വിൻസെന്റ് ഡ്യോ വെഞ്യോ
വിൻസെന്റ് ഡ്യോ വെഞ്യോ നോബൽ സമ്മാനിതനായ അമേരിക്കൻ ജൈവരസതന്ത്രജ്ഞനാണ്. ജീവകങ്ങൾ, ഹോർമോണുകൾ, ഉപാപചയ പ്രക്രിയകൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളാണ് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനകൾ.
വിൻസെന്റ് ഡ്യോ വെഞ്യോ | |
---|---|
ജനനം | May 18, 1901 Chicago, Illinois, USA |
മരണം | ഡിസംബർ 11, 1978 Ithaca, New York, USA | (പ്രായം 77)
ദേശീയത | United States |
കലാലയം | University of Rochester |
പുരസ്കാരങ്ങൾ | Nobel Prize for Chemistry (1955) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Chemistry |
ഡോക്ടർ ബിരുദ ഉപദേശകൻ | John R. Murlin |
ഔദ്യോഗിക ജീവിതം
തിരുത്തുക1901 മേയ് 18-ന് ചിക്കാഗോയിൽ ജനിച്ചു. ഇല്ലിനോയി സർവ്വകലാശാലയിൽ നിന്ന് കാർബണിക രസതന്ത്രത്തിൽ എം.എസ്. ബിരുദം നേടി (1924). റോച്ചെസ്റ്റർ സർവകലാശാലയിൽ നിന്ന് ജൈവരസതന്ത്രത്തിൽ പിഎച്ച്.ഡി. (1927) ലഭിച്ചതിനെത്തുടർന്ന് ഗവേഷണത്തിൽ വ്യാപൃതനായി. ഇല്ലിനോയി സർവകലാശാലയിൽ പ്രൊഫസർ (1930-32); ജോർജ് വാഷിങ്ടൺ മെഡിക്കൽ സ്കൂൾ (1932-38), കോർണൽ സർവകലാശാല മെഡിക്കൽ സ്കൂൾ എന്നിവിടങ്ങളിലെ ജൈവരസതന്ത്ര വിഭാഗം ചെയർമാൻ എന്നീ സ്ഥാനങ്ങൾ ഇദ്ദേഹം അലങ്കരിച്ചിരുന്നു.
ഗവേഷണ പഠനങ്ങൾ
തിരുത്തുകഡ്യോ വെഞ്യോയുടെ എല്ലാ പഠനങ്ങളും ജൈവിക പ്രാധാന്യമുള്ള കാർബണിക സൾഫർ സംയുക്തങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഇൻസുലിൻ തന്മാത്രയിലെ സൾഫറിനെക്കുറിച്ചുള്ള ആദ്യകാല പഠനങ്ങളിൽ തുടങ്ങി പോളിപെപ്ടൈഡ് ഹോർമോണുകളുടെ സംശ്ലേഷണം വരെയുള്ള ഇദ്ദേഹത്തിന്റെ സകല ഗവേഷണങ്ങളും ഈ മേഖലയിലുള്ളതാണ്. രാസഘടനയും ജീവശാസ്ത്ര ധർമവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങളിലും ഇദ്ദേഹം തത്പരനായിരുന്നു.
