന്റ് ടൈംസ് ഓഫ് ആൻ ഇന്ത്യൻ ആന്റി ഇംപീരിയലിസ്റ്റ് ഇൻ യൂറോപ്പ്. ഓക്സ്ഫഡ് സർവ്വകലാശാല പ്രസ്സ്. ISBN 978-0195665475.
  1. "വീരേന്ദ്രനാഥ് ചഥോപാധ്യായ". ഓപ്പൺ സർവ്വകലാശാല, ഇംഗ്ലണ്ട്. Archived from the original on 2014-11-15. Retrieved 2014-11-15.{{cite web}}: CS1 maint: bot: original URL status unknown (link)
  2. ഡേവിഡ്, ഫോക്സ്ടൺ (2013). ദ ലൈഫ് ഓഫ് തോമസ്.ഇ.സ്ക്രട്ടൺ. കേംബ്രിഡ്ജ് സർവ്വകലാശാല പ്രസ്സ്. p. 209. ISBN 978-1107032583.
  3. മിഡ്ഡിൽ ടെംപിൾ പാർലിമെന്റ് റെക്കോഡുകൾ - 28 ജൂലൈ 1909
  4. യാദവ്, ബിസാംബർ ദയാൽ (1992). പി.ടി.ആചാര്യ, റെമിനിസെൻസ് ഓഫ് ആൻ ഇന്ത്യൻ റെവല്യൂഷണറി. അൻമോൾ. p. 44. ISBN 81-7041-470-9.
  5. പോപ്പിൾവെൽ, റിച്ചാർഡ് ജെ (1995). ഇന്റലിജൻസ് ആന്റ് ഇംപീരിയൽ ഡിഫൻസ്: ബ്രിട്ടീഷ് ഇന്റലിജൻസ് ആന്റ് ദ ഡിഫൻസ് ഓഫ് ഇന്ത്യൻ എംപയർ 1904-1924. റൗട്ട്ലെഡ്ജ്. ISBN 0-7146-4580-X. Archived from the original on 2009-03-26. Retrieved 2014-11-18.
  6. സമരിൻ, റോയ് (1997). എം.എൻ.റോയ് - എ പൊളിറ്റിക്കൽ ബയോഗ്രഫി. ഓറിയന്റ്-ലോങ്മാൻ. pp. 59–60. ISBN 978-8125002994.
  7. ഡോക്യുമെന്റ്സ് ഓഫ് ദ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, വോള്യം-1