മീതയോണിനിലും കോളിനിലും (Methionine&Choline) മറ്റു ബന്ധപ്പെട്ട സംയുക്തങ്ങളിലും പ്രതിക്രിയാക്ഷമമായ മീതൈൽ ഗ്രൂപ്പിന്റെ പ്രാധാന്യത്തെ കുറിച്ചായിരുന്നു 1930-കളിൽ ഡ്യോ വെഞ്യോ പഠനം നടത്തിയത്. ഘന ഹൈഡ്രജനുപയോഗിച്ച് ജൈവിക വ്യൂഹങ്ങളിലെ ട്രാൻസ് മെതിലേഷൻ പ്രക്രിയകൾ ഇദ്ദേഹം പഠന വിധേയമാക്കി. ജീവകങ്ങളുടെ പഠനത്തിൽ ഒരു പ്രശ്നമായി അവശേഷിച്ചിരുന്ന ബയോട്ടിന്റെ ഘടന 1942-ൽ ഇദ്ദേഹം കണ്ടെത്തി. ഡ്യോ വെഞ്യോ നിർദ്ദേശിച്ച പ്രക്രിയയിലൂടെ സൾഫർ അടങ്ങുന്ന ഈ സംയുക്തം സംശ്ളേഷണം ചെയ്യുന്നതിൽ മെർക്ക് ലബോറട്ടറീസ് വിജയിച്ചു. പിന്നീട് പെൻസിലിനിന്റെ രസതന്ത്രത്തിലായി ശ്രദ്ധ. 1946-ൽ പെൻസിലിൻ-ജി സംശ്ളേഷണം ചെയ്യുന്നതിൽ വിജയം വരിച്ചു.
ഗവേഷണ പ്രബന്ധം
തിരുത്തുകപിറ്റ്യുറ്ററിഗ്രന്ഥിയുടെ ഉത്തരഖണ്ഡത്തിൽ ഉത്പാദിക്കപ്പെടുന്നതും ഗർഭാശയ സങ്കോചത്തിന് സഹായിക്കുന്നതും ആയ ഓക്സിടോസിൻ (oxytocin) എന്ന പോളിപെപ്പ്ടൈഡ് സംശ്ലേഷണം ചെയ്തതിന് 1955-ലെ നോബൽ സമ്മാനം ഡ്യോ വെഞ്യോ നേടി. രക്തസമ്മർദം ഉണ്ടാക്കുന്ന വാസോപ്രെസിൻ എന്ന മറ്റൊരു പിറ്റ്യുറ്ററി ഹോർമോൺ സംശ്ലേഷണം ചെയ്യുന്നതിനും ഡ്യോ വെഞ്യോയ്ക്കു സാധിച്ചു. ഇദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങൾ എ ട്രെയിൽ ഒഫ് റിസർച്ച് ഇൻ സൾഫർ കെമിസ്ട്രി ആൻഡ് മെറ്റബോളിസം ആൻഡ് റിലേറ്റഡ് ഫീൽഡ്സ് എന്ന പേരിൽ 1952-ൽ പ്രസിദ്ധീകരിക്കുകയുണ്ടായി.
ബഹുമതികൾ
തിരുത്തുകനോബൽ സമ്മാനത്തെത്തുടർന്നു കൊളംബിയ
- സർവകലാ ശാലയുടെ ഷാൻഡലർ മെഡൽ (1955)
- അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ വിലാർഡ് ഗിബ്സ് മെഡൽ (1956)
- ന്യൂയോർക്ക്, യേൽ സർവകലാശാലകളുടേയും (1955)
- ഇല്ലിനോയി സർവകലാശാലയുടേയും (1960)
- ഓണററി ഡോക്റ്ററേറ്റുകൾ എന്നീ ബഹുമതികൾ ഡ്യോ വെഞ്യോയ്ക്ക് ലഭിക്കുകയുണ്ടായി.
എഡിൻബറോ റോയൽ സൊസൈറ്റി (ലണ്ടൻ), കെമിക്കൽ സൊസൈറ്റി, റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കെമിസ്ട്രി (ലണ്ടൻ) എന്നീ സംഘടനകളുടെ വിശിഷ്ടാംഗവുമായിരുന്നു ഡ്യോ വെഞ്യോ. 1978 ഡിസംബർ 11-ന് ഡ്യോ വെഞ്യോ അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.nobelprize.org/nobel_prizes/chemistry/laureates/1955/vigneaud-bio.html
- http://www.nobelprize.org/nobel_prizes/chemistry/laureates/1955/
- http://www.britannica.com/EBchecked/topic/172562/Vincent-du-Vigneaud
- http://www.answers.com/topic/vincent-du-vigneaud
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡ്യോ വെഞ്യോ, വിൻസെന്റ് (1901 - 78) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |